പാലക്കാട് ഡിവിഷൻ വിഭജനം
പാലക്കാട് രാജ്യത്തെ ഏറ്റവും ചെറിയ ഡിവിഷനിലൊന്നാകും; വരുമാനം ശോഷിക്കും


പി എസ് മഞ്ജരി
Published on Aug 22, 2026, 03:49 PM | 2 min read
തിരുവനന്തപുരം : റെയിൽവേയുടെ വികസന ഭൂപടത്തിൽ കേരളമില്ലെന്ന് ഒരിക്കൽകൂടി വ്യക്തമാക്കുന്നതാണ് പാലക്കാട് ഡിവിഷൻ വെട്ടിമുറിച്ച നടപടി. രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ വരുമാനമുണ്ടാക്കുകയും നല്ല നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്ന ഡിവിഷനാണ് പാലക്കാട്. പാലക്കാട് ഡിവിഷന്റെ ഏറ്റവും പ്രധാനപ്പെട്ട വരുമാന സ്രോതസ് മംഗളൂരു മേഖലയാണ്. മംഗളൂരുവിനെ വേർപെടുത്തി പാലക്കാട് ഡിവിഷനെ ലാഭകരമല്ലാത്തതാക്കി മാറ്റാനുള്ള ആസൂത്രിതനീക്കത്തിന്റെ ഭാഗമാണ് ഇൗ വിഭജനം. നേരത്തേ പാലക്കാടിൽ നിന്ന് വേർപ്പെടുത്തിയ ഭാഗങ്ങൾ ചേർത്ത് സേലം ഡിവിഷൻ രൂപീകരിച്ചിരുന്നു. രാഷ്‌ട്രീയമായി കൂടുതൽ വിലപേശൽ ശേഷിയുള്ള കർണാടക, തമിഴ്‌നാട് സംസ്ഥാനങ്ങളുടെ താൽപ്പര്യങ്ങൾക്കായി റെയിൽവേ രംഗത്ത് കേരളത്തെ തീർത്തും അവഗണിക്കുകയാണ് കേന്ദ്ര സർക്കാർ.
മംഗലാപുരം പോകുന്നതോടെ രാജ്യത്തെ ഏറ്റവും ചെറിയ പത്ത് റെയിൽവേ ഡിവിഷനുകളിലൊന്നായി പാലക്കാട് മാറും. ദക്ഷിണ റെയിൽവേയിലെ ഏറ്റവും ചെറിയ ഡിവിഷനും പാലക്കാടായിരിക്കും. 1956ൽ സ്ഥാപിതമായ പാലക്കാട് ഡിവിഷൻ ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള റെയിൽവേ ഡിവിഷനുകളിൽ ഒന്നാണ്. യുപിഎ സർക്കാരിന്റെ കാലത്ത് സേലം ഡിവിഷൻ രൂപീകരിക്കാനായി പാലക്കാട് ഡിവിഷന്റെ കീഴിലുണ്ടായിരുന്ന കോയമ്പത്തൂർ ഉൾപ്പടെയുള്ള പ്രധാന വാണിജ്യ സ്റ്റേഷനുകൾ വിട്ടുകൊടുക്കേണ്ടി വന്നിരുന്നു. മൈസൂരുവിലേക്ക് മംഗലാപുരം ലയിക്കുന്നതോടെ വീണ്ടും ഒരു പ്രധാന വാണിജ്യ മേഖല നഷ്ടമാകും. പാലക്കാട് ഡിവിഷന്റെ പ്രധാന വരുമാന മാർഗമായ കർണാടകയിലെ പനമ്പൂർ സ്റ്റേഷനും മൈസൂരു ഡിവിഷന്റെ ഭാഗമായി മാറും.
നിലവിൽ ദിവസം 2.75 കോടി രൂപ വരുമാനം ഉണ്ടാക്കുന്ന ഡിവിഷനാണ് പാലക്കാട്. പുതിയ വിഭജനത്തോടെ പാലക്കാട് ഡിവിഷന് 1100 കോടി രൂപയുടെ വാർഷിക നഷ്ടം ഉണ്ടാകുമെന്നാണ് കണക്കാക്കുന്നത്. മാത്രമല്ല, ചരക്ക് ഗതാഗതത്തിന്റെ 90 ശതമാനവും മംഗളൂരു മേഖലയിൽ നിന്നാണ്. ഇരുമ്പയിര്, വളം, രാസവസ്തുക്കൾ എന്നിവയുടെ കയറ്റുമതിക്കും ഇറക്കുമതിക്കും പ്രധാന കേന്ദ്രമായ പനമ്പൂർ ഗുഡ്സ് യാർഡ് നഷ്ടമാകുന്നത് ഡിവിഷന്റെ സാമ്പത്തിക അടിത്തറ തകർക്കും.
ടിക്കറ്റ് വരുമാനത്തിൽ മുന്നിൽ നിൽക്കുന്ന മംഗളൂരു സെൻട്രൽ, മംഗളൂരു ജംഗ്ഷൻ എന്നീ സ്റ്റേഷനുകളും സൗത്ത് വെസ്റ്റേൺ സോണിലേക്ക് മാറുന്നതോടെ പ്രത്യാഘാതം ഇരട്ടിയാകും. ഒരു പ്രത്യേക റെയിൽവേ സോണിനുള്ള ആവശ്യം ശക്തമായി നിലനിൽക്കുന്ന സമയത്ത് കേരളത്തിന് നിലവിലുള്ള റെയിൽവേ ഭാഗം കൂടി നഷ്ടപ്പെടുകയാണ്.
മലബാർ മേഖലയിലുടനീളമുള്ള റെയിൽവേ ലൈനുകളുടെയും സ്റ്റേഷനുകളുടെയും വികസനത്തെ സാരമായി ബാധിക്കുന്ന നടപടിയാണ് പുതിയ ഡിവിഷൻ വിഭജനം. ഈ തീരുമാനത്തിലൂടെ ഏറ്റവും കൂടുതൽ അവഗണന നേരിടാൻ പോകുന്നത് കാസർകോട് ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളായിരിക്കും. അതായത് ഇനി മുതൽ കണ്ണൂരിൽ അവസാനിക്കുന്ന ട്രെയിനുകൾ മംഗളൂരുവിലേക്ക് നീട്ടുന്നതിന് മൈസൂരു ഡിവിഷന്റെ അനുമതി ആവശ്യമായി വരും.
പാലക്കാടിനെ മൈസൂരുവിൽ ലയിപ്പിക്കാൻ കേന്ദ്രസർക്കാർ മുമ്പ് ശ്രമിച്ചിരുന്നെങ്കിലും പ്രതിഷേധങ്ങളിലൂടെ കേരളം ആ നീക്കത്തെ ഇല്ലാതാക്കുകയായിരുന്നു. പാലക്കാട് ഡിവിഷന്റെ സാമ്പത്തിക സുസ്ഥിരതയെയും ചരക്ക് വരുമാനത്തെയും യാത്രാ സർവീസുകളെയും മാത്രമല്ല. ജീവനക്കാരെയും ഭാവിയിലെ നിക്ഷേപ സാധ്യതകളെയും ഈ തീരുമാനം ബാധിക്കും. ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് മുൻപ് പ്രത്യാഘാതങ്ങളെ കുറിച്ച് സമഗ്രമായ പഠനം പോലും നടത്തിയില്ലെന്നതാണ് മറ്റൊരു വസ്തുത. മംഗളൂരുവിനെ പാലക്കാടിൽ നിന്ന് വേർപ്പെടുത്താതെ വികസന സാധ്യതകൾ മുൻനിർത്തി നിലവിലെ അപര്യാപ്തതകൾ പരിഹരിക്കുകയാണ് വേണ്ടത്.
പാലക്കാട് ഡിവിഷനെയും ജീവനക്കാരെയും മാത്രമല്ല യാത്രക്കാരെയും ഈ തീരുമാനം സാരമായി ബാധിക്കും. പാലക്കാട് ഡിവിഷനിൽ നിന്ന് മംഗളൂരു വേർപെടുന്നതോടെ എമർജൻസി ക്വാട്ടയിൽ ടിക്കറ്റ് ലഭിക്കണമെങ്കിൽ കേരളത്തിലുള്ളവർ മൈസൂർ ഡിവിഷനെ ആശ്രയിക്കേണ്ടി വരും.
കേരളത്തെ ഒരു റെയിൽവേ സോൺ ആയി പ്രഖ്യാപിക്കുകയെന്ന കാലങ്ങളായുള്ള ആവശ്യം കണക്കിലെടുക്കാതെയും സംസ്ഥാനത്തിന്റെ ആവശ്യങ്ങൾ പരിഗണിക്കാതെയും സാമ്പത്തികമായി ഞെരുക്കാനാണ് റെയിൽവേ ശ്രമിക്കുന്നത്. ഒരു പ്രധാന മേഖല നഷ്ടമാകുന്നതോടെ ഇത് ഭാവിയിൽ പാലക്കാട് ഡിവിഷന്റെ പ്രവർത്തനത്തെ ബാധിക്കും. പാലക്കാട് ഡിവിഷന്റെ നിലനില്പിനെയും മലബാർ മേഖലയിലെ റെയിൽവേ സ്റ്റേഷനുകളുടെ, പ്രത്യേകിച്ച് കാസർകോട് ജില്ലയിലെ സ്റ്റേഷനുകളുടെ വികസന സാധ്യതകളെയും സംരക്ഷിക്കുന്നതിന് ഈ ഉത്തരവ് പിൻവലിക്കണം.









0 comments