ad
Deshabhimani

കവർസ്റ്റോറി

നായകനല്ല, നടൻ

നവാസുദ്ദീൻ സിദ്ദിഖി
avatar
സി കെ ഹസ്സന്‍ കോയ

Published on Jul 18, 2026, 01:50 PM | 7 min read


വിദ്യാബാലന്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ‘കഹാനി’ (2012) എന്ന ഹിന്ദി ചിത്രത്തിലാണ് നവാസുദ്ദീന്‍ സിദ്ദിഖിയുടെ സൂക്ഷ്മാഭിനയം ആദ്യമായി ശ്രദ്ധയില്‍പെടുന്നത്. ‘കഹാനി’യിലെ ഇന്റലിജന്‍സ് ഓഫീസര്‍ ഖാനെയെ സിനിമ കണ്ട ആര്‍ക്കും അത്ര വേഗം മറക്കാന്‍ കഴിയില്ല. വളരെ സ്വാഭാവികമായ അഭിനയത്തിലൂടെ കാഴ്‌ചക്കാരനെ പിടിച്ചിരുത്താന്‍ ഈ അന്‍പത്തിരണ്ടുകാരന്‌ കഴിയുന്നു. ഒതുക്കവും തീക്ഷ്‌ണതയുമുള്ള അഭിനയം. ‘കഹാനി’ക്കുശേഷം ഓരോ ചിത്രവും തേടിപ്പിടിച്ച് കാണാന്‍ തുടങ്ങി. ‘ഗാംഗ്‌സ് ഓഫ് വസേപ്പൂരും’ ‘രാമന്‍ രാഘവനും’ ഇര്‍ഫാന്‍ ഖാനൊപ്പം അഭിനയിച്ച ‘ലഞ്ച് ബോക്‌സു’മൊക്കെ അതിശക്തനായൊരു നടന്റെ വരവറിയിക്കുകയായിരുന്നു. നവാസുദ്ദീന്‍ സിദ്ദിഖി, മനോജ് ബാജ്‌പേയി തുടങ്ങിയ നടന്മാരുടെ കരിയറില്‍ അനുരാഗ് കശ്യപിന്റെ സാന്നിധ്യം വളരെ നിർണായകമാണ്. അദ്ദേഹം നിർമാതാവോ സംവിധായകനോ ആയിരുന്ന പല ചിത്രങ്ങളിലും ഇവര്‍ മികച്ച അഭിനയം കാഴ്‌ചവച്ചിട്ടുണ്ട്. ഈ നടന്മാരുടെ പ്രതിഭ ആദ്യമായി തിരിച്ചറിഞ്ഞവരിലൊരാളാണ് മസാല ഫോര്‍മുലയില്‍നിന്നു കുതറിമാറി ശക്തമായ കഥപറച്ചിലിലൂടെ ശ്രദ്ധ നേടിയ അനുരാഗ് കശ്യപ്.

ഏറെ പ്രത്യേകതകളുള്ള വ്യക്തിത്വവും ജീവിതാനുഭവങ്ങളുമാണ് നവാസുദ്ദീന്‍ സിദ്ധിഖി എന്ന നടനെ രൂപപ്പെടുത്തിയത്‌. കഥാപാത്രത്തെ ഉള്‍ക്കൊള്ളാനും അതനുസരിച്ച് അഭിനയശൈലിയില്‍ മാറ്റം വരുത്താനും അദ്ദേഹം നടത്തുന്ന ശ്രമങ്ങളാണ് സിനിമകളോരോന്നും വ്യത്യസ്തമാക്കുന്നത്‌. പ്രത്യേകിച്ച് ബയോപിക്കുകള്‍. മലകളെ നീക്കംചെയ്ത ജതിന്റാം മാഞ്ചിയും ഉര്‍ദു സാഹിത്യത്തിലെ പ്രകാശഗോപുരമായ സാദത്ത് ഹസന്‍ മന്തോയും മറാഠികളുടെ ജനകീയ നേതാവായിരുന്ന ബാല്‍ താക്കറേയും ആ കൈകളില്‍ ഭദ്രമായിരുന്നു.

 നവാസുദ്ദീന്‍ സിദ്ദിഖി നവാസുദ്ദീന്‍ സിദ്ദിഖി

നവാസുദ്ദീനുമായി സംസാരിച്ചിരിക്കുമ്പോള്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കരുത്തനായ ഒരഭിനേതാവിനോടാണ് സംസാരിക്കുന്നതെന്ന കാര്യം പലപ്പോഴും മറന്നിരുന്നു. അത്രയും ലാളിത്യത്തോടെയാണ്‌ അദ്ദേഹം ഇടപെട്ടത്‌. ഏറെ ശ്രദ്ധയോടെയാണ്‌ കേട്ടിരുന്നത്‌. കഥകളിയുടേയും കൂടിയാട്ടത്തിന്റേയും കേന്ദ്രമായ ഇരിങ്ങാലക്കുടയില്‍ അധികമാരും അറിയാതെ മൂന്നുദിവസം ചെലവഴിച്ചുമടങ്ങാന്‍ അദ്ദേഹത്തിനു കഴിഞ്ഞത് ഈ ലാളിത്യംകൊണ്ടും സാധാരണത്വം കൊണ്ടുമാണ്. പട്ടണമധ്യത്തിലെ ഹോട്ടലില്‍ താമസിച്ചിട്ടും തിരിച്ചറിഞ്ഞവരുടെ എണ്ണം വിരലിലെണ്ണാവുന്നത്രപോലും ഇല്ല. ഹോട്ടലിന്റെ ഉടമസ്ഥനും ജീവനക്കാര്‍ക്കും ആളെ മനസ്സിലായത് അദ്ദേഹം മടങ്ങുന്ന ദിവസമാണ്.

രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള നിരവധി കലാപ്രവർത്തകർ, വേണുജി നേതൃത്വം കൊടുക്കുന്ന ഇരിങ്ങാലക്കുട നടനകൈരളിയില്‍ നവരസ സാധനയ്‌ക്ക്‌ എത്താറുണ്ട്. ദുബായില്‍ പഠിക്കുന്ന മകൾ ഷൗറയുടെ രണ്ടാഴ്‌ച നീണ്ടുനിന്ന നവരസ സാധനയുടെ പുരോഗതി വിലയിരുത്താനും അവളോടൊപ്പം സമയം ചെലവഴിക്കാനും എത്തിയതായിരുന്നു നവാസുദ്ദീന്‍.

കുട്ടികളുടെ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് കുറച്ചുനാളായി ദുബായിലാണ് കുടുംബം. ബാല്യകാലസഖികൂടിയായ ഭാര്യ ആലിയയും മകൻ യാനിയും ചേരുന്നതാണ്‌ കുടുംബം.

വിനയമൊരു നയമല്ല നവാസുദ്ദീന്. ജീവിതത്തിന്റെ ഭാഗം തന്നെയാണ്. നിൽപ്പിലും നടപ്പിലുമെല്ലാം തനി സാധാരണക്കാരന്‍. കൂടല്‍മാണിക്യം ക്ഷേത്രത്തിനുമുന്നിലെ നിരത്തിലൂടെ ടീ ഷര്‍ട്ടും ജീന്‍സും ധരിച്ച് ഓട്ടോറിക്ഷയില്‍ സഞ്ചരിക്കുന്ന നവാസുദ്ദീന്‍ സിദ്ദിഖിയെ ഒറ്റനോട്ടത്തില്‍ ആരും തിരിച്ചറിഞ്ഞില്ല. ഈ എളിമയും മണ്ണുമായുള്ള ബന്ധവുമാണ് മറ്റു നടന്മാരില്‍നിന്ന്് അദ്ദേഹത്തെ വേറിട്ടുനിര്‍ത്തുന്നത്. ആള്‍ക്കൂട്ടത്തില്‍ തിരിച്ചറിയപ്പെടാതിരിക്കാനുള്ള കഴിവുപോലും നവാസുദ്ദീന്‍ എന്ന നടന്റെ സിദ്ധികളില്‍ പെടുന്നു.

ഫോട്ടോഗ്രാഫ്‌ എന്ന ചിത്രത്തിൽ സന്യ മൽഹോത്രയോടൊപ്പംഫോട്ടോഗ്രാഫ്‌ എന്ന ചിത്രത്തിൽ സന്യ മൽഹോത്രയോടൊപ്പം

ഇന്ത്യന്‍ സിനിമയിലെ മുന്‍നിര അഭിനേതാക്കളിലൊരാളായ താങ്കളുടെ ഈ ലാളിത്യം അവിശ്വസനീയമാണ് എന്ന അഭിപ്രായത്തിനു മറുപടിയായി ചിരിയോടെ അദ്ദേഹം പറഞ്ഞത്, ‘‘അഭിനയം ക്യാമറയ്‌ക്ക്‌ മുന്നില്‍ മാത്രമേയുള്ളൂ സുഹൃത്തേ.. ’’ എന്നാണ്.

‘‘ഈ ശരീരവുമായാണോ ബോളിവുഡില്‍ അവസരം അന്വേഷിക്കുന്നത്. പോയി വേറെ വല്ല പണിക്കും ശ്രമിക്കൂ മിസ്റ്റര്‍'' എന്ന് ബോംബെയിലെ ആദ്യനാളുകളില്‍ പലരും തന്നോടു പറഞ്ഞിട്ടുണ്ടെന്ന്് അദ്ദേഹം ഓർമിക്കുന്നു. അതോടെ അഭിനയത്തില്‍ തനിക്ക്‌ എന്തൊക്കെ സാധ്യമാണെന്ന് അവരെ ബോധ്യപ്പെടുത്തേണ്ടത് ആവശ്യമായിത്തീര്‍ന്നു. അതിനായി വിയര്‍പ്പൊഴുക്കി, അവഗണനകള്‍ സഹിച്ചു. കാഴ്ചയില്‍ പ്രത്യേകതകളില്ലാത്ത ശരീരം പകര്‍ന്നാട്ടങ്ങള്‍ക്ക് ഏറെ സഹായിച്ചിട്ടുണ്ടെന്ന്‌ ഇന്നദ്ദേഹം തിരിച്ചറിയുന്നു. ചെറിയചെറിയ വേഷങ്ങള്‍ക്കുശേഷം 2012‐ഓടെ ശക്തമായ വേഷങ്ങള്‍ തേടിയെത്തി. ഇന്ന് ബോളിവുഡില്‍ അവഗണിക്കാനാവാത്ത പേരാണ് നവാസുദ്ദീന്‍ സിദ്ദിഖിയുടേത്. ഉത്തർപ്രദേശിലെ മുസഫര്‍ നഗര്‍ ജില്ലയിലെ ചെറുപട്ടണമായ ബുധാന സ്വദേശിയാണ് കര്‍ഷക കുടുംബത്തില്‍ പിറന്ന നവാസുദ്ദീന്‍ സിദ്ദിഖി. എട്ടുമക്കളില്‍ മൂത്തവന്‍. ഇന്നും അഭിനയത്തിന്റെ ഇടവേളകളില്‍ അദ്ദേഹം പോകുന്നത് ജന്മനാട്ടിലെ കൃഷിക്കളത്തിലേക്കും സുഹൃത്തുക്കള്‍ക്കിടയിലേക്കുമാണ്.

കൂടിയാട്ടത്തിലും കഥകളിയിലും ആചാര്യ പദവിയുള്ള വേണുജിയുടെ കാല്‍ തൊട്ടു വണങ്ങാന്‍ നവാസുദ്ദീന് ഒരു മടിയുമുണ്ടായില്ല. വേണുജിയെപ്പോലുള്ള ഗുരുക്കന്മാര്‍ക്ക് തലമുറകളെ രൂപപ്പെടുത്താനുള്ള കെൽപ്പുണ്ടെന്നാണ്‌ നവാസുദ്ദീൻ പറയുന്നത്‌. മലയാള സിനിമ ഏറെ ഇഷ്ടപ്പെടുന്ന നവാസുദ്ദീന്‍ സമീപ കാലത്ത് ഏറെ ശ്രദ്ധനേടിയ, ‘എക്കോ’യുടെ സംവിധായകന്‍ ദിന്‍ജിത്ത് അയ്യത്താന്റെ പുതിയ ഹിന്ദി ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. മലയാളത്തില്‍ രാജീവ് രവിയുടെ വരാനിരിക്കുന്ന ചിത്രത്തിലുമുണ്ട്‌. രാജീവിന്റെ ഭാര്യയും നടിയുമായ ഗീതു മോഹന്‍ദാസിന്റെ സംവിധാന മികവിനെക്കുറിച്ചും നവാസുദ്ദീന്‍ വാചാലനായി. 2013ല്‍ ഗീതു സംവിധാനംചെയ്‌ത ‘ലയേഴ്‌സ് ഡൈസ്’ എന്ന ഹിന്ദി ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്‌.

സി കെ ഹസ്സൻകോയ , വേണു ജി  എന്നിവർക്കൊപ്പംസി കെ ഹസ്സൻകോയ , വേണു ജി എന്നിവർക്കൊപ്പം

സിനിമയിലെ കഥാപാത്രങ്ങളില്‍ ഏറ്റവും വെല്ലുവിളി നേരിടേണ്ടിവന്നത് ശിവസേനാ നേതാവ് ബാല്‍താക്കറെയെ അവതരിപ്പിച്ചപ്പോഴാണ്. അദ്ദേഹത്തെ അനുകരിക്കുന്നതിനു പകരം അകന്നുനിന്ന് ആ സാന്നിധ്യം സൃഷ്ടിക്കാനാണ് ശ്രമിച്ചത്. താക്കറേയുടെ സ്വാഭാവികമായ സംഭാഷണരീതി, ശരീരഭാഷ എല്ലാം പ്രത്യേകതകള്‍ നിറഞ്ഞതായിരുന്നു. ഇതിനായി നന്നായി ഗൃഹപാഠം ചെയ്‌തു. ശിരസ്സിലൂടെ കയറിയ താക്കറെ സിനിമ കഴിഞ്ഞപ്പോള്‍ നെഞ്ചില്‍ തങ്ങിനിന്നു. ഇറങ്ങിപ്പോകാന്‍ കൂട്ടാക്കിയില്ല. ആ യാത്ര അവസാനിച്ചത് ആശുപത്രിയിലാണ്. കഥാപാത്രങ്ങളില്‍നിന്നും നാം പലതും സ്വാംശീകരിക്കുമ്പോള്‍ അവര്‍ നമ്മില്‍നിന്നും പലതും ചോര്‍ത്തിയെടുക്കുന്നതായാണ് അനുഭവം. സിനിമയില്‍ പണിയില്ലാതിരുന്ന കാലത്ത് രൺവീര്‍ സിങ്‌, ശത്രുഘ്‌നന്‍ സിന്‍ഹയുടെ മകന്‍ ലവ് എന്നിവരുൾപ്പെടെ ബോളിവുഡിലെ പല പ്രമുഖ നടന്മാര്‍ക്കും അഭിനയ ക്ലാസ് എടുത്തിരുന്നു നവാസുദ്ദീന്‍.


നാടകവേദിയില്‍ നിന്നാണ് നവാസുദ്ദീന്‍ സിദ്ദിഖി സിനിമയിലെത്തിയത്. ബിരുദ പഠന കാലത്ത് കാണാനിടയായ ഒരു നാടകം മനസ്സില്‍ ചലനമുണ്ടാക്കി. ഹരിദ്വാറിലെ ഗുരുകുല്‍ കാംഗ്രി സർവകലാശാലയില്‍നിന്ന്‌ കെമിസ്ട്രിയില്‍ ബിരുദം നേടിയശേഷം കുറച്ചുകാലം ഗുജറാത്തിലെ വഡോദരയില്‍ കെമിസ്റ്റായി ജോലിചെയ്‌തു. പിജിക്ക് അഡ്മിഷന്‍ കിട്ടിയെങ്കിലും ഡൽഹിയിലെ നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേരാനാണ് മനസ്സ്‌ പറഞ്ഞത്. അതിനായി കിണഞ്ഞു ശ്രമിക്കുകയും തുടര്‍ച്ചയായി നിരവധി നാടകങ്ങളില്‍ അഭിനയിക്കുകയും ചെയ്‌തു. ഇബ്രാഹിം അല്‍കാസിയെപ്പോലുള്ള ഗുരുക്കന്മാര്‍ തന്നിലെ നടനെ മെരുക്കിയെടുക്കുന്നതില്‍ വലിയ പങ്കുവഹിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു.

ഹിന്ദുസ്ഥാനി സംഗീതത്തോട്‌ ഏറെ പ്രിയമാണ്‌ ഈ കലാകാരന്‌. ‘‘മെഹ്ദി ഹസന്റെ ഗസലുകളുമായി സ്‌കൂള്‍ കാലത്തുതന്നെ പരിചയമുണ്ടായിരുന്നു. മനസ്സ്‌ ശാന്തമാക്കാന്‍ സംഗീതത്തിന് അപാരമായ കഴിവുണ്ട്.’’

1999‐ലാണ് എന്‍എസ്ഡിയില്‍ (നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമ) നിന്ന്് അഭിനയത്തില്‍ ബിരുദം നേടിയത്. കുറച്ചുകാലം ഡല്‍ഹിയില്‍ നാടകാഭിനയുവുമായി കഴിഞ്ഞു. കൊടിയ ദാരിദ്ര്യമായിരുന്നു അക്കാലത്ത്‌. സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ സീനിയര്‍ ആയ ചില നടന്മാരോടൊപ്പമാണ് ദിവസങ്ങള്‍ തള്ളിനീക്കിയത്. സിനിമയില്‍ അവസരംതേടി മുംബൈയിലേക്കു പോകുമ്പോഴും ദാരിദ്ര്യം കൂടെയുണ്ടായിരുന്നു. ആദ്യകാലത്ത്‌ തന്നോട് മുഖംതിരിച്ച ബോളിവുഡിന്റെ തിരുമുറ്റത്ത് സ്വന്തം കസേരയിട്ടിരിക്കാന്‍ ഇന്ന്‌ നവാസുദ്ദീനു കഴിയുന്നത് കഠിനമായ പരിശ്രമത്തിന്റേയും ഉറച്ച ആത്മവിശ്വാസത്തിന്റേയും ബലത്തിലാണ്‌. അവഗണനകളും തിരസ്‌കാരങ്ങളും ഏറെ സഹിച്ചാണ് മുന്‍ നിരയിലെത്തിയത്. ‘‘പണിയില്ലാത്ത കാലത്ത് ആള്‍ക്കൂട്ടത്തിലൂടെ അലയാനും ജനങ്ങളെ നിരീക്ഷിക്കാനും അവരുടെ ചേഷ്ടകളും വിവിധ സാഹചര്യങ്ങളില്‍ അവര്‍ പ്രതികരിക്കുന്ന രീതിയും അവധാനതയോടെ മനസ്സിലാക്കാനും ശ്രമിച്ചു. ഇന്നും ആള്‍ക്കൂട്ടത്തില്‍ തനിയേ കറങ്ങാന്‍ ഇഷ്ടമാണ്. ജനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഇടപെടാനും അതിന്റെ ഗുണം അഭിനയത്തില്‍ കൊണ്ടുവരാനും കഴിഞ്ഞിട്ടുണ്ട്. താരങ്ങളായി മാറുന്നതോടെ നടീനടന്മാര്‍ക്ക് ധാരാളം പരിമിതികള്‍ നേരിടേണ്ടിവരുന്നു. സ്വയം ആവര്‍ത്തിക്കുന്നതുൾപ്പെടെയുള്ള പ്രശ്‌നങ്ങളുമുണ്ട്. എന്നും ആളുകള്‍ക്കിടയിലായിരുന്നത് ഏറെ സഹായകമായി.’’

ഡയലോഗുകള്‍ അതിവേഗം ഹൃദിസ്ഥമാക്കാനും അവയുടെ മോഡ്യുലേഷനിലൂടെ, അഭിനയത്തിലെ ഭാവവ്യതിയാനങ്ങളിലൂടെ പ്രേക്ഷകനെ പിടിച്ചിരുത്താനും ഈ അതുല്യനടന് നിഷ്‌പ്രയാസം കഴിയുന്നു. മുംബൈ തെരുവില്‍ കുറഞ്ഞ വിലയ്‌ക്ക്‌ അടിവസ്‌ത്രം വില്‍ക്കുന്ന കഥാപാത്രത്തിന്റെ വാക്ചാതുരി, പ്രേക്ഷകരുടെ ആവശ്യപ്രകാരം കടുകിട വ്യത്യാസമില്ലാതെ പദാനുപദം നവാസുദ്ദീന്‍ ആവര്‍ത്തിക്കുന്നത് കപില്‍ ശർമ ഷോയില്‍ കണ്ടവരെല്ലാം അന്തം വിട്ടിരുന്നിട്ടുണ്ട്. ഇതിന് തന്നെ പ്രാപ്തനാക്കിയത് പഴയൊരനുഭവമാണെന്ന് പൊട്ടിച്ചിരിച്ചുകൊണ്ട്‌ നവാസുദ്ദീൻ ഓർക്കുന്നു. ‘‘മുംബൈയിലെ കഷ്ടപ്പാടിന്റെ ആദ്യ നാളുകളിലൊന്നില്‍ സബ്ജിമണ്ടിയില്‍ (പച്ചക്കറി മാര്‍ക്കറ്റ്്)നിന്ന് നൂറ്‌ രൂപയ്‌ക്ക്‌ മല്ലിയില വാങ്ങി സുഹൃത്തിനൊപ്പം റോഡരികില്‍നിന്ന്് ദസ് കാ ഏക്്.... ദസ് കാ ഏക് (പത്തു രൂപയ്‌ക്ക്‌ ഒരു കെട്ട്്...) എന്നു വിളിച്ചുപറഞ്ഞ് വിൽപ്പനയ്‌ക്ക്‌ തുനിഞ്ഞ അനുഭവമായിരുന്നു അത്. പശിയടക്കാനുള്ള പണമാണ് പ്രതീക്ഷിച്ചതെങ്കിലും കച്ചവടമൊന്നും കാര്യമായി നടന്നില്ല. സമയത്തിന് വെള്ളം കുടയാഞ്ഞതുകാരണം ഉച്ചതിരിഞ്ഞതോടെ മല്ലിയിലകള്‍ വാടിപ്പോയി. ഒപ്പം മുടക്കിയ കാശും.’’

ആമിര്‍ഖാന്‍ ചിത്രമായ ‘സര്‍ഫറോഷി’ല്‍ (1999) അപ്രധാനമായൊരു റോളില്‍ തുടക്കംകുറിച്ച്, അതേ വര്‍ഷംതന്നെ രാം ഗോപാല്‍ വർമയുടെ ‘ശൂലി’ലും തൊട്ടടുത്ത വര്‍ഷം ‘ജംഗിളി’ലും വേഷമിട്ടു. 2003ല്‍ സഞ്്ജയ് ദത്ത് നായകനായ ‘മുന്നാഭായി എംബിബിഎസി’ലും ചെറുവേഷത്തില്‍ അഭിനയിച്ചെങ്കിലും അടുത്ത രണ്ടു മൂന്നു വര്‍ഷം ആരും വിളിച്ചില്ല. ഇക്കാലത്തെ അനുഭവങ്ങള്‍ പല അഭിമുഖങ്ങളിലും നവാസുദ്ദീന്‍ പറഞ്ഞിട്ടുണ്ട്. അവയിലൊന്നായിരുന്നു കമൽ ഹാസന്‍ ചിത്രത്തിലേത്. കമൽ ഹാസന്‍ ചിത്രത്തില്‍ ചെറിയ വേഷം ചെയ്‌തതിന്റെ സന്തോഷം കൂട്ടുകാരുമായി പങ്കിട്ട്്് ചിത്രത്തിന്റെ പ്രിവ്യുവിന് അവരേയും കൂട്ടി തിയറ്ററില്‍ എത്തിയതായിരുന്നു നവാസ്. കൂട്ടുകാര്‍ക്കൊപ്പം നവാസുദ്ദീനെ കണ്ട ഉടന്‍ കമൽ ഹാസന്‍ വിളിച്ച് ഒരരികിലേക്ക് മാറ്റിനിര്‍ത്തി പറഞ്ഞു. ‘‘നവാസ്, ചിത്രത്തില്‍ താങ്കള്‍ അഭിനയിച്ച ഭാഗം ഉപയോഗിക്കാന്‍ കഴിഞ്ഞിട്ടില്ല.'' ക്ലേശത്തിന്റെ നാളുകളായിരുന്നു. കരച്ചിലിന്റെ വക്കിലെത്തിയ നവാസുദ്ദീന്‍ കമലിനോട് യാചിച്ചു. ‘‘കമല്‍ സാര്‍, ഇന്നേക്കു മാത്രമായി അതുള്‍പ്പെടുത്താന്‍ കഴിയുമോ. പടം ഇറങ്ങുമ്പോള്‍ വേണ്ട.''

‘‘നാളെ പടം റിലീസാണ് നവാസ്. കൂട്ടുകാരോട് കാര്യം സത്യസന്ധമായി പറയുന്നതാണ് നല്ലത്.'' കമല്‍ അകത്തേക്കു പോയപ്പോള്‍ കൂട്ടുകാര്‍ ചുറ്റും കൂടി. എന്തായിരുന്നു കമല്‍സാറുമായി ചര്‍ച്ച എന്നവര്‍ ആരാഞ്ഞു. കരച്ചിലടക്കാനാവാതെ നവാസ് പറഞ്ഞു. ‘‘ പടത്തില്‍ എന്റെ ഭാഗം ഇല്ല. നിങ്ങള്‍ക്കു വേണമെങ്കില്‍ മാത്രം പടം കണ്ടാല്‍ മതി. ഇല്ലെങ്കില്‍ നമുക്കു പോകാം.'' സംഘം പടം കണ്ടാണ് മടങ്ങിയത്. ഈ സാഹചര്യത്തില്‍ നിന്നാണ് ഇന്നത്തെ അംഗീകാരങ്ങള്‍ക്ക്‌ നടുവിലേക്ക് ഈ നടന്‍ എത്തിയതെന്നറിയുമ്പോഴാണ് അയാള്‍ പിന്നിട്ട തിരസ്‌കാരങ്ങളുടെ ആഴം ബോധ്യപ്പെടുക.

"ഗാംഗ്‌സ് ഓഫ് വസേപ്പൂരി'ൽ നവാസുദ്ദീൻ സിദ്ദിഖി"ഗാംഗ്‌സ് ഓഫ് വസേപ്പൂരി'ൽ നവാസുദ്ദീൻ സിദ്ദിഖി

2003ല്‍ ഇര്‍ഫാന്‍ ഖാനോടൊപ്പം ‘ബൈപാസ്’ എന്ന ഹ്രസ്വ ചിത്രത്തിലഭിനയിച്ചിരുന്നു. കൈക്കൂലിക്കാരനായ പൊലീസുദ്യോഗസ്ഥനായി ഇര്‍ഫാനും ക്രൂരനായ പിടിച്ചുപറിക്കാരനായി നവാസുദ്ദീനും. വളരെ ശ്രദ്ധേയമായ പ്രകടനമാണ് ഇരുവരും കാഴ്‌ചവച്ചത്. 2007ല്‍ പുറത്തിറങ്ങിയ ‘ബ്ലാക്ക് ഫ്രൈഡേ’ നവാസുദ്ദീന്‍ സിദ്ദിഖിയിലെ നടന് അന്താരാഷ്‌ട്ര തലത്തില്‍ ശ്രദ്ധ നേടിക്കൊടുത്തു. സ്വിറ്റ്‌സർലൻഡിലെ പ്രസിദ്ധമായ ലൊകാര്‍ണോ ഫിലിം ഫെസ്റ്റിവലില്‍ ഈ ചിത്രത്തിന് മികച്ച വിദേശചിത്രത്തിനുള്ള ഗോള്‍ഡന്‍ ലെപ്പേഡ് അവാര്‍ഡ് ലഭിച്ചു. അനുഷ റിസ്‌വി ചിത്രമായ ‘പീപ്പ്‌ലി ലൈവി’ലെ (2010) അഭിനയമാണ് നവാസുദ്ദീന്റെ യഥാർഥ പ്രതിഭ പുറത്തുകൊണ്ടുവന്ന ആദ്യ ചിത്രങ്ങളിലൊന്ന്. 2012ല്‍ ബെർലിന്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തില്‍ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയ ‘പതംഗി’ലെ അഭിനയം കരിയറിലെ വഴിത്തിരിവായി. പാശ്ചാത്യ മാധ്യമങ്ങളും ചലച്ചിത്ര നിരൂപകരും പുതിയൊരു അഭിനയ പ്രതിഭയുടെ ഉദയം വിളംബരം ചെയ്‌തു. പിന്നീട്് തിരിഞ്ഞുനോക്കേണ്ടി വന്നില്ല.

‘കഹാനി’ റിലീസായത് ഇതേ വര്‍ഷമാണ്. കൊല്‍ക്കത്തയില്‍ ജോലി ചെയ്യവേ ദുരൂഹസാഹചര്യത്തില്‍ കാണാതായ ഭര്‍ത്താവിനെത്തേടി ലണ്ടനില്‍ നിന്നെത്തിയ ഗര്‍ഭിണിയായ വിദ്യാ ബാലനും ഇന്റലിജന്‍സ് ഓഫീസറായി നവാസുദ്ദീനും ഗംഭീരമായ അഭിനയം കാഴ്‌ചവച്ച ചിത്രം വന്‍ ജനശ്രദ്ധ നേടി. ബിഹാര്‍ ധന്‍ബാദിലെ ഖനി മാഫിയയുമായി ബന്ധപ്പെട്ട മൂന്ന്‌ കുടുംബങ്ങളുടെ കുടിപ്പകയുടെ കഥ പറയുന്ന ‘ഗാംഗ്‌സ് ഓഫ് വസേപൂര്‍’ (2013) ചരിത്രം മാറ്റിയെഴുതി. ചെറിയ ബജറ്റില്‍ അതിവേഗം തത്സമയ ചിത്രീകരണം നടത്തിയ ഈ ചിത്രത്തിന്റെ നിർമാതാക്കളിലൊരാളായ അനുരാഗ് കശ്യപ് തന്നെയാണ് സംവിധായകന്‍. അഞ്ചര മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടായിരുന്ന ക്രൈം ചിത്രം പിന്നീട് സൗകര്യാർഥം രണ്ടു ഭാഗങ്ങളായി വിഭജിക്കുകയായിരുന്നു. രാജീവ് രവിയാണ് സിനിമോട്ടോഗ്രാഫര്‍. കിടയറ്റ അഭിനയത്തിലൂടെ മൂന്ന്‌ നടന്മാര്‍ നടത്തിയ മത്സരം ചിത്രത്തിന് വലിയ ജനപ്രീതി നേടിക്കൊടുത്തു. സര്‍ദാര്‍ഖാന്റെ വേഷത്തില്‍ ഉജ്വലമായ അഭിനയം കാഴ്‌ചവച്ച മനോജ് ബാജ്‌പേയിയും ഫൈസല്‍ ഖാനായി വേഷമിട്ട നവാസുദ്ദീന്‍ സിദ്ധിഖിയും സുല്‍ത്താന്‍ ഖുറേശിയായി തിളങ്ങിയ പങ്കജ് ത്രിപാഠിയും ഇവര്‍ക്കൊപ്പം പിടിച്ചുനിന്ന ഹുമാ ഖുറേഷിയും കാണികളെ ഇന്നും മുള്‍മുനയില്‍ നിര്‍ത്തുന്നു.

2012, 13 വര്‍ഷങ്ങള്‍ നവാസുദ്ദീന്‍ സിദ്ദിഖിയുടെ അഭിനയജീവിതത്തിലെ ഏറ്റവും തിളക്കമാര്‍ന്ന കാലമായിരുന്നു. 2012ല്‍ കാന്‍ ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ച ആഷിം അഹ്‌ലുവാലിയ ചിത്രം ‘മിസ് ലൗലി’യിലെ വേഷം അദ്ദേഹത്തിന് ഏറെ പ്രിയപ്പെട്ടതാണ്. ഇതേവര്‍ഷം ആമിര്‍ഖാന്റെ ‘തലാഷി’ലും അഭിനയിച്ചു. ഈ ചിത്രത്തിലെ അഭിനയത്തിന്‌ ദേശീയതലത്തില്‍ മികച്ച അഭിനയത്തിനുള്ള സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് ഹൊറര്‍ ചിത്രമായ ‘ആത്മ’യില്‍ നായകവേഷം. അതേ വര്‍ഷംതന്നെ കാന്‍ ഫെസ്റ്റിവലില്‍ റിലീസ് ചെയ്‌ത ‘ലഞ്ച് ബോക്‌സി’ലെ അഭിനയത്തിന് മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് കിട്ടി.

ഇന്ത്യന്‍ സിനിമ ഒരു നൂറ്റാണ്ട്‌ പിന്നിടുന്നതിന്റെ ഭാഗമായി 2013‐ല്‍ കരണ്‍ ജോഹറും സോയ അക്തറും അനുരാഗ് കശ്യപും ദിബാകര്‍ ബാനര്‍ജിയും ചേര്‍ന്ന് സംവിധാനം ചെയ്‌ത നാല്‌ ഹ്രസ്വ ചിത്രങ്ങളുടെ സമാഹാരമായ ‘ബോംബെ ടാക്കീസ്’ നവാസുദ്ദീന്റെ അഭിനയത്തിന് വലിയ ദൃശ്യത നല്‍കി. സാധാരണക്കാര്‍ക്കിടയില്‍ സിനിമയുടെ സ്വാധീനം വ്യക്തമാക്കുന്ന ഈ ചിത്രത്തില്‍ റാണി മുഖര്‍ജി, അമിതാബ് ബച്ചന്‍, ആമിര്‍ ഖാന്‍, കരിഷ്മ കപൂര്‍, രണ്‍ദീപ് ഹൂഡ, സാകിബ് സലിം, കത്രിന കൈഫ്, രണ്‍ബീര്‍ കപൂര്‍, സൈഫ് അലി ഖാന്‍, ഫര്‍ഹാന്‍ അക്തര്‍, അനില്‍ കപൂര്‍, മാധുരി ദിക്ഷിത്, ജൂഹി ചാവ്‌ല, പ്രിയങ്ക ചോപ്ര, വിദ്യ ബാലന്‍, കരീന കപൂര്‍, ഇമ്രാന്‍ ഖാന്‍, ശ്രീദേവി തുടങ്ങി വന്‍ താരനിരയുണ്ടായിരുന്നു.

നവാസുദ്ദീൻ സിദ്ദിഖി അഭിമുഖത്തിനിടെനവാസുദ്ദീൻ സിദ്ദിഖി അഭിമുഖത്തിനിടെ

2014‐ല്‍ ബ്ലോക്ബസ്റ്റര്‍ ചിത്രമായ ‘കിക്കി’ല്‍ പ്രതിനായക വേഷത്തിലും തിളങ്ങി. പ്രതിവര്‍ഷം ഒന്നോ രണ്ടോ ചിത്രങ്ങളേ നവാസുദ്ദീന്റേതായി പുറത്തുവരാറുള്ളൂവെങ്കിലും അവ പ്രേക്ഷക മനസ്സില്‍ ഇടംനേടുന്നു. 2015‐ല്‍ ‘ബജ്രംഗി ഭായിജാനും’ ‘മാഞ്ചി’യും റിലീസായി. 2016‐ല്‍ പുറത്തുവന്ന ‘രാമന്‍ രാഘവ്‐ 2’വിലെ അഭിനയത്തിന് സ്‌പെയ്‌നില്‍ നിന്നുള്ള മലാഗ അവാര്‍ഡും ഏഷ്യ പെസിഫിക് സ്‌ക്രീന്‍ അവാര്‍ഡും ലഭിച്ചു. സീരിയല്‍ കൊലയാളിയായ രാമന്‍ രാഘവന്റെ രക്തദാഹം വളരെ സ്വാഭാവികമെന്നു തോന്നും വിധം അവതരിപ്പിച്ചു. ഉര്‍ദു എഴുത്തുകാരന്‍ സാദത്ത് ഹസന്‍ മന്തോയുടെ ജീവിതകഥ പറയുന്ന 2018‐ലെ ചിത്രം ‘മന്തോവി’ലെ അഭിനയത്തിന് ഏഷ്യ പെസഫിക് സ്‌ക്രീന്‍ അവാര്‍ഡില്‍ മികച്ച നടനായി തെരഞ്ഞെടുത്തു.

വിക്രം ചന്ദ്രയുടെ അതേ പേരിലുള്ള നോവലിനെ ആധാരമാക്കി നിർമിച്ച ‘സേക്രഡ്‌ ഗെയിംസ്’ സീരീസിലെ അഭിനയവും 2018‐ല്‍ നവാസുദ്ദീനെ ജനശ്രദ്ധയില്‍ നിര്‍ത്തി. നെറ്റ്ഫ്ലിക്്‌സ് നിർമിച്ച ഈ സീരീസില്‍ സെയ്ഫ് അലിഖാനായിരുന്നു മറ്റൊരു പ്രധാന നടന്‍. ഇന്ത്യ-‐ബംഗ്ലാദേശ് ചിത്രമായ നോ ലാന്റ്‌സ് മാന്‍ (2021), ഹീറോ പാന്റി (2022), അഫ്‌വാ, ജോഗിറാ, ടികു വെഡ്‌സ് ഷേറു (2023) എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച നവാസുദ്ദീന്‍ 2024‐ല്‍ ആയുഷ്‌മാന്‍ ഖുറാനയോടൊപ്പം ‘തമ്മ’യിലും ‘അത്ഭുത്’, ‘കൊസ്റ്റാവോ’ എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. 2025‐ ൽ അഭിനയിച്ച പ്രധാന ചിത്രങ്ങൾ ക്രൈം ത്രില്ലറായ ‘രാത് അകേലി ഹേ’, ‘സെക്ഷന്‍ 108’ എന്നിവയായിരുന്നു. 2026‐ൽ നൂറാനി ചെഹ്‌ര, സംഗീന്‍, ഫറാര്‍ എന്നീ ചിത്രങ്ങള്‍ പുറത്തുവരാനുണ്ട് .




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home