ad
Deshabhimani

കവർസ്റ്റോറി

ക്യാമറയുടെ ലിംഗസ്വത്വം

അബുൽ കലാം ആസാദ്‌ ഫോട്ടോ: ലിയോ ജെയിംസ്‌
avatar
അർജുൻ രാമചന്ദ്രൻ

Published on Jul 18, 2026, 02:24 PM | 6 min read

ന്ത്യയിലെ റോഡുകളിലൂടെ നന്നായി വണ്ടിയോടിക്കാൻ കഴിയുന്നത് ഒരു സർവകലാശാലയിൽനിന്ന് ജൻഡർ സ്റ്റഡീസ് ബിരുദം നേടുന്നതിന് തുല്യമാണ്.

ട്രാഫിക് ഒരു സമഗ്രാധിപത്യ വ്യവസ്ഥിതിയാണ്. അതിന്റെ നിയമങ്ങളോട് നമുക്ക് തർക്കിക്കാൻ കഴിയില്ലെന്ന് മാത്രമല്ല, ആ നിയമങ്ങൾക്ക് തന്നെ ഒരു താന്തോന്നി സ്വഭാവമുണ്ട്. ഒരു ആക്സിഡന്റ് കേസിൽ പെട്ടാൽ ആർക്കും ഇത് ബോധ്യമാകും. ‘ദി പ്രോബ്ലം ഓഫ് ട്രാഫിക്' എന്ന ലേഖനത്തിൽ ഗവേഷകനായ ഡേവിഡ് അർണോൾഡ് റോഡ് നിയമങ്ങളുടെ ഉത്ഭവവും ട്രാഫിക് നിയന്ത്രണത്തിലൂടെ നടക്കുന്ന രാഷ്‌ട്രീയ നീക്കുപോക്കുകളുമെല്ലാം ചർച്ച ചെയ്യുന്നുണ്ട്, പക്ഷെ അർണോൾഡ് ഇതിനെ ഒരു സമഗ്രാധിപത്യമായി കണക്കാക്കുന്നില്ല. ഇന്ത്യയിലെ പൊതുവെയുള്ള ജുഗാഡ് ജീവിതരീതിയിൽനിന്ന് ട്രാഫിക് പൊതുവെ വിഭിന്നമല്ലെങ്കിലും അതിന് എന്തോ ഒരു സൂക്ഷ്മമായ സമഗ്രാധിപത്യ ചായ്‌വുണ്ട്. എന്നാലും നിയമങ്ങൾ ഇല്ലാതിരിക്കാൻ കഴിയില്ലല്ലോ, റോഡിൽ അരാജകത്വം വാഴുന്നതിനേക്കാൾ മെച്ചമാണ് കുഴപ്പങ്ങളോടെയുള്ള ഈ നിയമവാഴ്‌ച. ഈ നിയമങ്ങളൊക്കെ ഒരു ആംബുലൻസിനോ ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർക്കോ വേണ്ടി താൽക്കാലികമായി മാറ്റിവയ്‌ക്കുന്നതിലും തെറ്റില്ല. പക്ഷെ ട്രക്കും ബസ്സും ഓട്ടോറിക്ഷയും ഒക്കെയോ? പൊതുവെ വണ്ടിയുടെ വലിപ്പം കൂടുംതോറും നിയമത്തോടുള്ള അവഗണനയും കൂടും. നിയമത്തോട് വഴക്കിടുന്നതിലും അസാധ്യമാണ് ഇത്തരം വണ്ടികളുടെ ഡ്രൈവർമാരോട് തർക്കിക്കുന്നത്; സമാധാനപരമായ സംഭാഷണങ്ങൾക്ക് പകരം ഹോണടിയുടെ കൂക്കിവിളിയാണ് സാധാരണ, അത് പിന്നീട് തെറിവിളിയിലും കലാശിക്കും. നിയമത്തിന്റെ താന്തോന്നിത്തവും പൊതുവെ ട്രാഫിക്കിന്റെ ഒരു നിസ്സഹകരണ സ്വഭാവവും കൂടിച്ചേരുന്നതോടെയാണ് ഇവിടെ സമഗ്രാധിപത്യമുണ്ടാകുന്നതെന്ന് തോന്നുന്നു.

അബുൽ കലാം ആസാദ്‌ ഫോട്ടോ: ലിയോ ജെയിംസ്‌അബുൽ കലാം ആസാദ്‌ ഫോട്ടോ: ലിയോ ജെയിംസ്‌

എന്തായിരിക്കും ഇത്തരമൊരു പെരുമാറ്റം റോഡിൽ അരങ്ങേറാൻ കാരണം? എനിക്ക് തോന്നുന്നത് അത് ആണത്തത്തിന്റെ പ്രശ്നം ആണെന്നാണ്. സൂക്ഷിച്ചും നോക്കിയും വണ്ടി ഓടിക്കുന്ന സ്‌ത്രീകളോട് കയർത്തുകേറുന്ന ആൺ ഡ്രൈവർമാരിൽ ഇതിന്റെ മറ്റൊരു രൂപം കാണാം. "ആണത്തം ഉണ്ടാവുക’ എന്ന പ്രയോഗം നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്. സാന്ദർഭികമായി ഇതിന് ചില അർഥങ്ങളുണ്ടെങ്കിലും നമ്മൾ ഇവിടെ പറയുന്ന അർഥം ഇവയിൽ പെടില്ല. ആണത്തം എല്ലാ ആണുങ്ങൾക്കുമുണ്ട്. അത് ഒരു ആൺ തന്റെ ലിംഗഭേദത്തിന്റെ യാഥാർഥ്യത്തെ എങ്ങനെ സ്വയം -കുറിക്കുന്നു എന്നത് മാത്രമാണ്. ഇങ്ങനെ നോക്കിയാൽ, ആണത്തം ‘കാണിക്കുക’ എന്നാൽ തന്റെ ലിംഗഭേദത്തിന്റെ യാഥാർഥ്യത്തെ സമർഥിക്കുക എന്നതാണ്. ആലോചിച്ച് പ്രവർത്തിക്കാനും സമാധാനത്തോടെ കൈകാര്യം ചെയ്യാനും കഴിയുന്ന സാഹചര്യങ്ങളിൽ ലിംഗഭേദം സമർഥിക്കപ്പെടുന്നത് പോലെയല്ല ക്ഷണികവും നൈസർഗികവുമായി തീരുമാനങ്ങൾ എടുക്കേണ്ട മേഖലകളിൽ. ട്രാഫിക് രണ്ടാമത്തെ ഗണത്തിൽ പെട്ടതാണ്. ചുരുക്കിപ്പറഞ്ഞാൽ, റോഡിൽ വണ്ടിയോടിക്കുന്ന ഓരോരുത്തർക്കും ചെറിയതോതിലെങ്കിലും ബോധ്യമുള്ള കാര്യമായിരിക്കും ഇങ്ങനെയൊരു യാത്രാ-യന്ത്രം പ്രവർത്തിപ്പിച്ച് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് എത്തുന്ന നിരുപദ്രവകരമായ പ്രവർത്തനത്തിൽ പോലും ലിംഗഭേദത്താൽ കുറിക്കപ്പെട്ട ഒരു സമഗ്രാധിപത്യ അന്തരീക്ഷംകൊണ്ട് മൂടപ്പെട്ടിരിക്കുന്നു എന്നത്.

അബുൽ കലാം ആസാദിനോടൊപ്പം ഞാൻ അധികം ഫോട്ടോ എടുക്കാൻ പോയിട്ടില്ല. അബുൽ ഫോട്ടോ എടുക്കുന്നത് ഒരൽപ്പം ഗുപ്തവിചാരത്തോടെയാണ്. രഹസ്യമായി ചെയ്യുന്ന കാര്യം പോലെ. പക്ഷെ ഞങ്ങൾ ഒരുപാട് വണ്ടിയിൽ സഞ്ചരിച്ചിട്ടുണ്ട്. കാറും ക്യാമറയും അത് ഉപയോഗിക്കുന്നയാളുടെ സ്വേച്ഛയെ ആവിഷ്‌കരിക്കുന്നു. കാറിൽ സഞ്ചരിക്കാം, ക്യാമറയിൽ സാദൃശ്യം പകർത്താം. പക്ഷെ ഒരു കലാരൂപത്തിന്റെ വ്യവഹാരത്തിലുള്ള ക്യാമറയുടെ പങ്കുകൊണ്ട് അത് കാറിനേക്കാൾ സൂക്ഷ്മമാകുന്നു. കാറിന് സ്‌പർശനത്തിനോട് മാത്രമേ പ്രതികരിക്കാൻ കഴിയൂ എങ്കിൽ ക്യാമറയ്‌ക്ക് നോട്ടത്തിന്റെ സൂക്ഷ്മത പോലും ഉൾക്കൊള്ളാം. വണ്ടിയോടിക്കുന്നത് പോലെ തന്നെ ഫോട്ടോ എടുക്കുന്നതും നൈമിഷികമായ തീരുമാനങ്ങളാണ്. വണ്ടിയും ക്യാമറയും ഉപകരണങ്ങളായി ഉള്ളപ്പോഴും അവിടെയുള്ള തീരുമാനങ്ങൾക്ക് ഒരു സത്വര സ്വഭാവമുണ്ട്. വണ്ടി ഓടിക്കുമ്പോൾ ഉണ്ടാകുന്നത് പോലെ തന്നെ ഒരു ലിംഗഭേദത്തിന്റെ അന്തരീക്ഷം ഫോട്ടോഗ്രഫിയിലുമുണ്ട്. പലപ്പോഴും അതിന് സമഗ്രാധിപത്യത്തിന്റെ സ്വഭാവവും കൈവരിക്കാം ‐ പത്രക്കാരുടെ ക്യാമറകൾ വന്ന് പൊതിയുന്ന അവസ്ഥയൊന്ന് ഓർത്തുനോക്കൂ.


സമകാലിക ലോകസിദ്ധാന്തത്തിൽ ലിംഗഭേദവും ലിംഗസ്വത്വവും തമ്മിൽ വേർതിരിക്കപ്പെടുന്നുണ്ട്. ലിംഗഭേദം എന്നത് ഒരാളുടെ ലിംഗത്തിന്റെ ജൈവമായ യാഥാർഥ്യമാണ്; അതെങ്ങനെ അതിന്റെ വിപരീതലിംഗത്തിൽനിന്ന് വ്യത്യസ്‌തമായിത്തീരുന്നു എന്നത്. ലിംഗസ്വത്വം നമ്മൾ ഓരോരുത്തരും നമ്മളുടെ ലിംഗഭേദത്തിനെ സ്വയം- കുറിക്കുന്ന രീതിയാണ് ‐ ഓർക്കുക, നമ്മളുടെ ലിംഗത്തെ സ്വയം -കുറിക്കൽ അല്ല, ലിംഗഭേദത്തെ അല്ലെങ്കിൽ ലിംഗ സാദൃശ്യതയെയാണ് സ്വയം- കുറിക്കുന്നത്. ഒരു വ്യക്തിയുടെ ലിംഗത്തിൽ തനിക്ക് യാതൊരു തെരഞ്ഞെടുപ്പ് സ്വാതന്ത്ര്യവുമില്ല, പക്ഷെ ലിംഗസ്വത്വത്തിൽ ഒരു പരിധിവരെ സ്വാതന്ത്ര്യമുണ്ട്. സാമൂഹിക സമ്മർദങ്ങൾ നിലനിൽക്കുമ്പോഴും ലിംഗഭേദത്തെ എങ്ങനെ സ്വയം- കുറിക്കണമെന്നത് ഓരോ വ്യക്തിയുടെയും തെരഞ്ഞെടുപ്പാണ്. ആ തെരഞ്ഞെടുപ്പിന്റെ സാമൂഹിക പ്രത്യാഘാതങ്ങളെയാണ് നമുക്ക് തെരഞ്ഞെടുക്കാൻ കഴിയാത്തത്. ആ കാര്യത്തിൽ അത് മറ്റെല്ലാ തെരഞ്ഞെടുപ്പും പോലെ പരിമിതപ്പെട്ടിരിക്കുന്നു. നമുക്ക് കിട്ടിയ ലിംഗത്തിനെ ഒരു അന്യവസ്‌തുവെന്ന നിലയ്‌ക്ക് കാണാൻ വിധിക്കപ്പെടുന്നതും കൂടിയാണ് മനുഷ്യാവസ്ഥ; ആ അവസ്ഥയോടുള്ള സാമൂഹിക പ്രതികരണമാണ് ലിംഗസ്വത്വം. നമ്മൾ നേരത്തെ കണ്ടതുപോലെ, ആ സ്വത്വം കിടപ്പുമുറിയിൽ മാത്രമായി ഒതുങ്ങാത്ത ഒന്നാണ്. എവിടെയെങ്കിലും ഒതുക്കാൻ നോക്കിയാൽ ഉടനെ കവിഞ്ഞൊഴുകി സർവവ്യാപിയായി മാറും.

ഡ്രൈവിങ്ങും ഫോട്ടോഗ്രഫിയും പോലെ തന്നെ നൈമിഷികവും നൈസർഗികവും ലിംഗസ്വത്വപരവുമായ തീരുമാനങ്ങൾ എടുക്കേണ്ട മറ്റൊരു മേഖലയാണ് കായികം. (അബുൽ ഫുട്ബോൾ കളിക്കുമെന്ന കാര്യം ഞാൻ അറിയുന്നത് അദ്ദേഹത്തിന്റെ പഴയ ബൂട്ടുകൾ എന്നോട് എടുത്തുകൊണ്ടുപോയിക്കൊള്ളാൻ പറഞ്ഞപ്പോഴാണ്. എനിക്ക് തീരെ വലുതായിരുന്നതുകൊണ്ട് ഞാൻ എടുത്തില്ല.) മിക്കവാറും കായികങ്ങളിൽ പോലെ തന്നെ ഫുട്ബോളിലും ലിംഗപരമായ വേർതിരിവ് ഒരു ആനുകൂലിക വിവേചനമായി നിലനിർത്തിപ്പോരുന്നു. പക്ഷെ ഒരു ലിംഗത്തിൽ പെട്ടവർ മാത്രം കളിക്കുന്ന ആ മേഖലയിൽ പോലും ലിംഗസ്വത്വങ്ങൾ വളരെ പ്രകടമാണ്. ലയണൽ മെസ്സിയും ക്രിസ്റ്റിയാനോ റൊണാൾഡോയും തമ്മിലുള്ള ഒരു വൈരമത്സരം ഉള്ളതും അതിനെ അവരുടെ ആരാധകർ നോക്കിക്കാണുന്നതും യഥാർഥത്തിൽ ഒരു ലിംഗസ്വത്വപരമായ വേർതിരിവല്ലെ? ലാസ്യതയും സൗകുമാര്യവുമുള്ള ആണത്തവും കർക്കശവും യാന്ത്രികവുമായ മറ്റൊരു ആണത്തവും തമ്മിലുള്ള മത്സരമല്ലേ അത്? രണ്ടും ആണത്തങ്ങളാണ് ‐ എന്നാൽ വിപരീതമായ രീതികളിലാണ് രണ്ടും ലിംഗഭേദത്തെ സ്വയം- കുറിക്കുന്നത്.

ചിലപ്പോൾ മാത്രമേ വ്യക്തമായി കാണാൻ കഴിയൂ എങ്കിലും അബുലിന്റെ ഫോട്ടോഗ്രഫി അടിമുടി ലിംഗസ്വത്വത്തെ കുറിച്ചാണെന്ന് പറയാം ‐ ലിംഗഭേദത്തിന്റെ സ്വയം-കുറിക്കൽ എന്ന അർഥത്തിൽ. ആദ്യകാലങ്ങളിൽ നഗ്നത അദ്ദേഹത്തിന്റെ കൃതികളിൽ കടന്നു വന്നിരുന്നു. ഇന്ത്യൻ സദാചാര രീതികൾക്ക് സുൽ പറഞ്ഞുകൊണ്ട് ആ ഴോണർ അബുൽ വേണ്ടെന്ന് വയ്‌ക്കുകയായിരുന്നു. നഗ്നതയിലൂടെ മാത്രം ലിംഗഭേദത്തെ അടയാളപ്പെടുത്തുന്നത് എന്തായാലും ഒരു എളുപ്പപ്പണിയാണ്, ന്യൂഡ് ചിത്രങ്ങൾ എടുക്കുന്നത് അത്ര എളുപ്പമല്ലെങ്കിൽ പോലും. വൃത്തിയിൽ ന്യൂഡ് എടുത്തില്ലെങ്കിൽ അത് വെറും ഇക്കിളിച്ചിത്രങ്ങളായി മാറും. വൃത്തിയിൽ എടുത്താൽ തന്നെ അതിലെ നഗ്നത തന്നെ പലപ്പോഴും ഒരു മറവായി മാറും. ശ്രദ്ധ അങ്ങോട്ട് പോകുന്നതോടെ ചിത്രത്തിന്റെ കാര്യമെന്തെന്ന് പിടികിട്ടുകയില്ല.

എന്തായാലും അബുൽ ന്യൂഡ് ഒഴിവാക്കി. സദാചാരികൾക്ക് മനസ്സിലാകാത്തത് എന്തെന്നാൽ ഇതുകൊണ്ടൊന്നും ഫോട്ടോഗ്രഫിയിൽ നിന്ന് ലിംഗഭേദമോ ലിംഗസ്വത്വമോ ഒഴിഞ്ഞുപോകുന്നില്ല എന്നതാണ്. അബുലിന്റെ ഫോട്ടോഗ്രഫിയിൽ അവയുമായി മറ്റ് പല രീതികളിലും ‘പ്ലേ' ഉണ്ടാവുകയാണ്. ‘ചിലപ്പതികാര’ത്തെ ആസ്‌പദമാക്കി ചെയ്‌ത പരമ്പരകൾ നോക്കൂ, അവയിൽ ലിംഗഭേദവും ലിംഗസ്വത്വവും ഉണ്ടെന്ന് മാത്രമല്ല, അബുൽ അവയുടെ പരസ്‌പര നാടകത്തിലേക്ക് തന്നെത്തന്നെ ഉൾപ്പെടുത്തുകയാണ്. അതിൽ ഫോട്ടോ എടുക്കപ്പെട്ട മനുഷ്യർക്കൊക്കെ അബുൽ ഫോട്ടോ എടുക്കുന്നുണ്ട് എന്ന ബോധമുണ്ടെന്ന കാര്യം ഫോട്ടോയിൽനിന്ന് വ്യക്തമാണ്: ഈ പരസ്‌പര തിരിച്ചറിവ് ഫോട്ടോയിലെ ഒരു ഘടകമാണ്. അബുലിന് ഇഷ്ടപ്പെട്ട ജാപ്പനീസ് ഫോട്ടോഗ്രാഫറായ നൊബുയോഷി അറാക്കിയുടെ ടോക്യോ ലക്കി ഹോൾ എന്ന പുസ്‌തകം അദ്ദേഹത്തിന്റെ ഷെൽഫിൽ അവധാനതയോടെ സൂക്ഷിച്ചിട്ടുണ്ട്. അറാക്കി മറ്റുള്ളവരുടെ രതിക്രീഡകളിലും മറ്റും സ്വയം ഉൾപ്പെടുത്തിക്കൊണ്ടാണ് തന്റെ ഭൂരിഭാഗം ഫോട്ടോകളും എടുത്തിട്ടുള്ളത്.

സെൽഫ്‌ പോർട്രേറ്റ്‌ ‐ അബുൽ കലാം ആസാദ്‌സെൽഫ്‌ പോർട്രേറ്റ്‌ ‐ അബുൽ കലാം ആസാദ്‌

ലിംഗസ്വത്വത്തിന്റെ രൂപീകരണത്തിൽ നടക്കുന്നത് പോലെയൊരു സ്വയം-കുറിക്കൽ മറ്റ് പല രീതികളിലും നമ്മൾ ചെയ്യാറുണ്ട്. അബുലിന്റെ ഇഷ്ടപ്പെട്ട ഒരു ലോകദർശനമായ ത്രിപുട സിദ്ധാന്തത്തിൽ ഇങ്ങനെയൊരു പ്രത്യേകത ഉള്ളതായി അബുലാണ് എന്റെയടുത്ത് പറഞ്ഞത്. ഞാനും വസ്‌തുവും മാത്രമല്ല പ്രപഞ്ചത്തിലുള്ളത്; ഞാനും വസ്‌തുവുമുള്ള ബന്ധവും സൃഷ്ടിയിൽ ഉൾപ്പെട്ടതാണെന്ന വാദം ശൈവർ ഉന്നയിച്ചതായി അബുൽ പറയുന്നു. ശൈവസിദ്ധാന്തത്തിന്റെ ശരിതെറ്റുകൾ അവിടെ നിൽക്കട്ടെ. ഫോട്ടോഗ്രഫിയിൽ ഒരുപക്ഷെ ഇതിൽനിന്ന് പ്രേരണ ഉൾക്കൊണ്ട് ചിലത് പറയാൻ കഴിയും. ചിത്രങ്ങൾ എടുക്കുമ്പോൾ അതിൽ ഫോട്ടോഗ്രാഫർ എന്ന കർത്താവും ഫോട്ടോ എടുക്കപ്പെടുന്ന വസ്‌തുവും മാത്രമാണ് പൊതുവെ ശ്രദ്ധിക്കപ്പെടാറുള്ളത്. ഇതാണ് ‘ഇവന്റ് ഫോട്ടോഗ്രഫി’യുടെ സമഗ്രാധിപത്യം: അവിടെ സ്വയം-കുറിക്കൽ നിരോധിച്ചിരിക്കുന്നു. പരസ്യമായ ഈ നിരോധനം നിലനിൽക്കെ തന്നെ ഓരോ ഫോട്ടോഗ്രാഫിന്റെ സൃഷ്ടിയിലും ഫോട്ടോഗ്രാഫർ വസ്‌തുവിൽ നടത്തുന്ന ഒരു സ്വയം-കുറിക്കൽ കൂടി ഉൾപ്പെട്ടതാണ്. അത് സൃഷ്ടിയുടെ സ്വഭാവമാണ്. സൃഷ്ടിയുടെ ഈ നഗ്നസത്യത്തെ മറച്ചുവയ്‌ക്കലാണ് ‘ഇവന്റ് ഫോട്ടോഗ്രഫി’ എന്ന് അബുൽ വിളിക്കുന്ന ശാഖകളുടെ കുറ്റകൃത്യം. മറച്ചുവയ്‌ക്കപ്പെട്ട ഈ സ്വയം-കുറിക്കലിന്റെ വെളിപ്പെടുത്തലാണ് അബുലിന്റെ ഫോട്ടോഗ്രഫിക് അന്വേഷണവും. അതുകൊണ്ട് തന്നെ ആത്മകഥാപരമായിട്ടാണ് അബുൽ ഫോട്ടോഗ്രഫിയെ കാണുന്നത്. പ്രശസ്‌ത ബ്രിട്ടീഷ് ഫോട്ടോഗ്രാഫറായ പ്ലറ്റോൺ ഈ സ്വയം-കുറിക്കൽ മറ്റൊരു രീതിയിൽ ചെയ്യുന്നുണ്ട്. പ്ലറ്റോണിന്റെ ഒരു പരമ്പര ലോകപ്രശസ്‌ത വ്യക്തികളുടെ പോർട്രെയ്‌റ്റുകളാണ്. അവരെ അടുത്തുനിന്ന് കണ്ണിലേക്ക് നേരെ നോക്കി എടുക്കുന്ന ഈ ചിത്രങ്ങളിൽ പ്ലറ്റോണിന്റെ നോട്ടവും ബോധപൂർവമായി കുറിക്കപ്പെടുന്നു.


പ്ലറ്റോണിനെ പോലെയൊരു ഫോട്ടോഗ്രാഫറിന്റെ കൃതികൾ പക്ഷെ ഒരു പാശ്ചാത്യ ദാർശനിക കുടക്കീഴിലാണ് പ്രവർത്തിക്കുന്നത്. പാശ്ചാത്യ സംസ്‌കാരത്തിൽ ഒരുവിധം മഹദ് യത്നങ്ങളൊക്കെയും ഏകശിലാത്മകമായ ആദർശത്തിന്റെ പിറകെയുള്ള പാച്ചിലുകളാണ്, പ്ലേറ്റോ മുതൽ പ്ലറ്റോൺ വരെയും. തത്വചിന്തകനായ ഐസയ്യ ബെർലിൻ ഇതിനെ മുള്ളൻപന്നിയുടെ സ്വഭാവവുമായി താരതമ്യം ചെയ്‌തിട്ടുണ്ട്. മുള്ളൻ പന്നിയെ ആക്രമിച്ചാൽ അതിന് ഒരു പോംവഴിയേ അറിയൂ ‐ ചുരുണ്ടുകൂടി കിടന്ന് മുള്ളുകാണിച്ചു പേടിപ്പിക്കുക. (ബെർലിൻ പറയുന്ന മൃഗം സത്യത്തിൽ hedgehog ആണ്, അതിന് മലയാളം ഉള്ളതായി അറിയില്ല. മുള്ളൻപന്നി എന്ന് ഉപമയിലേക്ക് മാറ്റിയാലും ആശയത്തിന് മാറ്റം വരുന്നില്ല.) ചില ചിന്തകരും കലാകാരരും അങ്ങനെയാണ്: അവർക്ക് ഒരു കാര്യം നല്ലപോലെ അറിയാം, അത് അവർ തുടർന്ന് ചെയ്‌തുകൊണ്ടിരിക്കും. മാർക്‌സും ഡെസ്റ്റോയെവ്‌സ്‌കിയും ഒക്കെ ഇതിൽ പെടും. ബെർലിൻ ഇതിന് വിപരീതമായി പറയുന്നത് കുറുക്കന്റെ സ്വഭാവമുള്ള ചിലരെയാണ്. അവർ ലോകത്തിന്റെ വൈവിധ്യത്തെ നേരിടാൻ തയ്യാറാവുകയും വൈരുധ്യമില്ലാത്ത ഏകത്വത്തിന് പിറകെ പോകാതിരിക്കുകയും ചെയ്യുന്നു. ഷേക്‌സ്‌പിയർ, അരിസ്റ്റോട്ടിൽ ഒക്കെയാണ് ഇതിന് ബെർലിൻ നൽകുന്ന ഉദാഹരണങ്ങൾ. ലിയോ ടോൾസ്റ്റോയിയെ കുറിച്ച് ബെർലിൻ പറയുന്നത്, ‘‘സ്വഭാവം കൊണ്ട് കുറുക്കനും വിശ്വാസം കൊണ്ട് മുള്ളൻപന്നിയും” എന്നാണ്.

ഇ എം എസിനും  പ്രമുഖ കലാകാരരായ സൈദ്‌ മിർസ, വിവാൻ സുന്ദരം, റാം റഹ്‌മാൻ തുടങ്ങിയവർക്കും ഒപ്പം അബുൽ കലാം ആസാദ്‌ ( വലതുഭാഗത്ത്‌ രണ്ടാം നിരയിൽ   നിൽക്കുന്നത്‌)ഇ എം എസിനും പ്രമുഖ കലാകാരരായ സൈദ്‌ മിർസ, വിവാൻ സുന്ദരം, റാം റഹ്‌മാൻ തുടങ്ങിയവർക്കും ഒപ്പം അബുൽ കലാം ആസാദ്‌ ( വലതുഭാഗത്ത്‌ രണ്ടാം നിരയിൽ നിൽക്കുന്നത്‌)

കുറുക്കനോ മുള്ളൻപന്നിയോ എന്നതിനേക്കാൾ അബുൽ ഒരുപക്ഷെ ഒരു പ്ലാറ്റിപസ് ആയിരിക്കും. ഫ്രെഡറിക്‌ എംഗൽസ്‌ ആദ്യമായി പ്ലാറ്റിപസ്സിനെ കുറിച്ച് കേട്ടപ്പോൾ ഇത് തട്ടിപ്പായിരിക്കുമെന്ന് കരുതിയത്രെ. ഒരേസമയം പാലും മുട്ടയും ഉൽപ്പാദിപ്പിക്കുന്ന ഒരു മൃഗമാണ് പ്ലാറ്റിപസ്. പിന്നീട് ഒരു മൃഗശാലയിൽ വച്ച് എംഗൽസ്‌ ഒരു പ്ലാറ്റിപസ്സിനെ കണ്ടപ്പോൾ ആകെ തകർന്നുപോയപോലെയായി. ഇങ്ങനെയൊരു ജന്തു ശരിക്കുമുണ്ടെന്ന കാര്യം എംഗൽസിനെ ഞെട്ടിക്കുന്നതായിരുന്നു. അബുലിന്റെ ഫോട്ടോഗ്രഫി ഏകദേശം ഇതേപോലെയാണ്. ഒരേസമയം മുള്ളൻപന്നിയെ പോലെ ഒരു അടിസ്ഥാന ഏകത്വത്തിന്റെ അന്വേഷണവും മറുവശത്ത് ലോകത്തിന്റെ വ്യതിരിക്തതയുടെ രേഖപ്പെടുത്തലും. "ഫോട്ടോഗ്രഫി ഒന്നേ ഉള്ളൂ’ എന്ന് അബുൽ പറയാറുണ്ട്. അതിന്റെ പല ഴോണറുകൾ ഈ ഒരു ഫോട്ടോഗ്രഫിയുടെ പല സാഹചര്യങ്ങളോടുള്ള സ്വയം-കുറിക്കൽ മാത്രമാണ്. പ്ലാറ്റിപസിന്റെ വിചിത്രത ഒരുപക്ഷെ ഇതായിരിക്കും: തികച്ചും വിപരീതമായ രീതികളിൽ സ്വയം-കുറിക്കുമ്പോഴും അതിന്റെ തന്മയമായ ഏകത്വം അത് വിടുന്നില്ല.

പാശ്ചാത്യ പാരമ്പര്യത്തോട് ബഹുമാനവും കൂറുമുള്ള അബുൽ പക്ഷെ തന്നെത്തന്നെ കാണുന്നത് ഒരു ഇൻഡോ‐ -അറബ് പാരമ്പര്യത്തിന്റെ സന്തതിയായിട്ടാണ്. ഇങ്ങനെയുള്ള ഒരു പ്ലാറ്റിപസ് പാരമ്പര്യത്തിൽ നിന്നുകൊണ്ട് ഇനിയുമിനിയും വസ്‌തുക്കളെയും മനുഷ്യരെയും സ്വത്വങ്ങളെയും പ്രദേശങ്ങളെയും കണ്ടുമുട്ടാനും ഏറ്റുമുട്ടാനുമുള്ള ഒരു പ്രയത്നമായിട്ട് നമുക്ക് ഈ ഫോട്ടോഗ്രഫി അനുഭവപ്പെടും. മുള്ളൻപന്നിയുടേത് പോലെയൊരു വലിയ ആശയം പിറകിൽ ഉണ്ടെന്ന് തോന്നാമെങ്കിലും ആ വലിയ ആശയം തന്നെ വൈരുധ്യങ്ങളുടേതും വിപരീതങ്ങളുടേതുമാണ്. ലിംഗസ്വത്വത്തെ കുറിച്ചുള്ള അടിസ്ഥാനപരമായ അബുലിയൻ കാഴ്‌ചപ്പാടും അത് തന്നെയാണ്; ഒ വി വിജയന്റെ ഭാഷയിൽ പറഞ്ഞാൽ ലിംഗസ്വത്വങ്ങൾ പലത്. പക്ഷെ ലിംഗസ്വത്വപരമായ സ്വയം-കുറിക്കലിന്റെ നിഴൽ അബുലിന്റെ ചിത്രങ്ങളിൽ പ്രകടമായി കാണാം. മറ്റ് ഫോട്ടോഗ്രാഫർമാരുടെ കൃതികൾ ആ നിഴൽ പലപ്പോഴും മറ്റെന്തെങ്കിലും വെളിച്ചംകൊണ്ട് മൂടപ്പെട്ടിരിക്കാം.

തന്റെ ഈ പ്രത്യേക കാഴ്‌ചപ്പാടിന്റെ രൂപീകരണവും പശ്ചാത്തലവും അബുൽ ഈ അഭിമുഖത്തിൽ വിശദീകരിക്കുന്നു. എങ്ങനെയാണ് "ഇവന്റ് ഫോട്ടോഗ്രഫി’യിൽനിന്ന് മാറി ചിന്തിച്ചതെന്നും ലിംഗസ്വത്വത്തെ കുറിച്ച് തന്റെ കാഴ്‌ചപ്പാടുകൾ എന്താണെന്നും കലയിലൂടെയുള്ള ഉപജീവനവും കലാജീവിതവും തമ്മിലുള്ള വൈരുധ്യങ്ങളെ കുറിച്ചും ഗൗതം രാമചന്ദ്രനുമായുള്ള അഭിമുഖത്തിൽ അബുൽ സംസാരിക്കുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home