ad
Deshabhimani

രക്തംവാർന്ന്‌ ആദിവാസി ബാലന്റെ മരണം: തിരിഞ്ഞുനോക്കാതെ സർക്കാർ

Wayanad, Tribal Boy manu Death

മനുവിന്റെ അമ്മ ചിക്കിയും അച്ഛൻ ബിനുവും മുത്തങ്ങ 
പൊൻകുഴി കാട്ടുനായ്‌ക്ക ഉന്നതിയിലെ വീട്ടിൽ (ഇടത്), മനു (വലത്)

avatar
സ്വന്തം ലേഖകൻ

Published on Jul 18, 2026, 03:31 PM | 1 min read

കൽപ്പറ്റ: സൈക്കിൾ അപകടത്തിൽ പരിക്കേറ്റ ആദിവാസി ബാലൻ രക്തംവാർന്ന്‌ മരിച്ചിട്ടും തിരിഞ്ഞുനോക്കാതെ യുഡിഎഫ് സർക്കാർ. വയനാട് പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിയിലെ ബിനു–ചിക്കി ദമ്പതികളുടെ മകൻ മനു(11)വിന്റെ മരണത്തിൽ നാടാകെ തേങ്ങുമ്പോഴും ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായില്ല.


ഹൈവേ പൊലീസ്‌ ആശുപത്രിയിൽ കൊണ്ടുപോകാതിരുന്നതിനാലാണ്‌ ചികിത്സ വൈകി വിദ്യാർഥി മരിച്ചത്‌. പട്ടികവർഗവകുപ്പും ഇടപെട്ടിട്ടില്ല. ഉദ്യോഗസ്ഥരൊന്നും ഇതുവരെ ഉന്നതിയിൽ പോയിട്ടില്ല. പൊലീസിന്റെ വീഴ്‌ച അന്വേഷിക്കുമെന്ന ജില്ലാ പൊലീസ്‌ മേധാവി എസ്‌ ദേവമനോഹറിന്റെ പ്രതികരണം മാത്രമാണുണ്ടായത്‌. സംഭവത്തിൽ റിപ്പോർട്ട്‌ ആവശ്യപ്പെട്ടിട്ടുണ്ട്‌. പരിശോധിച്ച്‌ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.


സ്വന്തം മണ്ഡലത്തിലുണ്ടായ സംഭവമായിട്ടും ഐ സി ബാലകൃഷ്‌ണൻ എംഎൽഎയോ, ജില്ലയിലെ മന്ത്രി ടി സിദ്ദിഖോ ഉന്നതിയിൽ പോകുകയോ, രക്ഷിതാക്കളെ കാണുകയോ ചെയ്‌തിട്ടില്ല. സിദ്ദിഖ്‌ വെള്ളിയാഴ്‌ച ജില്ലയിലുണ്ടായിട്ടും അവഗണിച്ചു. നിർധന ആദിവാസി വിഭാഗത്തോടുള്ള സർക്കാരിന്റെ സമീപനമാണ്‌ വ്യക്തമാകുന്നത്‌. മകൻ നഷ്ടപ്പെട്ട വേദന സഹിക്കാനാകാതെ ഉന്നതിയിൽ തളർന്നിരിക്കുകയാണ്‌ അമ്മ ചിക്കിയും അച്ഛൻ ബിനുവും.


ചൊവ്വ വൈകിട്ട്‌ അഞ്ചോടെ മുത്തങ്ങ പൊൻകുഴിയിൽ ദേശീയ പാതയോരത്തുണ്ടായ അപകടത്തിലാണ്‌ മനു (11) മരിച്ചത്‌. സൈക്കിൾ മരക്കുറ്റിയിൽ ഇടിച്ച്‌ മറിഞ്ഞാണ് അപകടമെന്നാണ് ബത്തേരി പൊലീസ്‌ പറയുന്നത്‌. ദേശീയപാതയിൽനിന്ന്‌ 30 മീറ്റർ മാറി രക്തംവാർന്ന്‌ മരത്തിൽ ചാരിയിരിക്കുകയായിരുന്നു മനു. ഒരു ചെരിപ്പ്‌ കിട്ടിയത്‌ റോഡിൽനിന്നാണ്. കല്ലൂർ ജിഎച്ച്‌എസ്‌എസിലെ ആറാം ക്ലാസ്‌ വിദ്യാർഥിയാണ്‌. സ്‌കൂൾവിട്ടുവന്ന്‌ സൈക്കിളെടുത്ത്‌ പുറത്തുപോയപ്പോഴാണ്‌ അപകടം. ഇടതുകാലിന്റെ തുടയിലെ മുറിൽവിന്നും രക്തം വാർന്നാണ്‌ മരണമെന്നാണ്‌ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌.


‘മകനെ തോളിലിട്ട്‌ വാഹനത്തിന് കാത്തുനിൽക്കുമ്പോൾ 5.30ന്‌ ഹൈവേ പൊലീസ്‌ വന്നു. ആംബുലൻസ്‌ വിളിച്ചില്ലേയെന്ന്‌ ചോദിച്ചു. വിളിച്ചിട്ട്‌ കുറേ നേരമായെന്നും വന്നില്ലെന്നും പറഞ്ഞു. ചോരയുള്ളതുകൊണ്ട്‌ പൊലീസ്‌ വണ്ടിയിൽ അവർ കയറ്റിയില്ല. ആറരയോടെ ആംബുലൻസ്‌ എത്തുംവരെ പൊലീസുംനിന്നു. ബത്തേരി താലൂക്ക്‌ ആശുപത്രിയിലെത്തിച്ച്‌ കുറച്ചുകഴിഞ്ഞപ്പോഴേക്കും അവൻ പോയി’ –ബിനു പറഞ്ഞു. പൊലീസ്‌ വാഹനത്തിൽ കൊണ്ടുപോയിരുന്നെങ്കിൽ 5.45നകം ആശുപത്രിയിൽ എത്തിക്കാമായിരുന്നു. അപകടത്തെക്കുറിച്ചും ദുരൂഹത നിലനില്‍ക്കുന്നുണ്ട്‌.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home