ad
Deshabhimani

ബ്രിട്ടനിൽ പത്തുവര്‍ഷത്തിനിടെ ഏഴ് പ്രധാനമന്ത്രിമാര്‍; ആൻഡി ബേൺഹാം തിങ്കളാഴ്ച ചുമതലയേൽക്കും

Andy Burnham
വെബ് ഡെസ്ക്

Published on Jul 18, 2026, 03:59 PM | 2 min read

ലണ്ടൻ: ബ്രിട്ടന്റെ അടുത്ത പ്രധാനമന്ത്രിയായി മുതിർന്ന ലേബർ പാർട്ടി നേതാവ് ആൻഡി ബേൺഹാം തിങ്കളാഴ്ച ചുമതലയേൽക്കും. കഴിഞ്ഞ മാസം രാജിവെച്ച കെയ്ര്‍ സ്റ്റാർമറിന് പകരക്കാരനായാണ് ബേൺഹാം അമരത്തേക്ക് എത്തുന്നത്.


വെള്ളിയാഴ്ച നടന്ന പ്രത്യേക പാർട്ടി കോൺഫറൻസിൽ അദ്ദേഹത്തെ പുതിയ നേതാവായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ലേബർ പാർട്ടിയുടെ പാർലമെന്റ് അംഗങ്ങളിൽ നിന്ന് ആവശ്യത്തിന് പിന്തുണ നേടാനായ ഏക സ്ഥാനാർത്ഥി ആൻഡി ബേൺഹാം ആയിരുന്നു.


ബ്രിട്ടീഷ് പാർലമെന്റിൽ ലേബർ പാർട്ടിക്ക് വ്യക്തമായ ഭൂരിപക്ഷമുള്ളതിനാൽ, പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെടുന്ന വ്യക്തി തന്നെയാണ് പ്രധാനമന്ത്രിയാകുക. ലേബർ പാർട്ടിയുടെ 401 ജനപ്രതിനിധികളിൽ 349 പേരുടെ പിന്തുണ ബേൺഹാമിന് ലഭിച്ചിട്ടുണ്ട്. തിങ്കളാഴ്ച ബക്കിംഗ്ഹാം കൊട്ടാരത്തിൽ വെച്ച് ചാൾസ് മൂന്നാമൻ രാജാവുമായി നടത്തുന്ന കൂടിക്കാഴ്ചയ്ക്ക് ശേഷമേ അദ്ദേഹം ഔദ്യോഗികമായി ചുമതലയേൽക്കൂ. അതുവരെ കെയ്ര്‍ സ്റ്റാർമർ കാവൽ പ്രധാനമന്ത്രിയായി തുടരും.


ഇടക്കാലത്തെ നേതൃമാറ്റം

ബ്രിട്ടീഷ് പാർലമെന്ററി രീതി


പൊതുതെരഞ്ഞെടുപ്പ് കൂടാതെ തന്നെ ഭരണകക്ഷിക്ക് അവരുടെ നേതാവിനെ മാറ്റാൻ അനുവാദം നൽകുന്നതാണ് ബ്രിട്ടന്റെ പാർലമെന്ററി സംവിധാനം. ഇത്തരത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന നേതാവ് പിന്നീട് രാജ്യത്തിന്റെ പ്രധാനമന്ത്രിയായി മാറും. 2024-ലാണ് അവസാനമായി തെരഞ്ഞെടുപ്പ് നടന്നത്. അടുത്ത ദേശീയ തെരഞ്ഞെടുപ്പ് 2029-ൽ മാത്രമേ നടക്കൂ എന്നതിനാലാണ് ഇടക്കാല നേതൃമാറ്റം.


കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ബ്രിട്ടൻ കാണുന്ന ഏഴാമത്തെ പ്രധാനമന്ത്രിയാണ് ആൻഡി ബേൺഹാം. പാർട്ടിയിലെ ആഭ്യന്തര മത്സരത്തിലൂടെയോ സമവായത്തിലൂടെയോ പ്രധാനമന്ത്രിപദത്തിൽ എത്തുന്ന ആദ്യ വ്യക്തിയല്ല ബേൺഹാം.


കഴിഞ്ഞ പത്ത് വർഷത്തിനിടയിൽ തെരേസ മേയ്, ബോറിസ് ജോൺസൺ എന്നിവർ മുൻഗാമികളുടെ രാജിക്ക് പിന്നാലെ കൺസർവേറ്റീവ് പാർട്ടിയുടെ നേതൃത്വത്തിലെത്തിയാണ് പ്രധാനമന്ത്രിമാരായത്. 2022-ൽ ബോറിസ് ജോൺസന് പകരം ലിസ് ട്രസും, അവർ 49 ദിവസത്തിന് ശേഷം രാജിവെച്ചപ്പോൾ ഋഷി സുനകും സമാനമായ പ്രക്രിയയിലൂടെയാണ് അധികാരം ഏറ്റെടുത്തത്. തെരേസ മേയ്, ബോറിസ് ജോൺസൺ, ലിസ് ട്രസ്, ഋഷി സുനക് എന്നിവർ കൺസർവേറ്റീവ് പാർട്ടി നേതാക്കളായിരുന്നു.


കീർ സ്റ്റാർമറിന്റെ രാജിയിലേക്ക് നയിച്ച കാരണങ്ങൾ


അധികാരത്തിലേറി രണ്ട് വർഷം തികയുന്നതിന് മുൻപാണ് ജൂൺ 22-ന് കെയ്ര്‍ സ്റ്റാമര്‍ പാർട്ടി നേതൃസ്ഥാനം രാജിവെക്കുമെന്ന് പ്രഖ്യാപിച്ചത്. അദ്ദേഹത്തിന്റെ ഭരണകാലയളവ് തുടർച്ചയായ രാഷ്ട്രീയ പാളിച്ചകളാൽ നിറഞ്ഞതായിരുന്നു. അന്തരിച്ച ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റീനുമായി അടുത്ത ബന്ധമുള്ള ഒരാളെ അമേരിക്കയിലെ ബ്രിട്ടീഷ് അംബാസഡറായി നിയമിച്ച തീരുമാനം വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.


ഇതിനുപുറമേ, കഴിഞ്ഞ മെയ് മാസം നടന്ന തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ ലേബർ പാർട്ടി നേരിട്ട കനത്ത പരാജയം രാജി സമ്മർദ്ദം വർദ്ധിപ്പിച്ചു. തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിൽ ആൻഡി ബേൺഹാം പാർലമെന്റിലേക്ക് വിജയിച്ചതോടെ സ്റ്റാർമർ ഒടുവിൽ പദവി ഒഴിയാൻ തയാറാവുകയായിരുന്നു. ലേബർ പാർട്ടിയുടെ നിയമപ്രകാരം അഞ്ചിലൊന്ന് ഹൗസ് ഓഫ് കോമൺസ് അംഗങ്ങളുടെ പിന്തുണയുണ്ടെങ്കിൽ നിലവിലെ നേതാവിനെ വെല്ലുവിളിക്കാൻ പാർലമെന്റ് അംഗങ്ങൾക്ക് സാധിക്കും. ബേൺഹാം ഈ പരിധി എളുപ്പത്തിൽ മറികടന്നതോടെ മറ്റ് സ്ഥാനാർത്ഥികളാരും മത്സരരംഗത്തേക്ക് വന്നതുമില്ല.



Related News


'കിസ്സിംഗ് ഓഫ് ഹാൻഡ്സ്' തിങ്കളാഴ്ച


ബ്രിട്ടീഷ് രാഷ്ട്രീയത്തിലെ പരമ്പരാഗത ചടങ്ങുകളോടെയായിരിക്കും തിങ്കളാഴ്ചത്തെ അധികാര കൈമാറ്റം നടക്കുക. കെയര്‍ സ്റ്റാർമർ തന്റെ വിടവാങ്ങൽ പ്രസംഗത്തിന് ശേഷം ബക്കിംഗ്ഹാം കൊട്ടാരത്തിലെത്തി രാജാവുമായി കൂടിക്കാഴ്ച നടത്തി ഔദ്യോഗികമായി രാജി സമർപ്പിക്കും.


സ്റ്റാർമറിന്റെ രാജിക്ക് പിന്നാലെ ആൻഡി ബേൺഹാം കൊട്ടാരത്തിലെത്തും. പുതിയ സർക്കാർ രൂപീകരിക്കാൻ ചാൾസ് രാജാവ് അദ്ദേഹത്തോട് ആവശ്യപ്പെടും. ഈ സ്വകാര്യ ചടങ്ങ് ചരിത്രപരമായി 'കിസ്സിംഗ് ഓഫ് ഹാൻഡ്സ്' എന്നാണ് അറിയപ്പെടുന്നത്. എങ്കിലും നിലവിൽ കൈകൾ ചുംബിക്കുന്ന പതിവില്ല, പകരം ഇരുവരും ഹസ്തദാനം ചെയ്യുകയാണ് പതിവ്.


ചടങ്ങുകൾക്ക് ശേഷം ആൻഡി ബേൺഹാം ബ്രിട്ടന്റെ 59-ാമത് പ്രധാനമന്ത്രിയായി ചുമതലയേൽക്കും. തുടർന്ന് അദ്ദേഹം 10 ഡൗണിംഗ് സ്ട്രീറ്റിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തുകയും രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയും ചെയ്യും. ടെലിവിഷനിലൂടെ തത്സമയം സംപ്രേഷണം ചെയ്യുന്ന ഈ അധികാര കൈമാറ്റ പ്രക്രിയ ഏതാനും മണിക്കൂറുകൾക്കുള്ളിൽ പൂർത്തിയാകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home