ബലാത്സംഗത്തിനിരയായ 14 കാരിക്ക് ഗർഭഛിദ്രം ചെയ്യാൻ അനുമതി നൽകി ഹൈക്കോടതി

കൊച്ചി: ബലാത്സംഗത്തിനിരയായ 14 കാരിക്ക് ഗർഭഛിദ്രം ചെയ്യാൻ അനുമതി. 28 ആഴ്ച പ്രായമുള്ള ഗർഭം വൈദ്യശാസ്ത്രപരമായി അവസാനിപ്പിക്കാൻ കേരള ഹൈക്കോടതി അനുമതി നൽകുകയായിരുന്നു. ഗർഭസ്ഥ ശിശുവിന്റെ അതിജീവന സാധ്യതയെക്കുറിച്ചും ആരോഗ്യ സങ്കീർണതകളെക്കുറിച്ചും മെഡിക്കൽ ബോർഡ് നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നെങ്കിലും, ഇരയുടെ പ്രായവും ഗർഭം തുടരാനുള്ള വിസമ്മതവും കണക്കിലെടുത്ത് അടിയന്തര പ്രാധാന്യത്തോടെ കോടതി ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.
ഇരയും പിതാവും നടപടിക്രമങ്ങൾക്ക് സമ്മതം അറിയിച്ച് രേഖാമൂലം ഉറപ്പ് നൽകുന്ന മുറയ്ക്ക് എത്രയും വേഗം ഗർഭഛിദ്രത്തിനായുള്ള ക്രമീകരണങ്ങൾ ചെയ്യാൻ സംസ്ഥാന സർക്കാരിനോട് കോടതി നിർദ്ദേശിച്ചു. ഗർഭഛിദ്രത്തിന് ശേഷം കുഞ്ഞ് അതിജീവിക്കുകയാണെങ്കിൽ, സർക്കാർ കൃത്യമായ നവജാത ശിശു പരിചരണം ഉറപ്പാക്കണം. പെൺകുട്ടിക്ക് കുട്ടിയെ ഏറ്റെടുക്കാൻ താല്പര്യമില്ലെങ്കിൽ, ജുവനൈൽ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം കുഞ്ഞിനെ സർക്കാർ അംഗീകൃത ചൈൽഡ് കെയർ സ്ഥാപനത്തിനോ ദത്തെടുക്കൽ ഏജൻസിക്കോ കൈമാറാവുന്നതാണ്.
കുഞ്ഞ് അതിജീവിക്കുന്നില്ലെങ്കിൽ, ഈ കേസിലെ നിയമനടപടികൾക്കായി ഡിഎൻഎ പരിശോധന ഉൾപ്പെടെയുള്ള മെഡിക്കൽ നടപടികൾ അനിവാര്യമാണ്. ഇതിനായി ഭ്രൂണത്തിന്റെ കലകളും രക്തസാമ്പിളുകളും സുരക്ഷിതമായി സംരക്ഷിക്കണമെന്ന് സർക്കാർ അധികൃതർക്ക് കോടതി കർശന നിർദ്ദേശം നൽകി. ഇരയുടെ പിതാവ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതിയുടെ ഈ സുപ്രധാന ഉത്തരവ്.










0 comments