പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

കൊച്ചി: പവർകട്ടിനിടെ മെഴുകുതിരിയിൽ നിന്ന് തീപടർന്ന് പൊള്ളലേറ്റ വയോധികയ്ക്ക് ദാരുണാന്ത്യം. കൊച്ചി എളമക്കര സ്വദേശി മറിയം പൈലി (71)ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ഇന്ന് വൈകിട്ട് നടക്കും.
എളമക്കരയിലെ വീട്ടിൽ മറിയം പൈലി തനിച്ചാണ് താമസിച്ചിരുന്നത്. ഇക്കഴിഞ്ഞ 13ന് രാത്രി പവർകട്ടിനെതുടർന്ന് മെഴുകുതിരി കൊളുത്താൻ ശ്രമിക്കുന്നതിനിടെയാണ് തീപടർന്നത്. വസ്ത്രത്തിൽ തീപടർന്ന് ഗുരുതരമായി പൊള്ളലേറ്റു.
അയൽക്കാരാണ് പൊള്ളലേറ്റ മറിയത്തെ ആശുപത്രിയിലെത്തിച്ചത്. 40 ശതമാനം പൊള്ളലേറ്റിരുന്നു. മുന്നറിയിപ്പില്ലാത്ത പവർകട്ടിൽ സംസ്ഥാനത്ത് രണ്ടാമത്തെ ജീവനാണ് പൊലിയുന്നത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പവർകട്ടിൽ ഓക്സിജൻ കോൺസൺട്രേറ്റർ പ്രവർത്തിക്കാതായതിനെ തുടർന്ന് വീട്ടിൽ ചികിത്സയിലായിരുന്ന കിടപ്പുരോഗി ശ്വാസം കിട്ടാതെ മരിച്ചത്.
പാലക്കാട് സിവിൽ സ്റ്റേഷന് സമീപം കേനാത്ത് പറമ്പ് കലിയങ്കണ്ടത്ത് വീട്ടിൽ എം കൃഷ്ണൻ (71) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിലായിരുന്ന കൃഷ്ണനെ കഴിഞ്ഞ ആഴ്ചയാണ് ഓക്സിജൻ കോൺസൺട്രേറ്ററിന്റെ സഹായത്തോടെ വീട്ടിലേക്ക് മാറ്റിയത്. രാത്രികാലങ്ങളിൽ മണികകൂറുകളോളം വൈദ്യുതി മുടങ്ങുന്നതിലൂടെ ജനങ്ങൾ വലിയ വെല്ലുവിളിയാണ് നേരിടേണ്ടിവരുന്നത്.










0 comments