എഐ രംഗത്തെ കോളനിവൽക്കരണം ചെറുക്കാൻ ആഗോള സഖ്യവുമായി ചൈന, ഒപ്പുവെക്കാതെ മാറി ഇന്ത്യ

ഷാങ്ഹായ്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് രംഗത്ത് പുതിയ ആഗോള കൂട്ടായ്മ രൂപപ്പെടുത്താൻ ചൈനയുടെ നീക്കം. വികസ്വര രാജ്യങ്ങളെയും ഗ്ലോബൽ സൗത്ത് രാഷ്ട്രങ്ങളെയും ലക്ഷ്യമിട്ട് ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് പുതിയ ആഗോള സഹകരണ സഖ്യം പ്രഖ്യാപിച്ചു. ഏഷ്യ, ആഫ്രിക്ക, ലാറ്റിൻ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള 29 രാജ്യങ്ങളെ ഉൾപ്പെടുത്തി 'വേൾഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ- WAICO- രൂപീകരിച്ചു. ഷാങ്ഹായ് ആസ്ഥാനമായാണ് ഈ പുതിയ സംഘടന പ്രവർത്തിക്കുക. ഇതിനായി ഷാങ്ഹായിൽ നടന്ന എഐ ഗവേണൻസ് ഉച്ചകോടിയിൽ ഇന്ത്യയും പങ്കെടുത്തുവെങ്കിലും സഖ്യത്തിൽ ഒപ്പുവെച്ചില്ല.
"ഗ്ലോബൽ സൗത്തിന്റെ ആവശ്യങ്ങളോടുള്ള വികസ്വര രാഷ്ട്രങ്ങളുടെ പ്രതികരണമാണിതെന്നും, നിര്‍മിത ബുദ്ധി വികസനവും നിയന്ത്രണവും ശക്തമാക്കാൻ അന്താരാഷ്ട്ര സമൂഹത്തെ ഒന്നിപ്പിക്കുന്നതിനുള്ള സുപ്രധാന ചുവടുവെപ്പാണെ''ന്നും ഷി ജിൻപിങ് വ്യക്തമാക്കി. ഷാങ്ഹായിലെ ഉച്ചകോടിയിലാണ് വാക്കുകൾ.
വികസ്വര രാജ്യങ്ങൾക്ക്
വൻ വാഗ്ദാനങ്ങൾ
അടുത്ത അഞ്ച് വർഷത്തിനുള്ളിൽ വികസ്വര രാജ്യങ്ങളിലെ പ്രതിഭകൾക്കായി AI പരിശീലന പരിപാടികളിലും സെമിനാറുകളിലുമായി 5,000 അവസരങ്ങൾ ചൈന നൽകുമെന്ന് ഷി ജിൻപിങ് പ്രഖ്യാപിച്ചു. കൂടാതെ വിവിധ രാജ്യങ്ങൾക്കിടയിലെ പ്രമുഖ പ്രാദേശിക സഖ്യങ്ങളുമായി ചേർന്ന് സംയുക്ത AI ആപ്ലിക്കേഷൻ കോ-ഓപ്പറേഷൻ സെന്ററുകൾ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു.
ആസിയാൻ (ASEAN), ലീഗ് ഓഫ് അറബ് സ്റ്റേറ്റ്സ് (League of Arab States), ആഫ്രിക്കൻ യൂണിയൻ (African Union), കമ്മ്യൂണിറ്റി ഓഫ് ലാറ്റിൻ അമേരിക്കൻ ആൻഡ് കരീബിയൻ സ്റ്റേറ്റ്സ് (CELAC), ഷാങ്ഹായ് കോ-ഓപ്പറേഷൻ ഓർഗനൈസേഷൻ (SCO), ബ്രിക്സ് (BRICS) കൂട്ടായ്മകളിലെ രാജ്യങ്ങൾ സഖ്യത്തിന്റെ ഭാഗമായി വരും.
ഇന്ത്യ വിട്ടുനിൽക്കുന്നു
ബ്രിക്സിൽ ഭിന്നത
ബ്രസീൽ, റഷ്യ, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ, കസാഖ്സ്ഥാൻ, കെനിയ, മലേഷ്യ, പാകിസ്താൻ, ഉസ്ബെക്കിസ്ഥാൻ, വെനിസ്വേല തുടങ്ങിയ പ്രമുഖ രാജ്യങ്ങൾ WAICO-ൽ ഒപ്പുവെച്ചിട്ടുണ്ട്.
ഷാങ്ഹായ് ഉച്ചകോടിയിൽ ഇന്ത്യ ജോയിന്റ് സെക്രട്ടറി തലത്തിലുള്ള പ്രതിനിധിസംഘത്തെ അയച്ചിരുന്നെങ്കിലും, WAICO സഖ്യത്തിൽ ചേരുന്നതിൽ നിന്ന് വിട്ടുനിന്നു. ബ്രിക്സ് കൂട്ടായ്മയിലെ അഞ്ച് സ്ഥാപക രാജ്യങ്ങളിൽ ചൈനയുടെ ഈ പുതിയ സഖ്യത്തിൽ ഒപ്പിടാത്ത ഒരേയൊരു രാജ്യം ഇന്ത്യയാണ്. ബ്രിക്സ്, എസ്‌സിഒ തുടങ്ങിയ സംഘടനകളിലൂടെ സഖ്യം കൂടുതൽ വ്യാപിപ്പിക്കാൻ ചൈന ശ്രമിക്കുന്നു. ഇന്ത്യയിൽ ബിജെപി സര്‍ക്കാര്‍ അമേരിക്കൻ താത്പര്യങ്ങളെ മറികടക്കാൻ കഴിയാതെ ആശങ്കയിലായ കാഴ്ചയാണ്.
പാശ്ചാത്യ മോഡലുകൾക്കെതിരെയുള്ള ബദൽ
ഓപ്പൺഎഐയുടെ ചാറ്റ്ജിപിടി, ആന്ത്രോപിക്കിന്റെ ക്ലോഡ് തുടങ്ങിയ പാശ്ചാത്യ AI മോഡലുകളെ അമിതമായി ആശ്രയിക്കുന്നതിലുള്ള സുരക്ഷാ ആശങ്കകളാണ് ചൈനയെ ഈ നീക്കത്തിന് പ്രേരിപ്പിക്കുന്നത്. സാങ്കേതികവിദ്യകളെ പാശ്ചാത്യ രാജ്യങ്ങൾ അനാവശ്യമായി ദേശീയ സുരക്ഷയുമായി ബന്ധിപ്പിക്കുന്നതിനെ ചൈനീസ് പ്രസിഡന്റ് പരോക്ഷമായി വിമർശിച്ചു.
WAICO രൂപീകരണത്തിന് തൊട്ടുതലേദിവസം ചൈനീസ് AI കമ്പനിയായ 'മൂൺഷോട്ട്' തങ്ങളുടെ പുതിയ Kimi K3 മോഡൽ പുറത്തിറക്കി പാശ്ചാത്യ വിപണിയെ ഞെട്ടിച്ചിരുന്നു. മൂൺഷോട്ട്, ഡീപ്സീക്ക് തുടങ്ങിയ ചൈനീസ് കമ്പനികൾ തങ്ങളുടെ മോഡലുകൾ 'ഓപ്പൺ സോഴ്സ്' ആയി നൽകുന്നത് വികസ്വര രാജ്യങ്ങളെ ചൈനയിലേക്ക് ആകർഷിക്കാൻ കാരണമാകുന്നുണ്ട്. ആര്‍ക്കും ഉപയോഗിക്കയും സ്വന്തം നിലയ്ക്ക് കൂടുതലായി വികസിപ്പിക്കയും ചെയ്യാവുന്ന മോഡലുകളാണ്.

പാശ്ചാത്യ AI പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള മൂല്യങ്ങളുടെ അധിനിവേശവും രാജ്യങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റവും നവ കോളനിവൽക്കരണം സൃഷ്ടിക്കുന്നതായുള്ള ആശങ്കയാണ് ഉച്ചകോടി പങ്കുവെച്ചത്. "AI വികസനം എന്നത് ഒരു രാജ്യത്തിന്റെ മാത്രം സോളോ പെർഫോമൻസ് ആകരുത്, മറിച്ച് അന്താരാഷ്ട്ര സഹകരണത്തിന്റെ ഒരു സിംഫണി ആയിരിക്കണം." എന്നാണ് ഇതിനെതിരെ ഷി ജിൻപിങ് പറഞ്ഞത്.
നയം വ്യക്തമാക്കാതെ
AI നിയന്ത്രണങ്ങൾക്കായി ജനാധിപത്യ രാജ്യങ്ങളുടെ കൂട്ടായ്മയായ GPAI (Global Partnership on Artificial Intelligence) പോലുള്ള ആഗോള സംഘടനകളിൽ ഇന്ത്യ സജീവമാണ്. ഇന്ത്യയും യുഎസും തമ്മിൽ iCET (Initiative on Critical and Emerging Technology) പോലുള്ള പ്രതിരോധ-സാങ്കേതിക കരാറുകളുണ്ട്. ചൈന വിരുദ്ധ ചേരിയിലുള്ള അമേരിക്ക, ക്വാഡ് (QUAD) തുടങ്ങിയ സഖ്യങ്ങളുമായി ഇന്ത്യ സഹകരിക്കുന്നുണ്ട്. ടാറ്റയും യുഎസ് കമ്പനിയായ മൈക്രോണും ചേര്‍ന്ന് ഗുജറാത്തിലും അസമിലും ഒഡീഷയിലുമായി വൻകിട ചിപ്പ് നിർമ്മാണ-പാക്കേജിംഗ് ശാലകൾ നിര്‍മ്മിച്ച് വരികയാണ്.
ലോകത്തിലെ ഏറ്റവും വലിയ ഐടി/സോഫ്റ്റ്‌വെയർ തൊഴിൽശക്തിയുള്ള രാജ്യം ഇന്ത്യയാണ്. ആഗോള കമ്പനികളുടെ എഐ ഗവേഷണ കേന്ദ്രങ്ങൾ ഭൂരിഭാഗവും പ്രവർത്തിക്കുന്നത് ബംഗളൂരുവിലും ഹൈദരാബാദിലുമാണ്.










0 comments