ഉപതെരഞ്ഞെടുപ്പ്: 38 തദ്ദേശവാർഡുകളിലെ വോട്ടർപട്ടിക പുതുക്കുന്നു

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശസ്ഥാപന വാർഡുകളിലെ വോട്ടർപട്ടിക പുതുക്കുന്നു. കരട് പട്ടിക ജൂലൈ 21നും അന്തിമപട്ടിക ആഗസ്‌ത് 19 നും പ്രസിദ്ധീകരിക്കും. തെരഞ്ഞെടുത്ത അംഗങ്ങളുടെ അയോഗ്യത, രാജി, മരണം എന്നിവവഴിയുണ്ടായ ഒഴിവുകളിലേക്ക് ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിനാണിത്. കരട് പട്ടികയിൽ പേര് ഉൾപ്പെടാത്തവർക്ക് 21 മുതൽ ആഗസ്‌ത് അഞ്ചുവരെ അപേക്ഷിക്കാം. 2026 ജനുവരി ഒന്നിനോ അതിനു മുമ്പോ 18 വയസ് തികഞ്ഞവർക്ക് പേര് ചേർക്കാം. ഇതിനായി ഓൺലൈനായി (www.sec.kerala.gov.in) അപേക്ഷിക്കാം.
പട്ടികയിലെ ഉള്ളടക്കത്തിൽ ഭേദഗതി വരുത്തുന്നതിനും നിയോജക മണ്ഡലം/വാർഡ് എന്നിവയിൽ സ്ഥാനമാറ്റം വരുത്തുന്നതിനുള്ള അപേക്ഷകളും ഓൺലൈനായി നൽകാം. പേര് ഒഴിവാക്കാൻ ഓൺലൈനായി രജിസ്റ്റർചെയ്ത അപേക്ഷകളുടെ പ്രിന്റ് ഔട്ട് നേരിട്ടോ തപാൽവഴിയോ ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർക്ക് നൽകണം. കോർപ്പറേഷനിൽ അഡീഷണൽ സെക്രട്ടറിയും പഞ്ചായത്ത്, മുനിസിപ്പാലിറ്റി വാർഡുകളിൽ സെക്രട്ടറിമാരുമാണ് ഇലക്ടറൽ രജിസ്ട്രേഷൻ ഓഫീസർ. കരട് പട്ടിക അതത് തദ്ദേശസ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും കമ്മീഷന്റെ sec.kerala.gov.in വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും.
പ്രവാസി വോട്ടർമാരുടെ അപേക്ഷകൾ ഫോം 4 എയിൽ ഓൺലൈനായി സ്വീകരിച്ച് പ്രത്യേക വോട്ടർപട്ടിക തയ്യാറാക്കും. ഇതിനുള്ള ഫോം കമ്മീഷന്റെ വെബ് സൈറ്റിലുണ്ട്. രണ്ട് കോർപ്പറേഷൻ വാർഡുകൾ (എറണാകുളം, കോഴിക്കോട്), മൂന്ന് നഗരസഭ വാർഡുകൾ, മൂന്ന് ജില്ലാ പഞ്ചായത്ത് വാർഡുകൾ (തിരുവനന്തപുരം, കോട്ടയം, പാലക്കാട്), 7 ബ്ലോക്ക് പഞ്ചായത്ത് വാർഡുകൾ, 23 പഞ്ചായത്ത് വാർഡുകൾ എന്നിവയിലാണ് ഒഴിവുള്ളത്.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ (ജില്ല, തദ്ദേശസ്ഥാപനം, വാർഡ് നമ്പറും പേരും ക്രമത്തിൽ)
തിരുവനന്തപുരം: ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് (14), വർക്കല ബ്ലോക്ക് പഞ്ചായത്തിലെ ഒറ്റൂർ (7), മംഗലപുരം മുണ്ടയ്‌ക്കൽ (16), തിരുപുറം പഴയകട (5), തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ കല്ലറ (4), പത്തനംതിട്ട: കുറ്റൂർ ഓതറ (8), കുന്നന്താനം വള്ളോക്കുന്ന് (2), അരുവാപ്പുലം കല്ലേലി (6), റാന്നി ബ്ലോക്ക് പടി (14), കോട്ടയം: മീനടം ചീരംകുളം (1), കോട്ടയം ജില്ലാ പഞ്ചായത്തിലെ തൃക്കൊടിത്താനം (17), പാമ്പാടി കുമ്പന്താനം (10), ഇടുക്കി: മുട്ടം തുടങ്ങനാട് (9), എറണാകുളം:വടക്കേക്കര മടപ്ലാതുരുത്ത് കിഴക്ക് (9), പൂത്തൃക്ക കോലഞ്ചേരി ഈസ്റ്റ് (8), പാറക്കടവ് പുളിയനം തെക്ക് (4), കൊച്ചി കോർപറേഷനിലെ അയ്യപ്പൻകാവ് (19), തൃശ്ശൂർ: വടക്കാഞ്ചേരി ബ്ലോക്ക്പഞ്ചായത്തിലെ തളി (13), വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്തിലെ എടത്തിരിഞ്ഞി (1), തളിക്കുളം ആര്യംപാടം (13), ചേലക്കര കുറുമല കിഴക്കുമുറി (16), ചാലക്കുടി നഗരസഭയിലെ മുനിസിപ്പൽ ഓഫീസ് (24), പാലക്കാട്: പട്ടഞ്ചേരി പറക്കാട്ടുചള്ള (19), പാലക്കാട് ജില്ലാ പഞ്ചായത്തിലെ പല്ലശ്ശന (17) ചിറ്റൂർ തത്തമംഗലം നഗരസഭയിലെ പരുത്തിക്കാവ് (24), മലമ്പുഴ ബ്ലോക്ക് പഞ്ചായത്തിലെ ഹേമാംബിക നഗർ (14), ആലത്തൂർ ബ്ലോക്ക് പഞ്ചായത്തിലെ അത്തിപ്പൊറ്റ (2), കരിമ്പ വെട്ടം (13), ശ്രീകൃഷ്ണപുരം രാഗംകോർണർ (13), മലപ്പുറം: വേങ്ങര പൂങ്കുടായ (3), മങ്കട കടന്നമണ്ണ (4), കാലടി വെറൂർ (12), താനാളൂർ മൂലക്കൽ (1), കോഴിക്കോട്: കോഴിക്കോട് കോർപറേഷനിലെ കുറ്റിച്ചിറ (59), കണ്ണൂർ: പെരളശ്ശേരി ബാവോഡ് ഈസ്റ്റ് (6), കണ്ണൂർ: മട്ടന്നൂർ നഗരസഭയിലെ ഉരുവച്ചാൽ (17), വയനാട്: മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിലെ പള്ളിക്കൽ (8), കാസർകോട്: പീലിക്കോട് പിലിക്കോട് (2).











0 comments