ad
Deshabhimani

പ്രകോപനമില്ലാതെ വെടിവെപ്പ്; പാകിസ്ഥാന്റെ നുഴഞ്ഞുകയറ്റ ശ്രമം തിരിച്ചറിഞ്ഞ് സൈന്യം

PAKISTAN TERRERISOM

Photo Credit:NDTV

വെബ് ഡെസ്ക്

Published on Jul 18, 2026, 02:39 PM | 1 min read

ശ്രീനഗർ: ജമ്മു കശ്മീരിലെ രജൗരി സെക്ടറിൽ നിയന്ത്രണരേഖയിൽ വെള്ളിയാഴ്ച രാത്രി രണ്ട് മണിക്കൂറോളം നീണ്ടുനിന്ന ശക്തമായ വെടിവെപ്പ് റിപ്പോർട്ട് ചെയ്തു. അതിർത്തി കടന്ന് ഭീകരരെ നുഴഞ്ഞുകയറ്റാനുള്ള പാകിസ്ഥാന്റെ ശ്രമം ഇന്ത്യൻ സൈന്യം പരാജയപ്പെടുത്തിയതായി ഉന്നത വൃത്തങ്ങൾ അറിയിച്ചു.


വെള്ളിയാഴ്ച രാത്രി 9:50-ഓടെയാണ് പാകിസ്ഥാൻ ഭാഗത്തുനിന്ന് പ്രകോപനമില്ലാതെ വെടിവെപ്പ് തുടങ്ങിയത്. അതിർത്തിയിൽ സംശയാസ്പദമായ നീക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചു.


സംഘർഷത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഭീകരരുടെ സാന്നിധ്യം പരിശോധിക്കുന്നതിനായി ശനിയാഴ്ച രാവിലെ മുതൽ മേഖലയിൽ തെരച്ചിൽ നടത്തുകയും സുരക്ഷ കർശനമാക്കുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ രൂക്ഷമായ ആഭ്യന്തര പ്രക്ഷോഭങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനാണ് പാകിസ്ഥാൻ ഇത്തരത്തിൽ വെടിനിർത്തൽ കരാർ ലംഘിക്കുന്നതെന്ന് സുരക്ഷാ വിദഗ്ധർ വിലയിരുത്തുന്നു.


കഴിഞ്ഞ വർഷം മെയ് മാസത്തിൽ നടന്ന 'ഓപ്പറേഷൻ സിന്ദൂരി'ന് ശേഷം നിയന്ത്രണരേഖയിൽ നടക്കുന്ന ആദ്യത്തെ വലിയ വെടിനിർത്തൽ ലംഘനമാണിത്. 22 മിനിറ്റ് നീണ്ടുനിന്ന ഓപ്പറേഷൻ സിന്ദൂരിൽ, അതിർത്തി കടക്കാതെ തന്നെ ഒമ്പത് ഭീകര കേന്ദ്രങ്ങൾ ഇന്ത്യൻ സൈന്യം തകർത്തിരുന്നു.


26 കൃത്യതയാർന്ന മിസൈലുകൾ ഉപയോഗിച്ച് മുരീദ്കെയിലെ ലഷ്കർ-ഇ-തൊയ്ബ ആസ്ഥാനവും ബഹാവൽപൂരിലെ ജെയ്ഷെ-മുഹമ്മദ് ആസ്ഥാനവും തകർക്കാൻ ഇന്ത്യൻ സേനയ്ക്ക് സാധിച്ചിരുന്നു. ഇതിന് തിരിച്ചടിയായി കഴിഞ്ഞ വർഷം മെയ് രണ്ടാം വാരത്തിൽ പാകിസ്ഥാൻ 14 തവണ വെടിനിർത്തൽ കരാർ ലംഘിക്കുകയും പൂഞ്ച്, രജൗരി സെക്ടറുകളിലെ ജനവാസ മേഖലകളെ ലക്ഷ്യമിടുകയും ചെയ്തിരുന്നു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home