അഭിജീത് ദീപ്കെയ്ക്ക് നേരെ ആക്രണം; മഷി എറിഞ്ഞു, കൈയേറ്റം ചെയ്യാൻ ശ്രമം

ന്യൂഡൽഹി: സോനം വാങ്ചുക്കിനെ ജന്തർ മന്തറിലെ സമരപ്പന്തലിൽനിന്ന് ഡൽഹി പൊലീസ് ബലംപ്രയോഗിച്ച് നീക്കി ആശുപത്രിയിലാക്കിയതിന് പിന്നാലെ അനിശ്ചിതകാല നിരാഹാരസമരം ഏറ്റെടുത്ത സിജെപി സ്ഥാപകൻ അഭിജീത് ദീപ്കെയ്ക്കെതിരെ ആക്രമണം. ജന്തർ മന്തറിലെ സമര പന്തലിൽ വെച്ച് അഭിജീത് ദീപ്കെയ്ക്ക് നേരെ നീല മഷി എറഞ്ഞു. കൈയേറ്റം ചെയ്യാനും ശ്രമം ഉണ്ടായി.
നിരാഹാരസമരം 21–ാം ദിവസത്തിലേക്ക് കടന്ന ശനിയാഴ്ച പുലർച്ചെയാണ് പൊലീസ് സമരപ്പന്തലിലെത്തി ബലപ്രയോഗത്തിലൂടെ വാങ്ചുക്കിനെ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയത്. പിന്നാലെ ജന്തർ മന്തറിലെ പ്രതിഷേധക്കാരെ ഒഴിപ്പിച്ചു. സമരപ്പന്തലിലേക്ക് മടങ്ങാൻ ദീപ്കെയെയും പ്രവർത്തകരെയും അനുവദിച്ചില്ല. തന്നെ പൊലീസ് മർദിക്കുകയും തടങ്കലിലാക്കുകയും ചെയ്തതായി ദീപ്കെ പറഞ്ഞിരുന്നു. പൊലീസ് നടപടിക്കെതിരെ രാജ്യവ്യാപകമായി സമാധാനപരമായ പ്രതിഷേധം സംഘടിപ്പിക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റിയശേഷം ജന്തർ മന്തറിൽ വൻ പൊലീസ് സന്നാഹം വിന്യസിക്കുകയും സമരക്കാർ സ്ഥലം ഒഴിയണമെന്ന് നിർദേശിക്കുകയും ചെയ്തു.
നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ചയിലും മറ്റ് പരീക്ഷാക്രമക്കേടുകളിലും ഉത്തരവാദിത്വം ഏറ്റെടുത്ത് കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് വാങ്ചുക്കും വിദ്യാർഥികളും അനിശ്ചിതകാല നിരാഹാരസമരം ആരംഭിച്ചത്. ജൂലൈ 20ന് പാർലമെന്റിലേക്ക് മാർച്ച് നടത്താനും സമരക്കാർ തീരുമാനിച്ചിരുന്നു.











0 comments