പത്ത് രൂപ പ്ലാസ്റ്റിക്കാവുന്നു, പുതുനിര നോട്ടുകൾ അച്ചടിച്ച് പരീക്ഷിക്കാൻ ആര്‍ബിഐ

ന്യൂഡൽഹി: രാജ്യത്ത് പരീക്ഷണാടിസ്ഥാനത്തിൽ പോളിമര്‍ കറൻസി നോട്ടുകൾ പുറത്തിറക്കാനുള്ള നടപടികളുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ മുന്നോട്ട്. അടുത്ത വർഷം മുതൽ 10 രൂപ, 20 രൂപ മൂല്യങ്ങളിലുള്ള പ്ലാസ്റ്റിക് നോട്ടുകൾ വിപണിയിലിറക്കാനാണ് ആലോചന. നോട്ടുകൾ അച്ചടിക്കുന്നതിനാവശ്യമായ 'പോളിമർ സബ്‌സ്‌ട്രേറ്റ് ഷീറ്റുകൾ' ലഭ്യമാക്കുന്നതിന് ആഗോളതലത്തിൽ താല്പര്യപത്രം ക്ഷണിച്ചു.
പരീക്ഷണ പദ്ധതി വിജയകരമായാൽ 2027 മുതൽ രാജ്യത്ത് മുഴുവൻ പ്ലാസ്റ്റിക് നോട്ടുകൾ വിതരണത്തിനെത്തിക്കാനാണ് ലക്ഷ്യമിടുന്നത്. ആർബിഐയുടെ കീഴിലുള്ള ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് ആണ് ആഗോള ടെൻഡർ വിളിച്ചിരിക്കുന്നത്.
വ്യത്യസ്തമായ രൂപകൽപന
നോട്ടുകളിൽ പോർട്രെയ്റ്റോട് കൂടിയ സുതാര്യമായ വിൻഡോ, മെറ്റാലിക് ന്യൂമറൽ, മാഗ്നറ്റിക് സ്യൂഡോ ത്രെഡ്, ഷാഡോ ഇമേജ്, ഇറിഡസെന്റ് പാറ്റേൺ തുടങ്ങിയ അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ ഉണ്ടായിരിക്കും.
പദ്ധതി ആർബിഐയുടെ സജീവ പരിഗണനയിലാണെന്നും നേട്ടങ്ങളും പ്രായോഗികതയും പരിശോധിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്നും ആർബിഐ ഗവർണർ സഞ്ജയ് മൽഹോത്ര മുൻപ് വ്യക്തമാക്കിയിരുന്നു. ഇപ്പോൾ ടെണ്ടര്‍ നടപടികളിലേക്ക് എത്തിയിരിക്കയാണ്.
ആദ്യം ഓസ്‌ട്രേലിയ
1988-ൽ ഓസ്‌ട്രേലിയയാണ് ലോകത്താദ്യമായി പോളിമർ നോട്ടുകൾ അവതരിപ്പിച്ചത്. നിലവിൽ അൻപതിലധികം രാജ്യങ്ങളിൽ ഇത് ഉപയോഗത്തിലുണ്ട്. സാധാരണ പേപ്പർ നോട്ടുകളെ അപേക്ഷിച്ച് കൂടുതൽ കാലം ഈടുനിൽക്കും. കള്ളനോട്ടുകൾ അടിക്കുന്നത് തടയാൻ സഹായിക്കുമെന്നതുമാണ് പ്രധാന നേട്ടങ്ങൾ. ദീർഘകാലാടിസ്ഥാനത്തിൽ കറൻസി അച്ചടി ചെലവ് കുറയ്ക്കാൻ സഹായിക്കും.











0 comments