കവർസ്‌റ്റോറി
ഒരു കോഴിക്കോടൻ പ്രപഞ്ചം

വി ആർ സുധീഷ്
Published on Sep 19, 2026, 12:47 PM | 13 min read
എന്തുകൊണ്ടാണ് കോഴിക്കോടൻ തെരുവിന് മിഠായിത്തെരുവെന്ന് പേരുവന്നത്? കോഴിക്കോടൻ ഹൽവയ്‌ക്ക് ദേശമുദ്ര കിട്ടിയത്? കോഴിക്കോടൻ കൂട്ടായ്‌മയ്‌ക്ക്‌് ഇത്രയേറെ ഗരിമ ലഭിച്ചത്?
പണ്ടുപണ്ട് ഒരു മറുനാടൻ വ്യാപാരി കോഴിക്കോട് തുറമുഖത്തു വന്നു, രാജാവിനെ മുഖം കാണിച്ചു. താൻ തിരിച്ചുവരുന്നതുവരെ സൂക്ഷിക്കാൻ കുറച്ച് അച്ചാർ ഭരണികൾ വ്യാപാരി രാജാവിനെ ഏൽപ്പിച്ചു. ഒരു വർഷം കഴിഞ്ഞ് വ്യാപാരിയുടെ മകൻ അച്ഛനേൽപ്പിച്ച ഭരണികൾ തിരിച്ചുവാങ്ങാൻ ചെന്നു. ഭരണികളിൽ പൂഴ്‌ത്തിവച്ചിരിക്കുന്നത് പൊന്നാണെന്നറിഞ്ഞുകൊണ്ടുതന്നെ രാജാവ് ഭദ്രമായി അവ തിരിച്ചേൽപ്പിച്ചു. വ്യാപാരി പറഞ്ഞു, ഇതാണ് സത്യത്തിന്റെ തുറമുഖം.
17-‐ാം നൂറ്റാണ്ടിലെ യൂറോപ്യൻ സഞ്ചാരി പൈറാർഡ് ഡി ലാവൽ ചരിത്രരേഖയിൽ ഇങ്ങനെ കുറിച്ചു:
കോഴിക്കോട്ടെ പോലെ സാർവത്രികമായി സമാധാനം കളിയാടുന്ന ഒരു പ്രദേശവും ഇന്ത്യയിലില്ല. പന്ത്രണ്ടാം നൂറ്റാണ്ടിന്റെ ആരംഭത്തിലാണ് കോഴിക്കോട് പിറക്കുന്നത്. പാളയംമുതൽ മാനാഞ്ചിറവരെ പരന്നുകിടന്ന കോയിൽ കോടാകാം (കോയിൽ + കോട് ) കോഴിക്കോടായി ലോപിച്ചത്. ‘രാജകൊട്ടാരം’ എന്ന് അർഥം. അല്ലെങ്കിൽ തളി ക്ഷേത്രത്തിൽനിന്നും കോഴികൂവിയാൽ കേൾക്കുന്ന ഒരിടം എന്ന അർഥത്തിലാകാം. കോഴിക്കോടൻ മനസ്സിന് കർണാടകസംഗീതത്തിന്റെയും ഹിന്ദുസ്ഥാനി സംഗീതത്തിന്റെയും വെസ്‌റ്റേൺ മ്യൂസിക്കിന്റെയും നാടകത്തിന്റെയും ഫുട്ബോളിന്റെയും സംലയനപാരമ്പര്യമുണ്ട്. പീടികമുറികളുടെയോ പാണ്ടികശാലകളുടെയോ മുകളിൽ ഖയാലും ധൂദ്രിയും ഗസലും മാൽകോൺസും ടപ്പയും കെസ്സുകളും നിറഞ്ഞ രാത്രികൾ പിൻതലമുറകളുടെ സ്മരണകളാണ്. മരക്കച്ചവടക്കാരും അരിക്കച്ചവടക്കാരും സ്വർണക്കച്ചവടക്കാരും ഒരുപോലെ ഈ മാളികപ്പുറസംസ്‌കാരങ്ങളിലലിഞ്ഞു. സ്വർണക്കച്ചവടക്കാരായ ഗുജറാത്തികളും വെള്ളിപ്പണിക്കാരായ മറാഠികളും ഇവിടുത്തെ കോയമാരും കോഴിക്കോടിന്റെ പടിഞ്ഞാറൻ പ്രദേശങ്ങളായ കുറ്റിച്ചിറയിലും വലിയങ്ങാടിയിലും പാടിയിലും തിങ്ങിപ്പാർത്തിരുന്നു. നാൽപ്പതുകളിൽ എങ്ങനെയൊക്കെയോ (ചിലപ്പോൾ ബംഗാളിൽനിന്നാകാം, മംഗലാപുരത്തുനിന്നാകാം) ഹിന്ദുസ്ഥാനി സംഗീതജ്ഞർ ഇവിടേക്ക് വന്നു. അവർക്ക് ഗുരുദക്ഷിണയില്ല. പാടിയും ഭക്ഷിച്ചും അവർ കുറച്ചുകാലം തങ്ങും. അവരാണ് മെഹ്ഫിൽ സംസ്‌കാരം ഇവിടെ വളർത്തിയത്. ചിലർ ഇവിടെ സ്ഥിരതാമസമാക്കി. ബംഗാളിൽനിന്നെത്തിയ ജാൻമുഹമ്മദ് അവരിലൊരാളാണ്. ബാബുരാജിന്റെ പിതാവ്. ഹാർമോണിയവും തബലയും ബുൾബുളുമെല്ലാം മാളികപ്പുറത്ത് രാഗതാളങ്ങൾ നിറച്ചു. മലബാർ കേന്ദ്രകലാസമിതിയുടെ നാടകോത്സവങ്ങളാണ് കോഴിക്കോടൻ കലാപാരമ്പര്യത്തിന്റെ പെരുമയുള്ള ഓർമകൾ. മുല്ലവീട്ടിൽ അബ്ദുറഹിമാനും വി അബ്ദുള്ളയും തെരുവത്ത് രാമനും എം അബ്ദുറഹിമാനും മുല്ലശ്ശേരി രാജുവും കെ പി രാമൻനായരും നീനാബാലനുമൊക്കെയായിരുന്നു സംഘാടകർ. 54-‐ൽ തിക്കോടിയന്റെ ‘കന്യാദാനം' കലാസമിതി അവതരിപ്പിച്ചപ്പോൾ പ്രധാന കഥാപാത്രങ്ങളായി വന്നത് നടൻ സത്യനും മിസ് കുമാരിയുമാണ്. ആയിടെ റിലീസായ ‘നീലക്കുയിൽ' അവരെ അത്രയ്ക്ക് പ്രശസ്‌തരാക്കിയിരുന്നു. ഇപ്പോഴത്തെ ഇൻകം ടാക്സ് കെട്ടിടമുള്ള സ്ഥലത്ത് നെടുമ്പുര കെട്ടിയാണ് അന്ന് നാടകം കളിച്ചത്. കുട്ടികൃഷ്ണമാരാരുടെ ഷഷ്ടിപൂർത്തി രണ്ടാമത്തെ നാടകോത്സവകാലത്താണ് നടന്നത്. അതൊരു വലിയ അനുഭവമായിരുന്നുവെന്ന് യു എ ഖാദർ ഓർക്കുന്നു. മുണ്ടശ്ശേരിയും ശങ്കരക്കുറുപ്പും എൻ വിയും ഒളപ്പമണ്ണയുമെല്ലാം ടൗൺഹാളിൽ വന്നു പ്രസംഗിച്ചു. മൂന്നാമത്തെ നാടകോത്സവത്തിനാണ് ബഷീർ കോഴിക്കോട്ടെത്തുന്നത്. ‘ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു' തിക്കോടിയൻ നാടകമാക്കി. ആകാശവാണിയുടെ ക്ഷണിക്കപ്പെട്ട സദസ്സിനു മുന്നിൽ തിക്കോടിയന്റെ ‘പുതിയ തെറ്റ്' അവതരിപ്പിക്കുമ്പോൾ അത് ഒരേസമയം ലൈവ് ആയി വായുവിൽ പോയി.
ജീവൻ തോമസ് രൂപകൽപന ചെയ്‌ത് കോഴിക്കോട് നഗത്തിൽ സ്ഥാപിച്ച നാടകാചാര്യൻ കെ ടി മുഹമ്മദിന്റെ ശിൽപം ഫോട്ടോ: ബിജു ഇബ്രാഹിം
എഴുപതുകളുടെ അവസാനമാണ് ഞാൻ കോഴിക്കോടൻ മനസ്സ് അറിഞ്ഞുതുടങ്ങുന്നത്. നാലുവയസ്സിൽ മാനാഞ്ചിറയിൽനിന്നും ഒരു സർക്കസ് കണ്ട ഓർമയുണ്ട്. സർക്കസ് കഴിഞ്ഞ് അന്നൊരു കുടുംബഫോട്ടോ എടുത്തിരുന്നു. ആ ഫോട്ടോ ഇപ്പോഴുമുണ്ട്. സ്‌റ്റുഡിയോ ഇല്ല. മിഠായി തെരുവിലെ ഗോഡ്സൺ സ്‌റ്റുഡിയോ. കോഴിക്കോട് അന്ന് മൂന്ന് തിയറ്ററേ ഉള്ളൂ-‐ ക്രൗണും രാധയും കോറണേഷനും. കോറണേഷനിൽനിന്ന് ‘ജയിൽ' എന്ന സിനിമ അന്ന് കണ്ടിരുന്നു. എഴുപതുകളുടെ അവസാനം കോട്ടയത്തുകാരിയായ എന്റെ ഒരു പ്രണയിനിയെ യാത്രയയക്കാൻ വടകരയിൽനിന്ന് ഞാൻ കോഴിക്കോട്ട് വന്നപ്പോൾ ടൗൺഹാളിനു മുന്നിൽ വലിയ ജനാവലി. ഉറൂബിന്റെ മൃതദേഹം പൊതുദർശനത്തിനു വച്ചിരിക്കുന്നു. അന്നാണ് ഉറൂബിനെ നേരിൽ കാണുന്നത്. അന്നത്തെ എന്റെ താരുണ്യത്തെ മഥിച്ച സിനിമയായിരുന്നു ‘അവളുടെ രാവുകൾ.’ അത് എല്ലാ അർഥത്തിലും ഒരു കോഴിക്കോടൻ സിനിമയായിരുന്നു. അന്ന് ആ സിനിമയും പഞ്ചവടി ബാറും സീമയും എ ടി ഉമ്മറിന്റെ പാട്ടുകളും പട്ടത്തുവിളയുടെ കഥകളും ചില അധോലോകപത്രബന്ധങ്ങളുമെല്ലാം കോഴിക്കോടൻ സ്വപ്‌നങ്ങൾക്ക് മായികലഹരിയായിരുന്നു.
ഒരിക്കൽ കൊയിലാണ്ടിയിൽ ഒരു ചലച്ചിത്രമേളയിൽ പങ്കെടുത്ത് തിരിച്ചു മടങ്ങിയത് കുഞ്ഞാണ്ടിയേട്ടനോടൊപ്പമാണ്. ഉച്ചയ്‌ക്ക് കോഴിക്കോട്ടെത്തിയപ്പോൾ ഞാൻ പറഞ്ഞു, അളകാപുരിയിൽ പോയി കുറച്ചു മദ്യപിച്ച് ഭക്ഷണം കഴിക്കാമെന്ന്. അതിനുമുമ്പ് വലിയ പരിചയമൊന്നുമില്ലെങ്കിലും അൽപ്പം സങ്കോചത്തോടുകൂടിയാണ് ഞാൻ കാര്യം പറഞ്ഞത്. കുഞ്ഞാണ്ടിയേട്ടൻ സന്തോഷത്തോടുകൂടി സമ്മതിച്ചു. അളകാപുരിയിലെ പതിനഞ്ചാം നമ്പർ മുറിയിൽ അരക്കുപ്പി ബ്രാണ്ടിയുമായി ഞാൻ കുഞ്ഞാണ്ടിയേട്ടന്റെ ഓർമകൾക്കൊപ്പം സഞ്ചരിച്ചു. കേവലം പതിനഞ്ചു പേജിൽ ഒതുങ്ങാവുന്ന ഒരു ജീവിതകഥയാണ് എന്റേത് എന്ന് വിനീതനായി പറഞ്ഞെങ്കിലും വൈകുന്നേരംവരെ നീണ്ട ഞങ്ങളുടെ അഭിമുഖീകരണത്തിൽ കുഞ്ഞാണ്ടിയേട്ടൻ ഒരായുസ്സിന്റെ പുസ്‌തകംതന്നെ പറഞ്ഞുതീർത്തു. ഇടയ്‌ക്ക് എം ടി സംസാരവിഷയമായപ്പോൾ ഞാൻ ‘നിർമ്മാല്യ'ത്തിലെ മയ്‌മുണ്ണിയെ ഓർത്തു. സന്ധ്യയ്‌ക്ക് വെളിച്ചപ്പാട് വീട്ടിലെത്തി അടഞ്ഞുകിടക്കുന്ന മുൻവാതിലിൽ മുട്ടിവിളിച്ചപ്പോൾ പുറത്തേക്ക് കടന്നത് മയ്‌മുണ്ണി. വെളിച്ചപ്പാടിന്റെ ഭാര്യ നാരായണിയെ വ്യഭിചരിച്ച് കാശുകൊടുത്തു പുറത്തേക്ക് കടന്ന ആ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ എം ടി എന്താണ് പറഞ്ഞത് എന്ന് ഞാൻ കുഞ്ഞാണ്ടിയേട്ടനോട് ചോദിച്ചു. എം ടിയുടെ അന്നത്തെ സംവിധാനരീതി അറിയാനുള്ള താൽപ്പര്യമായിരുന്നു. കുഞ്ഞാണ്ടിയേട്ടൻ പറഞ്ഞു: ‘അങ്ങനെ അധികം സംസാരിക്കുന്ന പ്രകൃതമായിരുന്നില്ല അന്ന് വാസൂന്, -എന്നോട് പറഞ്ഞത് ഇത്രമാത്രം. മാളത്തിൽനിന്നും ഒരു പാമ്പ് ഇഴഞ്ഞിഴഞ്ഞ് ഇരുവശത്തേക്കും നോക്കാതെ പുറത്തേക്ക് പോകുന്നു. കുഞ്ഞാണ്ടി ചെയ്യേണ്ടത് അതാണ്.’ ആ പറച്ചിൽ എന്നെ വിസ്മയിപ്പിച്ചു. ഇന്നത്തെ ചില നടന്മാരോട് ഒരു സംവിധായകൻ അങ്ങനെ പറഞ്ഞാൽ അവരെന്താണ് ചെയ്യുക എന്നോർത്ത് ചിരിയും വന്നു. എം ടി മരണത്തെ മുഖാമുഖം കണ്ട് കിടന്ന കാലത്ത് പരിചരിക്കാൻ മുന്നിലുണ്ടായിരുന്നത് കുഞ്ഞാണ്ടിയേട്ടനായിരുന്നു. ഉള്ളിലൊരു കന്മഷവുമില്ലാത്ത നാട്ടിൻപുറത്തുകാരനെപ്പോലെയായിരുന്നു കുഞ്ഞാണ്ടിയേട്ടൻ. ഒരു ദിവസം മാത്രം ഓടിയ ഒരു സിനിമയിൽ ആദ്യകാലത്ത് അദ്ദേഹം നായകനായിരുന്നു. നല്ലളം വരെ നടന്നുപോയി ആ സിനിമ കണ്ട് റീലുകൾ പരസ്‌പരം മാറി ഒന്നും മനസ്സിലാകാതെ കുന്തംമറിഞ്ഞ് ആളുകൾ കൂവി വിളിച്ച് അപമാനിതനായി തിരിച്ചുവന്ന കഥ കുഞ്ഞാണ്ടിയേട്ടൻ പറഞ്ഞതും നിർമമമായിട്ടായിരുന്നു.
കോഴിക്കോട് നഗരക്കാഴ്‌ച
ഫോട്ടോ: അബുൾ കലാം ആസാദ്
ചലച്ചിത്രലോകത്തെ പഴയ ഏക ബുദ്ധിജീവി നടൻ കെ പി ഉമ്മറായിരുന്നു. ഫുട്ബോൾ കളിക്കാരനും നാടകകൃത്തും നല്ല വായനക്കാരനും സുന്ദരനുമായ ഉമ്മർ. ബാബുരാജിനെയും കെ ടി മുഹമ്മദിനെയും കോഴിക്കോട് അബ്ദുൾ ഖാദറിനെയും പോലെ കെ പി ഉമ്മറിനെയും വളർത്തിയെടുത്തത് പൊലീസ് കോൺസ്റ്റബിൾ കുഞ്ഞിമുഹമ്മദ്ക്കയാണ്. 1956 മുതൽ മാനാഞ്ചിറയിൽ നടന്ന മുഹമ്മദ് അബ്ദുറഹിമാൻ സ്മാരക ഫുട്ബോൾ ടൂർണമെന്റിലെ കളിക്കാരായിരുന്നു ഒളിമ്പ്യൻ അബ്ദുറഹിമാനും കെ പി ഉമ്മറുമൊക്കെ. യങ് ചാലഞ്ചേഴ്‌സ് ക്ലബ്ബിൽ കളിച്ച അബ്ദുറഹിമാനെ പിന്നീട് ഈസ്‌റ്റ് ബംഗാൾ കൊണ്ടുപോയി. ഒളിമ്പിക്‌സിൽ കളിച്ച് കീർത്തി നേടിയ അബ്ദുറഹിമാനെ കോഴിക്കോട് നഗരം വേണ്ടത്ര ആദരിച്ചോ എന്നു സംശയമുണ്ട്.
എഴുപത്തിയേഴിൽ കോട്ടൂളിക്കടുത്ത് ഒരു കല്യാണവീട്ടിലേക്കു പോകുമ്പോൾ ആരോ എനിക്ക് നെല്ലിക്കോട് ഭാസ്‌കരന്റെ വീട് കാണിച്ചുതന്നു. ഇന്നത്തെ മാവൂർ റോഡ് തൊട്ട് മെഡിക്കൽ കോളേജ് വരെ അന്ന് അത്ര ഭംഗിയിൽ ഒരു ടെറസ്സ് വീടുണ്ടായിരുന്നില്ല. കൗതുകത്തോടെയാണ് ആ വീട് നോക്കിനിന്നത്. അപ്പോൾ മനസ്സിൽ ‘മരം' സിനിമയിലെ ഉപനായകനായിരുന്നു. നെല്ലിക്കോട് ഭാസ്‌കരൻ അവതരിപ്പിച്ച ഏറ്റവും നല്ല കഥാപാത്രം അതായിരുന്നു. നെല്ലിക്കോട് ഭാസ്‌കരന്റെ വീട് ഇന്ന് ലോകം വലുതായപ്പോൾ ഏറ്റവും ചെറുതായിപ്പോയി. അവസാനകാലത്ത് ഭാസ്‌കരൻ വീടിനോട് ചേർന്ന് ഒരു വർക്ക്‌ഷോപ്പും സ്ഥാപിച്ചു. പപ്പുവിന്റെ വീട്ടിൽ പോയത് നെടുമുടി വേണുവിനോടൊപ്പമാണ്. രോഗിയായി ആശുപത്രിയിൽ കിടന്ന് പപ്പു ഡിസ്ചാർജ് ചെയ്‌തുവരുന്ന ദിവസമായിരുന്നു. വന്നപാടേ കഥപറച്ചിൽ തുടങ്ങി. കുതിരവട്ടം മാനസികരോഗാശുപത്രിയിൽ പണ്ട് വാർഷികാഘോഷത്തിനു നാടകം സംവിധാനം ചെയ്യാൻ പോയ കഥ. അന്തേവാസികളാണ് അഭിനേതാക്കൾ. ഫൈനൽ റിഹേഴ്‌സലിനിടയിൽ ഒരു നടൻ സ്വകാര്യമായി പപ്പുവിനോട് തന്റെ കഥാപാത്രത്തെക്കുറിച്ച് ചില സംശയങ്ങൾ ചോദിച്ചു. പപ്പു സന്തോഷത്തോടെ അത് വിശദീകരിച്ചുകൊണ്ടിരിക്കെ പതുക്കെ കേട്ടു, " കഴുവേറിയുടെ മോനെ... നിന്റെ...’ പപ്പു ഒന്നും സംഭവിച്ചിട്ടില്ലാത്തമട്ടിൽ, കേട്ടിട്ടില്ലാത്ത ഭാവത്തിൽ ഇറങ്ങിയോടി.
ജീവൻ തോമസ് രൂപകൽപന ചെയ്‌ത കോഴിക്കോട്ടെ എസ് കെ പൊറ്റക്കാട്ടിന്റെ ശിൽപം
ഫോട്ടോ: അബുൾ കലാം ആസാദ്
എന്റെ രണ്ട് കഥകൾ റെക്കോഡ് ചെയ്‌ത് ആകാശവാണിയിൽ പ്രക്ഷേപണം ചെയ്‌തത് എൻ എൻ കക്കാട് ആണ്. അർബുദം ബാധിച്ച് വ്രണിതമായ കണ്‌ഠവുമായി അദ്ദേഹം ‘സഫലമീയാത്ര' ചൊല്ലുന്നത് ഇപ്പോഴും എന്റെ ഇന്ദ്രിയങ്ങളിലുണ്ട്. കവിത ചൊല്ലിയും പറഞ്ഞും വടകരയിലെ എന്റെ വിദ്യാർഥികളുടെ മുന്നിൽ രോഗം മറന്ന് ഉല്ലസിച്ച് നിന്ന ആ കവിയുടെ സ്‌നേഹം പാതാളത്തിന്റെയല്ല, സ്വർഗത്തിന്റെ മുഴക്കമായിരുന്നു.
എംടിയെ കുറിച്ച് എത്ര പറഞ്ഞു; എത്ര പറയാനിരിക്കുന്നു! ഒരു പുസ്‌തകം തന്നെ മനസ്സിലുണ്ട്. വീറ്റ് ഹൗസ്, ലക്കി, പാരഗൺ, അളകാപുരി, മോഡേൺ ഹോട്ടൽ, ആര്യഭവൻ എന്നിങ്ങനെ കോഴിക്കോടൻ രുചിയുടെ വ്യത്യസ്‌ത കേന്ദ്രങ്ങൾ എം ടി ഓർമിക്കുമായിരുന്നു. ഇന്ന് നഗരം നിറയെ ഭക്ഷണകേന്ദ്രങ്ങളാണ്. ഒരു ഹോട്ടലിന്റെ പേര് തന്നെ ‘വടക്കൻ ഭക്ഷണഗാഥ' എന്നായിരുന്നു. അരിയുടെയും എള്ളിന്റെയും അസാധാരണമായ ഹലുവ വാങ്ങാൻ കരുനാഗപ്പള്ളിയിലെ പ്രശസ്‌തമായ കോഹിനൂർ ബേക്കറിയിൽ ചെന്നപ്പോൾ കടയുടമ അന്തംവിട്ട് എന്നോട് ചോദിച്ചു, ‘‘നിങ്ങടെ കോഴിക്കോടൻ ഹലുവയ്‌ക്ക് മുന്നിൽ ഇതൊക്കെയെന്ത്!’’
കോഴിക്കോട് പണ്ടേ എന്റെ വിദൂര സ്വപ്‌നമായിരുന്നു. കുട്ടിക്കാലത്ത് വടകരയിൽനിന്ന് നോക്കുമ്പോൾ വളരെ അകലെയാണ് കോഴിക്കോട്. എന്നാലും അന്ന് കോഴിക്കോട്ട് വന്ന വലിയ സർക്കസുകമ്പനിക്കാരുടെ കറങ്ങുന്ന വിളക്കുമര വെളിച്ചം അകലെ ഞങ്ങൾ താമസിക്കുന്ന നാട്ടുമ്പുറംവരെ വന്നു. ഒരു ‘നേർരേഖപോലെ ഋജുവായ' അകലം. അന്ന് നഗരത്തിന് ഇത്ര വിസ്‌തൃതിയില്ല. മാനാഞ്ചിറയും പാളയവും ശരീരവും മനസ്സുമായി ഒരു ദേശം.
എഴുത്തുകാരനായതിൽ പിന്നെയാണ് കോഴിക്കോട്ട് എനിക്ക് പരിചയങ്ങൾ വളരുന്നത്. രാമകൃഷ്ണാശ്രമത്തിൽ അന്ന് കുഞ്ഞുണ്ണി മാഷുണ്ട്. പരിചയമുള്ള മുതിർന്ന വായനക്കാരനായി എഴുത്തുകാരിലൊരാൾ. മാസ്റ്ററുടെ മുറിയിൽ വളപ്പൊട്ടുകളുടെ വലിയൊരു ശേഖരമുണ്ടായിരുന്നു. പളുങ്കുഭരണിയിലെ ആ വർണസങ്കലനത്തിൽ ഇടയ്‌ക്കെല്ലാം ഞാൻ കാലത്തെ വായിച്ചു.
ജനാവലിയിൽ ക്യൂ നിന്നാണ് ടൗൺഹാളിൽ പൊതുദർശനത്തിന് വച്ച ഉറൂബിന്റെയും പൊറ്റെക്കാട്ടിന്റെയും നിശ്ചല ശരീരങ്ങൾ കണ്ടത്. രണ്ടുപേരെയും എനിക്ക് നേരിൽ പരിചയമില്ല. പക്ഷേ അവർ മരിച്ച ദിവസങ്ങളിൽ എന്റെ മനസ്സിൽ വലിയ ശൂന്യത വിങ്ങി. അന്നത്തെ രാത്രികളിൽ ഞാൻ ‘പഞ്ചവടി' ബാറിലുണ്ടായിരുന്നു.
ഈ നഗരം സ്‌നേഹമുള്ളൊരു മദ്യശാലയാണെന്ന് എനിക്കെപ്പോഴും തോന്നിയിട്ടുണ്ട്. സ്‌നേഹവും സംഗീതവും മദ്യവും വിളമ്പി മോഹവലയത്തിലാക്കിക്കളയും. നിറഞ്ഞ മനസ്സുമായി അത് വിരുന്നുവിളിച്ച് സൽക്കരിക്കാത്തവരില്ല കേരളത്തിൽ. വിരുന്നിനെത്തുന്നവരെ ആയിരം കൈകൾ കൊണ്ട് ആശ്ലേഷിക്കും. അല്ല, സ്‌നേഹിച്ചുകൊല്ലും. അല്ലെങ്കിൽ പിന്നെന്തിനാണ് ഗന്ധർവലോകത്തേക്ക് മടങ്ങാൻ പത്മരാജൻ ഇവിടുത്തെ ഒരു ഹോട്ടൽമുറി തെരഞ്ഞെടുത്തത്. എന്തിനാണ് ജോൺ എബ്രഹാം ഇവിടെ വന്ന് മതിവരുവോളം മദ്യപിച്ച് പണിതീരാത്ത ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് വീണ് മരിച്ചത്...
ഇടയ്‌ക്ക് ഷൂട്ടിങ്ങിന് കോഴിക്കോട്ടെത്തുമ്പോൾ നരേന്ദ്രപ്രസാദ് എന്നെ വിളിക്കും. നരേന്ദ്രപ്രസാദിനൊപ്പമുള്ള കോഴിക്കോടൻ രാത്രികൾ മറക്കാനാവില്ല. പത്മരാജനെയും ജോണിനെയും പോലെ നരേന്ദ്രപ്രസാദും മരിക്കാൻ വന്നത് കോഴിക്കോട്ടാണ്. കലാകാരന്മാർ, സാഹിത്യകാരന്മാർ, ചിത്രകാരന്മാർ... ആരും വിട്ടുപിരിയുന്നത് ഇഷ്ടമായിരുന്നില്ല കോഴിക്കോടിന്.
ഇവിടെ ജനിച്ചുവീണവരായിരുന്നില്ല ഇവരാരും. എല്ലാവരും വിരുന്നുവന്ന് ഇവിടെ കൂടുകൂട്ടിയവർ. തലയോലപ്പറമ്പിൽനിന്ന് ബഷീർ, കൂടല്ലൂരിൽനിന്ന് എം ടി, പൊന്നാനിയിൽനിന്ന് ഉറൂബ്, പരപ്പനങ്ങാടിയിൽനിന്ന് എൻ പി, മുക്കത്തുനിന്ന് പൊറ്റെക്കാട്ട്, കൊടുങ്ങല്ലൂരിൽനിന്ന് കെ എ കൊടുങ്ങല്ലൂർ, പിന്നെ എൻ വി കൃഷ്ണവാരിയർ, എൻ എൻ കക്കാട്, തിക്കോടിയൻ, യു എ ഖാദർ... ഇവരുടെ കമ്പനിയിലേക്ക് പിന്നെയും വന്നവരുണ്ട്. അരവിന്ദൻ, എം വി ദേവൻ, പട്ടത്തുവിള, നമ്പൂതിരി, എ എസ്... എല്ലാവരെയും ഈ നഗരം അതിന്റെ സ്വന്തം സ്വത്താക്കി, എല്ലാവർക്കുമായി സ്വന്തം സ്വത്വം പകുത്തുനൽകി.
ഈ സാഹിത്യസദസ്സിൽ മുഖം കാണിക്കാൻ, ഇവരുടെ ഒത്തുചേരലുകളെ സമ്പന്നമാക്കാൻ വന്നവർ പിന്നെയും ഒരുപാട് പേരുണ്ടായി. മനം മയക്കുന്ന ഗസലുകളും ഹിന്ദുസ്ഥാനി സംഗീതവുമായി ബാബുരാജും കോഴിക്കോട് അബ്ദുൽ ഖാദറും. പിന്നെ നാടകവേദിയിൽനിന്ന് കെ ടി മുഹമ്മദ്, നെല്ലിക്കോട് ഭാസ്‌കരൻ, കുഞ്ഞാവ, പപ്പു, കുഞ്ഞാണ്ടി, ബാലൻ കെ നായർ, നിലമ്പൂർ ബാലൻ, സുരാസു, മാമുക്കോയ, ഇബ്രാഹിം വെങ്ങര... ഇവർക്കെല്ലാം രാമദാസ് വൈദ്യർ തന്റെ ടെമ്പിൾ അറ്റാച്ച്ഡ് ലോഡ്ജായ നീലഗിരിയിൽ വേദിയൊരുക്കി.
മറ്റേതു നാടിനുണ്ട് ഇത്തരമൊരു കൂട്ടായ്‌മയുടെ പാരമ്പര്യം അവകാശപ്പെടാൻ. അത്ര ദൃഢമായിരുന്നു മറയില്ലാത്ത ആ സൗഹൃദം. എൻ പി മുഹമ്മദ് എം ടിക്ക് കഥ വായിച്ചു കൊടുക്കുമായിരുന്നു. പട്ടത്തുവിള ‘ചെറിയ ലോകവും വലിയ മനുഷ്യരും' വരയ്‌ക്കാൻ അരവിന്ദനെ സഹായിക്കുമായിരുന്നു. അരവിന്ദന്റെ ആദ്യ ചിത്രം നിർമിച്ചത് പട്ടത്തുവിളയാണെന്ന് ഓർക്കണം. അതിന്റെ തിരക്കഥ തിക്കോടിയന്റേതും. അതിന് ജീവൻവച്ചതോ ഈ നഗരത്തിലും!
അഭിരുചികളുടെ പാരസ്‌പര്യമായിരുന്നു ആ കാലത്തിന്റെ സവിശേഷത. ബഷീറിന്റെ പ്രിയപ്പെട്ടവരായിരുന്നു സൈഗാളും പങ്കജ് മല്ലിക്കും നൂർജഹാനുമെല്ലാം. സിനിമക്കാരായ അരവിന്ദന്റേയും നാടകക്കാരായ വാസുപ്രദീപിന്റേയുമെല്ലാം സ്നേഹമായിരുന്നു ചിത്രകല. ഈ വ്യത്യസ്‌തധാരകളുടെയും അഭിരുചികളുടെയും പാരസ്‌പര്യമാണ് അറുപതുകളിലും എഴുപതുകളിലും സാഹിത്യത്തെയും ചലച്ചിത്രഗാനശാഖയെയും ചിത്രകലയെയുമെല്ലാം സമ്പുഷ്ടവും ഉത്കൃഷ്ടവുമാക്കിയത്. ഈ നല്ല കാലമെല്ലാം കടപ്പെട്ടിരിക്കുന്നത് സൽക്കാരപ്രിയയായ ഈ നഗരത്തിന്റെ ആതിഥേയത്വത്തോടാണ്.
പുനത്തിലിന്റെ സമ്പൂർണ കഥകളുടെ അനൗപചാരിക പ്രകാശനം വി ആർ സുധീഷ് നിർവഹിക്കുന്നു
കോഴിക്കോടിന്റെ ഈ മനസ്സിലേക്ക് ഞാൻ കയറിച്ചെല്ലുന്നത് കുഞ്ഞബ്ദുള്ളയോടൊത്താണ്. രാമദാസ് വൈദ്യരെ കുഞ്ഞബ്ദുള്ളയാണ് പരിചയപ്പെടുത്തിത്തന്നത്. വൈദ്യരുടെ ടെമ്പിൾ അറ്റാച്ച്ഡ് ലോഡ്ജായ നീലഗിരിയിൽ എത്രയോ തവണ ഓർമകളുടെ കോഴിക്കോടൻ രാത്രികൾ നിറഞ്ഞു. വി കെ എന്നും കാക്കനാടനും സക്കറിയയും ബാലചന്ദ്രനും അയ്യപ്പനും നീലഗിരിയിലെ ഓർമകളിലുണ്ട്. ഇടയ്‌ക്ക് അലമ്പുണ്ടാക്കുമ്പോൾ വൈദ്യർ ഓർമിപ്പിക്കും; ടെമ്പിൾ അറ്റാച്ച്‌ഡ് ആണ്, കുട്ടിച്ചാത്തനും ഭഗവതിയും ഇറങ്ങിപ്പോകും.
കോഴിക്കോടൻ രാത്രികളെക്കുറിച്ച് പറയുമ്പോൾ മൂന്ന് ഹോട്ടലുകളെക്കുറിച്ചും പറയാതിരിക്കാനാവില്ല. മഹാറാണിയും അളകാപുരിയും കൽപകയും. പഴയ കോർണേഷൻ ലോഡ്ജുമായും ഇമ്പീരിയിൽ ലോഡ്ജുമായും എനിക്ക് ബന്ധമില്ല. മഹാറാണി സിനിമാക്കാരുടെ താവളമാണ്; അളകാപുരി എഴുത്തുകാരുടെയും. ഉദരത്തിൽ വിശുദ്ധരായവർ കൽപകയിൽ ചേക്കേറും. സുകുമാർ അഴീക്കോട് കോഴിക്കോട്ട് വന്നാൽ കൽപകയിലേ ഉറങ്ങാറുള്ളൂ. കൽപകയിൽ വച്ചാണ് എം ഗോവിന്ദനെ ആദ്യമായും അവസാനമായും കാണുന്നത്. എം ഗംഗാധരൻ മാസ്റ്റർ എന്നെ പരിചയപ്പെടുത്തുമ്പോൾ, അവശനായി തളർന്നിരിക്കുന്ന എം ഗോവിന്ദൻ എഴുന്നേറ്റ് കൈ തന്നു. ഗോവിന്ദന്റെ വ്യക്തിപ്രഭയ്‌ക്ക് മുന്നിൽ ഞാൻ നീരാവിയായിപ്പോയി.
ഉറക്കമില്ലായ്‌മയായിരുന്നു കോഴിക്കോടൻ രാത്രിയുടെ മറ്റൊരു സവിശേഷത. പാതിരവരെ നീളുന്ന വലിയങ്ങാടിയിലെ കച്ചവടം. പിന്നെ കുറ്റിച്ചിറയിലെയും കുണ്ടുങ്ങലിലെയും കോയഗൃഹങ്ങളിൽ നേരം വെളുപ്പിക്കുന്ന സൽക്കാരങ്ങൾ, മദ്യം തുളുമ്പുന്ന ഈ രാത്രിസൽക്കാരങ്ങളെ കൊഴുപ്പിക്കാൻ മറ്റൊരു നിർബന്ധ സാന്നിധ്യമുണ്ടായിരുന്നു. ബാബുരാജിന്റെ ഗാംഭീര്യവും ആ ഹാർമോണിയത്തിന്റെ ശ്രുതിമാധുരിയും. ലക്കുകെട്ട് മദിക്കുന്ന ആസ്വാദകവൃന്ദത്തിനായി അയാൾ ഉറക്കെ പാടും:
‘‘കണ്ണീരും സ്വപ്‌നങ്ങളും
വിൽക്കുവാനായ് വന്നവൻ ഞാൻ
ഇന്നു നിന്റെ മന്ദിരത്തിൽ
സുന്ദരമാം ഗോപുരത്തിൽ...’’
ആസ്വാദകരുടെ കയ്യടികളിൽ അയാൾ എല്ലാം മറക്കും. ഉള്ളിലെ വേദനകളും വീട്ടിലെ ഇല്ലായ്‌മകളുമെല്ലാം. കൈനിറയെ കാശുമായി ഓരോ പാതിരാസഭയും കഴിഞ്ഞ് തിരിച്ചുപോകുന്ന തന്നെ കാത്തിരിക്കുന്ന ഭാര്യയെയും മക്കളെയും അയാൾ മറക്കും. പാടി തൊണ്ടകീറി രസിപ്പിച്ചതിന് കണക്കുപറഞ്ഞ് കാശുവാങ്ങാനും അയാൾ മറക്കും. പാടി കൊതിതീരാത്ത പാട്ടുകൾ നിരവധി സമ്മാനിച്ചിട്ടും അയാൾ ഒരു നിർമാതാവിനോടും കാശ് കണക്കുപറഞ്ഞു വാങ്ങിയിട്ടില്ല. ഇവിടെ, ഈ മണ്ണിൽ ജനിച്ച്, ജീവിച്ചവനാണ് ബാബുക്ക. ഈ മഹാനായ കലാകാരനെ ഇന്നെല്ലാവരും വാഴ്‌ത്തുന്നു. എന്നാൽ ഒരുപിടി നല്ല പാട്ടുകളല്ലാതെ സ്വന്തമായി ഒന്നുമുണ്ടാക്കാത്ത മനുഷ്യനാണ് അദ്ദേഹം.
കോഴിക്കോട് ടൗൺഹാളിൽ നടന്ന ഒരു സാംസ്‌കാരിക സമ്മേളന സദസ്സ്. ചെറുകാട്, തായാട്ട് ശങ്കരൻ തുടങ്ങിയവരെ കാണാം (ദേശാഭിമാനി ഫോട്ടോ ശേഖരത്തിൽനിന്ന്)
എത്ര കൊതിച്ചിട്ടും എനിക്ക് നേരിൽ കാണാനാകാതെ പോയൊരാളാണ് ബാബുക്ക. എന്റെ രാക്കിനാക്കളിൽ വിരിഞ്ഞൊരു പാതിരാപ്പൂവ്. ഞാൻ കിനാവു കണ്ടിട്ടുണ്ട്, നിലാവു മേയുന്ന ഒരു രാവിൽ നഗരത്തിലെ ഏതോ ഒരു മട്ടുപ്പാവിൽ ഞാൻ. അരികിൽ, ഹാർമോണിയത്തിൽ മാന്ത്രിക വിരലുകൾ അമർത്തിക്കൊണ്ട് ബാബുക്ക;
‘‘തേടുന്നതാരേയീ ശൂന്യതയിൽ
ഈറൻ മിഴികളേ
തേടുന്നതാരേ...’’
രാമദാസൻ വൈദ്യരുടെ നീലഗിരി ലോഡ്ജിന്റെ റിസപ്ഷൻ ടേബിളിന്റെ പിന്നിൽ ചുമരിൽ മൂന്നു അപൂർവ സ്മൃതികളുണ്ട്. ഒന്ന് അറുപിശുക്കൻ എന്ന് പേരെടുത്ത തകഴി വൈദ്യർക്ക് നൽകിയ പത്തുരൂപയുടെ നോട്ട്. മറ്റൊന്ന് മലയാറ്റൂർ രാമകൃഷ്ണൻ വരച്ച വൈദ്യരുടെ രേഖാചിത്രം. മൂന്നാമത്തെത് വയലാർ വൈദ്യരെ കുറിച്ച് എഴുതിയ കവിത. നീലഗിരി ലോഡ്ജിൽ വച്ചാണ് വയലാർ ആദ്യമായി ‘നീലഗിരിയുടെ സഖികളെ' എന്ന് മൂളിയതെന്ന് കാക്കനാടൻ പറഞ്ഞതോർക്കുന്നു. പിന്നീട് ‘പണിതീരാത്ത വീട്' എന്ന പാറപ്പുറത്തിന്റെ സിനിമയ്‌ക്ക് വേണ്ടി അവർക്ക് സുപ്രഭാതം നേർന്നു.
വി കെ എന്നിന് ഏറ്റവും ഇഷ്ടമുള്ള നഗരമാണ് കോഴിക്കോട്. അവസാനകാലത്ത് ബഷീറിനെയും തിക്കോടിയനെയും കാണാൻ വരുമായിരുന്നു. ബഷീർ മരിച്ചുകിടന്ന സമയത്ത് തനിച്ച് ഒരു വരവുണ്ടായിരുന്നു. മൃതദേഹം കണ്ടിറങ്ങി എന്റെ കൈപിടിച്ച് തേങ്ങിയ ജനറൽ ചാത്തൻസിന്റെ ചിത്രം മറക്കാനാവില്ല. ഞങ്ങളുടെ തലമുറയോട് കൂടി കഥയരങ്ങും ആവിർഭവിച്ചു. പല കഥാകാരന്മാരെയും ഒറ്റ ഇരിപ്പിൽ കേൾക്കാനാവില്ല. ടി വി കൊച്ചുബാവയാണ് നല്ല കഥപറച്ചിലുകാരൻ. പാവം. സാഹിത്യം അങ്ങേയറ്റത്തെ ഉന്മാദമായി കൊണ്ടുനടന്ന പ്രതിഭ. ഇത്ര വൈറ്റാലിറ്റി ഉള്ള മറ്റൊരാളെ ഞാൻ ഞങ്ങളുടെ തലമുറയിൽ കണ്ടിട്ടില്ല.
ഒരുപാട് നന്മകളും കൂട്ടായ്‌മകളും മാഞ്ഞുപോയ ഈ നഗരത്തിൽ ഇന്നും ശേഷിക്കുന്ന സമ്പത്താണ് ഹിന്ദുസ്ഥാനി സംഗീത പാരമ്പര്യം. ഗസലുകളുടെയും മെഹ്ഫിലുകളുടെയും പണ്ടത്തെ ഉറങ്ങാത്ത രാവുകൾ നഗരത്തിന് മറക്കാനാവില്ല. രണ്ടുതവണ കോഴിക്കോട്ട് വന്ന് മുഹമ്മദ് റഫി പാടി. ‘ഓ ദുനിയാ കെ രഖ്‌വാലേ'യുടെ നാദസാന്ദ്രത അന്തരീക്ഷത്തിൽ ഇന്നും ശമിച്ചിട്ടില്ല. തളിയിൽ നിന്നുള്ള കർണാട്ടിക് സംഗീതവും കത്തീഡ്രൽ പരിസരത്തു നിന്നുമുള്ള പാശ്ചാത്യസംഗീതവും കുറ്റിച്ചിറയിലെ കോയാഗൃഹങ്ങളുടെ മട്ടുപ്പാവിൽ നിന്നുള്ള ഹിന്ദുസ്ഥാനി സംഗീതവും സമന്വയിച്ച വിശിഷ്ടമായ ഒരു പാരമ്പര്യം ഇവിടെ നിലനിൽക്കുന്നു. അതിനെയാണ് ബാബുരാജും ശരത്ചന്ദ്ര മറാഠേയുമെല്ലാം ഗാഢമായി ആശ്ലേഷിച്ചത്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ കേരളത്തിലെ കുലഗുരു എന്ന് വിശേഷിപ്പിക്കാവുന്ന ശരത്ചന്ദ്ര മറാഠേ മഹാരാഷ്‌ട്രയിൽ നിന്നും കോഴിക്കോട്ടെത്തി ഇവിടെ വാസമുറപ്പിച്ചു. മഞ്ഞുകാലത്തിന്റെ രാഗമേതാണ് എന്ന് ചോദിച്ചാൽ മറാഠേ ഉത്തരം പറയും: ‘ആഹിർ ഭൈരവ്.' ഉത്തരേന്ത്യയിൽ നിന്നൊക്കെ ക്ഷണമുണ്ടായിട്ടും പ്രശസ്‌തിയും പദവിയും ക്ഷണിച്ചിട്ടും മറാഠേ കോഴിക്കോട് വിട്ടു പോയില്ല. ഇവിടെ ഇരുന്നുകൊണ്ട് അദ്ദേഹം ഹിന്ദുസ്ഥാനിയുടെ ശാസ്‌ത്രീയ ഭൂപടം നിവർത്തി. വലിയ ആദരവുകളൊന്നും ലഭിക്കാതെ ശിഷ്യരുടെ മനസ്സിൽ മാത്രം ജീവിച്ച് മരിച്ചു. കോഴിക്കോട് ആകാശവാണി ആദ്യമായി പ്രക്ഷേപണം ചെയ്‌ത ഹിന്ദുസ്ഥാനി സംഗീതം പണ്ഡിറ്റ് ശരത്ചന്ദ്ര മറാഠേയുടേതായിരുന്നു. അദ്ദേഹം പറഞ്ഞ മഞ്ഞുകാല വിഷാദ ശ്രുതിയുള്ള ‘ആഹിർ ഭൈരവി’യിലാണ് ബാബുരാജ് സൃഷ്ടിച്ചത്,
‘‘പൊട്ടിത്തകർന്ന കിനാവിന്റെ മയ്യത്ത്
കെട്ടിപ്പിടിച്ചു കരയുന്ന പെണ്ണേ...’’
മുതിർന്ന തലമുറയിൽ വലിയ അടുപ്പം തോന്നിയ രണ്ടു പേരാണ് തിക്കോടിയനും കെ ടി മുഹമ്മദും. തിക്കോടിയനോടൊപ്പം ചേർന്നാൽ ചിരിതമാശയുടെ വലിയ അമിട്ടുകൾ കത്തിപ്പടരും. ശിരസ്സിനു ചുറ്റും ഒരു പരിവേഷവുമില്ലാതെ അരങ്ങു കാണാത്ത നടനായി വാണ തിക്കോടിയനോട് ഏതു സഹൃദയനും സ്വതന്ത്രമായി ഇടപെടാം. അത് പ്രശംസയായി നൽകിയാൽ തിക്കോടിയൻ തിരിച്ചടിക്കും-: ‘‘നിങ്ങളുടെ നന്മ കൊണ്ടല്ല, എന്റെ ഗുണം കൊണ്ടാണ്.’’ അദ്ദേഹത്തെ സാഘോഷം ശതാഭിഷിക്തനാക്കാൻ ഞങ്ങൾ ശ്രമിച്ചപ്പോൾ തിക്കോടിയൻ ഊറിച്ചിരിച്ചു പറഞ്ഞു: ‘‘വേല മനസ്സിലിരിക്കട്ടെ. 100 കൊല്ലം ജീവിച്ചാലും ഞാൻ പൂർണചന്ദ്രന്മാരെ കാണില്ല. എന്നെ അതിന് കിട്ടില്ല.’’ കുടുംബ സുഹൃത്തായി എന്റെ വിവാഹത്തിനും നിശ്ചയത്തിനും എല്ലാം മുന്നിൽ തിക്കോടിയൻ ഉണ്ടായിരുന്നു. ‘അരങ്ങ് കാണാത്ത നടൻ' എന്ന ആത്മകഥയുടെ അവസാനത്തെ അധ്യായത്തിന്റെ ആഖ്യാനരൂപം എന്നെ അമ്പരപ്പിച്ചിട്ടുണ്ട്. കെ ടി മുഹമ്മദ് ഒരു റൊമാന്റിക് പ്രകൃതിയാണ്. എളുപ്പത്തിൽ പൊട്ടിക്കരയും, രോഷാകുലനാകും. അണിയറയിൽ അദ്ദേഹത്തിന്റെ നാടക സംവിധാനശൈലി അധികനേരം കണ്ടിരിക്കാൻ പറ്റില്ല. ക്ഷോഭവും അട്ടഹാസവും കേട്ട് നമ്മൾ ചുരുങ്ങും. പക്ഷേ മലയാളം കണ്ട ആ വലിയ നാടകാചാര്യന്റെ സൃഷ്ടി‐സ്ഥിതി‐സംഹാരങ്ങൾ ഉന്നതമായ പ്രഹരശേഷിയുള്ളതാണ്. ലോകനാടകത്തിന്റെ നാൽക്കവലയിൽ സ്ഥാപിക്കപ്പെട്ട ശാശ്വതമായ കൈനാട്ടികളാണ്. കെ ടി ആത്മകഥ എഴുതിയില്ല, ആരും എഴുതിച്ചില്ല. ഞാനൊരു ശ്രമം നടത്തുകയുണ്ടായി. അപ്പോഴേക്കും അദ്ദേഹം രോഗശയ്യയിലായി. എഴുതിയിരുന്നെങ്കിൽ മലയാളത്തിലെ സർഗാത്മക ജീവിതങ്ങളുടെ അപരിചിത സത്യങ്ങൾ വായിച്ച് നാം നടുങ്ങുമായിരുന്നു. എല്ലാ എഴുത്തുകാരുടെയും കോഴിക്കോടൻ ജീവിതത്തിൽ അമരക്കാരനായി കെ ടി ഉണ്ടായിരുന്നു. പുതിയങ്ങാടിയിലെ കലിംഗ തിയറ്റേഴ്സിന്റെ റിഹേഴ്സൽ ക്യാമ്പിലാണ് അവസാനകാലത്ത് കെ ടിയെയെ കൂടുതലും കണ്ടത്. അദ്ദേഹം ജീവിതകഥ പറഞ്ഞുകൊണ്ടേയിരിക്കും. യവനിക ഇല്ലാതെ ഇത് ഭൂമിയാണ് എന്ന് മനുഷ്യരെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കും.
എസ് കെ പൊറ്റെക്കാട്ടിനോട് എനിക്ക് ഒരിക്കലും സംസാരിക്കാൻ അവസരം കിട്ടിയില്ല. എസ്‌പിസിഎസിൽ വന്ന് ഇരിക്കാറുള്ളതുകാണാം. അളകാപുരിയിലേക്ക് ചായകുടിക്കാനും! കക്ഷത്തെ വീർത്ത ബാഗുമായി പൊറ്റെക്കാട്ട് നടന്നുപോകുന്നത് യാത്രികനെ പോലെയാണ്. മരിക്കാൻ കിടക്കുന്ന സമയത്താണ് ഒഎൻവിയോടൊപ്പം ഞാൻ കാണാൻ ചെന്നത്. പുതിയറ ആശുപത്രിയിൽ അബോധാവസ്ഥയിൽ കിടക്കുന്ന പൊറ്റെക്കാട്ടിനെ നോക്കിനിന്നപ്പോൾ എന്റെ ഉള്ളിൽ അതിമധുരത്തോടെ ചില ശീർഷകങ്ങൾ മധുരിച്ചു. പുള്ളിമാൻ, രാജമല്ലി, നിശാഗന്ധി, ഇന്ദ്രനീലം, ചന്ദ്രകാന്തം, ഏഴിലംപാല, കാട്ടുചമ്പകം, കനകാംബരം... പൊറ്റെക്കാട്ട് മരിച്ചപ്പോൾ മാവൂർ റോഡ് ശ്‌മശാനത്തിൽ സംസ്‌കാരത്തിനും ഞാൻ പോയി. മഴയുണ്ടായിരുന്നു. ആൾക്കൂട്ടത്തിൽ തുറിച്ചുനോക്കുന്ന കണ്ണുകളുമായി ഒരാളെ ശ്രദ്ധിച്ചു. നല്ല പരിചയമുണ്ട്. ഉണ്ട്, സിനിമയിലെ നിലമ്പൂർ ബാലൻ.
അക്കാലത്താണ് ആഹ്വാൻ സെബാസ്റ്റ്യനെ കാണുന്നത്. ചാണക്യൻ, ഉപാസന തുടങ്ങിയ നാടകങ്ങൾ മുമ്പ് കണ്ട പരിചയമുണ്ട്. പാട്ടുകാരനും സംഗീത സംവിധായകനും നാടകക്കാരനും അടിമുടി കലാപകാരിയുമായ ആഹ്വാൻ സെബാസ്റ്റ്യനെ പിന്നീട് ജീവപര്യന്തം എനിക്ക് കാണാൻ കഴിഞ്ഞു. ആ വലിയ സൗഹൃദം നല്ല ഓർമകൾ തന്നു. ‘ഉപാസന’ എന്ന നാടകത്തിൽ നായിക പ്രായംചെന്ന ഒരു മനുഷ്യനോട് ഇങ്ങനെ പറയുന്നു: ‘‘എനിക്ക് നിങ്ങളുടെ ആ പഴയ പാട്ട് ഒന്ന് കേൾക്കണം. എനിക്ക് വേണ്ടി പാടാമോ?’’
അദ്ദേഹം പാടിത്തുടങ്ങി:
‘‘എങ്ങനെ നീ മറക്കും കുയിലേ
എങ്ങനെ നീ മറക്കും...’’
സ്‌റ്റേജിൽ അഭിനയിച്ചുകൊണ്ട് പാടുന്ന ആ മനുഷ്യൻ മറ്റാരുമല്ല, കോഴിക്കോട് അബ്ദുൽ ഖാദർ! അപ്പോഴാണ് ആദ്യമായി ഞാൻ നേരിൽ കാണുന്നത്. പിന്നെ നജ്മൽ ബാബുവും സത്യജിത്തുമായൊക്കെ സൗഹൃദമായി. ഖാദറിക്കയുടെ പാട്ടിന്റെ സത്ത നജ്മൽ ബാബുവിന് ഉണ്ടായിരുന്നു. ‘കുട്ട്യേടത്തി’ മുതൽക്കുള്ള മലയാള നടനായിട്ടാണ് സത്യജിത്തിനെ മനസ്സിൽ കൊണ്ടുനടന്നത്. പിൽക്കാലത്ത് അയാൾ അളകാപുരിയിൽ വന്ന് എന്നോട് സംസാരിച്ചത് കഥകളെ കുറിച്ചായിരുന്നു. വായനയുടെ വിപുലത എന്നെ അത്ഭുതപ്പെടുത്തി. ആ മനുഷ്യസ്‌നേഹിയുടെ ആത്മസമർപ്പണവും. ഭാര്യയെ മാരകരോഗം വീഴ്‌ത്തുന്നത് കണ്ടുനിൽക്കാനാവാതെ സത്യജിത്ത് ആത്മഹത്യ ചെയ്‌തു. കോഴിക്കോട് അബ്ദുൽ ഖാദറിന് സിനിമ‐ നാടക നടി ശാന്താദേവിയിലുള്ള മകനാണ് സത്യജിത്ത്. ക്രിസ്‌ത്യൻ യുവതിയായ ഭാര്യയ്‌ക്ക് അന്ത്യശുശ്രൂഷ കിട്ടാതെ പോകുമോ എന്ന ആശങ്ക കാരണം സത്യജിത്ത് അവസാന നാളുകളിൽ ക്രിസ്‌തുമതത്തിൽ ചേർന്നു.
‘‘നീയെന്തറിയുന്നൂ നീലത്താരകമേ
വാസന്തവാനത്തിൽ നീ ചിരിക്കുമ്പോൾ?
കണ്ണിലുള്ള കണ്ണുനീരിൻ
ചൂടറിയുമോ?
മാനവന്റെ നെഞ്ചിലെഴും
നോവറിയാമോ?’’
കുട്ടികൃഷ്ണമാരാരെ ഞാൻ കണ്ടിട്ടില്ല. ‘ഭാരതപര്യടന'ത്തിന്റെ വെളിച്ചം ഉള്ളിൽ എന്നുമുണ്ടായിരുന്നു. മാരാരെ ഓർമിക്കുമ്പോൾ പൊറ്റെക്കാട്ട് എഴുതിയ ഒരു വാചകം തള്ളിവരും. അൽഷൈമർ രോഗത്തിന്റെ പിടിയിലായിരുന്നു അവസാനകാലത്ത് മാരാർ. ഉറക്കം നന്നെ കുറഞ്ഞു. മുറിയിൽ പൂട്ടിയിടാതിരിക്കാൻ കഴിയാതെ അബോധത്തിൽ രാത്രി ഊരുചുറ്റി. വീട് വിട്ടാൽ നേരെ പോകുന്നത് അടുത്ത റെയിൽപ്പാളത്തിലേക്ക്. മുറിയിൽ അടച്ചിട്ടാലും തുറക്കാൻ വെപ്രാളപ്പെടും. വാതിലിന്റെ മുകളിലത്തെ കുറ്റിയെടുത്ത് പുറത്തിറങ്ങാൻ ശ്രമിക്കും. അങ്ങനെ കാൽവഴുതി വീണ് തലപൊട്ടിയാണ് അദ്ദേഹം മരിക്കുന്നത്. പൊറ്റെക്കാട്ട് ഒരിക്കൽ കാണാൻ ചെന്നപ്പോൾ മാരാർ സ്വന്തം പുരീഷത്തിന്റെ കട്ട മുറുകെ പിടിച്ചിരിക്കുകയാണ്. അതിനെപ്പറ്റി പൊറ്റെക്കാട്ടിന്റെ ഉപമ ഇങ്ങനെ: ‘‘നിരൂപണങ്ങളിലെ തന്റെ വാദം മുറുകെ പിടിച്ചിരിക്കുന്ന പോലെ.’’ പൊറ്റക്കാട്ട് എന്തുകൊണ്ട് അങ്ങനെ തുറന്നെഴുതി എന്ന ചോദ്യത്തിന് ഉത്തരങ്ങൾ ഉണ്ട്. അതിലേക്ക് കടക്കുന്നില്ല. കോഴിക്കോട് ജീവിച്ച മറ്റൊരു ജ്ഞാനി ആയിരുന്നു ജി എൻ പിള്ള. എം എൻ വിജയൻ മാഷ് ഹൃദയം കൊണ്ട് വന്ദനം പറഞ്ഞ പണ്ഡിതൻ. ശാന്തി എന്ന് ഇടയ്‌ക്കിടെ അർധോക്തി നൽകി അവിരാമം വാഗർഥങ്ങൾ നിക്ഷേപിച്ച ജി എൻ പിള്ളയെ കേട്ടവർ അനുഗൃഹീതർ! ആ സ്നേഹവും വാത്സല്യവും ഞാൻ അനുഭവിച്ചിട്ടുണ്ട്. മിക്കവാറും കോഴിക്കോടിന്റെ മാത്രം ഭൂപടത്തിൽ അദ്ദേഹം അതിരുകളിട്ടു. ജി എൻ പിള്ള എഴുതി: ‘‘ആരും ഈ ശരീരത്തെ ചൊല്ലി കരയരുത്. ഒരു ശിശുവായി ജനിച്ചു. എങ്ങനെയോ വളർന്നു. ആരും ചോദിച്ചില്ല. ആരും നിയന്ത്രിച്ചില്ല. ചിലപ്പോൾ ചില കുസൃതികൾ, വരുംവരായ്കകൾ നോക്കാതെയുള്ള പ്രവൃത്തികൾ. പക്ഷേ വളരെ കുറച്ചു മാത്രം. ഏറെ ദുഃഖം ഏറ്റെടുത്തുകൊണ്ട് എവിടെയും മാറിനിന്നു. യൗവനം എന്താണെന്ന് ചിന്തിച്ചതേയില്ല. പെട്ടെന്ന് ദുഃഖമാണ് പിടികൂടിയത്. വാർധക്യം വ്യാധിഗ്രസ്‌തമായിരുന്നു. ഇതാണ് ഒരു ജീവിതകഥ. വിശ്വാസം കളയാതെ ഭജിച്ചു. സരളമായ നാമം. പോകുമ്പോൾ അത് കൂടെ കൊണ്ടുപോകും. മറ്റൊന്നുമില്ല.’’ ജിഎൻ പിള്ള അതിന് ശീർഷകം നൽകി‐ -‘ആത്മകഥ.'
നന്മ മാത്രമുള്ള വലിയ മനസ്സുള്ള എഴുത്തുകാരനെ ഞാൻ കണ്ടതും കോഴിക്കോട്ട്. കവി ആർ രാമചന്ദ്രൻ. എഴുതപ്പെടാത്ത കവിതകളിലൂടെയും എഴുതിയ കവിതകളിലൂടെയും അദ്ദേഹം ലോകത്തിനു മുന്നിൽ വിനീതനായി നിന്നു. മർത്ത്യതാദർപ്പമുണ്ടെങ്കിൽ മാപ്പുതരാൻ വിശ്വനായകനോട് അഭ്യർഥിച്ചു. വീടിന് അദ്ദേഹം പേരിട്ടത് സന്ധ്യ. കവിതയിലെ ഇഷ്ടനേരവും സന്ധ്യ.
‘‘പുണരാനിപ്പാരിനെ ക്കരളിലങ്ങച്ചൊന്നു
പുണരാനെനിക്കു കഴിഞ്ഞുവെങ്കിൽ!
പ്രണയത്തിൻ ഭാഷയിലൊന്നതിന്നാശ്വാസ-‐
മരുളാനെനിക്ക് കഴിഞ്ഞുവെ (സന്ധ്യയിൽ)
വാർധക്യത്തിൽ വീഴ്‌ചപറ്റി അദ്ദേഹം കിടപ്പിലായി. ഞാൻ കാണാൻ ചെന്നിരുന്നു. തളിയിലെ ‘സന്ധ്യാ’ഗൃഹത്തിൽ ഒരു സന്ധ്യയ്‌ക്ക്. ആ കണ്ണുകൾ നിറഞ്ഞു ചിരിച്ചു. സംസാരം ഒന്നോ രണ്ടോ വാക്കിലൊതുക്കി. പിന്നീട് അറിഞ്ഞു. ജലപാനമില്ലാതെ അദ്ദേഹം കിടന്ന കിടപ്പിൽ ധീരമായി ആത്മഹത്യയെ ക്ഷണിക്കുകയായിരുന്നെന്ന്. ആർക്കും തടുക്കാനോ ചെറുക്കാനോ ആവാതെ രാമചന്ദ്രൻ മാഷ് മരണം വരിച്ചു.
‘സുൽത്താൻ വീട്’ എഴുതിയ പി എ മുഹമ്മദ് കോഴിക്കോട്ടുകാരനാണ്. കേട്ടറിവ് മാത്രമേ എനിക്കുള്ളൂ. അദ്ദേഹത്തിന്റെ ഒരു സ്ഥാപനം ഇന്നും മിഠായിത്തെരുവിലുണ്ട്. ഉല്ലാസ് ടെക്സ്റ്റൈൽസ്. പൊറ്റെക്കാട്ട് പ്രതിമയിൽനിന്ന് 60 അടി മാറി ഇടതുവശത്ത് കോട്ടൺ സാരികൾക്ക് പേരുകേട്ട ഉല്ലാസിൽനിന്നും ഞാനും വാങ്ങിയിട്ടുണ്ട് ഏറെ.
തൃശൂരിൽനിന്നും പണ്ട് ഗീതാ ഹിരണ്യൻ എന്ന കഥാകാരി ഉല്ലാസ് തേടി വന്ന കഥയുണ്ട്. അങ്ങനെയാണ് പരിചയം. മിഠായിത്തെരുവിന്റെ അങ്ങേ അറ്റത്ത് വാസുപ്രദീപ് ഉണ്ടായിരുന്നു. നാടകക്കാരനും ചിത്രകാരനുമായ വാസുപ്രദീപിന്റെ കവർ ചിത്രങ്ങൾ ചെറുപ്പത്തിൽ ഞാൻ കുറെ കണ്ടിട്ടുണ്ട്. മാമുക്കോയയും ആഹ്വാൻ സെബാസ്റ്റ്യനും പറഞ്ഞാണ് വാസുപ്രദീപിനെ പരിചയം. പട്ടുതെരുവിൽ താമസിച്ച കുഞ്ഞാവ എന്ന നടനെ കണ്ടിട്ടില്ല. അദ്ദേഹത്തിന്റെ മകനെ അറിയാം. കുഞ്ഞാവ നല്ല നടനായിരുന്നു. വലിയ റോളൊന്നും കിട്ടിയില്ല. മിക്കവാറും എം ടി സിനിമകളിലുണ്ട്. പിൽക്കാലത്ത് കുറെ പേർ കൂടി കോഴിക്കോട് വന്ന് ലാവണമുറപ്പിച്ചു. രഞ്ജിത്ത്, ടി എ റസാക്ക്, ഗിരീഷ് പുത്തഞ്ചേരി, കെ പി രാമനുണ്ണി, പി കെ പാറക്കടവ്, യു കെ കുമാരൻ, സുഭാഷ് ചന്ദ്രൻ, മദനൻ, പോൾ കല്ലാനോട്, ഏറ്റവും ഒടുവിൽ പുനത്തിൽ കുഞ്ഞബ്ദുള്ളയും. ചാലപ്പുറത്തെ കാസനോവ എന്ന ഫ്ലാറ്റിൽ കുഞ്ഞിക്ക തനിച്ച് താമസമായി. വടകരയിലും ഞങ്ങൾ അയൽക്കാരായിരുന്നു. അവസാനം കണ്ടപ്പോൾ തിരിച്ചറിഞ്ഞില്ല. സമ്പൂർണ കൃതികൾ ആ കൈകളിൽ ഏൽപ്പിച്ച് പ്രകാശിപ്പിച്ചപ്പോൾ ദൂരെ എവിടേക്കോ ആ കണ്ണുകൾ അലയുന്നത് കണ്ടു.
ഗിരീഷ് പുത്തഞ്ചേരി എന്റെ വീടിനടുത്താണ് താമസിച്ചത്. പാട്ടുകൾ എഴുതിവന്നാൽ വിളിച്ച് കേൾപ്പിക്കുമായിരുന്നു. നിലാവിന്റെ നീലഭസ്മവും, പിന്നെയും പിന്നെയും, പാതിരാപ്പുള്ളുണർന്നു, കണ്ണുനട്ട് കാത്തിരുന്നിട്ടും... തുടങ്ങിയ പാട്ടുകളൊക്കെ ഗിരീഷിന്റെ ശബ്ദത്തിലാണ് ഞാൻ ആദ്യം കേട്ടത്. അവസാനകാലത്ത് ജീവിതം കൈവിട്ടമാതിരി അലഞ്ഞുതിരിഞ്ഞ ഗിരീഷ് വയലാറിന്റെ വീട്ടിലെത്തി. കടുത്ത വയലാർ ഭക്തനായിരുന്നു. വയലാറിന്റെ പേരിൽ ഞങ്ങൾ തല്ലുകൂടിയതിന് കണക്കില്ല. എന്റെ ഭാസ്‌കര പ്രണയം ഗിരീഷിന് രുചിക്കില്ല. എന്നാലും അയാളെ ഏറ്റവും സ്വാധീനിച്ചത് പി ഭാസ്‌കരൻ മാഷ് ആണെന്ന് കാണാം. വയലാറിന്റെ വീട്ടിലെത്തിയ ഗിരീഷ് ഓർമകളിലലിഞ്ഞ് മകൻ ശരത്തിനോട് പറഞ്ഞു:
‘‘വയലാറിന്റെ സ്മാരകമായി എന്തെങ്കിലും എനിക്ക് കൊണ്ടുപോകാൻ തരണം. മുണ്ടോ ഷർട്ടോ...’’
‘‘ഒന്നുമില്ലല്ലോ, എത്ര വർഷമായി...’’
‘‘പുഷ്പപാദുകമുണ്ടോ?’’
ശരത് ഒന്നും മനസ്സിലാവാതെ നോക്കിയപ്പോൾ വെറ്റില ചിരി ചിരിച്ച് ഗിരീഷ് പറഞ്ഞു.
‘‘ചെരുപ്പ്...’’
‘‘ഒരു റബ്ബർ ചെരിപ്പുണ്ട്. ഒറ്റ എണ്ണം. അത് തരാനാവില്ല.’’
‘‘അതിന്റെ കഷ്‌ണം മതി.’’ ഗിരീഷ് വിട്ടില്ല.
അടുക്കളക്കത്തി വാങ്ങി തേഞ്ഞു പഴകിയ ആ റബ്ബർ ചെരിപ്പ് ഗിരീഷ് തന്നെ മുറിച്ചു. അതിന്റെ കഷ്‌ണം കണ്ണോട് ചേർത്ത് ധ്യാനിച്ച് ഗിരീഷ് പാടി.
‘‘നിന്റെ മാലിനീതീരത്ത് ഞാൻ തീർക്കും
എന്റെ സാഹിതീ ക്ഷേത്രം...’’
ഇവിടെ വന്നവരാരും തിരിച്ചുപോകില്ല. വീട് പണിത് ഗിരീഷ് പുത്തഞ്ചേരി ‘തുളസീദലം' എന്ന് പേരിട്ടു. സുഭാഷ് ചന്ദ്രൻ ‘ഭൂമി' എന്ന് പേരിട്ടു. കെ ഇ എൻ ‘കൂട്' എന്ന് പേരിട്ടു. ഞാൻ ‘പ്രപഞ്ചം' എന്നും .










0 comments