തെലങ്കാനയിൽ സ്കൂൾ പടിക്കെട്ടിൽ നിന്ന് വീണ് ഒൻപതുകാരിക്ക് ദാരുണാന്ത്യം

വർണിക
ഹൈദരാബാദ്: തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ സ്വകാര്യ സ്കൂളിലെ പടിക്കെട്ടിൽ നിന്ന് വീണ് ഒൻപത് വയസ്സുകാരി മരിച്ചു. നാലാം ക്ലാസ് വിദ്യാർഥിനിയായ വർണികയാണ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച മരിച്ചത്.
വ്യാഴാഴ്ചയാണ് അപകടമുണ്ടായത്. പടികളിലൂടെ ഇറങ്ങുന്നതിനിടെ ബാലൻസ് നഷ്ടപ്പെട്ട് വീണ കുട്ടിക്ക് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. അബോധാവസ്ഥയിലായ കുട്ടിയെ സ്കൂൾ ജീവനക്കാർ ഉടൻ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിച്ചു.
അപകടത്തിന്റെ ദൃശ്യങ്ങൾ സ്കൂളിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്. കുട്ടി പടികളിൽ നിന്ന് വീഴുന്നതും സമീപത്തുണ്ടായിരുന്ന വിദ്യാർഥികൾ സഹായിക്കാൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. സംഭവത്തിന്റെ കാരണം കണ്ടെത്താൻ പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.
അപകടത്തിന് പിന്നാലെ സ്കൂൾ അധികൃതർ കൃത്യസമയത്ത് വിവരം അറിയിച്ചില്ലെന്ന് കുട്ടിയുടെ കുടുംബം ആരോപിച്ചു. എന്നാൽ ആരോപണം സ്കൂൾ അധികൃതർ നിഷേധിച്ചു. കുട്ടിക്ക് അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് ഉടൻ ആശുപത്രിയിലെത്തിച്ചതായാണ് സ്കൂളിന്റെ വിശദീകരണം.
കുട്ടിക്ക് നേരത്തെ ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നോയെന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. സംഭവത്തിൽ ഇതുവരെ പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.








0 comments