കവർസ്റ്റോറി
ആനോ: അതിരുകൾ മായ്‌ക്കുന്ന ആഖ്യാനങ്ങൾ

ഇറ്റലിയിലെ സിസിലിയിലുള്ളവില്ല റൊമാന ഡെൽ കസാലെ (Villa Romana del Casale)എന്ന പുരാതന റോമൻ കൊട്ടാരത്തിലെ മൊസേക്ക് ചിത്രങ്ങളിലൊന്ന് ഒരു ആനയെ കപ്പലിൽ കയറ്റുന്നതാണ്. എ ഡി നാലാം നൂറ്റാണ്ടാണ് ഈ ചിത്രത്തിന്റെ രചനാ കാലം. റോമിലെ കൊളോസിയം പോലുള്ള ആംഫി തിയറ്ററുകളിൽ നടത്തിയിരുന്ന വിനോദങ്ങൾക്കായി ആഫ്രിക്കയിൽനിന്നും ഇന്ത്യയിൽനിന്നും വന്യമൃഗങ്ങളെ റോമിലേക്ക് കടത്തിക്കൊണ്ടുപോയിരുന്നതിന്റെ നേർചിത്രമാണിത്. ചിത്രം സൂക്ഷ്മമായി പഠിച്ച ഗവേഷകർ ഉറപ്പിച്ചു പറയുന്നത് ഇതൊരു ഇന്ത്യൻ ആനയാണ് എന്നാണ്. എങ്കിൽ 1700 വർഷങ്ങൾക്കു മുമ്പ് ഈ ആന പുറപ്പെട്ടിട്ടുണ്ടാവുക കേരള തീരത്തുനിന്നാവാൻ എല്ലാ സാധ്യതകളുമുണ്ട്.
നൂറ്റാണ്ടുകൾക്കുശേഷം പതിനാറാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ കൊച്ചിയിൽനിന്ന് മാസങ്ങളോളം യാത്ര ചെയ്‌ത് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലും പിന്നീട് റോമിലുമെത്തിയ ഒരു കുട്ടിയാനയുടെ ചരിത്രം സമീപകാലത്ത് ഗവേഷകശ്രദ്ധയിൽ വരികയുണ്ടായി. സിൽവിയോ ബാദ്നിയുടെ ‘ദ പോപ്സ് എലിഫെന്റ്’ എന്ന പുസ്തകത്തിലൂടെയാണ് ഈ കുട്ടിയാനയുടെ വിസ്മൃതചരിത്രം പുറംലോകമറിയുന്നത്. ഈ ആനക്കഥയെ പിന്തുടർന്നാണ് ജി ആർ ഇന്ദുഗോപൻ ‘ആനോ’ എന്ന നോവൽ എഴുതുന്നത്. അഞ്ഞൂറു വർഷം മുമ്പുള്ള കേരളത്തിന്റെ സാമൂഹിക- രാഷ്‌ട്രീയ പശ്ചാത്തലത്തിലേക്കാണ് നോവൽ വായനക്കാരെ കൊണ്ടുപോകുന്നത്. നോവലുകളും ചരിത്രരചനയും തമ്മിലുള്ള വിഭജനരേഖകൾ മാഞ്ഞുപോകുന്ന ഈ കാലഘട്ടത്തിൽ, ‘ആനോ’ വെറുമൊരു ചരിത്രനോവലല്ല. മറിച്ച്, കേരളത്തിന്റെ അതിരുകൾക്കപ്പുറത്തേക്ക് വ്യാപിച്ചുകിടക്കുന്ന ആഗോളചരിത്രബന്ധങ്ങളെ അന്വേഷിക്കുന്ന ബൃഹത് കൃതിയാണ്. പതിനാറാം നൂറ്റാണ്ടിലെ കൊച്ചിയിൽനിന്ന് പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബണിലേക്കും അവിടെനിന്ന് റോമിലേക്കും പോകുന്ന ഒരു ആനയുടെയും അതിന്റെ പാപ്പാൻ വേഷം കെട്ടേണ്ടിവന്ന ചീരൻ എന്ന പത്തൊമ്പതുകാരന്റെയും കഥയിലൂടെ, അന്നത്തെ ലോകക്രമത്തെയും അധികാരസമവാക്യങ്ങളെയും ഇന്ദുഗോപൻ സൂക്ഷ്മമായി വരച്ചിടുന്നു. ചരിത്രവും സാഹിത്യവും കഥപറച്ചിലിന്റെ ഒരേ തന്തുവിൽ എപ്രകാരം കോർത്തിണക്കപ്പെടുന്നു എന്ന് ഈ നോവലിനെ മുൻനിർത്തി നമുക്ക് പരിശോധിക്കാവുന്നതാണ്.
റൊമാന ഡെൽ കസാലെയിലെ ആനയുടെ ചിത്രം
മലയാളസാഹിത്യത്തിൽ ഇന്ന് ഏറ്റവുമധികം സ്വീകാര്യതയുള്ള വിഭാഗമാണ് നോവലുകൾ. പതിവ് ആഖ്യാനരീതികളിൽനിന്നു മാറി, ചരിത്രത്തെയും നവോത്ഥാനത്തെയും പരിസ്ഥിതിയെയും പുത്തൻ കാഴ്‌ചപ്പാടിലൂടെ സമീപിക്കുന്ന രചനകൾ മലയാളത്തിൽ സജീവമാണ്. സൂക്ഷ്മചരിത്രങ്ങളിലേക്കും പ്രാദേശിക ജീവിതങ്ങളിലേക്കും നോവലിസ്റ്റുകൾ തങ്ങളുടെ ഭാവനയെ പടർത്തുന്നു. നോവൽ സാഹിത്യം പൊതുവെ ചരിത്രാന്വേഷണവുമായി ആഴത്തിൽ ബന്ധപ്പെട്ടു നിൽക്കുന്ന സൃഷ്ടിപരമായ മേഖലയാണ്. മലയാളനോവലുകളും അതിൽനിന്നു വ്യത്യസ്തമല്ല. ചരിത്രത്തെ വെറും സംഭവരേഖയായി കാണാതെ, സാമൂഹിക- സാംസ്കാരിക ഇടപെടലുകളുടെ സങ്കീർണ ശൃംഖലയായി വായിക്കേണ്ടതിന്റെ ആവശ്യകത ആധുനിക ചരിത്രപഠനങ്ങൾ ഊന്നിപ്പറയുന്നു. ഈ പശ്ചാത്തലത്തിലാണ് സഞ്ജയ് സുബ്രഹ്മണ്യം മുന്നോട്ടുവച്ച ‘ബന്ധിതചരിത്രം’ (Connected Histories) എന്ന സങ്കലപ്പനം ശ്രദ്ധേയമാകുന്നത്. ദേശപരിധികളെ മറികടക്കുന്ന മനുഷ്യസഞ്ചാരങ്ങൾ, വ്യാപാരബന്ധങ്ങൾ, ആശയവിനിമയങ്ങൾ എന്നിവയിലൂടെ ചരിത്രം രൂപപ്പെടുന്നു എന്ന ഈ കാഴ്‌ചപ്പാട്, സാഹിത്യവായനയ്‌ക്കും പുതിയ സാധ്യതകൾ തുറക്കുന്നു. ആനോ എന്ന നോവലിനെ ഈയൊരു സൈദ്ധാന്തികപരിപ്രേക്ഷ്യത്തിൽ മനസ്സിലാക്കാവുന്നതാണ്.
നോവൽ വെറുമൊരു സാങ്കൽപ്പിക കഥയല്ല, മറിച്ച് ചരിത്രരചനയുടെ മറ്റൊരു സമാന്തരപാതയാണെന്ന് മിഖായേൽ ബക്തിനെപ്പോലുള്ള ചിന്തകർ നിരീക്ഷിച്ചിട്ടുണ്ട്. മനുഷ്യന്റെ സ്വത്വത്തെയും സമൂഹത്തിന്റെ പരിണാമങ്ങളെയും അടയാളപ്പെടുത്താൻ നോവലുകൾക്ക് സവിശേഷമായ കഴിവുണ്ട്. സി വി രാമൻപിള്ളയുടെ കാലംമുതൽ മലയാളനോവലുകളിൽ ചരിത്രത്തിന് വലിയ സ്ഥാനമുണ്ട്. നവചരിത്രവാദികൾ സാഹിത്യത്തെ ഒരു ചരിത്രരേഖയായിത്തന്നെ കാണുന്നു; ചരിത്രകാരൻ വസ്‌തുതകളെ കഥാരൂപത്തിൽ അവതരിപ്പിക്കുമ്പോൾ, നോവലിസ്റ്റ് കഥയെ ചരിത്രവസ്‌തുതകളാൽ സമ്പന്നമാക്കുന്നു.
ചരിത്രരചനാപദ്ധതികളായ ‘സൂക്ഷ്മചരിത്രം’ (Micro History), ‘ദീർഘകാല ചരിത്രം’ (Longue Duree) എന്നിവ നോവലുകളിലും പ്രതിഫലിക്കാറുണ്ട്. ഒരു വ്യക്തിയുടെയോ ഗ്രാമത്തിന്റെയോ ജീവിതത്തിലൂടെ വലിയൊരു കാലഘട്ടത്തെ നോക്കുന്ന രീതിയാണ് സൂക്ഷ്മചരിത്രം. മറുവശത്ത്, ഭൂമിശാസ്‌ത്രപരവും സാംസ്‌കാരികവുമായ ദീർഘകാല മാറ്റങ്ങളെ ലോങ് ദുറേ എന്ന പദ്ധതിയിലൂടെ വിശകലനം ചെയ്യുന്നു. മലയാളത്തിൽ ബഷീറിന്റെയും ഉറൂബിന്റെയും കൃതികൾമുതൽ പുതുകാലത്തെ ‘ഫ്രാൻസിസ് ഇട്ടിക്കോര’യും ‘മഞ്ഞവെയിൽ മരണങ്ങളും’വരെ ഇത്തരം ചരിത്രപരമായ അന്വേഷണങ്ങൾ നടത്തുന്നവയാണ്.
വാസ്‌കോഡഗാമയെ ഇന്ത്യയിലേക്കയച്ച മാനുവൽ രാജാവിന്റെ ശവക്കല്ലറ. കൊച്ചിയിൽ നിന്നയച്ച ആനോയുടെ ഓർമയിൽ രണ്ട് കുട്ടിയാനകളുടെ പുറത്താണ് കല്ലറ. ജെറോണിമോസ് പള്ളിയിൽ നിന്നുള്ള കാഴ്‌ച
സൂക്ഷ്മചരിത്രരചന വലിയ ആഖ്യാനങ്ങൾക്കു പകരം വ്യക്തികളുടെയോ, കുടുംബങ്ങളുടെയോ, ഗ്രാമങ്ങളുടെയോ ചെറിയ ജീവിതപരിസരങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് വിപുലമായ ചരിത്രവസ്‌തുതകളെ വിശകലനം ചെയ്യുന്നു. പ്രാദേശികവും സാമുദായികവുമായ ചരിത്രത്തെ അനാവരണം ചെയ്യുന്ന നിരവധി നോവലുകൾ മലയാളത്തിലുണ്ട്. സാറാ ജോസഫിന്റെ ‘ആലാഹയുടെ പെൺമക്കൾ’ ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ്.സുഭാഷ് ചന്ദ്രന്റെ ‘മനുഷ്യന് ഒരാമുഖം’, വിനോയ് തോമസിന്റെ ‘പുറ്റ്’, ആർ രാജശ്രീയുടെ ‘കല്ല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്‌ത്രീകളുടെ കത’എന്നിവയും സൂക്ഷ്മചരിത്രത്തിന്റെ മികച്ച ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കാവുന്നതാണ്. എസ് ഹരീഷിന്റെ ‘മീശ’, ‘ഓഗസ്റ്റ് 17’എന്നീ കൃതികൾ ചരിത്രത്തിനപ്പുറമുള്ള പ്രതിചരിത്രസാധ്യതകളെക്കൂടി ഇത്തരം സൂക്ഷ്മതലങ്ങളിൽ അന്വേഷിക്കുന്നു.
ഫ്രഞ്ച് ചരിത്രഗവേഷണ പദ്ധതിയായ അന്നൽസ് സ്‌കൂളുമായി (Annales School), പ്രത്യേകിച്ച് ഫെർണാണ്ട് ബ്രോദേലുമായി ബന്ധപ്പെട്ട പ്രധാന ചരിത്രവീക്ഷണമാണ് ‘ലോങ് ദുറേ’ (Longue Duree). വ്യക്തികളിലോ ഹ്രസ്വകാല സംഭവങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കുന്ന പരമ്പരാഗത ചരിത്രരചനയിൽനിന്ന് വ്യത്യസ്‌തമായി, നൂറ്റാണ്ടുകളിലൂടെ സംഭവിക്കുന്ന സാവധാനത്തിലുള്ള മാറ്റങ്ങളെയാണ് ഇത് മുൻനിർത്തുന്നത്. ഭൂമിശാസ്‌ത്രം, കാലാവസ്ഥ, ജനസംഖ്യാ വ്യതിയാനം, സാമൂഹിക മനോഭാവങ്ങൾ തുടങ്ങിയ സുദീർഘമായ ഘടനകൾ മനുഷ്യചരിത്രത്തെ എങ്ങനെ രൂപപ്പെടുത്തുന്നു എന്ന് ഈ പദ്ധതി പരിശോധിക്കുന്നു. രാഷ്‌ട്രീയമോ സാമ്പത്തികമോ ആയ താൽക്കാലിക ചക്രങ്ങളേക്കാൾ ആഴത്തിലുള്ള ഇത്തരം ഘടനകളാണ് മനുഷ്യജീവിതത്തിന്റെ സാധ്യതകളെയും പരിമിതികളെയും നിർണയിക്കുന്നതെന്ന് ബ്രോദേൽ വാദിക്കുന്നു. മലയാളത്തിൽ മഹമൂദ് കൂരിയയെപ്പോലുള്ള ചരിത്രകാരന്മാർ ഈ രീതിശാസ്‌ത്രം പിന്തുടരുന്നുണ്ട്. തകഴിയുടെ വിശ്രുത മലയാളനോവലായ ‘കയറി’നെ നമുക്ക് ഇത്തരത്തിൽ വായിക്കാവുന്നതാണ്.
കേരളത്തിന്റെ രണ്ടര നൂറ്റാണ്ടുകാലത്തെ സാമൂഹികവും രാഷ്ട്രീയവുമായ പരിണാമങ്ങളെ ഒപ്പിയെടുത്ത ഒരു ‘ലോങ് ദുറേ’ ആഖ്യാനമാണ് ‘കയർ.’ തിരുവിതാംകൂറിലെ ഭൂമിസർവേയും ജന്മിത്ത വ്യവസ്ഥയുടെ ആധിപത്യവും വിവരിച്ചുകൊണ്ട് തുടങ്ങുന്ന നോവൽ, ആറ് തലമുറകളിലൂടെയും ആയിരത്തിലധികം കഥാപാത്രങ്ങളിലൂടെയും കുട്ടനാടിന്റെ ചരിത്രം അനാവരണം ചെയ്യുന്നു. കേരളീയചരിത്രത്തിലെ വഴിത്തിരിവുകളായ മരുമക്കത്തായത്തിന്റെ പതനം, നായർ തറവാടുകളുടെ തകർച്ച, അടിസ്ഥാനവർഗത്തിന്റെ ദുരിതപൂർണമായ അടിമത്തം എന്നിവയെല്ലാം ഇതിൽ സൂക്ഷ്മമായി പ്രതിപാദിക്കുന്നുണ്ട്. അധികാരവും സമ്പത്തും കേന്ദ്രീകരിച്ചിരുന്ന ഒരു ഫ്യൂഡൽ വ്യവസ്ഥയിൽനിന്ന് അവകാശ പോരാട്ടങ്ങളിലൂടെ മാറ്റം കൈവരിച്ച കേരളചരിത്രത്തിന്റെ സാഹിത്യരൂപത്തിലുള്ള മികച്ച ഡോക്യുമെന്ററി എന്ന് ‘കയറി’നെ വിശേഷിപ്പിക്കാം.

‘ബന്ധിതചരിത്രം’ എന്ന സങ്കൽപ്പനം, ദേശീയതയിലൂന്നിയുള്ള പരമ്പരാഗത ചരിത്രരചനാരീതികളിൽനിന്നുള്ള സുപ്രധാനമായ വിച്ഛേദമാണ്. ഒരു പ്രദേശത്തെയും ഒറ്റപ്പെട്ട ഒന്നായി കാണാതെ, ലോകത്തിന്റെ വിവിധ ഭാഗങ്ങൾ തമ്മിലുള്ള പരസ്‌പരബന്ധങ്ങളെയും ഇടപെടലുകളെയും മുൻനിർത്തിയാണ് ഈ രീതിശാസ്‌ത്രം ചരിത്രത്തെ സമീപിക്കുന്നത്. ഭൂമിശാസ്‌ത്രപരവും സാംസ്‌കാരികവുമായ അതിരുകൾ ഭേദിച്ചുകൊണ്ടുള്ള മനുഷ്യരുടെ സഞ്ചാരങ്ങൾ (വ്യാപാരികൾ, മിഷണറിമാർ, സൈനികർ), ചരക്കുകളുടെ വിനിമയം, ആശയങ്ങളുടെയും വിജ്ഞാനത്തിന്റെയും കൈമാറ്റം എന്നിവയിലൂടെയാണ് ചരിത്രം രൂപപ്പെടുന്നത് എന്ന് ഈ സിദ്ധാന്തം വാദിക്കുന്നു. ഉദാഹരണത്തിന്, കേരളം, അറേബ്യ, കിഴക്കൻ ആഫ്രിക്ക എന്നിവയെ ബന്ധിപ്പിക്കുന്ന ഇന്ത്യൻ മഹാസമുദ്രത്തിലെ വ്യാപാരശൃംഖലകളും, യൂറോപ്പിനെയും ഏഷ്യയെയും അമേരിക്കയെയും കണ്ണിചേർത്ത പോർച്ചുഗീസ് അധിനിവേശവുമൊക്കെ ഇത്തരത്തിൽ പ്രാദേശികാതിരുകൾ ഭേദിച്ചുള്ള പ്രക്രിയകളാണ്.
ബന്ധിതചരിത്രത്തിന്റെ ഏറ്റവും വലിയ സവിശേഷത അത് ഏകപക്ഷീയമായ വീക്ഷണകോണുകളെ ഒഴിവാക്കുന്നു എന്നതാണ്. പകരം, യൂറോപ്യൻ ആർക്കൈവുകൾക്കൊപ്പം പ്രാദേശികമായ സ്രോതസ്സുകൾക്കും സഞ്ചാരികളുടെയും വ്യാപാരികളുടെയും അനുഭവങ്ങൾക്കും ഇത് പ്രാധാന്യം നൽകുന്നു. ഇത് ചരിത്രത്തെക്കുറിച്ചുള്ള കൂടുതൽ വൈവിധ്യപൂർണവും ആഴത്തിലുള്ളതുമായ ധാരണ നൽകാൻ സഹായിക്കുന്നു. കേവലം ഒരു ദേശത്തെ കേന്ദ്രീകരിക്കുന്നതിനു പകരം, ലോകമെമ്പാടുമുള്ള അധികാരപ്രവാഹങ്ങളും സാമ്പത്തികശൃംഖലകളും എങ്ങനെ പരസ്‌പരം സ്വാധീനിച്ചു എന്നാണ് ഈ രീതിശാസ്‌ത്രം അന്വേഷിക്കുന്നത്.
ഇന്നു നമ്മളറിയുന്ന ആഗോളവൽക്കരണത്തിന് എത്രയോ മുമ്പുതന്നെ ലോകം എപ്രകാരം പരസ്‌പരബന്ധിതമായിരുന്നു എന്ന് മനസ്സിലാക്കാൻ ഈ സമീപനം നമ്മെ സഹായിക്കുന്നു. യൂറോപ്പ് മാത്രമല്ല ലോകചരിത്രത്തെ രൂപപ്പെടുത്തിയത് എന്നും, ദക്ഷിണേന്ത്യയെപ്പോലുള്ള പ്രദേശങ്ങൾ ലോകചരിത്രത്തിലെ സജീവ പങ്കാളികളായിരുന്നു എന്നും ഇത് സമർഥിക്കുന്നു. അറിവ്, വിഭവങ്ങൾ, അധികാരം തുടങ്ങിയവയൊന്നും ഒരു ദിശയിലേക്കു മാത്രം ഒഴുകിയല്ല ചരിത്രത്തെ രൂപപ്പെടുത്തിയിരിക്കുന്നത്. ‘ആനോ’ നോവൽ ഈ രീതിശാസ്‌ത്രത്തിന്റെ മികച്ച സാഹിത്യ ആവിഷ്‌കാരമാണ്. അതിൽ ചീരൻ എന്ന മലയാളി പാപ്പാൻ ലിസ്ബണിലെത്തുന്നതും പോപ്പ് ലിയോ പത്താമനെപ്പോലുള്ള ആഗോളവ്യക്തിത്വങ്ങളുമായി ബന്ധപ്പെടുന്നതും ഒറ്റപ്പെട്ട സംഭവമല്ല, മറിച്ച് ആഗോളതലത്തിൽ നിലനിന്നിരുന്ന വിപുലമായ ബന്ധങ്ങളുടെ ഭാഗമാണെന്ന് നമുക്കു കാണാം. ചരിത്രത്തെ ഒറ്റപ്പെട്ട സംഭവങ്ങളുടെ പരമ്പരയാക്കാതെ ദേശകാലങ്ങളെ ബന്ധിപ്പിക്കുന്ന ഒന്നായി കാണാൻ ഇത്തരം ആലോചനകൾ നമ്മെ പ്രേരിപ്പിക്കുന്നു.
1962-ൽ വത്തിക്കാനിൽനിന്ന് അസാധാരണ വലിപ്പമുള്ള അസ്ഥിക്കഷ്‌ണങ്ങൾ കണ്ടെത്തിയതിനെത്തുടർന്ന് ഒരു അമേരിക്കൻ ചരിത്രകാരൻ നടത്തിയ ഗവേഷണങ്ങളാണ് ‘ആനോ’യുടെ ചരിത്രരഹസ്യങ്ങൾ ലോകത്തിനു മുന്നിലെത്തിച്ചത്. പത്തുവർഷത്തോളം നീണ്ട ദീർഘമായ ഗവേഷണങ്ങൾക്കൊടുവിൽ ഇന്ദുഗോപൻ രചിച്ച ഈ നോവൽ, 1511-ൽ കൊച്ചിയിൽനിന്ന് ആരംഭിച്ച് ലിസ്ബൺ വഴി റോമിലെ ലിയോ പത്താമൻ മാർപാപ്പയുടെ അടുത്തേക്കെത്തിയ, നാട്ടിൽ കേശവൻ എന്നു വിളിച്ചിരുന്ന ആനോ എന്ന കുട്ടിയാനയുടെ യാത്രയെ ഹൃദ്യമായി വരച്ചുകാട്ടുന്നു. മലയാളികളുടെ ദീർഘദൂരപ്രവാസങ്ങളുടെ ആരംഭം കുറിച്ച ഈ ചരിത്രസന്ധിയിൽ ലിയനാർഡോ ഡാവിഞ്ചി, മൈക്കലാഞ്ചലോ, മാർട്ടിൻ ലൂഥർ തുടങ്ങിയ പ്രശസ്‌ത വ്യക്തിത്വങ്ങളും കഥാപാത്രങ്ങളായി കടന്നുവരുന്നുണ്ട്.
പതിനാറാം നൂറ്റാണ്ടിലെ കേരളത്തിന്റെ രാഷ്‌ട്രീയസാഹചര്യങ്ങളെയും നാട്ടുരാജാക്കന്മാരുടെ നിലനിൽപ്പിനായുള്ള മത്സരങ്ങളെയും വിദേശികൾ എങ്ങനെ മുതലെടുത്തു എന്ന് ഈ കൃതി വ്യക്തമാക്കുന്നു. വാസ്‌കോ ഡ ഗാമ ഇന്ത്യയിലിറങ്ങുന്നതിനു മുമ്പ് നടന്ന പരീക്ഷണങ്ങളും, ബ്രസീൽ കണ്ടെത്തിയ കബ്രാളിന്റെ കേരളസന്ദർശനവും, അറബികളുമായുള്ള യുദ്ധവുമെല്ലാം നോവലിൽ സവിസ്‌തരം പ്രതിപാദിക്കുന്നുണ്ട്. അതോടൊപ്പം റോമിലെ പ്രഭുകുടുംബങ്ങൾ തമ്മിലുള്ള അധികാരവടംവലികളും രക്തപങ്കിലമായ ചരിത്രവും വായനക്കാരെ അതിശയിപ്പിക്കും. എഴുത്തച്ഛന്റെ ഭാഷാ ഏകോപന ശ്രമങ്ങളെക്കുറിച്ചും ജാതിവിവേചനത്തിനെതിരായ നീക്കങ്ങളെക്കുറിച്ചുമുള്ള സൂചനകൾ ഈ കാലഘട്ടത്തിന്റെ സാമൂഹികചിത്രം പൂർത്തിയാക്കുന്നു. പപ്പായ, കശുവണ്ടി തുടങ്ങിയവ കേരളത്തിലെത്തിയ ചരിത്രപരമായ കൗതുകങ്ങളും ഈ നോവൽ പങ്കുവയ്‌ക്കുന്നു. കേവലമൊരു കഥ എന്നതിലുപരി, മണ്മറഞ്ഞുപോയ അഞ്ഞൂറു വർഷത്തെ ആഗോളചരിത്രത്തെ കേരളവുമായി ബന്ധിപ്പിക്കുന്ന ഒരു വലിയ ക്യാൻവാസാണ് ഇന്ദുഗോപന്റെ ‘ആനോ.’
ലിസ്‌ബണിലെ ‘കണ്ടുപിടുത്തങ്ങളുടെ സ്‌മാരകം'. ഇതിൽകൊത്തിയ പോർച്ചുഗീസുകാരുടെ നാവികനായകന്മാരിൽ മിക്കവരും കൊച്ചി മലാബാർ ദേശങ്ങളിൽ യുദ്ധത്തിന് വന്നവരും ആരാധനാലയങ്ങൾ കൊള്ളയടിച്ചവരുമാണ്.
ഈ നോവൽ വായിച്ചു പോകുമ്പോൾ, എവിടെയാണ് ഒരു ദേശത്തിന്റെ അതിരുകൾ തേടേണ്ടത് എന്ന സംശയമുയരും. ചില തൽക്കാലസ്ഥിതികളിൽ ഭൂമിശാസ്‌ത്രപരമായ അതിരുകൾ വ്യക്തമായിരിക്കും. രാഷ്ട്രീയമായ അതിരുകളെ കുറിച്ചും വലിയ ബുദ്ധിമുട്ടില്ലാതെ മനസ്സിലാക്കാനാകും. എന്നാൽ ദേശസംസ്കാരങ്ങളുടെ അതിരുകൾ ഭൂമിശാസ്ത്രപരമോ രാഷ്ട്രീയമോ ആയ അതിരുകൾക്കകത്ത് നിൽക്കുന്നതല്ല. മനുഷ്യവർഗങ്ങൾ, അവരുടെ ഭാഷ, വിശ്വാസം തുടങ്ങിയ കാര്യങ്ങൾ നിശ്ചിതമായ അതിർത്തികളും കഴിഞ്ഞ് വലിയൊരു ക്യാൻവാസിൽ പരന്നുകിടക്കും. അതിൽ പലതും വ്യക്തമായിരിക്കില്ല. അന്വേഷിച്ചു ചെന്ന് വ്യക്തത കൈവരുമ്പോഴേക്ക് പുതിയ പുതിയ നിഗൂഢതകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങുകയും ചെയ്യും.
‘ആനോ’ നോവൽ ഒരുവശത്ത് മനുഷ്യരുടെ സഞ്ചാരങ്ങളാണ്. 1498-ൽ വാസ്കോ ഡ ഗാമ കോഴിക്കോട്ടു വന്നു എന്ന് ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തുമ്പോൾ അദ്ദേഹത്തോടൊപ്പം സഞ്ചരിച്ച മറ്റു മനുഷ്യരെ നാം കാണാറില്ല. കച്ചവടക്കാർ, പട്ടാളക്കാർ, നിരവധിയായ പരിചാരകർ, അടിമകൾ, പുരോഹിതർ, വഴികാട്ടികൾ, ദ്വിഭാഷികൾ ഒക്കെയായി പല വൻകരകളിൽനിന്നുള്ളവർ ചേർന്നാണ് ഒരു പര്യവേഷകസംഘം രൂപപ്പെടുന്നത്. വിജയിച്ച യാത്രകൾക്കും പര്യവേഷണങ്ങൾക്കും പിന്നാലെ അങ്ങോട്ടുമിങ്ങോട്ടും മനുഷ്യർ ഒഴുകും. യാത്രയിൽ നേരിട്ടു പങ്കെടുക്കുന്നില്ലെങ്കിലും മൂന്നു വൻകരകളിലെ നിരവധി മനുഷ്യരുടെ അനുഭവങ്ങൾ കൂടിയാണ് ഇത്തരം യാത്രകളെ സാധ്യമാക്കുന്നത്.
മലബാറിലെത്തി ഇവിടെയുള്ള മനുഷ്യരുമായി വൈകാരികബന്ധം സ്ഥാപിക്കുന്ന ആളുകളുണ്ട്. കോഴിക്കോട്ടുവച്ച് കൊല്ലപ്പെട്ട ഐറിസ് കൊറിയോ എന്ന പോർച്ചുഗീസുകാരന്റെ രണ്ടു മക്കൾ മലബാറിലാണ് വളർന്നത്. യൂറോപ്പിലേക്ക് മടങ്ങിയെത്തിയിട്ടും തിരിച്ചു മലബാറിലേക്കു വന്ന് ജീവിതസഖിയെ തേടുന്ന ഒരു ചെറുപ്പക്കാരനെ നോവലിൽ കാണാനാകും. പല ദേശങ്ങളിലെ മനുഷ്യർ തമ്മിൽ ബന്ധപ്പെടുന്നതിന്റെ നിരവധി ഉദാഹരണങ്ങൾ നോവലിലുണ്ട്. അതു കച്ചവടബന്ധമാകാം, സൈനികബന്ധങ്ങളാകാം, സ്‌നേഹബന്ധങ്ങളോ പ്രണയമോ ആകാം. കേരളത്തിലെ ഗവർണറായിരുന്ന അൽബുക്കർക്കിന് നിയമപരമായ ബന്ധത്തിൽ കുട്ടികളില്ലായിരുന്നു. അദ്ദേഹം നശിപ്പിച്ച ഉത്തരാഫ്രിക്കയിൽനിന്നുള്ള ഒരു അടിമസ്‌ത്രീയിൽ ജനിച്ച മകനെയാണ് അവസാനം അനന്തരാവകാശിയായി സ്വീകരിക്കുന്നത്. മനുഷ്യരുടെ സഞ്ചാരങ്ങളും അതിനിടയിലെ സങ്കീർണമായ കെട്ടുപിണച്ചിലുകളും എങ്ങനെയാണ് സംസ്‌കാരത്തിന്റെ അതിരുകളെ വിശാലമാക്കുന്നത് എന്നാണ് ഇതു കാണിച്ചുതരുന്നത്. നിരണം കവികളുടെ കുടുംബത്തിൽനിന്നുള്ള ഒരു യുവതി യൂറോപ്യൻ യാത്രികനൊപ്പം പോയതായി നോവലിലൊരിടത്ത് പരാമർശമുണ്ട്. ഇതിനു സാധൂകരണമായി നോവലിന്റെ വിശദമായ പിൻകുറിപ്പിൽ യാത്രികനും എഴുത്തുകാരനുമായ നിക്കോളോ ഡി കോൺഡിയുടെ ഭാര്യ ഇന്ത്യാക്കാരിയായിരുന്നുവെന്നും അവർ കോഴിക്കോട്ടു തങ്ങിയിരുന്നുവെന്നുമുള്ള ചരിത്രം സൂചിപ്പിക്കുന്നു. ഭാവനയുടെ നൂലിലാണ് പലപ്പോഴും ചരിത്രസംഭവങ്ങൾ നോവലിൽ കോർത്തുവച്ചിരിക്കുന്നത്.
ഹോമിഭാഭ തന്റെ സൈൻസ് ടേക്കൻ ഫോർ വണ്ടേഴ്സ് (Signs Taken for Wonders) എന്ന പ്രബന്ധത്തിൽ നിരീക്ഷിക്കുന്ന സങ്കരത്വത്തിന്റെ (Hybridity) അട്ടിമറിസ്വഭാവത്തെ മുൻനിർത്തി നോവലിലെ സാംസ്‌കാരിക സമ്പർക്കങ്ങളെ വിശകലനം ചെയ്യാവുന്നതാണ്.കൊളോണിയൽ അധിനിവേശമെന്നത് ഒരു ‘ശുദ്ധ’ സംസ്‌കാരത്തിനുമേൽ മറ്റൊന്ന് അടിച്ചേൽപ്പിക്കുന്ന ഏകപക്ഷീയമായ പ്രക്രിയയല്ലെന്നാണല്ലോ ഭാഭ വാദിക്കുന്നത്. ഇരുപക്ഷത്തിന്റെയും സുസ്ഥിരമായ സ്വത്വബോധങ്ങളെ ഒരേസമയം ഉലച്ചുകളയുന്ന പരസ്‌പരഭേദനമാണ് അതെന്ന് അദ്ദേഹം വ്യക്തമാക്കുന്നുണ്ട് (The Location of Culture, Routledge, 1994). ‘ആനോ’യിലെ കഥാപരിസരങ്ങൾ ഈ സങ്കൽപ്പനത്തിന്റെ മൂർത്താവിഷ്‌കാരങ്ങളാണ്.
ശുദ്ധരക്തമുള്ള പോർച്ചുഗീസ് അനന്തരാവകാശികളില്ലാതെ പോയതിനാൽ, ഉത്തരാഫ്രിക്കൻ അടിമസ്‌ത്രീയിലുണ്ടായ മകനെ കേരളഗവർണ്ണറായ അൽബുക്കർക്കിന് അംഗീകരിക്കേണ്ടിവരുന്ന രംഗം ഇതിനൊരുദാഹരണമാണ്. കൊളോണിയൽ ഭരണകൂടം അവകാശപ്പെടുന്ന ആധികാരികതയുടെയും ഏകജാതീയതയുടെയും അടിത്തറ ഒരൊറ്റ സന്ദർഭത്തിലൂടെ ഇവിടെ തകർന്നടിയുന്നു. ലിസ്ബൺ നഗരത്തിലെ രഹസ്യമുറിയിൽ ജൂത, ക്രൈസ്‌തവ, ഇസ്ലാം, ഹൈന്ദവ വിശ്വാസങ്ങളെല്ലാം ഒത്തുചേരുന്ന കേരളീയ പ്രവാസി സമൂഹം, ഭാഭ മുന്നോട്ടുവയ്‌ക്കുന്ന ‘മൂന്നാമിടം’ എന്ന സങ്കൽപ്പനത്തെയാണ് ഓർമിപ്പിക്കുന്നത്. അത് പോർച്ചുഗലോ കേരളമോ അല്ല; മറിച്ച്, ഇരുസംസ്‌കാരങ്ങളുടെയും ഘടകങ്ങൾ സവിശേഷമായ രാഷ്‌ട്രീയ- സാമൂഹിക സമ്മർദങ്ങളോടെ പുനഃക്രമീകരിക്കപ്പെടുന്ന തികച്ചും വ്യത്യസ്‌തമായ ഒരിടമാണ്.
സെന്റ് പീറ്റേഴ്‌സ് ബസലിക്കയിലെ ആനോയുടെ ചിത്രീകരണം
ചീരൻ മാർപാപ്പയുമായി ബന്ധപ്പെടുന്ന സന്ദർഭങ്ങളിൽ ഈ ആശയം കൂടുതൽ വ്യക്തമാകുന്നുണ്ട്. കൊളോണിയൽ ലോകത്തേക്ക് ആനയിക്കപ്പെടുന്ന മലയാളി പാപ്പാൻ, ഭാഭയുടെ ‘ഏതാണ്ട് ഒന്നുതന്നെ, എന്നാൽ തീർത്തുമല്ല’എന്ന സങ്കൽപ്പനത്തിന്റെ മൂർത്തരൂപമായി മാറുകയാണ്. കൊളോണിയൽ സമ്പർക്കത്തിലൂടെ രൂപപ്പെടുന്ന ഈ സങ്കരത്വത്തെ ‘ആനോ’ ദൗർബല്യമായല്ല, സാമ്രാജ്യത്വത്തിന്റെ ഏകശിലാത്മകമായ സ്വത്വത്തെ ഉള്ളിൽനിന്ന് പിളർത്തുന്ന പ്രതിരോധശക്തിയായാണ് (subversive force)അടയാളപ്പെടുത്തുന്നത്.
‘ആനോ’ നോവൽ സൂക്ഷ്മമായി പിന്തുടരാൻ ശ്രമിക്കുന്ന മറ്റൊരു കാര്യം പതിനാറാം നൂറ്റാണ്ടിൽ ഏഷ്യയിലും ആഫ്രിക്കയിലും യൂറോപ്പിലുമൊക്കെ സംഭവിച്ച രാഷ്‌ട്രീയ ഗതിവിഗതികളാണ്. തുർക്കികളും ഈജിപ്തിലെ മംലൂക്കുകളും ഇറ്റലിയിലെയും പോർച്ചുഗലിലെയും പ്രഭുകുടുംബങ്ങളും ഇവരുടെയെല്ലാം സങ്കീർണമായ രാഷ്‌ട്രീയവും നോവലിൽ ചർച്ചയാകുന്നുണ്ട്. മലാക്കാ കടലിടുക്കിന്റെയും ഹോർമൂസ് കടലിടുക്കിന്റെയും ചെങ്കടലിന്റെയും നിയന്ത്രണത്തിനു വേണ്ടിയുള്ള മത്സരങ്ങളും വിജയപരാജയങ്ങളും ഉണ്ട്. മലബാർ തീരത്തുനിന്ന് അനേകം മൈലുകൾക്കപ്പുറം കൂലിപ്പടയാളികളായി പരസ്‌പരം എതിരിടുന്ന കേരളീയരെ നോവൽ ചിത്രീകരിക്കുന്നുണ്ട്. അറബിക്കടലിലും പേർഷ്യൻ ഗൾഫിലുമൊക്കെ ഇവർ യുദ്ധം ചെയ്യുന്നുണ്ട്. സൈനികരുടെയും സൈന്യത്തിന് സാങ്കേതികസഹായം ചെയ്‌തുകൊണ്ടിരുന്ന വലിയൊരു കൂട്ടത്തിന്റെയും സഞ്ചാരവും പല സംസ്‌കാരങ്ങളിലായി അലിഞ്ഞു ചേർന്നവരെയും നോവൽ നമുക്കു കാണിച്ചു തരുന്നു. പതിനാറാം നൂറ്റാണ്ടിൽ കേരളീയർ ഇടപെട്ടിരുന്ന മേഖലാവിസ്‌തൃതിയാണ് നോവലിൽ അനാവരണം ചെയ്യപ്പെടുന്നത്. യൂറോപ്പ് കേരളത്തിലേക്ക് ആധുനികത കൊണ്ടുവന്നു എന്ന ധാരണയാണ് പൊതുവെ ഉള്ളത്. എന്നാൽ പശ്ചിമേഷ്യയുടെയും യൂറോപ്പിന്റെയും ഗതിവിഗതികളെ സ്വാധീനിക്കാൻ കേരളീയരായ നിരവധി മനുഷ്യർ ഇടപെട്ടതിന്റെ ചിത്രമാണ് നോവൽ കാണിച്ചുതരുന്നത്. പോർച്ചുഗലും തുർക്കിയും സാമൂതിരിയും മലബാറിലെ മാപ്പിളമാരുമൊക്കെ ഇടപെട്ട ദിയുവിലെ നാവികയുദ്ധം, ഹോർമൂസ് പിടിച്ചെടുക്കാനുള്ള യുദ്ധം എന്നിവയിൽ കേരളീയരുടെ സാന്നിധ്യം കാണാം. കടലിനക്കരെനിന്നുള്ള വൃത്താന്തമോ കേട്ടുകേൾവിയോ ആയല്ല നോവൽ ഈ വരവുപോക്കുകളെയും ഇടപെടലുകളെയും വിശദീകരിക്കുന്നത്, അവരോടൊപ്പം സഞ്ചരിച്ചുകൊണ്ടാണ്.
കേരളത്തിലെ പോർച്ചുഗീസ് സ്വാധീനകാലത്തെ അധിനിവേശമായാണ് നോവൽ കാണുന്നത്. പോർച്ചുഗീസുകാർ നടത്തിയ സൈനികവും സാംസ്‌കാരികവുമായ ആക്രമണങ്ങളെയും ചൂഷണങ്ങളെയും നോവൽ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. നോവലിലെ മനോഹരമായ രംഗങ്ങളിലൊന്ന് പോർച്ചുഗീസുകാർക്കെതിരെ മലബാറിൽ നടക്കുന്ന തന്ത്രപ്രധാനമായ ഒരു യോഗമാണ്. ഈ യോഗത്തിൽ ഇസ്‍ലാമിക മതപണ്ഡിതനായ സൈനുദ്ദീൻ മക്ദൂമും എഴുത്തച്ഛനും സാമൂതിരിയുടെ പടത്തലവന്മാരും കോഴിക്കോട്ടെ നാവികത്തലവനായ കുട്ടിയാലിയുമെല്ലാം പങ്കെടുക്കുന്നുണ്ട്. ശൈഖ് സൈനുദ്ദീൻ എഴുത്തച്ഛനെ പരിചയപ്പെടുത്തുന്നത് ഇങ്ങനെയാണ്: “തൃക്കണ്ടിയൂരിലെ പ്രജയാണ്. പണ്ഡിതൻ, ഈ ചെറുപ്രായത്തിൽത്തന്നെ. തുഞ്ചത്ത് രാമൻ എഴുത്താശാൻ.”
നോവലിലെ കേന്ദ്രകഥാപാത്രമായ ചീരൻ എഴുത്തച്ഛന്റെ പ്രിയശിഷ്യനാണ്. ചീരനെ ചാവേറാക്കി പോർച്ചുഗൽ രാജാവിനെ വധിക്കാനാണ് പരിപാടി. എഴുത്തച്ഛന് ഇതിൽ അഭിപ്രായവ്യത്യാസമുണ്ട്. കേരളജനതയുടെ ഐക്യത്തെ കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്: “നമുക്കിടയിൽ ഒരുപ്പമല്ലേ ആദ്യം വേണ്ടത്? അയിത്തവും തൊട്ടുകൂടായ്‌മയും അടിമവേലയും ദാസ്യപ്പണിയും പരസ്‌പരം ശത്രുക്കളെ പോലെ കരുതുന്ന ജാതിവ്യവസ്ഥയും നിലനിൽക്കുമ്പോൾ എങ്ങനെയാണ് ഒരേ സ്വരം ഉണ്ടാകുന്നത്? ഒന്നിച്ചുള്ള പോരാട്ടം സാധ്യമാകുന്നത്? അതിന് വിദ്യയല്ലേ വേണ്ടത്? കൊച്ചിയും കോഴിക്കോടും കണ്ണൂരുമെല്ലാം പരസ്‌പരം പോരടിക്കുന്നതെന്തുകൊണ്ട്? രണത്തിൽ മരിക്കുന്നവരെല്ലാം ഒരേ ഭാഷ സംസാരിക്കുന്നവരല്ലേ? അവരുടെ ബന്ധുജനങ്ങൾ കരയുന്നത്, നമ്മുടെ മണ്ണിന്റെ ഭാഷയിലല്ലേ? ആ ഭാഷ തന്നെ ഉരുത്തിരിഞ്ഞിട്ടില്ല. ഭാഷ ഏകീകരിക്കണം.”
സാമൂതിരിയുടെ പ്രതിനിധിയും കുഞ്ഞാലി മരക്കാരായ കുട്ടി ആലിയും സുറിയാനി ക്രിസ്‌ത്യാനികളുടെ പ്രതിനിധിയായി പങ്കെടുക്കുന്ന കഥാപാത്രവും ചേർന്നു നടക്കുന്ന ചർച്ച അക്കാലത്തെ ലോകരാഷ്‌ട്രീയസ്ഥിതി ചിത്രത്തിലേക്കു കൊണ്ടുവരുന്നുണ്ട്. കച്ചവടം, രാഷ്‌ട്രീയം എന്നിവയോടൊപ്പം മതങ്ങളുടെ സഞ്ചാരങ്ങളും നോവലിൽ കാണാനാകും. കേരളബന്ധമുള്ള യഹൂദരും മതംമാറി പാതിരിമാരായെങ്കിലും ഉള്ളിൽ ദേശീയബോധവും സംസ്‌കാരവും സൂക്ഷിക്കുന്നവരും പോർച്ചുഗീസ് അതിക്രമങ്ങൾക്കിരയായ തദ്ദേശീയ ക്രിസ്‌ത്യാനികളും മുസ്‍ലിംകളുമെല്ലാം ഈ ചർച്ചകളിൽ പല പക്ഷത്തായി അണിനിരക്കുന്നുണ്ട്. (എഴുത്തച്ഛനെ കൂടി ചേർത്തുള്ള ഈ യോഗം നോവലിസ്റ്റിന്റെ ഭാവനയാണ്. ചരിത്രപരമായി 1511-ൽ എഴുത്തച്ഛൻ ഇത്തരമൊരു യോഗത്തിൽ പങ്കെടുക്കുക അസാധ്യമാണെങ്കിലും, കേരളീയസമൂഹത്തിന്റെ ആഭ്യന്തരമായ ഭാഷാ-സാംസ്‌കാരിക ഐക്യത്തെ പ്രതിരോധത്തിന്റെ ആയുധമാക്കാൻ നോവലിസ്റ്റ് ചരിത്രവസ്‌തുതകളെ ഭാവനകൊണ്ട് പുനർനിർമിക്കുന്ന രീതിയാണ് ഇവിടെ സ്വീകരിച്ചിരിക്കുന്നത്. ഔദ്യോഗിക ചരിത്രരേഖകളുടെ വിടവുകളെ (Archival gaps) ഭാവനകൊണ്ട് പൂരിപ്പിക്കുന്ന നവചരിത്രവാദപരമായ സമീപനമാണ് നോവലിസ്റ്റ് ഇവിടെ സ്വീകരിക്കുന്നത്.)
പല വഴിക്ക് ലിസ്ബണിലെത്തിയ അമ്പതോളം കേരളീയർ ലിസ്ബണിൽ യോഗം ചേരുന്നതായും നോവലിൽ വിവരിക്കുന്നുണ്ട്. അവരിൽ ജൂത, ക്രിസ്‌ത്യൻ, ഇസ്‍ലാം, ഹിന്ദു മതക്കാരുണ്ട്. പോർച്ചുഗലാണ് അവരുടെ പൊതുശത്രു. ഈ യോഗവും കൗതുകകരമാണ്.
റോമിലെ സെന്റ് ഡൊമിനിക്കൻ പള്ളിയുടെ മുന്നിലുള്ള ബർനിനിയുടെ ആനോ ശിൽപ്പം
പതിനാറാം നൂറ്റാണ്ടിന്റെ ആദ്യപാദത്തിൽ കേരളീയരായ ഇത്രയും പേർ യൂറോപ്പിൽ രഹസ്യയോഗം ചേരുന്നത് മലയാളിയുടെ സഞ്ചാരത്തെയും പ്രവാസത്തെയും കൂടി കാണിച്ചുതരുന്നുണ്ട്. ഈ മലയാളിസാന്നിധ്യത്തിന്റെ ചരിത്രപരമായ സാധ്യത നോവലിസ്റ്റ് കൃത്യമായി ചൂണ്ടിക്കാണിക്കുന്നുമുണ്ട്. കപ്പലിലും വിവിധ നഗരങ്ങളിലും മലയാളികൾ തമ്മിൽ കാണുന്നതിന്റെ നിരവധി രംഗങ്ങൾ നോവലിലുണ്ട്. ആനയുമായി പോകുന്നതിനിടയിൽ ഇടയ്‌ക്കിറങ്ങിയ ആഫ്രിക്കൻ തീരത്ത് നാട്ടുഭാഷ സംസാരിച്ച് ചീരനെ അത്ഭുതപ്പെടുത്തുന്ന ഒരു കേരളീയൻ പ്രത്യക്ഷപ്പെടുന്നുണ്ട്. യൂറോപ്പിൽ മതപണ്ഡിതരും കച്ചവടക്കാരും രഹസ്യപ്രവർത്തനങ്ങൾക്കായി എത്തിച്ചേർന്നവരും ഒക്കെയായ കേരളീയർ നിരവധി സന്ദർഭങ്ങളിൽ തമ്മിൽ കാണുകയും സംസാരിക്കുകയും ചെയ്യുന്നതു കാണാം. കേരളീയരുടെ പരസ്‌പരഭാഷണങ്ങൾ മാത്രമല്ല, കേരളീയരും യൂറോപ്യരും തമ്മിലുള്ള കൂടിക്കാഴ്‌ചകളും ചർച്ചകളും ധാരാളമായി നോവലിൽ കാണാം. അൽബുക്കർക്കിന്റെ അടുത്ത സുഹൃത്തായി നോവലിൽ കാണുന്നത് കോഴിക്കോട്ടെ സമ്പന്ന വ്യാപാരിയായ കോയപ്പക്കിയെയാണ്. നോവലിൽ ചില രഹസ്യദൗത്യങ്ങൾ കൂടിയുള്ള പാപ്പാൻ ചീരനാകട്ടെ, മാനുവൽ രാജാവിനെയും പോപ്പിനെയും നിരവധി വൈദികരെയും കലാകാരന്മാരെയും അടുത്തു പരിചയപ്പെടുന്നുണ്ട്. മൊത്തത്തിൽ പരസ്‌പരം ആഴത്തിൽ സ്വാധീനമുണ്ടാക്കുന്ന സമ്പർക്കങ്ങളാണ് നോവൽ തുറന്നിടുന്നത്.
വാസ്‌കോ ഡ ഗാമയും കബ്രാളും അൽബുക്കർക്കും അടങ്ങുന്ന നാവികർ ഈ നോവലിൽ സജീവമായുണ്ട്. ചരിത്രപുരുഷന്മാരായ രാജാക്കന്മാരും അവരുടെ കൊട്ടാരങ്ങളുടെ അകത്തളങ്ങളിലെ വിവിധ സ്ഥാനങ്ങളിലുള്ള മനുഷ്യരുണ്ട്. കലാകാരന്മാരുണ്ട്, ശിൽപ്പികളുണ്ട്, പുരോഹിതരുണ്ട്. മതംമാറി ക്രിസ്‌ത്യൻ പുരോഹിതനായ മലയാളിയുണ്ട്. നാവികരുടെ സംഭാഷണങ്ങൾക്കിടയിൽ കടന്നുവരുന്ന ചില കാര്യങ്ങൾ ശ്രദ്ധേയമാണ്. ചരിത്രസംഭവങ്ങളേക്കാൾ വിഭവങ്ങളുടെ സഞ്ചാരത്തെക്കുറിച്ചുള്ള സൂചനകളാണ് അത്. ബ്രസീൽ പോലുള്ള തെക്കേ അമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ള വിഭവങ്ങൾ യൂറോപ്പിലും പിന്നീട് ഇന്ത്യയടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിലും എത്തുന്നതിന്റെ രസകരമായ വർണനകൾ നോവലിലുണ്ട്. കേരളത്തിന്റെ ഭക്ഷ്യവിഭവങ്ങളും ആഹാരശീലങ്ങളും രൂപപ്പെട്ടതിന്റെ രേഖാചിത്രങ്ങൾ നമുക്കു വായിച്ചെടുക്കാനാകും. തക്കാളിയും ഉരുളക്കിഴങ്ങും മുളകും കുരുമുളകും പരസ്‌പരം സംക്രമിച്ച് സംസ്‌കാരത്തിന്റെ ആഗോളബന്ധങ്ങളുണ്ടാക്കുന്നതിന്റെ നേർച്ചിത്രങ്ങളാണ് ഇതെല്ലാം.
ഹോർമൂസ് കടലിടുക്ക് ഉപരോധിക്കപ്പെടുന്നതിന്റെ ബുദ്ധിമുട്ടുകൾ ആധുനികകാലത്ത് അടുക്കളകളെപ്പോലും ബാധിക്കുന്നത് സമകാലിക യാഥാർഥ്യമാണ്. ലോകരാഷ്‌ട്രീയ സ്ഥിതിഗതികളും യുദ്ധങ്ങളും വിഭവങ്ങൾക്കുമേലുള്ള നിയന്ത്രണങ്ങളും എങ്ങനെയാണ് ദേശാന്തര സ്വാധീനങ്ങളുണ്ടാക്കുന്നത് എന്നത് പുതിയ കാലത്ത് പ്രത്യേകം ചർച്ച ചെയ്യേണ്ട വിഷയമല്ല. ഈ സ്വാഭാവികതയെക്കൂടി പരിഗണിച്ചാണ് ആഗോളവൽക്കരണം എന്ന വാക്ക് നാമെടുത്തുപയോഗിക്കുന്നത്. എന്നാൽ ഇത്തരം സംഭവവികാസങ്ങൾ നൂറ്റാണ്ടുകൾക്കു മുമ്പും നടന്നിട്ടുണ്ടെന്നും അത്തരം സംഭവങ്ങളുടെ അനുരണനങ്ങൾ ഊറിക്കൂടിയതാണ് നമ്മുടെ രാഷ്‌ട്രീയ ഭൂമിശാസ്‌ത്രമെന്നും ‘ആനോ’ പരോക്ഷമായി പറഞ്ഞുവയ്‌ക്കുന്നു.
ജി ആർ ഇന്ദുഗോപന്റെ ‘ആനോ’ മലയാള നോവൽ സാഹിത്യത്തിലെ പരമ്പരാഗത ചരിത്രബോധത്തെ വിപുലീകരിക്കുന്ന നിർണായകമായ ഒരു ഇടപെടലാണ്. കേവലമൊരു ചരിത്ര പുനരാഖ്യാനത്തിനപ്പുറം, ഭൂപടങ്ങൾ, ചിത്രങ്ങൾ, യഥാർഥ തീയതികൾ എന്നിവ സമന്വയിപ്പിച്ച വിപുലമായ ഗവേഷണപാടവമാണ് ഈ കൃതിയുടെ വേറിട്ട നിൽപ്പ് സാധ്യമാക്കുന്നത്. സഞ്ജയ് സുബ്രഹ്മണ്യം മുന്നോട്ടുവച്ച ബന്ധിതചരിത്രം (Connected History) എന്ന സങ്കൽപ്പനത്തെ അറിഞ്ഞോ അറിയാതെയോ തന്റെ രചനയിൽ സാക്ഷാത്കരിക്കാൻ നോവലിസ്റ്റിന് സാധിച്ചിട്ടുണ്ട്. ഒരു കുട്ടിയാനയുടെ യാത്ര എന്ന ലളിതമായ തന്തുവിലൂടെ പതിനാറാം നൂറ്റാണ്ടിലെ ആഗോളചരിത്ര ശൃംഖലയെ കേരളവുമായി ഇണക്കിച്ചേർക്കുകയാണ് എഴുത്തുകാരൻ ചെയ്യുന്നത്. ഇതിലൂടെ, കേരളമെന്നത് അടച്ചുപൂട്ടപ്പെട്ട ഭൗമപരിസരമല്ല, മറിച്ച് മനുഷ്യരുടെയും വിഭവങ്ങളുടെയും ആശയങ്ങളുടെയും വിനിമയങ്ങളാൽ രൂപപ്പെട്ട വിശാലമായ ചരിത്രഭാവനയാണെന്ന് നോവൽ സമർഥിക്കുന്നു.
ദേശാന്തരസഞ്ചാരങ്ങളെ കേവലം രാഷ്‌ട്രീയ- സാമ്പത്തിക പ്രക്രിയകളായി മാത്രം കാണാതെ സ്‌നേഹം, അടിമത്തം, പ്രതിരോധം തുടങ്ങിയ മാനവിക ഘടകങ്ങളിലൂടെയാണ് നോവൽ അടയാളപ്പെടുത്തുന്നത്. റഫേലിന്റെ പെയിന്റിങ്ങുകളിലും റോമിലെ സാന്റാ മരിയ പള്ളിക്ക് സമീപമുള്ള ശിൽപ്പത്തിലും ചിതറിക്കിടക്കുന്ന ആനോയുടെ ചരിത്രം കേവലമൊരു വസ്തുതയല്ല, മറിച്ച് മനുഷ്യജീവിതങ്ങളുടെ സങ്കീർണമായ ആഖ്യാനമാണ്. ബാഹ്യശക്തികളുടെ ഇടപെടലുകൾ മാത്രമല്ല, സാധാരണക്കാരായ മനുഷ്യർ ആഭ്യന്തര-ബാഹ്യതലങ്ങളിൽ നടത്തിയ ചെറുത്തുനിൽപ്പുകളും വിനിമയങ്ങളുമാണ് ഒരു ദേശചരിത്രത്തിന്റെ രൂപം നിർമിക്കുന്നതെന്ന് നോവൽ വ്യക്തമാക്കുന്നു. വിഭവങ്ങളുടെയും സംസ്‌കാരങ്ങളുടെയും ആഗോളസഞ്ചാരത്തെ രേഖപ്പെടുത്തുന്നതിലൂടെ ഒരേസമയം മൈക്രോ-നാരേറ്റീവായും മാക്രോ-ഹിസ്റ്ററിയായും മാറാൻ ഈ കൃതിക്ക് സാധിക്കുന്നു. അതിനാൽ ‘ആനോ’യെ കേവലമൊരു ചരിത്രനോവലായി കാണാതെ, കേരളത്തിന്റെ ആഗോളചരിത്രസാന്നിധ്യത്തെ പുനർനിർവചിക്കാൻ പ്രേരിപ്പിക്കുന്ന വിമർശനാത്മക സാഹിത്യരൂപമായി വിലയിരുത്തേണ്ടതുണ്ട് .










0 comments