ad
Deshabhimani

ആവശ്യത്തിന് സര്‍വീസ് ഇല്ലാത്തതും മെച്ചം

സ്പെഷ്യൽ ട്രെയിനുകളിൽ ഏറ്റവും കൂടുതൽ യാത്രക്കാര്‍, കൂടുതൽ വരുമാനം; ദക്ഷിണ റെയിൽവേയ്ക്ക് റെക്കോര്‍ഡ്

train
വെബ് ഡെസ്ക്

Published on Jun 27, 2026, 12:05 PM | 2 min read

ചെന്നൈ: കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പ്രത്യേക ട്രെയിൻ സർവീസുകളിലൂടെ റെക്കോർഡ് യാത്രക്കാരെയും വരുമാനവും നേടി ദക്ഷിണ റെയിൽവേ മുന്നിൽ. രാജ്യത്തെ മറ്റ് റെയിൽവേ സോണുകളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന തിരക്കാണ് ദക്ഷിണ റെയിൽവേ രേഖപ്പെടുത്തിയത്. ഈ റെക്കോര്‍ഡ് മേഖലയിലെ സ്ഥിരം സർവീസുകളുടെ കടുത്ത അപര്യാപ്തതയിലേക്കും വിരൽ ചൂണ്ടുന്നു.


വരുമാനത്തിലും

അവഗണനയിലും മുന്നിൽ


ദക്ഷിണ റെയിൽവേ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 229 പ്രത്യേക സർവീസുകൾ പ്രഖ്യാപിച്ചതിൽ ആകെ 2,513 ട്രിപ്പുകൾ നടത്തി. വിശേഷാവസരങ്ങളിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ചാണ് ഈ സൗകര്യം ഏര്‍പ്പെടുത്തിയത്. 32.98 ലക്ഷം പേർ ഈ സൗകര്യം പ്രയോജനപ്പെടുത്തി. 243.22 കോടി രൂപയുടെ അധിക വരുമാനം ഇതുവഴി ലഭിച്ചു.


യാത്രക്കാരുടെ എണ്ണത്തിൽ ഇന്ത്യൻ റെയിൽവേയുടെ ദേശീയ ശരാശരി ഒരു ട്രിപ്പിൽ 894 യാത്രക്കാരാണ്. എന്നാൽ ദക്ഷിണ റെയിൽവേ 1,312 യാത്രക്കാരുമായാണ് രാജ്യത്ത് ഒന്നാമതെത്തിയത്. ഒരു ട്രിപ്പിൽ ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന 1,312 പേര്‍ എന്നത് ഇതര സോണുകളിൽ അസാധാരണമാണ്. വിശേഷിച്ചും പ്രത്യേക ട്രെയിൻ സര്‍വ്വീസുകളിൽ.


കേരളത്തിലോടുന്ന വണ്ടികൾ മുന്നിൽ


ചെന്നൈ-കന്യാകുമാരി, ചെന്നൈ-തിരുവനന്തപുരം- മംഗലാപുരം തുടങ്ങിയ ഉയർന്ന ഡിമാൻഡുള്ള റൂട്ടുകളിലാണ് ഈ സ്പെഷ്യൽ സർവീസുകൾ ഭൂരിഭാഗവും നടത്തിയത്. ഇത് സ്പെഷ്യൽ ട്രെയിനിനായി വിശേഷാവസരങ്ങളിൽ ഉണ്ടായി വരുന്ന തിരക്കും യാത്രക്കാരുമല്ല. സ്ഥിരം യാത്രാ ആവശ്യമാണ്. സര്‍വ്വീസുകളുടെ പരിമിതി കാരണം യാത്രക്കാര്‍ ഇതര മാര്‍ഗ്ഗങ്ങൾ തേടുന്നതാണ്. സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിക്കുമ്പോൾ അവര്‍ തിരിച്ചെത്തുന്നു.


രാജ്യത്തെ മൊത്തം സര്‍വ്വീസുകളിലെ യാത്രികരുടെ എണ്ണത്തിലെ 894 എന്ന ശരാശരിയും ദക്ഷിണ മേഖലയിലെ 1,312 എന്ന എണ്ണവും തന്നെ ഇതിന് ഉദാഹരണമാണെന്ന് സ്ഥിരം യാത്രക്കാര്‍ ചൂണ്ടികാണിക്കുന്നു.


എസ്എംഎസ് തന്ത്രവും

വഴിതിരിച്ചുവിടലും


സ്ഥിരം ട്രെയിനുകളിലെ വെയ്‌റ്റ്‌ലിസ്റ്റ് കൃത്യമായി നിരീക്ഷിച്ചാണ് റെയിൽവേ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചത്. വെയ്റ്റ്‌ലിസ്റ്റിലുള്ള യാത്രക്കാർക്ക് സ്പെഷ്യൽ ട്രെയിനുകളെക്കുറിച്ച് മൊബൈലിൽ എസ്എംഎസ് സന്ദേശങ്ങൾ അയക്കുന്ന രീതി റെയിൽവേ പരീക്ഷിച്ചു. ഇത് വഴി സ്ഥിരം ട്രെയിനുകളിലെ തിരക്ക് സ്പെഷ്യൽ ട്രെയിനുകളിലേക്ക് മാറ്റാനും സ്പെഷ്യൽ ട്രെയിനുകളിൽ പൂർണ്ണമായ ഒക്യുപൻസി ഉറപ്പാക്കാനും സാധിച്ചു. എന്നാൽ അത്രയും യാത്രക്കാര്‍ക്ക് ടിക്കറ്റ് ക്യാൻസലേഷന്റെ കാശ് പോയിക്കിട്ടി. ഇത്തരം ട്രെയിനുകളിലെ നിരക്കും ഉയര്‍ന്നതാണ്.


സാമ്പത്തിക ചൂഷണമോ


റെയിൽവേ ഈ നേട്ടത്തെ വലിയൊരു വിജയമായി ഉയർത്തിക്കാട്ടുമ്പോഴും, യാത്രാ ദുരിതത്തിന്റെ ചിത്രമാണ് പൊതുജനങ്ങൾ പങ്കുവെക്കുന്നത്. സ്പെഷ്യൽ ട്രെയിനുകളിൽ ഇത്രയധികം തിരക്ക് അനുഭവപ്പെടുന്നു എന്നതിന്റെ പ്രധാന കാരണം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന സ്ഥിരം ട്രെയിൻ സർവീസുകളുടെ കടുത്ത ക്ഷാമമാണ്. യാത്രക്കാരും റെയിൽവേ കർമ്മ സമിതികളും കാലങ്ങളായി ഇക്കാര്യം ചൂണ്ടിക്കാണിക്കുന്നു.


പ്രത്യേക ട്രെയിനുകളിൽ സാധാരണ നിരക്കിനേക്കാൾ 30% മുതൽ 50% വരെ കൂടുതൽ തുകയാണ് 'സ്പെഷ്യൽ ഫെയർ' ഇനത്തിൽ റെയിൽവേ ഈടാക്കുന്നത്. റെഗുലർ ട്രെയിനുകൾ ഇല്ലാത്തതിനാൽ യാത്രക്കാർ ഈ ഉയർന്ന തുക നൽകാൻ നിർബന്ധിതരാകുകയാണ്. പ്രത്യേക സീസണുകളിലെ തിരക്ക് നിയന്ത്രിക്കാൻ സ്പെഷ്യൽ ട്രെയിനുകൾ സഹായിക്കുമെങ്കിലും, റെയിൽവേയുടെ ഈ വരുമാന വർദ്ധനവ് യാത്രക്കാരുടെ നിസ്സഹായാവസ്ഥയുടെ പ്രതിഫലനം കൂടിയാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home