യൂറോപ്പിൽ അതിരൂക്ഷമായ ഉഷ്ണതരംഗം തുടരുന്നു; റെക്കോഡ് ചൂടിൽ ജർമനിയും ബെൽജിയവും നെതർലൻഡ്‌സും

അതിരൂക്ഷമായ ഉഷ്ണതരംഗം തുടരുന്ന യൂറോപ്പിലെ ദൃശ്യങ്ങൾ | Photo:AFP/Getty Images,Reuters
ലണ്ടൻ : യൂറോപ്പിൽ അതിരൂക്ഷമായ ഉഷ്ണതരംഗം തുടരുന്നതിനിടയിൽ ജർമനി, ബെൽജിയം, നെതർലൻഡ്‌സ് എന്നിവിടങ്ങളിൽ ജൂൺ മാസത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. സ്പെയിനിലും ഫ്രാൻസിലും മരണസംഖ്യ ഉയരുന്ന സാഹചര്യത്തിൽ വിവിധ പരിപാടികൾ അധികൃതർ റദ്ദാക്കി. സ്പെയിനിൽ മാത്രം കഴിഞ്ഞ ദിവസങ്ങളിൽ 327 മരണങ്ങൾ ഉഷ്‌ണതരംഗവുമായി ബന്ധപ്പെട്ടതാണെന്ന് കണക്കാക്കപ്പെടുന്നു.
ജർമനിയിലെ സാർബ്രൂക്കനിൽ 41.3 ഡിഗ്രി സെൽഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനിലയാണിത്. ബെൽജിയത്തിലെ ക്ലൈൻ ബ്രോഗലിൽ 40 ഡിഗ്രി സെൽഷ്യസും നെതർലൻഡ്‌സിലെ ലിംബർഗിൽ 39.4 ഡിഗ്രി സെൽഷ്യസും ചൂട് രേഖപ്പെടുത്തി. യുകെയിൽ 37.1 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഏകദേശം 15 കോടിയോളം ജനങ്ങളാണ് 35 ഡിഗ്രി സെൽഷ്യസിന് മുകളിലുള്ള ചൂടിൽ ബുദ്ധിമുട്ടുന്നത്.
തീവ്രമായ ചൂടിനെത്തുടർന്ന് സ്വിറ്റ്സർലൻഡിലെ ബെസ്നൗ ആണവനിലയത്തിലെ റിയാക്ടറുകൾ താൽക്കാലികമായി നിർത്തിവെച്ചു. കൂളിങ് സംവിധാനത്തിന് ആവശ്യമായ ജലത്തിന്റെ താപനില 25 ഡിഗ്രിയിൽ എത്തിയതാണ് ഇതിന് കാരണം. പാരീസിലെ പ്രൈഡ് മാർച്ച്, സോളിഡേസ് മ്യൂസിക് ഫെസ്റ്റിവൽ എന്നിവ റദ്ദാക്കി.
ഫ്രാൻസിൽ ഉഷ്ണതരംഗത്തെത്തുടർന്നുണ്ടായ മരണങ്ങൾ വർധിക്കുന്നതിൽ ആരോഗ്യവകുപ്പ് കടുത്ത ആശങ്ക രേഖപ്പെടുത്തി. വെള്ളത്തിൽ മുങ്ങിമരിച്ചവരുടെ എണ്ണം 55 ആയി ഉയർന്നു. വാഹനത്തിനുള്ളിൽ കുടുങ്ങി കുട്ടികൾ മരിക്കുന്ന സംഭവങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്.
ബാഴ്സലോണയ്ക്ക് സമീപം ഉണ്ടായ കാട്ടുതീയെ തുടർന്ന് 16,000 പേരോട് വീടുകളിൽ തന്നെ തുടരാൻ നിർദ്ദേശിച്ചു. കാലാവസ്ഥാ വ്യതിയാനത്തെത്തുടർന്ന് ലോകത്ത് ഏറ്റവും വേഗത്തിൽ ചൂടുപിടിക്കുന്ന ഭൂഖണ്ഡമായി യൂറോപ്പ് മാറിയെന്ന് കോപ്പർനിക്കസ് ക്ലൈമറ്റ് സർവീസ് മുന്നറിയിപ്പ് നൽകി.










0 comments