ഓർമ
ഓർമ്മച്ചിരാതുകൾ- 7

വൈശാഖൻ
Published on Jun 27, 2026, 12:24 PM | 5 min read
കൊടാകുളങ്ങര വാസുപിള്ള
ചിത്രീകരണം: ദേവപ്രകാശ്
ഇനിയും എഴുതാൻ പോകുന്നത് ഇതുവരെ ഓർത്തെടുത്ത പ്രതിഭാധനന്മാരെ പോലെ ഉള്ള ഒരാളെക്കുറിച്ച് അല്ല. കൊടാകുളങ്ങര വാസുപിള്ള! രാഷ്‌ട്രീയത്തിലെ പുതിയ തലമുറ ഇങ്ങനെയൊരു പേര് കേട്ടിട്ടുണ്ടാകുമോ എന്ന് സംശയമാണ്. അദ്ദേഹത്തെ കണ്ടുമുട്ടാൻ ഇടയായ സാഹചര്യം പറയുമ്പോൾ എന്റെ ജീവിതകഥയുടെ ചില സന്ദർഭങ്ങളും പറയേണ്ടിവരും. ഞാൻ ഇടതുപക്ഷ സഹയാത്രികനായി മാറുവാൻ ഇടവരുത്തിയ സന്ദർഭങ്ങളാണ് അവ.
എന്റെ കുടുംബത്തിൽ രാഷ്‌ട്രീയമായോ സാമൂഹ്യമായോ ഉള്ള കാര്യങ്ങൾ ആരെങ്കിലും എന്തെങ്കിലും സംസാരിക്കുന്നത് ഞാൻ ഒരിക്കലും കേട്ടിട്ടില്ല. പിറവം എന്ന സ്ഥലത്ത് താമസിക്കുന്ന കാലത്താണ് എന്റെ ചേച്ചിയുടെ വിവാഹം നടന്നത്. വരൻ ശങ്കരപ്പിള്ള. പിറവം ടൗണിൽ ഒരു തുണിക്കട നടത്തുന്ന ആളായിരുന്നു. അദ്ദേഹത്തിന്റെ കടയുടെ വരാന്തയിൽ തയ്യൽ മെഷീനിട്ട് തയ്‌ക്കുന്ന വിദഗ്ധനായ ഒരു തുന്നൽക്കാരനുണ്ടായിരുന്നു, നീലൻ. ഞാൻ ചില വൈകുന്നേരങ്ങളിലും സ്‌കൂൾ അവധി ദിനങ്ങളിലും അളിയന്റെ കടയിൽ ചെന്നിരിക്കും. നീലൻ എനിക്കായി ഒരു സ്റ്റൂൾ ഇട്ട് തരും. ഞാനന്ന് എട്ടാം ക്ലാസ് പഠിക്കുന്ന ഒരു കുട്ടിയായിരുന്നെങ്കിലും നീലൻ സമപ്രായക്കാരോട് സംസാരിക്കുന്നത് പോലെ എന്നോട് സംസാരിക്കും. അയാൾ മെഷീൻ തുടയ്‌ക്കുന്നതും നൂല് ചുറ്റുന്നതും മെഷീന്റെ മർമപ്രധാനമായ സ്ഥലങ്ങളിൽ എണ്ണയിടുന്നതുമെല്ലാം ഞാൻ കൗതുകത്തോടെ നോക്കിയിരിക്കുമായിരുന്നു. നീലന്റെ ശരീരത്തിന്റെ ഒരു ഭാഗം തന്നെയാണ് ആ മെഷീൻ എന്ന് എനിക്ക് തോന്നിയിരുന്നു. അല്ലെങ്കിൽ നീലന്റെ സഹോദരൻ. അയാളിലാണ് ഞാൻ ആദ്യമായി അർപ്പണബോധമുള്ള ഒരു തൊഴിലാളിയെ കാണുന്നത്. തുണി തുന്നുന്നതിനുമുമ്പായി കത്രിക വച്ച് വെട്ടേണ്ട ഡിസൈൻ നീലൻ വലത്തേ കൈയുടെ തള്ളവിരലിൽ നീട്ടിവളർത്തിയിരുന്ന നഖംകൊണ്ട് വരയ്‌ക്കും. പിന്നീട് അതിവേഗം കൃത്യമായി വെട്ടും. ഇതിനെല്ലാം ഇടയിൽ നീലൻ സംസാരിച്ചുകൊണ്ടേയിരിക്കും. തൊഴിലാളികളുടെ ദുരിതം തീരണമെങ്കിൽ കമ്യൂണിസ്റ്റ് ഭരണം വരണമെന്ന് ഒരു ദിവസം നീലൻ പറഞ്ഞു.
കമ്യൂണിസം എന്താണെന്ന് എനിക്കറിയില്ലായിരുന്നു. അതെന്ത് ഭരണം ആണെന്ന് ഞാൻ ചോദിച്ചു. നീലൻ വാചാലനായി. പിന്നീട് കുറേ ദിവസങ്ങളിലായി സോവിയറ്റ് നാടിനെക്കുറിച്ചും സാർ ചക്രവർത്തിയുടെ ക്രൂരതയെക്കുറിച്ചും ഒക്കെ നീലൻ വിവരിച്ചു. ലെനിൻ, സ്റ്റാലിൻ എന്നിവരെക്കുറിച്ചും വിശദമായി പറഞ്ഞു. ചുരുക്കത്തിൽ നീലൻ എന്നെ ഒരു കമ്യൂണിസ്റ്റ് അനുഭാവിയാക്കി മാറ്റി. പാവപ്പെട്ട, എന്നും കോളർ കീറിത്തുന്നിയ ഷർട്ട് മാത്രം ധരിച്ചിരുന്ന നീലന്റെ കണ്ണുകളിലെ തിളക്കവും മുഖത്തെ ആവേശവും എന്നെ വല്ലാതെ ആകർഷിച്ചു.
ഞാൻ ഡിഗ്രിക്ക് പഠിച്ചത് എറണാകുളം സെന്റ് ആൽബർട്ട്സ് കോളേജിലായിരുന്നു. അക്കാലത്തായിരുന്നു കുപ്രസിദ്ധമായ ‘ഒരണ സമരം’ അരങ്ങേറിയത്. ഈ സമരത്തിന്റെ യഥാർഥ കാരണങ്ങളൊന്നും എനിക്കറിഞ്ഞുകൂടായിരുന്നു. കുട്ടനാട്ടിലെ വിദ്യാർഥികൾക്ക് സ്വകാര്യ ബോട്ട് ഉടമകൾ നൽകിയിരുന്ന സൗജന്യ യാത്രാക്കൂലിയായിരുന്നു ഒരണ. ഇ എം എസിന്റെ നേതൃത്വത്തിലുള്ള കമ്യൂണിസ്റ്റ് സർക്കാർ ജലഗതാഗതം ദേശസാൽക്കരിക്കാൻ തീരുമാനിച്ചു. സ്വകാര്യ ബോട്ട് ഉടമകളുടെ ചൂഷണം അവസാനിപ്പിക്കാനായിരുന്നു ആ തീരുമാനം. വിദ്യാർഥികൾക്ക് 50 ശതമാനം സൗജന്യവും അനുവദിച്ചിരുന്നു. ഒരു അണ എന്ന സൗജന്യം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പ്രതിപക്ഷ പാർടികളുടെ പിന്തുണയോടെ കെഎസ്‌യു ആരംഭിച്ച സമരമാണ് പിൽക്കാലത്ത് ‘ഒരണ സമരം’ എന്നറിയപ്പെട്ടത്. ആലപ്പുഴയിൽ കുറെ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്‌തു. വിദ്യാർഥി സമരം കേരളത്തിൽ ആകെ പടർന്നു.
ഞാൻ അക്കാലത്ത് ആൽബർട്ട്സ് കോളേജിന്റെ ഹോസ്റ്റൽ യൂണിയൻ ചെയർമാനായിരുന്നു. വൈപ്പിൻ, പോഞ്ഞിക്കര തുടങ്ങിയ സ്ഥലങ്ങളിൽനിന്നും ബോട്ടിൽ കയറി വരുന്ന വിദ്യാർഥികളാണ് കോളേജിലെ സമരം തുടങ്ങിവച്ചത്. പിന്നീട് എറണാകുളത്തെ എല്ലാ കോളേജുകളിലും ക്ലാസുകൾ നടത്താൻ സമരക്കാർ അനുവദിച്ചില്ല. എ കെ ആന്റണിയും വയലാർ രവിയും സമരത്തിന് നേതൃത്വം നൽകി. എന്തുകൊണ്ടോ എനിക്ക് സമരത്തിൽ ആവേശം തോന്നിയില്ല. ഞാൻ ഹോസ്റ്റലിൽ തന്നെ താമസിച്ചു. എന്റെ അധ്യാപകനായിരുന്ന ഒരു പാതിരി പ്രൊഫസർ എന്നെ പിടിച്ചുനിർത്തി ഇങ്ങനെ പറഞ്ഞു.
“തന്റെ സുഹൃത്തുക്കളെല്ലാം വിദ്യാർഥികൾക്ക് വേണ്ടി സമരം ചെയ്‌ത് ജയിലിലായി. താൻ സുഖമായി സിനിമയും കണ്ട് ഹോസ്റ്റലിൽ താമസിക്കുന്നു. നാണം തോന്നുന്നില്ലേ യൂണിയൻ ചെയർമാന്?”
എന്റെ ആത്മാഭിമാനത്തെയാണ് അദ്ദേഹം ചോദ്യം ചെയ്‌തത്. എനിക്ക് വേദനിച്ചു. ഞാൻ നേരെ ബോട്ട് ജെട്ടിയിലെത്തി. അക്കാലത്ത് ബോട്ട് ജെട്ടിയിൽനിന്നാണ് കെഎസ്ആർടിസി ബസുകൾ പുറപ്പെട്ടിരുന്നത്. ഞാൻ എത്തിയപ്പോഴേക്കും കുറച്ചുപേർ ബസ് പിക്കറ്റ് ചെയ്യാനായി നിലത്ത് കിടന്നു കഴിഞ്ഞിരുന്നു. സമയം കാലത്ത് പത്തുമണി. നല്ല വെയിൽ. കിടന്നിരുന്നവർ എന്നെ സ്വാഗതം ചെയ്‌തു ചിരിച്ചു. ഞാനും പിക്കറ്റ് ചെയ്‌തു. കാഴ്‌ച കാണാൻ ചെറിയ ജനക്കൂട്ടവും ഉണ്ടായിരുന്നു. ബസുകൾ പുറപ്പെടാൻ സാധ്യമല്ലാത്തതിനാൽ യാത്ര മുടങ്ങിയ യാത്രക്കാരും അക്കൂട്ടത്തിലുണ്ടായിരുന്നു. പൊരിവെയിലത്ത് കിടന്ന ഞങ്ങളെ തീർച്ചയായും യാത്രക്കാർ ശപിച്ചിട്ടുണ്ടാകും. സമയം നീണ്ടു പോയി. പൊലീസുകാർ ഞങ്ങളെ അറസ്റ്റ് ചെയ്യാതെ വെറുതെ നിൽക്കുകയാണ്.
എന്റെ അപ്പുറത്തും ഇപ്പുറത്തും കിടന്നിരുന്നവരെ ഞാൻ ശ്രദ്ധിച്ചു. അറിയപ്പെടുന്ന കോൺഗ്രസുകാരുടെ മക്കൾ. പള്ളിയുടെ യുവജന പ്രസ്ഥാനക്കാർ. ഞാൻ മുമ്പ് മഹാരാജാസ് കോളേജിൽ പഠിച്ചിരുന്നപ്പോൾ എന്റെ സുഹൃത്തുക്കൾ എല്ലാം എസ്എഫുകാർ ആയിരുന്നു. അക്കാലത്ത് എസ്എഫ്ഐ ആയിട്ടില്ല. ഇടതുപക്ഷ അനുഭാവിയായിരുന്നു ഞാൻ. ഇപ്പോൾ ഈ സമരത്തിൽ പങ്കെടുക്കുന്നത് ന്യായീകരിക്കാൻ എനിക്ക് എന്തു ന്യായമാണ് ഉള്ളത്? ഒരു വാചകം എന്റെ രക്ഷക്കെത്തി. പാവപ്പെട്ട വിദ്യാർഥികളുടെ ബോട്ട് കൂലി ഒരണ ആക്കിക്കിട്ടാനാണല്ലോ ഈ സമരം!!
കുറച്ചു കഴിഞ്ഞ് അറസ്റ്റ് തുടങ്ങി. ഒരു രാത്രി എറണാകുളം കസബ ജയിലിൽ ലോക്കപ്പിൽ കിടന്നു. തിങ്ങി ഞെരുങ്ങി. പച്ചവെള്ളം പോലും കുടിക്കാതെയുള്ള കിടപ്പ്. ജീവിതത്തിൽ ആദ്യമായി വിശപ്പ് എന്താണെന്ന് ശരിക്കും അറിഞ്ഞു. കാലത്ത് കിട്ടിയ പശ പോലുള്ള ഗോതമ്പ് കഞ്ഞി സ്വാദോടെ മുതിരച്ചമ്മന്തിയും കൂട്ടി കുടിച്ചു. പിന്നീട് ട്രാൻസ്‌പോർട്ട് ബസിൽ പൊലീസ് അകമ്പടിയോടെ യാത്ര. ബസിലുണ്ടായിരുന്നവരെ നോക്കിയപ്പോൾ ഞാൻ അമ്പരന്നു. പിക്കറ്റ് ചെയ്‌തപ്പോൾ കൂടെ ഉണ്ടായിരുന്ന പലരും അക്കൂട്ടത്തിലില്ല. അവരെ മോചിപ്പിച്ചു കൊണ്ടുപോയത് എപ്പോൾ? ഒന്നും ആരും അറിഞ്ഞില്ല. എങ്ങോട്ടാണ് ഞങ്ങളെ കൊണ്ടുപോകുന്നത്? ബസിലിരുന്ന് കുറച്ചു കഴിഞ്ഞപ്പോൾ ഉറങ്ങിപ്പോയി. ഉണർന്നപ്പോൾ ആരോ പറഞ്ഞു: പൂജപ്പുര സെൻട്രൽ ജയിലിലേക്കാണ് നമ്മളെ കൊണ്ടുപോകുന്നത്.
സെൻട്രൽ ജയിലിൽ സെഗ്രിഗേഷൻ വാർഡിലാണ് ഞങ്ങളെ അടച്ചത് എന്നാണ് അറിഞ്ഞത്. ഇറക്കം കുറഞ്ഞ പരുക്കൻ വെള്ള ദോത്തി, ഒരു വരയൻ ജവുക്കാളം, തോർത്ത്, രണ്ട് അലുമിനിയം പ്ലേറ്റുകൾ, ഒരു അലുമിനിയം മൊന്ത ഇത്രയും സാധനങ്ങളുമായി നാലു നാലു പേരെ അഴിക്കുള്ളിലാക്കി അടച്ചു. വെളിച്ചമില്ലാത്ത രാത്രി.
ചിത്രീകരണം: ദേവപ്രകാശ്
രാവിലെ ആറുമണിക്ക് അഴി തുറന്ന് ഇറക്കിവിടും. ഗോതമ്പ് ഉപ്പുമാവും കട്ടൻ ചായയും തരും. എനിക്ക് ആരോടും ഒരു ചങ്ങാത്തവും തോന്നിയില്ല. അവർ എന്റെ ഉള്ളിലെ ജെനുസ്സിൽ പെട്ടവരല്ല എന്ന് തോന്നി. ഞാൻ ഒറ്റയ്‌ക്ക് അവിടെയെല്ലാം ചുറ്റിനടന്നു. നല്ല ഒരു പൂന്തോട്ടം. ഇത് ബഷീർ തുടങ്ങിവച്ച പൂന്തോട്ടമാണെന്ന് ഒരു ജയിൽ വാർഡൻ പറഞ്ഞു.
ചുറ്റി നടന്നപ്പോൾ മനസ്സിലായി വേറെ രണ്ട് വാർഡുകൾ ഇരുവശത്തുമായി ഉണ്ട്. അങ്ങോട്ട് കടക്കാനുള്ള കൂറ്റൻ ഇരുമ്പഴി ഗേറ്റുകളും കണ്ടു. ഒരു വശത്തെ വാർഡിലേക്ക് അഴികളിൽ പിടിച്ചുനിന്നു നോക്കിയപ്പോൾ വിചിത്രമായ ഒരു കാഴ്‌ച കണ്ടു. രണ്ട് ജയിൽപുള്ളികൾ ഗാട്ടാ ഗുസ്‌തിയിൽ ഏർപ്പെട്ടിരിക്കുന്നു. ഇടയ്‌ക്ക് നിയമം തെറ്റിച്ച് അങ്ങോട്ടും ഇങ്ങോട്ടും അടിയും ഉണ്ട്. ബാക്കി തടവുകാരെല്ലാം വരാന്തയിലും പടിക്കെട്ടിലുമായി ഇരുന്നുകൊണ്ട് കൈയടിച്ച് പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഗ്യാലറിയിലിരുന്ന് കളി കാണുന്ന കാണികൾ!
ഞാൻ വലതുവശത്തെ ഗേറ്റിലെത്തി. അഴികളിൽ പിടിച്ച് നോക്കിനിന്നു. അപ്പോൾ ഉള്ളിലൂടെ നടന്നുപോയ ഒരാൾ എന്നെ കണ്ട് ചിരിച്ചു. ഞാനും ചിരിച്ചു. അദ്ദേഹം ഗേറ്റിനപ്പുറത്ത് എന്റെ അടുത്ത് വന്നു നിന്നു.
“കുഞ്ഞ് സമരം ചെയ്‌തു വന്നതല്ലേ?”
“അതെ, ഒരണാ സമരം.”
“ആട്ടെ, ഞാൻ എന്നെ പരിചയപ്പെടുത്താം. ഞാൻ കൊടാകുളങ്ങര വാസുപിള്ള. തൂക്കുകയറിൽ നിന്നും രക്ഷപ്പെട്ടു കഴിയുന്ന തടവുകാരനാണ്.”
ഞാൻ ഉള്ളിലൊന്ന് നടുങ്ങി. തൂക്കുകയറിൽ നിന്നും രക്ഷപ്പെട്ട ഒരാൾ. കൊലപാതകം ചെയ്‌ത ആളാകും. എത്ര സൗമ്യമായിട്ടാണ് ഇദ്ദേഹം സംസാരിക്കുന്നത്.
“ഇവിടെ ജയിലിൽ ആർക്കും പേരുകൾ ഇല്ല. നമ്പറേ ഉള്ളൂ. മനുഷ്യർ പരിചയപ്പെടുമ്പോൾ നമ്പർ പറഞ്ഞു പരിചയപ്പെടാൻ പറ്റില്ലല്ലോ.”
അദ്ദേഹം ചിരിച്ചു. ജീവിതത്തിന്റെ മറുകരയിൽ നിന്ന് ചിരിക്കുന്നതുപോലെ.
“കുഞ്ഞിന് അറിയാമോ ഈ സമരത്തിന്റെ പിന്നിൽ ആരാണെന്ന്? എന്തിനു വേണ്ടിയാണ് ഈ സമരം എന്ന്? സഖാവ് ഇ എം എസിന്റെ സർക്കാറിനെ വീഴ്‌ത്താനുള്ള സമരമാണിത്. പള്ളിയിൽ അച്ചന്മാരും കോൺഗ്രസും ജാതി സമുദായ നേതാക്കന്മാരും ചേർന്ന് സംഘടിച്ചിരിക്കുകയാണ്. പാവം കുട്ടികളെ സമരമുഖത്തേക്ക് തള്ളിവിടാൻ.”
അദ്ദേഹം തുടർന്ന് കുറെ കാര്യങ്ങൾ പറഞ്ഞു. “ലോകത്ത് ആദ്യമായി ജനാധിപത്യപരമായ വോട്ടെടുപ്പിലൂടെ കമ്യൂണിസ്റ്റുകാർ ഭരണത്തിലെത്തിയ നാടാണ് നമ്മുടെ കേരളം. സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ഒരുപാട് നന്മ ചെയ്യുന്ന സർക്കാരാണിത്. കുഞ്ഞ് ഒരിക്കലും ഈ സമരത്തിൽ പങ്കെടുക്കരുതായിരുന്നു.”
ചിത്രീകരണം: ദേവപ്രകാശ്
എനിക്ക് മുമ്പ് എന്നോട് ഇതുപോലെ സംസാരിച്ച തുന്നൽക്കാരൻ നീലനെ ഓർമവന്നു. എനിക്ക് അബദ്ധം പിണഞ്ഞിരിക്കുന്നു. കുറെക്കൂടി രാഷ്‌ട്രീയബോധം വേണമായിരുന്നു. ഞാൻ സമയം ചെലവഴിക്കാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് പറഞ്ഞു.
“എന്തെങ്കിലും വായിച്ചാൽ സമയം ലാഭകരമാക്കാം. ഇവിടെ നിൽക്കൂ. ഞാൻ ഇപ്പോൾ തന്നെ വരാം.”
അദ്ദേഹം തിരിച്ചെത്തിയപ്പോൾ മൂന്ന് ജനയുഗം ആഴ്‌ചപ്പതിപ്പുകളുമായാണ് വന്നത്.
“വായിച്ചോളൂ.”
ഞാൻ ആഴ്‌ചപ്പതിപ്പുകൾ സന്തോഷത്തോടെ വാങ്ങി. അപ്പോഴേക്കും എന്റെ സഹതടവുകാരായ രണ്ട് വിദ്യാർഥികൾ അതിലെ വന്നു. അവർ ജനയുഗം വാങ്ങി നോക്കി. അവരുടെ മുഖം മുഷിയുന്നത് പോലെ തോന്നി.
എനിക്ക് ആ ആഴ്‌ചപ്പതിപ്പുകൾ വളരെ ആശ്വാസം തന്നു. അവ വളരെ വേഗം വായിച്ചുതീർത്ത് ഞാൻ വാസുപിള്ളയെ കാണാൻ പഴയ ഗേറ്റിൽ എത്തി കാത്തുനിന്നു. അദ്ദേഹം വന്നില്ല. അതിലെ വന്ന മറ്റൊരു തടവുകാരനോട് ഞാൻ അന്വേഷിച്ചു. വാസുപിള്ളയ്‌ക്ക് കൊടുക്കണം എന്ന് പറഞ്ഞ് ആഴ്‌ചപ്പതിപ്പുകൾ അയാളുടെ കയ്യിൽ ഏൽപ്പിക്കാൻ തുനിഞ്ഞു.
അയാൾ പറഞ്ഞു.
“കുട്ടീ, അതു കയ്യിൽ തന്നെ വച്ചോളൂ. വാസുപിള്ള ചേട്ടനെ ഈ വാർഡിൽനിന്നും മാറ്റി. പുള്ളി കുട്ടികളുടെ ഇടയിൽ കമ്യൂണിസം പ്രചരിപ്പിക്കുകയാണെന്ന് നിങ്ങളുടെ കൂട്ടുകാർ പരാതിപ്പെട്ടു എന്നാണ് അറിഞ്ഞത്.”
എനിക്ക് വളരെ വിഷമം തോന്നി. വാസുപിള്ള യഥാർഥത്തിൽ കൊലപാതകം ചെയ്‌തിട്ടില്ലായിരിക്കും. ഏതെങ്കിലും തരത്തിൽ അദ്ദേഹത്തിന്റെ മേൽ കെട്ടിവച്ച കുറ്റമാവും എന്നും തോന്നി. ശരി എന്താണെന്ന് അറിഞ്ഞുകൂടാ. ഇത് എഴുതുമ്പോഴും അറിഞ്ഞുകൂടാ. പക്ഷേ സമരത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞതെല്ലാം സത്യമായിരുന്നു എന്ന് തോന്നി. പിന്നീട് വിമോചന സമരം തുടങ്ങിയപ്പോൾ ഒരണ സമരം അതിന്റെ റിഹേഴ്സൽ ആയിരുന്നു എന്നും മനസ്സിലായി.
വിദൂര ഭൂതകാലത്തിലെ മൂടൽമഞ്ഞിൽ തെളിഞ്ഞുകണ്ട ചെറിയ തീനാളങ്ങൾ പോലുള്ള ഓർമകൾ പങ്കുവയ്‌ക്കാനുള്ള ഒരു ശ്രമമാണ് ഈ എഴുത്ത്. ഒപ്പം ജീവിതത്തെക്കുറിച്ചുള്ള ചില ബോധ്യങ്ങൾ രൂപപ്പെടുത്താൻ സഹായിച്ച ചില വ്യക്തികളെ ഓർത്തെടുക്കലും ആണ് ഈ കുറിപ്പുകൾ.
(അവസാനിച്ചു)










0 comments