പൊരുതിനിന്ന് ഇറാൻ, പക്ഷേ ഇനിയും കാത്തിരിക്കണം; 92 വർഷത്തിനുശേഷം ഈജിപ്ത് നോക്കൗട്ടിൽ

മെഹ്ദി തരേമിയുടെ പെനാൽറ്റി കിക്ക് ഈജിപ്ഷ്യൻ ഗോൾകീപ്പർ മോസ്തഫ ഷൊബൈർ തടുത്തപ്പോൾ
സിയാറ്റിൽ: ഗ്രൂപ്പ് ജി യിലെ നിർണായക പോരാട്ടത്തിൽ ഈജിപ്തിനെ സമനിലയിൽ തളച്ച് ഇറാൻ. ഇരുടീമുകളും ഓരോ ഗോളുകൾ വീതം നേടി മടങ്ങിയപ്പോൾ, ഈജിപ്ത് നോക്കൗട്ട് ഉറപ്പിച്ചു. 92 വർഷത്തെ ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് ഈജിപ്ത് നോക്കൗട്ടിൽ കടക്കുന്നത്. 1934ൽ ലോകകപ്പ് അരങ്ങേറ്റത്തിന് ശേഷം, നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഈജിപ്ത് നോക്കൗട്ട് ഘട്ടത്തിൽ പ്രവേശിക്കുന്നത്.
ആവേശകരമായ മത്സരത്തിൽ മഹ്മൂദ് സാബറിലൂടെ അഞ്ചാം മിനിറ്റിൽ ഈജിപ്ത് മുന്നിലെത്തി. എന്നാൽ പതിനൊന്നാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി നഷ്ടമാക്കിയത് ഇറാന് കനത്ത തിരിച്ചടിയായി. മെഹ്ദി തരേമി എടുത്ത കിക്ക് ഈജിപ്ഷ്യൻ ഗോൾകീപ്പർ മോസ്തഫ ഷൊബൈർ തടഞ്ഞത് മത്സരത്തിന്റെ ഗതിമാറ്റി. പക്ഷേ പതിനാലാം മിനിറ്റിൽ റാമിൻ റസയാനിലൂടെ ഗോൾ മടക്കി ഇറാൻ സമനില നേടി.
കളിച്ച മൂന്ന് മത്സരങ്ങളിലും സമനില വഴങ്ങിയ ഇറാന് നോക്കൗട്ട് പ്രവേശനത്തിന് ഇനിയും കാത്തിരിക്കേണ്ടിവരും. ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്തെത്തുന്ന മികച്ച എട്ട് ടീമുകളാണ് നോക്കൗട്ടിലേക്ക് യോഗ്യത നേടുന്നത്. ക്രൊയേഷ്യ- ഘാന മത്സരത്തിൽ ക്രൊയേഷ്യ തോറ്റാൽ ഇറാന് സാധ്യതയുണ്ട്. കൂടാതെ ഓസ്ട്രിയ- അൾജീരിയ മത്സരഫലവും ഇറാന്റെ നോക്കൗട്ട് പ്രവേശനത്തെ സ്വാധീനിക്കും.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ ന്യൂസീലൻഡിനെ ഒന്നിനെതിരേ അഞ്ച് ഗോളുകൾക്ക് തകർത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി ബെൽജിയം നോക്കൗട്ടിൽ കടന്നു.









0 comments