കഥ
‘പൂമ്പാറ്റ’ മാഫിയ

ക്ലീറ്റസ് വിളിച്ചു: ‘‘സാറേ... ഞാൻ തിരുവനന്തപുരത്തുണ്ട്. മോനുമുണ്ട് കൂടെ. മറ്റേ കാര്യമാ... ഒന്നു കാണാൻ പറ്റമോ?’’
‘‘പിന്നെന്ത്, താൻ െസക്രട്ടേറിയറ്റിലോട്ട് വാ... ഞാൻ ഓഫീസിലുണ്ട്.’’
പഴയ ഗഡിയാണ് ക്ലീറ്റു. മുപ്പതു കൊല്ലം മുമ്പ് ക്ലീറ്റസിനെ ഞാൻ ആദ്യമായി കണ്ടത് എറണാകുളം സൗത്ത് പാലത്തിനടിയിൽ വച്ചാ. പാതിരാത്രി. കുറ്റാങ്കുറ്റിരുട്ട്. എനിക്ക് ഡെപ്യൂട്ടി കലക്ടർ സെലക്ഷൻ കിട്ടുന്നതിനു മുമ്പുള്ള പത്രപ്രവർത്തനകാലം. എനിക്കൊപ്പം എം ജി ഇന്ദുചൂഡൻസാറുമുണ്ട്. എന്റെ മുതിർന്ന സഹപ്രവർത്തകൻ. പത്രത്തിലെ എഡിറ്റിങ് ടേബിളിലെ വേല കഴിഞ്ഞ് മടങ്ങുകയാണ് ഞങ്ങൾ.
ചിത്രീകരണം: ദേവപ്രകാശ്
ഞാൻ നാട്ടിലേക്കാണ്; സൗത്തിൽ നിന്ന് കൊല്ലത്തിനൊരു ട്രെയിൻ വരാനുണ്ട്. ഇന്ദുചൂഡൻസാർ സ്റ്റേഷൻ റോഡിലൂടെ കാരിക്കാമുറിയിലേക്ക് നടക്കും. പഴയ കൊച്ചിക്കാരനാണ്. എം കെ സാനുമാഷിന്റെ വീടിന്റെ എതിരെയാണ് താമസം.
ഞങ്ങൾ നടന്നുവരുമ്പോ ഒരു പട്ടി പെട്ടെന്ന് മുന്നിൽ ചാടി. ഞാനൊന്ന് പകച്ചു. ഇന്ദുസാർ നിസ്സാരമായി വിരൽഞൊടിച്ച് അതിനെ ശാന്തനാക്കി. അവന്റെ നെറ്റിയിലൊന്ന് തടവി.
അതിനെ വിട്ട് നടക്കുമ്പോ ഞാൻ പറഞ്ഞു: ‘‘എനക്ക് ഒരു എതവും പരുവവും പിടിക്കാൻ പറ്റിയിട്ടില്ലാത്ത ജീവിയാ ഇത്‐ ഈ നായ. അതിനോട് സ്‌നേഹമൊക്കെയുണ്ട്. പണ്ട് പൂമ്പാറ്റ എന്നൊരു മാസികയുണ്ടായിരുന്നില്ലേ... കുട്ടികളുടെ...’’
‘‘ങാ.’’ സാറ് മൂളി.
‘‘അതിന്റകത്ത് ‘സ്‌നേഹത്തിന്റെ കഥകൾ’ എന്നൊരു സീരീസ് ഉണ്ടായിരുന്നു. മൃഗങ്ങളും മനുഷ്യനും തമ്മിലുള്ള സ്‌നേഹത്തിന്റെ കഥകളാണ്. കൂടുതലും പട്ടികളുടേതാണ്. ഹൊ. അന്നൊക്കെ അത് വായിക്കുമ്പോ എന്തൊരു ത്രില്ലായിരുന്നു. നായ്‌ക്കളെ ഭയങ്കരമായി സ്‌നേഹിക്കാൻ തോന്നുമായിരുന്നു.’’
‘‘ങാ. ഞാനാ അത് എഴുതിയത്.’’
ഒരു നിമിഷം ഞാനൊന്ന് സ്‌തംഭിച്ചുപോയി. സാറ് രണ്ടുചുവടു മുന്നിലെത്തി. ഞാൻ സാറിനൊപ്പമെത്തി പറഞ്ഞു: ‘‘ഹൊ. അതു ഭയങ്കര യാദൃച്ഛികതയായിപ്പോയല്ലോ സർ.’’
സർ മറുപടിയൊന്നും പറഞ്ഞില്ല.
‘‘സാറ് എത്ര കാലമുണ്ടായിരുന്നു പൂമ്പാറ്റയിൽ...’’
‘‘അതിന്റെ നല്ലകാലത്ത്. പിന്നെ മോഹനൻസാറുമായി ബാലരമയിലേക്ക് വരികയല്ലാരുന്നോ...’’
സാറ് കണ്ണടയിലെ സോഡാ ലെൻസിലൂടെ ഇടംവലം നോക്കി ദൂരെനിന്ന് ട്രെയിൻ വരുന്നോ എന്നറിയാൻ ഒരു നിമിഷം ജാഗ്രതയിലായി. ഇരുട്ടു മാറി റെയിൽവേ പാളത്തിൽ നിലാവ് വന്നടിച്ച് തിളങ്ങിയത് സൗകര്യമായി. ഞാൻ സാറിന്റെ കൈ പിടിച്ച് പാളം മറികടന്നു. പെട്ടെന്നാണത് സംഭവിച്ചത്. മേൽപ്പാലത്തിന്റെ തൂണിന്റെ മറവിൽനിന്ന് ഒരുത്തൻ ഒരു കത്തിയുമായി എടുത്തുചാടി ആക്രോശിച്ചു‐ ‘നിൽക്കടാ അവിടെ.’ ഞാൻ കിടുങ്ങിപ്പോയി. അടുത്ത നിമിഷം അപ്രതീക്ഷിതമായി ഇന്ദുസാറിന്റെ ശബ്ദമുയർന്നു: ‘‘ക്ലീറ്റസേ...’’
ഒരു നിമിഷം. സാറിന്റെ അലർച്ചയിൽ കത്തിയുമായി വന്നവൻ ഉലഞ്ഞുപോയി. അവൻ കൊഞ്ചുപോലൊന്ന് വളഞ്ഞു. അവൻ ശബ്ദം താഴ്‌ത്തി കുറ്റബോധത്തോടെ പറഞ്ഞു; അയ്യോ. ഇന്ദുസാറോ...
അവൻ പെട്ടെന്ന് കത്തി മുതുകിലേക്ക് മാറ്റി വളിച്ച ചിരിയോടെ പിറകോട്ടു രണ്ടടി വച്ചു. ഇന്ദുസാറിന്റെ ശബ്ദം വീണ്ടുമുയർന്നു: ‘‘മര്യാദകേട് കാണിക്കുന്നോടാ...’’
ക്ലീറ്റസ് ‘സോറി. സാറേ. പറ്റിപ്പോയി. നിർത്തുകയാ... നിർത്തുകയാ...’ എന്നു പറഞ്ഞ് പെട്ടെന്ന് തിരിഞ്ഞ് വേഗം നടന്ന് ഒരു തൂണിന്റെ മറവിലൂടെ അപ്രത്യക്ഷനായി.
സാറ് അവിടെനിന്ന് ഒച്ചവച്ചു: ‘‘നിന്റെ ടോണിപ്പട്ടിയെ കണ്ടപ്പോ തന്നെ എനിക്ക് മനസ്സിലായി. നീയിവിടെ ഉണ്ടെന്ന്. പറഞ്ഞിട്ടുണ്ട്. മനോരമേന്ന് ജോലി കഴിഞ്ഞ് ആൾക്കാരു വരും. നിന്റെ അഹങ്കാരം കാണിക്കരുതെന്ന്... നീയങ്ങ് വാ. ഞാൻ കാണിച്ചുതരാം.’’
കേൾക്കാൻ അവിടെങ്ങും ക്ലീറ്റസ് ഉണ്ടായിരുന്നില്ല. എനിക്ക് ഭയങ്കര സുരക്ഷിതത്വം തോന്നി.
ഞങ്ങൾ മെല്ലെ റയിൽവേസ്റ്റേഷൻ ഭാഗത്തേക്ക് നടന്നു. നിരപ്പായി, സ്വസ്ഥതയായപ്പോ ഞാൻ ചോദിച്ചു: ‘‘സാറിനറിയാവുന്ന പാർടിയാ ഇല്ലേ...’’
ഇന്ദുസാറ് പൊട്ടിച്ചിരിച്ചു: ‘‘പാവത്താനാ. ഭയങ്കര യാദൃച്ഛികതയായിപ്പോയി. നമ്മളിപ്പോ പൂമ്പാറ്റയിലെ ‘സ്‌നേഹത്തിന്റെ കഥ’കളെ കുറിച്ച് പറഞ്ഞില്ലേ? അതെഴുതിയതിന് ഇവനാ കാരണക്കാരൻ. ഈ ക്ലീറ്റു. കൊച്ചിയിൽ കറങ്ങി നടന്ന് കൊച്ചിലേ തുടങ്ങിയ ഉഡായിപ്പാ ഇവന്റെ ലൈഫ്.’’
ഊറിച്ചിരിച്ചിട്ട് തുടർന്നു: ‘‘സ്ട്രീറ്റിൽനിന്ന് പട്ടികളെയൊക്കെ എടുത്തുകൊണ്ടുവരും. സിറ്റ് ഡൗൺ, സ്റ്റാൻഡപ്പ് ഒക്കെ പഠിപ്പിച്ച് ഫോട്ട് കൊച്ചിയിലൊക്കെ കൊണ്ടുനടന്ന് സായിപ്പന്മാർക്ക് വിൽക്കും. ചിലപ്പോ അവന്മാരുടെ കയ്യീന്ന് തന്നെ അതിനെത്തന്നെ അടിച്ചോണ്ടുംപോകും. മൂന്നാലെണ്ണത്തിനെ എന്റെ വീട്ടിനു മുന്നിലെ പോസ്റ്റിൽ കെട്ടിയിട്ടായിരുന്നു പരിശീലനം. ചില വാക്കിന്റെ ഇംഗ്ലീഷ് ചോദിച്ചു വരും. പട്ടിയെ പഠിപ്പിക്കാൻ. പറഞ്ഞുവിട്ടാലും പോവൂല്ല. ഒരു ദിവസം ചോദിച്ചു: ഇതുങ്ങളെ ഗേറ്റിനകത്ത് ഇട്ടൊന്ന് പഠിപ്പിച്ചോട്ടെ... പുറത്ത് കൊടിച്ചിപ്പട്ടികളുടെ ശല്യം.
ഞാൻ പറഞ്ഞു: അതൊന്നും പറ്റൂല്ല ക്ലീറ്റസേ. നിന്നെ വീട്ടിക്കേറ്റാൻ കൊള്ളൂല്ല.
ക്ലീറ്റസ് പറഞ്ഞു: പ്രധാനപ്പെട്ട ഒരു പാഠമാ ഇന്ന്. െഗറ്റ് ഇൻ. ഗെറ്റ് ഔട്ടാ. അത് ഗേറ്റുണ്ടെങ്കിലേ പറ്റൂ. റോഡിൽ പറ്റൂല്ല സാറേ. ഗേറ്റിനകത്ത് നിന്നേ അത് പഠിപ്പിക്കാൻ പറ്റൂ...
‘ഉഡായിപ്പ് എറക്കല്ലേ... ക്ലീറ്റൂ.’
ക്ലീറ്റു പറഞ്ഞു: സാറേ. മോഷണം അലമ്പാ. വിറ്റ നായെ തിരിച്ചുപിടിക്കുന്ന പണി നിർത്തി. ആറു മാസത്തിനകം ഞാൻ ഡീസന്റ് ആകും. അതിന്റെ ഏർജ് കിട്ടിത്തുടങ്ങിയിട്ടുണ്ട്.
ക്ലീറ്റു എവിടുന്നോ കിട്ടിയ ഇംഗ്ലീഷ് പറഞ്ഞു.
‘ഏർജ് വളർത്തി വിജയിപ്പിച്ചെടുക്കാനാ സാറേ ഈ ആറു മാസം. അതിനെ തടസ്സപ്പെടുത്തരുത്.’
ഇന്ദുസാർ അതാലോചിച്ച് പിന്നേം ഉറക്കെച്ചിരിച്ചുകൊണ്ടു തുടർന്നു: ‘‘ഞാൻ ഒറ്റാന്തടിയാണല്ലോ. അമ്മ മാത്രം. അമ്മയെ ഇവൻ ഓൾറെഡി കയ്യിലാക്കിക്കഴിഞ്ഞിരുന്നു. അമ്മയ്‌ക്ക് പട്ടിക്കുട്ടികളെ ഇഷ്ടപ്പെട്ടു. പയ്യെ എനിക്കും. എവൻ കാരണമാ അന്ന് പൂമ്പാറ്റയിലെ ‘സ്‌നേഹത്തിന്റെ കഥകളിൽ’ ഇത്രേം പട്ടി വന്നത്. ഇവന്റെ കോൺട്രിബ്യൂഷനാ. കറക്ട് അതിനെ കുറിച്ചുള്ള ചോദ്യം വന്നപ്പോ തന്നെ ക്ലീറ്റു നമ്മുടെ മുന്നീ ചാടിയല്ലോ.’’
സ്റ്റേഷനിലെ ടൈം ചാർട്ട് നോക്കിയപ്പോ, എനിക്കുള്ള ട്രെയിൻ ഒന്നര മണിക്കൂർ ലേറ്റാണ്. ഇന്ദുസാർ ചോദിച്ചു: ‘‘എന്തു പറയുന്നു? വീട്ടിലൊന്ന് കേറി റിലാക്‌സ് ചെയ്‌തിട്ടു പോയാലോ?’’
മുന്നോട്ടു നടക്കുമ്പോ ഞാൻ പറഞ്ഞു: ‘‘കേട്ടോ സാറേ. ഞാൻ ആദ്യമായി വായിച്ച പുസ്തകം ഏതെന്ന് എനിക്കിപ്പോഴും ഓർമയുണ്ട്. അത് എത്രാം തീയതിയാണ് വായിച്ചതെന്നും ഓർമയുണ്ട്. 1980 ഡിസംബർ 25‐നാണത്. ക്രിസ്മസ് ആയതിനാൽ അച്ഛന് അവധിയായിരുന്നു. അന്ന് അച്ഛൻ എനിക്കൊരു കഥാപുസ്തകം വാങ്ങിക്കൊണ്ടു വന്നു. പൂമ്പാറ്റ അമർചിത്രകഥയുടെ പതിനൊന്നാമത്തെ ലക്കം. പരീക്ഷിത്ത്. ആറ് വയസ്സ്. വായിക്കാൻ അറിയുമായിരുന്നില്ല. അച്ഛൻ വീട്ടിലെ തൂണും ചാരിയിരുന്ന് മണ്ണെണ്ണ ചിമ്മിനിയുടെ വെട്ടത്തിൽ എനിക്ക് ഓരോ ചിത്രങ്ങളും കാട്ടി കഥ പറഞ്ഞുതന്നു. പിന്നെ സ്ഥിരമായി വാങ്ങിച്ചുതുടങ്ങി. 16‐ാമത്തെ ഇഷ്യു ശ്രീ അയ്യപ്പനാണ്. നമുക്ക് കുറച്ചൂടി അറ്റാച്ച്മെന്റുള്ള പാർടിയാണല്ലോ പുള്ളിക്കാരൻ. ഞാനെന്റെ വല്യമ്മയുടെ മകൻ ചന്ദ്രയണ്ണന്റെ സൈക്കിളിന്റെ പിറകെയിരുന്ന് പ്രാർഥിക്കുന്നത് ഓർമയുണ്ട്. അയ്യപ്പാ: പുതിയ ലക്കം ഇറങ്ങിക്കാണണേ...
ചിത്രീകരണം: ദേവപ്രകാശ്
പുത്തൻചന്തയിൽ കത്താള് തങ്കപ്പേണ്ണന്റെ കടയിൽ ചെന്നപ്പോ, നൂലിലെ കടിച്ചുപിടിയിൽ കെട്ടിയിട്ടിരിക്കുന്ന ‘ശ്രീ അയ്യപ്പൻ’ എന്നെക്കണ്ട് കാറ്റിൽ കൈയാട്ടിവിളിച്ചു. പരീക്ഷിത്തിന്റെ കണക്കുവച്ച് കൃത്യം ഏതാണ്ട് ഏതു ദിവസമാ ഞാൻ അയ്യപ്പൻ വായിക്കാൻ പോയതെന്നും കണക്കുകൂട്ടാം. അന്ന് ദ്വൈവാരികയാണല്ലോ അത്.’’
ഇന്ദുസാറ് പറഞ്ഞു: ‘‘എന്റെ ഗോപിനാരായണാ... എനിക്കിത് വർക്കാവൂല്ല. ഈ നൊസ്റ്റാൾജിയ. പ്ലീസ്.’’
‘‘എനിക്കു പക്ഷേ ഭയങ്കര പ്രശ്നമാ സാറേ ഈ പഴേ ഓർമകളേ...’’
പിന്നിൽ ഒരു പട്ടിയുടെ കുര. ഇന്ദുസാർ തിരിഞ്ഞു: ‘‘ടോണിപ്പട്ടിയാണല്ലോ. തിരിച്ച് ക്ലീറ്റു കൊണ്ടാക്കും.’’
‘‘അയ്യോ.’’
‘‘പേടിക്കണ്ട. ഒരിക്കൽ ഫ്രണ്ടായാ ചാകുന്നതുവരെ അവൻ വിടുകേല. ഒരു തരം നായ സ്വഭാവം തന്നെ.’’
2
ഞാൻ തിരുവനന്തപുരത്ത് ഉദ്യോഗമായി പോയപ്പോഴും ക്ലീറ്റസ് ബന്ധം വിട്ടില്ല. ഇടയ്‌ക്ക് കാണാൻ വന്നു. ചെറിയ ദാരിദ്ര്യമുണ്ട്. പക്ഷേ പഴയ സ്വഭാവമൊക്കെ വിട്ടിരുന്നു.
മകൻ സിവിൽ സർവീസിന് പഠിക്കാനായി തിരുവനന്തപുരത്ത് വന്നു. അവന് തരക്കേടില്ലാത്ത ഒരു കോച്ചിങ് സെന്ററിൽ പറഞ്ഞ് അഡ്മിഷൻ വാങ്ങിക്കൊടുത്തു. ഇനി താമസിക്കാനൊരു ഇടം വേണം. ഞാൻ പറഞ്ഞു: ‘‘കവടിയാർ ജവാഹർനഗറിൽ ഒരു നല്ല വീടുണ്ട്. ഒരു സ്‌ത്രീയുണ്ട്. ഇടപെടാൻ പാടാണ്. പക്ഷേ വളരെ സ്ട്രെയിറ്റാണ്. മുഖത്തടിച്ചതു പോലെ പറയും. സ്വഭാവമാണ്. മനസ്സിലാക്കണം. അവരുടെ കുടുംബസ്വത്താണ്. ഒന്നു പോയി ചോദിക്ക്. എന്റെ കാര്യം പറയരുത്. കിട്ടില്ല.’’
അതിനെ കുറിച്ച് പറയാനാണ് ക്ലീറ്റസ് വന്നത്. ഓഫീസിൽ തിരക്ക് കുറവായിരുന്നു. ക്ലീറ്റസിന്റെ മകനും ഒപ്പമുണ്ട്. ഞാൻ ചോദിച്ചു: ‘‘എന്തായി? വീട് ഇഷ്ടപ്പെട്ടോ?’’
അവൻ പറഞ്ഞു: ‘‘കൊള്ളാം. എന്തൊരു വിശാലമായ കോംപൗണ്ടാ...’’
ഞാൻ പറഞ്ഞു: ‘‘ങാ. ആ ലേഡിയുടെ അച്ഛൻ ഗവ. സെക്രട്ടറിയായിരുന്നല്ലോ. അന്നത്തെ ഐഎഎസ്സുകാരുടെ ഗൂഢാലോചനയായിരുന്നു ആ നഗർ. മാഡം എന്തു പറഞ്ഞു? ഡീറ്റെയ്ൽഡായിട്ടു പറ...’’
ക്ലീറ്റസിന്റെ മകൻ പറഞ്ഞു: ‘‘ഞാനാണ് മോളിക്കുട്ടി അനിരുദ്ധൻ എന്നു പറഞ്ഞ് മാഡം പുറത്തേക്കിറങ്ങി വന്നു. ഞങ്ങളെഴുന്നേറ്റു. അങ്കിൾ പറഞ്ഞത് കറക്ടാ. ഒട്ടും ഫ്രണ്ട്‌ലി അല്ലായിരുന്നു.
ഞാൻ പറഞ്ഞു: എന്റെ പേര് സുഹാസ്. കൊച്ചിയിൽ നിന്നാണ്. ഒപ്പം എന്റെ കൂട്ടുകാരിയുണ്ടായിരുന്നു കൂടെ. നയന. ഇടുക്കിക്കാരി. അവളെയും പരിചയപ്പെടുത്തി.
‘‘അപ്പോ അവരെന്തു പറഞ്ഞു?’’
‘‘നിങ്ങൾ കോ ലിവിങ് ആണോ എന്നു ചോദിച്ചു. അയ്യോ അല്ലെന്ന് പറഞ്ഞപ്പോ ആണേലും എനിക്കൊന്നുമില്ല എന്നു പറഞ്ഞു.’’
ഞങ്ങൾ പറഞ്ഞു: തിരുവനന്തപുരത്ത് സിവിൽസർവീസ് എക്സാമിന് പഠിക്കാനായി എത്തിയതാണ്. നാലു പേർ കൂടിയുണ്ട്.
‘‘എത്ര പേരുണ്ടേലും കുഴപ്പമില്ല. ഇവിടെ കവടിയാറിൽ സ്വീവേജ് കണക്ഷനുണ്ടല്ലോ. പിന്നൊരു കാര്യം. ഇവിടെ സദാചാരം നോക്കാൻ ആരുമില്ല. പക്ഷേ കോണ്ടം, പാഡ് ഒന്നും ഫ്ലഷ് ചെയ്യരുത്. ചെയ്‌താൽ പ്ലംബറെ നിങ്ങൾ തന്നെ നോക്കേണ്ടി വരും. പ്ലംബർ എന്നല്ല. പ്ലമർ എന്നാ പറഞ്ഞത്. ആദ്യം എനിക്ക് മനസ്സിലായില്ല. അതാ ഉച്ചാരണമെന്ന് പറഞ്ഞു.’’
ഞാൻ പറഞ്ഞു: ‘‘പിന്നേ, കോൺവന്റ് ഇംഗ്ലീഷാ. ഉച്ചാരണം പറഞ്ഞ് കളിയാക്കും മറ്റുള്ളവരെ...’’ ഞാൻ ക്ലീറ്റുവിന്റെ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചു.
സുഹാസ് തുടർന്നു: മാഡം പറഞ്ഞു. ബഹളം ഒക്കെയാകാം. എനിക്കിഷ്ടമാ. ഒരു പരിധി വേണം. അത്രേയുള്ളൂ. ഞാൻ ഏതു ബഹളത്തിലും ഉറങ്ങും. അയൽക്കാരുടെ പരാതി വരരുത്. വന്നാലും ഞാൻ നിങ്ങളുടെ കൂടെ നിൽക്കും. അതു വേറെ കാര്യം.
‘‘ബഹളമുണ്ടാവില്ല, മാഡം. വാടക എത്രയാ?’’
‘‘42 തൗസന്റ്. ആളൊന്നിന് ഏഴായിരം വീതം. നോ ബാർഗെയ്ൻ...’’
ഞാൻ ചോദിച്ചു: ‘‘അപ്പോ നിങ്ങൾ എന്തു പറഞ്ഞു?’’
ഞാൻ പറഞ്ഞു: അത്രയും അഫോഡ് ചെയ്യാൻ പറ്റില്ല മാഡം.
മാഡം ഒരു ദാക്ഷിണ്യവുമില്ലാതെ പറഞ്ഞു: ഇത് ഒട്ടും കൂടുതലല്ല. നിങ്ങൾക്ക് റോയലായി നിന്ന് പഠിക്കാം. എക്സാമിൽ ചാൻസു കൂടും. പിന്നെ അഫോഡബിലിറ്റി... ഞങ്ങളും ഫിനാൻഷ്യലി വളരെ ബായ്‌ക്ക്‌വേഡ് ആയിരുന്നു. എന്റെ അച്ഛൻ സർവീസിൽ വന്നിട്ടാണ് മെല്ലെ ഉയർന്നത്. ഞാൻ പിന്നെ ബിസിനസ് ചെയ്‌തു. ആദ്യം ഒരുപാട് കഷ്ടപ്പെട്ടു. ഫൈറ്റ് ചെയ്‌ത് കേറി വരണം. പഠിത്തത്തോടൊപ്പം ഒന്നു രണ്ടു മണിക്കൂർ വർക്ക് ചെയ്യാം. അപ്പോ ഫൈറ്റിങ് സ്‌പിരിറ്റ് കൂടും. അല്ലാതെ ഡിസ്‌കൗണ്ട് ചോദിക്കരുത്. ഞാൻ ഡിസ്‌കൗണ്ട് കൊടുക്കാറില്ല.
നയനയുടെ കണ്ണു നിറഞ്ഞു. അവൾ പറഞ്ഞു: മാഡം, ഞങ്ങളിൽ പലരും പാർടൈം വർക്ക് ചെയ്‌തിട്ടാ...
‘‘ങാ. തനിക്കെന്താ പാർടൈം വർക്ക്?’’
‘‘ഞാൻ പഴയ അക്കാദമിക് ബുക്സ് ഒക്കെ ആവശ്യമായവർക്ക് എത്തിച്ചുകൊടുക്കും. ഈ ഓൺലൈൻ വഴി ഓർഡർ എടുത്ത്...’’
മോളിക്കുട്ടി മാഡം അന്നേരം പറഞ്ഞു: ഈ പഴേ പുസ്തകമെന്നു വച്ചാ... ഞാൻ പറയുന്ന പുസ്തകം എത്തിച്ചു തരുമോ?
‘‘ഏതാ മാഡം?’’
‘‘പൂമ്പാറ്റ അമർചിത്രകഥ. പഴയത്. പരീക്ഷിത്ത്. പതിനൊന്നാം നമ്പർ ഇഷ്യു. 1980ൽ അടിച്ചിറക്കിയത്. അതു തന്നെ വേണം. കവർ ഉൾപ്പെടെ വേണം. കീറൽ ഉണ്ടാകരുത്.’’
ഞങ്ങൾക്കൊന്നും മനസ്സിലായില്ല.
മാഡം അകത്തേക്ക് പോയി സുരക്ഷിതമായി വെളുത്ത പ്ലാസ്റ്റിക് ഫയലിൽ സൂക്ഷിച്ചിരുന്ന രണ്ട് ‘പരീക്ഷിത്ത്’ ചിത്രകഥ എടുത്തുകൊണ്ട് വന്നിട്ടു പറഞ്ഞു: വലിയ വില കൊടുത്തു സംഘടിപ്പിച്ചതാണ്. ഇതു ഞാൻ കഴിഞ്ഞ ഏഴെട്ടു മാസമായി ഭ്രാന്തമായി അന്വേഷിച്ചോണ്ടിരിക്കുകയാ. പഴയ പുസ്തകങ്ങൾ വിൽക്കുന്ന സൈറ്റുകളിൽ മോഹവില ഇട്ടുകൊണ്ടിരിക്കുകയാ. ഇനി കിട്ടാനില്ല. അഥവാ ഉള്ളവർ, ഇങ്ങനെ ആവശ്യക്കാരുണ്ടെന്ന് മനസ്സിലാക്കിയിട്ടില്ല. ഏതാണ്ട് ഡെഡ് ആയിക്കഴിഞ്ഞു, അതിന്റെ മാർക്കറ്റ്. പക്ഷേ നിങ്ങൾക്ക് ഇതുപോലെ അന്നത്തെ ഒരു കോപ്പി കൊണ്ടുവരാൻ കഴിഞ്ഞാ, ഒരു മാസത്തെ വാടക ഒഴിവാക്കിത്തരാം. രണ്ടാമത് മറ്റൊരു കോപ്പി കൊണ്ടുതന്നാ രണ്ടു മാസത്തെ വാടക വേണ്ട. മൂന്നാമത്തേത് കൊണ്ടുവന്നാ, വീണ്ടും ഇരട്ടി അതായത് നാലു മാസത്തെ... എന്തു പറയുന്നു?
ഞാൻ അന്തംവിട്ട് നയനയുടെ മുഖത്തു നോക്കി. അവൾ പരീക്ഷിത്ത് എന്ന ആ ഇഷ്യുവിന്റെ ഫോട്ടോയെടുത്തു.
നയന അറിയാതെ ചോദിച്ചു: ‘‘എന്തിനാ മാഡം ഇത്...’’
‘‘അത് നിങ്ങളറിയണ്ട... പതിനഞ്ചു ദിവസം തരാം. എന്നിട്ടേ ഞാൻ വീട് വേറെ ആർക്കെങ്കിലും കൊടുക്കൂ. ഓർക്കണം. 1980 എഡിഷൻ തന്നെ വേണം. പൂമ്പാറ്റ അമർചിത്രകഥ. ഒരു പൈകോ പ്രസിദ്ധീകരണം.’’
ഞങ്ങൾ അന്തംവിട്ടു നിൽക്കുമ്പോ മാഡം പറഞ്ഞു: ഏതോ മനുഷ്യരുടെ സ്വകാര്യ ലൈബ്രറിയിൽ ഉറങ്ങിക്കിടക്കുകയാകും, അന്വേഷിക്ക്. മറ്റൊരു കിടിലൻ ഓഫർ കൂടിത്തരാം. അക്കാലത്ത് എൺപതുകളുടെ തുടക്കത്തിൽ, പൂമ്പാറ്റയിൽ പരസ്യം ചെയ്‌ത് വിറ്റ ഒരു പാവയുണ്ട്. ‘എനിക്കും വേണം പൂമ്പാറ്റ’ എന്ന ബാനറും പിടിച്ച് കുത്തിയിരിക്കുന്ന കപീഷ്. കപീഷിനെ അറിയില്ലേ?
‘‘കപീഷ്. എവിടെയോ കേട്ടിട്ടുണ്ട്.’’ നയന സംശയിച്ച് എന്നെ നോക്കി.
‘‘ഒരു ചിത്രകഥയിലെ നായകനാണ്. വാലു നീട്ടുന്ന ഒരു കുരങ്ങൻ.’’
‘‘ഓക്കെ...’’
‘‘ഒന്നു രണ്ടു പാവ എന്റടുത്തു വന്നു. ലോകത്തില്ലാത്ത കാശാണ് പറഞ്ഞത്. പക്ഷേ ഒന്നിന് കപീഷിന്റെ കൈയിലെ ‘എനിക്കും വേണം പൂമ്പാറ്റ’ ബാനറില്ല. ആ ബാനറിന്റെ കമ്പി ഊരിപ്പോയി. മറ്റൊന്നിലെ അക്ഷരത്തിന്റെ ലേബൽ ഇളകിപ്പോയി. അതു പറ്റില്ല. പെർഫെക്ട് ആയ അന്നത്തെ ഒരു പാവയെ കിട്ടിയാൽ ഒരു കൊല്ലത്തേക്ക് നിങ്ങളെനിക്ക് ഒരു പുല്ലും തരണ്ട, വാടകയിനത്തിൽ. പോരേ...’’
സുഹാസ് പറഞ്ഞു. ഞങ്ങൾ അന്തംവിട്ട് അങ്ങോട്ടുമിങ്ങോട്ടും നോക്കി. സത്യത്തിൽ മാഡത്തിന് എന്തെങ്കിലും പ്രശ്നമുണ്ടോയെന്ന് സംശയിച്ചു.
ഞാൻ പറഞ്ഞു: ‘‘നല്ല ഓഫറാ. ഒന്ന് ശ്രമിച്ചു നോക്ക്.’’
ഞാൻ ക്ലീറ്റുവിനോടു പറഞ്ഞു: താനിന്ന് തിരിച്ചുപോകണ്ട. മുറി പറയാം. വൈകിട്ട് കാണാം.
ചിത്രീകരണം: ദേവപ്രകാശ്
3
വൈകിട്ട് മാസ്കറ്റ് ഹോട്ടലിന്റെ ബാറിൽ ചെല്ലുമ്പോ അവിടെ ക്ലീറ്റു വന്നിരിപ്പുണ്ടായിരുന്നു. അയാൾ പറഞ്ഞു: ഞാൻ ഒരെണ്ണം പെരുക്കി. രണ്ടാമത്തേതിന് പറഞ്ഞു. ക്ഷീണിച്ചു. പകൽ മൊത്തം തിരുവനന്തപുരത്തെയും കൊച്ചിയിലെയും നമ്മുടെ മാഫിയകളുമായി ചർച്ചയായിരുന്നു. രണ്ടിടത്തെയും പഴേ പുസ്തകക്കച്ചവടക്കാരുമായി ബന്ധപ്പെട്ടു. സുഹാസും ആ പെൺകൊച്ചുമൊക്കെ ഇതുമായി ബന്ധപ്പെട്ട പല ൈസറ്റുകളിലും കയറിനോക്കി. ഒരു തരം ഭ്രാന്താ അത്. മാഡം അതിലൊരു കണ്ണി മാത്രം.
ഞാൻ ഒരു ഡ്രിങ്കിന് പറയുമ്പോ ക്ലീറ്റു കയ്യിലെ കടലാസെടുത്ത് വായിച്ചു: ഇതാ കിട്ടിയ വിവരങ്ങൾ. പഴേ അമർചിത്രകഥയ്‌ക്ക് 500 മുതൽ ആയിരം രൂപവരെ വിലയുണ്ട്, ഈ അധോലോകത്ത്. നമുക്ക് പ്രത്യേകിച്ച് ഏതെങ്കിലും മാഗസിൻ വേണമെങ്കിൽ വില കേറും.
ഞാൻ ന്യായീകരിച്ചു: അത് ഓരോരുത്തരുടെ ഓർമയുമായി ബന്ധപ്പെട്ട് കിടക്കുന്ന കാര്യമായിരിക്കും. കാശ് കുറേ കഴിയുമ്പോ അപ്രസക്തമാകും. ഓർമയ്‌ക്കാകും പശപശപ്പ്.
ക്ലീറ്റു തുടർന്നു: പഴേ റഷ്യൻ ബാലസാഹിത്യത്തിനും നല്ല വിലയുണ്ട്. 2000 വരെ. പഴേ സോവിയറ്റ് നാട് മാഗസിനും ആവശ്യക്കാരുണ്ട്. പ്രായം അമ്പതുകളുടെ തുടക്കത്തിലുള്ള ഒരു ഡോക്ടർ ഫാമിലി, ബലൂൺ എന്നൊരു പഴയ മാഗസിൻ... കുറച്ചെണ്ണമേ ഇറങ്ങിയിട്ടുള്ളൂ... അതിലെ ആദ്യ ഇഷ്യുവിന് 25,000 വരെ പറഞ്ഞു.
ഞാൻ പറഞ്ഞു: അതിൽ കേറിയത് ഞാൻ കണ്ടിട്ടുണ്ട്.
ക്ലീറ്റു വായിച്ചു: പിന്നെന്താ... ചിത്രമഞ്ജുഷ, എസ്ടിആർ ചിത്രകഥ, പമ്പരം...
ഡ്രിങ്ക് സിപ് ചെയ്‌തുകൊണ്ട് ഞാൻ ചോദിച്ചു: പരീക്ഷിത്തിന്റെ കാര്യമെന്തായി?
‘‘അതിന് ഭയങ്കര അന്വേഷണമാ. പലരും നടത്തുന്നുണ്ട്. തിരുവനന്തപുരത്തെ ഒരു മാഡം ഇരുപതിനായിരം വരെ പറഞ്ഞിട്ടുണ്ട്.’’
‘‘അത് എന്റെ മാഡം തന്നെയാരിക്കും...’’
‘‘സത്യത്തീ എന്തിനാ ഈ ഭ്രാന്ത്?’’
ഞാൻ വെയ്റ്ററെ കയ്യാട്ടി വിളിച്ചുകൊണ്ടു പറഞ്ഞു: താൻ അടുത്ത ഡ്രിങ്ക് പറ. കഴിക്കാനൊന്നും വേണ്ടേ?
ശേഷം ബാഗിൽനിന്ന് രണ്ട് പരീക്ഷിത്ത് ചിത്രകഥകൾ എടുത്തു മേശപ്പുറത്തു വച്ചു.
ക്ലീറ്റു അന്തംവിട്ടു നോക്കി.
പിന്നെ ബാഗിൽനിന്ന് ഒരു ചെറിയ പാവയെ പുറത്തെടുത്തുവച്ചു. ക്ലീറ്റു ചോദിച്ചു: ‘‘ഇതെന്താ?’’
‘‘ഇതാണ് കപീഷ്. മോളിക്കുട്ടി പറഞ്ഞ പാവ. ‘എനിക്കും വേണം പൂമ്പാറ്റ’ ബാനറിന് ഒരു പൊടി പോലും ഇളകിയിട്ടില്ല. കഴിഞ്ഞ ആറേഴു മാസം ഇതിന്റെ പിറകെയായിരുന്നു. ഭ്രാന്ത്. കേരളം മുഴുവൻ അലഞ്ഞു.’’
ഞാൻ അതിന്റെ വയറിൽ ഞെക്കി. ചെറിയൊരു പീ പീ ശബ്ദം കേട്ടു.
‘‘കണ്ടോ. അതിന്റെ പീപ്പീ പോലും വർക്കിങ് കണ്ടിഷനാ... താനിത് മോന് കൊടുക്കണം. പുള്ളാര് പഠിക്കട്ട്... ഒപ്പം മോളിക്കുട്ടി അന്തംവിടും. പക്ഷേ എന്താ അവന്റെ പേര്. സുഹാസ്. മോൻ പോലുമറിയരുത്, എവിടുന്നാ കിട്ടിയതെന്ന്. മനസ്സിലായോ?’’
ഇല്ലെന്ന് തലയാട്ടിക്കൊണ്ട് ക്ലീറ്റു ചോദിച്ചു: ഇത്രേം കഷ്ടപ്പെട്ട് സംഘടിപ്പിച്ചിട്ട് എന്തിനാ... എന്തിനായിരുന്നു ഈ ഭ്രാന്ത്?
‘‘താനെന്തിനാ കൊച്ചിയിലെ റോഡില് ഇപ്പളും നല്ല പട്ടിക്കുട്ടികളെ കണ്ടാ എടുത്തോണ്ടു പോകുന്നത്... ങേ?’’
ക്ലീറ്റു കീഴടങ്ങി ഒരു ചിരി ചിരിച്ചു.
കപീഷിനെ നോക്കി ഞാൻ പറഞ്ഞു: അന്ന് ഈ പാവ ഞാനും വാങ്ങിയിരുന്നു. അന്ന് 12 രൂപ 50 പൈസ. നമ്മുടെ കൊച്ചിലേയുള്ള പല സങ്കടങ്ങളിലും കൂട്ടിരുന്നതാ. എന്നോ നഷ്ടപ്പെട്ടു. പരീക്ഷിത്ത് കീറിപ്പോയി.
കണ്ണു നനയുന്നുണ്ടോയെന്ന് എനിക്കു തന്നെ സംശയം തോന്നി.
ക്ലീറ്റസ് ചോദിച്ചു: ‘‘ഇത് മാഡത്തിന് കൊടുത്താ... സാറ് അത്രേം ഇഷ്ടത്തീ സംഘടിപ്പിച്ചതല്ലേ...’’
ഞാൻ വേദനയോടെ പറഞ്ഞു: ‘‘നമ്മൾ നൊസ്റ്റാൾജിയ വിട്ടു. അടുത്ത മോഡിലേക്ക് മാറി. മാറാൻ പറ്റുമോന്ന് ചോദിച്ചാ അറിഞ്ഞൂടാ. ഇത് ഉപേക്ഷിക്കുന്നത് എങ്ങനെ ബാധിക്കുമെന്ന് അറിയില്ല. പക്ഷേ ഉപേക്ഷിക്കാമെന്നായിട്ടുണ്ട്. നൊസ്റ്റാൾജിയ ഇനിയുള്ള പ്രായത്തിൽ അപകടമാ. നല്ല മാങ്ങ, പഴുത്തുപാകമാകുമ്പോ കഴിക്കണം. കുറച്ചു കഴിയുമ്പോ പഴുത്തു കറുക്കും. പിന്നെ പുഴുക്കും. ചിമ്മിനിവെട്ടത്തിൽ എനിക്ക് പരീക്ഷിത്ത് വായിച്ചു തന്ന അച്ഛൻ പോയി. അതിനു മുമ്പേ പൂമ്പാറ്റ നിന്നു. പതിനാറാമത്തെ ഇഷ്യു വാങ്ങിച്ചുതന്ന ചന്ദ്രേണ്ണനും കഴിഞ്ഞ മാസം പോയി. നമ്മൾ എക്സ്പോസ്ഡ് ആയി. മാങ്ങ കറുത്തു തുടങ്ങി. പുഴുക്കും മുമ്പ് ഉപേക്ഷിക്കണം. ഭാരം കുറയ്‌ക്കണം.’’
കണ്ണു നിറഞ്ഞത് ഇപ്പോ ഞാൻ മറയ്‌ക്കാൻ ശ്രമിച്ചില്ല.
ചിത്രീകരണം: ദേവപ്രകാശ്
4
ഒരാഴ്‌ച കഴിഞ്ഞപ്പോ എനിക്ക് ഒരു ഫോൺ വന്നു. ഏഴെട്ടു മാസമായി ഈ ഫോണിലേക്ക് വരാതിരുന്ന നമ്പറിൽ നിന്നാണ്. അപ്പുറത്തുനിന്ന് ഒരു കുണ്ഠിതവുമില്ലാത്ത ഉറച്ച ശബ്ദത്തിൽ ഒരു ചോദ്യം: ‘‘എനിക്കൊന്ന് സംസാരിക്കണം. പറ്റുമോ?’’
‘‘അതിനാണല്ലോ ഫോൺ. സംസാരിക്കാൻ.’’
അവളുടെ ശബ്ദമുയർന്നു: ‘‘അതിനാണ് ഫോൺ എന്നെനിക്കറിയാം. അതിലൂടെ നടക്കൂല്ല. ചില കാര്യങ്ങളിൽ തീരുമാനമെടുക്കാനുണ്ട്. നേരിൽ കാണണം. എവിടെക്കാണാം.’’
‘‘നീ തന്നങ്ങ് തീരുമാനിച്ചാ മതി...’’
‘‘വല്ല കഫേയിലോ റസ്റ്ററന്റിലോ ആണേ... ശരിയാവൂല്ല. എന്റെ ശബ്ദം അറിയാമല്ലോ, എന്റെ കൺട്രോളിലല്ല. നിങ്ങളിങ്ങോട്ടു വരണം.’’
‘‘വരാം...അതാകുമ്പോ പണ്ടേ അയലത്തുകാർക്കു വരെ ശീലമാണല്ലോ...’’
‘‘കുത്തുവാക്കും കൗണ്ടർ ഡയലോഗിനുമായിട്ടാണേല് വരണ്ട.’’
‘‘അങ്ങനെ വരാതിരിക്കാൻ പറ്റില്ലല്ലോ. ഇപ്പോ തന്നെ ഇറങ്ങുകയാ.’’
‘‘ഇപ്പോ വേണ്ട. എനിക്ക് സൗകര്യപ്പെടില്ല.’’
‘‘സൗകര്യപ്പെടുമ്പോ പ്രത്യക്ഷപ്പെട്ടാ മതി. ഞാനിറങ്ങുകയാണ്.’’
ചിത്രീകരണം: ദേവപ്രകാശ്
ഡ്രൈവറോട് കുറച്ചു ദൂരെ മാറിക്കിടക്കാൻ പറഞ്ഞു. െപരുമ്പറ കൊട്ടുന്നതു പോലെയാ ദേഷ്യം വന്നാ അവളുടെ ശബ്ദം.
അകത്തേക്ക് ചെന്നു. ഡൈനിങ് ടേബിളിൽ ഇരിക്കുകയായിരുന്നു. കുലുക്കമില്ല. ഇരിക്കാൻ എതിർവശത്തുള്ള കസേര ചൂണ്ടിക്കാണിച്ചു.
ഇരുന്നു. മോളിക്കുട്ടി നാല് പരീക്ഷിത്ത് ചിത്രകഥ എടുത്ത് മേശപ്പുറത്തുവച്ചിട്ടു പറഞ്ഞു: ‘‘ദാ നിങ്ങടെ ഒടുക്കത്തെ നൊസ്റ്റാൾജിയ. ജീവിതത്തീ അഞ്ചു പരീക്ഷിത്ത് സംഘടിപ്പിക്കണമെന്നായിരുന്നല്ലോ നിങ്ങടെ ഭ്രാന്ത്. ഇപ്പോ അഞ്ചു കഴിഞ്ഞു കാണുമല്ലോ. ഒടുങ്ങുമോ നിങ്ങടെ...’’
ഞാനൊന്നും മിണ്ടിയില്ല. ഉറപ്പില്ലല്ലോ.
‘‘നിങ്ങൾക്ക് ഇനി ഒറ്റ പരീക്ഷിത്ത് സംഘടിപ്പിക്കാൻ പറ്റരുതെന്നായിരുന്നു എന്റെ വാശി. സകലതും കളക്ട് ചെയ്‌ത് തീയിട്ടു കളയണം.’’
‘‘പിന്നെന്താ...’’
‘‘മുടിഞ്ഞ സഹതാപം കേറിവന്നു. അല്ലാതെന്താ...’’
‘‘തീയിടണ്ട. തന്നത്താൻ പൊടിഞ്ഞു പൊക്കോളും.’’
‘‘എവിടുന്ന്. നിങ്ങളേം കൊണ്ടേ പോകൂ. അൽഷിമേഴ്സു വന്നാലും നിങ്ങള് മറക്കില്ല.’’
‘‘ഏറ്റവും പ്രായമുള്ളതും ഉറച്ചതുമായ ഓർമയല്ലേ. ഞാനെന്തു ചെയ്യാനാ?’’
‘‘ഇതു കൂടിയാ തീരുമോ?’’
അവൾ കപീഷിന്റെ പാവയെടുത്ത് മേശപ്പുറത്തുവച്ചു.
സ്വന്തം കൈയിൽ തന്നെയിരുന്നതായിട്ടു കൂടി കരച്ചിൽ വന്നു. ആ പാവയിരിക്കുന്ന അവളുടെ കൈ ചേർത്തുപിടിച്ചു.
‘‘നിങ്ങള് നന്നാകില്ല.’’ അവൾ പുലമ്പി. ‘‘എന്തായാലും ഒഫീഷ്യൽ ഗസ്റ്റ് ഹൗസ് വിട്ടേരെ. ഞാൻ പറയത്തില്ല. പിള്ളേരടത്ത് നിങ്ങള് വിളിച്ചുപറയണം. പിന്നേം നമ്മള് ഒരുമിച്ച് താമസം തുടങ്ങിയെന്ന്. വിശക്കുന്നോ? വിശുക്കുന്നേ ഫുഡ് പുറത്തുനിന്ന് പറയേണ്ടി വരും. എടുപിടീന്ന് നിങ്ങള് വരുമെന്ന് വിചാരിച്ചില്ലല്ലോ. എന്നാലും നിങ്ങള് ചോദിച്ചില്ലല്ലോ, എങ്ങനാ ഞാനിതൊക്കെ ഒപ്പിച്ചതെന്ന്. ഈ പാവ കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചതേയില്ല. അടങ്ങിയോ നിങ്ങടെ മനസ്സിലെ കാടുംകോളും. അതോ ഇനി ഇതിനെയും കെട്ടിപ്പിടിച്ചോണ്ട് കിടക്കുമോ. എന്നാ ഇപ്പോ പിള്ളേരടുത്ത് വിളിച്ചു പറയണ്ട. നോക്കിയിട്ടു മതി.’’
ഒന്നു നിർത്തി അവൾ തുടർന്നു: ‘‘അപ്പുറം വാടകയ്‌ക്ക് കൊടുക്കുകയാണ്. കാശൊന്നും വാങ്ങിക്കുന്നില്ല. കാശുണ്ടായിട്ട് ഇപ്പോ എന്താ. മനുഷ്യന് ഭ്രാന്ത് പിടിച്ചാ... കുറച്ചു പിള്ളേർ. സിവിൽ സർവീസിന്. പഠിച്ചോട്ടെ.
‘‘പഠിച്ചോട്ടെ.’’
‘‘അതോ പുറത്തു പോയിക്കഴിക്കണോ...’’
‘‘ഓ. വയ്യ.’’
‘‘എന്നാ ചായയിടാം.’’
അവൾ അകത്തേക്ക് പോയപ്പോ, ഞാൻ കപീഷിനെയും നോക്കിയിരുന്നു. പിന്നെ എടുത്ത് കളിപ്പിക്കാൻ തുടങ്ങി .










0 comments