ad
Deshabhimani

കവർസ്റ്റോറി

പ്രതീക്ഷാനന്തര രാഷ്‌ട്രീയം

ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന കോക്രോച്ച്‌ ജനതാപാർടിയുടെ പ്രതിഷേധം    ഫോട്ടോ: പി വി സുജിത്‌
avatar
സുജീഷ്

Published on Jun 20, 2026, 01:25 PM | 13 min read


“The crisis consists precisely in the fact that the old is dying and the new cannot be born; in this interregnum a great variety of morbid symptoms appear.”

-‐ Antonio Gramsci, Prison Notebooks


രുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യൻ യുവജനങ്ങളുടെ രാഷ്‌ട്രീയത്തെ മനസ്സിലാക്കാൻ നാം ഇപ്പോഴും പഴയ നിഘണ്ടുവിലാണ് അർഥം തിരയുന്നത്. തൊഴിലില്ലായ്‌മ, രാഷ്‌ട്രീയ ഉദാസീനത, സോഷ്യൽമീഡിയ സ്വാധീനം, നേതൃരഹിത പ്രക്ഷോഭം, ജനസഞ്ചയ രാഷ്‌ട്രീയം തുടങ്ങിയ കാര്യങ്ങളിലൂടെ അവരുടെ പെരുമാറ്റത്തെ വിശദീകരിക്കാൻ പലരും ശ്രമിക്കുന്നു. എന്നാൽ ഈ വിശദീകരണങ്ങൾ പലപ്പോഴും അടിസ്ഥാന വസ്‌തുതയെ കാണാതെ പോകുന്നു. ഇന്നത്തെ യുവജനങ്ങളുടെ ഏറ്റവും വലിയ പ്രശ്നം അവർക്ക് രാഷ്‌ട്രീയ പ്രതിനിധാനം ഇല്ലാത്തതല്ല; അവർക്ക് ഭാവിയുടെ രാഷ്‌ട്രീയം ഇല്ലാത്തതാണ്. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ യുവജന ജനസംഖ്യയുള്ള രാജ്യമാണ്. എന്നാൽ അതേ സമയം തൊഴിലില്ലായ്‌മ, തൊഴിൽ അനിശ്ചിതത്വം, പരീക്ഷാ അഴിമതികൾ, ഗിഗ് സമ്പദ്‌വ്യവസ്ഥ (തൊഴിൽസുരക്ഷ ഇല്ലാത്ത സന്പദ്‌വ്യവസ്ഥ) , ഉയരുന്ന ജീവിതച്ചെലവ്, മാനസികാരോഗ്യ പ്രശ്നങ്ങൾ എന്നിവ ഏറ്റവും കൂടുതൽ അനുഭവിക്കുന്നതും ഈ തലമുറയാണ്. വിദ്യാഭ്യാസം സാമൂഹിക മുന്നേറ്റത്തിലേക്കും കഠിനാധ്വാനം സ്ഥിരതയുള്ള ജീവിതത്തിലേക്കും നയിക്കുമെന്ന ആധുനിക സമൂഹത്തിന്റെ അടിസ്ഥാന വാഗ്ദാനങ്ങളൊന്നുംതന്നെ ജീവിതാനുഭവങ്ങളിൽ അവർക്ക് വിശ്വസിക്കാൻ കൊള്ളാവുന്നതാകുന്നില്ല.

ഈ സാഹചര്യത്തിൽ യുവജനങ്ങളുടെ രാഷ്‌ട്രീയം പരമ്പരാഗത രാഷ്‌ട്രീയ രൂപങ്ങളിൽനിന്ന് വ്യത്യസ്‌തമാകുന്നത് സ്വാഭാവികമാണ്. ദേശീയ വിമോചന പ്രസ്ഥാനങ്ങളും സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും ക്ഷേമരാഷ്‌ട്ര രാഷ്‌ട്രീയവുംമുതൽ നവലിബറലിസവുംവരെ ഏതെങ്കിലും തരത്തിലുള്ള പ്രതീക്ഷയുള്ള ഭാവി വാഗ്ദാനം ചെയ്‌തിരുന്നു. സ്വാതന്ത്ര്യം വരും, സമത്വം വരും, വികസനം വരും, വൈയക്തികമായ വിജയം കൈവരും എന്നൊക്കെയായിരുന്നു അവയുടെ പ്രതീക്ഷ. എന്നാൽ ഇന്നത്തെ യുവജനങ്ങളുടെ രാഷ്‌ട്രീയാവബോധത്തിൽ ഈ ഭാവിയെന്ന പ്രതീക്ഷ ക്രമേണ അപ്രത്യക്ഷമായിരിക്കുന്നു. അവർ പ്രതിഷേധിക്കുന്നു, പക്ഷേ ഫലമുണ്ടാകുമെന്ന് ഉറപ്പില്ല. അവർ പ്രതികരിക്കുന്നു, പക്ഷേ നിലവിലുള്ള സ്ഥാപനങ്ങളിൽ അവർക്ക് വിശ്വാസമില്ല. അതുകൊണ്ടാണ് അവരുടെ രാഷ്‌ട്രീയം പലപ്പോഴും ആശയപ്രഖ്യാപനങ്ങളുടെ ഭാഷയ്‌ക്ക്‌ പകരം പരിഹാസത്തിന്റെ ഭാഷയിൽ വെളിപ്പെടുന്നത്; സംഘാടനത്തിന്റെ രൂപത്തിൽ നിന്നുമുടലെടുക്കുന്ന മുദ്രാവാക്യങ്ങൾക്ക് പകരം മീമുകളുടെ ഭാഷയിൽ അവർ ഒച്ചയുയർത്തുന്നത്; നേതൃപാടവമുള്ള ആഹ്വാനത്തിനു പകരം അപമാനത്തെ പ്രതികരണമാക്കുന്ന പാറ്റ (Cockroach Janta Party) പോലുള്ള പ്രതീകങ്ങളുടെ ഭാഷയിൽ അവർ പ്രതികരിക്കുന്നത്. യുവതലമുറയുടെ അസംതൃപ്തിയെ മനസ്സിലാക്കാൻ നമുക്ക് ഒരു പുതിയ ഭാഷയും ആശയവും ആവശ്യമാണ്. അത് ഭാവിയില്ലായ്‌മയുടെ രാഷ്‌ട്രീയം മാത്രമല്ല; മറിച്ച് പ്രതീക്ഷാനന്തര രാഷ്‌ട്രീയം കൂടിയാണ്.

ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന കോക്രോച്ച്‌ ജനതാപാർടിയുടെ പ്രതിഷേധം    ഫോട്ടോ: പി വി സുജിത്‌   ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ നടന്ന കോക്രോച്ച്‌ ജനതാപാർടിയുടെ പ്രതിഷേധം ഫോട്ടോ: പി വി സുജിത്‌

പാറ്റ എന്ന രൂപകത്തിന്റെ രാഷ്‌ട്രീയം അതിന്റെ ജീവശാസ്‌ത്രപരമായ സ്വഭാവത്തിൽ തന്നെയാണ് അടങ്ങിയിരിക്കുന്നത്. പാറ്റയെ പണാധിപത്യ സംസ്‌കാരം വെറുപ്പിന്റെയും അശുദ്ധിയുടെയും താഴ്‌ന്ന നിലയുടെയും പ്രതീകമായാണ് കാണുന്നത്. അതിനെ ഇല്ലാതാക്കാൻ അത്‌ നിരന്തരം ശ്രമിക്കുന്നു. എന്നിട്ടും പാറ്റകൾ നിലനിൽക്കുന്നു. എല്ലാ സാഹചര്യങ്ങളിലും അതിജീവിക്കാൻ നോക്കുന്നു. പാറ്റ എന്നത് അധികാരത്തിന്റെ കണ്ണിൽ അനാവശ്യരായ ജനങ്ങളുടെ രൂപകമാകുന്നു. തൊഴിൽരഹിതരായ യുവാക്കൾ, പരീക്ഷാ അഴിമതികളുടെ ഇരകൾ, ഗിഗ് സമ്പദ്‌വ്യവസ്ഥയിലെ അദൃശ്യ തൊഴിലാളികൾ, അരികുവൽക്കരിക്കപ്പെട്ടവർ, സാമൂഹികമായി പരിഹസിക്കപ്പെടുന്നവർ- ഇവരെയെല്ലാം കാപ്പിറ്റലിസ്റ്റ് അധികാര വ്യവസ്ഥ പ്രശ്നമായി മാത്രം കാണുന്നു. അതിനാൽ പാറ്റയെന്ന സ്വത്വം സ്വയം അപമാനിക്കലായി അനുഭവപ്പെടുന്നില്ല; അപമാനത്തിന്റെ അർഥത്തെ മറിച്ചിടുകയാണ് അവർ. "നിങ്ങൾ ഞങ്ങളെ പാറ്റകളായി കാണുന്നുവെങ്കിൽ, അതെ, ഞങ്ങൾ പാറ്റകളാണ്; പക്ഷേ നിങ്ങൾക്ക് ഇല്ലാതാക്കാൻ കഴിയാത്ത പാറ്റകൾ’ എന്ന രാഷ്‌ട്രീയ പ്രഖ്യാപനമാകുന്നു അത്.

പാറ്റ ഒരു പ്രതിഷേധ പ്രതീകമാകുന്നു. അധികാരത്തിന്റെ ഭാഷയിൽ സ്വയം നിർവചിക്കപ്പെടാൻ വിസമ്മതിക്കുന്ന ഒരു ജനസഞ്ചയത്തിന്റെ സാംസ്‌കാരിക പ്രക്ഷോഭമാകുന്നു. എന്നാൽ ഇതിന്റെ പരിമിതിയും അവിടെയാണ്. പാറ്റ ഒരു രാഷ്‌ട്രീയ പരിഹാരമാർഗമാകുന്നില്ല. അതിന്റെ ശക്തി നിർമിതിയിലല്ല, ശല്യപ്പെടുത്തലിലാണ്; ഭരണം നടത്തുന്നതിലല്ല, ഭരണത്തിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നതിലാണ്. പാറ്റ ഒരു പുതിയ സമൂഹത്തിലേക്കുള്ള രൂപരേഖയല്ല, നിലനിൽക്കുന്ന സമൂഹത്തിന്റെ പ്രതിസന്ധിയുടെ ലക്ഷണമാണ്. ചരിത്രത്തിൽ എല്ലാ പുതിയ രാഷ്‌ട്രീയ മുന്നേറ്റങ്ങളും ആരംഭിക്കുന്നത് ഇത്തരത്തിലുള്ള ലക്ഷണങ്ങളിൽ നിന്നാണ്.


ഇന്ത്യൻ യുവത ഇന്ന് മുമ്പെങ്ങുമില്ലാത്ത വിധം അറിവും കഴിവും നേടിയവരാണ്. ലോകത്തെക്കുറിച്ചുള്ള അറിവ് മുമ്പെങ്ങുമില്ലാത്ത വിധം അവർക്ക് ലഭ്യമാണ്. അതേസമയം, അവരുടെ ജീവിതത്തിന്റെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ അനിശ്ചിതമായിക്കൊണ്ടിരിക്കുന്നു. ഇന്ത്യയിലെ വിദ്യാഭ്യാസ സംവിധാനം ലക്ഷക്കണക്കിന് ബിരുദധാരികളെ സൃഷ്ടിക്കുന്നു. എന്നാൽ അതിനനുസരിച്ചുള്ള തൊഴിൽ സൃഷ്ടിക്കുന്നില്ല. ഒരു തലമുറ മുഴുവൻ മത്സര പരീക്ഷകൾക്കും നിയമന പട്ടികകൾക്കും കരാർ ജോലികൾക്കുമിടയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെ പ്രശ്നം തൊഴിലില്ലായ്‌മ മാത്രമല്ല. ഭാവിയില്ലായ്‌മയാണ്. ഒരു വ്യക്തി ഇന്ന് കഠിനമായി പഠിച്ചാൽ അഞ്ച് വർഷത്തിനുശേഷം തന്റെ ജീവിതം എങ്ങനെയായിരിക്കുമെന്ന് വ്യക്തമായി സങ്കൽപ്പിക്കാൻ കഴിയുന്നില്ല. ഇന്ന് വിദ്യാഭ്യാസം പലപ്പോഴും തൊഴിലില്ലായ്‌മയുടെ ദൈർഘ്യം കൂട്ടുന്ന പ്രക്രിയയായി മാറുന്നു. മത്സര പരീക്ഷകൾക്കായി പതിറ്റാണ്ടോളം പഠിക്കുന്ന യുവാക്കൾ. ചോദ്യപേപ്പർ ചോർച്ചകൾ. നിയമനവുമായി ബന്ധപ്പെട്ട അഴിമതികൾ. ഒഴിവുകൾ നികത്താത്ത സർക്കാർ സംവിധാനങ്ങൾ. കരാർ നിയമനങ്ങൾ. ഇവയെല്ലാം വെറും ഭരണപരമായ പ്രശ്നങ്ങളല്ല. ഒരു തലമുറയുടെ മനോഘടനയെ രൂപപ്പെടുത്തുന്ന അനുഭവങ്ങളാണ്.

1991-ൽ ഇന്ത്യൻ നാഷണൽ കോൺഗ്രസിലൂടെയുള്ള നവലിബറലിസം ഇന്ത്യയെ ആഗോള വിപണിയുമായി കൂടുതൽ ബന്ധിപ്പിക്കുകയും സാമ്പത്തിക വളർച്ചയുടെ പുതിയ മാതൃക അവതരിപ്പിക്കുകയും ചെയ്‌തു. സ്വകാര്യ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുക, വിദേശ നിക്ഷേപം ആകർഷിക്കുക, സാമ്പത്തിക വളർച്ചയുണ്ടാക്കുക, സമ്പത്ത് വർധിപ്പിക്കുക തുടങ്ങിയ നിയോ-ലിബറൽ വാഗ്ദാനങ്ങൾ പൂർണമായും വ്യാജമായിരുന്നില്ല. ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ വളർന്നു. ഉപഭോക്തൃ സംസ്‌കാരം വ്യാപിച്ചു. സാങ്കേതികവിദ്യ വികസിച്ചു. നഗരവൽക്കരണം വർധിച്ചു. ഒരു പുതിയ മധ്യവർഗം രൂപപ്പെട്ടു. പക്ഷേ ഈ കഥയുടെ മറ്റൊരു വശമുണ്ട്. സാമ്പത്തിക വളർച്ചയും സാമൂഹിക സുരക്ഷയും തമ്മിലുള്ള ബന്ധം ഇതുവഴി ദുർബലമായി. സമ്പത്ത് വർധിച്ചെങ്കിലും സാമ്പത്തിക സമത്വം വർധിച്ചില്ല. ഉൽപ്പാദനക്ഷമത വർധിച്ചെങ്കിലും തൊഴിൽ സുരക്ഷ ഉറപ്പായില്ല. ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം കൂടിയെങ്കിലും അതിന്‌ ആനുപാതികമായ സ്ഥിരജോലി ഉണ്ടായില്ല. പൗരനെ ഉപഭോക്താവാക്കി മാറ്റാനും അവകാശങ്ങളെ വാങ്ങേണ്ട സേവനങ്ങളാക്കി ചുരുക്കാനും ഇതുവഴി ഭരണകൂടത്തിനായി. ഇന്ത്യൻ യുവജനങ്ങൾ ഇന്ന് അനുഭവിക്കുന്ന പല പ്രശ്നങ്ങളും ഈ വൈരുധ്യത്തിന്റെ ഫലമാണ്.

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ പ്രതിഷേധിക്കുന്ന പെൺകുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാനെതിരെ പ്രതിഷേധിക്കുന്ന പെൺകുട്ടി

നവലിബറലിസത്തിന്റെ വിമർശകരിലൊരാളായ ഡേവിഡ് ഹാർവി ചൂണ്ടിക്കാണിച്ചതുപോലെ നവലിബറലിസം വിപണിയുടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള സിദ്ധാന്തമായിരുന്നില്ല എന്ന തിരിച്ചറിവാണ് ഇന്ത്യൻ യുവതയും നൽകുന്നത്. സാമ്പത്തിക നയങ്ങളിലൂടെ വർഗാധികാരം പുനഃസ്ഥാപിക്കുന്ന രാഷ്‌ട്രീയ പദ്ധതിയായി ഹാർവി നവലിബറലിസത്തെ കാണുന്നു. അഥവാ സമൂഹത്തിലെ സമ്പത്തും അധികാരവും മേൽത്തട്ടിലുള്ള ചുരുക്കം ചിലരിൽ കേന്ദ്രീകരിക്കുന്ന പ്രക്രിയ. ഇന്നിത് ഇന്ത്യയിൽ പ്രകടമാണ്. സാമ്പത്തിക വളർച്ചയുടെ വലിയൊരു ഭാഗം കുത്തക കോർപറേറ്റുകളിൽ ഒതുങ്ങി. പൊതുമേഖല ചുരുങ്ങി. അസംഘടിത തൊഴിൽ വർധിച്ചു. തൊഴിലാളികളുടെ വിലപേശൽ ബലം കുറഞ്ഞു. ഉടമ്പടി തൊഴിലുകൾ സാധാരണയായി. ഗിഗ് തൊഴിൽ വ്യാപിച്ചു. ഇന്ന് ലക്ഷക്കണക്കിന് യുവാക്കൾ ഔദ്യോഗികമായി തൊഴിലില്ലാത്തവരല്ല. പക്ഷേ അവർ തൊഴിൽ സുരക്ഷയുള്ളവരുമല്ല. ഇതാണ് നവലിബറൽ കാലഘട്ടം. തൊഴിൽ ഉണ്ട്. പക്ഷേ പ്രതീക്ഷയുള്ള ഭാവിയില്ല. വരുമാനം ഉണ്ട്. പക്ഷേ സാമ്പത്തിക സുരക്ഷയില്ല. ജീവിതം ചലിക്കുന്നുണ്ട്. പക്ഷേ സ്വസ്ഥതയും സ്ഥിരതയുമില്ല.

ഇന്ത്യയിലെ യുവജനതയെ മനസ്സിലാക്കാൻ ഗിഗ് ഇക്കോണമിയുടെ വളർച്ച പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സ്വിഗ്ഗി ഡെലിവറി ജീവനക്കാർ, സൊമാറ്റോ തൊഴിലാളികൾ, ഊബർ ഡ്രൈവർമാർ, ഓൺലൈൻ ഫ്രീലാൻസർമാർ, കണ്ടന്റ് മോഡറേറ്റർമാർ, ഡിജിറ്റൽ മാർക്കറ്റിങ്‌ എക്‌സിക്യുട്ടീവ്സ്‐ ഇവരിൽ പലരും സ്വയം "തൊഴിലാളി’ ആണെന്ന്‌ തിരിച്ചറിയുന്നില്ല. അവർ സംരംഭകരാണെന്ന പ്രതീതി ഉറപ്പിക്കപ്പെട്ടിരിക്കുന്നു. പക്ഷേ അവരുടെ ജോലി, വരുമാനം, സമയക്രമം, പ്രകടനം എന്നിവയെല്ലാം അൽഗോരിതങ്ങൾ നിയന്ത്രിക്കുന്നു. പരമ്പരാഗത തൊഴിലാളി രാഷ്‌ട്രീയം രൂപപ്പെട്ടത് ഫാക്ടറികളിലായിരുന്നു. പുതിയ തൊഴിലാളിവർഗം രൂപപ്പെടുന്നത് ആപ്പുകളിലാണ്. ഇത് ഇടതുപക്ഷ രാഷ്‌ട്രീയത്തിന് ഒരു പുതിയ വെല്ലുവിളിയുയർത്തുന്നു.

മാർക്ക് ഫിഷർ ചൂണ്ടിക്കാണിക്കുന്നതുപോലെ ആധുനിക ക്യാപിറ്റലിസത്തിന്റെ ഏറ്റവും വലിയ നേട്ടം സാമ്പത്തിക ആധിപത്യമല്ല. ഭാവനയുടെ മേൽ നേടിയ ആധിപത്യമാണ്. ജനങ്ങൾക്ക് നിലവിലുള്ള വ്യവസ്ഥയോട് അസംതൃപ്തിയുണ്ട്. പക്ഷേ അതിന് പകരം മറ്റൊന്ന് സങ്കൽപ്പിക്കാൻ അവർക്ക് കഴിയുന്നില്ല. ‘There is no alternative’ എന്ന മനോഭാവം ആധിപത്യം നേടിയിരിക്കുന്നു. ഇതിനെയാണ് ഫിഷർ ‘Capitalist Realism’ എന്ന് വിളിക്കുന്നത്. ലോകം മാറണം എന്ന് എല്ലാവർക്കും തോന്നുന്നു. പക്ഷേ എങ്ങോട്ട് മാറണം എന്ന് ആർക്കും വ്യക്തതയില്ല. ഈ അവസ്ഥ ശരാശരിക്കാരായ യുവജനങ്ങളുടെ രാഷ്‌ട്രീയ അവബോധത്തിലും പ്രതിഫലിക്കുന്നു. അവർ പ്രതിഷേധിക്കുന്നു, പക്ഷേ പലപ്പോഴും സംഘടിത ബദൽ രാഷ്‌ട്രീയം മുന്നോട്ടുവയ്‌ക്കുന്നില്ല. അവർ കോപിക്കുന്നു, പക്ഷേ വ്യക്തമായ രാഷ്‌ട്രീയപദ്ധതി മുന്നോട്ടുവയ്‌ക്കുന്നില്ല. അവർ നിലവിലുള്ള വ്യവസ്ഥയെ നിഷേധിക്കുന്നു, പക്ഷേ പുതിയ വ്യവസ്ഥ സങ്കൽപ്പിക്കുന്നില്ല.

പല രാഷ്‌ട്രീയ സിദ്ധാന്തങ്ങളും രാഷ്‌ട്രീയ പ്രവർത്തനത്തെ പ്രതീക്ഷയുമായി ബന്ധപ്പെടുത്തിയാണ് മനസ്സിലാക്കിയത്. സോഷ്യലിസം ഭാവിയിലെ സമത്വത്തിന്റെ പ്രതീക്ഷയായിരുന്നു. വിമോചന രാഷ്‌ട്രീയം സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷയായിരുന്നു. ക്ഷേമരാഷ്‌ട്ര രാഷ്‌ട്രീയം മെച്ചപ്പെട്ട ജീവിതത്തിന്റെ പ്രതീക്ഷയായിരുന്നു. നവലിബറലിസം പോലും ഓരോരുത്തരുടെയും വൈയക്തികമായ വിജയത്തിന്റെ പ്രതീക്ഷയെ അടിസ്ഥാനമാക്കിയായിരുന്നു പ്രവർത്തിച്ചത്. ഈ വ്യത്യസ്‌ത രാഷ്‌ട്രീയ പദ്ധതികൾക്ക് തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും അവയെല്ലാം ഒരു പൊതുഘടകം പങ്കുവച്ചു: ഭാവി ഇന്നത്തേതിനേക്കാൾ മെച്ചപ്പെട്ടതായിരിക്കുമെന്ന വിശ്വാസം.


ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നഷ്ടപ്പെടുന്നത് രാഷ്‌ട്രീയത്തിന്റെ അവസാനമല്ല. സമകാലിക യുവജന രാഷ്‌ട്രീയത്തിന്റെ പ്രത്യേകത പ്രതീക്ഷയുടെ അഭാവമല്ല; പ്രതീക്ഷയിലുള്ള വിശ്വാസത്തിന്റെ അഭാവമാണ്. ഭാവി മെച്ചപ്പെടുമെന്ന് അവർ വിശ്വസിക്കുന്നില്ല. അതേസമയം അവർ രാഷ്‌ട്രീയത്തിൽനിന്ന് പൂർണമായും പിന്മാറുന്നുമില്ല. ഇതാണ് പ്രതീക്ഷാനന്തര രാഷ്‌ട്രീയത്തിന്റെ കേന്ദ്രം. രാഷ്‌ട്രീയ പ്രവർത്തനം ഇനി ഒരു മഹത്തായ ഭാവിയിലേക്ക് നയിക്കുമെന്ന ഉറപ്പിൽനിന്നല്ല രൂപപ്പെടുന്നത്. മറിച്ച് ഇപ്പോഴുള്ള കാര്യങ്ങളോടും അവസ്ഥയോടുമുള്ള അസഹ്യതയിൽ നിന്നുമുണ്ടാകുന്ന പ്രതികരണമായാണ് അത് രൂപപ്പെടുന്നത്.

ഇതിനെ ‘പ്രതീക്ഷാനന്തര രാഷ്‌ട്രീയം’ എന്ന് വിളിക്കാം. അത് നിരാശയുടെ രാഷ്‌ട്രീയമല്ല. കാരണം, നിരാശ രാഷ്‌ട്രീയത്തെയും കൈവിടുന്നു. അത് പ്രതീക്ഷയുടെ രാഷ്‌ട്രീയവുമല്ല. കാരണം, ഭാവിയെക്കുറിച്ചുള്ള വ്യക്തമായ വിശ്വാസം അതിനില്ല. മറിച്ച് ഭാവി അനിശ്ചിതമാണെന്ന തിരിച്ചറിവിനിടയിലും രാഷ്‌ട്രീയമായി പ്രവർത്തിക്കാനുള്ള അവസ്ഥയാണ് അത്. മറ്റൊരു ലോകം സാധ്യമാണെന്ന് ഉറപ്പില്ലെങ്കിലും നിലവിലുള്ള ലോകം അസ്വീകാര്യമാണെന്ന ബോധത്തിൽനിന്ന് ഉയരുന്ന രാഷ്‌ട്രീയമാണ് പ്രതീക്ഷാനന്തര രാഷ്‌ട്രീയം.

ഇത്തരം രാഷ്‌ട്രീയത്തിൽ ആവശ്യങ്ങൾ പലപ്പോഴും നിഷേധാത്മക രൂപത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. "ഇത് വേണ്ട’, "ഇത് അവസാനിപ്പിക്കണം’, "ഇത് അസഹ്യമാണ്’ എന്നിങ്ങനെ. എന്നാൽ പകരം എന്ത് വേണമെന്ന കാര്യത്തിൽ വ്യക്തത കുറവായിരിക്കും. അതുകൊണ്ടുതന്നെ പ്രതീക്ഷാനന്തര രാഷ്‌ട്രീയത്തിൽ പ്രതിഷേധം പലപ്പോഴും ശക്തമാണ്, അസംതൃപ്തി ശക്തമാണ്, വിമർശനം വ്യക്തമാണ്.


ഡിജിറ്റൽ കാലഘട്ടത്തിലെ മീം, പരിഹാസം, അപമാനത്തെ ആയുധമാക്കുന്ന സാംസ്‌കാരിക രൂപങ്ങൾ എന്നിവയെ ഈ പശ്ചാത്തലത്തിൽ വായിക്കാം. അവ പലപ്പോഴും ഭാവിയെ സംബന്ധിച്ച് ഒന്നും വാഗ്ദാനം ചെയ്യുന്നില്ല. പകരം നിലവിലുള്ള വ്യവസ്ഥയുടെ അസംബന്ധത വെളിപ്പെടുത്തുകയാണ്. അവയുടെ രാഷ്‌ട്രീയ ശക്തി പുതിയ ഒന്നിന്റെ നിർമിതിയിലല്ല; നിലവിലുള്ളതിനെ വെളിപ്പെടുത്തുന്നതിലാണ്. പുതിയ ലോകത്തിന്റെ രൂപരേഖ അവർക്കില്ല. പക്ഷേ നിലനിൽക്കുന്ന ലോകത്തിന്റെ വിശ്വാസ്യത അവർ പൂർണമായും തകർക്കുന്നു.

പ്രതീക്ഷാനന്തര രാഷ്‌ട്രീയം അരാജകത്വത്തിന്റെ പര്യായവുമല്ല. രാഷ്‌ട്രീയ ചരിത്രത്തിന്റെ അവസാനവുമല്ല. മറിച്ച് ഭാവിയെക്കുറിച്ചുള്ള പഴയ ഉറപ്പുകൾ തകർന്ന ഒരു കാലഘട്ടത്തിലെ രാഷ്‌ട്രീയ രൂപമാണ്. പ്രതീക്ഷയെ അടിസ്ഥാനമാക്കി രാഷ്‌ട്രീയം സംഘടിപ്പിച്ചിരുന്ന യുഗത്തിനും, പുതിയ രാഷ്‌ട്രീയ ഭാവന ഇനിയും രൂപപ്പെട്ടിട്ടില്ലാത്ത കാലത്തിനും ഇടയിലുള്ള ഒരു ഇടക്കാല രാഷ്‌ട്രീയാവസ്ഥ. ഈ രാഷ്‌ട്രീയത്തിന്റെ ചരിത്രപരമായ പ്രാധാന്യം അതിന്റെ പരിഹാരങ്ങളിലല്ല, അത് വെളിപ്പെടുത്തുന്ന പ്രതിസന്ധിയിലാണ്.

ഇന്നത്തെ യുവജന രാഷ്‌ട്രീയാവബോധത്തിന്റെ സൈബറിടത്തിലെ രൂപങ്ങളെയും രീതികളെയും ഈ അർഥത്തിൽ വായിക്കാം. അവ ഒരു പുതിയ രാഷ്‌ട്രീയ പദ്ധതിയായി മാറിയിട്ടില്ല. പക്ഷേ പഴയ രാഷ്‌ട്രീയ മുന്നേറ്റങ്ങളിൽ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് അവർ സൂചിപ്പിക്കുന്നു. അതുകൊണ്ട് പ്രതീക്ഷാനന്തര രാഷ്‌ട്രീയം ഒരു അന്തിമാവസ്ഥയല്ല; പുതിയ രാഷ്‌ട്രീയ രൂപങ്ങൾ ജനിക്കുന്നതിന് മുമ്പുള്ള ഒരു ചരിത്ര സന്ദർഭമാണ്. അതിന്റെ ഭാവി ഇപ്പോഴും തുറന്നുകിടക്കുകയാണ്.


ഇവിടെയാണ് കോക്രോച്ച്‌ ജനതാ പാർടിയിലെ "പാറ്റ’ പോലുള്ള പ്രതീകങ്ങളുടെ രാഷ്‌ട്രീയം നമ്മൾ മനസ്സിലാക്കേണ്ടത്. അവ പരമ്പരാഗത രാഷ്‌ട്രീയ സ്വത്വങ്ങളല്ല. അവ ഒരു വർഗമല്ല, ഒരു പാർടിയല്ല, ഒരു സിദ്ധാന്തവുമല്ല; അവ അപമാനത്തെ ആയുധമാക്കുന്ന ഒരു സാംസ്‌കാരിക തന്ത്രമാണ്. അധികാരം നിങ്ങളെ അപമാനിക്കുമ്പോൾ ആ അപമാനത്തെ തന്നെ ഒരു ബഹുമതിയായി മാറ്റുക. പരിഹാസത്തെ പ്രതിരോധമാക്കി മാറ്റുക. ഇത് ഡിജിറ്റൽ കാലഘട്ടത്തിലെ രാഷ്‌ട്രീയ സംസ്‌കാരത്തിന്റെ പ്രധാന സവിശേഷതയാണ്. പക്ഷേ, ഇവിടെ ഒരു പരിമിതിയുണ്ട്. ഈ പരിഹാസം ഒരു രാഷ്‌ട്രീയ മുന്നേറ്റത്തിന്റെ തുടക്കമാകാം. പക്ഷേ അതായിമാത്രം രാഷ്‌ട്രീയത്തെ മുന്നോട്ടു നയിക്കാൻ ആകില്ല. ഒരു മീമിലൂടെ ഒരു പ്രക്ഷോഭത്തിന്‌ തുടക്കമിടാം. പക്ഷേ ഒരു സമൂഹത്തെ മാറ്റി നിർമിക്കാൻ കഴിയില്ല. ഈ പരിമിതിയാണ് നമ്മൾ പരിശോധിക്കേണ്ടത്. കാരണം, ഡിജിറ്റൽ ജനസഞ്ചയത്തിന്റെ സാധ്യതകളും പരിമിതികളും മനസ്സിലാക്കാതെ ഇന്നത്തെ യുവജന രാഷ്‌ട്രീയത്തിന്റെ ഭാവി മനസ്സിലാക്കാൻ കഴിയില്ല.

കോക്രോച്ച്‌ ജനതാപാർടിയുടെ പ്രതിഷേധം       ഫോട്ടോ: പി വി സുജിത്‌കോക്രോച്ച്‌ ജനതാപാർടിയുടെ പ്രതിഷേധം ഫോട്ടോ: പി വി സുജിത്‌

ഭാവി നഷ്ടപ്പെട്ട തലമുറയുടെ ദുർബല വികാരങ്ങളുടെ രാഷ്‌ട്രീയത്തിലൂടെ രൂപപ്പെടുന്നതാണ് ഇന്നത്തെ ഡിജിറ്റൽ യുവതയുടെ മനോഘടന. അവരുടെ എല്ലാ അസംതൃപ്തികളും ഒരേ രാഷ്‌ട്രീയ ദിശയിലേക്ക് നയിക്കണമെന്നില്ല. ചിലപ്പോൾ അവ ജനാധിപത്യത്തെ ശക്തിപ്പെടുത്തുന്നു. ചിലപ്പോൾ അവ വലതുപക്ഷ ചൂഷണ വ്യവസ്ഥയ്‌ക്ക്‌ ഇന്ധനമാകുന്നു. ചിലപ്പോൾ അവ പ്രതിഷേധങ്ങളായി മാത്രം ഒതുങ്ങുന്നു. ചിലപ്പോൾ അവയിലൂടെ പുതിയ രാഷ്‌ട്രീയ രൂപങ്ങൾ സൃഷ്ടിക്കപ്പെട്ടേക്കാം. അതുകൊണ്ട് യുവജനങ്ങൾക്ക് അസംതൃപ്തിയുണ്ടോ എന്നത് മാത്രമല്ല, അതിന്റെ രാഷ്‌ട്രീയ രൂപീകരണ പ്രക്രിയയും പഠിക്കേണ്ടതാണ്.

മാർക്‌സിസ്റ്റ് നിലപാടിൽ തൊഴിലാളിവർഗമാണ്‌ ചരിത്രപരമായ മാറ്റത്തിന്റെ കേന്ദ്രശക്തി. ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ വ്യാവസായിക തൊഴിലാളിവർഗത്തിന്റെ ഘടന മാറി. ഫാക്ടറികൾ കുറഞ്ഞു. സേവന മേഖല വികസിച്ചു. ഡിജിറ്റൽ സാങ്കേതികവിദ്യകൾ സമൂഹത്തെ മാറ്റി. ഈ പുതിയ സാഹചര്യത്തിൽ ‘തൊഴിലാളിവർഗം’ എന്ന പരമ്പരാഗത വ്യാവസായിക തൊഴിലാളിവർഗത്തിന്റെ കേന്ദ്രീകൃത രൂപം മാറിയെന്ന് അന്റോണിയോ നെഗ്രിയും മൈക്കൽ ഹാർട്ടും വാദിച്ചു. അവരുടെ അഭിപ്രായത്തിൽ പുതിയ ശക്തി "Multitude’ അഥവാ ‘ജനസഞ്ചയം’ ആണ്. തൊഴിലാളികൾ, വിദ്യാർഥികൾ, കുടിയേറ്റക്കാർ, സ്‌ത്രീകൾ, ന്യൂനപക്ഷങ്ങൾ, സാംസ്‌കാരിക പ്രവർത്തകർ ‐ ഇവരെല്ലാം ചേർന്ന വൈവിധ്യമാർന്ന ഒരു ശൃംഖല. ഈ ജനസഞ്ചയത്തിന് കേന്ദ്ര നേതൃത്വമില്ല. ഒറ്റ സിദ്ധാന്തമില്ല. ഒറ്റ സംഘടനയില്ല. പക്ഷേ അവർ പരസ്‌പരം ബന്ധപ്പെടുന്നു. ഈ ആശയം ഒരുകാലത്ത് പ്രതീക്ഷാജനകമായിരുന്നു.

2011-ലെ അറബ് വസന്തം പലർക്കും ഈ സിദ്ധാന്തത്തിന്റെ വിജയമായി തോന്നി. ടുണീഷ്യയിൽ ഒരു തെരുവ് വ്യാപാരിയുടെ ആത്മഹത്യയിൽനിന്ന് ആരംഭിച്ച പ്രതിഷേധം ഒരു ഭരണകൂടത്തെ താഴെയിറക്കി. ഈജിപ്തിൽ ലക്ഷക്കണക്കിന് ആളുകൾ തെരുവിലിറങ്ങി. മുബാറക്ക് അധികാരത്തിൽനിന്ന് പുറത്തായി. സോഷ്യൽ മീഡിയയെ ‘ജനാധിപത്യത്തിന്റെ പുതിയ ആയുധം’ എന്ന് വിശേഷിപ്പിക്കാൻ തുടങ്ങി. ഫേസ്ബുക്കും ട്വിറ്ററും വിപ്ലവത്തിന്റെ ഉപകരണങ്ങളാണെന്ന് തോന്നി. എന്നാൽ ഏതാനും വർഷങ്ങൾക്കുശേഷം ചിത്രം മാറി. ഈജിപ്തിൽ സൈനികഭരണം തിരിച്ചുവന്നു. ലിബിയ ആഭ്യന്തരയുദ്ധത്തിലേക്ക് വീണു. സിറിയ ദുരന്തത്തിലേക്ക് നീങ്ങി. ടുണീഷ്യ പോലും ജനാധിപത്യ പ്രതീക്ഷകൾ പൂർണമായി സാക്ഷാത്കരിച്ചില്ല. ചില രാജ്യങ്ങളിൽ പൗരസമൂഹം ശക്തിപ്പെട്ടു. രാഷ്‌ട്രീയബോധം വളർന്നു എന്നുമാത്രം. ഇവിടെ ഒരു അടിസ്ഥാന രാഷ്‌ട്രീയ സത്യം വീണ്ടും തെളിഞ്ഞുവന്നു. ജനക്കൂട്ടങ്ങൾക്ക്‌ ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്താൻ കഴിയും. പക്ഷേ ജനാധിപത്യ ഭരണ സ്ഥാപനങ്ങൾ സൃഷ്ടിക്കാൻ ജനക്കൂട്ടങ്ങൾ മാത്രം മതിയാകില്ല.

ടുണീഷ്യയിലെ മുല്ലപ്പൂ വിപ്ലവകാലത്തെ കാഴ്‌ചടുണീഷ്യയിലെ മുല്ലപ്പൂ വിപ്ലവകാലത്തെ കാഴ്‌ച

ഇതേ കാര്യം അമേരിക്കയിലെ ഒക്കുപ്പൈ വാൾസ്‌ട്രീറ്റ്‌ പ്രസ്ഥാനത്തിലും കാണാം. "We are the 99%’ എന്ന മുദ്രാവാക്യം ലോകമെമ്പാടും പ്രചരിച്ചു. അസമത്വത്തെക്കുറിച്ചുള്ള ചർച്ച പൊതുസമൂഹത്തിന്റെ കേന്ദ്രത്തിലേക്ക് വന്നു. കാപ്പിറ്റലിസ്റ്റ് വിമർശനം ശക്തമായി. ഈ അർഥത്തിൽ പ്രസ്ഥാനം വിജയിച്ചു. പക്ഷേ അത് ഒരു രാഷ്‌ട്രീയ സംഘടനയായി മാറിയില്ല. അത് ജനാധിപത്യ തെരഞ്ഞെടുപ്പിൽ ഒരു ശക്തിയായി മാറിയില്ല. അത് സ്വതന്ത്ര രാഷ്‌ട്രീയ സംഘടനയായി മാറിയില്ല. ഇതിൽനിന്നുള്ള പാഠം പ്രധാനമാണ്. ഒരു മുന്നേറ്റത്തിന് സാംസ്‌കാരികമായി ജയിക്കാം. അതേസമയം രാഷ്‌ട്രീയമായി പരാജയപ്പെടാം.

നെഗ്രിയും ഹാർട്ടും മുന്നോട്ടുവച്ച ആശയത്തിലൂടെ ഡിജിറ്റൽ ശൃംഖലകൾ പുതിയ രാഷ്‌ട്രീയ സാധ്യതകൾ സൃഷ്ടിക്കുന്നത് മനസ്സിലാക്കാം. പക്ഷേ വേണ്ടത്ര പരിഗണിക്കാത്ത മറ്റൊരു കാര്യമുണ്ട്: സംഘടനയുടെയും ആശയവ്യക്തതയുടെയും ഇല്ലായ്‌മ. രാഷ്‌ട്രീയം എന്നത് വെറും പ്രതിഷേധമല്ല. തീരുമാനമെടുക്കലാണ്. മുൻഗണന നിശ്ചയിക്കലാണ്. വിഭവങ്ങൾ വിതരണം ചെയ്യലാണ്. സംഘർഷങ്ങൾ പരിഹരിക്കലാണ്. ഭരണനിർവഹണമാണ്. ഇതിനായി പ്രസ്ഥാനങ്ങളും സ്ഥാപനങ്ങളും ആവശ്യമാണ്. അതുകൊണ്ടാണ് ചരിത്രത്തിലെ എല്ലാ വിജയകരമായ രാഷ്‌ട്രീയ പരിവർത്തനങ്ങൾക്കും സംഘടിത രൂപങ്ങൾ ഉണ്ടായിരുന്നത്. ഫ്രഞ്ച് വിപ്ലവം, റഷ്യൻ വിപ്ലവം, ഇന്ത്യൻ സ്വാതന്ത്ര്യസമരം, അമേരിക്കൻ പൗരാവകാശ പ്രസ്ഥാനം, ദക്ഷിണാഫ്രിക്കയിലെ വർണവിവേചന വിരുദ്ധ സമരം ‐ ഇവയെല്ലാം ജനകീയ ഊർജവും സംഘടിത രാഷ്‌ട്രീയവും തമ്മിലുള്ള സംയോജനങ്ങളായി സാധ്യമായതാണ്.

ശ്രീലങ്ക ഒരു പ്രധാന പാഠമാണ്. 2022-ലെ അരഗലയ പ്രക്ഷോഭം ലോകശ്രദ്ധ നേടിയിരുന്നു. ജനങ്ങൾ പ്രസിഡന്റിന്റെ വസതി കൈയേറി. രജപക്‌സെ രാജിവയ്‌ക്കേണ്ടിവന്നു. ഈ അർഥത്തിൽ അത് ഒരു ജനകീയ മുന്നേറ്റത്തിന്റെ ശ്രദ്ധേയ വിജയമായിരുന്നു. എന്നാൽ അതിനെ തുടർന്നുള്ള രാഷ്‌ട്രീയ പരിണാമങ്ങൾ മറ്റൊരു കാര്യം കൂടി വ്യക്തമാക്കുന്നു. ഒരു ജനകീയ പ്രക്ഷോഭത്തിന് ഭരണകൂടത്തെ പ്രതിസന്ധിയിലാക്കാനും ഭരിക്കുന്നവരെ പുറത്താക്കാനും കഴിയും. പക്ഷേ അതുകൊണ്ട് മാത്രം പുതിയ രാഷ്‌ട്രീയ ക്രമം സ്വയമേവ രൂപപ്പെടുകയില്ല. ശ്രീലങ്കയിൽ സംഭവിച്ചത് ഒരു ഫേസ്ബുക്ക് കൂട്ടായ്‌മയുടെയോ ഹാഷ്ടാഗ് മുന്നേറ്റത്തിന്റെയോ അധികാരം കയ്യാളലല്ല. മറിച്ച് ഭരണഘടനാപരമായ നടപടിക്രമങ്ങളിലൂടെയും നിലവിലുള്ള രാഷ്‌ട്രീയ സ്ഥാപനങ്ങളിലൂടെയും അധികാരക്കൈമാറ്റമാണ് നടന്നത്. അതോടൊപ്പം, പ്രക്ഷോഭത്തിന്റെ വൈവിധ്യമാർന്ന സ്വഭാവവും വ്യക്തമായ രാഷ്ട്രീയ പദ്ധതിയുടെ അഭാവവും രാഷ്‌ട്രീയ ശൂന്യത സൃഷ്ടിച്ചു. അതിനാൽ അരഗലയ ജനകീയ രാഷ്‌ട്രീയത്തിന്റെ ശക്തിയും അതിന്റെ പരിമിതിയും ഒരേസമയം വെളിപ്പെടുത്തുന്ന അനുഭവമായിരുന്നു. ജനരോഷത്തിന് നിലവിലെ ഭരണ വ്യവസ്ഥയെ കുലുക്കാൻ കഴിയും; എന്നാൽ ആ ഊർജത്തെ ദീർഘകാല രാഷ്‌ട്രീയ മാറ്റമാക്കി തീർക്കാൻ പ്രസ്ഥാനങ്ങളും രാഷ്‌ട്രീയ പദ്ധതികളും ആവശ്യമാണ്.


ഒരു ഭരണവർഗം സമൂഹത്തെ ഭരിക്കുന്നത് സൈന്യത്തിലൂടെയോ പൊലീസിലൂടെയോ മാത്രമല്ല. അവർ സമൂഹത്തിന്റെ സാമാന്യബോധം നിർമിക്കുന്നു. ജനങ്ങൾ ലോകത്തെ എങ്ങനെ കാണണം എന്ന് അവർ നിർവചിക്കുന്നു. എന്താണ് ദേശസ്‌നേഹം? എന്താണ് വികസനം? എന്താണ് സ്വാതന്ത്ര്യം? എന്താണ് പുരോഗതി? ഈ ചോദ്യങ്ങൾക്ക് സമൂഹം നൽകുന്ന ഉത്തരങ്ങളെ നിയന്ത്രിക്കുന്നതാണ് യഥാർഥ അധികാരം. ഗ്രാംഷി ഇതിനെ "ഹെജിമണി’ എന്ന് വിളിച്ചു. ഇന്ത്യയിൽ നിയോ-ലിബറൽ കോൺഗ്രസിന്റെയും ഹിന്ദുത്വ- ക്രോണി കാപ്പിറ്റലിസ്റ്റ് ബിജെപിയുടെയും ഏറ്റവും വലിയ ആധിപത്യം തെരഞ്ഞെടുപ്പ് വിജയമല്ല. ഹെജിമണിയാണ്. അവർ വികസനത്തെക്കുറിച്ചുള്ള പൊതുബോധം മാറ്റി. ദേശീയതയെക്കുറിച്ചുള്ള പൊതുബോധം മാറ്റി. ചരിത്രത്തെക്കുറിച്ചുള്ള പൊതുബോധം മാറ്റി. മതത്തെക്കുറിച്ചുള്ള പൊതുബോധം മാറ്റി. ഇത് അവർ പാർലമെന്റിൽ മാത്രം ചെയ്‌തതല്ല. സിനിമകളിലൂടെ ചെയ്‌തു. ടെലിവിഷനിലൂടെ ചെയ്‌തു. യൂട്യൂബിലൂടെ ചെയ്‌തു. വാട്‌സ്‌ആപ്പിലൂടെ ചെയ്‌തു. ഇൻസ്റ്റഗ്രാമിലൂടെ ചെയ്‌തു. ഇവിടെയാണ് ഡിജിറ്റൽ സംസ്‌കാരത്തിന്റെ പ്രാധാന്യം. വലതുപക്ഷം രാഷ്‌ട്രീയത്തെ പുതിയ കാലത്തെ ഒരു സാംസ്‌കാരിക ഉൽപ്പന്നമാക്കി. ഇടതുപക്ഷം ഇപ്പോഴും, പലപ്പോഴും രാഷ്‌ട്രീയം ഒരു പ്രമേയരേഖയായി അവതരിപ്പിക്കുന്നു.

സാമൂഹിക മാധ്യമങ്ങൾ വെറും ആശയവിനിമയ ഉപകരണങ്ങളല്ല. അവ ശ്രദ്ധയെ നിയന്ത്രിക്കുന്ന സംവിധാനങ്ങളാണ്. എന്താണ് കാണപ്പെടുന്നത്? ആരാണ് അദൃശ്യമാകുന്നത്? ഏത് വിഷയമാണ് ചർച്ച ചെയ്യപ്പെടുന്നത്? ഏത് വിഷയമാണ് അവഗണിക്കപ്പെടുന്നത്? ഇവയെല്ലാം അൽഗോരിതങ്ങളുടെ സ്വാധീനമാകുന്നു. അതുകൊണ്ട് ഡിജിറ്റൽ രാഷ്‌ട്രീയം വെറും അഭിപ്രായങ്ങളുടെ മത്സരമോ പ്രദർശനവേദിയോ അല്ല. കാണപ്പെടലിന്റെ മത്സരമാണ്. ഇവിടെയാണ് ഇന്ത്യൻ വലതുപക്ഷം മുന്നിൽ നിൽക്കുന്നത്. റാൻസിയർ പറയുന്നപോലെ രാഷ്‌ട്രീയം എന്നത് അധികാരത്തിനായുള്ള മത്സരം മാത്രമല്ല. ആരാണ് സംസാരിക്കാൻ അർഹർ എന്ന ചോദ്യമാണ് രാഷ്‌ട്രീയം. ആരാണ് കേൾക്കപ്പെടുന്നത്? ആരാണ് കാണപ്പെടുന്നത്? ആരാണ് മറഞ്ഞുപോകുന്നത്? ഇവയാണ് പ്രധാന ചോദ്യങ്ങൾ. ഒരു സമൂഹത്തിൽ ചില വിഭാഗങ്ങളുടെ ‘ശബ്ദം’ മാത്രം കേൾക്കുന്നു. മറ്റുചിലരെ ‘ശബ്ദകോലാഹലം’ ആയി മാത്രം കാണുന്നു. രാഷ്‌ട്രീയശരി ആരംഭിക്കുന്നത് ഈ രണ്ടാമത്തെ വിഭാഗം സംസാരിക്കുന്നത് വ്യക്തമായി കേൾക്കാൻ തുടങ്ങുമ്പോഴാണ്.

ഈ അർഥത്തിൽ ‘പാറ്റ’ പോലുള്ള ഡിജിറ്റൽ സ്വത്വങ്ങൾക്ക് രാഷ്‌ട്രീയ പ്രാധാന്യമുണ്ട്. അത് കാണപ്പെടലിന്റെയും കേൾക്കപ്പെടലിന്റെയും രാഷ്‌ട്രീയമാണ്. അദൃശ്യരായവർ കാണപ്പെടുന്നു. അവഗണിക്കപ്പെട്ടവർ സംസാരിക്കുന്നു. അപമാനിക്കപ്പെട്ടവർ സ്വയം നിർവചിക്കുന്നു. ഒരു രാഷ്‌ട്രീയ സന്ദർഭം. പക്ഷേ കാണപ്പെടുന്നതുകൊണ്ട് മാത്രം രാഷ്‌ട്രീയം ഉണ്ടാകുന്നില്ല. ആ കാണപ്പെടൽ പുതിയ സാമൂഹിക ബന്ധങ്ങളിലേക്കും പുതിയ പ്രസ്ഥാനങ്ങളിലേക്കും പുതിയ രാഷ്‌ട്രീയ രൂപങ്ങളിലേക്കും മാറുമ്പോഴാണ് ആ രാഷ്‌ട്രീയം ദീർഘകാലത്തേക്കുള്ള അടിത്തറ ഉറപ്പിക്കുന്നത്. ഇവിടെയാണ് ചോദ്യം. ഡിജിറ്റൽ രാഷ്‌ട്രീയമുന്നേറ്റം അവയുടെ ഒച്ച കേൾപ്പിക്കുന്നുണ്ട്. പക്ഷേ അവ സംഘടിതമാകുന്നുണ്ടോ? അവ രാഷ്‌ട്രീയ പദ്ധതികളായി മാറുന്നുണ്ടോ? അവ പുതിയ സാമൂഹിക മുന്നേറ്റമാകുന്നുണ്ടോ? ഈ ചോദ്യങ്ങൾക്ക് ഇപ്പോഴും വ്യക്തമായ ഉത്തരമില്ല. അതുകൊണ്ടുതന്നെ ഇന്നത്തെ യുവജനങ്ങൾ പ്രകടിപ്പിക്കുന്ന അസംതൃപ്തിയെ ഒരേസമയം ഗൗരവത്തോടെയും ജാഗ്രതയോടെയും സമീപിക്കേണ്ടതുണ്ട്. ഇത് ഒരു രാഷ്‌ട്രീയ ലക്ഷണമാണ്. പക്ഷേ, ഇത് ഇപ്പോഴും ഒരു രാഷ്‌ട്രീയ പരിഹാരമാകുന്നില്ല.

ഇന്ത്യൻ യുവജനങ്ങളിൽ വളർന്നുവരുന്ന ഈ അസംതൃപ്തിക്ക് രാഷ്‌ട്രീയ രൂപം നൽകാൻ ആർക്കാണ് കഴിയുക? നിലവിലെ ഹിന്ദുത്വ- ക്രോണി കാപ്പിറ്റലിസ്റ്റ് ഭരണകൂടത്തിനെതിരായ രോഷത്തെ സാമൂഹിക നീതിയുടെയും ജനാധിപത്യത്തിന്റെയും പുതിയ രാഷ്‌ട്രീയ പദ്ധതിയാക്കി മാറ്റാൻ ആർക്കാണ് കഴിയുക?


ഇന്ത്യൻ രാഷ്‌ട്രീയത്തിൽ ബിജെപിക്ക് പകരമായി ദേശീയതലത്തിൽ നിലനിൽക്കുന്ന ഏറ്റവും വലിയ പാർടി കോൺഗ്രസാണ്. അതുകൊണ്ടുതന്നെ ബിജെപിക്കെതിരായ ഏത് അസംതൃപ്തിയും ഒടുവിൽ കോൺഗ്രസിന് രാഷ്‌ട്രീയ നേട്ടമാകുമോ എന്ന ചോദ്യം ഉയരാറുണ്ട്. എന്നാൽ ഒരു അടിസ്ഥാന രാഷ്‌ട്രീയ പ്രശ്നം മനസ്സിലാക്കേണ്ടതുണ്ട്. ഒരു ഗവൺമെന്റിനെതിരായ പ്രതിഷേധത്തിന്റെ വാഹകരാകുക എന്നതും ഒരു പുതിയ സാമൂഹിക ബദലിന്റെ വാഹകരാകുക എന്നതും ഒരേ കാര്യമല്ല. ബിജെപിക്കെതിരായ രോഷത്തെ തെരഞ്ഞെടുപ്പ് നേട്ടമാക്കി മാറ്റാൻ കോൺഗ്രസിന് കഴിയും. പക്ഷേ നവലിബറൽ ഇന്ത്യയുടെ സാമൂഹിക പ്രതിസന്ധിയെ തരണം ചെയ്യാൻ കോൺഗ്രസിന് കഴിയുമോ എന്നതാണ് യഥാർഥ ചോദ്യം. ഇവിടെയാണ് കോൺഗ്രസിന്റെ ചരിത്രപരമായ പരിമിതി. യുവജനങ്ങളെ അലട്ടുന്ന പ്രശ്നങ്ങൾ എന്തൊക്കെയാണ്? തൊഴിലില്ലായ്‌മ, സ്വകാര്യവൽക്കരണം, കരാർ നിയമനങ്ങൾ, വിദ്യാഭ്യാസ കച്ചവടം, കോർപറേറ്റ്‌വൽക്കരണം, സാമ്പത്തിക അസമത്വം, ഗിഗ് തൊഴിൽ, സാമൂഹിക സുരക്ഷയുടെ അഭാവം. ഈ പ്രശ്നങ്ങൾ മുഴുവനായും ബിജെപി സൃഷ്ടിച്ചതല്ല. അവയുടെ വേരുകൾ 1990-‐കൾക്ക് ശേഷമുള്ള കോൺഗ്രസ് നടപ്പിലാക്കി തുടങ്ങിയ നവലിബറൽ വികസന മാതൃകയിലാണ്. സാമ്പത്തിക വളർച്ചയെ വിപണി കേന്ദ്രീകൃത വികസനത്തിലൂടെ കൈവരിക്കണമെന്ന അടിസ്ഥാന ചട്ടക്കൂടിൽ കോൺഗ്രസും ബിജെപിയും തമ്മിൽ ശ്രദ്ധേയമായ തുടർച്ചകൾ നിലനിൽക്കുന്നുവെന്ന്‌ പല വിമർശകരും ചൂണ്ടിക്കാണിക്കുന്നുണ്ട്. അതുകൊണ്ട് കോൺഗ്രസിന് ബിജെപിയെ വിമർശിക്കാൻ കഴിയും. പക്ഷേ നവലിബറൽ നയത്തെ വിമർശിക്കാൻ കഴിയില്ല. കാരണം, സ്വന്തം ഭരണചരിത്രത്തെ തന്നെ ഏറ്റുപറയേണ്ടി വരും. ഇതാണ് കോൺഗ്രസിന്റെ പ്രതിസന്ധി.

ഇതിനുപുറമെ മറ്റൊരു പ്രശ്നമുണ്ട്‐ വിശ്വാസ്യത. ഇന്ത്യൻ രാഷ്‌ട്രീയത്തിലെ എല്ലാ പ്രധാന പാർടികളും അഴിമതി ആരോപണങ്ങൾ നേരിട്ടിട്ടുണ്ട്. എന്നാൽ ദേശീയ തലത്തിൽ കോൺഗ്രസിന്റെ ചരിത്രം നിരവധി വലിയ അഴിമതി വിവാദങ്ങളാൽ അടയാളപ്പെട്ടതാണ്. പല യുവാക്കൾക്കും കോൺഗ്രസ് ഒരു പുതിയ രാഷ്‌ട്രീയ സാധ്യതയല്ല. പഴയ രാഷ്‌ട്രീയ വ്യവസ്ഥയുടെ ഭാഗമാണ്. അതുകൊണ്ട് ബിജെപിക്കെതിരായ അസംതൃപ്തി സ്വാഭാവികമായി കോൺഗ്രസിലേക്കുള്ള വിശ്വാസമായി മാറുന്നില്ല. അതിലുപരി നെഹ്‌റുവിയൻ സോഷ്യലിസത്തിന്റെ കടയ്‌ക്കൽ കോൺഗ്രസ് വച്ച വാളായിരുന്നു നിയോ-ലിബറലിസം. അങ്ങനെ വരുമ്പോൾ ഇത് വെറും നേതൃത്വത്തിന്റെ പ്രശ്നമല്ല. ചരിത്രപരമായ പ്രശ്നമാണ്. എല്ലാത്തിനുമുപരി, ഒരു പാർടി പ്രതിപക്ഷമാകാം; പക്ഷേ ബദലാകണമെന്നില്ല. ഇന്ന് കോൺഗ്രസ് പ്രതിപക്ഷമാണ്. പക്ഷേ നവലിബറൽ ഇന്ത്യയ്‌ക്ക്‌ ഒരു ബദലാണോ? ഈ ചോദ്യത്തിന് വ്യക്തമായ ഉത്തരം നൽകാൻ അതിന് ബുദ്ധിമുട്ടുണ്ട്. കാരണം അതിന്റെ സാമ്പത്തിക നയവും ബിജെപിയുടെ സാമ്പത്തിക നയവും തമ്മിലുള്ള അതിര് നേർത്തതാണ്, ഇല്ലെന്നു തന്നെ പറയാം. യുവജനങ്ങളുടെ അസംതൃപ്തിയെ രാഷ്‌ട്രീയമായി പ്രതിനിധീകരിക്കാൻ കോൺഗ്രസിന് പരിമിതികളുണ്ട്; അത് നയപരവും രാഷ്‌ട്രീയപരവുമാണ്.

അമേരിക്കയിലെ ഒക്കുപ്പൈ വാൾസ്‌ട്രീറ്റ്‌ പ്രക്ഷോഭംഅമേരിക്കയിലെ ഒക്കുപ്പൈ വാൾസ്‌ട്രീറ്റ്‌ പ്രക്ഷോഭം

പലരും കരുതുന്നതുപോലെ ഇന്ത്യയിലെ ഇടതുപക്ഷ യുവജന രാഷ്‌ട്രീയ സംഘടനകളുടെ മുന്നിലെ പ്രധാന വെല്ലുവിളി സംഘടനാപരമായ ക്ഷയമോ രാഷ്‌ട്രീയ വിഷയങ്ങളുടെ അഭാവമോ അല്ല. തൊഴിലില്ലായ്‌മ, സ്വകാര്യവൽക്കരണം, കോർപറേറ്റ് കേന്ദ്രീകരണം, വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം, തൊഴിലാളി ചൂഷണം തുടങ്ങിയ വിഷയങ്ങളിൽ ഇടതുപക്ഷം പതിറ്റാണ്ടുകളായി നിലപാടുകൾ സ്വീകരിച്ചുവരുന്നുണ്ട്. എന്നാൽ ഇന്നത്തെ സാഹചര്യത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെടേണ്ടത് മറ്റൊന്നാണ്: രാഷ്‌ട്രീയ ആശയവിനിമയത്തിന്റെ പ്രശ്നം. പുതിയ തലമുറയുടെ ലോകാനുഭവങ്ങളും രാഷ്‌ട്രീയ സങ്കൽപ്പങ്ങളും വലിയ തോതിൽ ഡിജിറ്റൽ സംസ്‌കാരത്തിലൂടെയും വലതുപക്ഷ സാംസ്‌കാരിക ഹെജിമണിയിലൂടെയും രൂപപ്പെടുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. അതിനാൽ രാഷ്‌ട്രീയ നിലപാട് ശരിയായിരിക്കുകയെന്നത് മാത്രം മതിയാകുന്നില്ല; അത് പുതിയ തലമുറയുടെ അനുഭവ ഭാഷയിലും രൂപഘടനയിലും അർഥവത്തായി അവരിലേക്ക് എത്തിച്ചേരുകയും വേണം.

ഒരുകാലത്ത് തൊഴിലില്ലായ്‌മ കേന്ദ്രപ്രശ്നമായിരുന്നെങ്കിൽ ഇന്ന് തൊഴിൽ ഉണ്ടായിട്ടും തൊഴിൽസുരക്ഷയില്ലായ്‌മയാണ് പ്രധാന പ്രശ്നങ്ങളിലൊന്ന്. പലർക്കും തൊഴിലുടമ ഒരു സ്ഥാപനമല്ല, അൽഗോരിതമാണ്. ജോലി സ്ഥലം ഒരു ഫാക്ടറിയല്ല, ഒരു ആപ്പോ ഡിജിറ്റൽ പ്ലാറ്റ്ഫോമോ ആണ്. എഐ മൂലമുള്ള തൊഴിൽ അനിശ്ചിതത്വം, ഗിഗ് തൊഴിൽ, ഡിജിറ്റൽ നിരീക്ഷണം, ഡാറ്റാ ക്യാപിറ്റലിസം, മാനസികാരോഗ്യം, അറ്റൻഷൻ എക്കോണമി, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയ അനുഭവങ്ങളിലൂടെയാണ് പുതിയ തലമുറ അവരുടെ ദൈനംദിന ജീവിതം മനസ്സിലാക്കുന്നത്. ഇവയെല്ലാം വർഗരാഷ്‌ട്രീയവുമായി ആഴത്തിൽ ബന്ധപ്പെട്ട വിഷയങ്ങളാണെങ്കിലും അവ ഉൾക്കൊള്ളാനാകുന്ന ഭാഷ പലപ്പോഴും പുതിയ തലമുറയുടെ അനുഭവലോകത്തിൽനിന്ന് അകലെയാകുന്നു. ഇടതുപക്ഷം പുതിയ വിഷയങ്ങൾ കണ്ടെത്തണമെന്നതല്ല ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് മുന്നിലെ വെല്ലുവിളി; മറിച്ച് ഇടതുപക്ഷം ഉയർത്തിക്കാട്ടുന്ന സാമൂഹിക നീതിയുടെയും ജനാധിപത്യത്തിന്റെയും വിഷയങ്ങളെയും ചോദ്യങ്ങളെയും പുതിയ തലമുറയുടെ ജീവിതാനുഭവങ്ങളുടെ ഭാഷയിലേക്ക് കൂടുതൽ ഫലപ്രദമായി വിവർത്തനം ചെയ്യാനാകുമോ എന്നതാണ്. ഭാവിയിൽ ഇന്ത്യൻ യുവജന രാഷ്‌ട്രീയത്തിന്റെ ദിശ നിർണയിക്കുന്ന പ്രധാന ചോദ്യങ്ങളിലൊന്ന് അതായിരിക്കും.

ഇതോടുചേർത്തുവച്ചാണ് ഇന്ത്യൻ വലതുപക്ഷത്തിന്റെ ശക്തി മനസ്സിലാക്കേണ്ടത്. പലരും കരുതുന്നത് ബിജെപിയുടെ ശക്തി അവരുടെ സംഘടനയാണെന്നാണ്. അതൊരു പാതി സത്യം മാത്രമാണ്. ഈ നൂറ്റാണ്ടിലെ അവരുടെ യഥാർഥ ശക്തി സംഘടനയും സംസ്‌കാരവും തമ്മിലുള്ള സംയോജനമാണ്. അവർ രാഷ്‌ട്രീയം ഒരു അനുഭവമാക്കി മാറ്റി. പല കഥകൾ (നറേറ്റീവുകൾ) ആക്കി മാറ്റി. സാംസ്‌കാരിക ഉൽപ്പന്നമാക്കി മാറ്റി. റീലുകൾ, മീമുകൾ, ഷോർട്ട് വീഡിയോകൾ, പോഡ്കാസ്റ്റുകൾ, ഇൻഫ്ലുവൻസർമാർ‐ ഇവയെല്ലാം രാഷ്‌ട്രീയത്തിന്റെ ഭാഗമാക്കി. ഗ്രാംഷിയുടെ ഭാഷ കടമെടുത്ത് പറഞ്ഞാൽ അവർ ഡിജിറ്റൽ ഹെജിമണി നിർമിച്ചു. ഇടതുപക്ഷത്തിന്റെ പ്രശ്നം സൈദ്ധാന്തികമായ ദാരിദ്ര്യമല്ല. സാംസ്‌കാരികവും രാഷ്‌ട്രീയവുമായി അവരുടെ ഭാഷ പുതിയ തലമുറയിലേക്ക് വിവർത്തനം ചെയ്യപ്പെടുന്നതിലാണ്. ഇടതുപക്ഷം ഇന്നും സമൂഹത്തിലെ പല യഥാർഥ പ്രശ്നങ്ങളെയും കൃത്യമായി തിരിച്ചറിയുന്നു. അസമത്വം, സ്വകാര്യവൽക്കരണം, കോർപറേറ്റ് കേന്ദ്രീകരണം, തൊഴിലാളി ചൂഷണം, പരിസ്ഥിതി നാശം‐ ഇവയെല്ലാം സംബന്ധിച്ച ഇടതുപക്ഷ വിമർശനങ്ങൾ ശക്തമാണ്. പക്ഷേ ഈ വിമർശനങ്ങളെ പുതിയ തലമുറ ഇടതുപക്ഷത്തിന്റെ സാംസ്‌കാരിക- രാഷ്‌ട്രീയ ഭാഷയിൽ വായിച്ചെടുക്കുന്നതിൽ പലപ്പോഴും പരാജയപ്പെടുന്നു. രാഷ്‌ട്രീയസത്യം മാത്രം മതിയാകില്ല, അത് സാമൂഹികമായി അനുഭവിക്കപ്പെടുകയും വേണം. ഇവിടെയാണ് സത്യാനന്തര കാലത്തിന്റെ ഉപകരണങ്ങൾ ഉപയോഗിച്ച് വലതുപക്ഷം പലപ്പോഴും മുന്നിട്ടുനിൽക്കുന്നത്.

ശ്രീലങ്കയിലെ അരഗലയ പ്രക്ഷോഭകാലത്തെ കാഴ്‌ച ശ്രീലങ്കയിലെ അരഗലയ പ്രക്ഷോഭകാലത്തെ കാഴ്‌ച

ഇന്നത്തെ സാഹചര്യത്തിൽ ഇന്ത്യയിലെ ഇടതുപക്ഷ പാർടികൾക്കും അവരുടെ യുവജന സംഘടനകൾക്കും മുന്നിലുള്ള ദൗത്യം ഒരു പുതിയ രാഷ്‌ട്രീയ ഭാവനയുടെ നിർമിതിയാണ്. തൊഴിലാളി രാഷ്‌ട്രീയം ഉപേക്ഷിക്കാതെ ഗിഗ് തൊഴിലാളികളെ ഉൾക്കൊള്ളുക, വർഗരാഷ്‌ട്രീയം ഉപേക്ഷിക്കാതെ ഡിജിറ്റൽ സംസ്‌കാരത്തെ മനസ്സിലാക്കുക, സോഷ്യലിസ്റ്റ് ദർശനം ഉപേക്ഷിക്കാതെ പുതിയ തലമുറയുടെ ഭാഷയിൽ സംസാരിക്കുക. പുതിയ തലമുറയെ ഇടതുപക്ഷത്തിന്റെ രാഷ്‌ട്രീയഭാഷ അറിയുന്നവരാക്കി മാറ്റുക. ഇതാണ് വെല്ലുവിളി. ഇതാണ് സാധ്യതയും.

കോക്രോച്ച്‌ ജനതാ പാർടി അടക്കമുള്ള യുവാക്കളുടെ അസംതൃപ്തിയെ ഒരു പുതിയ വിപ്ലവത്തിന്റെ പ്രഖ്യാപനമായി കാണേണ്ടതില്ല. അതുപോലെ അതിനെ വെറും സോഷ്യൽ മീഡിയ തമാശയായി കാണുന്നതും തെറ്റാണ്. അതൊരു ലക്ഷണമാണ്. കോൺഗ്രസിലൂടെ നടപ്പിലായി ബിജെപിയിലൂടെ തുടരുന്ന നവലിബറൽ ഇന്ത്യയുടെ ആഴത്തിലുള്ള സാമൂഹിക വൈരുധ്യങ്ങളുടെ ലക്ഷണം. തൊഴിലില്ലായ്‌മയുടെ ലക്ഷണം. ഭാവിയില്ലായ്‌മയുടെ ലക്ഷണം. സാമ്പത്തിക അരക്ഷിതാവസ്ഥയുടെ ലക്ഷണം. രാഷ്‌ട്രീയ പ്രതിനിധാനത്തിന്റെ പ്രതിസന്ധിയുടെ ലക്ഷണം. ഈ അസംതൃപ്തിയെ പൂർണമായി പ്രതിനിധീകരിക്കാൻ കോൺഗ്രസിന് കഴിയാത്തത് അതിന്റെ സ്വന്തം ചരിത്രം കൊണ്ടാണ്. എന്നാൽ ചരിത്രം ഒരിക്കലും ഒന്നുമില്ലാതായി നിൽക്കില്ല. യുവജനങ്ങളുടെ രോഷവും നിരാശയും രാഷ്‌ട്രീയമായി രൂപംകൊള്ളും. ചോദ്യം മറ്റൊന്നാണ്: ആ രൂപം സാമൂഹിക നീതിയുടെയും ജനാധിപത്യത്തിന്റെയും കൂടെയായിരിക്കുമോ? അതോ വലതുപക്ഷ പോപ്പുലിസത്തിന്റെയും അരാജകത്വത്തിന്റെയും കൂടെയാകുമോ? ഇന്ത്യൻ രാഷ്‌ട്രീയത്തിന്റെ അടുത്ത അധ്യായം നിർണയിക്കപ്പെടുക ഈ ചോദ്യത്തിനുള്ള ഉത്തരത്തിലായിരിക്കാം. അവിടെയാണ് ഇന്നത്തെ യുവജന രാഷ്‌ട്രീയത്തിന്റെ ചരിത്രപ്രാധാന്യം .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home