വീടുകളിൽ മോദിയുടെ ഫോട്ടോ
ചാപ്പകുത്തലിൽ നിലപാടില്ല; പിഎംഎവൈ പോരട്ടെയെന്ന് കൊണ്ടോട്ടി നഗരസഭ

മലപ്പുറം
വീടുകൾക്ക് മോദി സർക്കാരിന്റെ എംബ്ലംവയ്ക്കുന്നതിൽ തെറ്റില്ലെന്ന മന്ത്രി കെ എം ഷാജിയുടെ പരാമർശത്തിനെതിരായ പ്രതിഷേധത്തിനിടെ പിഎംഎവൈ പദ്ധതി പുനരാരംഭിക്കുന്നതിനെ സ്വാഗതംചെയ്‌ത് കൊണ്ടോട്ടി നഗരസഭ. കഴിഞ്ഞദിവസം ചേർന്ന നഗരസഭാ കൗൺസിൽ യോഗമാണ് പദ്ധതി വേഗം നടപ്പാക്കണമെന്ന പ്രമേയം പാസാക്കിയത്. എംബ്ലം പതിക്കുന്നത് ഗുണഭോക്താക്കളുടെ ആത്മാഭിമാനം ഹനിക്കുന്നതാണെന്ന് ലീഗിൽനിന്നുപോലും വിമർശമുയർന്ന സാഹചര്യത്തിലാണ് കൊണ്ടോട്ടി നഗരസഭയുടെ തിടുക്കം. പിഎംഎവൈ പദ്ധതിവഴി നിർമിക്കുന്ന വീടുകളിൽ നരേന്ദ്ര മോദി സർക്കാരിന്റെ എംബ്ലംവയ്ക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു മന്ത്രി കെ എം ഷാജിയുടെ പ്രസ്‌താവന. കേന്ദ്ര സർക്കാരുമായി അനാവശ്യ തർക്കങ്ങൾക്കില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തിരുന്നു. നേരത്തേ കേന്ദ്രസർക്കാർ ഭവനപദ്ധതിയായ പിഎംഎവൈയാണ് നിലവിലുണ്ടായിരുന്നത്. നഗരത്തിൽ ഒന്നരലക്ഷം രൂപയാണ് കേന്ദ്ര സർക്കാർ അനുവദിക്കുന്നത്. ഇതും സംസ്ഥാന സർക്കാർ വിഹിതവും ചേർത്താണ് എൽഡിഎഫ് സർക്കാർ ലൈഫ് പദ്ധതി ആരംഭിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതവും ചേർത്ത് നാലുലക്ഷമാണ് ലൈഫ് പദ്ധതിയിൽ വീടുകൾക്ക് നൽകിയത്. പട്ടികജാതി, പട്ടിക വർഗ വിഭാഗങ്ങളിലുള്ളവർക്ക് ഇത് ആറുലക്ഷവുമായിരുന്നു. സംസ്ഥാനത്താകെ പത്തുവർഷത്തിനിടെ അഞ്ചരലക്ഷത്തോളം പേർക്കാണ് ലൈഫ് പദ്ധതിയിൽ വീട് ലഭിച്ചത്. നിർമാണത്തിലിരിക്കുന്ന വീടുകളും നിരവധി. കേന്ദ്ര സർക്കാർ ഫണ്ട് ലഭ്യമാകണമെങ്കിൽ എംബ്ലംവയ്ക്കണമെന്ന നിബന്ധന നേരത്തേയും കേന്ദ്രസർക്കാർ മുന്നോട്ടുവച്ചിരുന്നു. എന്നാൽ അത് സാധ്യമല്ലെന്നായിരുന്നു എൽഡിഎഫ് സർക്കാർ നിലപാട്. ഇത് കേന്ദ്രസർക്കാരിനെ അറിയിക്കുകയും ചെയ്‌തു. എംബ്ലം പതിക്കാനും തയ്യാറായില്ല. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തിയതോടെ ലൈഫ് പദ്ധതിക്ക് മരണക്കയറിട്ടു. ബജറ്റിൽ ഒന്നും നീക്കിവച്ചില്ലെന്നുമാത്രമല്ല പട്ടികജാതി പട്ടികവർഗ വിഭാഗങ്ങൾക്കായി പ്രത്യകം ഭവനപദ്ധതി പ്രഖ്യാപിക്കുകയുംചെയ്‌തു. അധികാരത്തിൽ വന്നാൽ ലൈഫ് പദ്ധതി നിർത്തലാക്കുമെന്ന് നേരത്തേ തന്നെ യുഡിഎഫ് നേതാക്കൾ പ്രഖ്യാപിച്ചിരുന്നു. ഇതാണ് നടപ്പാക്കിയത്. വീട് നിർമാണം പാതിവഴിയിലായ ആയിരങ്ങളാണ് ഇതോടെ ആശങ്കയിലായത്. ഇതിനുപിന്നാലെയാണ് കേന്ദ്ര സർക്കാർ നിർദേശങ്ങൾ അതേപടി പിന്തുടർന്ന് പിഎംഎവൈ നടപ്പാക്കാനുള്ള നീക്കവും തുടങ്ങിയത്. പിഎംഎവൈപോലുള്ള പദ്ധതികൾ നടപ്പാക്കുന്പോഴും സർക്കാർ സബ്‌സിഡി നൽകേണ്ടിവരും. ഇത്തരം വീടുകളിൽ കേന്ദ്രസർക്കാരിന്റെ എംബ്ലം പതിക്കുന്നതിൽ തെറ്റില്ലെന്നായിരുന്നു തദ്ദേശ വകുപ്പ് മന്ത്രികൂടിയായ കെ എം ഷാജിയുടെ പ്രഖ്യാപനം. പിഎം ശ്രീയിൽ ലീഗ് പൊള്ളിനിൽക്കുന്പോഴായിരുന്നു പ്രഖ്യാപനം. ഇതിനെതിരെയാണ് ലീഗിൽനിന്നടക്കം പ്രതിഷേധമുയർന്നത്. ടി പി അഷ്‌റഫലി എംഎൽഎയടക്കം നിയമസഭയിൽ ഷാജിക്കെതിരെ പരോക്ഷ വിമർശമുയർത്തി. എന്നാൽ മോദി ഫോട്ടോവച്ച് വീടുകൾക്ക് ചാപ്പകുത്തുന്നതിൽ ലീഗ് നിലപാടെടുത്തില്ലെന്നതാണ് കൊണ്ടോട്ടി നഗരസഭയുടെ പ്രമേയം വ്യക്തമാക്കുന്നത്.











0 comments