കവർസ്റ്റോറി
മനുഷ്യരിലേക്ക് നീളുന്ന പാലം

സോണിയ റഫീക്ക്
Published on Oct 05, 2026, 04:54 PM | 11 min read
വിവർത്തനം ഒരു രംഗകലയാണ്! മൂലകൃതിയെ മുന്നിൽ വച്ചുകൊണ്ട് തന്നാലാവുംവിധം മറ്റൊരു ഭാഷയിലൂടെ അഭിനയിച്ചു ഫലിപ്പിക്കാൻ ശ്രമിക്കുകയാണ് വിവർത്തകർ ചെയ്യുന്നത്. അതിനായി ആ വിവർത്തകൻ/വിവർത്തക രചയിതാവിനോട് വികാരപരവും ഭാവനാപരവുമായി ഏറെ ചേർന്നു നിൽക്കേണ്ടതുണ്ട്. ആ ചേർന്നുനിൽപ്പിലൂടെ സാധ്യമാകുന്ന സാഹോദര്യം പരിഭാഷ വായിക്കുന്ന വായനക്കാരിലേക്കും പകരുന്നു. അതുകൊണ്ടാവും എലിഫ് ഷഫാക്ക് എന്ന തുർക്കിക്കാരിയായ എഴുത്തുകാരി തന്റെ പുസ്‌തകം വിവർത്തനം ചെയ്‌ത മലയാളിയായ എനിക്ക് ‘സോണിയയ്‌ക്ക് സഹോരദരീസ്‌നേഹത്തോടെ…’ എന്നെഴുതി ആ പുസ്‌തകം ഒപ്പിട്ടു തന്നത്.
സോണിയ റഫീക്ക്
കഥയും നോവലും എഴുതി എഴുത്തുജീവിതം മുന്നോട്ടു നയിക്കവേ ഏറെ യാദൃച്ഛികമായാണ് എനിക്ക് പരിഭാഷയോട് ഇഷ്ടം തോന്നിയത്. ആദ്യമായി പരീക്ഷിച്ചത് ഫ്രഞ്ച് എഴുത്തുകാരിയായ മാർഗരറ്റ് ഡ്യൂറാസിന്റെ ആത്മകഥാപരമായ കുറിപ്പുകളടങ്ങുന്ന ‘പ്രാക്ടിക്കാലിറ്റീസ്’ എന്ന പുസ്‌തകമാണ്. എഴുത്തുകാരിയുടെ ഏറ്റവും സ്വകാര്യമായ നിമിഷങ്ങൾ, മദ്യാസക്തിയോടുള്ള പോരാട്ടം, മാതൃത്വത്തോടുള്ള വ്യത്യസ്‌തമായ കാഴ്‌ചപ്പാടുകൾ, വിചിത്രമെന്നു സമൂഹം വ്യാഖ്യാനിച്ച പ്രണയങ്ങൾ അങ്ങനെ അത്യന്തം നിഗൂഢമായ ആത്മവിചാരങ്ങളുടെ തുറന്നെഴുത്തെന്നു വിളിക്കാവുന്ന ഒരു പുസ്‌തകം. അതിൽ എനിക്കു പ്രിയപ്പെട്ട ചില അധ്യായങ്ങൾ വീണ്ടും വീണ്ടും വായിക്കുകയും ഇടവേളകളിൽ ചെറിയ ഖണ്ഡികകൾ പരിഭാഷപ്പെടുത്തുകയും ചെയ്‌തുപോന്നു. ഒടുവിൽ, ഒരധ്യായം മുഴുവനായും വിവർത്തനം ചെയ്‌ത് വാരികയ്‌ക്ക് അയക്കുമ്പോൾ പ്രസിദ്ധീകരിക്കുമെന്ന വിശ്വാസം തീരെ ഉണ്ടായിരുന്നില്ല. അത് അച്ചടിച്ചുവന്നതും നല്ല അഭിപ്രായങ്ങൾ കേട്ടതും തുടർന്നുള്ള മൂന്നോ നാലോ അധ്യായങ്ങൾ കൂടി പരിഭാഷപ്പെടുത്താനുള്ള ഊർജം നൽകി. അവയെല്ലാം ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചു. പിന്നീട് പുസ്‌തക പ്രസാധകരിൽനിന്ന് അന്വേഷണങ്ങൾ വന്നുതുടങ്ങി. മാതൃഭൂമി ബുക്‌സിനുവേണ്ടി വെർജീനിയ വൂൾഫിന്റെയും കെയ്റ്റ് ചോപ്പിന്റെയും പുസ്‌തകങ്ങൾ വിവർത്തനം ചെയ്‌തു.
ഇരുപതാം നൂറ്റാണ്ടിന്റെ രാഷ്‌ട്രീയ സാമൂഹിക സാഹചര്യങ്ങൾ, സാമ്പ്രദായിക കുടുംബത്തിൽ ജനിച്ച ഒരു സ്‌ത്രീയുടെ ഭാവുകത്വത്തിൽ സൃഷ്ടിച്ച പ്രഭാവം വ്യക്തമാക്കുന്ന കുറിപ്പുകളാണ് വെർജീനിയ വൂൾഫിന്റെ ‘അപൂർണ വിഷാദങ്ങൾ.’ 1941‐ൽ വിടപറഞ്ഞ പ്രതിഭാശാലിയായ ആ എഴുത്തുകാരിയെ എഴുപത്തഞ്ചിലേറെ വർഷങ്ങൾക്കുശേഷം മറ്റൊരു ഭൂഖണ്ഡത്തിലിരുന്ന് തികച്ചും അന്യമായ ഭാഷയിലൂടെ ഞാൻ എന്ന എഴുത്തുകാരി തൊട്ടറിഞ്ഞു. വിങ്ങലുളവാക്കുന്ന ജീവിതാനുഭവങ്ങൾ കോറിയിട്ട വെർജീനിയയുടെ കുറിപ്പുകളെ നോവു മിടിക്കുന്ന വിരലുകളോടെ, ഭാരമേറിയ മനസ്സോടെ, ദീർഘനിശ്വാസത്തിന്റെ ഇടവേളകളോടെയാണ് ഞാൻ മൊഴിമാറ്റം ചെയ്‌തതെന്ന് ഏറ്റുപറയേണ്ടിയിരിക്കുന്നു. ഒന്നുമുണ്ടാക്കാത്ത, എങ്ങുമെത്താത്ത ദിവസങ്ങളുടെ ആകെത്തുകയാണ് വെർജീനിയയുടെ ജീവിതം. ഒരു വലിയ പഞ്ഞിക്കെട്ടിനുള്ളിൽ പൊതിഞ്ഞ നിർജീവാവസ്ഥയിലൂടെയാണ് അവരിൽനിന്ന് ബാല്യവും കൗമാരവുമെല്ലാം കൊഴിഞ്ഞുപോയത്. ശാശ്വതമായതൊന്നും വെർജീനിയയുടെ ജീവിതത്തിലില്ല. ഓരോന്നും അരികിലേക്ക് വരുന്നതിന്റെയും അകലേക്ക് അപ്രത്യക്ഷമാകുന്നതിന്റെയും അനുഭൂതിയറിഞ്ഞുള്ള ജീവനം. അങ്ങനെയൊരു വിഷാദിയുടെ ജീവിതം വിവർത്തനം ചെയ്യുമ്പോൾ, മ്ലാനതയുടെ ഇരുണ്ടമറ നമ്മെ വന്നുമൂടും. അതിനുള്ളിൽനിന്ന് കിനിഞ്ഞിറങ്ങുന്ന നോവു നുകർന്നുകൊണ്ടു മാത്രമേ വെർജീനിയയെ പകർന്നുവയ്‌ക്കാൻ ആവുകയുള്ളൂ. കാരണം, ആ കുറിപ്പുകൾ വെർജീനിയ വൂൾഫിന്റെ കഥാനുഭവങ്ങളല്ല, സാഹിത്യവിചാരങ്ങളല്ല, വിശ്വാസങ്ങളും മൂല്യപ്രമാണങ്ങളുമല്ല; അത് നിമിഷങ്ങളാണ്, ഉരുകിവീഴുമ്പോഴും ഉറഞ്ഞുപിടിക്കുന്ന നിമിഷങ്ങൾ.
വിവർത്തനം മഹത്തായ ജനാപത്യവൽക്കരണം കൂടിയാണ്. ലോകമാകമാനമുള്ള എഴുത്തുകാരെ ദേശഭാഷാ വ്യത്യാസങ്ങളില്ലാതെ വായിക്കുവാനും പഠനവിധേയമാക്കുവാനുമുള്ള ഏറ്റവും ജനകീയ മാർഗം. മറ്റൊരു ദേശത്ത്, തികച്ചും വ്യത്യസ്‌തമായ ഭൂപ്രകൃതിയിൽ സംഭവിക്കുന്നൊരു കഥ വിവർത്തനം ചെയ്യുമ്പോൾ അവിടെ ഭാഷ മാത്രമല്ല, മറ്റു ചില ഘടകങ്ങളും വെല്ലുവിളിയാകുന്നുണ്ട്. ആശയവിനിമയത്തോടൊപ്പം സാംസ്‌കാരിക കൈമാറ്റം കൂടി ഫലപ്രദമായി നടത്തേണ്ടുന്ന ഉത്തരവാദിത്വമാണ് വിവർത്തകർ ഏറ്റെടുക്കുന്നത്. മറ്റൊരു ദേശത്ത് മറ്റൊരു കാലത്ത് ജീവിച്ചിരുന്ന കുറെയേറെ കഥാപാത്രങ്ങൾ ആ ദേശമോ കാലമോ കണ്ടിട്ടില്ലാത്ത ഒരു പരിഭാഷകയുടെ ചിന്തകളിലൂടെ കടന്നുപോയിട്ടാണ് അതൊരു കൃതിയായി മാറുന്നത്. ആ സൃഷ്ടിക്ക് സ്വാഭാവികത കൈവരണമെങ്കിൽ, മൂലകൃതിയുടെ സ്രഷ്ടാവ് കടന്നുപോയ വികാരങ്ങളിലൂടെയും പിരിമുറുക്കങ്ങളിലൂടെയും വിവർത്തകനും കടന്നുപോയേ മതിയാകൂ. കേവലം യാന്ത്രികമായൊരു പ്രക്രിയയായി ഫിക്ഷൻ വിവർത്തനം ചെയ്യാനാവില്ല, അതിലേക്ക് അലിഞ്ഞിറങ്ങുക എന്നത് തികച്ചും ജൈവികമായി സംഭവിക്കേണ്ടുന്ന ഒന്നുതന്നെയാണ്. അത്തരത്തിൽ വലിയ ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത വിവർത്തനങ്ങളാണ് എലിഫ് ഷഫാക്കിന്റെ നോവലുകൾ.
ചിത്രീകരണം: വിനോദ്
‘ഒരു രാജശിൽപ്പിയുടെ അപ്രന്റീസ്’ എന്ന നോവലിൽ എലിഫ് ഷഫാക്ക് പതിനാറാം നൂറ്റാണ്ടിലെ ഇസ്‌താംബുൾ ആണ് പശ്ചാത്തലമാക്കിയിരിക്കുന്നത്. കൽപ്പനയുടെയും ചരിത്രത്തിന്റെയും മനോഹരമായ ഇഴചേരലാണ് ആ നോവൽ. ഇസ്‌താംബുൾ കണ്ട ഏറ്റവും പ്രശസ്‌തനായ വാസ്‌തുശിൽപ്പി മിമാർ സിനാൻ അമ്പതു വർഷക്കാലം മൂന്ന് സുൽത്താന്മാർക്കുവേണ്ടി നിർമിച്ച അതിശ്രേഷ്ഠമായ വാസ്‌തുശിൽപ്പവിസ്മയങ്ങളാണ് ഇന്നും ആ നഗരത്തിന്റെ പ്രൗഢി. സിനാന്റെ ജീവിതകഥ കൂടിയാണ് ‘ആർക്കിടെക്‌ട്‌സ് അപ്രന്റിസ്.’ അക്കാലത്തെ പല ചരിത്ര സംഭവങ്ങളും ചേർത്തിണക്കി നിർമിച്ച നോവലിൽ അന്നത്തെ മിസ്‌റ്റിക്കുകൾ, വസീറുമാർ, സുൽത്താന്മാർ, അന്നു നടന്ന യുദ്ധങ്ങൾ, ഓട്ടോമൻ സാമ്രാജ്യത്തിന്റെ മത്സരങ്ങൾ, ക്രൂരതകൾ അങ്ങനെ പലതും കടന്നുവരുന്നുണ്ട്. അതുപോലെ, ഓട്ടോമൻ കൊട്ടാരങ്ങളിലുണ്ടായിരുന്ന ഹറമിലെ സ്‌ത്രീകൾ, അടിമകൾ, കാവൽക്കാരായ നപുംസകങ്ങൾ എല്ലാം ഇതിൽ കഥാപാത്രങ്ങളാകുന്നുണ്ട്. ജഹാൻ എന്ന സിനാന്റെ ശിഷ്യനും യുവറാണി മിഹ്റിമായും തമ്മിലുള്ള പ്രണയവും നോവലിലെ കേന്ദ്ര പ്രമേയമാണ്.
‘ദി ആർക്കിടെക്ട്സ് അപ്രന്റീസ്’ ഞാൻ ആദ്യമായി വായിക്കുന്നത് 2016‐ലാണ്. വർഷങ്ങൾക്കുശേഷം ഇതേ പുസ്‌തകത്തെ ഒരു വിവർത്തകയുടെ കർത്തവ്യബോധത്തോടെ സമീപിക്കേണ്ടി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. ഒരു ആസ്വാദക എന്ന നിലയിലെ വായനയും പരിഭാഷക എന്ന ഉത്തരവാദിത്വത്തോടെയുള്ള വായനയും വ്യത്യസ്‌തമാണ്. താൽപ്പര്യമുള്ള പ്രമേയങ്ങളും വിഷയങ്ങളും ആയതിനാൽ വളരെ വേഗത്തിലാണ് നോവലിന്റെ വിവർത്തനം പൂർത്തിയാക്കിയത്. ചരിത്ര വായനകൾ എന്നെ ആവേശം കൊള്ളിക്കാറുണ്ട്. അതുകൊണ്ടുതന്നെ ഈ നോവലിന്റെ വിവർത്തന പ്രക്രിയയുടെ അവസാന പേജുകളിൽപോലും മുഷിപ്പ് അനുഭവപ്പെട്ടതേയില്ല. നോവലിലെ ജഹാന്റെ ജീവിതം ഏതെങ്കിലും ഒരു കാലത്തിന്റേതു മാത്രമായി ഒതുക്കി നിർത്താവുന്ന ഒന്നല്ല. മിഹ്‌റുമായുള്ള അവന്റെ പ്രണയത്തിന്റെ കയറ്റിറക്കങ്ങൾ എല്ലാ കാലത്തും ഏതൊരു ദേശത്തും സംഭവിക്കുന്ന അടിസ്ഥാനപരമായ ചില യാഥാർഥ്യങ്ങളെ ഓർമിപ്പിക്കുന്നു. വൈകാരികമായി മനുഷ്യൻ അധികമൊന്നും വളർന്നിട്ടില്ലെന്ന് അത് നമ്മെ ബോധ്യപ്പെടുത്തുന്നു.
ഈ നോവൽ വിവർത്തനം ചെയ്‌തതിനുശേഷമാണ് ഞാൻ ഇസ്‌താംബുൾ സന്ദർശിച്ചത്. കഥ അരങ്ങേറിയ ഇടങ്ങളിലൂടെയുള്ള സഞ്ചാരം വല്ലാത്തൊരു അനുഭൂതിയായിരുന്നു. മിമാർ സിനാൻ പണിത പള്ളികൾ, കൊട്ടാരങ്ങൾ എന്നിവ സന്ദർശിച്ചപ്പോൾ ഞാൻ വീണ്ടും ആ നോവലിന്റെ ഭാഗമാവുകയായിരുന്നു. സുൽത്താൻ സുലൈമാനും കുടുംബവും വസിച്ചിരുന്ന തോപ്ക്കാപ്പി പാലസ് സന്ദർശിച്ചപ്പോൾ, അവിടുത്തെ ഓരോ മുറികളിലും നടന്ന രംഗങ്ങൾ നോവലിൽ വായിച്ചത് ഓർത്തുപോയി. ഹറമിനു മുന്നിൽ വിരിച്ചിരുന്ന ചരൽ കല്ലുകളിൽ ചവിട്ടി നടന്നപ്പോൾ, സുൽത്താൻ സുലൈമാൻ ഹുറം സുൽത്താനയെ കാണാനെത്തിയ രംഗമോർത്തു. കൊട്ടാരത്തിനു മുന്നിലെ ഉദ്യാനത്തിൽ എത്തിയപ്പോൾ, ജഹാൻ തന്റെ പ്രിയപ്പെട്ട ആനയെ മിഹ്റിമാ രാജകുമാരിക്ക് കാഴ്‌ചവച്ച ഇടമാണല്ലോ ഇതെന്നോർത്തു. ഹുറം സുൽത്താന പ്രാവുകളെ വളർത്തിയ ഇടം, അവർ പല ദേശങ്ങളിൽനിന്നുമുള്ള കൗതുകവസ്‌തുക്കൾ സംഭരിച്ചു വച്ചിരുന്ന പെട്ടികൾ, അവരുടെ ആഭരണങ്ങൾ, വസ്‌ത്രങ്ങൾ, കുളിത്തൊട്ടികൾ, സുഗന്ധലേപനങ്ങൾ എല്ലാം നേരിൽ കാണാൻ കഴിഞ്ഞു. കൊട്ടാരത്തിലെ കുശിനി, മൃഗങ്ങളെ പാർപ്പിച്ചിരുന്ന ഇടങ്ങൾ, ജോലിക്കാരുടെ മുറികൾ, രാജസദസ്സ്... അങ്ങനെ ഓരോ മുറികൾ കയറി ഇറങ്ങുമ്പോഴും എലിഫ് ഷഫാക്ക് എന്ന നോവലിസ്‌റ്റ് തന്റെ എഴുത്തു പ്രക്രിയയിൽ കടന്നുപോയ പാതകൾ ഞാൻ കണ്ടെത്തുകയായിരുന്നു. വിവർത്തക എഴുത്തുകാരിയെ തൊട്ടറിഞ്ഞ നിമിഷങ്ങളായിരുന്നു അവ.

ഇസ്‌താംബുളിൽ താമസിച്ച ഹോട്ടൽ മുറിയിൽനിന്നു നോക്കുമ്പോൾ രാത്രിയിൽ ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്ന ബ്ലൂ മോസ്‌ക്ക് കാണാമായിരുന്നു. എത്ര നേരമാണ് ആ സൗന്ദര്യത്തെ നോക്കി നിന്നതെന്ന് അറിയില്ല. പുലർച്ചെ മൂടൽ മഞ്ഞിന്റെ പുകയൂതിവിടുന്ന ബോസ്‌ഫോറസ് കണ്ടു. പുസ്‌തകത്തിൽ വിവരിച്ചിരിക്കുന്നത് പോലുള്ള പ്രഭാതങ്ങളെ ടർക്കിഷ് കോഫി ഊതിക്കുടിച്ചുകൊണ്ട് കണ്ടുനിൽക്കാൻ സാധിച്ചതിന്റെ നിർവൃതി അനിർവചനീയം. കടൽപ്പക്ഷികളുടെ വിളി കേട്ടുകൊണ്ട് ഉണർന്ന ആ ദിനങ്ങൾ ബോസ്‌ഫോറസിനു കുറുകെ പായുന്ന കൂറ്റൻ കപ്പലുകളെപ്പോലെ പെട്ടന്നാണ് അകന്നുപോയത്. പക്ഷെ ആ ഓർമകൾ ഇപ്പൊഴും എവിടേക്കും ഓടിമറഞ്ഞിട്ടില്ല.
എലിഫ് ഷഫാക്കിന്റെ ‘കാണാതായ മരങ്ങളുടെ ദ്വീപ്’ എന്ന നോവലിന്റെ വിവർത്തനം എന്നെ വ്യത്യസ്‌തമായ മറ്റൊരു ദേശത്തേക്ക് കയ്യാട്ടി വിളിച്ചുകൊണ്ടു പോയി. ‘ഐലന്റ് ഓഫ് മിസ്സിങ് ട്രീസ്’ എന്ന ഈ നോവൽ പുറത്താക്കപ്പെട്ടവരുടെയും കുടിയേറ്റക്കാരുടെയും ചരിത്രമാണ്. സൈപ്രസ് എന്ന ദ്വീപിലെ മതപരമായി വിഭാഗീകരിക്കപ്പെട്ട മനുഷ്യരുടെ പ്രണയവും പ്രണയ നഷ്ടവും വീണ്ടെടുപ്പുമാണ് ഷഫാക്ക് ഇതിൽ പ്രമേയമാക്കുന്നത്. മുസ്ലിം, ക്രിസ്‌ത്യൻ മതസ്ഥരായ പൗരന്മാർ രണ്ടായി വിഘടിച്ചും കലഹിച്ചും ജീവിക്കുന്ന രാജ്യമാണ് സൈപ്രസ്. ലോകത്ത് ഏതെങ്കിലും ഒരു രാജ്യതലസ്ഥാനത്തിനെ ഐക്യരാഷ്‌ട്ര സംഘടന രണ്ടായി കീറിമുറിച്ചുകൊണ്ട് കാവൽ നിൽക്കുന്നെങ്കിൽ അത് സൈപ്രസിന്റെ നിക്കോസിയ എന്ന തലസ്ഥാനമാണ്. അത്രയും സംഘർഷഭരിതമായ അന്തരീക്ഷത്തിലാണ് രണ്ടു പേർ അഗാധ പ്രണയത്തിൽ അകപ്പെടുന്നത്. ഗ്രീക്ക് സൈപ്രിയോട്ടും ക്രിസ്‌ത്യാനിയുമായ കോസ്‌താസ് കസാൻസാക്കിസും തുർക്കി മുസ്ലിമായ ഡെഫ്നെയും. വിവാഹിതരായി ഇംഗ്ലണ്ടിലേക്ക് കുടിയേറുന്ന ദമ്പതികളെ അവരുടെ ഭൂതകാലം വിടാതെ പിന്തുടരുന്നു. പോയകാലത്തിന്റെ പാരമ്പര്യ വഴികൾ ഓർമിപ്പിക്കാൻ അവർക്ക് ഉദ്യാനത്തിൽ ഒരു അത്തിമരമുണ്ട്. ഈ അത്തിമരത്തെ ബൊട്ടാണിസ്റ്റ് കൂടിയായ കോസ്‌താസ് സൈപ്രസിൽനിന്ന് തന്റെ കുടിയേറ്റത്തോടൊപ്പം ഇംഗ്ലണ്ടിലേക്ക് ഒളിച്ചുകടത്തി കൊണ്ടുവന്നതാണ്. അത്തിമരം അത് വിട്ടുവന്ന മണ്ണിന്റെയും കാറ്റിന്റെയും പുഴകളുടെയും കഥ പറയുന്നു. കോസ്‌താസിന്റെയും ഡെഫ്നയുടെയും പ്രണയ സല്ലാപങ്ങൾക്ക് സാക്ഷിയായ സൈപ്രസിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഈ അത്തിമരം അവരുടെ രഹസ്യ കണ്ടുമുട്ടൽ കേന്ദ്രമായിരുന്ന ഒരു സത്രത്തിന്റെ ഉള്ളിലായിരുന്നു നിലകൊണ്ടിരുന്നത്. സൈപ്രസ് വിട്ട് ഓടിപ്പോകുന്ന നേരത്ത് കോസ്‌താസ് തങ്ങളുടെ പ്രണയത്തിന് സാക്ഷ്യം വഹിച്ച ആ മരത്തിന്റെ ഒരു കമ്പ് ഒടിച്ചെടുക്കാൻ മറന്നില്ല. ലണ്ടനിലെ കോസ്‌താസിന്റെ ഉദ്യാനത്തിൽ നട്ടു വളർത്തിയ ഈ മരത്തെ എലിഫ് ഷഫാക്ക് ‘ഇമിഗ്രന്റ് ട്രീ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. ഒരിടത്ത് ജനിച്ച് മറ്റൊരിടത്തേക്ക് പറിച്ചുനട്ട മനുഷ്യ ജീവിതങ്ങൾ പോലെയാണ് ഈ മരത്തിന്റെ വികാരങ്ങളെയും നോവലിസ്‌റ്റ് കൈകാര്യം ചെയ്‌തിരിക്കുന്നത്.
ഇസ്‌താംബുളിലെ ബ്ലൂ മോസ്‌ക്ക്
യുദ്ധങ്ങളെക്കുറിച്ച് ചിന്തിക്കുമ്പോൾ സാധാരണയായി അത് മനുഷ്യരിൽ ഉളവാക്കുന്ന സ്വാധീനത്തെയാണ് നാം ഓർക്കുക‐ - പോരാടുന്നവർ, കുടിയേറുന്നവർ, വേദനിക്കുന്നവർ. പക്ഷെ നമ്മുടെ പരിസ്ഥിതിയിലെ മറ്റു ഘടകങ്ങൾ ‐ മൃഗങ്ങൾ, സസ്യങ്ങൾ, പ്രാണികൾ, ഇവയെ യുദ്ധം ബാധിക്കുന്ന വിധം അധികമായി ചർച്ച ചെയ്യപ്പെടാറില്ല. മനുഷ്യന്റെ രാഷ്‌ട്രീയ ലഹളകൾ അവയെ ബാധിക്കുന്ന വിധംകൂടി ഷഫാക്ക് നോവലിൽ വരച്ചിടുന്നുണ്ട്. മനുഷ്യരേക്കാൾ നൂറ്റാണ്ടുകൾ പഴക്കമുള്ള വൃക്ഷങ്ങൾ യുദ്ധക്കൊതിക്ക് ഇരയാകുന്നതിന്റെ സാക്ഷ്യപ്പെടുത്തലാണ് കോസ്‌താസിന്റെ അത്തിമരം. ഈ അത്തിമരത്തെപോലെ ഭാഗ്യശാലികളായ ചില വൃക്ഷങ്ങൾ മനുഷ്യർക്കൊപ്പം കുടിയേറുന്നു, മറ്റുള്ളവ ഇരകളാക്കപ്പെടുന്നു. ഒരു ഇമിഗ്രന്റ് എന്ന നിലയിലും ചരിത്രാസ്വാദക എന്ന നിലയിലും പരിസ്ഥിതിസ്‌നേഹി എന്ന നിലയിലും ഈ നോവൽ എനിക്ക് പ്രിയപ്പെട്ടതാകുന്നു. അതിനാൽ ഏറെ ആസ്വദിച്ചു ചെയ്‌ത ഒരു വിവർത്തനമാണ് ‘കാണാതായ മരങ്ങളുടെ ദ്വീപ്.’ വായിക്കുമ്പോൾ അടുപ്പം തോന്നുന്ന, എന്റെ സർഗാത്മകതയുമായി ചേർന്നുനിൽക്കുന്ന എഴുത്തുകൾ മാത്രമാണ് ഇതുവരെ വിവർത്തനം ചെയ്‌തിട്ടുള്ളത്. അത്തരത്തിൽ ഇണക്കം തോന്നാത്തൊരു കൃതി പരിഭാഷപ്പെടുത്താൻ ഇന്നേവരെ ശ്രമിച്ചിട്ടില്ല. സാധിക്കുമെന്ന് തോന്നുന്നുമില്ല. എന്നെ സർഗാത്മകമായി ഉണർത്താത്ത, ബൗദ്ധികമായി ആവേശിക്കാത്ത രചനകൾ തെരഞ്ഞെടുക്കാറില്ല.
വിവർത്തനം ഒരു ബൗദ്ധിക വ്യായാമം കൂടിയാണ്. പുതുവാക്കുകൾ കണ്ടെത്തുക, സൂക്ഷ്മമായ എഡിറ്റിങ് ശീലിക്കുക, ഏകാഗ്രത വർധിപ്പിക്കുക എന്നിങ്ങനെ പല ഗുണങ്ങളും അതിലൂടെ സാധ്യമാകുന്നുണ്ട്. ഒരു വാക്കിന് സമാനാർഥപദങ്ങൾ തെരഞ്ഞു കണ്ടെത്തി അതിൽ സാഹചര്യവുമായി ഏറ്റവും പൊരുത്തപ്പെടുന്ന ഒന്ന് തെരഞ്ഞെടുക്കുന്നത് തന്നെ നല്ല രീതിയിൽ കണിശത ആവശ്യമുള്ള പ്രവൃത്തിയാണ്. ഒരുപക്ഷെ സ്വന്തം കൃതിയിൽ എഴുത്തുകാർ ഈ കണിശത പുലർത്തിയെന്നു വരില്ല. മാത്രമല്ല, വാക്കുകളുമായി ദിവസേനയെന്നോണം ഇണങ്ങിയും പിണങ്ങിയും സല്ലപിച്ചും കഴിഞ്ഞുകൂടാൻ ഇഷ്ടപ്പെടുന്നവർക്ക് വിവർത്തനം വല്ലാത്തൊരു ഉന്മേഷം പകരും. സ്വന്തമായുള്ള രചനകളിൽ ഏർപ്പെടാത്ത നിമിഷങ്ങളിൽ പോലും അക്ഷരങ്ങളും വാക്കുകളും നമുക്കൊപ്പമുണ്ടെന്ന തോന്നൽ ജനിപ്പിക്കാൻ വിവർത്തനം എന്നെ സഹായിച്ചിട്ടുണ്ട്. അതു നൽകുന്ന മനഃശാന്തിയും ആത്മവിശ്വാസവും വിലമതിക്കാനാവാത്തതാണ്.
ഒരു കൃതി, വിശേഷിച്ചും ഫിക്ഷൻ വിഭാഗത്തിൽ പെടുന്ന ഒന്ന് വിവർത്തനം ചെയ്‌തു തുടങ്ങി ഏതാനും താളുകൾ കഴിയുമ്പോൾതന്നെ പരകായപ്രവേശംപോലെ അതിന്റെ യഥാർഥ രചയിതാവ് വിവർത്തകയുടെ ഉള്ളിലേക്ക് കയറിക്കൂടും. വിവർത്തനത്തിനായി തെരഞ്ഞെടുക്കുന്ന കൃതിയുടെ രചയിതാവിന്റെ മറ്റു കൃതികൾ കണ്ടെത്തി വായിക്കാനും അവരുടെ പ്രഭാഷണങ്ങൾ കേൾക്കാനും ഞാൻ എല്ലായ്‌പ്പോഴും ശ്രമിക്കാറുണ്ട്. അവരുടെ ആശയങ്ങളിലേക്കും രചനാശൈലിയിലേക്കും സ്വഭാവ സവിശേഷതകളിലേക്കും രാഷ്‌ട്രീയ നിലപാടുകളിലേക്കും നടത്തുന്നൊരു എത്തിനോട്ടമാണത്. മൂലകൃതിയുടെ എഴുത്താളുമായി എത്രത്തോളം ചേർന്നുനിൽക്കുവാൻ സാധ്യമാകുന്നുവോ അത്രയും ആകാം എന്നുള്ള ആഗ്രഹത്തിലാണ് അത് ചെയ്യാറ്.
‘കാണാതായ മരങ്ങളുടെ ദ്വീപ്’ വിവർത്തനം ചെയ്യുമ്പോൾ സൈപ്രസ് എന്ന ദ്വീപിനെ കുറിച്ചും അവിടുത്തെ ഭൂപ്രകൃതിയെ കുറിച്ചും പുസ്‌തകത്തിനു പുറത്തുള്ള പലതും അന്വേഷിച്ചറിയാൻ ശ്രമിച്ചിട്ടുണ്ട്. പുസ്‌തകത്തെക്കുറിച്ച് രചയിതാവ് എഴുതിയ ലേഖനങ്ങൾ, നടത്തിയ പ്രഭാഷണങ്ങൾ എല്ലാം കൃത്യമായി കേട്ടുമനസ്സിലാക്കിയിട്ടാണ് പരിഭാഷ തുടങ്ങിയത്. നേരിട്ടുള്ള കണ്ടുമുട്ടൽ സാധ്യമാകാത്ത സന്ദർഭങ്ങളിൽ എഴുത്തുകാരിയുടെ മനസ്സറിയാൻ അതു മാത്രമാണ് മാർഗം.

ആദ്യമായി ചെയ്‌ത പരിഭാഷകളിൽ പെടുത്താവുന്നതാണ് ക്ലാരിസ് ലിസ്‌പെക്ടറുടെയും കെയ്റ്റ് ചോപ്പിന്റെയും കഥകൾ. സ്‌ത്രീ, വിവാഹം, വ്യക്തിത്വം, സ്വാതന്ത്ര്യം എന്നിവയെക്കുറിച്ചുള്ള പരമ്പരാഗത സങ്കൽപ്പങ്ങളെ വെല്ലുവിളിച്ച ശ്രദ്ധേയരായ ഈ എഴുത്തുകാരികളുടെ കഥകൾ വിവർത്തനം ചെയ്‌തപ്പോൾ, അവർ അന്നുയർത്തിയ പല ചോദ്യങ്ങൾക്കും ഇന്നും മറുപടി കണ്ടെത്തിയിട്ടില്ലെന്നത് ബോധ്യപ്പെട്ടു. യുക്രെയ്‌നിൽ ജനിച്ച ലിസ്‌പെക്ടറും അമേരിക്കക്കാരിയായ ചോപ്പിനും എഴുപതു വർഷങ്ങളുടെ അകലങ്ങളിലിരുന്ന് ഒരേ കാര്യങ്ങൾ വീക്ഷിച്ചത് എങ്ങനെയെന്നത് അതിശയിപ്പിച്ചു. അവരുടെ വീക്ഷണങ്ങൾ കേരളത്തിലിരുന്ന് മറ്റൊരു കാലത്തിലും മറ്റൊരു ഭാഷയിലും പുനഃസൃഷ്ടിക്കുമ്പോൾ, കാലവും ദേശവും ഭാഷയും മാറിയിട്ടും സ്‌ത്രീകളുടെ ആത്മാന്വേഷണത്തിനും സ്വാതന്ത്ര്യത്തിനുമുള്ള ആഗ്രഹത്തിന് വലിയ മാറ്റമൊന്നും സംഭവിച്ചിട്ടില്ലെന്ന് തിരിച്ചറിയുകയായിരുന്നു. ഒരു എഴുത്തുകാരിയിൽനിന്ന് മറ്റൊരു എഴുത്തുകാരിയിലേക്കും ഒരു ഭാഷയിൽനിന്ന് മറ്റൊരു ഭാഷയിലേക്കും സഞ്ചരിച്ച ആ കഥകൾ, സ്‌ത്രീയുടെ ജീവിതത്തെക്കുറിച്ചുള്ള ചില ചോദ്യങ്ങൾ കാലാതീതമാണെന്ന ബോധ്യത്തിലേക്കാണ് എന്നെ കൊണ്ടുപോയത്.
എന്റെ വിവർത്തനയാത്രയിലെ തികച്ചും വ്യത്യസ്‌തമായ അനുഭവമാണ് ജെസിബി പുരസ്‌കാരത്തിനർഹമായ ഖാലിദ് ജാവേദിന്റെ ‘തീൻ പറുദീസ’ എന്ന നോവൽ. The Paradise of Food എന്ന ഈ കൃതി ഞാൻ വിവർത്തനം ചെയ്‌തിട്ടുള്ളവയിൽ ഒരേയൊരു പുരുഷരചനയാണ്. ഒരു പുരുഷന്റെ രചനയിലേക്കും അയാളുടെ സ്വത്വത്തിലേക്കും എത്രത്തോളം ഇഴുകിച്ചേരാൻ എനിക്കു കഴിയുമെന്ന കാര്യത്തിൽ തുടക്കത്തിൽ സംശയമുണ്ടായിരുന്നു. പുരുഷന്റെ അനുഭവലോകവും ചിന്തകളും ഭാവനയും ഒരു സ്‌ത്രീയായ എനിക്ക് അതേ ആഴത്തിൽ ഉൾക്കൊള്ളാനാകുമോ എന്ന ആശങ്ക. എന്നാൽ, ഒരു സാഹിത്യസൃഷ്ടിയെ ഉള്ളിലേറ്റുന്നതിലും അതിന്റെ അനുഭവലോകത്തോട് ചേർന്നുനിൽക്കുന്നതിലും ലിംഗവ്യത്യാസം അതിരുകൾ തീർക്കുന്നില്ലെന്ന് ഈ വിവർത്തനം എന്നെ ബോധ്യപ്പെടുത്തി. എഴുത്തിന്റെ സ്വത്വത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ എഴുത്തുകാരന്റെ ലിംഗം അപ്രസക്തമാകുന്നു; അവശേഷിക്കുന്നത് മനുഷ്യാനുഭവത്തിന്റെ സങ്കീർണതകളും അതിന്റെ വൈകാരികമായ ആഴങ്ങളുമാണ്. ഒരാളുടെ സ്വത്വത്തിലേക്ക് പൂർണമായി കടന്നുചെല്ലുക എന്നതല്ല, അയാൾ സൃഷ്ടിച്ച ലോകത്തെ അതിന്റെ മുഴുവൻ സങ്കീർണതയോടെയും ഉൾക്കൊള്ളുക എന്നതാണ് വിവർത്തകയുടെ ദൗത്യമെന്നും ആ പുസ്‌തകം എന്നെ പഠിപ്പിച്ചു.
‘തീൻ പറുദീസ’ ഒരു മധ്യവർഗ മുസ്ലിം കൂട്ടുകുടുംബത്തിന്റെ കഥയാണ്. അസ്വസ്ഥതകൾ നിറഞ്ഞ ബാല്യത്തിലൂടെയും തെറ്റിദ്ധാരണയിൽ കെട്ടിപ്പടുത്ത വിവാഹത്തിലൂടെയും അശാന്തി നിറഞ്ഞ രാഷ്‌ട്രത്തിലൂടെയും സഞ്ചരിക്കുന്ന ഒരു നായകനെയാണ് ‘തീൻ പറുദീസ’യിൽ കണ്ടുമുട്ടുക. ഭക്ഷണം ആശ്വാസത്തിന്റെ ഉറവിടമല്ല, മറിച്ച് ജീർണതകളുടെയും ക്രൂരതയുടെയും വിചിത്രമായ പ്രതീകമായി നോവൽ അവതരിപ്പിക്കുന്നു. വിശപ്പ്, സമൂഹം നിർമിച്ച നിയന്ത്രിതമായ മാനദണ്ഡങ്ങൾക്കനുസൃതമായി നടപ്പിലാക്കുന്ന മനുഷ്യവികാരങ്ങളുടെ സൂചകമായി തീരുന്നു.
വായനക്കാരെ വല്ലാതെ അസ്വസ്ഥമാക്കുന്നൊരു രചനയാണിത്. സമൂഹത്തിന്റെ ഉപരിതലത്തിനു കീഴിൽ അടിഞ്ഞുകൂടിയ അഴുക്കിനെ അപ്രിയസത്യങ്ങളായി പുറത്തേക്ക് വലിച്ചിടുന്ന ഒന്ന്. വായിക്കുമ്പോൾ അനുഭവപ്പെടുന്ന അസ്വസ്ഥതയുടെ പതിന്മടങ്ങ് അനുഭവിച്ചിട്ടാവും നോവലിസ്‌റ്റ് ‘തീൻ പറുദീസ’ ഒരുക്കിയതെന്നതിൽ സംശയമില്ല. ആ അസ്വസ്ഥതകളുടെ നല്ലൊരു പങ്ക് വിവർത്തകയ്‌ക്കും അനുഭവിക്കേണ്ടി വന്നു. മൂലകൃതി രചിക്കപ്പെട്ടത് ഉർദുവിൽ ആണ്, ‘നേമത് ഖാന’ എന്ന പേരിൽ പ്രസിദ്ധീകൃതമായ നോവൽ ഇംഗ്ലീഷിലേക്ക് മൊഴിമാറ്റിയത് ബാരൻ ഫാറൂഖി ആണ്. മൗലിക രചനയിൽനിന്ന് മറ്റൊരു പരിഭാഷയും കടന്നാണ് അത് മലയാളത്തിലേക്ക് എത്തിയതെന്ന് അർഥം. അതും ഒരു വെല്ലുവിളിയായി ആദ്യം അനുഭവപ്പെട്ടിരുന്നു. ഉർദുവിലെ മൂലകൃതിയിൽനിന്ന് എന്തെല്ലാം മാറ്റങ്ങൾ ഇംഗ്ലീഷ് പരിഭാഷയിൽ സംഭവിച്ചെന്നറിയാൻ എനിക്കാവില്ല. അതൊരു പരിമിതിയാണോ എന്നത് പൂർണമായി ഉറപ്പാക്കാനും കഴിയില്ല. എങ്കിലും ‘നേമത് ഖാന’ എന്ന ഉറുദു ശീർഷകത്തിൽനിന്ന് ‘തീൻ പറുദീസ’ എന്ന മലയാളം പേരിലേക്ക് എത്തുമ്പോൾ ചില മാറ്റങ്ങൾ സംഭവിച്ചിട്ടുണ്ടാവാം. എന്നാൽ, ആ പരിമിതി മറികടക്കാനുള്ള ഏക വഴി മൂലകൃതിയുടെ അനുഭവലോകത്തോട് പരമാവധി അടുക്കുക എന്നതായിരുന്നു. ഉർദു അറിയാത്ത ഒരാൾ എന്ന നിലയിൽ വാക്കുകളുടെ പിന്നിലെ മറ്റൊരു ഭാഷയെ കണ്ടെത്താൻ കഴിയില്ലെങ്കിലും, എഴുത്തുകാരൻ സൃഷ്ടിച്ച മനുഷ്യരെയും അവരുടെ ജീവിതപരിസരങ്ങളെയും മനസ്സിലാക്കാൻ എനിക്കാകുമായിരുന്നു.
എലിഫ് ഷഫാക്ക് ഒപ്പിട്ട് ലേഖികയ്‌ക്ക് സമ്മാനിച്ച ‘ഐലന്റ് ഓഫ് മിസ്സിങ് ട്രീസ്’ നോവൽ
ഒരു വിവർത്തനത്തിന് എത്രത്തോളം മൂലകൃതിയോട് നീതി പുലർത്താൻ കഴിഞ്ഞു എന്നത് എല്ലായ്‌പ്പോഴും വിവർത്തകരെ അലട്ടുന്ന ചോദ്യമാണ്. ഒരു ഭാഷയിൽ ജനിച്ച കൃതിയെ മറ്റൊരു ഭാഷയിൽ പുനഃസൃഷ്ടിക്കുമ്പോൾ എന്തെങ്കിലും നഷ്ടപ്പെടാതിരിക്കില്ല. എന്നാൽ അതോടൊപ്പം എന്തെങ്കിലും പുതുതായി ലഭിക്കുകയും ചെയ്യും. മറ്റൊരു ഭാഷയിലെ വായനക്കാരനായി ഒരു കൃതിക്ക് ലഭിക്കുന്ന പുതിയ ജീവിതം തന്നെയായിരിക്കാം ആ നേട്ടം. ‘കാണാതായ മരങ്ങളുടെ ദ്വീപ്’ എന്ന നോവലിലെ കഥ പറയുന്ന അത്തിമരത്തെ കേരളത്തിലെ ഒരു വായനക്കാരൻ സ്‌നേഹത്തോടെ പുണരുന്നു. ഒരുപക്ഷെ ജീവിതത്തിൽ ഒരിക്കലും ഒരു അത്തിമരം നേരിൽ കാണാത്ത വായനക്കാരനുപോലും അതിന്റെ ചില്ലകളെയും തളിരിലകളെയും തഴുകിനോക്കാൻ കഴിഞ്ഞെന്നു വരാം. അത്തിമര ക്കാറ്റേറ്റ് സ്വപ്‌നം കണ്ടു കിടക്കാൻ സാധിച്ചെന്നു വരാം. ‘തീൻ പറുദീസ’യിലെ അടുക്കളയിൽ പാകം ചെയ്യുന്ന കടുകെണ്ണയിൽ കുളിപ്പിച്ച ആട്ടിറച്ചിയും കോഴിയുടെ കരളും തിളയ്‌ക്കുമ്പോഴുള്ള മണം വയനാട്ടിലുള്ള അടുക്കളയിൽ ഇരുന്ന് ഒരു വായനക്കാരനോ വായനക്കാരിക്കോ അനുഭവിക്കാൻ കഴിയുന്നെങ്കിൽ അവിടെ അപരതകൾ നിർജീവമാക്കപ്പെടുകയാണ്. ഉത്തരേന്ത്യയിലെ ഉൾഗ്രാമങ്ങളിൽ ഒന്നിൽ സ്ഥിതിചെയ്യുന്ന ഒരു ചെറിയ വീടിന്റെ അടുക്കളയിൽ തയ്യാറാക്കുന്ന കുറുമയും മേത്തി ബൈങ്കനും പക്കോടയും മലയാളിയുടെ രുചിലോകത്തെ വന്നു തൊടുന്നു. പതിനാറാം നൂറ്റാണ്ടിലെ തുർക്കിയുടെ പ്രൗഢി ഇസ്‌താംബുൾ സന്ദർശിച്ചിട്ടില്ലാത്ത ഒരു വായനക്കാരന്റെ സങ്കൽപ്പങ്ങളിലേക്ക് വാക്കുകളായി ഉയർന്നു വരുന്നു. ‘രാജശിൽപ്പിയുടെ അപ്രന്റീസ്’ എന്ന വിവർത്തനത്തിലൂടെ പതിനാറാം നൂറ്റാണ്ടിലെ ഇസ്‌താംബൂളും അതിന്റെ തെരുവുകളും കെട്ടിടങ്ങളും മനുഷ്യരും രാജകൊട്ടാരവും കരകൗശലലോകവും നഗരജീവിതത്തിന്റെ സവിശേഷമായ ഗന്ധങ്ങളും ശബ്ദങ്ങളും മലയാളിയുടെ ഭാവനയിലേക്ക് പതുക്കെ കടന്നുവരുന്നു.
വിവർത്തനത്തിന്റെ ഏറ്റവും വലിയ സാധ്യതകളിലൊന്ന് ഇതുതന്നെയായിരിക്കാം. നമ്മൾ ഒരിക്കലും നടന്നിട്ടില്ലാത്ത ദേശങ്ങളിലേക്ക് ഭാഷ നമ്മെ കൊണ്ടുപോകുന്നു; നമുക്കറിയാത്ത മനുഷ്യരുടെ ജീവിതത്തിലേക്ക് നമ്മെ ക്ഷണിക്കുന്നു; അപരിചിതമായ കാഴ്‌ചകളും ഗന്ധങ്ങളും രുചികളും ചരിത്രവും നമ്മുടെ സ്വന്തം അനുഭവത്തിന്റെ ഭാഗമാകുന്നു. അങ്ങനെ വരുമ്പോൾ വിവർത്തനം ഒരു കൃതിയെ ഒരു ഭാഷയിൽനിന്ന് മറ്റൊരു ഭാഷയിലേക്ക് മാറ്റുക മാത്രമല്ല; ഒരു ലോകത്തെ മറ്റൊരു ലോകത്തിന്റെ വായനക്കാരന് കൈമാറുക കൂടിയാണ്.

വിവർത്തനം ചെയ്യുമ്പോൾ ഞാൻ ഏറ്റവും കൂടുതൽ അനുഭവിച്ചിട്ടുള്ളത് ഈ പുതിയ ജീവിതത്തിന്റെ സാധ്യതയാണ്. മാർഗരറ്റ് ഡ്യൂറാസിന്റെ സ്വകാര്യമായ ആത്മാവിഷ്‌കാരങ്ങളിൽനിന്ന് വെർജീനിയ വൂൾഫിന്റെ നിശ്ശബ്ദമായ വിഷാദത്തിലേക്കും, ഇസ്താംബൂളിന്റെ ചരിത്രവഴികളിൽനിന്ന് സൈപ്രസിന്റെ വിഭജിക്കപ്പെട്ട മണ്ണിലേക്കും, ക്ലാരിസ് ലിസ്‌പെക്ടറുടെയും കെയ്റ്റ് ചോപ്പിന്റെയും സ്‌ത്രീജീവിതങ്ങളിലേക്കും, ഖാലിദ് ജാവേദിന്റെ അസ്വസ്ഥമാക്കുന്ന മനുഷ്യലോകത്തിലേക്കും സഞ്ചരിച്ചപ്പോൾ, ഓരോ കൃതിയും എനിക്ക് ഓരോ പുതിയ ലോകം തുറന്നുതന്നു. ആ ലോകങ്ങളിലേക്ക് പ്രവേശിക്കാൻ ആദ്യം വായനക്കാരിയാകണം. പിന്നീട് മാത്രമാണ് വിവർത്തകയാകുന്നത്.
വിവർത്തക എന്ന നിലയിൽ മറ്റൊരു ഭാഷയിൽ പിറന്ന കൃതികളെ മലയാളത്തിലേക്ക് കൊണ്ടുവരുമ്പോൾ അനുഭവിച്ചിട്ടുള്ള അതേ ഉത്കണ്ഠ, മറ്റൊരു തരത്തിൽ, എന്റെ സ്വന്തം കൃതികൾ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യപ്പെട്ടപ്പോഴും ഞാൻ അനുഭവിച്ചിട്ടുണ്ട്. എന്റെ ഭാഷയിൽ, എന്റെ ഭാവനയിൽ, എന്റെ ദേശത്തിലും സംസ്‌കാരത്തിലും വേരൂന്നി പിറന്ന കഥാപാത്രങ്ങളും സ്ഥലങ്ങളും അനുഭവങ്ങളും മറ്റൊരു ഭാഷയിൽ എങ്ങനെയായിരിക്കും ജീവിക്കുക എന്ന കൗതുകവും ആശങ്കയും ഒരുപോലെ ഉണ്ടായിരുന്നു. ഞാൻ രചിച്ച നോവലുകളായ ‘ഹെർബേറിയ’വും ‘പെൺകുട്ടികളുടെ വീടും’ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്‌തത് പ്രഗത്ഭ വിവർത്തകയായ മിനിസ്‌തി ആണ്. ഒരു വിവർത്തകയായി വേഷമിട്ടിട്ടുള്ളതുകൊണ്ട് ഈ പ്രക്രിയ ഏറെ അടുത്തുനിന്ന് കണ്ടു മനസ്സിലാക്കാൻ എനിക്കു സാധിച്ചിട്ടുണ്ട്. എന്റെ നോവൽ മിനിസ്‌തി മൊഴിമാറ്റം നടത്തുമ്പോൾ നേരിടാൻ സാധ്യതയുള്ള വെല്ലുവിളികളെ കുറിച്ച് എനിക്കൊരു ഏകദേശ ധാരണയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞങ്ങൾ തമ്മിലുള്ള ആശയവിനിമയം ഒന്നുകൂടി എളുപ്പമായി. എന്റെ നോവലുകളുടെ ഇംഗ്ലീഷ് എഡിഷൻ തയ്യാറാകുന്ന പ്രക്രിയയിൽ പുതുമയുള്ള അനുഭവമായി മാറിയത് എഡിറ്റിങ്ങിന്റെ പ്രഭാവമാണ്. മലയാളത്തിൽ നോവലും കഥകളുമൊക്കെ ഇറങ്ങിയിട്ടുണ്ടെങ്കിലും ഒരു എഡിറ്ററുടെ പ്രാധാന്യമെന്തെന്ന് ഞാൻ കൃത്യമായി മനസ്സിലാക്കുന്നത് ഇംഗ്ലീഷ് പുസ്‌തകം ഇറങ്ങിയപ്പോഴാണ്. കൃതി സൂക്ഷ്മമായി വായിക്കുകയും വളരെ യുക്തിപരമായ സംശയങ്ങൾ ഉയർത്തുകയും ഓരോ പേജിലും സംശയങ്ങൾ ചൂണ്ടിക്കാണിച്ചുകൊണ്ട് അഭിപ്രായങ്ങൾ ആരായുകയും ചെയ്യുന്ന എഡിറ്റർ എനിക്കൊരു വ്യത്യസ്‌തമായ അനുഭവമായിരുന്നു. ഞാൻ മലയാളത്തിൽ ഈ നോവൽ എഴുതുമ്പോൾ ഇതൊന്നും ആലോചിച്ചില്ലല്ലോ എന്ന ചിന്ത എന്നിൽ ഉണർത്താനോളമുള്ള ഒരുപാട് അവസരങ്ങൾ ഉണ്ടായി.
സ്വന്തം കൃതി മറ്റൊരു ഭാഷയിൽ പുനർജനിക്കുന്നത് കാണുമ്പോൾ എഴുത്തുകാർക്ക് തന്റെ രചനയെ പുറത്തുനിന്ന് നോക്കാനുള്ള ഒരവസരം കൂടിയാണ് ലഭിക്കുന്നത്. സ്വന്തം വാക്കുകളെയും കഥാപാത്രങ്ങളെയും മറ്റൊരു ഭാഷയുടെ കണ്ണിലൂടെ കാണുമ്പോൾ, എഴുത്തിനിടയിൽ ശ്രദ്ധിക്കാതെ പോയ ചില ഇടങ്ങളും സാധ്യതകളും തെളിഞ്ഞുവരുന്നു. വിവർത്തനം അങ്ങനെ ഒരു ഭാഷയിൽനിന്ന് മറ്റൊരു ഭാഷയിലേക്കുള്ള സഞ്ചാരം മാത്രമല്ല, എഴുത്തുകാരൻ സ്വന്തം കൃതിയിലേക്ക് തന്നെ തിരിച്ചുനടക്കുന്ന ഒരു യാത്ര കൂടിയായി എനിക്ക് അനുഭവപ്പെട്ടു. ഒരിക്കൽ എഴുതിക്കഴിഞ്ഞുവെന്ന് കരുതിയ കൃതിയെ മറ്റൊരു ഭാഷയിൽ വീണ്ടും കണ്ടുമുട്ടുമ്പോൾ, അത് എനിക്ക് തന്നെ ഒരു പുതിയ വായനാനുഭവമായി മാറി.
ഈ വിവർത്തനയാത്ര എന്നെ പഠിപ്പിച്ചത് മനുഷ്യാനുഭവങ്ങൾക്ക് ഭാഷയുടെയും ദേശത്തിന്റെയും ലിംഗത്തിന്റെയും അതിരുകൾ അത്ര ശക്തമല്ല എന്നതാണ്. ചോപ്പിൻ ഉയർത്തിയ ഒരു ചോദ്യം വർഷങ്ങൾക്കിപ്പുറം കേരളത്തിലിരുന്ന് എന്നെ അലട്ടാം. ഇസ്‌താംബൂളിലെ കൊട്ടാരത്തിൽ നടന്ന ഒരു രംഗം എന്റെ മനസ്സിൽ ജീവനുള്ള അനുഭവമായി മാറാം. സൈപ്രസിൽനിന്ന് വേരുപറിച്ച ഒരു അത്തിമരത്തിന് എന്നോട് സ്വന്തം മണ്ണിൽനിന്ന് അകന്നുപോയ മനുഷ്യരുടെ കഥ പറയാം. ഒരു പുരുഷ എഴുത്തുകാരന്റെ അസ്വസ്ഥതകൾ പോലും ഒരു സ്‌ത്രീ വിവർത്തകയുടെ ഉള്ളിൽ അതേ അസ്വസ്ഥതയായി പടരാം.
വിവർത്തനം ഭാഷകൾക്കിടയിലെ വാക്കുകളുടെ യാത്ര മാത്രമല്ല. അത് മനുഷ്യർക്കിടയിൽ അനുഭവങ്ങളെ കൈമാറുന്ന ഒരു പാലമാണ്. ഒരു ഭാഷയിൽ എഴുതപ്പെട്ട ഒരാളുടെ ഏകാന്തത മറ്റൊരു ഭാഷയിൽ വായിക്കുന്ന ഒരാളുടെ ഏകാന്തതയുമായി ചേരുന്നിടത്ത് വിവർത്തനം അതിന്റെ ഏറ്റവും വലിയ സാർഥകതയിലെത്തുന്നു. അതുകൊണ്ടാവാം, ഓരോ വിവർത്തനവും പൂർത്തിയാക്കിയിട്ടും എന്റെ യാത്ര അവസാനിച്ചതായി തോന്നാത്തത്. ഒരു പുസ്‌തകം അവസാനിക്കുമ്പോൾ മറ്റൊന്നിലേക്കുള്ള വാതിൽ തുറക്കുന്നു. മറ്റൊരു എഴുത്തുകാരൻ കാത്തുനിൽക്കുന്നു. മറ്റൊരു ലോകം വിളിക്കുന്നു. ആ വിളി കേൾക്കുമ്പോൾ വീണ്ടും ഒരു ഭാഷയുടെ തീരത്തുനിന്ന് മറ്റൊരു ഭാഷയുടെ തീരത്തേക്ക് ഞാൻ യാത്ര തിരിക്കുന്നു. അങ്ങനെ അതെനിക്ക് അപരതകൾക്കിടയിലെ ഒരു പാലമായി മാറുന്നു. മറ്റൊരു ഭാഷയിലേക്കും മറ്റൊരു ദേശത്തേക്കും മറ്റൊരു കാലത്തേക്കും മാത്രമല്ല, മറ്റൊരു മനുഷ്യനിലേക്കും നീളുന്ന ഒരു പാലം .









0 comments