Deshabhimani

കവർസ്റ്റോറി

ചെറുത്തുനിൽപ്പിന്റെ വിവർത്തനങ്ങൾ

 ഇബ്രാഹിം ബാദ്ഷാ വാഫി
avatar
ഇബ്രാഹിം ബാദ്ഷാ വാഫി

Published on Oct 05, 2026, 05:11 PM | 12 min read


‘ഓറിയന്റലിസം’ എന്ന തന്റെ വിഖ്യാതകൃതിയുടെ ആമുഖം എഡ്വേർഡ് സഈദ് അവസാനിപ്പിക്കുന്നത് തന്റെ രചനയിലെ വ്യക്തിപരമായ തലങ്ങളെയും താൽപ്പര്യങ്ങളെയും വിശദീകരിച്ചുകൊണ്ടാണ്. പലസ്‌തീൻ സ്വത്വം അമേരിക്കൻ ഭൂമികയിൽ നേരിടേണ്ടി വന്ന പ്രതിസന്ധികളാണ് പിന്നീട് വിജ്ഞാനത്തിന്റെയും അധികാരത്തിന്റെയും ആധാരരേഖകളെ പര്യവേക്ഷണം നടത്തുന്നതിലേക്ക് തന്നെ കൊണ്ടെത്തിക്കുന്നതെന്ന് സഈദ് സൂചിപ്പിക്കുന്നു. നിഷ്‌പക്ഷവും അരാഷ്‌ട്രീയവുമായ പാണ്ഡിത്യം എന്നൊന്നില്ലെന്ന് അദ്ദേഹം നേരത്തെ സമർഥിക്കുന്നുണ്ട്. വിജ്ഞാന നിർമാണത്തിന്റെ (knowledge production) രാഷ്‌ട്രീയവശവും അതിന്റെ വ്യക്തിപരമായ പക്ഷപാതങ്ങളും വിശകലനം ചെയ്യുന്നതിലൂടെ ഗവേഷകരോടും എഴുത്തുകാരോടും ഇത്തരം ബോധപൂർവവും അല്ലാത്തതുമായ സ്വാധീനങ്ങളെ അന്വേഷിക്കാനുള്ള നിർദേശം കൂടിയാണ് സഈദ് മുന്നോട്ടുവയ്‌ക്കുന്നത്. കഴിഞ്ഞ പത്തു വർഷത്തിലധികമായി വിവർത്തനം ചെയ്യുകയുംവിവർത്തനങ്ങളെക്കുറിച്ച് ഗവേഷണം നടത്തുകയും വിവർത്തനപഠനത്തിൽ ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്ന ഒരാളെന്ന നിലയ്‌ക്ക്‌ എന്റെ അന്വേഷണങ്ങളുടെ വ്യക്തിപരമായ മാനങ്ങളെക്കുറിച്ച് ഓർക്കാനുള്ള പ്രചോദനം യഥാർഥത്തിൽ സഈദിന്റെ ഈ സമീപനമാണ്. ‘ചെറുത്തുനിൽപ്പിന്റെ വിവർത്തനങ്ങൾ’ എന്ന ആശയം വിഭാവനം ചെയ്യുന്നതിലേക്ക് എന്നെ കൊണ്ടെത്തിക്കുന്നത് വിവർത്തന സാഹിത്യ കൃതികളെ ആകാംക്ഷയോടെ വായിച്ച കുട്ടിക്കാലവും മലയാളത്തിലേക്ക് വിവർത്തനം ചെയ്യുന്നതിലൂടെ ആർജിച്ച അനുഭവങ്ങളും വിവർത്തനത്തിന്റെ ചരിത്രത്തിലേക്കുള്ള പ്രയാണങ്ങളും പലസ്‌തീൻ വംശഹത്യയുടെ പശ്ചാത്തലത്തിലുള്ള പല തിരിച്ചറിവുകളുമാണ്. അതിൽനിന്ന് കേരളത്തിലെ ഗ്രാമപ്രദേശത്തിലെ എന്റെ കുട്ടിക്കാലവും ഇന്ത്യൻ മുസ്ലിമെന്ന സ്വത്വവും ടെക്‌സസ് പോലെയൊരു റിപ്പബ്ലിക്കൻ നാട്ടിലെ ജീവിതവും മാറ്റിനിർത്താൻ പറ്റില്ല. ഈ ബന്ധങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് ഞാനിവിടെ മുതിരുന്നത്.

ഇബ്രാഹിം ബാദ്ഷാ വാഫിഇബ്രാഹിം ബാദ്ഷാ വാഫി

വിവർത്തനവായന

വിവർത്തനങ്ങളോടുള്ള എന്റെ ബന്ധം തുടങ്ങുന്നത് കാട്ടൂർ ഗ്രാമീണ വായനശാലയിൽ നിന്നാണ്. ‘ചെറ്യെസ്കൂൾ’ എന്ന് വിളിപ്പേരുള്ള കാട്ടൂർ ഗവൺമെന്റ്‌ സ്‌കൂളിൽനിന്ന് വീട്ടിലേക്ക് പോകുന്നവഴിക്ക് സെന്റ്‌ മേരീസ് പള്ളി എത്തുന്നതിനു മുമ്പ് ഇടത്തോട്ടുള്ള റോട്ടിലേക്കു തിരിഞ്ഞ് കുറച്ചു ദൂരം പോയാൽ വായനശാലയായി. പാടത്തിന്റെ വക്കത്ത് ഒരു ഒറ്റമുറിക്കെട്ടിടത്തിൽ ഏതാനും അലമാരകളിലായി അധികമാരുടെയും കണ്ണിൽപ്പെടാതെ വലിയൊരു ലോകം ഒളിച്ചിരുന്നു. അന്നത്തെ വായനാനുഭവങ്ങൾ വിവർത്തനത്തോടുള്ള എന്റെ വീക്ഷണഗതി നിർണയിക്കുന്നതിൽ വലിയ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ദസ്‌തയേവ്‌സ്‌കിയുടെ വാക്കുകൾ എന്നെ സെന്റ്‌ പീറ്റേഴ്സ്ബെർഗിന്റെ തെരുവുകളിലൂടെ തിരക്കൊഴിഞ്ഞ വൈകുന്നേരങ്ങളിൽ കൈപിടിച്ചു നടത്തുന്നത് മായാജാലമെന്നേ തോന്നിയുള്ളൂ. തീ പിടിത്തത്തെത്തുടർന്ന് അറ്റകുറ്റപ്പണിക്കായി അടച്ചിട്ട നോത്രദാം പള്ളിക്കു മുന്നിൽനിന്ന് ഖേദത്തോടെയെങ്കിലും ഞാൻ തിരഞ്ഞത് കൗമാരത്തിൽ വിക്ടർ യുഗോ കാട്ടിത്തന്ന പാരീഷ്യൻ ചിത്രങ്ങളാണ്. ടോൾസ്റ്റോയിയുടെ പുസ്‌തകങ്ങളിലൂടെ റഷ്യൻ അരിസ്റ്റോക്രാറ്റുകളുടെ വിരുന്നു സൽക്കാരത്തിലേക്കു ഞാൻ എത്തിനോക്കി. പ്രത്യേകിച്ചും ദൃശ്യമാധ്യമങ്ങൾ ഇത്ര വ്യാപകമല്ലാത്ത കാലത്ത് വിവർത്തന സാഹിത്യങ്ങളാണ് അപരിചിതമായ നാടുകളിലെന്നെ തോളേറ്റി നടത്തിയത്. ഈ പുസ്‌തകങ്ങളാണ് പുറത്തെ വിശാലമായ ലോകത്തെയും ബൃഹത്തായ സംസ്‌കാരങ്ങളെയും പറ്റി എനിക്ക് ബാലപാഠങ്ങൾ തന്നത്. എന്നെ വായനാലോകത്തേക്ക് ക്ഷണിച്ചതിന് ബഷീറിനും വി കെ എന്നിനും കമലാ സുരയ്യയ്‌ക്കുമെന്ന പോലെ ഞാൻ കടപ്പെട്ടിരിക്കുന്നത് പേര്‌ നോക്കാൻപോലും മറന്നുപോയ മലയാളത്തിലെ വിവർത്തകരോടാണ്.

വളാഞ്ചേരി മർക്കസിലെ പഠനകാലത്താണ് റഷ്യൻ റിയലിസവും ലാറ്റിനമേരിക്കൻ മാജിക്കൽ റിയലിസവും വിവർത്തനങ്ങളിലൂടെ ഞാൻ അടുത്തറിയുന്നത്. മാക്‌സിം ഗോർക്കിയും മാർക്കേസും പ്രിയപ്പെട്ട എഴുത്തുകാരായി. സാഹിത്യാസ്വാദനത്തിൽ തുടങ്ങിയ വിവർത്തനവുമായുള്ള ബന്ധം ഭാഷാപഠനത്തിന്റെ ഭാഗമായി മാറുന്നതും ഇക്കാലത്താണ്. ഇംഗ്ലീഷും അറബിയും പഠിക്കാൻ വിവർത്തനത്തെ കൂട്ടുപിടിച്ചു. അറിയാതെയൊരു ദിവസം ഞാൻ സാഹിത്യ വിവർത്തന പ്രക്രിയയിലേക്ക് തെന്നിവീണു. റഫീക്ക് അഹമ്മദിന്റെ വരികൾ വല്ലാതെ വീർപ്പുമുട്ടിച്ച് എന്നെ കിടക്കയിൽ തളച്ചിട്ട ഒരു ഉച്ചനേരത്താണ് രക്ഷപ്പെടാനൊരുദ്യമമെന്നോണം ‘മരണമെത്തുന്ന നേരത്ത്’ ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്നത്. അന്നതിൽ രസം കണ്ടു. ഹോസ്‌റ്റൽ മുറിയിലേക്ക് കുറച്ചധികം കടലാസുകൾ കൊണ്ടുവന്ന് കുറേയേറെ പാട്ടുകൾ തലങ്ങും വിലങ്ങും വിവർത്തനം ചെയ്തു. ഇംഗ്ലീഷും അറബിയും മലയാളവും കെട്ടിപ്പിണഞ്ഞു. വിവർത്തനത്തിന്റെ ആനന്ദം ആദ്യം രുചിക്കുന്നത് ഇങ്ങനെയാണ്. പക്ഷെ ഇത് വെറുമൊരു വിനോദം മാത്രമായിരുന്നു. ഒരു നേരംപോക്ക്. എനിക്കു വായിക്കാൻ വേണ്ടി മാത്രമുള്ള കുറേ വാഗ്പയറ്റുകൾ.


വിവർത്തനത്തെ ഞാൻ ഗൗരവത്തിലെടുക്കുന്നത് എഴുതി പരാജയപ്പെട്ടെന്നു തോന്നിയ ഏതോ സന്ദർഭത്തിലാണെന്ന് ഇടയ്‌ക്കോ ർക്കും. അന്നൊക്കെ മർക്കസിലെ സാഹിത്യ മത്സരങ്ങളിൽ സ്ഥിരമായി പങ്കെടുക്കാറുണ്ടായിരുന്നു. ഇടയ്‌ക്കെല്ലാം സമ്മാനവും കിട്ടും. മലയാള ഭാഷയോടുള്ള ഇഷ്ടത്തിനും വഴക്കത്തിനുമപ്പുറം സത്തയുള്ള എഴുത്തിന് എന്റെ പക്കൽ ആശയങ്ങളില്ലെന്ന തോന്നൽ തികട്ടിവന്നു തുടങ്ങിയപ്പോൾ ഈ എഴുത്തിലെ രസം നഷ്ടപ്പെട്ടു. ഒരിക്കൽ ഒരു കവിത പ്രസിദ്ധീകരിക്കാൻ ശ്രമിച്ച് പരാജയപ്പെട്ടതും എഴുത്തിനോടുള്ള ബന്ധം വഷളാകുന്നതിനു കാരണമായിട്ടുണ്ടാകണം. അങ്ങനെ ഒരുവശത്ത് എഴുത്തിനോടുള്ള അവജ്ഞയും അതൃപ്തിയും വളരുന്ന കാലത്താണ് ഇംഗ്ലീഷിലും അറബിയിലും സാഹിത്യം ഗൗരവത്തിൽ വായിക്കാനാരംഭിക്കുന്നത്. വായിച്ച് വല്ലാതെ ഇഷ്ടം തോന്നുന്ന കവിതകളും കഥകളും വെറുതെയിരുന്നു വിവർത്തനം ചെയ്യുന്ന ശീലം തുടങ്ങുന്നത് അക്കാലത്താണ്. മഹ്മൂദ് ദർവീഷിന്റെയും ഖലീൽ ജിബ്റാന്റെയും തൗഫീഖ് അൽ-ഹകീമിന്റെയും ഹയാം അൽ-മുഫ്ലിഹിന്റെയുമെല്ലാം എഴുത്തുകൾ പല നോട്ടുപുസ്‌തകങ്ങളിലായി അന്ന് കുത്തിവരച്ചിട്ടിട്ടുണ്ട്. മലയാളവുമായുള്ള ഇണക്കം നഷ്ടപ്പെട്ടുപോകാതെ സൂക്ഷിച്ചതും എഴുത്തിനോടുള്ള ഇഷ്ടം ഏറെക്കുറെ തിരിച്ചുപിടിച്ചതും ഈ പരദേശി എഴുത്തുകാരായിരുന്നെന്നു ചുരുക്കം. ഈയിടയ്‌ക്ക്‌ ഞാൻ മലയാളത്തിലെ വിവർത്തന വായന ഏറെക്കുറെ അവസാനിപ്പിച്ചു. അക്കാലത്ത് സമകാലിക സാഹിത്യം വ്യാപകമായി മലയാളത്തിലേക്ക് വന്നുതുടങ്ങിയിരുന്നു. അമേരിക്കൻ പോപ്പുലർ സാഹിത്യവും ആഗോളപുരസ്‌കാരവേദികളിലെ പുതുമുഖങ്ങളും മലയാളിയുടെ തീൻമേശയിലേക്ക് കടന്നുവരുന്നതിന്റെ തുടക്കം ഇക്കാലത്താണെന്നാണെന്റെ നിഗമനം.

സെന്റ്‌പീറ്റേഴ്‌സ്‌ബർഗ്‌സെന്റ്‌പീറ്റേഴ്‌സ്‌ബർഗ്‌

മലയാള വിവർത്തനഭൂപടത്തിൽ അന്നു ഞാൻ കണ്ട മാറ്റങ്ങളെ വിവർത്തനത്തിന്റെ രാഷ്‌ട്രീയം വിശദീകരിക്കാൻ ഏറെ സഹായകമാണ്. പ്രധാനമായും സോഷ്യലിസ്‌റ്റ്‌ ചായ്‌വുള്ള സാഹിത്യത്തെ മലയാളത്തിലേക്കു ക്ഷണിച്ചിരുന്ന വിവർത്തകരിലും വായനക്കാരിലും കണ്ട മാറ്റത്തെ രാഷ്‌ട്രീയ സംഭവവികാസങ്ങളുമായി കൂട്ടിയോജിപ്പിക്കേണ്ടതുണ്ട്. മലയാളത്തിന്റെ വിവർത്തന ചരിത്രമെടുത്ത് അതിൽ കടന്നുവരുന്ന ഭാഷകളും സംസ്‌കാരങ്ങളും പ്രമേയങ്ങളും പരിശോധിച്ചാൽ ബ്രിട്ടീഷ് സാമ്രാജ്യത്വവും ശീതയുദ്ധവും സോവിയറ്റ് പതനവും പെട്രോഡോളർ രാജ്യങ്ങളുടെ വളർച്ചയുമടക്കമുള്ള സംഭവവികാസങ്ങൾ എങ്ങനെയാണ് നമ്മുടെ വായനാസംസ്‌കാരത്തെ സ്വാധീനിച്ചിട്ടുള്ളതെന്നു മനസ്സിലാകും. അതേസമയം ഇത്തരം സ്വാധീനങ്ങൾ മുകളിൽനിന്ന് അടിച്ചേൽപ്പിക്കുന്നതാണെന്ന് വിചാരിക്കരുത്. ഇവയെല്ലാം പുസ്‌തകമേളകളും സാഹിത്യ സമ്മേളനങ്ങളും പുരസ്‌കാരങ്ങളുമായി വായനക്കാരെ സ്വാധീനിക്കുന്നുണ്ട്. ഇതിനുപുറമെ, ചെറുതും വലുതുമായ പ്രാദേശിക രാഷ്‌ട്രീയ സംഭവവികാസങ്ങളും വിവർത്തനങ്ങളുടെ രചനകളെയും സ്വീകൃതിയെയും വായനകളെയും സ്വാധീനിക്കുന്നുണ്ട്. ഈ സംഭവവികാസങ്ങൾ പലപ്പോഴും പുതിയ വായനകളെയും ആസ്വാദനങ്ങളെയും സാധ്യമാക്കുന്നു. ഇത് പലപ്പോഴും വിവർത്തകരുടെയും വായനക്കാരുടെയും രാഷ്‌ട്രീയ ബോധ്യങ്ങളുമായി ഉഭയബന്ധം സ്ഥാപിക്കുകയും ചെയ്യുന്നു. ഉദാഹരണത്തിന്, എഴുപതുകളിൽ യു പി ജയരാജ് വിയറ്റ്നാം, പലസ്‌തീൻ, ചൈന രാജ്യങ്ങളിലെ ചെറുകഥാ സാഹിത്യം മലയാളത്തിലേക്ക് കൊണ്ടുവന്നത് അവയുടെ സൗന്ദര്യംകൊണ്ടു മാത്രമല്ല; അവയെല്ലാം മുന്നോട്ടുവയ്‌ക്കുന്ന രാഷ്‌ട്രീയ പാഠങ്ങളെ, ചെറുത്തുനിൽപ്പിന്റെ സന്ദേശങ്ങളിലുള്ള ബോധ്യങ്ങൾ കൊണ്ടുകൂടിയാണ്. അവ മലയാളത്തിനു പരിചയപ്പെടുത്താനുള്ള താൽപ്പര്യം കൊണ്ടുകൂടിയാണ്. ഈ സാഹിത്യകൃതികൾ മലയാളത്തിൽ അതിജീവിച്ചതും അവയുടെ കാവ്യാത്മകതകൊണ്ടോ ഭാവനാലോകത്തിന്റെ സങ്കീർണതകൊണ്ടോ മാത്രമല്ല. അവ മുന്നോട്ടുവയ്‌ക്കുന്ന രാഷ്‌ട്രീയത്തോട് വായനക്കാർക്ക് പ്രതിപത്തി പുലർത്താൻ സാധിക്കുന്നു എന്നതുകൊണ്ടുകൂടിയാണ്. ബുക്കർ സമ്മാനം നേടിയ അരുന്ധതി റോയിയുടെ കൃതി മലയാളത്തിലേക്ക് വരാൻ പതിനാല്‌ വർഷം കാത്തിരിക്കേണ്ടി വന്നതിനും ഡാൻ ബ്രൗണിന്റെ ‘ഡാ വിഞ്ചി കോഡ്’ പ്രസിദ്ധീകരിച്ച് മൂന്ന്‌ വർഷത്തിനകം മലയാളത്തിലേക്ക് വിവർത്തനം ചെയ്യപ്പെട്ടതിനും ആഗോളതലത്തിലും പ്രാദേശികതലത്തിലുമുണ്ടായ സംഭവവികാസങ്ങളുടെ സ്വാധീനമുണ്ടെന്നർഥം. അതുകൊണ്ടുതന്നെ വിവർത്തനത്തിന്റെ പ്രത്യക്ഷവും ഗോപ്യവുമായ രാഷ്‌ട്രീയലക്ഷ്യങ്ങൾ വിവർത്തകരും വായനക്കാരും ഒരേസമയം അന്വേഷിക്കേണ്ട ഘടകമാണെന്ന ബോധ്യം എനിക്ക് നൽകിയതിൽ പ്രധാന പങ്കുവഹിച്ചത് മലയാളത്തിലെ എന്റെ വായനാ പരിസരമാണ്.

രിഫ്‌അത്ത്‌ അൽ‐അർഈർരിഫ്‌അത്ത്‌ അൽ‐അർഈർ

വിവർത്തനപ്രക്രിയ

അറബി ഭാഷയും സാഹിത്യവുമായിരുന്നു വാഫി പിജിയിലെ എന്റെ പഠന വിഷയം. ഗവേഷണപ്രബന്ധത്തിനുപകരം വിവർത്തനം ചെയ്യാനുള്ള അവസരം ഉപയോഗപ്പെടുത്തിയതിന് പിന്നിൽ വിവർത്തനത്തോടുള്ള ഇഷ്ടത്തിനു പുറമെ ഗവേഷണത്തിലുള്ള ആത്മവിശ്വാസക്കുറവോ വിരക്തിയോ ഉണ്ടായിരുന്നു. അരക്ഷിതബോധങ്ങൾക്ക് നന്ദി. ദീർഘമെങ്കിലും എന്നെ വല്ലാതെ ആകർഷിച്ച കുവൈത്തി നോവൽ ‘സാഖ് അൽ-ബാംബൂ’ മലയാളത്തിലേക്ക് വിവർത്തനം ചെയ്യാൻ തുടങ്ങുന്നത് അങ്ങനെയാണ്. സഊദ് അൽ-സൻഔസിക്ക് അറബിക് ബുക്കർ എന്നറിയപ്പെടുന്ന അന്താരാഷ്‌ട്ര പുരസ്‌കാരം കിട്ടി രണ്ടു വർഷം കഴിഞ്ഞാണ് വിവർത്തനാനുവാദം ചോദിച്ച് ഞാൻ അദ്ദേഹത്തെ സമീപിക്കുന്നത്. വിവർത്തനത്തിൽ യാതൊരു മുൻപരിചയവുമില്ലാത്ത ഏതോ ഒരു വിദ്യാർഥി അയച്ച ഇ മെയിലിന് അനുകൂലമായ മറുപടി തരാനുള്ള അദ്ദേഹത്തിന്റെ സുമനസ്സിനെ ഞാൻ ഇപ്പോഴും കൃതജ്ഞതയോടെ ഓർക്കാറുണ്ട്. പിന്നീടുള്ള ഒരു വർഷക്കാലം വിവർത്തനത്തിന്റേതായിരുന്നു. ക്ലാസിന്റെ ഒരു മൂലയിൽ ലാപ്ടോപ്പും ‘സാഖ് അൽ-ബാംബൂ’വിന്റെ ഫോട്ടോകോപ്പിയും കൂട്ടുപിടിച്ച് ഞാൻ വിവർത്തനത്തിന്റെ ലോകത്തേക്ക് സർഗസഞ്ചാരം നടത്തി. അങ്ങനെ ‐ 2016 സെപ്റ്റംബറിൽ--, കൃത്യം പത്തുവർഷം മുമ്പ് ‐ ഞാൻ എന്റെ ആദ്യ പുസ്‌തക വിവർത്തനം പൂർത്തിയാക്കി. ‘മുളന്തണ്ട്’ എന്ന് തലക്കെട്ടിൽ വേ ബുക്‌സ്‌ (way books) അത് 2022‐ൽ പ്രസിദ്ധീകരിക്കുകയുണ്ടായി.

തുടക്കക്കാരായ പല വിവർത്തകരെയും പോലെ ഞാനും ഈ ചർച്ചകളെയും രാഷ്‌ട്രീയത്തെയും മനസ്സിലാക്കാതെയാണ് വിവർത്തനത്തിലേക്ക് കടക്കുന്നത്. എന്നാൽ അബോധമായ പല രാഷ്‌ട്രീയ ബോധ്യങ്ങൾ മറ്റാരെയും പോലെ എന്റെയും ശൈലിയുടെ ഭാഗമായിരുന്നു എന്ന് പിന്നീട് തിരിച്ചറിഞ്ഞു. അതിൽ രണ്ട് ഘടകങ്ങൾ അത്യധികം പ്രധാനപ്പെട്ടവയാണെന്ന് അക്കാലത്ത്‌ തോന്നി: വിവർത്തനവും മൂലകൃതിയും തമ്മിലുള്ള സാമ്യതയും, വിവർത്തനമെന്നു തോന്നിക്കാത്ത വിധത്തിലുള്ള ഒഴുക്കും.-- വിവർത്തനം ഒരു പഠനവിഷയമായി വരുന്നതിന്റെ തുടക്കത്തിൽ തന്നെ തിരുത്തലുകൾക്ക് വിധേയമായതും ഇതേ ഘടകങ്ങളാണ്. വിവർത്തന സിദ്ധാന്തമോ വിവർത്തന പഠനങ്ങളിലെ ചർച്ചകളോ ശ്രദ്ധിക്കാത്തവർക്കുപോലും വിവർത്തനത്തിന്റെ പാഠങ്ങൾ മുൻകാല വിവർത്തകർ നിഷ്‌കർഷിച്ചു വയ്‌ക്കാറുണ്ടെന്ന ബോധ്യം പിന്നീടാണ് കൈവരുന്നത്. എന്റെ വായനാനുഭവങ്ങളായിരുന്നു, ഞാൻ വായിച്ച വിവർത്തനങ്ങളിൽ വിവർത്തകർ നടത്തിയ സമീപനങ്ങളുടെ ശ്രേണികളായിരുന്നു വിവർത്തനങ്ങളെക്കുറിച്ച് ഞാൻ ആർജിച്ച പാഠങ്ങൾ.

എന്റെ ആദ്യ പുസ്‌തക വിവർത്തനാനുഭവം എന്നെ വിവർത്തന പഠനശാഖയിലെ സുപ്രധാനമായ ഒരു ചർച്ചാവിഷയത്തിലേക്കാനയിച്ചു. ആയിടയ്‌ക്ക്‌ ‘സാഖ് അൽ-ബാംബൂ’വിന്റെ ഇംഗ്ലീഷ് വിവർത്തനമായ ‘ദ ബാംബൂ സ്റ്റാക്ക്’ (The Bamboo Stalk) വായിക്കാൻ ഇടവന്നതായിരുന്നു കാരണം. ‘സാഖ് അൽ-ബാംബൂ’ എന്ന നോവൽ വിവർത്തനത്തെ വളരെ ഗൗരവത്തിൽ കൈകാര്യം ചെയ്യുന്ന സൃഷ്ടിയാണ്. അതിന്റെ ഉള്ളടക്കം ഒരു വിവർത്തനമായിട്ടാണ് വായനക്കാർക്കുമുന്നിൽ അവതരിപ്പിക്കുന്നത്. നോവലിലെ കഥാപാത്രങ്ങളെയാണ് വിവർത്തകനും ടൈറ്റിൽ പേജിൽ എഴുത്തുകാരനും വിവർത്തകനുമായി ചേർത്തിരിക്കുന്നത്. നോവൽ ഫിലിപ്പീൻസിൽനിന്ന് അറബിയിലേക്ക് വിവർത്തനം ചെയ്‌തതാണെന്ന് ഈ വിവരണങ്ങൾ സൂചിപ്പിക്കുന്നു. ഇതിനു പുറമെ ഒരു വിവർത്തകക്കുറിപ്പും ആമുഖവും ഇതേ സാങ്കൽപ്പിക കഥാപാത്രങ്ങളുടെ വീക്ഷണകോണിൽ നിന്ന് അവതരിപ്പിക്കാനും അതു വഴി ഇത് വിവർത്തനമാണെന്ന് വായനക്കാരെ വിശ്വസിപ്പിക്കാനും സഊദ് അൽ-സൻഔസി ശ്രമിക്കുന്നുണ്ട്. അറബി സാഹിത്യത്തിലേയെന്നല്ല, ലോകസാഹിത്യത്തിലെത്തന്നെ ഒരു വേറിട്ട സമീപനമായി ഈ നീക്കങ്ങളെ മനസ്സിലാക്കേണ്ടതുണ്ട്. അതേസമയം അറബി സാഹിത്യ സംസ്‌കാരത്തിന്റെ, പ്രത്യേകിച്ചും അതിലെ റിയലിസ്‌റ്റ്‌ പാരമ്പര്യത്തിന്റെ ഉത്തമോദാഹരണമായും ഇതിനെ കാണാം. ഇതെല്ലാം പരിഗണിച്ച്, വായനക്കാരുടെ തുടക്കത്തിലെ ആശയക്കുഴപ്പത്തിനുള്ള സാധ്യത വകവയ്‌ക്കാതെ നോവലിന്റെ ഈ ചട്ടക്കൂട് പുനർനിർമിക്കാൻ ഞാൻ എന്റെ വിവർത്തനത്തിൽ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. ഇംഗ്ലീഷ് വിവർത്തനത്തിൽ ഈ പുതുമകളെയപ്പാടെ അവഗണിച്ചു കണ്ടപ്പോൾ വല്ലാത്ത അമർഷം തോന്നി. വിവർത്തകൻ ജോനാഥൻ റൈറ്റുമായുള്ള ആദ്യത്തെ കൂടിക്കാഴ്‌ചയിൽ തന്നെ ആ നീരസം പ്രകടിപ്പിക്കുകയുംചെയ്‌തു. പക്ഷെ, ഇത് ഒരു വിവർത്തകന്റെ മാത്രം ശൈലിയല്ലെന്നും, പാശ്ചാത്യ വിവർത്തന സംസ്‌കാരത്തിലെ സമീപനങ്ങളിലെ ചരിത്രപരമായ പ്രശ്നങ്ങളുടെ ചില ലക്ഷണങ്ങൾ മാത്രമാണെന്നും പിന്നീട് മനസ്സിലായി. മറ്റുഭാഷകളിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുന്ന പല വിവർത്തകരിലും കണ്ടുവരുന്ന ശ്രേഷ്ഠമനോഭാവത്തിന്റെ ഒരു ഉദാഹരണം മാത്രമായിരുന്നു ഇത്. ഏറെ സമാധാനം തോന്നിയത് സമാനമനസ്‌കരായ ഗവേഷകരെയും വിവർത്തകരെയും കണ്ടുമുട്ടിയപ്പോഴാണ്, അവരുടെ എഴുത്തുകളും വിവർത്തനങ്ങളും വായിച്ചപ്പോഴാണ്. പക്ഷെ അതിനു പിന്നെയും വർഷങ്ങൾ കാത്തിരിക്കേണ്ടിവന്നു. ‘മുളന്തണ്ട്’ പ്രസിദ്ധീകരിക്കാൻ ശ്രമിച്ചത് കോപിറൈറ്റിന്റെ സാമ്പത്തിക ബാധ്യതമൂലം പാതിവഴിയിലായി. ഏതാനും കോപ്പികൾ അച്ചടിച്ച് നിർത്തിവച്ചു. ഞാനും പിന്നെ രണ്ടു വർഷക്കാലം വിവർത്തനം വിട്ട് ഇംഗ്ലീഷ് സാഹിത്യം പഠിക്കാൻ ഡൽഹിയിലേക്കു വണ്ടി കയറി.

‘മുളന്തണ്ടി’ന്റെ കോപിറൈറ്റില്ലാതെ അച്ചടിച്ച ഒരു പ്രതി വി മുസഫർ അഹമ്മദിന്റെ കയ്യിലെത്തുന്നതിലൂടെയാണ് ഏതാണ്ട് അവസാനിച്ചെന്നു നിനച്ച എന്റെ വിവർത്തന ജീവിതത്തിന് പുതുജീവൻ ലഭിക്കുന്നത്. പി രാമനും മുസഫർ അഹമ്മദും ചേർന്ന് ‘മുളന്തണ്ട്’ വേണ്ട രീതിയിൽ പ്രസിദ്ധീകരിക്കാൻ ശ്രമം നടത്തി. ആ ശ്രമങ്ങൾ പുരോഗമിക്കെ ജോഖ അൽ-ഹാരിസിക്ക് മാൻ ബുക്കർ ഇന്റർനാഷണൽ ലഭിച്ചു. പി രാമന്റെ ശ്രമഫലമായി അത് ചെയ്യാനുള്ള അവസരം എനിക്കു വന്നു. ‘മുളന്തണ്ട്’ നൽകിയ ആത്മവിശ്വാസം വിവർത്തനത്തിനു പ്രചോദനമായി. സൗമ്യയായ എഴുത്തുകാരി സർവപിന്തുണയും തന്ന് വിളിപ്പുറത്തു നിന്നു. വി സി തോമസിന്റെ സഹായവും ഒലീവ് ബുക്‌സിന്റെയും പ്രത്യേകിച്ച് എം കെ മുനീറിന്റെയും പിന്തുണയും ചേർന്ന് ‘നിലാവിന്റെ പെണ്ണുങ്ങൾ’ സാധ്യമായി. പിന്നീടുള്ള രണ്ടു വർഷക്കാലം നിരന്തരമായ വിവർത്തനങ്ങളുടേതായിരുന്നു. വിവർത്തനത്തെക്കുറിച്ചുള്ള തുടക്കത്തിലെ പല ചോദ്യങ്ങൾക്കും വ്യക്തത കൈവന്നു. പല ശ്രേണികളും ശ്രദ്ധിക്കാൻ തുടങ്ങി. ചില പുതിയ ചോദ്യങ്ങൾ ഉയർന്നുവന്നു. അതിൽ എന്റെ തന്നെ പല തീരുമാനങ്ങളുടെ രാഷ്‌ട്രീയത്തെ ഞാൻ പരിശോധിച്ചു നോക്കിയിട്ടുണ്ട്. ഒരു വിവർത്തകനെന്ന നിലയിൽ എന്റെ തീരുമാനങ്ങൾ എങ്ങനെയാണ് വായനാസംസ്‌കാരത്തിന്റെ ഭാഗമാകുന്നതെന്നും അന്വേഷണത്തിനു വിധേയമാക്കിയിട്ടുണ്ട്.

‘നിലാവിന്റെ പെണ്ണുങ്ങൾ’ പ്രകാശനവേളയിൽ ഇബ്രാഹിം  ബാദ്‌ഷാ വാഫി, ജോഖ അൽഹാരിസി, ഡോ. എം കെ മുനീർ  ‘നിലാവിന്റെ പെണ്ണുങ്ങൾ’ പ്രകാശനവേളയിൽ ഇബ്രാഹിം ബാദ്‌ഷാ വാഫി, ജോഖ അൽഹാരിസി, ഡോ. എം കെ മുനീർ

വിവർത്തനപഠനം

വിവർത്തനത്തിനിടയിൽ കണ്ടുമുട്ടുന്ന അപരിചിതമായ വാക്കുകൾക്ക് അനുപദം തേടിയുള്ള ചില അലച്ചിലുകളുണ്ട്. ദിവസങ്ങളോളം നീളുന്ന അന്വേഷണങ്ങൾ. തൃപ്തി തോന്നുന്ന ആ ഒരൊറ്റ വാക്കിനു വേണ്ടിയുള്ള തിരച്ചിലിന്റെ ആസ്വാദനം ഒടുക്കം കണ്ണിൽപ്പെടുന്ന വാക്കിൽ മാത്രമല്ല, ആ സഞ്ചാരത്തിലങ്ങോളമാണ്. കയ്യെത്തും ദൂരത്തെത്തി പിടിതരാതെ പോകുന്ന പല അക്ഷരക്കൂട്ടങ്ങളെ കണ്ടുമുട്ടുന്നതിലാണ്. കിടക്കപ്പായയിൽ കണ്ണുതുറന്നും അടച്ചും കിടന്നുള്ള ആലോചനകളിലാണ്. അത്തരം സഞ്ചാരങ്ങളാണ് യഥാർഥത്തിൽ ഗവേഷണത്തിന് എന്നെ പ്രാപ്തനാക്കിയത്. താരതമ്യേന നീണ്ട അലച്ചിലുകൾക്കും നീണ്ട ചോദ്യങ്ങൾക്കും ഏറെ നീണ്ട ഉത്തരങ്ങൾക്കുമുള്ള ഊർജവും പേശീബലവും തന്നത്. ഈ അന്വേഷണങ്ങൾക്ക് സമാന്തരമായി അന്വേഷണങ്ങൾ നടത്തുന്ന പലരെയും പിന്നീട് കണ്ടുമുട്ടി.

സ്വയാന്വേഷണങ്ങൾക്കപ്പുറത്ത് ഔപചാരികമായി വിവർത്തനപഠനം തുടങ്ങുന്നത് ഹ്യൂസ്‌റ്റൺ സർവകലാശാലയിലെ ക്ലാസ്‌മുറികളിലാണ്. രണ്ട് ഇംഗ്ലീഷിതര ഭാഷകളിൽ വിവർത്തനം ചെയ്യുന്ന ഒരേയൊരാൾ പലപ്പോഴും ഞാൻ മാത്രമായിരുന്നു. ഭാഷയുടെ പ്രബലത വിവർത്തകരുടെ സമീപനങ്ങളിൽ ചെലുത്തുന്ന സ്വാധീനങ്ങളെ ഞാൻ അടുത്തറിയുന്നതും ഇക്കാലത്താണ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വേൾഡ് ലിറ്ററേച്ചറിൽ ലോറൻസ് വെനൂറ്റിയുടെ ക്ലാസിലാണ് ഭാഷാ വ്യത്യാസങ്ങളെ ഗൗരവത്തിൽ പഠിക്കുന്ന ഒരുകൂട്ടം ഗവേഷകരെ കണ്ടുമുട്ടുന്നത്. ജർമനിയിലെ എസിയില്ലാ വേനലിൽ വിയർത്ത് ഞങ്ങൾ കുറച്ചുപേർ വിവർത്തന സിദ്ധാന്തങ്ങൾ ചർച്ച ചെയ്‌തു. ക്ലാസ്‌റൂമുകളിൽ തുടങ്ങിയ സംവാദങ്ങൾ പലപ്പോഴും പുറത്തേക്കൊഴുകി, പല ഭാഷകളും സാഹിത്യസംസ്‌കാരങ്ങളും ചർച്ചയുടെ ഭാഗമായി. പരസ്‌പരം കലഹിച്ച് ഞങ്ങൾ ഒരുപാടു പഠിച്ചു. ബ്രഡ് ലോഫ് ട്രാൻസ്ലേറ്റേഴ്സ് കോൺഫറൻസിൽ പിന്നീട് വിവർത്തനകുതുകികളായ മറ്റൊരു കൂട്ടത്തെ കണ്ടുമുട്ടി. ഏകദേശം അമ്പതുപേർ ഒരാഴ്‌ചക്കാലം വെർമോണ്ടിലെ റിപ്ടനിനടുത്തുള്ള കോട്ടേജുകളിൽ താമസിച്ച് വിവർത്തനം ചർച്ച ചെയ്‌തു, വിവർത്തനങ്ങൾ വായിച്ചു, വൈകുന്നേരത്തെ നടത്തങ്ങളിൽ ചൂടേറിയ സംവാദങ്ങളിലേർപ്പെട്ടു. ചുറ്റും വിജനതയാണ്. നടന്നെത്താവുന്ന ദൂരത്ത് ആകെയുള്ളത് റോബർട്ട് ഫ്രോസ്റ്റ് താമസിച്ച ക്യാബിൻ. അതുകൊണ്ടുതന്നെ ഈ ഒരാഴ്‌ച വിവർത്തനവും ചർച്ചകളും വായനകളും മാത്രമായി കഴിഞ്ഞു. വിവർത്തനമെന്നതൊരു ഒറ്റക്കൽസ്‌തൂപമല്ലെന്നും അതിന്റെ നാനാത്വത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തേണ്ടതുണ്ടെന്നും അക്കാലത്ത് രൂപപ്പെട്ട ചില ബോധ്യങ്ങളാണ്. അതേസമയം വിവർത്തനങ്ങളെ അവയിൽ കടന്നുവരുന്ന അധികാരബന്ധങ്ങളെക്കൂടി പരിഗണിച്ചു വായിക്കുകയും വിലയിരുത്തുകയും വേണമെന്ന എന്റെ ആലോചനകളും ശക്തിപ്പെട്ടുവന്നു. അങ്ങനെയാണ് വിവർത്തനങ്ങളെ അവ പ്രതിനിധാനം ചെയ്യുന്ന ഭാഷാ സമൂഹങ്ങൾ തമ്മിലുള്ള സാമ്പത്തികവും രാഷ്‌ട്രീയവും സാംസ്‌കാരികവുമായ ബന്ധങ്ങളെ പരിഗണിച്ചുകൊണ്ട്‌ വായിക്കുന്ന രീതിയിലേക്ക് ഞാൻ പ്രവേശിക്കുന്നത്.


ചെറുത്തുനിൽപ്പിന്റെ വിവർത്തനങ്ങളെന്ന ആശയത്തിലേക്കുള്ള എന്റെ യാത്ര തുടങ്ങുന്നത് ഇത്തരം വായനകളിൽ നിന്നാണ്. വിവർത്തനങ്ങൾ ഇത്തരത്തിൽ ആഴത്തിൽ വായിക്കുന്നത് പിന്നീട് ചരിത്രങ്ങളിലെ വിവർത്തകസാന്നിധ്യം തിരയുന്നതിലേക്ക് ചെന്നെത്തിച്ചു. അധിനിവേശങ്ങളുടെയും ആധിപത്യങ്ങളുടെയും ചരിത്രങ്ങളിൽ അധികം ശ്രദ്ധിക്കപ്പെടാതെ പതിഞ്ഞുകിടക്കുന്ന വിവർത്തകരുടെ നിഴലുകൾ ഞാൻ കണ്ടു. നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ഈജിപ്ഷ്യൻ പടയോട്ടത്തിൽ വിവർത്തകരെ കൂടെക്കൂട്ടിയിരുന്നെന്നാണ്‌ ചരിത്രം. ബ്രിട്ടീഷ് സാമ്രാജ്യത്വം ആയുധശക്തിക്കാനുപാതികമായ വിജ്ഞാന നിർമാണംമൂലം പൗരസ്‌ത്യ രാജ്യങ്ങളെ കാൽക്കീഴിൽ വയ്‌ക്കുമ്പോൾ വിവർത്തനമെന്ന സങ്കേതമാണ് അതിൽ പ്രധാന പങ്കുവഹിക്കുന്നത്. ഈജിപ്തിലെ ഫ്രഞ്ച് ഓറിയന്റലിസ്‌റ്റുകളുടെ പദ്ധതികളെ എഡ്വേർഡ് സഈദ് സംഗ്രഹിക്കുന്നത് ഈജിപ്തിനെ ഫ്രഞ്ചുഭാഷയിലേക്ക് മൊഴിമാറ്റാനുള്ള ശ്രമമെന്ന രീതിയിലാണ്. ഈ ചർച്ചകളിൽ കടന്നുവരുന്ന പല ഓറിയന്റലിസ്‌റ്റുകളും വിവർത്തകരായിരുന്നുവെന്നു കാണാം. ഗസ്സാൻ കനഫാനിയുടെ ‘ഫി അൽ-അദബ് അസ്-സുഹ്യൂനീ’ (സയണിസ്റ്റ് സാഹിത്യത്തെക്കുറിച്ച്) എന്ന പഠനത്തിൽ സാഹിത്യലോകത്ത് അറബികളെയും പലസ്‌തീനികളെയും പ്രതിനിധാനം ചെയ്യുന്നതിനെക്കുറിച്ചും സയണിസ്‌റ്റ്‌ ആശയങ്ങളെ പ്രചരിപ്പിക്കുന്നതിനെക്കുറിച്ചും ഗഹനമായ ചർച്ചകൾ നടത്തുന്നുണ്ട്. സാഹിത്യത്തിന്റെ ലോകസഞ്ചാരങ്ങളുടെ രാഷ്‌ട്രീയമാനം തുറന്നുകാട്ടുന്ന ഈ ചർച്ചകളിൽ പേരെടുത്തു പറയുന്നില്ലെങ്കിൽകൂടി വിവർത്തകരുടെ പങ്ക് വായനക്കാർക്ക് തിരിച്ചറിയാനാകും.


എന്നാൽ വിബുക്ക്‌ വർത്തനത്തിന്റെ അധികാരവുമൊത്തുള്ള വേഴ്‌ചയുടെ ഒരു രൂപകം സമകാലികവും എന്നെ സംബന്ധിച്ചിടത്തോളം കൂടുതൽ വ്യക്തിപരവുമായിരുന്നു. ‘തടവുബന്ധനങ്ങൾ: ബി കെ പതിനാറും ഇന്ത്യയിൽ സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള തിരച്ചിലും’ (The Incarcerations: BK 16 and the Search for Democracy in India) എന്ന പുസ്‌തകത്തിൽ ഇന്ത്യയുടെ സമീപകാലചരിത്രത്തിലെ ഏറ്റവും വലിയ രാഷ്‌ട്രീയ പകപോക്കലിന്റെ കഥ പറയുന്ന കൂട്ടത്തിൽ അൽപാ ഷാ സുപ്രധാനമായ ഒരു സംഭവം വിവരിക്കുന്നുണ്ട്. പുണെ പൊലീസ് പിടികൂടിയ രാഷ്‌ട്രീയ തടവുകാർക്കെതിരെ കുറ്റപത്രം ഉടനെ സമർപ്പിക്കണമെന്ന സുപ്രീം കോടതിയുടെ ഉത്തരവിനെ തുടർന്ന് പുണെയിലെ മൂന്ന് കോളേജുകളിലെ അധ്യാപകരെയും വിദ്യാർഥികളെയും പൊലീസ് വിളിച്ചുകൂട്ടി. അയ്യായിരത്തിലധികം പേജ് വരുന്ന കുറ്റപത്രം മറാത്തിയിൽനിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യുകയായിരുന്നു ഇവർക്കുള്ള ജോലി. ആമുഖമായി ദേശഭക്തി വഴിഞ്ഞൊഴുകിയ പ്രഭാഷണത്തിൽ ഡെക്കാൻ എഡ്യുക്കേഷൻ സൊസൈറ്റിയുടെ അധ്യക്ഷൻ ഈ ഉദ്യമത്തിന്റെ പ്രാധാന്യം വിശദീകരിച്ചു. വിവർത്തനം ചെയ്യാനുള്ള ഈ ഉദ്യമത്തെ മാതൃരാജ്യത്തിനുവേണ്ടി പ്രവർത്തിക്കാനുള്ള സുവർണാവസരമെന്നാണ് അദ്ദേഹം വിശദീകരിച്ചത്. ഇനിയുള്ള രണ്ടു ദിവസം മറ്റൊരു ജോലിയും ചെയ്യേണ്ടതില്ല. വിവർത്തനം മാത്രം. ശേഷം സംസാരിച്ച അസിസ്‌റ്റന്റ്‌ കമീഷണർ നക്‌സലേറ്റുകൾ രാജ്യത്തുടനീളം ഉയർത്തുന്ന ഭീഷണികളെക്കുറിച്ച് വാചാലനായി. പുണെ നഗരവും ഇവരുടെ ഭീഷണിയിലാണെന്ന് അടിവരയിട്ടു. അറസ്‌റ്റിലായ അഭിഭാഷകരെയും പത്രപ്രവർത്തകരെയും പേരെടുത്ത് നക്‌സലേറ്റുകളെന്നു വിളിച്ചു. അവരെ കണ്ടാൽ നക്‌സലേറ്റുകളാണെന്നു തോന്നുകയില്ലെന്നും, പക്ഷെ തങ്ങളുടെ അന്വേഷണത്തിൽ അവരെല്ലാം നക്‌സലേറ്റുകളാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്നും ഇനി ഇവർക്ക് ശിക്ഷ വാങ്ങിക്കൊടുക്കുക ഈ സംഘത്തിന്റെ ദൗത്യമാണെന്നും വ്യക്തമാക്കി. അധികാരശക്തികൾക്ക് വിവർത്തനമെന്ന ഉപാധി എത്ര എളുപ്പത്തിലാണ് വഴങ്ങുന്നതെന്നതിനും അതിൽ രാഷ്‌ട്രീയവും പ്രത്യയശാസ്‌ത്രവും എങ്ങനെയാണ് കടന്നുവരുന്നതെന്നും ഈ സംഭവം സൂചിപ്പിക്കുന്നുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം ഇത് വിവർത്തനവും അധികാരവും തമ്മിലുള്ള ചരിത്രപരമായ ബന്ധത്തിന്റെ രൂപകം തന്നെയായിരുന്നു. വിവർത്തകരെ ഈ സർഗപ്രക്രിയയിലേക്കു ക്ഷണിക്കുന്നതിന്റെയും അവർക്ക് ഔദ്യോഗിക പിന്തുണ നൽകുന്നതിന്റെയും ഒരു ഉദാഹരണമാണ് ഇവിടെ കാണാൻ സാധിക്കുന്നത്. ഈ സംഭവത്തെ ഞാനെന്റെ ഗവേഷണ പ്രബന്ധത്തിൽ വിശദമായി ചർച്ച ചെയ്യുന്നുണ്ട്. ഇതെന്നെ ഇത്രയേറെ സ്വാധീനിക്കാൻ മറ്റൊരു കാരണം കൂടിയുണ്ടായിരുന്നു. വ്യക്തിപരമായത്‌, ഇതിൽ ചർച്ച ചെയ്യപ്പടുന്ന പതിനാറു പേരിലൊരാൾ എന്റെ പ്രിയപ്പെട്ട അധ്യാപകൻ ഹാനി ബാബു ആയിരുന്നു. ഡൽഹി സർവകലാശാലയിലെ എന്റെ ഗവേഷണം ഇടയ്‌ക്കുവച്ച് അവസാനിപ്പിക്കാനുള്ള കാരണം ഹാനി ബാബുവിന്റെ അറസ്‌റ്റായിരുന്നു. അത്തരമൊരു വ്യക്തിപരമായ മാനമില്ലായിരുന്നുവെങ്കിൽ ഭീമാ കൊറേഗാവ് കേസിനെപ്പറ്റി ഇത്രയും ആഴത്തിൽ ആലോചിക്കാനോ അന്വേഷിക്കാനോ മുതിരില്ലായിരുന്നു. ഈ സംഭവത്തിൽ കാണുന്ന അധികാരത്തിന്റെ വിവർത്തനങ്ങളുടെ മറുഭാഗത്തായാണ് ചെറുത്തുനിൽപ്പിന്റെ വിവർത്തനങ്ങളെ ഞാൻ കാണുന്നത്.

ചിന്വാ അചെബേയുടെ ‘തിങ്സ് ഫാൾ അപാർട്’ എന്ന കൃതിയിൽ എക്വെഫി എന്ന കഥാപാത്രം മകൾക്കു പറഞ്ഞുകൊടുക്കുന്ന കഥയിൽ ഒരു തത്തമ്മ കടന്നുവരുന്നുണ്ട്. കൗശലക്കാരനായ ആമ തന്റെ വാക്‌സാമർഥ്യംകൊണ്ട് പക്ഷികൾക്കുള്ള ആകാശവിരുന്നിലെത്തി അവരെ ചതിച്ച് സദ്യയുടെ നല്ല ഭാഗം മുഴുവൻ കഴിക്കുമ്പോൾ ഈ ചതിക്ക് അതേ നാണയത്തിൽ തത്തമ്മ പ്രതികാരം ചെയ്യുന്നതാണ് കഥയുടെ ചുരുക്കം. അധിനിവേശങ്ങളുടെ വൈജ്ഞാനിക അതിക്രമങ്ങൾക്ക് വിജ്ഞാന നിർമാണത്തിലൂടെ പ്രതിരോധം തീർക്കുന്ന എഴുത്തുകാരുടെ രൂപകമായി ഈ തത്തമ്മയെ വായിക്കുന്നതു കാണാം. എന്നാൽ തത്തമ്മയുടെ ശബ്ദം അനുകരിക്കാനുള്ള സിദ്ധി ഞാനുപമിച്ചത് എഴുത്തുകാരന്റെ വാക്കുകളെ മൊഴിമാറ്റിപ്പറയാനുള്ള വിവർത്തകന്റെ കഴിവിനോടാണ്. അങ്ങനെ വായിക്കുമ്പോൾ ഈ പഴങ്കഥയിലെ തത്തമ്മ ചെയ്യുന്നത് അതിക്രമത്തെ വിവർത്തനത്തിലൂടെ പ്രതിരോധിക്കുകയാണ്. സാഹിത്യത്തിന്റെ ചരിത്രമെടുത്താൽ ഇത്തരത്തിൽ വിവർത്തനത്തെ പ്രതിരോധമാർഗമായി ഉപയോഗിക്കുന്ന വിവർത്തകരെ കാണാൻ സാധിക്കും. അത്തരത്തിലുള്ള വിവർത്തന രീതികളെയും രാഷ്ട്രീയ സാഹചര്യങ്ങളെയുമാണ് ചെറുത്തുനിൽപ്പിന്റെ വിവർത്തനങ്ങൾ (Resistance Translations) എന്ന തലക്കെട്ടിൽ ഞാൻ അന്വേഷിക്കുന്നത്.

ബാർബറ ഹാർലോബാർബറ ഹാർലോ

ഈ പഠനത്തിലുള്ള രണ്ട് പ്രധാന സ്വാധീനങ്ങൾ ഗസ്സാൻ കനഫാനി, ബാർബറ ഹാർലോ എന്നിവരായിരുന്നു. ഗസ്സാൻ കനഫാനിയുടെ ‘അദബ് അൽ-മുഖാവമ’ (ചെറുത്തുനിൽപ്പ്‌ സാഹിത്യം) എന്ന സംജ്ഞ അറബ് സാഹിത്യ നിരൂപണ രംഗത്ത് അതിപ്രധാനമാണ്. ലോകസാഹിത്യ പഠനത്തിനു തന്നെ വിലപ്പെട്ട സംഭാവനയായി ഇതിനെ കരുതണം. ഈ ആശയത്തെ ആഴത്തിൽ വിശകലനം ചെയ്യുന്ന രണ്ട് പുസ്‌തകങ്ങൾ കനഫാനി രചിച്ചിട്ടുണ്ടെങ്കിലും അവ ഇംഗ്ലീഷിലേക്ക് ഇതുവരെ വിവർത്തനം ചെയ്യപ്പെട്ടിട്ടില്ല. ഇംഗ്ലീഷിൽ ലഭ്യമായിട്ടുള്ളത് അറുപതുകളിൽ ലോട്ടസ് മാഗസിനിൽ ലേഖനരൂപത്തിൽ അച്ചടിച്ചുവന്ന ഭാഗികമായ വിവർത്തനം മാത്രമാണ്. (വിവർത്തനങ്ങളുടെ രാഷ്‌ട്രീയം തേടുമ്പോൾ ഇത്ര വിലപ്പെട്ട ഒരു കൃതി ഇംഗ്ലീഷിലേക്ക് ഇതുവരെ വിവർത്തനം ചെയ്യപ്പെടാതെയിരിക്കുന്നതിന്റെ രാഷ്‌ട്രീയം തീർച്ചയായും ചർച്ചാവിധേയമാക്കേണ്ടതാണ്. അതിൽ നിന്ന് കനഫാനിയുടെ പലസ്‌തീൻ അസ്‌തിത്വവും രാഷ്‌ട്രീയ നിലപാടുകളും മാറ്റിനിർത്താനാവില്ല. ഈയടുത്താണ് കനഫാനിയുടെ സാഹിത്യനിരൂപണം ആദ്യമായി പുസ്‌തകരൂപത്തിൽ വിവർത്തനം ചെയ്യപ്പെടുന്നത്. സയണിസ്‌റ്റ്‌ സാഹിത്യത്തെക്കുറിച്ചുള്ള ഈ കൃതി എനിക്ക് വ്യക്തിപരമായി അറിയുന്ന ഒരാളാണ് വിവർത്തനം ചെയ്‌തത്. പക്ഷെ ഈ വിവർത്തനം അദ്ദേഹം പ്രസിദ്ധീകരിച്ചത് അപരനാമത്തിലാണെന്നതും വിവർത്തനങ്ങളുടെ രാഷ്‌ട്രീയം തുറന്നു കാട്ടുന്നതാണ്). ഇസ്രയേൽ എന്ന രാഷ്‌ട്രം എങ്ങനെയെല്ലാമാണ് പലസ്‌തീനികളായ എഴുത്തുകാരുടെമേൽ ഉപരോധം തീർക്കുന്നതെന്നും ആ ഉപരോധത്തിന്റെ മതിൽക്കെട്ടുകളെ ഭേദിച്ച് പലസ്‌തീൻ സാഹിത്യം സയണിസത്തെ ചെറുത്തുനിൽക്കുന്നത് എങ്ങനെയെന്നും കനഫാനി തെളിവുനിരത്തി വിശദീകരിക്കുന്നുണ്ട്. കനഫാനിയുടെ ചെറുകഥകളും നോവെല്ലകളും ഇംഗ്ലീഷ് ലോകത്തിന് പരിചയപ്പെടുത്തിയതിൽ പ്രമുഖയായ ഹാർലോ ആണ് ലോകത്തിന്റെ പലഭാഗത്തുനിന്നുള്ള സമാനമായ ചെറുത്തുനിൽപ്പുസംസ്‌കാരങ്ങളെ ഉൾപ്പെടുത്തി ‘റെസിസ്‌റ്റൻസ് ലിറ്ററേച്ചർ’ (Resistsnce Literature) എന്ന പുസ്‌തകം രചിക്കുന്നതും അത് ഇംഗ്ലീഷ് സാഹിത്യ നിരൂപണത്തിന്റെയും സിദ്ധാന്തത്തിന്റെയും ഭാഗമാക്കുന്നതും.

ഈ സ്വാധീനങ്ങൾ സ്വാഭാവികമായും പലസ്‌തീൻ സാഹിത്യത്തിന്റെ വിവർത്തനങ്ങളെ പഠിക്കുന്നതിലേക്ക്‌ എന്നെ വഴിതെളിച്ചു. മലയാളത്തിലെ വിവർത്തനങ്ങൾ പഠിക്കുന്നത് ഗ്ലോബൽ സൗത്തിലെ രണ്ട് ഭാഷകൾ തമ്മിലുള്ള ആശയവിനിമയമെന്ന നിലയ്ക്കും മർദിത ജനതയ്‌ക്കുള്ള ഐക്യദാർഢ്യമെന്ന നിലയ്ക്കും പ്രാധാന്യമർഹിക്കുന്നതായി തോന്നി. അങ്ങനെ നടത്തിയ നിരീക്ഷണങ്ങളാണ് പ്രാദേശികവും ദേശീയവും അന്തർദേശീയവുമായ രാഷ്‌ട്രീയ സംഭവവികാസങ്ങൾ വിവർത്തനത്തെ സ്വാധീനിക്കുന്നതിന്റെ വിവിധ മാനങ്ങൾ തേടുന്നതിലേക്ക് എന്നെ കൊണ്ടെത്തിച്ചത്.

അത്തരം നിരീക്ഷണങ്ങൾ പുരോഗമിക്കുന്നതിനിടയ്‌ക്ക്‌ പലസ്‌തീനിലെ അവസ്ഥ കൂടുതൽ കലുഷിതമായി. വംശഹത്യയുടെ ഹൃദയം നടുക്കുന്ന ചിത്രങ്ങൾ പ്രചരിക്കാൻ തുടങ്ങി. പലസ്‌തീൻ ജനതയുടെ ചരിത്രം വികൃതമാക്കി ചിത്രീകരിക്കുന്ന പ്രചാരണങ്ങളും വ്യാപകമായി. ഒരു ജനത ലോകത്തിന്റെ മനസ്സാക്ഷിയോട് സംവാദം നടത്തുന്നതിനും ഭൂരിപക്ഷ ലോകവും അതുകേട്ട്‌ പ്രതികരിക്കുന്നതിനും നമ്മൾ സാക്ഷികളായി. അതിലെ വിവർത്തനത്തിന്റെ സ്ഥാനവും വിവർത്തകരുടെ പങ്കും എന്നെയും ഇരുത്തി ചിന്തിപ്പിച്ചു. ലോകത്തോട്‌ സംവദിക്കുന്ന വിവർത്തകരുടെയും എഴുത്തുകാരുടെയും ഒരു പുതിയ തലമുറയെ വളർത്തിയെടുക്കാൻ പലസ്‌തീൻ ജനത അത്യധികം പരിശ്രമിച്ചിരുന്നു. പലസ്‌തീൻ സാഹിത്യത്തിന്റെ സമീപകാല സംഭവവികാസങ്ങൾ പരിശോധിച്ചാൽ അക്കാര്യം മനസ്സിലാകും. ‘രിഫ്അത്ത് അൽ- അർഈർ’ ഒരു ഉദാഹരണമായിരുന്നു. ഗസ്സയിലെ ഇസ്ലാമിക് സർവകലാശാലയിൽ സാഹിത്യം അഭ്യസിപ്പിച്ചിരുന്ന അൽ- അർഈറിന്റെ ട്വിറ്റർ ഹാന്റിൽ itranslate123 എന്നായിരുന്നു. ഇത്തരം സാഹിത്യ പ്രതിരോധങ്ങൾ ഇസ്രയേലിനെ എന്നും അത്യധികം ഭയപ്പെടുത്തിയിരുന്നു. ഗസ്സാൻ കനഫാനിയെ അമ്പതു വർഷങ്ങൾക്കുമുമ്പ് കാറിൽ ബോംബുവച്ചു കൊലപ്പെടുത്തിയ അതേ വികാരമാണ് അൽ- അർഈറിനെ വേട്ടയാടി കൊലപ്പെടുത്തുന്നതിലേക്ക്‌ നയിച്ചതും. എന്നാൽ ഈ നഷ്ടത്തെ ലോകം വിലപിച്ചത് വിവർത്തനങ്ങളിലൂടെയായിരുന്നു. If I Must Die (ഞാൻ മരിച്ചേ തീരൂവെങ്കിൽ) എന്നു തുടങ്ങുന്ന കവിത രിഫ്അത്ത് അൽ-‐അർഈർ കൊല ചെയ്യപ്പെട്ട് ഏതാനും ദിവസങ്ങൾക്കകം നൂറുകണക്കിന് ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. ഏറ്റവുമധികം വായിക്കപ്പെടുകയും വിവർത്തനം ചെയ്യപ്പെടുകയും ചെയ്ത സമകാലിക കവിതകളിലൊന്നായി ഇതു മാറി. ലോകത്താകെയുമുള്ള വിവർത്തകരുടെ പ്രതികരണങ്ങളിൽ വിലാപങ്ങൾക്കപ്പുറം പ്രതീക്ഷയുടെ പട്ടം പറന്നു. ഒരു കൂട്ടം വിവർത്തകർ കോടികൾ മുടക്കിയുള്ള പ്രൊപ്പഗണ്ടകളെ ചെറുത്തുതോൽപ്പിക്കുന്നതിന്റെ നേർക്കാഴ്‌ചയായിരുന്നു ഈ വിവർത്തനങ്ങൾ. വംശഹത്യ ഈ വിവർത്തനങ്ങളെ കൂടുതൽ അടിയന്തരമായ സർഗപ്രക്രിയയാക്കി മാറ്റി.

ഗസ്സാൻ കനഫാനിഗസ്സാൻ കനഫാനി

ഒരുവശത്ത് വിവർത്തനങ്ങൾക്ക് അധികാരവുമായുള്ള ബന്ധം മനസ്സിലാക്കാൻ പലസ്‌തീൻ സാഹിത്യം സഹായകമായെങ്കിൽ മറുഭാഗത്ത് അത്തരം നിരീക്ഷണങ്ങൾ നടത്തേണ്ടതിന്റെയും അതുവഴി പുതിയ വിവർത്തനങ്ങൾ പ്രോത്സാഹിപ്പിക്കേണ്ടതിന്റെയും പ്രാധാന്യം ക്രമാതീതമായി വർധിച്ചു. യുഎസിലെ പലസ്‌തീൻ വിരുദ്ധ വികാരവും ഭരണകൂടത്തിന്റെ ഭാഗത്തുനിന്നുള്ള അടിച്ചമർത്തലുകളും ഇതിന് ആക്കം കൂട്ടി. വംശഹത്യക്കെതിരെ പ്രതികരിക്കേണ്ടത് ഇവിടെ പഠിക്കുന്ന ഓരോ വിദ്യാർഥിയുടേയും കടമയായി മാറിയ സന്ദർഭമായിരുന്നു അത്. വിവർത്തനത്തിന് ചെലുത്താനാവുന്ന സ്വാധീനത്തെപ്പറ്റി ചർച്ചകൾ ചെയ്യാനും വിവർത്തകരെ അത്തരമൊരു ഉദ്യമത്തിലേക്ക് ആനയിക്കാനുമുള്ള ചില ശ്രമങ്ങൾ ഞാനും നടത്തി. അമേരിക്കൻ സാഹിത്യ വിവർത്തക കൂട്ടായ്‌മയുടെ (American Literary Translators Association--‐ ALTA) കോൺഫറൻസിൽ മറ്റൊരു സുഹൃത്തുമായി ചേർന്ന് നടത്തിയ വിവർത്തന ശിൽപ്പശാലയിൽ പലസ്‌തീൻ സാഹിത്യം മുഖ്യ വിഷയമായി. സാഹിത്യ ചർച്ചകളിലേക്ക് ചെറുത്തുനിൽപ്പിന്റെ വിവർത്തനങ്ങളെന്ന ആശയം കൊണ്ടുവന്നു. അത് പലസ്‌തീന്റെ രാഷ്‌ട്രീയ പശ്ചാത്തലവും സാഹിത്യ ചരിത്രവുമായി ബന്ധിപ്പിച്ച് ഈ ചർച്ചകളുടെ മർമപ്രധാന ഭാഗമാക്കി. വിവർത്തനമെന്നത് ചെറുത്തുനിൽപ്പിന്റെ ഒരു വകഭേദമാണെന്ന വസ്‌തുത വിവർത്തകരെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. വംശഹത്യാകാലത്ത് ഗവേഷണം ചെയ്യുന്നതിനെയും പുസ്‌തകം വായിക്കുന്നതിനെയും സാധൂകരിക്കാനുള്ള ചില ശ്രമങ്ങളായിരുന്നു ഇതെന്നു പറയാം. ചുറ്റും നിലവിളികൾ പരക്കുമ്പോൾ അത് കേട്ടില്ലെന്നുവച്ച് എഴുതാനും വായിക്കാനും സംവാദങ്ങളിലേർപ്പെടാനും ആർക്കാണ് സാധിക്കുന്നത്! .




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home