കുട്ടികളുടെ ഉച്ചഭക്ഷണത്തിലും മണ്ണുവാരിയിട്ട് യുഡിഎഫ് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ വിദ്യാർഥികളുടെ ഉച്ചഭക്ഷണത്തിലും മണ്ണുവാരിയിട്ട് യുഡിഎഫ് സർക്കാർ. പദ്ധതിക്കുള്ള ഫണ്ട് വൈകുന്നതോടെ പ്രതിദിന ചെലവുകൾ മുന്നോട്ടുകൊണ്ടുപോകാനാകാതെ സ്കൂൾ അധികൃതരും അധ്യാപകരും ദുരിതത്തിലായിരിക്കുകയാണ്. മലപ്പുറം ജില്ലയിലാണ് പ്രതിസന്ധി കൂടുതൽ രൂക്ഷം. പണമെത്താതെ പദ്ധതി മുടങ്ങുന്ന സ്ഥിതിയിലേക്ക് എത്തിയിരിക്കുകയാണ് നിരവധി സ്കൂളുകൾ.
കുട്ടികളുടെ ഭക്ഷണം മുടക്കാതിരിക്കാൻ പ്രധാനാധ്യാപകരും പിടിഎയും സ്വന്തം നിലയിൽ പണം കണ്ടെത്തിയാണ് ഇതുവരെ പദ്ധതി മുന്നോട്ടുകൊണ്ടുപോയത്. പലചരക്കും പച്ചക്കറിയും കടമായി വാങ്ങിയും സ്വന്തം പോക്കറ്റിൽനിന്ന് പണം ചെലവഴിച്ചുമാണ് പല സ്കൂളുകളിലും ഭക്ഷണം നൽകുന്നത്. എന്നാൽ മാസങ്ങളായി തുക ലഭിക്കാതെ ബാധ്യത കൂടിയതോടെ ഈ വഴിയും അടയുകയാണ്. വിലക്കയറ്റത്തിനൊപ്പം പാചകവാതകം, പാൽ, മുട്ട, പച്ചക്കറി എന്നിവയ്ക്കുള്ള ചെലവും വലിയ തോതിൽ ഉയർന്നിട്ടുണ്ട്.
പ്രതിസന്ധി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. ജൂണിൽ തന്നെ നിലവിലെ തുക ഉപയോഗിച്ച് പദ്ധതി മുന്നോട്ടുകൊണ്ടുപോകാനാകില്ലെന്നും പ്രധാനാധ്യാപകർക്ക് സ്വന്തം കൈയിൽനിന്ന് പണം ചെലവഴിക്കേണ്ടിവരുന്നുണ്ടെന്നും അധ്യാപക സംഘടനകൾ സര്‍ക്കാരിന് മുന്നറിയിപ്പ് നൽകിയിരുന്നു. ജൂലൈയോടെ ഉച്ചഭക്ഷണത്തിനുള്ള പണം കൃത്യമായി ലഭിച്ചില്ലെങ്കിൽ കുട്ടികളുടെ ഭക്ഷണം മുടങ്ങുമെന്ന് പ്രധാനാധ്യാപകരും മുന്നറിയിപ്പ് നൽകി. എന്നാൽ മാസങ്ങൾ പിന്നിട്ടിട്ടും ഫണ്ട് വിതരണം സാധാരണ നിലയിലാകാത്തതാണ് ഇപ്പോഴത്തെ പ്രതിസന്ധി.
ചില സ്കൂളുകളിൽ തുച്ഛമായ പണംകൊണ്ട് പദ്ധതി തുടര്‍ന്നുവെങ്കിലും കറികളുടെ എണ്ണം കുറയ്ക്കേണ്ടിവന്നിരുന്നു. വലിയ സ്കൂളുകളിൽ ഓരോ മാസവും ലക്ഷക്കണക്കിന് രൂപയാണ് ഉച്ചഭക്ഷണത്തിനും പാൽ, മുട്ട ഉൾപ്പെടെയുള്ള പോഷകാഹാരത്തിനുമായി കണ്ടെത്തേണ്ടത്.
അരി മാത്രം ലഭിച്ചാൽ ഉച്ചഭക്ഷണ പദ്ധതി നടത്താനാകില്ലെന്നാണ് സ്കൂൾ അധികൃതർ പറയുന്നത്. പച്ചക്കറി, പലചരക്ക്, പാചകവാതകം, പാൽ, മുട്ട തുടങ്ങി ബാക്കി ചെലവെല്ലാം കണ്ടെത്തേണ്ടതുണ്ട്. ഇതിന് അനുവദിക്കുന്ന തുക തന്നെ വിലക്കയറ്റത്തിന് അനുസരിച്ച് വർധിക്കാത്തതിനിടെയാണ് ഇപ്പോൾ മാസങ്ങളോളം പണം ലഭിക്കാതെയും പോകുന്നത്.
പൊതുവിദ്യാഭ്യാസ മേഖലയെ തന്നെ തകർക്കുന്ന തരത്തിലുള്ള കെടുകാര്യസ്ഥതയും ആസൂത്രണമില്ലായ്മയുമാണ് ഈ പ്രതിസന്ധിയിലൂടെ പുറത്തുവരുന്നത്. ധനകാര്യ-വിദ്യാഭ്യാസ വകുപ്പുകൾ തമ്മിലുള്ള ഏകോപനമില്ലായ്മയും മുൻഗണനകൾ നിശ്ചയിക്കുന്നതിലെ പരാജയവും പദ്ധതി നടത്തിപ്പിനെ പാടെ തകിടം മറിച്ചു. സമയബന്ധിതമായി പണം അനുവദിക്കുന്നതിൽ വകുപ്പുതലത്തിൽ ഉണ്ടാകുന്ന വീഴ്ചകൾ പരിഹരിക്കാനോ അധ്യാപകരുടെ സാമ്പത്തിക ഭാരം ലഘൂകരിക്കാനോ ആവശ്യമായ ഭരണപരമായ ഇടപെടലുകൾ നടത്താൻ സർക്കാരിന് കഴിഞ്ഞില്ല.
സര്‍ക്കാര്‍ പൂര്‍ണമായും കയ്യൊഴിഞ്ഞതോടെ സാമ്പത്തിക ബാധ്യത മുഴുവൻ പ്രധാനാധ്യാപകരുടെയും സ്കൂൾ അധികൃതരുടെയും ചുമലിലായി. മൂന്നുമാസമായി ഫണ്ട് മുടങ്ങിയതോടെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതി എത്രനാൾ കൂടി ഇങ്ങനെ മുന്നോട്ടുകൊണ്ടുപോകാനാകുമെന്ന ആശങ്കയാണ് ഉയരുന്നത്. കുട്ടികളുടെ അടിസ്ഥാന അവകാശമായ ഭക്ഷണത്തിനുപോലും പണം സമയത്ത് എത്താത്ത സ്ഥിതി പൊതുവിദ്യാഭ്യാസ മേഖലയിലെ പുതിയ പ്രതിസന്ധിയായി മാറുകയാണ്.








0 comments