Deshabhimani

കവർസ്റ്റോറി

അതിരുകൾ മായ്‌ക്കുന്ന വാക്കുകൾ

എൻ ജി നയനതാര ഫോട്ടോ: രാജേഷ്‌ ചാലോട്‌
avatar
എൻ ജി നയനതാര

Published on Oct 05, 2026, 05:19 PM | 6 min read



തൊണ്ണൂറുകളുടെ തുടക്കത്തിലാണ്, സ്‌കൂൾ പഠനം പോലും ആരംഭിച്ചിട്ടില്ലാത്ത ഒരു പെൺകുട്ടിക്ക് നിറയെ വർണചിത്രങ്ങളുള്ള ഒരു പുസ്‌തകം അച്ഛൻ വാങ്ങിക്കൊടുത്തത്. വസീലി സുഹോംലിൻസ്‌കി എന്ന റഷ്യൻ- സോവിയറ്റ്- എഴുത്തുകാരന്റെ ‘പാടുന്ന തൂവൽ.’ വായിൽക്കൊള്ളാത്ത പേരുകളും സ്വപ്‌നത്തിൽപ്പോലും കാണാത്ത ഭൂപ്രദേശങ്ങളും തക്കാളിപ്പഴം പോലുള്ള കുട്ടികളുമുള്ള ആ പുസ്‌തകം ആ കൊച്ചുപെൺകുട്ടിയെ ഭ്രമിപ്പിച്ചതിന് കൈയും കണക്കുമില്ല. പിന്നീട് ചുക്കും ഗെക്കും, വാളമീൻ കൽപ്പിക്കുന്നു, ഞാൻ ഇച്ഛിക്കുന്നു, നീലക്കപ്പ് തുടങ്ങി എത്രയോ പുസ്‌തകങ്ങൾ ആ അപരിചിതദേശത്തുനിന്ന് വന്നെത്തിക്കൊണ്ടിരുന്നു. ഖസാക്കിന്റെ തുടക്കത്തിലെ ആ വിശ്രുതമായ വാചകം പോലെ- ആ സ്ഥലങ്ങളൊന്നും അന്നത്തെ കുട്ടികൾക്ക് അപരിചിതമായിരുന്നില്ല. പിയർ പഴങ്ങളും മഞ്ഞിൽ നനഞ്ഞ പോപ്ലാർ മരങ്ങളും ആവിയൂതിക്കൊണ്ടിരിക്കുന്ന സമോവറും മാഷയും സാഷയും വാസിലിയുമെല്ലാം ജീവിതത്തിന്റെ ഭാഗമായ ആ കാലം, ഒരു വലിയ മാനവികബോധ്യത്തിനു കൂടിയാണ് അടിവരയിട്ടത്. ലോകമെന്നത് നമ്മുടെ കണ്ണും കാതും എത്തുന്നയിടം മാത്രമല്ല. അതിനുമപ്പുറവും ലോകമുണ്ട്. മനുഷ്യരുണ്ട്. അവിടെയും കുട്ടികളും കുട്ടിക്കളികളുമുണ്ട്. സ്‌നേഹവും ദുഃഖവുമുണ്ട്. എത്ര വലിയ പാഠപുസ്‌തകങ്ങൾക്കും പഠിപ്പിക്കാൻ എളുതല്ലാത്ത ആ ജീവിതപാഠം അതീവലളിതമായി ഞങ്ങളുടെ തലമുറയിലെ കുട്ടികൾ പഠിച്ചു. പിന്നീട്, ആ സാംസ്‌കാരികത എന്നെന്നേക്കുമായി തകർന്നുപോയതോർത്ത്‌ വിഷാദിച്ചു. ഒരുപക്ഷേ, തൊണ്ണൂറുകളിൽ ബാല്യകാലം ചെലവഴിച്ച കുട്ടികൾക്കു ലഭിച്ച ഒരു അപൂർവസൗഭാഗ്യമായിരിക്കാം അത്. ‘പറ്റില്ലെന്നു പറയുന്നത് പരാജയപ്പെടുമ്പോഴാണ്’ എന്ന ‘പാടുന്ന തൂവലി’ലെ കുഞ്ഞനുറുമ്പിന്റെ വാചകം, തത്വശാസ്‌ത്രഭാരങ്ങളില്ലാതെ എവിടെയൊക്കെയോ ചെറുവെളിച്ചങ്ങൾ പടർത്തുകയും, ദശാബ്ദങ്ങൾക്കു ശേഷവും ചില ചെറിയ ഇരുട്ടുകളെയൊക്കെ ചിതറിച്ചു കളയാനുള്ള കരുത്തായി വളരുകയും ചെയ്യുമെന്ന് ആരറിഞ്ഞു!

***********

എൻ ജി നയനതാര ഫോട്ടോ: രാജേഷ്‌ ചാലോട്‌എൻ ജി നയനതാര ഫോട്ടോ: രാജേഷ്‌ ചാലോട്‌

അന്ന് പുസ്‌തകവായനയെന്നാൽ ‘കമ്പോടുകമ്പ്’ ആണ്. ഒരു ചിത്രവും ഒരു അക്ഷരവും കുത്തും കോമയും പോലും വിടാതെയുള്ള വായന. അപ്പോൾപ്പിന്നെ ആ പേരുകളും ശ്രദ്ധിക്കാതിരിക്കാനാവില്ലല്ലോ-‐ ഗോപാലകൃഷ്‌ണനും ഓമനയും. സോവിയറ്റ് യൂണിയനിലെ റാദുഗ പബ്ലിക്കേഷൻസിൽനിന്ന് കേരളത്തിലെ പ്രഭാത് ബുക്ഹൗസിലേക്ക് ആ പുസ്‌തകങ്ങളിൽ പലതിനെയുമെത്തിച്ച ഐന്ദ്രജാലികർ. അന്യഭാഷാ പുസ്‌തകങ്ങൾ എങ്ങനെ മലയാള പുസ്‌തകങ്ങളിൽനിന്നു വ്യത്യസ്‌തമാകുന്നു എന്നതിന്, അതിന്റെ സാംസ്‌കാരികത കൊണ്ടു മാത്രമല്ല, ഭാഷ കൊണ്ടുകൂടി എന്ന് ഉത്തരം പറഞ്ഞവർ. അവരുണ്ടാക്കിയ ആ സവിശേഷശൈലി, വിവർത്തനം എന്നതിന്റെ മറ്റൊരു വാക്കായി. അൽപ്പംകൂടി മുതിർന്നപ്പോൾ മാക്‌സിം ഗോർക്കിയും ദസ്‌തയേവ്‌സ്‌കിയും ഷോളോഖോവും ചെക്കോവും വന്നു. കുട്ടിക്കാലത്തിന്റെ കൗതുകങ്ങളിൽനിന്ന് രാഷ്‌ട്രീയവും വൈകാരികവുമായ പുതിയ ലോകങ്ങളിലേക്ക് വായനാജീവിതം വളർന്നു. നെടുമങ്ങാട് മുനിസിപ്പൽ ലൈബ്രറിയുടെയും ഇരിഞ്ചയം ഗ്രാമീണ വായനശാലയുടെയും തിരുവനന്തപുരം പബ്ലിക് ലൈബ്രറിയുടെയും ഷെൽഫുകളിൽനിന്ന്, ആരൊക്കെയോ വായിച്ചുവായിച്ച് പുറംചട്ടയിളകി, കടും മജന്ത നിറത്തിലും വയലറ്റ് നിറത്തിലും ബൈൻഡ് ചെയ്‌ത പുസ്‌തകങ്ങൾ. ഇടയ്‌ക്കൊക്കെ ഇളകിവന്ന പേജുകൾ ചോറിന്റെ പശകൊണ്ട് ഒട്ടിച്ചുചേർത്ത് ലൈബ്രറിയിലേക്ക് തിരികെനൽകുമ്പോൾ, ഇനി അത് വായിക്കാനിരിക്കുന്ന മനുഷ്യരെക്കൂടി ഹൃദയത്തിൽ ചേർക്കുമായിരുന്നു. അതാണ്, ആ വാക്കാണ്, അന്ന് ജീവിതത്തെ നിർണയിച്ചിരുന്നത്: മനുഷ്യർ. എത്ര മഹത്തായ പദമെന്ന് മാക്‌സിം ഗോർക്കി വിശേഷിപ്പിച്ച മനുഷ്യർ. അതിപരിമിതികളുള്ള ഒരു ലോകത്ത്‌ ജീവിക്കുന്ന അന്തർമുഖിയായ ഒരു പെൺകുട്ടിക്ക് ലോകത്തിലെ അറിയപ്പെടാത്ത മനുഷ്യരുമായി സൗഹാർദം സ്ഥാപിക്കാൻ പുസ്‌തകങ്ങളല്ലാതെ മറ്റൊന്നുമുണ്ടായിരുന്നില്ല.

************

‘എഴുത്തുകാർ ദേശീയസാഹിത്യം നിർമിക്കുമ്പോൾ വിവർത്തകരതിനെ അന്തർദേശീയമാക്കുന്നു’ എന്ന് ഷുസേ സരമാഗോ. വിക്തോർ യൂഗോയുടെ ‘ലേ മിസറാബ്‌ലെ’യുടെ മലയാളവിവർത്തനത്തിന് നൂറുവർഷം തികയുന്ന വേള 2025-‐ൽ നാം യഥോചിതം ആഘോഷിച്ചത് ഈ പശ്ചാത്തലത്തിൽക്കൂടിയാണ്. ഫ്രാൻസിന്റെ സവിശേഷമായ സാമൂഹികാവസ്ഥയിൽനിന്ന് ലോകത്തിന്റെ മുഴുവൻ മാനവികതയെ ആശ്ലേഷിക്കുന്ന തലത്തിലേക്ക് വളർന്നുപടർന്ന ആ കൃതി, മലയാളത്തിന്റെ സാഹിത്യഭാവുകത്വത്തെ എപ്രകാരമാണ് പുനർനിർണയിച്ചതെന്നും, സാധാരണ മനുഷ്യരുടെയും ദരിദ്രരുടെയും ജീവിതങ്ങളെ സാഹിത്യത്തിലേക്ക് ആനയിച്ചതെന്നുമുള്ള പഠനങ്ങൾ ഇതിനോടകം വന്നുകഴിഞ്ഞു. ഭൗമാതിർത്തികളിൽ ഒതുക്കി നിർത്താൻ കഴിയാത്തതാണ് നല്ല സാഹിത്യത്തിന്റെ പ്രപഞ്ചം. കാരണം, അത് അടിസ്ഥാനപരമായി മനുഷ്യരെക്കുറിച്ചാണ്‌ സംസാരിക്കുന്നത് എന്നതാണ്. സാംസ്‌കാരികമായോ രാഷ്ട്രീയമായോ ഒരുതരത്തിലും നമുക്ക് മനസ്സിലാക്കാൻ കഴിയാത്ത ഉള്ളൊഴുക്കുകളെപ്പോലും സാഹിത്യം സുഗമമാക്കുന്നു. ഈ ഹൃദയബന്ധത്താലാണ് ഇന്ന് ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള രചനകൾ പരസ്‌പരം ചേർന്നിരിക്കുന്നത്. വികാരരാജികളുടെയും സാമൂഹികജീവിതത്തിന്റെയും വൈവിധ്യങ്ങളെ കൂടുതൽ വിശാലമായ ഹൃദയത്തോടെ ഉൾക്കൊള്ളാനും ലോകത്തെ കൂടുതൽ അനുതാപത്തോടെ പരിചരിക്കാനും ക്ലാസിക്കുകളുടെ വിവർത്തനം മലയാളികളുൾപ്പെടെയുള്ള വായനാസമൂഹത്തെ സഹായിച്ചിട്ടുണ്ട്. അങ്ങനെ വരുമ്പോൾ, വിവർത്തനം വലിയ സാമൂഹികമാനങ്ങളുള്ള ഒരു സാംസ്‌കാരികപ്രവർത്തനത്തിന്റെ- ആക്ടിവിസത്തിന്റെ- മാനം കൈവരിക്കുന്നുണ്ട്.

************

ഓമനയും ഗോപാലകൃഷ്‌ണനും മക്കൾക്കൊപ്പംഓമനയും ഗോപാലകൃഷ്‌ണനും മക്കൾക്കൊപ്പം

വിവർത്തനകൃതികളുടെ വായനക്കാരി എന്ന നിലയിൽനിന്ന് വിവർത്തക എന്ന പുതിയ ഉത്തരവാദിത്വത്തിലേക്കു മാറുമ്പോൾ സ്വാഭാവികമായും ആദ്യമുണ്ടാകുന്നത് ഭയപ്പാടാണ്. കൈയിലുള്ള കൃതി മറ്റൊരു എഴുത്താളുടെ സ്വപ്‌നവും ജീവിതവുമാണ് എന്ന ബോധ്യത്തിൽ ആരംഭിക്കുന്ന അധൈര്യം, ഓരോ വാക്കിലും പ്രതിഫലിച്ചുകൊണ്ടേയിരിക്കും. വിവർത്തക എന്ന നിലയിൽ എന്നെ ഞാൻ അടയാളപ്പെടുത്തുന്നത് ഈ ഭയത്തിലാണ്. അതാണ് ഭാഷാപരമായി പുലർത്തുന്ന ജാഗ്രതയുടെ അടിസ്ഥാനം. നമ്മുടേതല്ലെന്ന് നൂറു ശതമാനം ബോധ്യമുള്ളൊരു സംഗതിയെ, നമ്മുടേതാക്കാൻ നടത്തിക്കൊണ്ടിരിക്കുന്ന നിരന്തരമായ ശ്രമം. അതിന്റെ വേദന, വീർപ്പുമുട്ട്, ഇടയ്‌ക്കുള്ള ആഹ്ലാദങ്ങൾ. വിവർത്തനത്തിനിടയിൽ എഴുത്താളുമായി മുഖാമുഖം നിൽക്കേണ്ടിവരുന്ന സന്ദർഭങ്ങൾ. പിടിതരാത്ത വാക്കുകളുടെ സംഘർഷങ്ങൾ. പിടികിട്ടാത്ത ആന്തരികലോകങ്ങൾ. എത്രയെത്ര കടമ്പകൾ കടക്കണം, വിവർത്തകർക്ക് ‘പരിഭാഷ’യെന്നു ലഘൂകരിക്കുന്ന ആ വിഷമവൃത്തം പൂർത്തീകരിക്കാൻ.

കവിതകളിലാണ് ആ വിഷമം കൂടുക. ‘വിവർത്തനം ചെയ്യുമ്പോൾ നഷ്ടമാകുന്നതാണ് കവിത’ എന്നുള്ള കുറ്റംപറച്ചിൽ നൂറ്റാണ്ടുകളായി ഏറ്റുവാങ്ങുന്നവരാണല്ലോ വിവർത്തകർ. അങ്ങനെയിരിക്കെ വിസ്മയിപ്പിച്ച രണ്ടു പുസ്‌തകങ്ങളാണ് ‘കവിമാസ്റ്ററുടെ ക്ലാസ്’ എന്ന കെ വി രാമകൃഷ്‌ണന്റെ, ആംഗലകവിതകൾ പരിചയപ്പെടുത്തുന്ന പുസ്‌തകവും സച്ചിദാനന്ദന്റെ നെരൂദ കവിതകളുടെ വിവർത്തനവും. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ജില്ലാതലത്തിലെ കവിതാരചനാ മത്സരത്തിന് സമ്മാനം കിട്ടിയതായിരുന്നു ‘കവിമാസ്റ്ററുടെ ക്ലാസ്.’ സ്‌കൂളിൽ പഠിച്ചിരുന്ന ഡാഫോഡിൽസ്, അപ് ഹിൽ, സോളിറ്ററി റീപ്പർ, സ്റ്റോപ്പിങ്‌ ബൈ വുഡ്സ് ഓൺ എ സ്നോയി ഈവനിങ്‌ എന്നീ കവിതകളുടെ വിവർത്തനവും വിവരണവും ഉൾപ്പെടുന്ന ആ പുസ്‌തകം, വിവർത്തനത്തിന്റെ അടിസ്ഥാനരൂപങ്ങളെക്കുറിച്ച് ചില ധാരണകൾ തന്നു. പദാനുപദ വിവർത്തനത്തിനു പകരം സമഗ്രമായ കാവ്യാനുഭൂതിക്കാണ് പ്രാധാന്യം നൽകേണ്ടതെന്ന് ആ വിവർത്തനങ്ങൾ പറഞ്ഞുതന്നു. നെരൂദയുടെ കവിതകളാകട്ടെ, വിവർത്തനം ഒരു പുനഃസൃഷ്ടി തന്നെയെന്ന് ബോധ്യപ്പെടുത്തി. ഓരോ വരിയും കാലങ്ങളോളം കാണാപ്പാഠമായി. നോട്ടുബുക്കുകളുടെ പിൻപേജിൽ പ്രിയപ്പെട്ട വരികൾ എഴുതിയിട്ടു. നെരൂദയും സച്ചിദാനന്ദനും ഒരേ കാവ്യസത്തയുടെ രണ്ടു മുഖങ്ങളായി. കവി എവിടെ അവസാനിപ്പിക്കുന്നു, വിവർത്തകൻ എവിടെ തുടങ്ങുന്നു എന്ന് തിരിച്ചറിയാനാകാത്തവിധം അത് കവിതയുടെ ഉണ്മയായി വിടരുകയും വളരുകയും ചെയ്‌തു. ആ പ്രേരണകൊണ്ട് ഇംഗ്ലീഷ് പിജി ക്ലാസിലെ കവിതകൾ വിവർത്തനം ചെയ്യാൻ നോക്കിയെങ്കിലും അതെല്ലാം വിഫലശ്രമങ്ങളായി. എങ്കിലും, ഒരു പരിശീലനം എന്ന നിലയിലും കവിതയെ കൂടുതൽ മനസ്സിലാക്കാനുള്ള ഉപാധിയായും ആരും കാണാത്ത ആ ശ്രമം രണ്ടുവർഷത്തോളം തു‌ടർന്നു.

************ബുക്ക്‌


അപ്പോഴൊന്നും ജീവിതത്തിൽ വിവർത്തക എന്നൊരു വിലാസമുണ്ടാകുമെന്നു വിചാരിച്ചിട്ടേയില്ല; വിലാസമില്ലാത്ത വിവർത്തനം കാലങ്ങളോളം ഉപജീവനമാർഗമായിരുന്നെങ്കിലും. ഇന്ത്യാ ടുഡേയുടെ മലയാളം എഡിഷന്റെ എഡിറ്റോറിയൽ ബോർഡിൽ പ്രവർത്തിക്കുന്ന കാലത്ത് നിത്യത്തൊഴിൽ അഭ്യാസം പോലെ വാർത്തകളും ഫീച്ചറുകളും നിരന്തരം വിവർത്തനം ചെയ്യേണ്ടിയിരുന്നു. ബ്യൂറോകളിൽനിന്നെത്തുന്ന ഫീച്ചറുകൾ മലയാളം പതിപ്പിന്റെ സ്ഥലപരിമിതികൾക്കിണങ്ങുന്ന തരത്തിൽ എഡിറ്റുചെയ്‌തുകൊണ്ടുതന്നെ വിവർത്തനം ചെയ്യുന്ന ജോലി ഒരു ‘സ്‌കിൽ’ എന്ന നിലയിൽ വിവർത്തനത്തെ വളർത്താൻ സഹായിച്ചു. മനസ്സിന്റെ വേഗതയിൽ ടൈപ്പ്‌ ചെയ്യാനും വെട്ടാനും തിരുത്താനും ചുരുക്കാനുമൊക്കെ ബലംതന്നു, എഡിറ്ററായിരുന്ന പി എസ് ജോസഫ് മാഷുടെ നേതൃത്വത്തിലുള്ള ആ കളരി. പക്ഷേ, കൈയിൽ ഒരൽപ്പം ബാക്കിയുണ്ടായിരുന്ന സാഹിത്യഭാഷ കൈമോശം വന്നു എന്നതായിരുന്നു ആ കാലത്തിന്റെ സങ്കടകരമായ ഒരു ബാക്കിപത്രം. എഡിറ്റിങ്‌ ജോലിയായി ചെയ്യുന്ന എഴുത്തുകാരൊക്കെ ഈ പ്രതിസന്ധി അനുഭവിച്ചുകാണുമെന്നു തോന്നുന്നു. എഴുതുന്നതൊരൽപ്പം വലുതായാൽ അത് വെട്ടിച്ചുരുക്കണോ എന്ന ആധി, ഉപയോഗിക്കുന്ന ഓരോ വാക്കിനെയും സംശയം, ചെറിയ വിവരണങ്ങൾ പോലും വൃഥാസ്ഥൂലതയായി തോന്നുക എന്നുതുടങ്ങി, സർഗാത്മകമായ എഴുത്തിന്റെ കഴുത്തിൽ കത്തിവയ്‌ക്കുന്ന സകലമാന സംഗതികളും ന്യൂസ്റൂമിലുണ്ട്. നല്ലൊരു വരി എഴുതാൻ ഇനി ഈ ജീവിതത്തിൽ സാധിക്കില്ലെന്ന് ഏതാണ്ട് തീരുമാനിച്ചുറച്ചു. എഡിറ്റിങ്ങിന്റെ ആ ദുർഭൂതം ഇനിയും പിടിവിടാതെ ഉള്ളിലുണ്ട്. ഒരു വാക്കെഴുതുമ്പോഴത് കണ്ണുരുട്ടും. വാചകങ്ങളെ ചുരുക്ക്, ചുരുക്ക് എന്ന് ഭീഷണിപ്പെടുത്തും. അഭിമാനം കൊള്ളുന്ന പദസമ്പത്തിനെ ദരിദ്രന്റെ കൈയിലെ നാണയത്തുട്ടുപോലെയാക്കും. കുടഞ്ഞുകളയാനൊരു വഴിയുമില്ലാത്ത വേതാളത്തിനെപ്പോലെ അത് തോളിലിങ്ങനെ കയറിയിരിക്കും.

അതിൽനിന്ന് ഭാഷയെ ഒന്നു രക്ഷിച്ചെടുക്കാനുള്ള ശ്രമമായിരുന്നു വിവർത്തനം. ‘ആരോ എഴുതിവച്ചൊരു പുസ്‌തകത്തിൽ അധികം നീ കളിക്കാൻ നോക്കണ്ട’ എന്ന് എഡിറ്റിങ്‌ വേതാളത്തോട് ഒരു മുന്നറിയിപ്പ്. ഇംഗ്ലീഷിൽനിന്ന് വിവർത്തനം ചെയ്യുമ്പോൾ ഭാഷയെ ഒന്നു വിടർത്തിയെടുത്തേ പറ്റൂ. കുറേനാളായി ശുഷ്‌കിച്ചുകിടന്ന ഭാഷയുടെ മാംസപേശികൾ ഉണരുമ്പോഴുള്ള സുഖമാണ് വിവർത്തനത്തിൽ ആദ്യമായി അനുഭവിച്ചത്. മറന്നുകിടന്ന വാക്കുകൾ മനസ്സിലേക്കു വന്നു. ചില ഇംഗ്ലീഷ് വാക്കുകൾ മനസ്സിലിട്ടുരുട്ടിയുരുട്ടി അവയുടെ മലയാളപദം ആലോചിച്ചെടുക്കുന്നതിന്റെ ആഹ്ലാദമറിഞ്ഞു. കൈമോശം വന്നുവെന്നു കരുതിയ പദസമ്പത്തിനെ കുറേയൊക്കെ തിരിച്ചുപിടിക്കാനായതിൽ ആശ്വസിച്ചു.

നാം വായിക്കാനാഗ്രഹിക്കുന്നത് എഴുതുക എന്നതാണ് വിവർത്തനത്തിൽ എനിക്കേറ്റവും പ്രിയപ്പെട്ട തത്വം. വളരെക്കുറച്ചു പരിഭാഷകളേ ചെയ്‌തിട്ടുള്ളൂവെങ്കിലും, വായനക്കാർക്ക് അതൊരു ആയാസകരമായ അനുഭവമാകാതിരിക്കാൻ പരമാവധി ശ്രദ്ധിച്ചിട്ടുണ്ട്. ഇംഗ്ലീഷിന്റെ ഘടനയ്‌ക്കൊപ്പിച്ച് മലയാളത്തിന്റെ സ്വാഭാവികതയെ ചെത്തിയൊതുക്കുന്ന രീതി ഒരുപാട്‌ പരിഭാഷകളിൽ കണ്ടിട്ടുള്ളതുകൊണ്ട് അങ്ങനെയൊന്ന് ഉണ്ടാകാതിരിക്കാൻ പരമാവധി ശ്രമിച്ചിട്ടുമുണ്ട്. കൃഷ് അശോകിന്റെ ‘മസാല ലാബ്’ എന്ന പുസ്‌തകമായിരുന്നു ഒരുപാട്‌ മാനസികാധ്വാനമെടുത്തെങ്കിലും വളരെ രസിച്ചു ചെയ്‌ത ഒന്ന്. പാചകത്തിന്റെ ശാസ്‌ത്രം വിശദമാക്കുന്ന ആ പുസ്‌തകത്തെ ‘റീഡബിൾ’ ആയി, അശോകിന്റെ ഭാഷയുടെ നർമം ചോരാതെ വിവർത്തനം ചെയ്യുന്നത് ഒരു ബാലികേറാമലയായിരുന്നു. ‘മദർ മേരി കംസ് ടു മീ’ ആകട്ടെ, പരിഭാഷയെ സംബന്ധിച്ച എല്ലാ ഭയങ്ങളെയും കെട്ടഴിച്ചുവിട്ടു. അത്രയേറെ ശ്രദ്ധിക്കപ്പെട്ട ഒരു പുസ്‌തകം, അത്രയേറെ പ്രശസ്‌തയായ എഴുത്തുകാരി... എഴുതിയും തിരുത്തിയും വെട്ടിയും കുറേനാൾ കളഞ്ഞശേഷം, ആ പുസ്‌തകത്തിന്റെ ഒഴുക്കിനൊത്തു നീങ്ങി എന്തു സംഭവിച്ചു എന്നു നോക്കാമെന്നു തീരുമാനിച്ചു. അതിലളിതമാണ് അരുന്ധതിയുടെ ഭാഷ. പക്ഷേ, അതിനെ ആ മട്ടിൽ സമീപിച്ചാൽ കളിമാറും. ഓരോ വാക്കിലും അവർ തൊടുത്തുവച്ച ജീവിതത്തിന്റെ മൂർച്ചയുള്ള അമ്പുകളുണ്ട്. തൊട്ടാൽ ചോരയിറ്റുന്നത്. അത് എടുത്തു പെരുമാറുന്നത് എളുപ്പമായിരുന്നില്ല. ആദ്യത്തെ മൂന്നധ്യായങ്ങൾ മാത്രം ആദ്യം വായിച്ച ശേഷം, വായനയ്‌ക്കൊപ്പം തന്നെ വിവർത്തനം ചെയ്‌തുതുടങ്ങി. അതൽപ്പം ആശ്വാസം നൽകി. സങ്കീർണമായ ചിന്തകളില്ലാതെ, വ്യാകുലതകളില്ലാതെ, വായനയിലെ വികാരങ്ങളെ കൃത്യമായി പകർത്തിവച്ചുള്ള ആ യാത്ര വിവർത്തകർക്ക് ജീവിതത്തിൽ അപൂർവമായി കിട്ടുന്ന ഒരനുഭവം തന്നെയാണെന്നാണ് എന്റെ വിശ്വാസം. ചില വാക്കുകൾക്കുവേണ്ടി കുറേ തിരയേണ്ടി വന്നുവെങ്കിലും ആ സമയം പാഴായില്ല എന്നു ബോധ്യമായത്, ‘കളിമ്പം’ എന്ന വാക്ക് രചനകളിൽ കണ്ടിട്ട് കുറേക്കാലമായി എന്ന് എഫ്ബിയിൽ ഒരു വായനക്കാരൻ എഴുതിയതു വായിച്ചപ്പോഴാണ്. നല്ല കൃതികളുടെ ഒരനുഗ്രഹമാണത്. അത് നമ്മുടെ മനസ്സിന് ചിറകുകൾ നൽകും. തുറക്കാത്ത പല വാതിലുകളും അതിലൂടെ തുറന്നുകിട്ടും. പരിഭാഷകയെന്ന നിലയിൽ, നമ്മളിലൂടെ ഒരു നല്ല കൃതി വായനക്കാരിലേക്കെത്തുന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ മുഹൂർത്തങ്ങളിലൊന്നാണ്. ആംഗലഭാഷ വഴങ്ങുന്നവർക്കു മാത്രമുള്ള ഒരു അവകാശമല്ല നല്ല സാഹിത്യത്തിന്റെ ആസ്വാദനം എന്ന് ആവർത്തിക്കുമ്പോൾ, മലയാളഭാഷയ്‌ക്ക്‌ അതു നൽകിയ നന്മകളിലൊരംശം തിരിച്ചുനൽകുന്നതിന്റെ ആഹ്ലാദവും അനുഭവപ്പെടുന്നു.

ബുക്ക്‌

************


പുതിയൊരു പുസ്‌തകം മുന്നിലിരിപ്പുണ്ട്. പുതിയൊരു ലോകം. പുതിയ ജീവിതം. ഓരോ തവണയും അതു തൊടുമ്പോൾ കൈയും, വായിക്കുമ്പോൾ ഉള്ളും വിറയ്‌ക്കുന്നു. ചിരപരിചിതമായ ഭയം പൊതിയുന്നു. ഓരോ വാക്കും എഴുതുമ്പോൾ ഓരോ എഴുത്താളും അനുഭവിക്കുന്ന സംത്രാസങ്ങളെക്കുറിച്ച് സങ്കൽപ്പിക്കുന്നു. അത് എത്രമാത്രം ഉള്ളിൽ പ്രതിഫലിക്കുന്നുണ്ടെന്ന് വീണ്ടും വീണ്ടും ആശങ്കപ്പെടുന്നു. ‘പരാജയത്തിന്റെ കലയാണ് വിവർത്തനം’ എന്ന് ഉംബർട്ടോ എക്കോയും ‘വഞ്ചകരാണ് വിവർത്തകരെ’ന്ന് ഇറ്റലിയിലെ ഒരു പഴമൊഴിയും പറഞ്ഞതോർക്കുന്നു.

എങ്കിലും, ഈ രചനാസൗന്ദര്യസർവസ്വം, ഇനി എന്റേതുകൂടിയാണല്ലോ എന്ന ആഹ്ലാദത്തോടെ ഞാനെന്റെ ആശങ്കകൾക്ക് ഒരൽപ്പം അവധി കൊടുക്കുന്നു. കാരണം, ജോർജ് സ്റ്റെയിനർ എഴുതിയതുപോലെ, ‘നിശ്ശബ്ദതയുടെ പ്രവിശ്യകളെ ഉല്ലംഘിക്കാൻ വിവർത്തനം അല്ലാതെ മറ്റെന്തുള്ളൂ?’ .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home