Deshabhimani

ഡോളർ കരുത്താർജിച്ചു, എണ്ണവില ഉയർന്നു; രൂപയ്ക്ക് വീണ്ടും തിരിച്ചടി

Rupee vs Dollar
വെബ് ഡെസ്ക്

Published on Oct 05, 2026, 06:03 PM | 2 min read

മുംബൈ : ക്രൂഡ് ഓയിൽ വില വർധിച്ചതിനാലും വിദേശ നിക്ഷേപകർ പണം പിൻവലിച്ചതിനാലും യുഎസ് ഡോളറിനെതിരെ ഇന്ത്യൻ രൂപയുടെ മൂല്യം 5 പൈസ ഇടിഞ്ഞ് 96.30 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിച്ചു. നിക്ഷേപകർ ഇപ്പോൾ വിദേശ മൂലധനത്തിന്റെ പുറത്തേക്കുള്ള ഒഴുക്കിലേക്കും റിസർവ് ബാങ്കിന്റെ വരാനിരിക്കുന്ന പണനയ തീരുമാനത്തിലേക്കും കൂടുതൽ ശ്രദ്ധ തിരിക്കുന്നതായാണ് ഫോറക്സ് വ്യാപാരികൾ പറയുന്നത്.


ഇന്റർബാങ്ക് ഫോറിൻ എക്സ്ചേഞ്ച് മാർക്കറ്റിൽ, രൂപയുടെ മൂല്യം 96.20 എന്ന നിലയിൽ വ്യാപാരം ആരംഭിച്ചു. തുടർന്ന് യുഎസ് ഡോളറിനെതിരെ 96.31 എന്ന നിലയിലെത്തി. ഒടുവിൽ തിങ്കളാഴ്ചത്തെ വ്യാപാര സെഷന്റെ അവസാനത്തിൽ, ഗ്രീൻബാക്കിനെതിരെ ഇന്ത്യൻ രൂപ 96.30 എന്ന നിലയിൽ വ്യാപാരം അവസാനിപ്പിക്കുകയായിരുന്നു. കഴിഞ്ഞ ആഴ്ചയിലെ അവസാന വ്യാപാര ദിവസമായിരുന്ന വ്യാഴാഴ്ച ഡോളറിനെതിരെ രൂപയുടെ മൂല്യം 96 രൂപയ്ക്ക് താഴെയായിയിരുന്നു. യുഎസ് ഡോളറിനെതിരെ 96.25 എന്ന നിലയിലാണ് രൂപ വ്യാഴാഴ്ച വ്യാപാരം അവസാനിപ്പിച്ചത്.


അതേസമയം, ആറ് കറൻസികൾതിരെ ഗ്രീൻബാക്കിന്റെ ശക്തി അളക്കുന്ന ഡോളർ സൂചിക 0.25 ശതമാനം ഉയർന്ന് 102.18 എന്ന നിലയിൽ വ്യാപാരം നടത്തി. ആഗോള എണ്ണ മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് ഫ്യൂച്ചേഴ്സ് വില 0.22 ശതമാനം ഉയർന്ന് ബാരലിന് 102.48 ഡോളറിലെത്തി. ആഭ്യന്തര ഓഹരി വിപണി സൂചികയായ സെൻസെക്സ് 472.77 പോയിന്റ് ഉയർന്ന് 72,382.47 എന്ന നിലയിലും നിഫ്റ്റി 133.80 പോയിന്റ് ഉയർന്ന് 22,555.75 എന്ന ലെവലിലും എത്തി. വിദേശ സ്ഥാപന നിക്ഷേപകർ വ്യാഴാഴ്ച മാത്രം 9,484.22 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചു.


റിസർവ് ബാങ്കിന്റെ മോണിറ്ററി പോളിസി കമ്മിറ്റി തിങ്കളാഴ്ച മൂന്ന് ദിവസത്തെ യോഗം ആരംഭിച്ച പശ്ചാത്തലത്തിൽ വിപണി ആശങ്കയിലാണ് നീങ്ങുന്നത്. പശ്ചിമേഷ്യൻ പ്രതിസന്ധി ആഭ്യന്തര പണപ്പെരുപ്പത്തിന് സാധ്യത സൃഷ്ടിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ബാങ്കിന്റെ നിലപാടിലേക്ക് കണ്ണുനട്ടിരിക്കുകയാണ് വിപണി. ആർബിഐ നിരക്കുകൾ 25 ബേസിസ് പോയിന്റുകൾ ഉയർത്താൻ സാധ്യതയുണ്ടെന്നാണ് നിലവിലെ വിലയിരുത്തൽ.


2023 ഫെബ്രുവരിയിലാണ് അവസാനമായി റിപ്പോ നിരക്ക് വർധിപ്പിച്ചത്. അന്ന് ആർ‌ബി‌ഐ നിരക്ക് 0.25 ശതമാനം വർധിപ്പിച്ച് 6.50 ശതമാനമാക്കി. 2025ൽ നിരക്ക് കുറയ്ക്കുന്നതിന് മുമ്പ് 2023-24 വരെ നിരക്ക് മാറ്റമില്ലാതെ നിലനിർത്തുകയായിരുന്നു. നിലവിൽ ആർ‌ബി‌ഐയുടെ റിപ്പോ നിരക്ക് 5.25 ശതമാനമാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home