കോൺഗ്രസിലെ പുതിയ തമ്മിലടി ഹൈ ലെവലിലേക്ക്

തിരുവനന്തപുരം: യുഡിഎഫ് ഭരണം തുടങ്ങി ആറുമാസംകൊണ്ട് കോൺഗ്രസിലെ തമ്മിലടി ഹൈ ലെവലിലേക്ക്. ഗ്രൂപ്പ് പോരിന്റെ പല അധ്യായങ്ങളും അരങ്ങേറിയ കോൺഗ്രസിൽ, സൈബർ വെട്ടുകിളികളും നേതാക്കളുടെ അനുയായി വൃന്ദങ്ങും ചേർന്ന് നടത്തുന്ന അടിയും ചളിവാരിയേറും പുതിയ തലത്തിലേക്ക് വ്യാപിപ്പിച്ചു കഴിഞ്ഞു. ടീം യുഡിഎഫ് എന്നും ജനാധിപത്യത്തിന്റെ സൗന്ദര്യം എന്നുമടക്കമുള്ള വിശേഷണങ്ങളാൽ മൂടിവയ്‌ക്കാവുന്നതല്ല ഇപ്പോഴത്തെ തമ്മിലടി.
ലൈംഗികപീഡന, നിർബന്ധിത ഗർഭഛിദ്ര കേസുകളിൽ പ്രതിയാതിനാൽ കേരളരാഷ്‌ട്രീയത്തിൽനിന്നും കോൺഗ്രസിൽനിന്നും അകറ്റിനിർത്തപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും ചേർന്ന് കോൺഗ്രസിൽ നടത്തുന്ന കുറുമുന്നണിയെ രാജ്‌മോഹൻ ഉണ്ണിത്താനാണ് തുറന്നു കാട്ടിയത്. സോഷ്യൽ മീഡിയയിലൂടെ എതിരാളികൾക്കുനേരെ സൈബർ ആക്രമണം നടത്തുകയും ഇഷ്‌ടക്കാർക്ക് ഷെയറും ലൈക്കും സംഘടിപ്പിക്കുകയും ചെയ്യുന്ന ഈ സൈബർ ടീമിന്റെ ആക്രമണം തുടർച്ചയായതോടെയാണ് ഉണ്ണിത്താൻ രംഗത്ത് വന്നത്. നിർണായക സമയത്ത് ഉമ്മൻ ചാണ്ടിയെ ഷാഫി വഞ്ചിച്ചെന്നും വേണുഗോപാലിനും ഷാഫിക്കുമെതിരെ തെളിവുസഹിതം രഹസ്യങ്ങൾ പുറത്തുവിടുമെന്നും ഉണ്ണിത്താൻ പറഞ്ഞതോടെ കോൺഗ്രസ് യുദ്ധക്കളമായി. ഉണ്ണിത്താനെയും ഷാഫി പറമ്പിലിനെയും അനുകൂലിച്ച് രണ്ടു ചേരിയായി നേതാക്കളും അണികളും രംഗത്തുവന്നു.
ഷാഫിക്കെതിരായ ആരോപണങ്ങൾ ഉമ്മൻ ചാണ്ടിയുടെ കുടുംബം ശരിവച്ചു. ഉണ്ണിത്താൻ പറഞ്ഞത് ശരിയാണെന്നും 'എ' ഗ്രൂപ്പിൽ അന്ന് ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടവും ഉണ്ടായിരുന്നില്ലെന്നും മറിയാമ്മ ഉമ്മൻ പറഞ്ഞു. ഉമ്മൻ ചാണ്ടിയുടെ ഡയറിയിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി ജെ എസ് അഖിലിന്റെ പേരുണ്ടായിരുന്നുവെന്നും മറിയാമ്മ ഉമ്മൻ വെളിപ്പെടുത്തി. തങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുകയും വിമർശങ്ങളെ പ്രതിരോധിക്കുകയും ചെയ്‌ത നേതാവാണ് ഉണ്ണിത്താനെന്ന് ചാണ്ടി ഉമ്മനും പറഞ്ഞു. അസുഖബാധിതനായിരുന്ന അവസാന കാലഘട്ടത്തിൽ ഒപ്പമുള്ള ചിലർ സ്വാർഥ താൽപ്പര്യങ്ങൾക്കായി ഉമ്മൻ ചാണ്ടിയെ ഇട്ടെറിഞ്ഞ് പോയി. ഓരോരുത്തരും ആ സമയത്ത് വഹിച്ച പങ്ക് സ്വന്തം മനഃസാക്ഷിയോട് ചോദിക്കണം. എന്തെങ്കിലും നേട്ടം ലഭിക്കുമോ എന്ന് നോക്കിയ അവരുടെ പേരുകൾ ഇപ്പോൾ വെളിപ്പെടുത്തുന്നില്ല. അവർ ആരാണെന്ന് വരുംകാലത്ത് പുറത്തുവരുമെന്നും ചാണ്ടി ഉമ്മൻ പറഞ്ഞു.
ഉമ്മൻ ചാണ്ടിയുടെ കുടുംബത്തിനുനേരെ വ്യാപക സൈബർ ആക്രമണവുമായി ഷാഫി അനുകൂലികൾ രംഗത്തെത്തി. സമൂഹമാധ്യമങ്ങളിൽ വ്യാപകമായി അധിക്ഷേപ കമന്റുകൾ ഉയരുന്നു. കുടുംബത്തിന് പുറമെ രാജ്മോഹൻ ഉണ്ണിത്താൻ, കെസി വേണുഗോപാൽ, ജെഎസ് അഖിൽ എന്നിവർക്കെതിരെയും സൈബർ ഇടങ്ങളിൽ വിമർശനങ്ങളും ആക്രമണങ്ങളും തുടരുകയാണ്.
ഇതിനിടെ ഷാഫിക്ക് പിന്തുണയുമായി പി സി വിഷ്ണുനാഥും മന്ത്രി ഒ ജെ ജനീഷുമടക്കമുള്ളവർ രംഗത്തെത്തി. ഉണ്ണിത്താന്റെ പ്രസ്‌താവന അംഗീകരിക്കാനാകില്ലെന്ന് ജനീഷ് പറഞ്ഞു. കോൺഗ്രസിനുള്ളിൽ വീണ്ടും പൊട്ടിപ്പുറപ്പെട്ട ഗ്രൂപ്പ് പോര് യൂത്ത് കോൺഗ്രസിലേക്കും ഇങ്ങനെ പടർന്നു. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തിന്റെ പേരിൽ ജെഎസ് അഖിലും യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറും സോഷ്യൽ മീഡിയിൽ തമ്മിലടി തുടങ്ങി.
എന്നാൽ 'ഞാനീ നാട്ടുകാരനല്ല; മാവിലായിക്കാരനാണ്' എന്നുപറഞ്ഞ് എല്ലാവിഷയങ്ങളിലും കൈമലർത്തി ഒഴിഞ്ഞു മാറാനാണ് മുഖ്യമന്ത്രി വി ഡി സതീശന്റെ ശ്രമം. മന്ത്രിസഭയിലെ അടികൊണ്ട് തന്നെ പൊറുതിമുട്ടിയ കോൺഗ്രസിൽ, പുതിയ സംഭവവികാസങ്ങൾ വരും ദിവസങ്ങളിൽ നേതൃത്വത്തിന് കൂടുതല്‍ തലവേദനയാവും.







0 comments