എസ്ഐആറിൽ പിതാവിന്റെ പേരില്ല: ബിജെപി സർക്കാർ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചു

കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്ഐആറിന്റെ പേരിൽ രണ്ടര മാസം പ്രായമുള്ള കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചു. എസ്ഐആർ നടപടിയുടെ ഭാഗമായി പിതാവിന്റെ പേര് വോട്ടർപട്ടികയിൽനിന്ന് ഒഴിവാക്കിയതിനെ തുടർന്നാണ് സർട്ടിഫിക്കറ്റ് നിഷേധിച്ചത്. പശ്ചിമ ബംഗാളിലെ കൂച്ച് ബിഹാറിലാണ് സംഭവം.
സെപ്തംബർ ഒമ്പതിനാണ് ഖതമാരി ഗ്രാമവാസിയായ അബ്ദുൽ ഹബീബ്- അമീന ഖാത്തൂൺ ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചത്. ദിന്ഹട്ട സബ് ഡിവിഷനൽ ആശുപത്രിയിൽ ജനിച്ച കുഞ്ഞിന്റെ സർട്ടിഫിക്കറ്റിനായി ആശുപത്രിയിലും ബന്ധപ്പെട്ട പഞ്ചായത്ത് ഓഫീസിലും അപേക്ഷിച്ചിട്ടും നടപടിയുണ്ടായില്ല. പഞ്ചായത്ത് പ്രസിഡന്റോ എംഎൽഎയുടെയോ സാക്ഷ്യപത്രം വേണമെന്ന് അധികൃതർ ആവശ്യപ്പെടുകയായിരുന്നു.
തുടർന്ന് എംഎൽഎ അജയ് റോയിയുടെ ഓഫീസിൽനിന്ന് മണ്ഡലത്തിലെ താമസക്കാരാണെന്ന സാക്ഷ്യപത്രം ആവശ്യപ്പെട്ടെങ്കിലും കുടുംബത്തിന് അനുകൂല മറുപടിയല്ല ലഭിച്ചത്. എസ്ഐആർ നടപടിയുടെ ഭാഗമായി വോട്ടർപട്ടികയിൽനിന്ന് അബ്ദുൽ ഹബീബിന്റെ പേര് നീക്കം ചെയ്തതിനാൽ സാക്ഷ്യപത്രം നൽകാനാകില്ലെന്ന് എംഎൽഎ ഓഫീസ് അറിയിക്കുകയായിരുന്നു. താൻ ബംഗ്ലാദേശ് പൗരനാണെന്നും അതിനാൽ ആദ്യം ദേശീയ പൗരത്വ രജിസ്റ്ററിൽ പേര് രജിസ്റ്റർ ചെയ്യണമെന്നുമാണ് എംഎൽഎ ഓഫീസിലെ ഉദ്യോഗസ്ഥൻ പറഞ്ഞതെന്ന് ഹബീബ് പറഞ്ഞു.
അതേസമയം, ഹബീബിന്റെ മാതാപിതാക്കളുടെയും ഭാര്യ അമീന ഖാത്തൂന്റെയും പേരുകൾ വോട്ടർപട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. സ്വന്തം പേര് വോട്ടർപട്ടികയിൽ വീണ്ടും ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ഹബീബ് ഇപ്പോൾ ട്രൈബ്യൂണലിനെ സമീപിച്ചിരിക്കുകയാണ്. എന്നാൽ അപേക്ഷയിൽ ഇതുവരെ തീരുമാനമായിട്ടില്ല.
അധികൃതരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. പിതാവിന്റെ പേര് എസ്ഐആറിൽ ഇല്ലാത്തതിന്റെ പേരിൽ കുഞ്ഞിന് ജനന സർട്ടിഫിക്കറ്റ് നിഷേധിച്ചത് ഞെട്ടിപ്പിക്കുന്ന സംഭവമാണെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയൻ പറഞ്ഞു. ദേശീയ പൗരത്വ രജിസ്റ്റർ അജണ്ട നടപ്പാക്കാൻ സംഘപരിവാർ എസ്ഐആറിനെ ആയുധമാക്കുകയാണെന്നും അദ്ദേഹം എക്സിൽ കുറിച്ചു.








0 comments