സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ എൽഡിഎഫ് പ്രക്ഷോഭം നാളെ

തിരുവനന്തപുരം: യുഡിഎഫ് സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ വ്യാഴാഴ്ച നിയമസഭാ മണ്ഡലങ്ങളിൽ എൽഡിഎഫ് സംഘടിപ്പിക്കുന്ന ബഹുജനപ്രക്ഷോഭം വിജയിപ്പിക്കണമെന്ന് കൺവീനർ ടി പി രാമകൃഷ്ണൻ അഭ്യർഥിച്ചു. വൈകിട്ട് നാലു മുതൽ ഏഴുവരെയാണ് സമരം.
യുഡിഎഫ് സർക്കാർ ജനജീവിതത്തിനു നേരെ വലിയ കടന്നാക്രമണമാണ് നടത്തുന്നത്. കേരളം കൈവരിച്ച നേട്ടങ്ങളെ തകർക്കുകയും ജനങ്ങളെ വിലക്കയറ്റംകൊണ്ടും ലോഡ് ഷെഡ്ഡിങ് കൊണ്ടും നിരന്തരം ദ്രോഹിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്നു. ആരോഗ്യ- വിദ്യാഭ്യാസ മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങളെല്ലാം നിഷേധിക്കുകയാണ്. പത്തുവർഷംകൊണ്ട് കേരളം കൈവരിച്ച നേട്ടങ്ങളിൽ കിഫ്ബിക്ക് വലിയ പങ്കുണ്ട്. ഒരു ലക്ഷം കോടിയിലധികം രൂപയുടെ വികസന പ്രവർത്തനങ്ങൾ യാഥാർഥ്യമാക്കിയ കിഫ്ബിയെ തകർക്കുകയാണ്.
വൈദ്യുതി മേഖലയിൽ വമ്പൻ അഴിമതിക്കാണ് കളമൊരുക്കുന്നത്. ആരോഗ്യരംഗത്ത് ചികിത്സാസഹായങ്ങളെല്ലാം നിഷേധിക്കുന്നു. നിയമപരമായ മാർഗങ്ങളിലൂടെ വർഷങ്ങളായി ജോലിചെയ്യുന്ന കരാർ ജീവനക്കാരെ പിരിച്ചുവിടുന്നു. സർക്കാർ ജീവനക്കാരുടെ സ്ഥലംമാറ്റത്തിൽ ഇത്രയും നെറികെട്ട രീതി ഇതിനുമുമ്പുണ്ടായിട്ടില്ല. അവരെ ശത്രുക്കളായി കണ്ട് തലങ്ങും വിലങ്ങും സ്ഥലം മാറ്റുന്നു. നാലു പേർക്ക് ജീവൻ നഷ്ടമായി.
കെഎഎസ് അട്ടിമറിക്കാൻ നീക്കം നടക്കുകയാണ്. വിലക്കയറ്റത്തിൽ ജനം പൊറുതിമുട്ടി. കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും വ്യാപകമായി. റേഷൻ കടകളിലൂടെ നൽകുന്ന സ്പെഷ്യൽ അരി അളവു കുറച്ചു എന്നുമാത്രമല്ല, വിലയും കൂട്ടി. സാധാരണക്കാരായ ജനങ്ങൾ എങ്ങനെയാണ് ജീവിക്കുക. എല്ലാം സ്വകാര്യ കോർപറേറ്റുകൾക്ക് തീറെഴുതാനുള്ള ശ്രമത്തിനിടയിൽ സാധാരണക്കാരെ സർക്കാർ പരിഗണിക്കുന്നില്ല. സരൾ, മാരിടൈം ബോർഡ് ബില്ലുകളിലൂടെ കേരളത്തിന്റെ തീരമേഖലയും തണ്ണീർത്തടങ്ങളും ആകാശവും കടലും കോർപറേറ്റുകൾക്ക് വിട്ടുകൊടുക്കാനാണ് നീക്കം. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരായ എൽഡിഎഫിന്റെ വലിയ മുന്നേറ്റത്തിന് മണ്ഡലം അടിസ്ഥാനത്തിൽ നടത്തുന്ന പ്രക്ഷോഭം തുടക്കം കുറിക്കുമെന്നും ടി പി രാമകൃഷ്ണൻ പ്രസ്താവനയിൽ പറഞ്ഞു.








0 comments