Deshabhimani

കുടുംബത്തിലെ ആറ് പേരെ കനാലിൽ എറിഞ്ഞു; മൂന്ന് പേർ മരിച്ചു, രണ്ട് കുട്ടികളെ കാണാതായി

G
വെബ് ഡെസ്ക്

Published on Nov 25, 2026, 05:50 PM | 2 min read

സൂറത്ത്: കുടുംബത്തിലെ ആറ് പേരെ കനാലിലേക്ക് എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ ദമ്പതികളും ഒമ്പത് വയസ്സുകാരിയായ മകളും മരിച്ചു. രണ്ട് കുട്ടികളെ കാണാതായി. 13 വയസ്സുള്ള ആൺകുട്ടി നീന്തി രക്ഷപ്പെട്ടതോടെയാണ് ക്രൂരമായ കൊലപാതക വിവരം പുറംലോകമറിഞ്ഞത്. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം.


മഹാരാഷ്ട്രയിലെ ജൽഗാവിൽ നിന്നുള്ള ഒരു കുടുംബത്തിലെ ആറ് പേരെയാണ് ഗുജറാത്തിലെ സൂറത്ത് ജില്ലയിലുള്ള കനാലിലേക്ക് എറിഞ്ഞത്. മഹുവ താലൂക്കിലെ ഡുംഗ്രിക്ക് സമീപമുള്ള കനാലിൽ നിന്നാണ് മൂന്ന് മൃതദേഹങ്ങൾ കണ്ടെടുത്തത്. നിതിൻ എന്ന ഭൂരിയ പാട്ടീൽ, ഭാര്യ കവിത പാട്ടീൽ, ഇവരുടെ ഒമ്പത് വയസ്സുള്ള മകൾ എന്നിവരാണ് മരിച്ചത്. ബന്ധുക്കൾ എത്തി മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. കവിത പാട്ടീലിന്റെ ആദ്യ ഭർത്താവ് മരണപ്പെട്ട ശേഷം ഇവർ നിതിനൊപ്പമാണ് താമസിച്ചിരുന്നത്.


കാണാതായ 16 വയസ്സുള്ള ആൺകുട്ടിക്കും രണ്ട് വയസ്സുള്ള കുഞ്ഞിനും വേണ്ടി പോലീസും ഫയർഫോഴ്സും കനാലിൽ തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. നവംബർ 21ന് സൂറത്തിലെ ബർദോളി താലൂക്കിലാണ് സംഭവം നടന്നത്. കുടുംബത്തിന് പരിചയമുള്ളവരാണ് അക്രമത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.


ജോലി ആവശ്യങ്ങൾക്കായി കുടുംബം സൂറത്തിലേക്ക് വാഹനത്തിൽ യാത്ര ചെയ്യുകയായിരുന്നു. രാത്രിയിൽ മറ്റൊരു വാഹനത്തിൽ പിന്തുടർന്നെത്തിയ നാലംഗ സംഘം ബർദോളിയിലെ ഉവ ഗ്രാമത്തിന് സമീപം വെച്ച് ഇവരുടെ വാഹനം തടഞ്ഞുനിർത്തി. തുടർന്ന് 13കാരന്റെ മാതാപിതാക്കളെയും രണ്ട് വയസ്സുള്ള ഇളയ സഹോദരനെയും ഒരു വാഹനത്തിലും, 13കാരനെയും 16 വയസ്സുള്ള ജ്യേഷ്ഠനെയും ഒമ്പത് വയസ്സുള്ള സഹോദരിയെയും മറ്റൊരു വാഹനത്തിലും അക്രമികൾ കയറ്റി കൊണ്ടുപോയി.


പിന്നീട് ഇവരെ ഉകായ്-കക്രപാർ കനാലിലേക്ക് വലിച്ചെറിയുകയായിരുന്നു. കനാലിൽ വീണ 13കാരൻ നീന്തി കരയ്ക്കെത്തുകയും ഞായറാഴ്ച രാവിലെ നാട്ടിലുള്ള തന്റെ മൂത്ത സഹോദരിയെ വിവരമറിയിക്കുകയും ചെയ്തു. മറാഠി സംസാരിച്ചിരുന്ന കുട്ടിയെ പൊലീസ് സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തതിൽ നിന്നാണ് സംഭവം പുറത്തറിഞ്ഞതെന്ന് സൂറത്ത് റൂറൽ പൊലീസ് സൂപ്രണ്ട് രാജേഷ് ഗാഡിയ പറഞ്ഞു. പ്രതികളെ പിടികൂടുന്നതിനും കൊലപാതകത്തിന് പിന്നിലെ കൃത്യമായ കാരണം കണ്ടെത്തുന്നതിനുമായി ആറ് പ്രത്യേക പോലീസ് സംഘങ്ങളെയും ഒരു സാങ്കേതിക വിദഗ്ധ സംഘത്തെയും രൂപീകരിച്ചിട്ടുണ്ടെന്ന് പോലീസ് വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home