Deshabhimani

ചികിത്സ തേടുന്നവർക്ക് സുരക്ഷയില്ല; തകർന്നടിഞ്ഞ് പൊതുജനാരോഗ്യ മേഖല

health
വെബ് ഡെസ്ക്

Published on Nov 25, 2026, 06:10 PM | 2 min read

തിരുവനന്തപുരം : തൃശൂർ മെഡിക്കൽ കോളേജിലെ ശുചിമുറിയിൽ രോ​ഗി മരിച്ചുകിടന്നത് 36 മണിക്കൂർ. ആ​രോ​ഗ്യമേഖലയിൽ നിന്നും ഭീതിജനകമായ മറ്റൊരു വാർത്ത കൂടി ഇന്ന് പുറത്തുവന്നു. തുടർച്ചയായ ചികിത്സാപ്പിഴവുകളും, അനാസ്ഥയും കാരണം കേരളത്തിന്റെ ആരോ​ഗ്യരം​ഗം തീർത്തും വെന്റിലേറ്ററിലായി കഴിഞ്ഞു.


കട്ടിലിൽ നിന്നു വീണ് വയോധികന് പരിക്ക് പറ്റിയ സംഭവവും ഹെർണിയ ശസ്ത്രക്രിയയ്ക്കിടെ വയോധിക മരിച്ചുവെന്ന വാർത്തയും വന്ന് വെറും മണിക്കൂറുകൾക്കുള്ളിലാണ് മറ്റൊരു ​ഗുരുതര അനാസ്ഥയും സംഭവിച്ചിരിക്കുന്നത്. കൂട്ടിരിപ്പുകാരില്ലാത്ത രോ​ഗിയെ കാണാതായതിനെ തുടർന്ന് നടത്തിയ തെരച്ചിലിലാണ് ശുചിമുറിയിൽ നിന്ന് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു ഹൃദ്‌രോഗിയ്ക്കാണ് മെഡിക്കൽ കോളേജ് അധികൃതരുടെ അനാസ്ഥയിൽ ജീവൻ നഷ്ടമായിരിക്കുന്നത്.


പൂർണ ആരോ​ഗ്യവതിയായിരുന്ന 71 കാരിയാണ് ഹെർണിയ ശസ്ത്രക്രിയക്കിടെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ മരിച്ചത്. കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ ആൻജിയോ പ്ലാസ്റ്റിക്ക് വിധേയനായ 62 കാരൻ കിടന്ന കട്ടിൽ തകർന്ന് നടുവിന് പരിക്കേറ്റു. കട്ടിലിൽ നിന്ന് വീണ് രോ​ഗി മരിച്ചതിന്റെ ഞെട്ടൽ മാറുന്നതിന് മുൻപാണ് സമാനമായ മറ്റൊരു സംഭവം. കേരളത്തിലെ സർക്കാർ ആശുപത്രികളിലാണ് ഇവയെല്ലാം നടക്കുന്നത് എന്നതാണ് ശ്രദ്ധേയം.


പാവപ്പെട്ട രോ​ഗികളുടെ ജീവൻ അപഹരിച്ചുകൊണ്ട് ശസ്ത്രക്രിയയ്ക്കിടെ ഉണ്ടാകുന്ന ​ഗുരുതര പിഴവുകൾ ഇപ്പോൾ തുടർക്കഥയാണ്. ഒരു മാസം മുൻപാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ​ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വടകര സ്വദേശി തങ്കമണി മരിച്ചത്. ശസ്ത്രക്രിയക്കിടെ കണ്ണിൽ ലെൻസ് തുളച്ചുകയറി രോ​ഗിക്ക് കാഴ്ച നഷ്ടപ്പെട്ട സംഭവം വേറെ. ആർസിസിയിലും ​ഗുരുതരാ ചികിത്സാപിഴവ് റിപ്പോർട്ട് ചെയ്തു. കീമോതെറാപ്പി നടത്തിയപ്പോൾ ഉപകരണം വെച്ചതിലുണ്ടായ പിഴവിനെ തുടർന്ന്, ലുക്കീമിയ ബാധിച്ച ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന്റെ ആരോ​ഗ്യനില വഷളാവുകയും തുടർന്ന് വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. ഈ ചികിത്സാപ്പിഴവും റിപ്പോർട്ട് ചെയ്തത് ഇക്കഴിഞ്ഞ ഒക്ടോബർ മാസത്തിലാണ്.


ആരോഗ്യമന്ത്രിയുടെ മണ്ഡലത്തിലെ മാതൃകാ ജില്ലാ ആശുപത്രി ​വാർഡിലെ കിടക്കയിൽ ചത്ത എലിയും പൂച്ചകളും വിഹരിക്കുന്നതിന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടും ആരോ​ഗ്യമന്ത്രി മൗനം പാലിച്ചു. ദിനംപ്രതി റിപ്പോർട്ട് ചെയ്യുന്ന ചികിത്സാപ്പിഴവുകളിലും കൃത്യമായ ഉത്തരം നൽകാനോ അതിൽ പരിഹാരം കണ്ടെത്താനോ ഉത്തരവാദിത്തപ്പെട്ട മന്ത്രിക്കാകുന്നില്ല. കേരളത്തിലെ പൊതുജനാരോഗ്യ സംവിധാനത്തെ തകർത്ത്, ജനങ്ങളെ കൊള്ളയടിക്കുന്ന സ്വകാര്യ ആശുപത്രി ലോബികൾക്ക് വഴിയൊരുക്കുന്ന നിലപാടാണ് യുഡിഎഫ് സർക്കാർ സ്വീകരിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home