Deshabhimani

ചിറയിൻകീഴിൽ പൊലീസ് മർദനത്തിൽ യുവാവ് കൊല്ലപ്പെട്ടു; പരാതിയുമായി ബന്ധുക്കൾ

chirayinkeezh police brutality saji death

മരിച്ച സജി

വെബ് ഡെസ്ക്

Published on Oct 05, 2026, 05:04 PM | 1 min read

ചിറയിൻകീഴ്: തിരുവനന്തപുരം ചിറയിൻകീഴിൽ പൊലീസ് മർദനത്തിനിരയായ യുവാവ് മരിച്ചു. പെരുംകുഴി തല്ലിമുക്ക് വയൽതിട്ട വീട്ടിൽ സജിയാണ് (42) മരിച്ചത്. തിങ്കൾ രാവിലെ ആശുപത്രിയിലേക്ക് പോകുംവഴി കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളിയായ സജി പൂർണ ആരോ​ഗ്യവാനായിരുന്നുവെന്നും മൂന്ന് ദിവസംമുൻപുണ്ടായ പൊലീസ് മർദനമാണ് മരണത്തിന് കാരണമെന്നും ബന്ധുക്കൾ ആരോപിച്ചു.


വെള്ളിയാഴ്ചയാണ് സജിയെ ചിറയിൻകീഴ് സ്റ്റേഷനിലെ പൊലീസുകാർ ക്രൂരമായി മർദിച്ചത്. തല്ലിമുക്ക് സ്വദേശിയായ വി​ഗ്നേശ്വരൻ എന്നയാളിനെ വിദേശമദ്യം കൈവശംവെച്ചതിന് പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും മർദിക്കുകയും ചെയ്തിരുന്നു. ഈ സംഭവം കണ്ടിട്ട് സജി ഇടപെടുകയും മർദിക്കരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതോടെ പൊലീസുകാർ സജിക്കുനേരെ തിരിഞ്ഞു. ചിറയിൻകീഴ് സ്റ്റേഷനിലെ അഞ്ച് പൊലീസുകാർ ചേർന്ന് സജിയെ ക്രൂരമായി മർദിച്ച് അവശനാക്കി.


പിന്നീട് സജിക്ക് ​ഗുരുതര ആരോ​ഗ്യപ്രശ്നങ്ങളുണ്ടായി. മൂത്രം ഒഴിക്കുമ്പോൾ രക്തംപുറത്തുവന്നു. രക്തം ഛർദിക്കുകയും ചെയ്തു. മുഖത്തും നീരുണ്ടായിരുന്നു. തിങ്കളാഴ്ച ആരോ​ഗ്യസ്ഥിതി ​ഗുരുതരമായി. തുടർന്ന് ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുംപോകുംവഴിയാണ് മരിച്ചത്.


ബന്ധുക്കളുടെ പരാതിക്ക് പിന്നാലെ സജിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home