ad
Deshabhimani

കവർസ്റ്റോറി

ഒരു വാൽ നക്ഷത്രത്തിന്റെ കഥ

ചിത്രീകരണം: കെ പി മുരളീധരൻ
avatar
സന്തോഷ്‌ ഏച്ചിക്കാനം

Published on Jun 15, 2026, 02:15 PM | 5 min read



ഴിഞ്ഞ മാസം പുറത്തിറങ്ങിയ എന്റെ ‘മാതംഗലീല’ എന്ന ആദ്യ നോവലിന്റെ മുപ്പത്തിയാറ് അധ്യായങ്ങളിൽ ഒന്നിന്റെ തലക്കെട്ടാണ് "ഗാരിഞ്ച.’ ബ്രസീലിന്റെ എക്കാലത്തേയും മികച്ച ഫുട്ബോൾ ഇതിഹാസമായ മാനുവൽ ഫ്രാൻസിസ്‌കോ ദോസ്‌ സാന്റോസ്‌.

പെലെയ്‌ക്ക് ശേഷമാണ് ഞാൻ ഗാരിഞ്ചയിലേക്കെത്തുന്നത്. പെലെയെപ്പറ്റി സ്‌കൂളിൽ "ഫുട്ബോൾ രംഗത്ത് ഒരത്ഭുതം' എന്ന പേരിൽ ഒരു പാഠം ഞങ്ങൾക്ക് പഠിക്കാൻ ഉണ്ടായിരുന്നു.

"കഷ്ടിച്ചു മുപ്പതു വയസുമാത്രമുള്ളപ്പോൾ ആയിരാമത്തെ ഗോളടിച്ചു ചരിത്രം സൃഷ്ടിച്ച പീലേ എന്ന ലോകപ്രസിദ്ധനായ ഫുട്ബോൾ കളിക്കാരനെപ്പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ' എന്ന ചോദ്യത്തോടെ തുടങ്ങുന്ന അധ്യായം എന്നെ ആ കറുത്ത മുത്തിന്റെ കടുത്ത ആരാധകനാക്കി മാറ്റി. ലോകത്തിലെ ഏറ്റവും വലിയ ആ കളിക്കാരനെ മനസ്സിലിട്ട് വാനോളം വളർത്തിക്കൊണ്ടിരിക്കുമ്പോഴാണ് പെട്ടെന്ന് ഒരുനാൾ ആ ധാരണ മുഴുവൻ തിരുത്തുന്ന മട്ടിൽ ഫുട്ബോൾ കളിക്കാരനായിരുന്ന എന്റെ അച്ഛൻ മറ്റൊരു ബ്രസീലിയൻ ഫോർവേഡിനെക്കുറിച്ച് പറഞ്ഞത്.

ഗാരിഞ്ച!

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

ഗോവ സാൽഗോക്കറിന്റെ പ്ലയർ ആയിരുന്ന അച്ഛന് പെലെയോട്‌ തോന്നിയിരുന്ന അതേ സ്‌നേഹം ഭിന്നശേഷിക്കാരനായ ഗാരിഞ്ചയോടും ഉണ്ടായിരുന്നു.

‘‘അയാളൊരു വികലാംഗനായിരുന്നു.’’

കപ്പയ്‌ക്ക്‌ മണ്ണ് കൂട്ടുന്നതിനിടയിൽ അച്ഛൻ പറഞ്ഞു.

‘‘ഓന്റെ വളഞ്ഞ വലത്തേ കാലിന് ഇടത്തേക്കാലിനേക്കാളും ആറ് സെന്റിമീറ്റർ നീളം കൊറവാ.’’

അവിടെയാണ് ശരിക്കും ഞാൻ അത്ഭുതപ്പെട്ടുപോയത്. ഇങ്ങനെ ഒരുത്തന് ഫുട്ബോൾ കളിക്കാൻ പറ്റുമോ?

അല്ലെങ്കിൽ പിന്നെ 1962ൽ ചിലിയിൽ നടന്ന ലോകകപ്പിൽ, പെലെ ഇല്ലാതിരുന്നിട്ടുകൂടി "മഴവിൽ കിക്കി'ലൂടെ ഇംഗ്ലണ്ടിന്റെ വല കുലുക്കാൻ അയാൾക്കെങ്ങനെ സാധിച്ചു? തകർപ്പൻ ഹെഡ്ഡറിലൂടെ മൂപ്പര് രണ്ടാമതും അവരുടെ നെറ്റ് ചലിപ്പിച്ചതെങ്ങനെ? ഫൈനലിൽ ചെക്കോസ്ലോവാക്യയെ 3-‐1ന് തകർത്ത് സ്വർണക്കപ്പിൽ മുത്തമിട്ടത് പിന്നെ ആരാണ്?

ദൈവം പ്രത്യേകം നിർമിച്ചുകൊടുത്ത ആ മുക്കാൽ കാലുകൊണ്ടാണ് ഗാരിഞ്ച ലോകത്തെ മുഴുവൻ ഡ്രിബിൾ ചെയ്‌ത്‌ നട്ടദാരിദ്ര്യത്തിൽ നിന്നും ലക്ഷ്യവേധിയായ ഒരു ലോങ് റേഞ്ച് ബുള്ളറ്റ് ഷോട്ട് പോലെ വിജയത്തിന്റെ പെനാൽറ്റി ബോക്‌സിലേക്ക് തുളഞ്ഞുകയറിയത്. എന്നിട്ടും വായനയിലൂടെ ഗാരിഞ്ചയുടെ ഇരുണ്ട ജീവിതത്തിന്റെ അകത്തളങ്ങളിലേക്ക് എത്താൻ ഞാൻ പിന്നെയും എത്രയോ വർഷങ്ങൾ എടുത്തു.

സ്വന്തമായി ബൂട്ട്‌ വാങ്ങാൻപോലും വകയില്ലാത്ത കുടുംബത്തിൽനിന്ന് ലോകഫുട്ബോളിന്റെ ആകാശത്ത് ജ്വലിച്ചടങ്ങിയ ഒരു വാൽനക്ഷത്രത്തിന്റെ കഥയാണത്.


1953ൽ ഇരുപത്‌ വയസ്സ്‌ തികയാറായപ്പോഴാണ് ബൊട്ടഫോഗോയിൽ വാസ്‌കോ ഡി ഗാമ ക്ലബ്ബിന്റെ ട്രയൽസിനുവേണ്ടിയുള്ള ക്ഷണം മാനുവൽ ഫ്രാൻസിസ്‌കോ ദോസ് സാന്റോസിനെ തേടി എത്തുന്നത്. പക്ഷേ ബൂട്ടില്ലാത്തതിനാൽ ക്യാമ്പിലെത്തുവാൻ കഴിഞ്ഞില്ല. പിന്നെ അമേച്വർ കളിക്കാരിലൊരുവനായി നാട്ടിലെ പ്രധാന ടീമിനെതിരെ കളിച്ച മത്സരത്തിൽ പുറത്തെടുത്ത മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബൊട്ടോഫോഗോയിലെ ഔദ്യോഗിക ടീമിൽ കയറിപ്പറ്റാൻ ഗാരിഞ്ചയ്‌ക്ക് സാധിച്ചത്.

വാവോ ട്രാന്റോയിലെ ഒരു തുണിമിൽ ഫാക്ടറിയിൽ പുലർച്ചെമുതൽ വൈകിട്ട് നാല് മണിവരെ പണിയെടുത്ത് തളർന്നപ്പോഴും ഗാരിഞ്ച കളിക്കളത്തെ മറന്നില്ല. മറ്റുള്ളവരുടെ പരിഹാസത്തിന് നിമിത്തമായ കാലിന്റെ വൈകല്യം ആ ചെറുപ്പക്കാരന് അനുഗ്രഹമായി. അതിലേക്ക് പറന്നെത്തിയ പന്തുകൾ ആ വശ്യതയിൽനിന്നും വിട്ടുമാറാതെ അയാൾ കാലുകൊണ്ട് മൈതാനത്തെ പുൽനാമ്പുകളിൽ വരച്ചെടുത്ത അനശ്വരമായ ചിത്രങ്ങളിൽ ഒരു ബ്രഷുപോലെ പ്രവർത്തിച്ചു.

അമിതമായ വേഗതകൊണ്ടും ഡ്രിബ്ലിങ്ങിനാലും ഗാരിഞ്ച എതിർ ഡിഫൻസിന്റെ ഉറക്കം കെടുത്തി. ഇരുപത്തിയഞ്ച് വയസുവരെ ദേശീയ ടീമിൽപോലും ഇടം കിട്ടാതിരുന്ന ആ ചെറുപ്പക്കാരനാണ് പിന്നീട് 1962ലെ ലോകകപ്പ് ബ്രസീലിന് നേടിക്കൊടുത്തത് എന്നാലോചിക്കുമ്പോൾ നാം അത്ഭുതത്തിന്റെ എവറസ്റ്റിലെത്തും. ഇരുപത്തിയൊൻപതാമത്തെ വയസ്സിൽ ചെക്കോസ്ലാവാക്യയെ 3-‐1ന് തകർത്ത് സ്വർണക്കിരീടവുമായി ചിലിയിലെ നാഷണൽ സ്റ്റേഡിയം വലംവയ്‌ക്കുമ്പോൾ ഗാരിഞ്ച എട്ടുമക്കളുടെ പിതാവും കൂടിയായിരുന്നു. അമിത മദ്യപാനവും ധൂർത്തും പരസ്‌ത്രീബന്ധങ്ങളും കൊണ്ട് കെട്ടഴിഞ്ഞുപോയ ഗാരിഞ്ചയെന്ന കായികപ്രതിഭ കേവലം നാൽപ്പത്തി ഒമ്പതാമത്തെ വയസ്സിൽ ജീവിതത്തിന്റെ സ്റ്റേഡിയത്തിൽ ബൂട്ട് അഴിച്ചുവച്ച് ഈ ലോകത്തോട് യാത്ര പറഞ്ഞു.

‘മാതംഗലീല’ എഴുതിക്കൊണ്ടിരിക്കേ അതിലെ ഹൈദരലി എന്ന കഥാപാത്രത്തിലെത്തിയപ്പോൾ മുൻനിശ്ചയങ്ങളൊന്നുമില്ലാതെ പെട്ടെന്ന് ഒരു തോന്നൽ, അയാളെ ഒരു ഫുട്ബോൾ കളിക്കാരനാക്കിയാലോ?

പാങ്ങോട് ഗ്രാമത്തിൽനിന്നും ഫുട്ബോൾ തലയിൽ കയറി വിക്ടോറിയ കോളേജ് ഗ്രൗണ്ടിലേക്കും

കോട്ടമൈതാനിയിലേക്കും എത്തുന്ന ഹൈദരലി വൈകാതെ പാലക്കാട് ഡൈനാമോസിന്റെ കുപ്പായമണിയുന്നു.

എന്റെ അച്ഛനെപ്പോലെ പെലെയേക്കാൾ അയാൾക്കിഷ്ടം ഗാരിഞ്ചയോടായിരുന്നു. ഗാരിഞ്ചയെപ്പോലെ അസാമാന്യമായ പന്തടക്കമുള്ള കളിക്കാരനായിരുന്നു ഹൈദരലിയും. ഡൈനാമോസിൽ കളിച്ചുകൊണ്ടിരിക്കേ ഗാരിഞ്ചയെപ്പോലെ ജീവിക്കാൻ നിവൃത്തിയില്ലാതെ വന്നപ്പോൾ അയാൾ നേരെ പട്ടാളത്തിലേക്ക് പോയി.

ചിത്രീകരണം: കെ പി മുരളീധരൻ

അന്നത്തെ കാലത്ത് പട്ടിണിയുടെ പരിഹാരം പട്ടാളമായിരുന്നു. മദ്രാസ് റെജിമെന്റിലെ പതിനാറാം ബറ്റാലിയൻ കാലാൾപ്പടയിലെ അംഗമായി. എങ്ങനെയെങ്കിലും എംആർസിയുടെ ടീമിൽ കടന്നു കൂടി പിന്നീട് കളിയിലെ മികവുകൊണ്ട് ഇന്ത്യൻ കുപ്പായം അണിയുക എന്നതായിരുന്നു ഹൈദരലിയുടെ സ്വപ്‌നം. പക്ഷേ വിധിയുടെ വഴി മറ്റൊന്നായിരുന്നു. മിലിറ്ററിയിൽ ചേർന്ന് മൂന്നു കൊല്ലം കഴിഞ്ഞില്ല, അപ്പോഴേക്കും ബംഗ്ലാദേശിന്റെ പേരിൽ ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധം തുടങ്ങി. നിവൃത്തികേടുകൊണ്ട് അയാൾക്ക് മേജർ പിന്റോയുടെ നേതൃത്വത്തിലുള്ള അമ്പത്തിനാലാം ഇൻഫെൻട്രി ഡിവിഷന്റെ കൂടെ തോക്കും തോളിലിട്ട് ബസന്തർ നദിക്കരയിലെ ഷക്കർഗഡ്‌ സെക്ടറിൽ പരന്ന പാറയ്‌ക്കുമുകളിൽ പാകിസ്ഥാൻ പട്ടാളത്തിന്റെ ടാങ്കുകളുടെ വരവും നോക്കി കാഞ്ചിയിൽ വിരൽവച്ച് കിടക്കേണ്ടിവന്നു.

മരണം തൊട്ടുമുമ്പിൽ വന്നു നിൽക്കുന്നതുകണ്ടപ്പോൾ ഹൈദരലി റാവുത്തർ തന്റെ വിധിയെ പഴിച്ച് മനസ്സിൽ ഉറക്കെ കരഞ്ഞു;

"പടച്ചോനെ, ഫുട്ബാള് വെളയാട്ര ത്‌ക്കാഹെ മിലിറ്ററിയിൽ സേർന്ത എനക്ക് ഇന്ത ഗതി വന്ത്ര്ച്ചേ.'

നിലവിളി അവസാനിക്കും മുമ്പ് മുന്നിലെ മൈൻ പൊട്ടി മനുഷ്യർ വെറും പുകയായി മാറുന്നത് അയാൾ കണ്ടു.

ബാരക്കിൽ മൂന്ന്‌ വർഷമായി കൂടെ ഉറങ്ങിയിരുന്ന വരദരാജനും ജ്ഞാനേശ്വരനും പോയി. വരദന്റെ തല കഴുത്തിൽനിന്നടർന്ന് ഹെൽമെറ്റോടുകൂടി ബസന്തർ നദിയിലെ ഒഴുക്കിൽ ചെന്നു വീണു. ഹൈദരിന്റെ മുട്ടിൽ വെടിയുണ്ട തുളച്ചുകയറി.

മിലിറ്ററി ഹോസ്‌പിറ്റലിൽ നിന്നും ഹൈദരലി പുറത്തിറങ്ങിയത് ഗാരിഞ്ചയെപ്പോലെ മുടന്തിക്കൊണ്ടായിരുന്നു. ഇനിയൊരിക്കലും ഫുട്ബോൾ കളിക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിലയിരുത്തിയതും അയാൾ മദിരാശിയോട് വിടപറഞ്ഞ് നാട്ടിൽ തിരിച്ചെത്തി.

ഉമ്മയും പെങ്ങമ്മാരും ചേർന്ന് ഹൈദരലിയുടെ തലയിൽനിന്നും ട്രങ്ക് പെട്ടി നിലത്ത് ഇറക്കി വച്ചു. പിറ്റേന്ന് ആശ്വാസവാക്കുകളുമായി വന്ന ഡൈനാമോസിലെ പഴയ കൂട്ടുകാരെ ഹൈദരലി അങ്ങോട്ട് സമാധാനിപ്പിച്ചു; ‘‘കളം പോണാ എന്നാ? ബാള് ഇന്നും എൻ കയ്യിലേ താൻ ഇര്ക്ക്.’’

പന്ത് എന്ന് ഹൈദരലി ഉദ്ദേശിച്ചത് ആത്മവിശ്വാസത്തെപ്പറ്റിയായിരുന്നു എന്ന് കൂട്ടുകാർക്ക് അപ്പോൾ മനസ്സിലായില്ല.

കൃഷിയും കാര്യങ്ങളുമായി അങ്ങനെ പോകുമ്പോഴാണ് അപ്രതീക്ഷിതമായി പാങ്ങോട് യുപി സ്‌കൂളിന്റെ മൈതാനത്തുവച്ച് ഹൈദരലി കണ്ണദാസൻ എന്ന ദളിത് ബാലനെ കണ്ടുമുട്ടുന്നത്. അസാമാന്യമായ പന്തടക്കവുമായി സവർണരായ എതിർകളിക്കാരുടെ പോസ്റ്റിലേക്ക് ഡ്രിബിൾ ചെയ്‌തുപോകുന്ന കറുത്ത് മെലിഞ്ഞ ചെക്കനെ അയാൾക്ക് പരിചയപ്പെടുത്തി കൊടുത്തത് സുഹൃത്ത് ഷൺമുഖനാണ്.


അവൻ എതിർവശത്തെ വെളുത്ത് തുടുത്ത പയ്യന്മാരുടെ പ്രതിരോധനിര ഭേദിച്ച് പതിനേഴ് ഗോളുകൾ അടിച്ചെങ്കിലും അധഃകൃതനായതുകൊണ്ടുതന്നെ അതൊന്നും എതിർടീം ഗോളായി കണക്കാക്കുന്നില്ല. പക്ഷേ ഈയൊരു വർണവിവേചനമൊന്നും ഗൗനിക്കാതെ കണ്ണദാസൻ നിരന്തരം അവനറിയാതെ ആ ജാതിമേധാവിത്വത്തിന്റെ ധാർഷ്ട്യത്തെ കാലുകൊണ്ട് അടിച്ച് തുരത്തിക്കൊണ്ടിരുന്നു.

ഒടികെട്ടി പോത്തിൻ രൂപമെടുത്ത് തന്നെ കുത്തിക്കൊല്ലാൻ വന്ന വെള്ളാങ്കരിയുടെ മകനാണെന്നറിഞ്ഞിട്ടും കണ്ണദാസനെയും അവന്റെ അമ്മയേയും ഹൈദരലി സ്വന്തം വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന് അനാഥരായ അവർക്ക് കുടിൽ കെട്ടിക്കൊടുക്കുന്നു.

കണ്ണദാസനെ യഥാർഥ പേരുമാറ്റി പകരം താൻ ഏറ്റവും ആരാധിക്കുന്ന ബ്രസീലിയൻ ഇതിഹാസതാരത്തിന്റെ പേരിടുന്നു, ഗാരിഞ്ച!

യുദ്ധം തകർത്തുകളഞ്ഞ തന്റെ സ്വപ്‌നങ്ങൾ അയാൾ കണ്ണദാസനിലൂടെ സാക്ഷാത്കരിക്കുകയാണ്. അവനെയും ജീപ്പിൽ കയറ്റി അയാൾ എന്നും രാവിലെ മുടങ്ങാതെ പാലക്കാട്ട് വിക്ടോറിയ കോളേജ് ഗ്രൗണ്ടിലും കോട്ടമൈതാനിയിലുമെത്തുന്നു. തന്നെപ്പോലെ അവനെയും ഡൈനാമോസിന്റെ മുൻനിര താരങ്ങളിലൊരാളായി വളർത്തിയെടുക്കുന്നു. ഒടുവിൽ ഗാരിഞ്ച എന്ന കണ്ണദാസൻ എംആർസിയിൽ എത്തുന്നതോടെ ഹൈദരലിയുടെ ചിരകാലമോഹം സാക്ഷാത്ക്കരിക്കപ്പെടുകയാണ്.

‘മാതംഗലീല’യിലെ മറ്റൊരു അധ്യായമാണ് സേട്ട് നാഗ്ജി. കേരളത്തിൽ ഒരുകാലത്ത് നടന്നിരുന്ന ഏറ്റവും വലിയ ഫുട്ബോൾ മാമാങ്കം.

ഇന്റർനാഷണൽ തലത്തിലേക്കുള്ള സെലക്ഷൻ വരെ ഈ ടൂർണമെന്റിലാണ് നടക്കാറുള്ളത്. 1977ൽ നടന്ന സേട്ട്‌ നാഗ് ജി ട്രോഫി ഫൈനലിൽ എംആർസി, ഒളിമ്പ്യന്മാരടക്കമുള്ള ഒന്നാം നിര താരങ്ങൾ അണിനിരന്ന അതിശക്തരായ ആന്ധ്രാ ഇലവനെ ഒരു ഗോളിന് തോൽപ്പിച്ച് കിരീടം സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചു. കണ്ണദാസൻ നൽകിയ അതിമനോഹരമായ പാസ് മലപ്പുറത്തുകാരൻ മുണ്ടിക്കുന്നൻ കുഞ്ഞൻ ആന്ധ്രയുടെ പോസ്റ്റിലേക്ക് വെടിയുണ്ടപോലെ തൊടുത്തു വിട്ടപ്പോൾ ആന്ധ്രയുടെ എക്കാലത്തേയും മികച്ച ഗോൾകീപ്പർ മോഹൻദാസിന് നോക്കിനിൽക്കാനേ കഴിഞ്ഞുള്ളൂ.

കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം ആ വിജയത്തിൽ മതിമറന്നാറാടുമ്പോൾ കണ്ണിൽ ജന്മസാക്ഷാത്കാരത്തിന്റെ നനവുമായി കാണികൾക്കിടയിൽ, വെടിയുണ്ട കയറിയ മുട്ടിൽ അമർത്തിപ്പിടിച്ചുകൊണ്ട് ഹൈദരലിയും ഉണ്ടായിരുന്നു. ‘മാതംഗലീല’യിൽ ഈ അധ്യായം ഞാൻ അവസാനിപ്പിച്ചത് ഇങ്ങനെയാണ്:

‘കളി കഴിഞ്ഞ് കാണികൾ ഒഴിഞ്ഞുപോയിട്ടും ഹൈദരലി അവിടെത്തന്നെ നിന്നു. കണ്ണദാസന് കപ്പു സമ്മാനിച്ച ആ മണ്ണിനെ വിട്ടുപോകാൻ അയാൾക്ക് തോന്നിയില്ല. മൈതാനത്തിലേക്ക് തുറന്നുവെച്ച ഫ്ലഡ്‌ലൈറ്റുകൾ ഒന്നൊന്നായി കണ്ണടച്ചതും ഗ്യാലറിയുടെ നാല് മൂലയിൽ നിന്നും ഇറങ്ങിവന്ന ഇരുട്ട് ഹൈദരലിയെ മൂടി. അപ്പോൾ മേഘങ്ങൾക്കിടയിൽ നിന്നും ചന്ദ്രൻ ഒരു പന്തുപോലെ തന്റെ കണ്ണിലേക്ക് ഉരുണ്ടുവരുന്നത് അയാൾ കണ്ടു. നിലാവുവീണ ഗ്യാലറിയിലെ തണുത്ത പടവുകളിലൊന്നിൽ ആകാശവും നോക്കി പുലരുംവരെ അയാൾ ഉറങ്ങാതെ കിടന്നു.'

ചിത്രീകരണം: കെ പി മുരളീധരൻചിത്രീകരണം: കെ പി മുരളീധരൻ

ഇവിടെ കണ്ണദാസൻ എന്ന ഗാരിഞ്ച സാങ്കൽപ്പിക കഥാപാത്രമാണെങ്കിലും മുണ്ടിക്കുന്നൻ കുഞ്ഞനും മോഹൻദാസും മറ്റു കളിക്കാർ എല്ലാവരുംതന്നെ അന്ന് ആ വർഷത്തെ ഫൈനലിൽ രണ്ടു ടീമുകളേയും പ്രതിനിധീകരിച്ച് കളിച്ചവർ തന്നെയാണ്. അക്കൂട്ടത്തിൽ കുഞ്ഞൻ ചേട്ടൻ ഇന്നും ജീവിച്ചിരിക്കുന്നുണ്ട്.

ഫുട്ബോൾ കോളമിസ്റ്റായ കോട്ടക്കൽ സ്വദേശി ജാഫർ ഖാനാണ് കുഞ്ഞൻ ചേട്ടനെ എനിക്ക് പരിചയപ്പെടുത്തി തന്നത്. ഈ രണ്ടുപേരുടേയും സഹായം കിട്ടിയതുകൊണ്ട് തന്നെ നോവലിലെ പ്രസ്‌തുത അധ്യായങ്ങൾ കൃത്യതയോടുകൂടി എഴുതാൻ എനിക്ക് സാധിച്ചു.

മികച്ച ഫുട്ബോൾ പ്ലെയറായിരുന്ന എന്റെ അച്ഛന്റെ ചില സ്വഭാവസവിശേഷതകളിൽ നിന്നാണ് ഈ നോവലിൽ പരാമർശിക്കുന്ന ഹൈദരലി എന്ന മനുഷ്യനെ രൂപപ്പെടുത്തിയെടുത്തത്. ഫുട്ബോളിൽ എത്രയോ വലിയ ഭാവി ഉണ്ടായിരുന്ന പ്രതിഭാശാലിയായ അച്ഛൻ പിന്നീട് ആ രംഗത്ത് ഒന്നുമാകാതെ പോയതിന്റെ പിന്നിൽ ഗാരിഞ്ചയെ തകർത്തു കളഞ്ഞ മദ്യപാനത്തിന്റെ കറുത്ത നിഴൽ വീണു കിടന്നിരുന്നു. അതുകൊണ്ട് തന്നെ ‘മാതംഗലീല’യിലെ ഗാരിഞ്ച, സേട്ട് നാഗ്ജി എന്നീ അധ്യായങ്ങൾ അടുത്തകാലത്ത് ദിവംഗതനായ പ്രിയപ്പെട്ട അച്ഛന് മകനെന്ന നിലയിൽ എഴുത്തുകൊണ്ട് ഞാൻ നൽകുന്ന ശ്രദ്ധാഞ്ജലി കൂടിയാണ് .



Tags
deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home