ad
Deshabhimani

കവർസ്റ്റോറി

ഇന്ത്യൻ ചരിത്രരചനയിലെ സമീപകാല പ്രവണതകൾ

റൊമീല ഥാപ്പർ
avatar
റോമില ഥാപ്പർ

Published on Jun 15, 2026, 02:31 PM | 8 min read



(കഴിഞ്ഞ ലക്കത്തിന്റെ തുടർച്ച)


ഇന്ത്യൻ ചരിത്രത്തിൽ വിവിധ ഉൽപ്പാദന വ്യവസ്ഥകൾ പ്രയോഗിച്ച് അതിനെ വ്യാഖ്യാനിക്കാനുള്ള ശ്രമങ്ങളിൽ പൊതുവെ മുന്നോട്ടുവയ്‌ക്കപ്പെട്ടിരുന്നത് രണ്ട് പ്രധാന സാധ്യതകളാണ്‐ ജന്മിത്തവും മുതലാളിത്തവും. ഇതിൽ ആദ്യത്തേത് ദീർഘകാലം തീവ്രമായ അക്കാദമിക ചർച്ചകൾക്ക് വിഷയമായി മാറി. രണ്ടാമത്തേതാകട്ടെ കൊളോണിയലിസവുമായി നേരിട്ട് ബന്ധപ്പെട്ടിരുന്നുവെന്നതിനാൽ തുടക്കത്തിൽ കുറച്ചുമാത്രം വിമർശനപരമായ ചർച്ചകൾക്ക് വിധേയമായിരുന്നുവെങ്കിലും, പിന്നീട് കൊളോണിയലിസത്തിന്റെ വിശകലനം തന്നെ കൂടുതൽ വിശാലമായ സിദ്ധാന്ത ചർച്ചകൾക്ക് വഴിവച്ചു. ഈ ചർച്ചകൾ സ്രോതസ്സുകളെക്കുറിച്ച് പുതിയ ചോദ്യങ്ങൾ ഉയർത്തുകയും അവയെ എങ്ങനെ വായിക്കണം, എങ്ങനെ വ്യാഖ്യാനിക്കണം എന്നതിനെക്കുറിച്ചുള്ള സമീപനങ്ങളെ തന്നെ പുനരാലോചനയ്‌ക്ക്‌ പ്രേരിപ്പിക്കുകയും ചെയ്‌തു. അങ്ങനെ, ഒരു ചോദ്യം സ്വാഭാവികമായി മറ്റൊരു ചോദ്യത്തിലേക്കും, അത് വീണ്ടും പുതിയ അന്വേഷണങ്ങളിലേക്കും നയിക്കുന്ന തരത്തിൽ ബൗദ്ധിക പ്രവാഹം രൂപപ്പെട്ടു. ഇത്തരത്തിൽ വിശദീകരണങ്ങളെ നിരന്തരം പരിശോധിക്കുന്നതും പുനർചിന്തനം ചെയ്യുന്നതും ആവേശകരമായ ബൗദ്ധിക പ്രക്രിയയായി മാറി. കാരണം, അവ ഓരോ ഘട്ടത്തിലും ഭൂതകാലത്തെക്കുറിച്ചുള്ള പുതിയ ധാരണകളും വ്യത്യസ്‌തമായ ചിന്താവഴികളും തുറന്നുവയ്‌ക്കുന്നതായിരുന്നു.

റോമില ഥാപ്പർറോമില ഥാപ്പർ

ചരിത്രത്തെ മനസ്സിലാക്കുന്നതിൽ പുതിയ തരത്തിലുള്ള സമീപനങ്ങൾ പുരോഗമിച്ചു വന്ന 1947നും അതിനുശേഷവുമുള്ള കാലഘട്ടത്തിലേക്ക് കടക്കുമ്പോൾ കാണാൻ കഴിയുന്നത്, എന്റെ തലമുറയിൽ സന്നിവേശിച്ചിരുന്നത് പ്രധാനമായും കൊളോണിയൽ വിരുദ്ധ ദേശീയതയുടെ മുദ്രകളാണെന്നതാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കൊളോണിയൽ വിരുദ്ധ ദേശീയതയുടെ ഉദയം ശക്തമായി സംഭവിച്ചിരുന്നു. എല്ലായിടത്തും സംഭവിക്കുന്നതുപോലെ, ദേശീയതയും ചരിത്രരചനയും പരസ്‌പരം ഇഴചേർന്ന് വളർന്നു. എറിക് ഹോബ്സ്ബോം പറയുന്നതുപോലെ, ‘ഹെറോയിൻ ആസക്തിക്ക് പോപ്പി എന്താണോ അതുപോലെയാണ് ദേശീയതയ്‌ക്ക്‌ ചരിത്രം’ എന്ന നിലയിലാണ് ഈ ബന്ധം പലപ്പോഴും രൂപകൽപ്പന ചെയ്യപ്പെട്ടത്.


ഇന്ത്യയെക്കുറിച്ച് രൂപപ്പെട്ടിരുന്ന മുൻ കൊളോണിയൽ സിദ്ധാന്തങ്ങളെ ചില ഇന്ത്യൻ പ്രൊഫഷണൽ ചരിത്രകാരന്മാർ പിന്നീട് പുനഃപരിശോധനയ്‌ക്ക്‌ വിധേയമാക്കുകയും, ചില സന്ദർഭങ്ങളിൽ അവ മാറ്റിവയ്‌ക്കുകയും ചെയ്‌തതായി കാണാം. ഏതെങ്കിലും സിദ്ധാന്ത ഘടകങ്ങൾ സ്വീകാര്യമാണെങ്കിൽ പോലും അവയെ ലഭ്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ നിരന്തരം പരിശോധിക്കേണ്ടതിന്റെ ആവശ്യകതയും ഉയർന്നു. ഈ വിഷയങ്ങളിൽ ആഴത്തിലുള്ള പഠനം നടത്തിയ കെ എൻ- പണിക്കരെ പോലുള്ള ഒരു ചരിത്രകാരനുമായി ദേശീയതയുടെ സൂക്ഷ്മതകളെക്കുറിച്ച് ചർച്ച ചെയ്യാൻ സാധിച്ചത് വളരെ സഹായകരമായിരുന്നു; പ്രത്യേകിച്ച് അന്നുണ്ടായിരുന്ന ദേശീയതയുടെ വൈവിധ്യങ്ങളെ മനസ്സിലാക്കുന്നതിൽ അത് നിർണായകമായി. 1947-ലെ വിഭജനത്തിന്റെ പശ്ചാത്തലത്തിൽ, മതനിരപേക്ഷ ആന്റി- കൊളോണിയൽ ദേശീയതയും മതാധിഷ്ഠിത ദേശീയതയും ക്രമേണ വേർപിരിഞ്ഞ് ശക്തിപ്രാപിച്ചുവെന്നതും ഈ ചരിത്രപരമായ മാറ്റത്തിന്റെ ഒരു പ്രധാന ഘട്ടമായി കാണപ്പെടുന്നു.


ദേശീയ ചരിത്രമായി രൂപംകൊണ്ട ചരിത്രരചന വളരെ പ്രാധാന്യമുള്ളതും വ്യാപകമായ ഗവേഷണങ്ങൾക്ക് വഴിവച്ചതുമായിരുന്നു. ഇതോടൊപ്പം തന്നെ വികസിച്ചുവന്ന ദ്വിരാഷ്‌ട്ര സിദ്ധാന്തം അടിസ്ഥാനമാക്കിയ ‘മത ദേശീയത’ (religious nationalism) എന്ന ആശയം ഹിന്ദു, മുസ്ലീം സമുദായങ്ങളെ അവരുടെ പ്രാഥമിക സ്വത്വം മതമാണെന്ന നിലയിൽ നിർവചിക്കുകയും, അവരെ വിശാലമായ മതനിരപേക്ഷ ദേശീയതയുടെ പരിധിയിൽനിന്ന് വേർതിരിച്ച് കാണിക്കുകയും ചെയ്‌തു. ഇവിടെ ലക്ഷ്യം ഏകീകൃതമായ ഒരു ഇന്ത്യൻ രാഷ്‌ട്രത്തിന്റെ നിർമിതിയല്ലായിരുന്നു; മറിച്ച് മതഭൂരിപക്ഷത്തിന്റെ അടിസ്ഥാനത്തിൽ രണ്ട് വ്യത്യസ്‌ത രാഷ്‌ട്രങ്ങൾ രൂപപ്പെടുത്തുകയെന്നതായിരുന്നു. ഈ സമീപനം സാമുദായിക ചരിത്ര വ്യാഖ്യാനങ്ങൾക്ക് നിയമസാധുത നൽകുന്നതിൽ നിർണായക പങ്കുവഹിച്ചു. അതുവഴി ചരിത്രത്തിന്റെ സാമുദായിക വായനകൾ ക്രമേണ ക്രമബദ്ധമായി രൂപപ്പെടുകയും പൊതുസമൂഹത്തിൽ അത് ജനപ്രിയമാക്കപ്പെടുകയും ചെയ്‌തു.

ഈ രണ്ട് തരത്തിലുള്ള ദേശീയതകളിലും ഒരു വ്യത്യാസമുണ്ടായിരുന്നതായി കാണാം. കൊളോണിയൽ വിരുദ്ധ ദേശീയതയിൽ തുല്യപദവിയും തുല്യാവകാശങ്ങളുമുള്ള എല്ലാ ജനങ്ങളെയും ഉൾപ്പെടുത്തുകയും ഒരു രാഷ്‌ട്രമെന്ന നിലയിൽ ജനാധിപത്യവും മതനിരപേക്ഷതയും അതിന്റെ അടിത്തറകളിൽ ഒന്നാക്കി ഉറപ്പാക്കുകയും ചെയ്‌തു. യോഗ്യതയുള്ള ദേശീയത (Qualified Nationalism), അത് മതപരമോ ഭാഷാപരമോ വംശീയമോ മറ്റേതെങ്കിലും ആകട്ടെ, വളരെ വ്യത്യസ്‌തമായ ഒന്നാണ്. എല്ലാ ജനങ്ങളെയും ഇത് ഉൾക്കൊള്ളുന്നില്ല; മറിച്ച് ഭൂരിപക്ഷത്തെ സൂചിപ്പിക്കുന്ന, പ്രബലമായ ഒരു മതത്തിന്റെയോ മറ്റേതെങ്കിലും ഭൂരിപക്ഷ സമൂഹത്തിന്റെയോ അടിസ്ഥാനത്തിൽ ഒരു വ്യക്തമായ സ്വത്വം ഒരു രാഷ്‌ട്രത്തിന് നൽകുന്നു. ഇത് നടപ്പിലാക്കുന്നതിന്, ‘യോഗ്യതയുള്ള ദേശീയത’ ഒരു ന്യൂനപക്ഷ സമൂഹത്തെ കണ്ടെത്തുകയും അതിനെ ബലിയാടാക്കി മാറ്റിക്കൊണ്ട് അതിന്റെ അടിത്തറ ശക്തിപ്പെടുത്തുകയും ചെയ്യുന്നു. 1930‐കളിൽ ജർമനിയിൽ ഉയർന്നുവന്ന ആര്യൻ- ടൂട്ടോണിക് വംശത്തെ (Aryan-Teutonic race) മുറുകെപ്പിടിച്ച നാസി പ്രത്യയശാസ്‌ത്രം ജൂതന്മാരെ ബലിയാടാക്കിയതും ഇതിന് ഉദാഹരണമാണ്.

ഇന്ത്യയിൽ, പ്രാരംഭ കൊളോണിയൽ വിരുദ്ധ ദേശീയത ഇന്ത്യൻ ജനതയെ കൊളോണിയൽ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കുന്നതിൽ വിജയിക്കുകയും 1947-ൽ ഒരു ജനാധിപത്യ, മതനിരപേക്ഷ രാഷ്‌ട്രം സ്ഥാപിക്കുകയും ചെയ്‌തു. എന്നാൽ രണ്ട് മത ദേശീയതകളിൽ ഒന്നിന്‐ പാകിസ്ഥാൻ എന്ന മതരാഷ്‌ട്രം സ്ഥാപിക്കുന്നതിൽ വിജയിച്ച മുസ്ലീം ദേശീയതയ്‌ക്കും ഹിന്ദു രാഷ്‌ട്രം സ്ഥാപിക്കാൻ കാത്തിരിക്കുന്ന ഹിന്ദു ദേശീയതയ്‌ക്കും‐ ഒരു ഇളവ് നൽകേണ്ടിവന്നു.

ഇന്ത്യാ വിഭജനകാലത്തെ കാഴ്‌ചഇന്ത്യാ വിഭജനകാലത്തെ കാഴ്‌ച

ജെയിംസ്‌ മില്ലിന്റെ ദ്വിരാഷ്‌ട്ര സിദ്ധാന്തം ഇന്ത്യൻ മധ്യവർഗം പെട്ടെന്ന് ഏറ്റെടുക്കുകയും ഇന്ത്യൻ ചരിത്രത്തെ ഒരു സാമുദായിക വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ സമീപിക്കാനുള്ള വഴിയൊരുക്കുകയും ചെയ്തു. അതോടുകൂടി ചരിത്രപരമായ പ്രവർത്തനങ്ങൾ മതപരമായ ആവശ്യകത മൂലമാണ് ഉണ്ടാകുന്നതെന്ന വാദം എളുപ്പത്തിൽ സ്ഥാപിക്കപ്പെടുകയും ചെയ്‌തു. പ്രത്യേകിച്ച് മധ്യകാല ചരിത്രം ഈ രണ്ട് മതസ്വത്വങ്ങൾ പരസ്‌പരം ഇടപഴകുന്നതിന്റെയും അവയുടെ നിരന്തരമായ ഏറ്റുമുട്ടലുകളുടെയും അടിസ്ഥാനത്തിൽ മാത്രമായ ഒന്നായി കാണപ്പെടുകയും ചെയ്‌തു. മതപരമല്ലാത്ത പ്രവർത്തനങ്ങളെയും ബന്ധങ്ങളെയും പരാമർശിക്കുന്ന വാദങ്ങൾ മുന്നോട്ടുവച്ച നിരവധി ചരിത്രകാരന്മാരുടെ രചനകൾക്കിടയിലും ഇത് സംഭവിച്ചു. കൂടാതെ, മതപരമായ ഏറ്റുമുട്ടലുകൾ ഇസ്ലാമിന് മുമ്പുള്ള ചരിത്രത്തെ സൂചിപ്പിക്കുന്നുവെന്നും അത് ബ്രാഹ്മണർക്കും ശ്രമണർക്കും (brahmanas and Shramanas) ഇടയിലുള്ളതാണെന്നതും സൗകര്യപൂർവം മറക്കുകയും ചെയ്‌തു.

1947-ന് ശേഷമുള്ള വർഷങ്ങളിൽ, കൊളോണിയൽ ദ്വിരാഷ്‌ട്ര സിദ്ധാന്തത്തിൽനിന്ന് മാറി ഇന്ത്യയുടെ മതനിരപേക്ഷ ചരിത്രത്തെ വായിക്കാനും ഗവേഷണം നടത്താനും തുടങ്ങിയതായി കാണാം. ചരിത്രം എന്ന ശാഖ ഗണ്യമായ മാറ്റങ്ങൾക്ക് വിധേയമായി, ഇൻഡോളജിയിൽനിന്ന് ഒരു സാമൂഹിക ശാസ്‌ത്രമായി മാറുന്ന ദിശയിലേക്കാണ് അത് മുന്നേറിയത്. ഈ മാറ്റത്തെ അടയാളപ്പെടുത്തുന്ന ചരിത്രത്തിലെ രണ്ട് പ്രധാന ധാരണകൾ മുന്നോട്ടുവന്നു. ഒന്നാമതായി, ചരിത്രസംഭവങ്ങളെ വിശാലമായ ഒരു സന്ദർഭത്തിന്റെ അടിസ്ഥാനത്തിൽ കാണേണ്ടതുണ്ടെന്ന ബോധം ശക്തമായി. അതായത്, രാജാക്കന്മാർ, യുദ്ധങ്ങൾ, വിജയങ്ങൾ തുടങ്ങിയ ചരിത്രപരമായ വീക്ഷണം രാഷ്‌ട്രീയ-നയതന്ത്ര സംഭവങ്ങളിലേക്കു മാത്രം ഒതുങ്ങുന്നതല്ല; മറിച്ച് ഒരു സംഭവത്തിന്റെ സാമൂഹികവും സാമ്പത്തികവുമായ പശ്ചാത്തലങ്ങൾ കൂടി ഉൾപ്പെടുത്തി അവയെ വിശകലനം ചെയ്യേണ്ടതാണെന്ന ധാരണ രൂപപ്പെട്ടു. രണ്ടാമതായി, സാമൂഹിക ശാസ്‌ത്രങ്ങളെപ്പോലെ തന്നെ ചരിത്രപഠനവും ക്രമബദ്ധമായ നടപടിക്രമവും (procedure) അന്വേഷണ രീതിശാസ്‌ത്രവും പിന്തുടരേണ്ടതുണ്ടെന്ന ബോധം ഉയർന്നു. ഗവേഷണം ആകസ്മികമായ നിരീക്ഷണങ്ങളുടെ കൂട്ടമല്ല; മറിച്ച് അതത് ശാഖയ്‌ക്കുള്ളിൽ രൂപപ്പെട്ടിട്ടുള്ള രീതിശാസ്‌ത്രങ്ങളെ പാലിച്ച് മുന്നോട്ടുപോകേണ്ട പ്രക്രിയയാണ്. ഇന്ന് നമ്മൾ ‘ചരിത്രരചനയിലെ രീതിശാസ്‌ത്രം’ (methodology of historiography) എന്ന് വിളിക്കുന്ന സമീപനത്തിന്റെ തുടക്കം ഇക്കാലഘട്ടത്തിലാണെന്ന് പറയാം. അനിവാര്യമായും ഈ രീതിശാസ്‌ത്രം ഉപയോഗിച്ച് സമൂഹത്തെ സമഗ്രമായി പഠിക്കുന്നതിലൂടെ ഇന്ത്യയിൽ മാത്രമല്ല, മറ്റ് പ്രദേശങ്ങളിലും സാമൂഹികവും സാമ്പത്തികവുമായ ചരിത്രപഠനം കൂടുതൽ പ്രാബല്യത്തിൽ വന്നു. ഇതുവഴി ചരിത്രവീക്ഷണത്തിൽ അടിസ്ഥാനപരമായ ചലനാത്മകത രൂപപ്പെട്ടു; വെറും ഗ്രന്ഥാധിഷ്ഠിത പഠനങ്ങളിൽ മാത്രം ഒതുങ്ങാതെ, വിവിധ തരത്തിലുള്ള സ്രോതസ്സുകൾ ഉപയോഗിച്ച് ഗവേഷണം നടത്തുന്നതിനുള്ള സാധ്യതകൾ വികസിച്ചു. ഇത് സ്വാഭാവികമായും പുതിയ തരത്തിലുള്ള ഉൾക്കാഴ്‌ചകളെ അടിസ്ഥാനമാക്കിയുള്ള നിരവധി ചോദ്യങ്ങളിലേക്ക് നയിച്ചു. സമൂഹങ്ങൾ എങ്ങനെയാണ് പ്രവർത്തിച്ചിരുന്നത്, അവയുടെ ഘടനകളും ബന്ധങ്ങളും എങ്ങനെയാണ് രൂപപ്പെട്ടിരുന്നത് എന്നതിനെക്കുറിച്ചുള്ള കൂടുതൽ സൂക്ഷ്മമായ അന്വേഷണങ്ങളിലേക്കാണ് ഈ സമീപനം ചരിത്രപഠനത്തെ കൊണ്ടുപോയത്.

കാലക്രമേണ, ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതിൽ പങ്കുവഹിച്ച സാമൂഹിക ഘടനകളും സ്ഥാപനങ്ങളും സ്വീകരിച്ച വിവിധ രൂപങ്ങളെ വിശദീകരിക്കാൻ ഈ അന്തർവിജ്ഞാനീയ സമീപനം (interdisciplinary approach) അനിവാര്യമായി. വംശങ്ങൾ, ജാതികൾ, സമൂഹങ്ങൾ, വർഗങ്ങൾ തുടങ്ങിയ സാമൂഹിക ഗണങ്ങൾ അവരുടെ പ്രാധാന്യം കൂടുതൽ വ്യക്തമായി അംഗീകരിക്കപ്പെടുമ്പോൾ, അവരവരുടെ ചരിത്രങ്ങൾ അന്വേഷിക്കപ്പെടുകയോ ഉചിതമായ അവകാശവാദങ്ങളോടെ അവ രേഖപ്പെടുത്തപ്പെടണമെന്ന ആവശ്യം ഉയരുകയോ ചെയ്‌തു. ഇതിന്റെ ഫലമായി, മുമ്പ്‌ ഏറെ നിസ്സാരമായി കണക്കാക്കിയിരുന്ന സാമൂഹിക ജീവിതത്തിന്റെ പല വശങ്ങളും കൂടുതൽ സമഗ്രമായ രീതിയിൽ പഠനവിഷയമായി മാറി. ഇതോടെ ചരിത്രഗവേഷണത്തിൽ പുതിയ വിഷയങ്ങൾ ക്രമേണ പ്രബലമാകാൻ തുടങ്ങി. അരനൂറ്റാണ്ട് മുമ്പ് ഉയർന്നുവന്ന ഈ അന്വേഷണങ്ങൾ തുടർന്നുള്ള ഗവേഷണങ്ങൾക്ക് അടിത്തറയായി പ്രവർത്തിക്കുകയും അതുവരെ അവഗണിക്കപ്പെട്ടിരുന്ന സാമൂഹിക യാഥാർഥ്യങ്ങളുടെ പല മുഖങ്ങളും ചരിത്രരചനയിൽ ഉൾപ്പെടുത്തപ്പെടാൻ കാരണമായി മാറുകയും ചെയ്‌തു.

ഉദാഹരണത്തിന്, മുമ്പ്‌ അവഗണിക്കപ്പെട്ടിരുന്ന വിവിധ സാമൂഹിക വിഭാഗങ്ങളുടെ ചരിത്രങ്ങൾ‐പ്രധാനമായും സ്‌ത്രീകളുടെ ചരിത്രം‐ഇന്ന് ലിംഗഭേദത്തിന്റെ വീക്ഷണകോണിൽ (gender perspective) നിന്ന് ഗവേഷണം ചെയ്യപ്പെടുകയും എഴുതപ്പെടുകയും ചെയ്യുന്നു. ഇതിന്റെ ഭാഗമായി മുൻകാലങ്ങളിലെ സ്‌ത്രീകളുടെ ജീവിതാനുഭവങ്ങളെക്കുറിച്ച് കൂടുതൽ സൂക്ഷ്മമായ അന്വേഷണാത്മക ചോദ്യങ്ങൾ ഉയർത്തപ്പെടുന്നു. അതുപോലെത്തന്നെ, അവർണ വിഭാഗങ്ങളെക്കുറിച്ചുള്ള പഠനങ്ങളും സാമൂഹിക ഘടനയുടെ താഴ്‌ന്ന പാളികളിൽ മാത്രം ഒതുങ്ങിയിരുന്നവരായി, അല്ലെങ്കിൽ ജാതിവ്യവസ്ഥയ്‌ക്ക്‌ പുറത്ത് നിലകൊള്ളുന്നവരായി കരുതപ്പെട്ടിരുന്ന വിഭാഗങ്ങളുടെ ചരിത്രവും ഇന്ന് കൂടുതൽ വ്യാപകമായ ചരിത്രവീക്ഷണത്തിന്റെ ഭാഗമായി പഠിക്കപ്പെടുന്നു. ചില മുൻകാല ഗവേഷണങ്ങളിൽ പോലും താഴ്‌ന്ന ജാതികൾ, തൊട്ടുകൂടാത്തവർ, സ്‌ത്രീകൾ എന്നിവരെ പരസ്‌പരം ഏകീകൃതമായ ഒരു വിഭാഗമായി കാണുന്ന പ്രവണത നിലനിന്നിരുന്നു. എന്നാൽ ദീർഘകാലമായി ഈ വിഭാഗങ്ങൾ സാമൂഹിക ചരിത്രത്തിന്റെ അരികുകളിലേക്ക് തരംതാഴ്‌ത്തപ്പെട്ട നിലയിലായിരുന്നു. നിലവിലെ പഠനങ്ങൾ ഇത്തരം വിഭാഗങ്ങളുടെ സ്വത്വങ്ങളെ കൂടുതൽ വ്യക്തമായി തിരിച്ചറിയുകയും അവരുടെ സാമൂഹിക പങ്കും ചരിത്രപരമായ സാന്നിധ്യവും മുൻനിർത്തിയുള്ള പുതിയ പഠനങ്ങൾ മുന്നോട്ടുവയ്‌ക്കുകയും ചെയ്യുന്നു. വിശാലമായ ഈ അന്വേഷണങ്ങളിൽ ചിലത് കൊളോണിയൽ സിദ്ധാന്തങ്ങളെ മറികടന്ന്, ചരിത്രപരമായ മാറ്റത്തിന്റെ ‘എന്തുകൊണ്ട്’, ‘എങ്ങനെ’ എന്നീ ചോദ്യങ്ങളിലേക്കു കൂടുതൽ ആഴത്തിൽ പ്രവേശിക്കാൻ തുടങ്ങി. ചില ഉത്തരങ്ങൾ, വിപുലമായ കാഴ്‌ചപ്പാടുകൾ ആവശ്യമായ വിശദീകരണ സിദ്ധാന്തങ്ങളുമായി (theories of explanation) അടുത്ത ബന്ധം പുലർത്തുന്നതായും കാണാം.

എന്നിരുന്നാലും, ഹിന്ദുത്വത്തിന് സ്വീകാര്യമായ ഒരു ചരിത്രവായന ഭരണകൂടം നിയന്ത്രിക്കുന്ന വിദ്യാലയ പാഠപുസ്‌തകങ്ങളിലൂടെയും സർവകലാശാലകളിലെ പാഠ്യപദ്ധതികളിലൂടെയും ഔദ്യോഗിക സംരക്ഷണം നേടുകയും ചില ഘട്ടങ്ങളിൽ അത് പ്രത്യേക രീതിയിലുള്ള തിരുത്തലുകൾക്കും വ്യാഖ്യാനപരമായ വളച്ചൊടിക്കലുകൾക്കും വിധേയമാകുന്നതായും ഇന്ന് കാണാൻ കഴിയുന്നു. ഇത്തരം സമീപനങ്ങൾ പലപ്പോഴും പ്രൊഫഷണൽ ചരിത്രകാരന്മാർ ഉപേക്ഷിച്ച കാലഹരണപ്പെട്ട കൊളോണിയൽ സിദ്ധാന്തങ്ങളുടെ ചില ഘടകങ്ങളെ തന്നെ പുനഃസ്ഥാപിക്കുന്ന പ്രവണതയിലേക്ക്‌ നയിക്കുന്നതായി വിലയിരുത്തപ്പെടുന്നു.

ചരിത്രഗവേഷണത്തിന്റെ മുൻകാല രീതികളും പുതിയ രീതിശാസ്‌ത്രങ്ങളും തമ്മിലുള്ള വ്യത്യാസം ചിലപ്പോൾ സങ്കീർണമായ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതായി കാണാം. ചരിത്രഗവേഷണത്തിലെ പുതിയ ചോദ്യങ്ങളുടെ പര്യവേക്ഷണം നിയന്ത്രിക്കുക അത്ര എളുപ്പമല്ല. അതിനാൽ ഉറവിടങ്ങളെയും അവയുടെ സന്ദർഭങ്ങളെയും കുറിച്ച് കൂടുതൽ ആഴമുള്ള ഗ്രാഹ്യം ലഭിക്കേണ്ടതിനായി ചോദ്യങ്ങൾ വിശാലമായ പരിധിയിൽ വ്യാപിക്കേണ്ടതുണ്ട്.

ഉദാഹരണത്തിന്, ഒരു ഗവേഷണം ആരംഭിക്കുന്നതിന് ആവശ്യമായ ഏറ്റവും അടിസ്ഥാനപരമായ വിവരങ്ങളിൽ ഒന്നാണ് ഒരു ഗ്രന്ഥത്തിന്റെ അല്ലെങ്കിൽ സ്രോതസ്സിന്റെ രചയിതാവിന്റെ ലഭ്യമാകുന്ന എല്ലാ വിവരങ്ങളെയും കുറിച്ചും അറിവ് നേടുക എന്നത്. അടുത്തഘട്ടത്തിൽ, ആ ഗ്രന്ഥത്തിന്റെ രക്ഷാധികാരി (Patron) ആരായിരുന്നു, ആർക്കുവേണ്ടിയാണ് അത് രചിക്കപ്പെട്ടത്, എന്ത് ഉദ്ദേശ്യത്തോടെയാണ് അത് എഴുതപ്പെട്ടത് എന്നിവ കണ്ടെത്തണം. ഇതിന് ഗ്രന്ഥത്തിന്റെ ഉദ്ദേശ്യവും കർതൃത്വവും സംബന്ധിച്ച ആഴത്തിലുള്ള പഠനം ആവശ്യമാണ്. അവസാനമായി, ആ ഗ്രന്ഥം ആർക്കുവേണ്ടിയാണ് രചിക്കപ്പെട്ടത് എന്ന ചോദ്യം പരിഗണിക്കുമ്പോൾ, അതിന്റെ ഉള്ളടക്കത്തിന്റെ സ്വഭാവവും അർഥവും ഒരു പരിധിവരെ കൂടുതൽ വ്യക്തമായി മനസ്സിലാക്കാൻ കഴിയുന്നു.

പുതിയ രീതിശാസ്‌ത്രത്തെയും സാമൂഹിക-‐സാമ്പത്തിക ചരിത്രത്തിന്റെ കടന്നുവരവിനെയും ഇടതുപക്ഷമോ മാർക്‌സിസ്റ്റോ ആയ നിലപാടുകളായി തള്ളിക്കളയുന്നത് ഇന്ന് അധികാരത്തിലിരിക്കുന്നവരുടെ ഒരു രാഷ്‌ട്രീയ തന്ത്രമായി കാണാം. എന്നിരുന്നാലും, ഉൽപ്പാദന വ്യവസ്ഥകളുടെ ആശയം നിരവധി വിശദീകരണ സിദ്ധാന്തങ്ങളിൽ ഒന്നായതിനാൽ, അതിനെ തന്നെ തള്ളിക്കളയേണ്ടതിന്റെ യുക്തി എന്താണെന്ന ചോദ്യം ഉയർത്താവുന്നതാണ്. ചരിത്രത്തെയും സമൂഹത്തെയും വിശദീകരിക്കുന്ന ഒരു സിദ്ധാന്തമായി മാർക്‌സിസത്തെ അംഗീകരിക്കുന്നതും അതിനെ ഒരു രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രമായി വിപ്ലവസംഘടനയ്‌ക്ക്‌ വേണ്ടി ഉപയോഗിക്കുന്നതും തമ്മിൽ വ്യക്തമായ വ്യത്യാസമുണ്ട്. ഈ രണ്ടിനെയും ഒരേ നിലയിൽ കാണുന്നതാണ് പലപ്പോഴും ആശയക്കുഴപ്പങ്ങൾക്ക് കാരണമാകുന്നത്. ചരിത്രത്തെ വിശദീകരിക്കുന്ന ഏതൊരു സിദ്ധാന്തത്തിനും അതിന്റെ സ്വന്തം അന്വേഷണ നടപടിക്രമവും വിശകലന രീതിയും ഉണ്ടെന്നത് ശ്രദ്ധിക്കേണ്ടതാണ്. അതിനാൽ അവയെ വിമർശനാത്മകമായി വിലയിരുത്തുകയും അവയുടെ പരിധികളും സാധ്യതകളും മനസ്സിലാക്കുകയും ചെയ്യുന്നത് അനിവാര്യമാണ്.

മാർക്‌സിസം വായിച്ചിട്ടുള്ളവരും അതിന്റെ സിദ്ധാന്തപരമായ ഘടന മനസ്സിലാക്കിയിട്ടുള്ളവരുമായ ചുരുക്കം ചിലർ ഒഴികെ മിക്ക മാർക്‌സിസ്റ്റുകളല്ലാത്തവരും ഇതിന്റെ വ്യത്യാസം വ്യക്തമായി തിരിച്ചറിഞ്ഞിരുന്നില്ലെന്ന് കാണാം. അത് ലളിതമായ, അല്ലെങ്കിൽ അമൂർത്തമായ സിദ്ധാന്തമല്ലായിരുന്നു. ചരിത്രസംഭവങ്ങളുടെ സന്ദർഭം രൂപപ്പെടുത്തുന്നതിൽ സാമൂഹിക-‐സാമ്പത്തിക ചരിത്രത്തിന് ഞങ്ങൾ പ്രത്യേക പ്രാധാന്യം നൽകിയിരുന്നു. പുതിയ രീതികളെ വിലയിരുത്തുകയും പുതിയ ധാരണകൾ അവതരിപ്പിക്കുകയും ചെയ്യുന്നതായിരുന്നു അതിന്റെ ലക്ഷ്യം. എന്നിരുന്നാലും, ഞങ്ങൾ സാമൂഹിക-‐സാമ്പത്തിക ചരിത്രം മുന്നോട്ടുവച്ചുകൊണ്ട് മാർക്‌സിസ്റ്റ് ആശയങ്ങൾ രഹസ്യമായി അവതരിപ്പിക്കുന്നുവെന്ന തരത്തിൽ ചിലർ ആരോപണങ്ങൾ ഉന്നയിക്കുകയുണ്ടായി. എന്നാൽ ഞങ്ങൾ ചെയ്‌തതിൽ ഒന്നും നിഗൂഢമായിരുന്നില്ല. സാമൂഹിക-‐സാമ്പത്തിക ചരിത്രം എന്നത് മാർക്‌സിസ്റ്റ് വിശകലനത്തിലേക്ക് മാത്രം പരിമിതപ്പെടുന്ന ഒന്നല്ല. ഉദാഹരണത്തിന്, സാമൂഹ്യശാസ്ത്രജ്ഞരായ മാക്‌സ്‌ വെബറും ലൂയിസ് ഡുമോണ്ടും അവരുടെ സ്വന്തം വിശദീകരണ സിദ്ധാന്തങ്ങൾ ഉപയോഗിച്ച് ഇന്ത്യയിലെ മതത്തെയും സമൂഹത്തെയും വിശകലനം ചെയ്‌തിരുന്നു. കൂടാതെ, സാമൂഹിക-‐സാമ്പത്തിക ചരിത്രത്തിനപ്പുറത്തേക്കും ഈ പഠനരീതി വ്യാപിച്ചിരുന്നതായി കാണാം. സമീപകാല ചരിത്രഗവേഷണങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചത് ഒരു സമൂഹം എങ്ങനെയാണ് പ്രവർത്തിച്ചിരുന്നത് എന്ന അടിസ്ഥാന അന്വേഷണത്തിലായിരുന്നു.

റോമില ഥാപ്പർറോമില ഥാപ്പർ

വിവിധതരത്തിലുള്ള ലഭ്യമായ സ്രോതസ്സുകൾ എങ്ങനെ ശേഖരിക്കപ്പെടുകയും ഉപയോഗിക്കപ്പെടുകയും ചെയ്യുന്നു? ആരാണ് അവയെ നിയന്ത്രിക്കുന്നത്? ഈ ഉപയോഗഘടനയുടെ ഫലങ്ങൾ എന്തൊക്കെയാണ്? സാഹിത്യവും ഗ്രന്ഥങ്ങളും വിവിധ മതവിശ്വാസങ്ങളും ഉൾപ്പെടുത്തി പരിശോധിക്കുമ്പോൾ, ഈ ഘടനയ്‌ക്കും വിശ്വാസ-ചിന്താ സംവിധാനത്തിനും ഇടയിൽ ഏതെങ്കിലും തരത്തിലുള്ള കൈമാറ്റമോ പരസ്‌പര സ്വാധീനമോ ഉണ്ടായിട്ടുണ്ടോ? ഏത് വിശ്വാസത്തെ ആരാണ് സ്വീകരിച്ചത്, എങ്ങനെ സ്വീകരിച്ചു എന്നിങ്ങനെ നിരവധി ചോദ്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. സ്രോതസ്സുകളിൽനിന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഭൂതകാലത്തിന്റെ കൂടുതൽ സമഗ്രമായ ചിത്രം നിർമിക്കാനുള്ള ശ്രമമായിരുന്നു ഇത്.

അതിനാൽ പുതിയ സ്രോതസ്സുകൾക്കായുള്ള അന്വേഷണങ്ങൾ നടക്കുകയും അന്തർവിജ്ഞാനീയ ഗവേഷണത്തിന്റെ രൂപത്തിൽ മറ്റു വിഷയങ്ങളുമായി സഹകരിച്ച് എത്രമാത്രം പുതിയ സ്രോതസ്സുകൾ ശേഖരിക്കപ്പെട്ടുവെന്നത് അതിശയകരമായ ഒന്നായി മാറി. ഉത്ഖനനങ്ങളിലൂടെ ഭൂതകാലത്തിലെ ഭൗതിക അവശിഷ്ടങ്ങൾ കണ്ടെത്തുമ്പോഴാണ് പുരാവസ്‌തുശാസ്ത്രം എന്ന ശാഖ എത്രമാത്രം പ്രാധാന്യമുള്ള പഠനവിഭാഗമാണെന്ന് മനസ്സിലാക്കാൻ കഴിയുന്നത്. ഒരു പുസ്‌തകത്തിൽനിന്ന് ലഭിക്കുന്ന അമൂർത്തമായ ചരിത്രവസ്‌തുതയ്‌ക്ക്‌ പുതിയൊരു ഭൗതികമാനം നൽകുന്ന യാഥാർഥ്യം പുരാവസ്‌തുശാസ്ത്രം ചരിത്രത്തിന് മുന്നിൽ അവതരിപ്പിച്ചു. ഭൂപ്രകൃതിയുടെയും പരിസ്ഥിതിയുടെയും പഠനം, ജൈവശാസ്ത്രപരമായ വശങ്ങളെ ആശ്രയിക്കുന്ന ജനിതകശാസ്ത്രം തുടങ്ങിയ പുതിയ ദിശകളിൽനിന്ന് ഭൂതകാലത്തിന്റെ പര്യവേക്ഷണം നടത്താൻ പുരാവസ്‌തുശാസ്ത്രം പ്രോത്സാഹിപ്പിച്ചു. ഇതെല്ലാം അന്തർവിജ്ഞാനീയ പഠനങ്ങളുടെ വലിയ സംഭാവനയായി കണക്കാക്കപ്പെടുന്നു. ചരിത്രത്തെ ഒരു സാമൂഹികശാസ്ത്രമായി പരിഗണിക്കുന്ന സമീപനം അന്തർവിജ്ഞാനീയ പഠനങ്ങളെ കൂടുതൽ പ്രാപ്യവും വികസിതവുമാക്കി.


ആദ്യകാല ഗ്രന്ഥങ്ങളുടെ പഠനത്തിൽ ഭാഷാശാസ്ത്രപരമായ വീക്ഷണകോണിൽ നിന്ന്‌ നോക്കുമ്പോൾ, ഭാഷകളുടെ പരസ്‌പര സ്വാധീനം വ്യക്തമായി കണ്ടെത്താനാകും. പ്രത്യേകിച്ച്, ഒരു ഭാഷയിൽ മറ്റു ഭാഷകളുടെ സാന്നിധ്യം എത്രത്തോളം പ്രകടമാകുന്നു എന്നത് മനസ്സിലാക്കുന്നതിനായി സ്രോതസ്സുകളുടെ ഭാഷയെ ആസ്‌പദമാക്കിയുള്ള വിശകലനം ഏറെ പ്രാധാന്യമർഹിക്കുന്നു. ഇത്തരം വിശകലനങ്ങൾ ചില ഘടകങ്ങൾ മുഖ്യധാരാ ഭാഷയിലും എങ്ങനെ ഇടം നേടുന്നു എന്നതിനെ വെളിപ്പെടുത്തുന്നു. ഇത് വെറും ഭാഷാപരമായ ഘടകം മാത്രമല്ല; മറിച്ച്, വ്യത്യസ്‌ത ഭാഷകൾ സംസാരിക്കുന്ന സമൂഹങ്ങൾ തമ്മിലുള്ള അടുത്ത സമ്പർക്കവും ഇടപെടലുകളും സൂചിപ്പിക്കുന്ന സാമൂഹ്യ- സാംസ്‌കാരിക സൂചനകളായും വായിക്കാം. ഈ പശ്ചാത്തലത്തിൽ, കൂടിയേറ്റങ്ങളെയും കുടിയേറ്റ സമൂഹങ്ങളെയും കുറിച്ചുള്ള പഠനങ്ങൾക്ക് പുതിയ ദിശകളും സാധ്യതകളും ഇത്തരം ഭാഷാപരിശോധനകൾ തുറന്നുകൊടുക്കുന്നു.

സാമൂഹ്യശാസ്‌ത്രം, സാമൂഹിക നരവംശശാസ്‌ത്രം, സാമ്പത്തിക ചരിത്രം, മതചരിത്രം തുടങ്ങിയ ശാഖകളിൽ ദൃഢമായ സിദ്ധാന്തപരമായ അവഗാഹമുള്ള ചരിത്രകാരന്മാർക്ക്, ഈ മേഖലകളിലെ ഗവേഷകർ ഉന്നയിക്കുന്ന പ്രശ്നാവലികളുമായി വിമർശനാത്മകമായി സംവദിക്കാൻ കഴിവുണ്ടാകുന്നു എന്നതാണ് അന്തർവൈജ്ഞാനിക ഗവേഷണത്തിന്റെ മുഖ്യ സംഭാവനകളിലൊന്ന്. ഇത്തരത്തിലുള്ള പ്രശ്നാവലികൾ സ്രോതസ്സുകളുടെ സൂക്ഷ്മവും ബഹുസ്വരവുമായ വിശകലനത്തിനും ഭൂതകാലത്തിന്റെ പുനർനിർമാണത്തിൽ കൂടുതൽ സങ്കീർണമായ സമീപനങ്ങൾ സ്വീകരിക്കാനും പ്രേരിപ്പിക്കുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ മധ്യകാലഘട്ടംമുതൽ ചരിത്രശാഖയിൽ ഇത്തരം രീതിശാസ്ത്രപരവും സിദ്ധാന്തപരവുമായ മാറ്റങ്ങൾ ക്രമേണ രൂപംകൊള്ളുകയും ശക്തി പ്രാപിക്കുകയും ചെയ്‌തിട്ടുണ്ട്. അതിനാൽ, ചരിത്ര അപഗ്രഥനത്തിൽ ഏർപ്പെടുന്ന ചരിത്രകാരന്മാർക്ക് ഈ പരിണാമങ്ങളെയും അതിന്റെ ബൗദ്ധിക പശ്ചാത്തലത്തെയും സമഗ്രമായി ഗ്രഹിക്കുന്നത് അനിവാര്യമായി മാറുന്നു.

ബ്രിട്ടീഷ്‌ ഭരണകാലത്തെ ഇന്ത്യൻ തൊഴിലാളികൾ ബ്രിട്ടീഷ്‌ ഭരണകാലത്തെ ഇന്ത്യൻ തൊഴിലാളികൾ

ഞങ്ങളുടെ ഗവേഷണ വിദ്യാർഥികളുമായി നടത്തിയ ചർച്ചകളിൽ ഉയർന്നുവന്ന ചില അടിസ്ഥാന ആശയങ്ങൾ ഇവിടെ സൂചിപ്പിക്കേണ്ടതുണ്ട്. ചരിത്രത്തെക്കുറിച്ചുള്ള ധാരണയും അറിവും സ്ഥിരസ്വഭാവമുള്ള ഒന്നല്ലെന്ന ബോധ്യം കൈവരിക്കുകയെന്നത് അനിവാര്യമാണ്. നിലവിലുള്ള അറിവുകളെ വിമർശനാത്മകമായി വിശകലനം ചെയ്യുകയും ആവശ്യമായിടത്ത് ചോദ്യം ചെയ്യുകയും വേണം; കാരണം, അറിവിന്റെ പുരോഗതി സാധ്യമാകുന്നത് നിരന്തരം നടക്കുന്ന ഈ പുനർവിചിന്തനത്തിലൂടെയാണ്. സ്രോതസ്സുകളെ സമീപിക്കുന്ന പ്രക്രിയയിൽ പ്രസക്തവും സിദ്ധാന്തപരമായി രൂപകൽപ്പന ചെയ്‌തതുമായ ചോദ്യങ്ങൾ നിർണായകമാണ്. ചോദ്യം ചെയ്യലിന്റെ സ്വഭാവവും ഗുണമേന്മയും തന്നെയാണ് സ്രോതസ്സുകളുടെ പ്രയോജനപ്പെടുത്തലിനെയും അവയിൽനിന്ന് ഉൽപ്പാദിപ്പിക്കുന്ന അറിവിന്റെ സ്വഭാവത്തെയും നിർണയിക്കുന്നത്. ഈ പശ്ചാത്തലത്തിൽ, അറിവിന്റെ പുരോഗതിയെ വിദ്യാഭ്യാസത്തിന്റെ കേന്ദ്രലക്ഷ്യമായി കാണേണ്ടതുണ്ടെന്ന് വ്യക്തമാകുന്നു. ഇത്തരത്തിലുള്ള ബൗദ്ധിക സമീപനങ്ങളും വിമർശനാത്മക ചരിത്രബോധവും രൂപപ്പെടുത്തുന്നതിൽ കെ എൻ പണിക്കരെ പോലെയുള്ള ചരിത്രകാരന്മാരുടെ സംഭാവന നിർണായകമാണെന്ന് പ്രത്യേകം ചൂണ്ടിക്കാണിക്കേണ്ടതുണ്ട് . (അവസാനിച്ചു)







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home