കവർസ്റ്റോറി
ഇന്ത്യൻ ചരിത്ര രചനയിലെ സമീപകാല പ്രവണതകൾ

റോമില ഥാപ്പർ
Published on Jun 08, 2026, 11:24 AM | 13 min read
1963-‐ലാണ് ഞാൻ ഡൽഹി സർവകലാശാലയിൽ ചേർന്നത്. അതിനുശേഷം അവിടെ പ്രാചീന ഇന്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ട പാഠ്യവിഷയങ്ങൾ പഠിപ്പിക്കാൻ തുടങ്ങി. അന്നത്തെ സാഹചര്യത്തിൽ, സർവകലാശാലയിൽ തങ്ങൾ അഭ്യസിച്ചിരുന്ന ചരിത്രധാരണകളെ അതേപടി തുടരാൻ ആഗ്രഹിച്ചിരുന്ന കുറച്ച് ചരിത്രകാരന്മാർ ഉൾപ്പെട്ട ഒരു ചെറിയ വിഭാഗമായിരുന്നു അവിടെ ഉണ്ടായിരുന്നത്. ചരിത്രത്തിലെ നൂതന സമീപനങ്ങളെയും വിവിധ ദിശകളെയും ഉൾക്കൊള്ളുന്ന പാഠ്യരീതികളോട് അവർക്ക് പ്രത്യേക താൽപ്പര്യമില്ലായിരുന്നുവെന്നത് വ്യക്തമായിരുന്നു.
റോമില ഥാപ്പർ
ഫോട്ടോ: മുഹമ്മദ് എ
സർവകലാശാലാനുബന്ധ കലാലയങ്ങളിലെ അധ്യാപകരായിരുന്നു ചരിത്രശാഖയിൽ ഉണ്ടായിക്കൊണ്ടിരുന്ന മാറ്റങ്ങളെ കൂടുതൽ താൽപ്പര്യത്തോടെ നിരീക്ഷിച്ചിരുന്നത്. അവരെ കാണുകയും ചരിത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സംവദിക്കുകയും ചെയ്യുന്നത് എനിക്ക് വലിയ ആനന്ദം നൽകുന്ന അനുഭവമായിരുന്നു. ഇത്തരത്തിലുള്ള കൂടിച്ചേരലുകൾ ക്രമേണ കൂടുതൽ ഗൗരവമുള്ളതും പ്രാധാന്യമർഹിക്കുന്നതുമായ ചരിത്രചർച്ചകൾക്ക് വഴിവയ്‌ക്കുന്ന അനൗദ്യോഗിക ഇടമായി രൂപാന്തരപ്പെട്ടു. ഈ ചർച്ചകളിൽ ഏറ്റവും ശക്തമായ ശബ്ദമായി ഉയർന്നുവന്നതും ചരിത്രപഠനത്തിൽ സംഭവിച്ചുകൊണ്ടിരുന്ന മാറ്റങ്ങളെ അത്യന്തം ഉത്സുകതയോടെ പിന്തുടർന്നതുമായ വ്യക്തിയായിരുന്നു പ്രൊഫ. ബിപൻ ചന്ദ്ര. അതോടൊപ്പം, ചരിത്രത്തിൽ രൂപപ്പെട്ടുകൊണ്ടിരുന്ന നവീന പ്രവണതകളെ സംശ്ലേഷിക്കുകയും അവയെ ഗൗരവമുള്ള ശൈലിയിൽ എഴുതുകയും പഠിപ്പിക്കുകയും ചെയ്‌ത മറ്റൊരു ശ്രദ്ധേയ വ്യക്തിയായിരുന്നു കെ എൻ എന്ന് സ്‌നേഹാദരവവോടെ അറിയപ്പെട്ടിരുന്ന ലോകപ്രശസ്‌തനായ പ്രൊഫ. കെ എൻ പണിക്കർ.
1970-‐കളുടെ ആരംഭത്തിൽ ഞങ്ങളിൽ കുറച്ചുപേർ ജവ ഹർലാൽ നെഹ്റു സർവകലാശാലയിൽ ചേർന്ന് സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസ് സ്ഥാപിക്കാൻ മുൻകൈയെടുത്തു. ഇന്ത്യൻ ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ അവഗാഹമുള്ള വിദഗ്ധരെ തെരഞ്ഞെടുക്കുകയും അവരുടെ സഹകരണത്തോടെ പ്രവർത്തിക്കുകയും ചെയ്‌താണ് ഈ പഠനകേന്ദ്രം രൂപംകൊണ്ടത്. മറ്റു സർവകലാശാലകളിൽ നിലവിലുണ്ടായിരുന്ന പാഠ്യപദ്ധതികളിൽനിന്ന് വ്യത്യസ്‌തമായി, ഇവിടെ രൂപപ്പെടുത്തിയ പാഠ്യരീതിക്ക് കൂടുതൽ വിമർശനാത്മകമായ അവലോകനത്തിന്റെ ആവശ്യകതയുണ്ടായിരുന്നു. വിപുലമായ ചരിത്രവിവരശേഖരണം മാത്രമല്ല, പ്രസക്തമായ ചോദ്യങ്ങൾ ഉന്നയിക്കുന്നതിലേക്കും അവയെ കേന്ദ്രീകരിച്ചുള്ള പഠനത്തിലേക്കുമായിരുന്നു ശ്രദ്ധ തിരിഞ്ഞത്. അതോടൊപ്പം, ചരിത്രകാരന്മാർ ഈ ചോദ്യങ്ങളെ എങ്ങനെ നേരിടുന്നു എന്നതും പഠനത്തിന്റെ പ്രധാന ഘടകമായി പരിഗണിക്കപ്പെട്ടു.
ആരംഭഘട്ടത്തിൽ വ്യക്തികളുടെ വൈദഗ്ധ്യത്തിന് നൽകപ്പെട്ട പ്രാധാന്യത്തേക്കാൾ, ഉന്നയിക്കപ്പെടുന്ന ചോദ്യങ്ങളുടെ ചരിത്രപ്രസക്തിക്കായിരുന്നു മുൻഗണന നൽകിയിരുന്നത്. അതുകൊണ്ടുതന്നെ, പ്രാചീനചരിത്രം അഭ്യസിച്ചിരുന്ന ഞങ്ങൾ പുരാതന ഇന്ത്യയെക്കുറിച്ചുള്ള പൊതുവായ നിർവചനങ്ങളെപ്പറ്റി ആധുനിക ചരിത്രകാരന്മാരുടെ അഭിപ്രായങ്ങൾ കേൾക്കാൻ ആകാംക്ഷ പ്രകടിപ്പിച്ചിരുന്നു. അതുപോലെത്തന്നെ, ആധുനിക ചരിത്രവിദഗ്ധരും പ്രാചീനകാലത്തെക്കുറിച്ചുള്ള ഞങ്ങളുടെ വ്യാഖ്യാനങ്ങളിൽ ശ്രദ്ധ പുലർത്തുകയും താൽപ്പര്യം കാണിക്കുകയും ചെയ്‌തു. ഇത്തരം ബൗദ്ധിക ഇടപെടലുകളുടെ പശ്ചാത്തലത്തിലാണ് എനിക്ക് കെ എന്നിനെ കൂടുതൽ അടുത്തറിയാനും അദ്ദേഹത്തിന്റെ ചരിത്രബോധത്തെ ഗൗരവത്തോടെ വിലമതിക്കാനും സാധിച്ചത്.
കെ എൻ- പണിക്കരിൽനിന്നുമാത്രമല്ല, ചരിത്രപഠനത്തിന് അനിവാര്യമായ ഗൗരവമുള്ള ചോദ്യങ്ങളും അവയ്‌ക്ക് അനുബന്ധമായ ഉത്തരങ്ങളും മുന്നോട്ടുവച്ചിരുന്ന മറ്റു പണ്ഡിതന്മാരിൽ നിന്നും ഞാൻ ഏറെ പഠിച്ചു. കെ എന്നിനെ പോലെയുള്ള ഒരാളെ സഹപ്രവർത്തകനായി ലഭിച്ചത് തന്നെ പ്രത്യേകമായി വിലമതിക്കപ്പെടേണ്ട ഒന്നാണ്.
തുടർന്ന്, മാസങ്ങൾ നീണ്ടുനിന്ന ഗൗരവമായ ചർച്ചകളുടെയും സങ്കീർണമായ ആശയവിനിമയങ്ങളുടെയും ഫലമായി, മറ്റ് സർവകലാശാലകളിൽ പ്രചാരത്തിലുള്ള പാഠ്യവിഷയങ്ങളിൽനിന്ന് വ്യത്യസ്‌തവും പ്രസക്തവുമായ വിഷയങ്ങളെ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചു. എന്നാൽ, ജെഎൻയുവിന് പുറത്തുള്ള ചില ചരിത്രകാരന്മാർ ഈ പാഠ്യവിഷയങ്ങൾ അത്യന്തം നൂതനവും സങ്കീർണവുമാണെന്നും അതിനാൽ വിദ്യാർഥികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കാനിടയുണ്ടെന്നും അഭിപ്രായപ്പെട്ടു.
ആദ്യവർഷത്തെ അധ്യാപനാനുഭവത്തിന് ശേഷം, പാഠ്യവിഷയങ്ങൾ അത്യന്തം ദുഷ്‌കരമാണോ എന്ന ചോദ്യം വിദ്യാർഥികളോട് ഉയർത്തിയപ്പോൾ ലഭിച്ച പ്രതികരണം വ്യത്യസ്‌തമായിരുന്നു. മറിച്ച്, ഈ വിഷയങ്ങൾ ചരിത്രപരമായ ചോദ്യങ്ങൾക്ക് കൂടുതൽ ആഴത്തിലുള്ള അവബോധം നൽകുകയും സ്വതന്ത്രചിന്തയെ ഉണർത്തുകയും ചെയ്യുന്നുവെന്ന് അവർ ചൂണ്ടിക്കാട്ടി; അതിനാൽ ഇത് ഒരു നൂതനവും സ്വാഗതാർഹവുമായ പഠനപ്രക്രിയയാണെന്നും അവർ വിലയിരുത്തി. യാന്ത്രികമായ മനഃപഠനത്തിലും വസ്‌തുതകളുടെ പുനരാവർത്തനത്തിലും അധിഷ്ഠിതമായ പഠനരീതികളിൽനിന്ന് ഇത് വ്യക്തമായ വ്യത്യാസം പുലർത്തിയിരുന്നു. ഈ പാഠ്യപദ്ധതി സ്വീകരിച്ച് പഠിപ്പിച്ചിരുന്ന ഞങ്ങളിൽ പലർക്കും, ചരിത്രത്തിന്റെ വിവിധ മേഖലകളിലേക്കുള്ള കൂടുതൽ വിപുലമായ വായനയ്‌ക്കും ‘ചരിത്ര രീതിശാസ്ത്രം’ (historical method) എന്നറിയപ്പെടുന്ന പഠനസമീപനം പ്രായോഗികമായി നടപ്പിലാക്കുന്നതിനും സാധിച്ചു.
റോമില ഥാപ്പറും കെ എൻ പണിക്കരും
സെന്റർ ഫോർ ഹിസ്റ്റോറിക്കൽ സ്റ്റഡീസി (സിഎച്ച്എസ്)-ലെ അധ്യാപകരിൽ ഓരോരുത്തർക്കും തന്നെ വ്യക്തമായ വൈദഗ്‌ധ്യം ഉണ്ടായിരുന്നതിനാൽ, ഞങ്ങൾക്കിടയിലെ ആശയവിനിമയങ്ങൾ ഫലപ്രദമായ ചർച്ചകളിലൂടെ സമ്പന്നമാകുകയായിരുന്നു. ഇത്തരത്തിലുള്ള ചർച്ചകൾ സഹപ്രവർത്തകരെയും അവരുടെ ബൗദ്ധിക ആശങ്കകളെയും കൂടുതൽ ആഴത്തിൽ തിരിച്ചറിയാൻ ഞങ്ങളെ സഹായിച്ചു. അതോടൊപ്പം, നിരന്തരം നടന്ന ഒത്തുചേരലുകളും അവയിൽ നടന്ന അനൗദ്യോഗിക സംഭാഷണങ്ങളും ഊഷ്‌മളമായ സൗഹൃദബന്ധങ്ങൾ വളർത്തുന്നതിനും വഴിവച്ചു. ഈ സാഹചര്യങ്ങളിലൂടെയാണ് എനിക്ക് കെ എൻ പണിക്കരെ കൂടുതൽ അടുത്തറിയാനും ചരിത്രത്തോടുള്ള അദ്ദേഹത്തിന്റെ സമീപനത്തെ ഗൗരവത്തോടെ വിലമതിക്കാനും സാധിച്ചത്. തുടർന്ന് വർഷങ്ങളോളം, ആധുനിക ഇന്ത്യൻ ചരിത്രവുമായി ബന്ധപ്പെട്ട് എനിക്കുണ്ടായിരുന്ന സംശയങ്ങൾക്കും വ്യക്തതകൾക്കും വേണ്ടി ഞാൻ അദ്ദേഹത്തെ സമീപിച്ചുകൊണ്ടിരുന്നു.
അന്നത്തെ സാഹചര്യത്തിൽ, ഔപചാരികമായി പരാമർശിക്കപ്പെട്ടിരുന്നില്ലെങ്കിലും, ഒരു ചരിത്ര രീതിശാസ്ത്രപരമായ സമീപനം നിലനിന്നിരുന്നു; അതിനെ ഞങ്ങൾ പതുക്കെ നമ്മുടെ ഗവേഷണപ്രവർത്തനങ്ങളിൽ പ്രായോഗികമായി നടപ്പിലാക്കിത്തുടങ്ങി. തുടക്കത്തിൽ ‘ചരിത്ര രീതിശാസ്ത്രം’ എന്നു ഞങ്ങൾ വിശേഷിപ്പിച്ചിരുന്ന ഈ സമീപനത്തെ പിന്നീട് ഒരു പാഠ്യപദ്ധതിയായി രൂപപ്പെടുത്തുകയും, അതിന്റെ ഭാഗമായി ഞങ്ങൾ ഓരോരുത്തരും പ്രഭാഷണങ്ങൾ നടത്തുകയും ചെയ്‌തു. എന്നാൽ അത് പിന്നീട് ഒന്നോ -രണ്ടോ അധ്യാപകരുടെ മാത്രം താൽപ്പര്യമായി ചുരുങ്ങുകയും ചെയ്‌തു.
ഇന്ത്യയിലെ മറ്റു സർവകലാശാലകളിൽ അന്നത്തെ സാഹചര്യത്തിൽ ചരിത്ര രീതിശാസ്ത്രം സ്വതന്ത്രമായൊരു പാഠ്യവിഷയമായി പഠിപ്പിച്ചിരുന്നില്ല. ചരിത്രരചന (historiography) എന്ന് വിളിക്കപ്പെടുന്ന‐ ചരിത്രം വിവിധ ചരിത്രകാരന്മാരുടെ വ്യത്യസ്‌ത വീക്ഷണകോണുകളിലൂടെ എങ്ങനെ എഴുതപ്പെടുന്നു എന്നും അവരുടെ ബൗദ്ധിക സംഭാവനകൾ എന്താണെന്നും ഉൾക്കൊള്ളുന്ന‐ ഒരു പാഠ്യപദ്ധതിയായിരുന്നു അത്. ഇതിലൂടെ ചരിത്രരചനയുടെ ഒരു ധാരയ്‌ക്ക് തുടക്കമിടാൻ സാധിച്ചു. സമകാലികകാലം ഭൂതകാലത്തെ എങ്ങനെ തിരിഞ്ഞുനോക്കുന്നു എന്ന് മനസ്സിലാക്കുന്നതിനുള്ള പ്രധാനമാർഗമായി ചരിത്രരചനയെ കാണേണ്ടതുണ്ടെന്ന് ഇതിലൂടെ വ്യക്തമാകുന്നു.
ചരിത്രരചനയ്‌ക്ക് സ്വഭാവപരമായ കാലപരിധികൾ നിലനിൽക്കുന്നതിനാൽ, ചരിത്രത്തിന്റെ വിവിധ കാലഘട്ടങ്ങളിൽ ഗവേഷണം നടത്തുകയും പഠിപ്പിക്കുകയും ചെയ്‌തിരുന്ന ഞങ്ങൾക്കിടയിൽ വ്യാപകമായ ആശയവിനിമയങ്ങളും ചർച്ചകളും നടന്നിരുന്നു. ഭൂതകാലത്തെക്കുറിച്ചുള്ള ആധുനിക വീക്ഷണത്തെ ആസ്‌പദമാക്കി, കെ എൻ പണിക്കരും ഞാനും നിരവധി സന്ദർഭങ്ങളിൽ സംവാദങ്ങളിൽ ഏർപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ ശ്രദ്ധ പ്രധാനമായും സംസ്‌കാരത്തിലും ദേശീയതയിലും, തുടർന്ന് സംസ്‌കാരവും വർഗീയതയും സംബന്ധിച്ച ചോദ്യങ്ങളിലുമായിരുന്നു കേന്ദ്രീകരിച്ചിരുന്നത്.
കഴിഞ്ഞ നൂറ്റാണ്ടിൽ പ്രചാരത്തിലുണ്ടായിരുന്ന ഇന്ത്യയുടെ ചരിത്രരചനയുടെ അടിസ്ഥാനരൂപം കൊളോണിയൽ എഴുത്തുകാരുടെ ഇടപെടലുകളിലൂടെയാണ് രൂപംകൊണ്ടത്. പ്രാചീന ഗ്രീക്കോ-റോമൻ, ചൈനീസ് ചരിത്രങ്ങളെ മാനദണ്ഡമാക്കി ഇന്ത്യയുടെ ഭൂതകാലത്തെ അവർ അന്വേഷിക്കുമ്പോൾ, ഇന്ത്യയ്‌ക്ക് അത്തരം ചരിത്രബോധം (sense of history) ഇല്ലെന്ന് മുൻകൂട്ടി സമ്മതിക്കപ്പെട്ടിരുന്നു. ഈ മുൻധാരണയുടെ അടിസ്ഥാനത്തിൽ, ഇന്ത്യൻ നാഗരികതയിൽ ചരിത്രബോധം എന്നത് ഒരു അഭാവമാണെന്നുള്ള നിഗമനത്തിലേക്ക് അവർ നീങ്ങുകയും, അതിനാൽ ഇന്ത്യയുടെ ഒരു ‘ചരിത്രം’ നിർമിക്കപ്പെടേണ്ടതുണ്ടെന്ന അവകാശവാദം മുന്നോട്ടുവയ്‌ക്കുകയും ചെയ്‌തു. എഴുതപ്പെട്ട കൊളോണിയൽ ചരിത്രങ്ങളാവട്ടെ പതിനെട്ടാം നൂറ്റാണ്ടിലെ ഇന്ത്യയെക്കുറിച്ചുള്ള ധാരണകളെ അടിസ്ഥാനമാക്കിയായിരുന്നു രൂപംകൊണ്ടത്. ഈ രീതിയിൽ നിർമിക്കപ്പെട്ട ചരിത്രവിവരണങ്ങളിൽ, കൊളോണിയൽ കാലഘട്ടത്തിനു മുമ്പുള്ള ഏഷ്യൻ സമൂഹങ്ങളെ പൊതുവായി വ്യാഖ്യാനിക്കാൻ ഉപയോഗിച്ചിരുന്ന ‘പൗരസ്‌ത്യ സ്വേച്ഛാധിപത്യ’ (Oriental Despotism) സിദ്ധാന്തത്തോട് ഇന്ത്യയെ പൊരുത്തപ്പെടുത്താനുള്ള പ്രവണത വ്യക്തമായി കാണാം.
റോമില ഥാപ്പർ ജെഎൻയുവിലെ ഫ്രീഡം സ്‌ക്വയറിൽ. ചരിത്രകാരൻ ഹർബൻസ് മുഖിയ സമീപം
1792-ൽ, ഫെറിഷ്ത (Ferishtah) രചിച്ച ഗ്രന്ഥത്തിന്റെ ചില ഭാഗങ്ങൾ അലക്‌സാണ്ടർ ഡൗ (Alexander Dow) വിവർത്തനം ചെയ്‌തതിലൂടെ, ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള പേർഷ്യൻ സ്രോതസ്സുകളുടെ ഇംഗ്ലീഷ് പരിഭാഷകൾ എ ഡി രണ്ടാം സഹസ്രാബ്ദത്തിന്റെ അവസാനഘട്ടത്തിൽ തന്നെ ലഭ്യമായിരുന്നു. എന്നിരുന്നാലും, കൊളോണിയൽ പണ്ഡിതന്മാർ ഈ സ്രോതസ്സുകൾ ഗൗരവത്തോടെ പരിഗണിച്ചില്ലെന്നത് ശ്രദ്ധേയമാണ്. പകരം, അവർ മുൻഗണന നൽകിയത് കൊളോണിയൽ പണ്ഡിതരുടെ എഴുത്തുകൾക്കായിരുന്നു; അതോടൊപ്പം, ഇന്ത്യൻ ഭൂതകാലത്തെക്കുറിച്ചുള്ള അവരുടെ വ്യാഖ്യാനങ്ങളെ വിമർശനാത്മകമായി പരിശോധിക്കാതെ സ്വീകരിക്കുകയും, പിന്നീട് അവയെ വ്യവസ്ഥാപിതമാക്കുകയും ചെയ്‌തു. എന്നാൽ, ഈ നിർവചനങ്ങൾ കൊളോണിയൽ വീക്ഷണത്തിന്റെ പരിധിക്കുള്ളിൽ രൂപപ്പെട്ടതുകൊണ്ട്, അവയിൽ മുൻധാരണകളും അപാകതകളും നിലനിന്നിരുന്നുവെന്ന് പറയാം.
ഏഷ്യയിലെ സമൂഹങ്ങളെ വ്യാഖ്യാനിക്കാൻ ഉപയോഗിച്ചിരുന്ന ഒരു യൂറോപ്യൻ ആശയമായിരുന്നു പൗരസ്‌ത്യ സ്വേച്ഛാധിപത്യം.അതിൽ ഇന്ത്യയെയാണ് പ്രധാന ഉദാഹരണമായി അവതരിപ്പിച്ചത്. ഈ സിദ്ധാന്തം നിർദേശിച്ച നിർണായക സവിശേഷതകളിൽ പ്രധാനമായത്, സമ്പൂർണ അധികാരം കൈവശം വച്ചിരിക്കുന്ന സ്വേച്ഛാധിപതിയുടെ സാന്നിധ്യത്തിൽ രാഷ്ട്രഘടനയുടെ അഭാവമോ അതിന്റെ പരിമിതപ്രാധാന്യമോ എന്ന വാദമായിരുന്നു. ഭരണസംവിധാനം സ്വതന്ത്ര ഘടകമല്ലാതെ ഭരണാധികാരിയുടെ ഇച്ഛാനുസൃതമായി പ്രവർത്തിക്കുന്ന സംവിധാനമായി കണക്കാക്കപ്പെട്ടു. ഈ വ്യവസ്ഥയുടെ സാമ്പത്തിക അടിസ്ഥാനം കർഷകരിൽനിന്ന് പിരിച്ചെടുത്ത വാടക, നികുതി, പണം, തൊഴിൽ എന്നിവയിലായിരുന്നു; ഇതിന്റെ ശേഖരണത്തിൽ ഉദ്യോഗസ്ഥവൃന്ദം നിർണായക പങ്കുവഹിച്ചു. ഏഷ്യയിലെ കൃഷിക്ക് അനിവാര്യമായ ജലസേചന സംവിധാനത്തെ നിയന്ത്രിക്കുന്നതിലൂടെ സ്വേച്ഛാധിപതിയുടെ അധികാരം കൂടുതൽ ഉറപ്പിക്കപ്പെടുന്നു എന്ന വ്യാഖ്യാനവും ഇതോടൊപ്പം മുന്നോട്ടുവയ്‌ക്കപ്പെട്ടു. ഇതോടനുബന്ധിച്ച്, എല്ലാ ഭൂമിയും സ്വേച്ഛാധിപതിയുടെ ഉടമസ്ഥതയിലാണെന്ന ധാരണയിൽ, വ്യക്തികൾക്ക് സ്വകാര്യസ്വത്തായി ഭൂമി കൈവശപ്പെടുത്താൻ കഴിയില്ലെന്നും വാദിക്കപ്പെട്ടു. ദാരിദ്ര്യത്താൽ വലയുന്ന ജനസമൂഹത്തിനുമേൽ സമ്പൂർണ പരമാധികാരം പുലർത്തുന്ന ഭരണാധികാരിയായ സ്വേച്ഛാധിപതി, സ്വാതന്ത്ര്യമില്ലാത്തതും നിശ്ചലസ്വഭാവമുള്ളതുമായ ഒരു സമൂഹത്തെ നിയന്ത്രിക്കുന്നവനായി ചിത്രീകരിക്കപ്പെട്ടു. ഇത്തരത്തിലുള്ള സമൂഹങ്ങളിൽ ഭൂതകാല സംഭവങ്ങളെ രേഖപ്പെടുത്തേണ്ട ആവശ്യം ഉണ്ടായിരുന്നില്ലെന്ന നിഗമനവും മുന്നോട്ടുവയ്‌ക്കപ്പെട്ടു. അതിനാൽ, യൂറോപ്യൻ സമൂഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ സാംസ്‌കാരികമായും മറ്റു മാനദണ്ഡങ്ങളിലുമായി ‘അപകൃഷ്ടരായി’ കണക്കാക്കപ്പെട്ട ഇത്തരം സമൂഹങ്ങളിൽ ചരിത്രബോധം ഇല്ല എന്ന വാദം ശക്തമായി നിലനിന്നു. ഇന്ത്യൻ ഭൂതകാലത്തെക്കുറിച്ചുള്ള കൊളോണിയൽ ധാരണയുടെ പ്രധാനഘടകമായി ഇത് രൂപംകൊണ്ടിരുന്നു; ഇരുപതാം നൂറ്റാണ്ട് വരെ ഈ നിലപാട് ഗൗരവമായി ചോദ്യം ചെയ്യപ്പെട്ടിരുന്നില്ലെന്നതും ശ്രദ്ധേയമാണ്.
ഇതിന് സമാന്തരമായി, ഭൂതകാലത്തെക്കുറിച്ചുള്ള വിവരങ്ങൾ സമാഹരിക്കുന്നതിനുള്ള മറ്റൊരു മാർഗവും രൂപംകൊണ്ടിരുന്നു; അത് ദീർഘകാലാടിസ്ഥാനത്തിൽ കൂടുതൽ വിശ്വസനീയമായ അറിവുകളിലേക്കാണ് നയിച്ചത്. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, വില്യം ജോൺസ് വേദഗ്രന്ഥങ്ങളുടെ പഠനത്തിൽ ഏർപ്പെടുകയും, ഇന്തോ-‐ആര്യൻ ഭാഷകളെയും അവ സംസാരിക്കുന്ന ജനവിഭാഗങ്ങളെയും കുറിച്ചുള്ള സങ്കൽപ്പങ്ങൾ രൂപപ്പെടുത്താൻ ആരംഭിക്കുകയും ചെയ്‌തു. ഇറാനിയൻ, ആര്യൻ, കെൽറ്റിക് തുടങ്ങിയ ഭാഷകളുമായി നടത്തിയ താരതമ്യ വിശകലനങ്ങളിലൂടെ ഈ ധാരണകൾ വികസിച്ചു. ഇതിനോടൊപ്പം, വിവരങ്ങളുടെ സമാന്തര സ്രോതസ്സായി പുരാവസ്‌തുശാസ്ത്രവും മുൻനിരയിൽ എത്തി. ഏതാനും പതിറ്റാണ്ടുകൾക്കുശേഷം ബ്രാഹ്മി ലിപിയുടെ വ്യാഖ്യാനം നടപ്പിലായതോടെയാണ് ഒരു സുപ്രധാന വഴിത്തിരിവ് ഉണ്ടായത്; ഇതിലൂടെ ശിലാശാസനങ്ങളുടെയും മറ്റു ലിഖിതങ്ങളുടെയും വായന സാധ്യമാവുകയും ചെയ്‌തു. പ്രാചീന ചരിത്രത്തെ പുനർനിർമിക്കുന്നതിൽ ഈ ലിഖിതങ്ങൾ നിർണായക സ്രോതസ്സുകളായി മാറി. കാലക്രമേണ ലിപികളിൽ സംഭവിച്ച മാറ്റങ്ങൾ മൂലം, അശോകശാസനങ്ങളിൽ ഉപയോഗിച്ചിരുന്ന ബ്രാഹ്മി ലിപി ആധുനികകാലത്ത് വായിക്കാൻ പ്രയാസകരമായി മാറിയിരുന്നു; അതിനാൽ ബ്രാഹ്മിയുടെ വ്യാഖ്യാനം ഭൂതകാലത്തെ പുനർനിർമിക്കുന്നതിൽ നിർണായകമായ ഒരു ഘടകമായി മാറി. ഇതിലൂടെ സംസ്‌കൃത ഗ്രന്ഥങ്ങളിലൂടെയുള്ള പരമ്പരാഗത വായനയിൽനിന്നും വ്യത്യസ്‌തമായ, ഭൂതകാലത്തിന്റെ ഒരു ബദൽ വ്യാഖ്യാനം രൂപംകൊണ്ടു.
ജെ എൻ യു ക്യാമ്പസ് ഫോട്ടോ
ഫോട്ടോ കടപ്പാട്: Stand With JNU സോഷ്യൽ മീഡിയ ടീം
ഈ ശ്രമങ്ങൾ പ്രാചീന ചരിത്രപഠനത്തിന് ഒരു അടിസ്ഥാനപരമായ അടിത്തറ ഒരുക്കി. കാലക്രമേണ, ചരിത്രസംഭവങ്ങളെ കൂടുതൽ ക്രമബദ്ധമായി മനസ്സിലാക്കാൻ സഹായിക്കുന്നവിധത്തിൽ വിവിധ തരത്തിലുള്ള സ്രോതസ്സുകൾ വികസിച്ചു; ഇതിന്റെ അടിസ്ഥാനത്തിലാണ് ചരിത്രത്തിന്റെ ആഖ്യാനങ്ങൾ ഘട്ടംഘട്ടമായി രൂപംകൊണ്ടത്. എന്നിരുന്നാലും, ഈ ആഖ്യാനങ്ങളെ ഒരു സുസംഘടിതമായ ചരിത്രരൂപത്തിൽ പരിശോധിക്കുമ്പോൾ വ്യക്തമാകുന്നത്, കൊളോണിയൽ ഇടപെടലുകളുടെ പശ്ചാത്തലത്തിൽ രൂപപ്പെട്ട കിഴക്കിനെക്കുറിച്ചുള്ള പാശ്ചാത്യ കാഴ്‌ചപ്പാടുകൾ‐പ്രത്യേകിച്ച് ഇന്ത്യൻ ഭൂതകാലത്തെ സംബന്ധിച്ച കൊളോണിയൽ കാലഘട്ടത്തിലെ വ്യാഖ്യാനങ്ങൾ‐ചരിത്രവിവരണത്തെ ശക്തമായി സ്വാധീനിച്ചിരുന്നുവെന്നതാണ്. ഇതിന്റെ ഫലമായി, ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള പല വായനകളും മുൻകൂട്ടി രൂപപ്പെടുത്തിയ ആശയങ്ങളും പൊതുവായ മുൻധാരണകളും അടിസ്ഥാനമാക്കിയുള്ളവയായി മാറി. ഇത്തരം പരിമിതികളും ധാരണാപരമായ പക്ഷപാതങ്ങളും ഉണ്ടായിരുന്നിട്ടും, ദീർഘകാലം ‘ആധികാരിക ചരിത്രരചന’ എന്ന നിലയിൽ അംഗീകരിക്കപ്പെട്ടത് കൊളോണിയൽ ചരിത്രരചന തന്നെയായിരുന്നു. എന്നാൽ ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ചരിത്രകാരന്മാർ ഈ സമീപനത്തെ ഗൗരവമായി ചോദ്യം ചെയ്യുകയും, അതിന്റെ അടിത്തറയായിരുന്ന ധാരണകളെയും വ്യാഖ്യാനരീതികളെയും വിമർശനാത്മകമായി പുനഃപരിശോധിക്കാൻ തുടങ്ങുകയും ചെയ്‌തു.
പത്തൊമ്പതാം നൂറ്റാണ്ടിൽ ഇന്ത്യൻ ചരിത്രത്തെക്കുറിച്ചുള്ള കൊളോണിയൽ വായനകളിലൂടെ ഗണ്യമായ സ്വാധീനം ചെലുത്തിയ രണ്ട് പ്രധാന എഴുത്തുകാരിൽ ശ്രദ്ധേയരാണ് ജെയിംസ് മില്ലും (അദ്ദേഹത്തിന്റെ 1817-ലെ ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രം, ‘The History of British India in 1817’) നൂറ്റാണ്ടിന്റെ അവസാനഘട്ടത്തിൽ വേദങ്ങളുടെ വായനകളിലൂടെ പ്രസിദ്ധനായ ഫ്രെഡറിക് മാക്‌സ് മുള്ളറും. ഇന്ത്യ സന്ദർശിക്കണമെന്ന ക്ഷണം ലഭിച്ചിരുന്നുവെങ്കിലും, ഇന്ത്യൻ പണ്ഡിതരുമായി ഗൗരവമായ സംവാദങ്ങളിൽ ഏർപ്പെടാതെയായിരുന്നു ഇവരുടെ രചനകൾ രൂപംകൊണ്ടത്. എന്നിരുന്നാലും, ഇന്ത്യൻ ഭൂതകാലത്തെക്കുറിച്ചുള്ള അവരുടെ വ്യാഖ്യാനങ്ങൾ വ്യാപകമായി അംഗീകരിക്കപ്പെട്ടു; അവരുടെ ഉറച്ച നിഗമനങ്ങൾ ബ്രിട്ടീഷ് വായനക്കാരുടേയും തുടർന്ന് ഇന്ത്യൻ ബൗദ്ധിക സമൂഹത്തിന്റേയും മനസ്സിൽ ആഴത്തിൽ പതിഞ്ഞു. ഇതിന്റെ ഫലമായി, പിന്നീട് ചരിത്രപരമായ ആശയസംവാദങ്ങൾ പോലും ഈ എഴുത്തുകളെ ചുറ്റിപ്പറ്റി രൂപംകൊള്ളുന്ന സാഹചര്യം ഉണ്ടായതായി കാണാം.
ഇന്ത്യൻ സ്വത്വവും സാമൂഹിക പ്രവൃത്തിയും ഹിന്ദു, മുസ്ലീം എന്നീ രണ്ട് മതവിഭാഗങ്ങളുടെ അടിസ്ഥാനത്തിൽ രൂപംകൊണ്ടതാണ് എന്നതാണ് ജെയിംസ് മിൽ മുന്നോട്ടുവച്ച പ്രധാന സിദ്ധാന്തം. മതവും രാഷ്ട്രവും വ്യത്യസ്‌ത ഘടകങ്ങളാണെന്ന യാഥാർഥ്യം അവഗണിച്ച്, അവയെ ‘രാഷ്ട്രങ്ങൾ’ ആയി തെറ്റായി നിർവചിച്ചതാണ് അദ്ദേഹത്തിന്റെ സമീപനത്തിലെ അടിസ്ഥാന പ്രശ്നം. ഈ രണ്ട് വിഭാഗങ്ങളെയും ഒരേ ആശയ കൂട്ടിലാക്കി, പരസ്‌പരം സ്ഥിരമായ വൈരുധ്യത്തിൽ നിലകൊള്ളുന്നവയായി അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. ഈ വ്യാഖ്യാനത്തിന്റെ അടിസ്ഥാനത്തിൽ, ഹിന്ദുക്കളും മുസ്ലീങ്ങളും തമ്മിലുള്ള സംഘർഷം സ്വാഭാവികമാണെന്നും, അതിനെ നിയന്ത്രിക്കാൻ ബ്രിട്ടീഷ് ഭരണത്തിന്റെ സാന്നിധ്യം അനിവാര്യമാണെന്നും‐ ഹിന്ദുക്കളെ മുസ്ലീങ്ങളുടെ ആധിപത്യത്തിൽനിന്ന് സംരക്ഷിക്കേണ്ടതുണ്ടെന്ന വാദം ഉൾപ്പെടെ‐ മിൽ നിരൂപിച്ചു. മുസ്ലീം സമൂഹം ഒരു അബ്രഹാമിക് മതപരമ്പരയുമായി ബന്ധപ്പെട്ടതായതിനാൽ‐ ഏകദൈവവിശ്വാസവും ഏകീകൃതമായ മതഘടനയും ഉള്ളതിനാൽ‐ ക്രിസ്‌തുമതവുമായി താരതമ്യം ചെയ്യപ്പെടുകയും അതുവഴി എളുപ്പത്തിൽ നിർവചിക്കപ്പെടുകയും ചെയ്‌തു. മറിച്ച്, ഹിന്ദുമതം അതിന്റെ ഘടനയിൽ ഉൾക്കൊള്ളുന്ന വൈവിധ്യവും വിവിധ ഉപസംഘടനകളുടെ സങ്കീർണ സാന്നിധ്യവുംമൂലം ഏകീകൃത മാതൃകയിൽ വിശദീകരിക്കാൻ പ്രയാസമുണ്ടാക്കി. അബ്രഹാമിക് മതങ്ങളുടെ മാതൃകയുമായി പൊരുത്തപ്പെടാത്ത ഈ സ്വഭാവം കാരണം, പല കൊളോണിയൽ എഴുത്തുകാരും അതിനെ അസംഘടിതമോ അപൂർവമോ ആയ ഒരു ഘടനയായി കണക്കാക്കിയിരുന്നു.
കൊളോണിയൽ പണ്ഡിത സമൂഹം ഹിന്ദുമതത്തിൽ ഒരു ഏകദൈവമുദ്ര പതിപ്പിക്കാൻ ശ്രമിക്കുകയും, അതുവഴി മതത്തെ മനസ്സിലാക്കുന്നതിൽ ചില ആശയക്കുഴപ്പങ്ങൾക്ക് ഇടയാക്കുകയും ചെയ്‌തു. ഹിന്ദുമതത്തിന്റെ ഉത്ഭവം ഒരു ഏകീകൃത ജനവിഭാഗമായ ആര്യന്മാരിൽ നിന്നാണെന്ന വാദം ഒരു ചരിത്രകാരനും ദൃഢമായി സ്ഥാപിച്ചിട്ടില്ല. എന്നിരുന്നാലും, വേദങ്ങളുടെ ഭാഷയായ ഇന്തോ‐ആര്യൻ ഭാഷയ്‌ക്ക് പ്രാചീന ഗ്രീക്കുമായി സാമ്യമുണ്ടെന്ന വില്യം ജോൺസിന്റെ നിരീക്ഷണം ഇത്തരം ധാരണകൾക്ക് ഒരു അടിസ്ഥാനമായി ഉപയോഗിക്കപ്പെട്ടു. മുൻകാല യൂറോപ്യൻ എഴുത്തുകാരും ഇതുസംബന്ധിച്ച സൂചനകൾ നൽകിയിട്ടുണ്ടെന്ന് കാണാം. ഫ്രെഡറിക് മാക്‌സ് മുള്ളർ മുന്നോട്ടുവച്ച ആശയങ്ങൾ ഈ ചർച്ചകളെ കൂടുതൽ രൂപപ്പെടുത്തി. അദ്ദേഹത്തിന്റെ വ്യാഖ്യാനപ്രകാരം, ആര്യന്മാർ മധ്യേഷ്യയിൽ നിന്നുള്ള ഒരു ഉന്നത വംശമായിരുന്നു; വേദങ്ങളിൽ പ്രതിഫലിക്കുന്ന അവരുടെ മതപരമായ ചിന്തകൾ പിന്നീട് ഹിന്ദുമതത്തിന്റെ അടിത്തറയായി കണക്കാക്കപ്പെട്ടു. അവർ കുടിയേറിയ പ്രദേശം ജനവിഭാഗത്തിന്റെയും മതത്തിന്റെയും‐ഹിന്ദുക്കളുടെയും ഹിന്ദുമതത്തിന്റെയും‐ആരംഭസ്ഥലമായി ചിത്രീകരിക്കപ്പെട്ടു. അതേസമയം, പുരാവസ്‌തുശാസ്ത്രപരവും ഭാഷാപരവുമായ മതിയായ തെളിവുകളുടെ അഭാവത്തിൽ, ആ പ്രദേശങ്ങളിൽ മുമ്പ് മറ്റ് ജനവിഭാഗങ്ങൾ ഉണ്ടായിരുന്നില്ലെന്ന തരത്തിലുള്ള ലളിതവൽക്കരിച്ച നിഗമനങ്ങളും പ്രചരിച്ചു.
റോമില ഥാപ്പർ
ഫോട്ടോ: മുഹമ്മദ് എ
ഈ രണ്ട് സിദ്ധാന്തങ്ങളും കാലക്രമേണ ആഴത്തിൽ വേരൂന്നുകയും ഇന്ത്യയെക്കുറിച്ചുള്ള വീക്ഷണങ്ങൾക്ക് ഒരു അടിസ്ഥാനമായി മാറുകയും ചെയ്‌തു. ജെയിംസ് മിൽ മുന്നോട്ടുവച്ച സിദ്ധാന്തം പിന്നീട് ദ്വിരാഷ്ട്ര സിദ്ധാന്തത്തിന്റെ (Two- Nation Theory) അടിത്തറയായി വായിക്കപ്പെടുകയും ഹിന്ദുത്വത്തിന്റെ പ്രത്യയശാസ്ത്രത്തിനും അതിനെ പിന്തുണയ്‌ക്കുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്കും ആശയപരമായ അടിത്തറയായും പ്രവർത്തിക്കുന്നതായി കാണാം. പാകിസ്ഥാന്റെ രൂപീകരണം മുസ്ലീം അഭിലാഷങ്ങളുടെ സാക്ഷാത്കാരമായി വ്യാഖ്യാനിക്കപ്പെട്ടതുപോലെ, ഇന്ത്യയെ ഒരു ഹിന്ദുരാഷ്ട്രമായി രൂപപ്പെടുത്താനുള്ള ചില ഹിന്ദു അഭിലാഷങ്ങളും സമാന്തരമായി മുന്നോട്ടുവന്നു. ഇത്തരത്തിലുള്ള നിലപാടുകൾ, ഭൂരിപക്ഷ സമൂഹത്തിന്റെ ഭാവി ആഗ്രഹങ്ങളെ പ്രതിനിധീകരിക്കുന്നതാണെന്ന അവകാശവാദത്തോടുകൂടിയാണ് സാധൂകരിക്കപ്പെട്ടത്. മറ്റൊരു വാദമായി മുന്നോട്ടുവയ്‌ക്കപ്പെട്ടത്, മുസ്ലീങ്ങളെ അധിനിവേശക്കാരായി നിരന്തരം ചിത്രീകരിക്കുന്നതും, അതോടൊപ്പം ഹിന്ദുക്കളെ അവർ സ്ഥിരമായി ഇരകളാക്കുന്നു എന്ന ധാരണയുമാണ്. എന്നാൽ പടിഞ്ഞാറൻ ഏഷ്യയിലും മധ്യേഷ്യയിലും നിന്നുള്ള മുസ്ലീങ്ങൾ ഒന്നാം സഹസ്രാബ്ദത്തിന്റെ അവസാനഘട്ടംമുതൽ എ ഡി രണ്ടാം സഹസ്രാബ്ദത്തിന്റെ ആരംഭംവരെ വടക്കൻ, പടിഞ്ഞാറൻ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ കുടിയേറി സ്ഥിരതാമസമാക്കിയതും, പിന്നീട് ഇന്ത്യൻ ജനസമൂഹത്തിന്റെ ഭാഗമായിത്തീർന്നതുമായ പ്രക്രിയകൾക്ക് ജെയിംസ് മിൽ വേണ്ടത്ര പ്രാധാന്യം നൽകിയിരുന്നില്ല. ഇത്തരം അവഗണനകൾ തന്നെയാണ് പിന്നീട് കുടിയേറ്റ സമൂഹങ്ങളെക്കുറിച്ചുള്ള ചരിത്രപഠനത്തിന് വഴിയൊരുക്കിയത്.
ആര്യൻ വംശസിദ്ധാന്തവുമായി ബന്ധപ്പെട്ട ചിന്താധാരയോട് മാക്‌സ് മുള്ളർ അടുത്ത ബന്ധം പുലർത്തിയിരുന്നുവെന്നതും ശ്രദ്ധേയമാണ്. മാത്രമല്ല, അന്നത്തെ യൂറോപ്പിൽ പ്രചാരത്തിലുണ്ടായിരുന്ന വംശീയ സിദ്ധാന്തങ്ങൾക്കും അദ്ദേഹം ഗണ്യമായ പ്രാധാന്യം നൽകിയിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, വംശീയ സിദ്ധാന്തങ്ങളും (race theories) ‘വംശീയ ശാസ്ത്രം’ (race science) എന്നും വിളിക്കപ്പെട്ട പഠനരീതികളും യൂറോപ്യൻ ബൗദ്ധിക ലോകത്ത് ശക്തമായ സ്വാധീനം ചെലുത്തിയിരുന്നു. ആര്യൻ ഉത്ഭവങ്ങളെക്കുറിച്ചുള്ള ധാരണകൾ, അവരെ ഒരു ‘ഉന്നത വംശം’ എന്ന നിലയിൽ പ്രതിഷ്ഠിക്കുന്ന സിദ്ധാന്തങ്ങൾക്ക് പിന്തുണയായി പ്രവർത്തിച്ചു. ഇന്തോ‐ആര്യൻ ഭാഷ, ഇന്തോ-‐യൂറോപ്യൻ ഭാഷാകുടുംബത്തിന്റെ ഭാഗമായതിനാൽ, യൂറോപ്പുമായി ബന്ധിപ്പിക്കുന്ന ഒരു നിർണായക കണ്ണിയായി കണക്കാക്കപ്പെട്ടു; ഇതിലൂടെ ആ ഭാഷ സംസാരിക്കുന്നവർ ഒരു ഉന്നതവംശജരാണെന്ന ധാരണ പ്രചരിച്ചു. എന്നിരുന്നാലും, പിന്നീട് ഈ ഉന്നതവംശത്തെ ഒരു സ്വീകാര്യമായ സ്വത്വവിഭാഗമായി കണക്കാക്കുന്നതിൽ സംശയങ്ങൾ ഉയർന്നുവന്നിട്ടും, ചില ചരിത്രവ്യാഖ്യാനങ്ങളിൽ അതിന്റെ പ്രയോഗം തുടർന്നുനിന്നതായി കാണാം.
1925-ൽ രൂപപ്പെടുത്തിയ ഹിന്ദുത്വ പ്രത്യയശാസ്ത്രം ഇന്ത്യൻ ഭൂതകാലത്തെക്കുറിച്ചുള്ള കൊളോണിയൽ നിർമിതികളെ അടിസ്ഥാനമാക്കിയുള്ളതാണ്. ആദ്യകാല ഇന്ത്യൻ ചരിത്രത്തിന്റെ ഏക പ്രാമാണിക വ്യാഖ്യാനമായും, പ്രാചീന ഇന്ത്യക്കാരുടെ യഥാർഥവും തദ്ദേശീയവുമായ വീക്ഷണമായും അതിനെ ഉയർത്തിക്കാട്ടി. എന്നാൽ, അതിന്റെ ഉത്ഭവവും രൂപീകരണവും ഇന്ത്യയുടെ കൊളോണിയൽ ചരിത്രപരിസരത്തിനുള്ളിലാണെന്ന കാര്യം പരാമർശിക്കപ്പെട്ടിരുന്നില്ല. വിചിത്രമെന്ന് പറയട്ടെ, ഇത് അപകോളനീകരണത്തിന്റെ ഭാഗമായി അവതരിപ്പിക്കപ്പെട്ടു; എന്നാൽ, ജെയിംസ് മിൽ മുന്നോട്ടുവച്ച ദ്വിരാഷ്ട്ര സിദ്ധാന്തവുമായി പൊരുത്തപ്പെടുന്നതിനാൽ, യാഥാർഥത്തിൽ ഇത് കൊളോണിയൽ ആശയങ്ങളെ വീണ്ടും ശക്തിപ്പെടുത്തുന്നതായി കാണേണ്ടതുണ്ട്. കൗതുകമെന്തെന്നാൽ ഇറാനിയൻ- ആര്യന്മാരുടെ ഭാഷ ഇന്തോ-‐ ആര്യൻ ഭാഷയുമായി അടുത്ത ബന്ധം പുലർത്തുന്നതായിരിക്കെ, അവരെക്കുറിച്ചുള്ള പരാമർശങ്ങൾ വളരെ കുറവാണ്. ഇതിന് ഒരു കാരണം, അവർ വേദവിശ്വാസ സമ്പ്രദായം പൂർണമായി അനുസരിച്ചിരുന്നില്ലെന്ന ധാരണയും, അതിനാൽ ഇന്ത്യൻ ചരിത്രത്തിന്റെ പരിധിക്കു പുറത്തായി അവരെ കണക്കാക്കിയിരുന്നുവെന്നതുമായിരിക്കും. പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ തോമസ് മക്കോളെയുടെ രചനകൾ ഈ സിദ്ധാന്തങ്ങൾക്ക് കൂടുതൽ ശക്തമായ ഒരു വീക്ഷണം നൽകുന്നതായി കാണാം. അദ്ദേഹത്തിന്റെ സമീപനം ചരിത്രനിർമാണത്തെ മാത്രമല്ല സ്വാധീനിച്ചത്; ആദ്യകാല ഇന്ത്യൻ ഗ്രന്ഥങ്ങളെ അദ്ദേഹം നിരാകരിക്കുകയും ഇന്ത്യയുടെ പുരോഗതിക്ക് യൂറോപ്യൻ പഠനരീതികളും അറിവുകളും സ്വാംശീകരിക്കുന്നത് അനിവാര്യമാണെന്ന് വാദിക്കുകയും ചെയ്‌തു.
യൂറോപ്യൻ ചിന്താഗതികളിൽ ഏഷ്യൻ സമൂഹങ്ങളും യൂറോപ്യൻ സമൂഹങ്ങളും അടിസ്ഥാനപരമായി വ്യത്യസ്‌തങ്ങളാണെന്ന ധാരണ ശക്തമായി നിലനിന്നിരുന്നു. പൗരസ്‌ത്യ സ്വേച്ഛാധിപത്യത്തിൽ അധിഷ്ഠിതമാണെന്ന് കരുതപ്പെട്ട ഏഷ്യൻ ചരിത്രം, യൂറോപ്പിന്റെ വികസനപഥത്തോട് പൊരുത്തപ്പെടാത്ത ഒരു പ്രത്യേക മാതൃകയിലൂടെയാണ് വിശദീകരിക്കപ്പെട്ടത്; അതുവഴി ഏഷ്യൻ സമൂഹങ്ങൾക്ക് അവരുടെ സ്ഥാപനഘടനകളിൽ തന്നെ വ്യത്യസ്‌തമായൊരു സ്വഭാവമുണ്ടെന്ന വാദം മുന്നോട്ടുവന്നു. ഏഷ്യൻ സമൂഹങ്ങളിൽ കാണപ്പെടുന്നുവെന്ന് കരുതപ്പെട്ട വിവിധ ‘അഭാവങ്ങൾ’ വിശദീകരിക്കാൻ ഈ മാതൃക ഉപയോഗിക്കപ്പെട്ടു. ഒരു രാഷ്‌ട്രഘടനയുടെ അഭാവവും സ്വേച്ഛാധിപത്യ ഭരണത്തിന്റെ വ്യാപനവും സംബന്ധിച്ച് ഹെഗലും കാൾ മാർക്‌സും വിവിധ സിദ്ധാന്തങ്ങൾ അവതരിപ്പിച്ചു. ഏഷ്യൻ ചരിത്രത്തെ വിശദീകരിക്കാൻ മാർക്‌സ് മുന്നോട്ടുവച്ച പ്രധാന ആശയം ‘ഏഷ്യാറ്റിക് ഉൽപ്പാദന വ്യവസ്ഥ’ (Asiatic Mode of Production) എന്ന സിദ്ധാന്തമായിരുന്നു. ഇന്നത്തെ മാർക്‌സിസ്റ്റ് പഠനങ്ങളിൽ ഈ സിദ്ധാന്തം വലിയതോതിൽ നിരാകരിക്കപ്പെട്ടിട്ടുണ്ടെങ്കിലും, അതിന്റെ ഒരു പിൻതുടർച്ചയെന്ന നിലയിൽ കാൾ വിറ്റ്ഫോഗലിന്റെ ജനപ്രിയ രചനകളിൽ സമാന ആശയങ്ങൾ പ്രത്യക്ഷപ്പെടുന്നതായി കാണാം.
എന്നാൽ, ഇരുപതാം നൂറ്റാണ്ടിന്റെ അവസാനത്തോടെ, ഈ വിവരണം ഏഷ്യൻ സമൂഹങ്ങൾക്ക് തികച്ചും സ്വീകാര്യമല്ലെന്നും അവയ്‌ക്ക് ബാധകമല്ലെന്നും ഇന്ത്യൻ, യൂറോപ്യൻ ചരിത്രകാരന്മാർ പറയാൻ തുടങ്ങി. ഇരുപതാം നൂറ്റാണ്ട് സാക്ഷ്യംവഹിച്ചത് കാൾ മാർക്‌സ്, മാക്‌സ് വെബർ, എമിലി ദുർഖേം തുടങ്ങിയ നിരവധി സാമൂഹിക സൈദ്ധാന്തികരുടെ വിമർശനാത്മക വിശകലനങ്ങൾ വിവിധ സമൂഹങ്ങളിൽ എങ്ങനെയാണ് പ്രയോഗിക്കപ്പെടുന്നതെന്ന് അന്വേഷിച്ച പഠനങ്ങളാണ്.
റോമില ഥാപ്പറും ഗായത്രി ചക്രവർത്തി സ്‌പിവാക്കും
യൂറോപ്യൻ, ഏഷ്യൻ സമൂഹങ്ങളെ വിവരിക്കാൻ ഉപയോഗിച്ചിരുന്ന അവരുടെ സിദ്ധാന്തങ്ങൾക്ക് സ്വീകാര്യത വരുന്നതിന് മുമ്പുതന്നെ, അവ സമൂഹങ്ങളിൽ എങ്ങനെ പ്രവർത്തിച്ചുവെന്നും മറ്റു സിദ്ധാന്തങ്ങൾ എങ്ങനെ രൂപപ്പെട്ടുവെന്നും മനസ്സിലാക്കുന്നതിനുള്ള ഉത്തേജകങ്ങളായി പ്രവർത്തിച്ചിരുന്നു. എന്നാൽ ഏഷ്യയെക്കുറിച്ച് പഠിച്ച ഗവേഷകരുടെ കണ്ടെത്തലുകൾ എന്തെന്നാൽ, യൂറോപ്യൻ സമൂഹങ്ങളുടെ വിമർശനാത്മകമായ വിലയിരുത്തലുകൾ ഒരുതരത്തിലും ഏഷ്യൻ സമൂഹങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങൾക്കും അനുമാനങ്ങൾക്കും പ്രായോഗികമല്ല എന്നതായിരുന്നു.
യൂറോപ്പിലെ ചരിത്രപരമായ മാറ്റത്തിന്റെ മാതൃകയെക്കുറിച്ചുള്ള കാൾ മാർക്‌സ് അവതരിപ്പിച്ച സിദ്ധാന്തത്തിൽ, ഏഷ്യൻ സമൂഹങ്ങളിൽ മാത്രം പ്രയോഗിക്കപ്പെട്ടിരുന്ന ‘ഏഷ്യാറ്റിക് ഉൽപ്പാദന വ്യവസ്ഥ’ എന്ന ആശയത്തിന് നേരിട്ടുള്ള ഒരു സൂചന ഉണ്ടായിരുന്നില്ല. യൂറോപ്യൻ മാതൃകയിൽ ചരിത്രപരമായ മാറ്റം, തെളിവുകളുടെ അഭാവത്തിൽ തള്ളിക്കളയപ്പെട്ട, പ്രാകൃത കമ്യൂണിസത്തിൽ നിന്ന് ആരംഭിച്ച്, മാർക്‌സ് ‘അടിമ ഉൽപ്പാദന വ്യവസ്ഥ’ (Slave Mode of Production) എന്നു വിശേഷിപ്പിച്ച ഘട്ടത്തിലേക്കാണ് നീങ്ങുന്നതെന്ന് വ്യാഖ്യാനിക്കപ്പെട്ടു. ഗ്രീക്ക്-, റോമൻ സമൂഹങ്ങളിലേതുപോലെ, ഈ ഘട്ടത്തിൽ ഒരു ചെറിയ ഭരണവർഗം അടിമകളുടെ അധ്വാനം ഉപയോഗിച്ച് സമ്പത്ത് ശേഖരിക്കുകയും ആഡംബരജീവിതം നയിക്കുകയും ചെയ്‌തു. സമ്പത്തും വിഭവങ്ങളും സമൂഹത്തിൽ സമമായി വിതരണം ചെയ്യപ്പെട്ടിരുന്നില്ല; അധികവും ഭരണവർഗത്തിന്റെ കൈകളിലായിരുന്നു. ഇത്തരത്തിലുള്ള ചില ഘടനാപരമായ സാമ്യങ്ങൾ ഇന്ത്യയിലെ ചില സാമൂഹിക സാഹചര്യങ്ങളുമായി താരതമ്യം ചെയ്യാനാകുമെങ്കിലും, യൂറോപ്യൻ ‘അടിമ ഉൽപ്പാദന വ്യവസ്ഥ’യെ ഇന്ത്യയുടെ ചരിത്രത്തിൽ അതേരൂപത്തിൽ പ്രയോഗിക്കാൻ സാധിക്കില്ലെന്നാണ് പല ചരിത്രകാരന്മാരുടെയും അഭിപ്രായം. തുടർന്ന് യൂറോപ്യൻ സമൂഹങ്ങൾ, അടിയാളരുടെ അധ്വാനത്തിൽനിന്ന് ലഭിക്കുന്ന വരുമാനം അടിസ്ഥാനമാക്കിയുള്ള ഒരു ജന്മി വരേണ്യ ക്രമത്തിലൂടെ ക്രമേണ ‘ജന്മിത്വ ഉൽപ്പാദന വ്യവസ്ഥ’യിലേക്ക് (Feudal Mode of Production) മാറിയതായി വ്യാഖ്യാനിക്കപ്പെട്ടു. ഈ ഘട്ടത്തിൽ അധ്വാനം എന്നത് പ്രധാനമായും കൃഷിയുമായി ബന്ധപ്പെട്ട കർഷകരെയും പിന്നീട് നഗര കേന്ദ്രങ്ങളിലെ കരകൗശല തൊഴിലാളികളെയും സൂചിപ്പിക്കുന്ന സാമൂഹിക വിഭാഗമായി രൂപാന്തരപ്പെട്ടു. യൂറോപ്പിലെ വ്യാവസായിക വിപ്ലവത്തിനുശേഷം ജന്മിത്വ സമ്പ്രദായം ക്രമേണ മുതലാളിത്ത സമ്പ്രദായത്തിലേക്ക് (Capitalist Mode of Production) മാറിയതായി കാണപ്പെടുന്നു. ഈ ഘട്ടത്തിൽ അസമത്വത്തിന്റെ പ്രധാന രൂപം വ്യവസായ ഉടമകളും യന്ത്രാധിഷ്ഠിത ഉൽപ്പാദനത്തിൽ അധ്വാനിക്കുന്ന തൊഴിലാളികളും തമ്മിലുള്ള ബന്ധത്തിലേക്ക് മാറി. യൂറോപ്പിൽ ഈ മാറ്റം ഒരു ദിശയിൽ സമത്വപരമായ ഭാവിയിലേക്കുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെടുകയും, സമ്പത്തിന്റെയും വിഭവങ്ങളുടെയും കൂടുതൽ തുല്യമായ വിതരണം, തുല്യാവകാശങ്ങളെ അടിസ്ഥാനമാക്കിയുള്ള ഒരു സമൂഹക്രമം സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുകയും ചെയ്‌തു. ഓരോ കാലഘട്ടത്തിനും അനുയോജ്യമായ രീതിയിൽ സമൂഹത്തിൽ മാറ്റങ്ങൾ സംഭവിക്കുന്നുവെന്നും അതിനനുസരിച്ച് ചരിത്രപരമായ മാറ്റങ്ങളെ പ്രതിഫലിപ്പിക്കുന്ന ഘടനകൾ കണ്ടെത്തേണ്ടതുണ്ടെന്നും ഈ സിദ്ധാന്തങ്ങൾ മുന്നോട്ടുവച്ചു. ഇതിലൂടെ ഉയർന്ന പ്രധാന ചോദ്യം, മാറ്റത്തിന്റെ ഘടന എന്താണ്, ആ ഘടനാപരമായ മാറ്റങ്ങൾ എന്തുകൊണ്ട് സംഭവിക്കുന്നു എന്നതായിരുന്നു.
യൂറോപ്പിന്റെ ചരിത്രം വിവിധ ഘട്ടങ്ങളിലൂടെയും രൂപപ്പെടലുകളിലൂടെയും മാറ്റങ്ങൾ കൈവരിച്ച ഒന്നായാണ് ചരിത്രരചനയിൽ രേഖപ്പെടുത്തിയിട്ടുള്ളത്; ഈ മാറ്റങ്ങളെ വിശദീകരിക്കുന്ന കാരണപരമായ വിവരണങ്ങളും ചരിത്രകാരന്മാർ വിശദമായി അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയെക്കുറിച്ചുള്ള വസ്‌തുതകളെ സമീപിച്ച രീതി ഇതിൽനിന്ന് ഗണ്യമായി വ്യത്യസ്‌തമായിരുന്നു. ഇവിടെ സമൂഹം പലപ്പോഴും സ്ഥിരതയുള്ളതോ, അല്ലെങ്കിൽ ദ്വിരാഷ്‌ട്ര സിദ്ധാന്തത്തിന്റെ തർക്കരൂപങ്ങളിൽ ഒതുക്കപ്പെടുന്നതോ ആയ ഒരു ഘടനയായി അവതരിപ്പിക്കപ്പെട്ടു. ഏഷ്യൻ ചരിത്രത്തിലെ മാറ്റത്തിന്റെ ഘടനകൾ കണ്ടെത്താനുള്ള ചില ചരിത്രകാരന്മാരുടെ ശ്രമങ്ങൾ ഉണ്ടായിരുന്നുവെങ്കിലും, അവയ്‌ക്ക് വലിയ വിജയം കൈവരിക്കാൻ സാധിച്ചില്ല. എന്നിരുന്നാലും, ഈ ശ്രമങ്ങൾ തന്നെ ഒരു പരിധിവരെ ഉപയോഗപ്രദമായിരുന്നു എന്ന് പറയാം. കാരണം, അവ പ്രദേശത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള അന്വേഷണങ്ങൾക്ക് പുതിയ ദിശകൾ തുറന്നു. മറ്റു സമൂഹങ്ങളുടെ ഘടനാപരമായ മാതൃകകൾ ഇന്ത്യക്ക് ബാധകമാണോ എന്ന് പരിശോധിക്കുന്ന ഈ ശ്രമം, ഇന്ത്യൻ ചരിത്രകാരന്മാരെ ഇന്ത്യയുടെ സാമൂഹികവും രാഷ്ട്രീയവുമായ ചരിത്രത്തെ കൂടുതൽ വ്യത്യസ്‌തമായ വീക്ഷണകോണുകളിൽ നിന്ന് പുനഃപരിശോധിക്കാനും പുനർവിചിന്തനം ചെയ്യാനും പ്രേരിപ്പിച്ചു.
ഈ അന്വേഷണങ്ങളുടെ ഫലമായി രൂപംകൊണ്ടത് ഇന്ന് നമ്മൾ ‘ചരിത്രരചനാശാസ്ത്രം’ എന്ന് വിളിക്കുന്ന പഠനപരമ്പരയിലേക്കാണ്. ഇതിൽ ചരിത്രഗവേഷണത്തിന്റെ മൂന്ന് പ്രധാന വശങ്ങൾ ഉൾക്കൊള്ളുന്നു. ഒന്നാമതായി, ചരിത്രവിശകലനം തെളിയിക്കപ്പെട്ടതും വിശ്വസനീയവുമായ വസ്‌തുതകളെ അടിസ്ഥാനമാക്കിയിരിക്കണമെന്ന നിർബന്ധം ഉയർന്നുവന്നു. ചരിത്രകാരൻ പ്രാചീന ഗ്രന്ഥങ്ങളോ സമകാലിക വ്യാഖ്യാനങ്ങളോ ഉപയോഗിക്കുന്നുവെങ്കിലും, അവ എല്ലാംതന്നെ സ്ഥിരീകരിക്കപ്പെട്ട തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കണം; ഇതോടെ സ്രോതസ്സുകളുടെ കൃത്യത ഒരു പ്രധാന വിഷയമായി മാറി. ഓരോ ചരിത്രസാമാന്യവൽക്കരണവും തെളിവുകൾ അടിസ്ഥാനമാക്കിയുള്ളതാണെന്ന് വ്യക്തമാക്കേണ്ടതിന്റെ ആവശ്യകതയും ശക്തമായി. രണ്ടാമതായി, സംഭവങ്ങളുടെ കാരണങ്ങളെയും അവ എങ്ങനെ സംഭവിച്ചു എന്നതുമായ വസ്‌തുതകളെ വിശകലനം ചെയ്‌ത് അവയെ തമ്മിൽ ബന്ധിപ്പിക്കുമ്പോൾ, ആ വിശദീകരണം ന്യായവും യുക്തിയും ഉള്ളതായിരിക്കണമെന്ന മാനദണ്ഡം രൂപപ്പെട്ടു. ആഗ്രഹത്തിനനുസരിച്ചുള്ള വ്യാഖ്യാനങ്ങളോ ഭാവനയിൽ അധിഷ്ഠിതമായ നിർമിതികളോ ഈ സമീപനത്തിൽ അംഗീകരിക്കപ്പെട്ടിരുന്നില്ല. മൂന്നാമതായി, മുൻകാല സംഭവങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ ഒരു സംഭവം എങ്ങനെ, എന്തുകൊണ്ട് സംഭവിച്ചു എന്ന ചോദ്യത്തെ കേന്ദ്രബിന്ദുവാക്കി അന്വേഷിക്കേണ്ടതിന്റെ ആവശ്യകത ഉയർന്നു. ഇതുവഴി ചരിത്രസംഭവങ്ങളെ കൂടുതൽ ആഴത്തിൽ മനസ്സിലാക്കാനും കൂടുതൽ ശക്തമായ വിശദീകരണങ്ങളിലേക്കെത്താനും സാധിച്ചു.
എറിക് ഹോബ്‌സ്‌ബാമും റോമില ഥാപ്പറും
ഉദാഹരണത്തിന്, യൂറോപ്പിലെ ജന്മിസമ്പ്രദായത്തെ ഒരു പ്രത്യേക മാതൃകയായി മാർക്‌സ് നിർവചിക്കുമ്പോൾ, അതേ മാതൃക ഒന്നാം സഹസ്രാബ്ദത്തിന്റെ അവസാനത്തിലും എ ഡി രണ്ടാം സഹസ്രാബ്ദത്തിന്റെ തുടക്കത്തിലും ഇന്ത്യൻ ചരിത്രത്തിൽ പ്രയോഗിക്കാനാകുമോ എന്ന ചോദ്യം സ്വാഭാവികമായി ഉയരുന്നു. അതുപോലെ, അറിവിന്റെയും അധികാരത്തിന്റെയും (knowledge and power) ബന്ധത്തെക്കുറിച്ചുള്ള ഫൂക്കോയുടെ ആശയങ്ങൾ ഇന്ത്യൻ ചരിത്രപരിസരത്തിൽ പ്രയോഗിക്കുമ്പോൾ, ബ്രാഹ്മണ (brahmana) എന്ന ആശയഘടനയുടെ രൂപീകരണവും അതിലൂടെ നിർമിക്കപ്പെട്ട ‘സത്യാവകാശ’ത്തിന്റെ (truth-claims) സ്വഭാവവും എങ്ങനെയാണ് പ്രവർത്തിച്ചിരുന്നത് എന്നതുപോലുള്ള പുതിയ വായനകൾക്കും സാധ്യതകൾ തുറക്കപ്പെടുന്നു.
ഒരു സമൂഹത്തെ മനസ്സിലാക്കുന്നതിൽ മാർക്‌സിസ്റ്റ്, വെബെറിയൻ (Weberian) അല്ലെങ്കിൽ മറ്റേതെങ്കിലും സൈദ്ധാന്തിക ഘടനകൾ പ്രയോഗിക്കുന്നതിൽ ഭയപ്പെടുകയോ സംശയിക്കുകയോ ചെയ്യേണ്ടതില്ല. ഇവയെല്ലാം സാധ്യമായ സാമൂഹിക പ്രവർത്തനങ്ങളെ വിശദീകരിക്കാൻ ശ്രമിക്കുന്ന, ഒരു സമൂഹത്തെ കൂടുതൽ ഫലപ്രദമായി വിശകലനം ചെയ്യുന്നതിനുള്ള രീതികളാണ്. അവയിൽ ഏതെല്ലാം സമീപനങ്ങൾ പ്രയോഗയോഗ്യമാണെന്ന് ചരിത്രകാരൻ തന്നെ വിമർശനാത്മകമായി പരിശോധിക്കേണ്ടതുണ്ട്. ഒരു സമൂഹം എങ്ങനെ പ്രവർത്തിക്കുന്നു എന്നത് മനസ്സിലാക്കി അതിനെ വിശദീകരിക്കുകയെന്ന ലക്ഷ്യത്തോടെ വിവിധ വീക്ഷണകോണുകളിൽനിന്ന് അതിനെ സമീപിക്കാനുള്ള സാധ്യതകൾ ഈ രീതികൾ തുറന്നുതരുന്നു. ഇതിന്റെ അർഥം, ദ്വിരാഷ്‌ട്ര സിദ്ധാന്തമോ ആര്യൻ വംശ സിദ്ധാന്തമോ പോലുള്ള ഏകപക്ഷീയമായ സിദ്ധാന്തങ്ങളെ മാത്രം ആശ്രയിച്ച് ഇന്ത്യൻ ഭൂതകാലത്തെ വിശദീകരിക്കേണ്ടതാണെന്നല്ല. ചരിത്രവിശകലനത്തിനായി ഉപയോഗിക്കുന്ന സിദ്ധാന്തപരമായ ഉപകരണങ്ങളെ ഒരു രാഷ്‌ട്രീയ പ്രത്യയശാസ്‌ത്രമായി മാറ്റുന്നതും അവയെ വിശകലനരീതികളായി ഉപയോഗിക്കുന്നതും തമ്മിൽ വ്യക്തമായ വ്യത്യാസം നിലനിർത്തേണ്ടതുണ്ട്. വ്യാഖ്യാനോപാധികളായുള്ള സിദ്ധാന്തങ്ങളും അവയുടെ പ്രത്യയശാസ്‌ത്രപരമായ ഉപയോഗവും ഒരേ കാര്യമല്ല എന്ന തിരിച്ചറിവാണ് ഇവിടെ നിർണായകം.
എന്താണ് ചരിത്രപരമായ മാറ്റങ്ങൾക്ക് കാരണം? ഉൽപ്പാദന വ്യവസ്ഥാ (Theory of modes) സിദ്ധാന്തങ്ങളനുസരിച്ച്, ചരിത്രത്തിന്റെ നിരന്തരമായ പ്രവാഹത്തിൽ ഒരു ഘടന മറ്റൊന്നായി രൂപാന്തരപ്പെടുന്നത് അനിവാര്യമായ സവിശേഷതയാണ്. ഈ പരിണാമങ്ങൾ ഓരോ വ്യവസ്ഥയ്‌ക്കുള്ളിലും സംഘർഷഭരിതമായ സാഹചര്യങ്ങൾ സൃഷ്ടിക്കുന്നുണ്ട്. മാറ്റമെന്നത് ഏകമുഖമായ ഒരു പ്രക്രിയയല്ല; ഓരോ കാലഘട്ടത്തിലും അതിന്റെ കാരണങ്ങൾ വ്യത്യസ്‌തങ്ങളും നൂതനവുമായ രൂപങ്ങൾ കൈക്കൊള്ളുന്നു. മാറ്റങ്ങളെ ഉൾക്കൊള്ളാൻ വിസമ്മതിക്കുന്ന യാഥാസ്ഥിതികത നിലനിൽക്കുന്നിടത്ത്, വിയോജിപ്പിന്റെയും പ്രതിരോധത്തിന്റെയും സ്വരങ്ങൾ ഉയരുന്നു. തീസിസും (Thesis) അതിനെ വെല്ലുവിളിക്കുന്ന ആന്റി-തീസിസും (Anti-thesis) തമ്മിലുള്ള ഈ വൈരുധ്യാത്മക സംഘർഷമാണ് ചരിത്രത്തിന്റെ കാതൽ. ഈ സംഘർഷത്തിൽ നിന്നാണ് പുതിയൊരു ലോകക്രമം ഉദയം ചെയ്യുന്നത് .
(അടുത്ത ലക്കത്തിൽ
അവസാനിക്കും)










0 comments