ad
Deshabhimani

കവർസ്റ്റോറി

താതാ നിൻ കൽപ്പനയാൽ...

എസ്‌ ജാനകി, പി ഭാസ്‌കരൻ  എന്നിവർക്കൊപ്പം രവി മേനോൻ
avatar
രവി മേനോൻ

Published on Jul 27, 2026, 02:41 PM | 5 min read

-------------------------

നോധർമത്തിന്റെ അനന്തവിശാലമായ വാനപഥങ്ങളിൽ സ്വതന്ത്രമായി വിഹരിച്ചശേഷം ഭൂമിയിൽ തിരിച്ചെത്തിയപ്പോൾ ചുറ്റും കാതടപ്പിക്കുന്ന നിശ്ശബ്ദത. സ്റ്റുഡിയോയിലെ സകലചരാചരങ്ങളും ഗായികയുടെ ആലാപനത്തിന്റെ ഇന്ദ്രജാലത്തിൽ മുഴുകി തരിച്ചിരിക്കുന്നു.

റെക്കോഡിങ്‌ റൂമിന്റെ വാതിൽ തുറന്ന് സംഗീത സംവിധായകൻ അകത്ത്‌ കടന്നുവന്നത് അപ്പോഴാണ്. മൈക്കിന് മുന്നിൽ പുഞ്ചിരിച്ചുനിന്ന ഗായികയോട് തൊഴുകൈയോടെ അദ്ദേഹം പറഞ്ഞു: ‘‘എങ്ങനെ ഇത്ര നന്നായി പാടുന്നു? ഞാൻ വിചാരിച്ചതിനും അപ്പുറത്തേക്ക് പാട്ടിനെ കൊണ്ടുപോയല്ലോ നിങ്ങൾ.’’

നിമിഷങ്ങൾ നീണ്ട മൗനമായിരുന്നു മറുപടി. വാചാലമായ മൗനം. മൗനത്തിനൊടുവിൽ നിറകണ്ണുകളോടെ ഗായിക പറഞ്ഞു: ‘‘നിങ്ങൾ ഇത്രയും മനോഹരമായ ട്യൂണുകൾ ഇട്ടുതരുമ്പോൾ എനിക്കെങ്ങനെ നന്നായി പാടാതിരിക്കാൻ കഴിയും? എന്റെ ഹൃദയത്തിൽനിന്നാണ് ഞാൻ പാടിയത്. നിങ്ങൾക്ക് വേണ്ടി.’’

ഗായിക മറ്റാരുമല്ല: എസ് ജാനകി. സംഗീത സംവിധായകൻ എം എസ് ബാബുരാജ്. പാട്ട്, ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രത്തിലെ "താമരക്കുമ്പിളല്ലോ മമ ഹൃദയം.' (രചന: പി ഭാസ്‌കരൻ).

ബാബുരാജുമായുള്ള ആത്മബന്ധം ഓർത്തെടുക്കവേ ഒരിക്കൽ വികാരഭരിതയായി ജാനകിയമ്മ വിവരിച്ചുകേട്ട അനുഭവം. പാട്ടിന്റെ ഒടുവിൽ പല്ലവി ആവർത്തിക്കുന്നതിന് തൊട്ടുമുൻപുള്ള ‘ദേവാ...’ എന്ന വിളിയിൽ അൽപ്പം മനോധർമം കൂടി ചാലിച്ചുചേർക്കട്ടെ എന്ന് വിനയപൂർവം ചോദിച്ചതേയുള്ളൂ ജാനകി. നിങ്ങളുടെ ഇഷ്ടം പോലെ എന്നായിരുന്നു പതിവുപോലെ മറുപടി. മൈക്കിന് മുന്നിൽ നിശ്ചലയായി നിന്ന് തന്റെ "ദേവനെ' മറ്റേതോ ആകാശങ്ങളിലേക്ക് ജാനകി ഉയർത്തിക്കൊണ്ടുപോകുന്നത് വിസ്മയത്തോടെ കേട്ടുനിന്നു ബാബുരാജ്.

ഗായികയും സംഗീത ശിൽപ്പിയും തമ്മിലുള്ള ഹൃദയബന്ധത്തിന്റെ ഉദാത്തമായ ഉദാഹരണങ്ങൾ അങ്ങനെ എത്രയെത്ര.

‘ഭാർഗവീനിലയ’ത്തിലെ "വാസന്ത പഞ്ചമിനാളിൽ' എന്ന പാട്ടിലെ ആദ്യാക്ഷരത്തിന് എസ് ജാനകി പകർന്നുനൽകിയ ഭാവസ്‌പർശം ആസ്വദിച്ചു മതിവന്നിട്ടില്ല ഇനിയും. ആറു പതിറ്റാണ്ടുകൾക്കിപ്പുറവും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു സ്വപ്‌നതുല്യമായ ആ തുടക്കം. വായിൽനിന്ന് പുറപ്പെടുന്നതല്ല ആ "വാ'; തൊണ്ടയിൽ നിന്നുമല്ല. ആത്മാവിന്റെ ആഴങ്ങളിൽനിന്നാണെന്നു തോന്നും ചിലപ്പോൾ. ഭാസ്‌കരൻ മാഷിന്റെ വിഷാദമധുരമായ വരികളും അലോഷ്യസ് വിൻസന്റിന്റെ സംവിധാനമികവും ഭാസ്‌കർ റാവു‐പി എൻ സുന്ദരം സഖ്യത്തിന്റെ ബ്ലാക്ക് ആൻഡ് വൈറ്റ് ക്യാമറ ഫ്രെയിമുകളും കൂടി ചേരുമ്പോൾ കാത്തിരിപ്പിന്റെ അനശ്വര പ്രേമകുടീരമായി മാറുന്നു "ഭാർഗവീനിലയ'ത്തിലെ ആ പാട്ട്. ഗാനലോകത്തെ താജ്മഹൽ.

മിക്ക ദിവസങ്ങളിലും കേൾക്കാറും കാണാറുമുണ്ട് ആ ഗാനം. ഓരോ കേൾവിയും മനസ്സിൽ നിറയ്‌ക്കുക പുതുപുത്തൻ അനുഭൂതികൾ, കൗതുകങ്ങൾ. പല്ലവിയുടെ തുടക്കത്തിലെ ‘വാസന്തപഞ്ചമിനാളിൽ’ എന്ന വാക്ക് പാട്ടിൽ പല ഘട്ടങ്ങളിലായി ആറു തവണ ആവർത്തിക്കുന്നുണ്ട് ജാനകി; ആറും വ്യത്യസ്‌ത രീതിയിൽ. ഏതിനാണ് ഏറ്റവും ഭംഗി എന്ന് നിർവചിക്കാൻ പറ്റില്ല നമുക്ക്. മനോധർമ പ്രയോഗത്തിന്റെ ഒരു മായാലോകം.

എസ്‌ ജാനകി, പി ഭാസ്‌കരൻ  എന്നിവർക്കൊപ്പം രവി മേനോൻഎസ്‌ ജാനകി, പി ഭാസ്‌കരൻ എന്നിവർക്കൊപ്പം രവി മേനോൻ

മൂന്ന് പതിറ്റാണ്ടു മുൻപത്തെ ആദ്യ കൂടിക്കാഴ്‌ചയിൽ, ചെന്നൈ നീലാങ്കരിയിലെ വീട്ടിലിരുന്ന് ആദ്യവരിയുടെ ആ "തനിയാവർത്തനങ്ങൾ' പകർന്നുതന്ന അനുഭൂതി പങ്കുവച്ചപ്പോൾ കണ്ണുകൾ ചിമ്മി തൊഴുകൈയോടെ പ്രിയ സംഗീത സംവിധായകന് പ്രണാമം അർപ്പിച്ചു ജാനകിയമ്മ. ""ബാബുരാജ് വിശ്വാസപൂർവം അനുവദിച്ചുതന്ന സ്വാതന്ത്ര്യം ഞാൻ പ്രയോജനപ്പെടുത്തി എന്നേയുള്ളൂ''--‐ ജാനകി പറയും. ‘‘പാടുമ്പോൾ സ്വാഭാവികമായി വന്നുചേരുന്നവയാണ് അത്തരം ഇംപ്രുവൈസേഷനുകൾ. ബോധപൂർവം ചെയ്യുന്നതല്ല. ഭാഗ്യവശാൽ എന്റെ കുസൃതി കലർന്ന പരീക്ഷണങ്ങളൊക്കെ ചിരിച്ചുകൊണ്ട് അനുവദിച്ചുതരും ബാബുരാജ്. അതദ്ദേഹത്തിന്റെ വലിയ മനസ്സ്.’’

അതേ ഇരിപ്പിൽ ‘വാസന്തപഞ്ചമിനാളിൽ’ എന്ന തുടക്കം പിന്നേയും പിന്നേയും പാടിക്കേൾപ്പിച്ചുതന്നു ജാനകിയമ്മ, ഓരോ തവണയും മനോധർമത്തിന്റെ പൊന്നലുക്കുകൾ തുന്നിച്ചേർത്തുകൊണ്ട്. ദൈവമേ, ഇത്രയും വസന്തവും പഞ്ചമിയുമുണ്ടോ ഈ ഭൂമിയിൽ എന്നോർത്ത് വിസ്മയിച്ചിരുന്നു ഞാനും ഒപ്പമുണ്ടായിരുന്ന ഗായകൻ എം എസ് നസീമും.

ബാബുരാജിന്റെ മിക്ക ഗാനങ്ങളിലുമുണ്ട് ജാനകി ഹൃദയത്താൽ തുന്നിച്ചേർത്ത ഇത്തരം പൊന്നലുക്കുകൾ. കവിളത്തെ കണ്ണീർ കണ്ട്, അവിടുന്നെൻ ഗാനം കേൾക്കാൻ, തേടുന്നതാരെയീ ശൂന്യതയിൽ... എത്രയെത്ര ഉദാഹരണങ്ങൾ. ""ആ കാലം ഇനി തിരിച്ചുവരില്ല എന്നോർക്കുമ്പോൾ ദുഃഖം. അത്തരം പാട്ടുകളും''--‐ ശബ്ദത്തിലെ നൊമ്പരം മറയ്‌ക്കാതെ ജാനകി പറഞ്ഞു.

എസ്‌ ജാനകി സ്‌റ്റുഡിയോയിൽ റെക്കോർഡിങ്ങിനിടെ.  ആദ്യകാല ചിത്രംഎസ്‌ ജാനകി സ്‌റ്റുഡിയോയിൽ റെക്കോർഡിങ്ങിനിടെ. ആദ്യകാല ചിത്രം

വസന്തയോടൊപ്പം പാടിയ ‘പാവനനാം ആട്ടിടയാ’ (അന്വേഷിച്ചു കണ്ടെത്തിയില്ല) എന്ന പാട്ട് ഓർമവരുന്നു. "ഇന്ന് മുന്നിലിരിക്കുമീ അന്നം നിന്റെ സമ്മാനമല്ലയോ, ഇന്ന് ഞങ്ങൾ തൻ പാനപാത്രത്തിൽ നിന്റെ കാരുണ്യ ജീവനം...' എന്ന വരിയുടെ ലാളിത്യത്തിൽ, അതിലടങ്ങിയ സന്ദേശത്തിന്റെ തീവ്രതയിൽ അറിയാതെ കണ്ണു നിറഞ്ഞുപോകാറുണ്ട് പലപ്പോഴും. "നിന്റെ സമ്മാനമല്ലയോ' എന്ന വരി എസ് ജാനകി ആവർത്തിച്ചു പാടുന്നത് കോരിത്തരിപ്പോടെയല്ലാതെ കേട്ടിരുന്നിട്ടില്ല ഇതുവരെ. എത്ര ഭാവദീപ്തമായാണ്, എത്ര വികാരവായ്‌പോടെയാണ് ജാനകിയമ്മ ആ വരിക്ക്‌ ആത്മാവ് പകർന്നു നൽകിയിരിക്കുന്നത്. ആ ഒരൊറ്റ വരി കൊണ്ട്, വെറുമൊരു ഭക്തിഗാനത്തെ ദാർശനിക കാവ്യത്തിന്റെ തലത്തിലേക്ക് വളർത്തുന്നു ഭാസ്‌കരൻ മാസ്റ്റർ. മെലഡിയുടെ മൃദുസ്‌പർശമുള്ള ബാബുരാജിന്റെ ഈണം ആ കാവ്യത്തെ കാലാതിവർത്തിയാക്കുന്നു.


ജാനകിയുടെ ആലാപനശൈലിയുടെ ഈ മാന്ത്രികവശം ബുദ്ധിപൂർവം പ്രയോജനപ്പെടുത്തിയ വേറെയും സംഗീത ശിൽപ്പികളുണ്ട്. "സംഗീത സംവിധായകന്റെ സങ്കല്‍പ്പങ്ങള്‍ക്ക് അപ്പുറത്തേക്ക് ഗാനത്തെ ഉയര്‍ത്താന്‍ കഴിവുള്ള ഗായികയാണ് ജാനകി' എന്ന് പുകഴേന്തി. ‘കൊച്ചനിയത്തി’ എന്ന സിനിമയിലെ ‘സുന്ദരരാവില്‍ ചന്ദനമുകിലിൽ’ എന്ന ഗാനത്തിന്റെ പല്ലവിയിലെ "അനുരാഗത്തിന്‍ ആദ്യ നൊമ്പരം' എന്ന വരിയ്‌ക്ക്‌ ജാനകി പകര്‍ന്നുനല്‍കിയ ഭാവസ്‌പര്‍ശം അവിശ്വസനീയമായിരുന്നു അദ്ദേഹത്തിന്. "ആദ്യ' എന്ന രണ്ടക്ഷരങ്ങളില്‍ അത്രയും പ്രണയം നിറച്ചുവച്ച മറ്റൊരു ഗായികയുമുണ്ടാവില്ല.

സമാനമായ ഒരനുഭവം എ ടി ഉമ്മറും വിവരിച്ചു കേട്ടിട്ടുണ്ട്. ‘സൂത്രക്കാരി’യിലെ "ഏകാന്തതയില്‍ ഒരാത്മാവ് മാത്രം' എന്ന പാട്ടിന്റെ റെക്കോഡിങ്‌. പാട്ടിന്റെ അവസാനം പല്ലവി ആവര്‍ത്തിക്കപ്പെടുന്ന ഭാഗത്ത് ഏകാന്തത എന്ന വാക്ക് കുറച്ചുകൂടി ഫീല്‍ കൊടുത്ത് അവതരിപ്പിക്കട്ടെ എന്നേ ജാനകി ചോദിച്ചുള്ളൂ. ഉമ്മറിന് പൂര്‍ണസമ്മതം. ""ഒരു ദീര്‍ഘനിശ്വാസത്തിന്റെ അകമ്പടിയോടെ ആ വാക്ക് അവര്‍ ഉച്ചരിച്ചു കേട്ടപ്പോള്‍ കണ്‍സോളില്‍ ഇരുന്നു ശരിക്കും കരഞ്ഞുപോയി ഞാന്‍.''

മാന്ത്രികമായ ഈ പകർന്നാട്ടത്തിന്റെ പൊരുളെന്തെന്ന് ചോദിച്ചുനോക്കിയിട്ടുണ്ട് പ്രിയഗായികയോട്. വരികൾക്കും വാക്കുകൾക്കും മാത്രമല്ല, അക്ഷരങ്ങൾക്ക് പോലും അനുയോജ്യമായ ഭാവം ഞൊടിയിടയിൽ പകർന്നുനൽകാൻ എങ്ങനെ കഴിയുന്നു,-- പാടുന്നത് മാതൃഭാഷയിൽ അല്ലാതിരുന്നിട്ടുപോലും? ""അറിയില്ല. എല്ലാം ഭഗവാൻ കൃഷ്‌ണന്റെ കൃപ.''- തെന്നിന്ത്യയുടെ വാനമ്പാടി പറയും. ""വരികൾ വായിച്ചുകേൾക്കുമ്പോഴേ പാട്ടിന് ഇണങ്ങുന്ന മൂഡ് മനസ്സിൽ വന്നു നിറഞ്ഞിരിക്കും. പിന്നീട്‌ നടക്കുന്നതൊന്നും എന്റെ നിയന്ത്രണത്തിലുള്ള കാര്യങ്ങളല്ല. പൊതുവെ ഇമോഷണൽ ആണ് ഞാൻ. ചിരിയും കരച്ചിലുമൊക്കെ പെട്ടെന്നാണ് പൊട്ടിപ്പുറപ്പെടുക; മായുന്നതും അതേ വേഗത്തിൽ തന്നെ. പാട്ടിനോട് നമ്മൾ ആത്മബന്ധം സ്ഥാപിച്ചുകഴിഞ്ഞാൽ പിന്നീടെല്ലാം തനിയെ വന്നുകൊള്ളും. ധാരാളം സ്വാതന്ത്ര്യം അനുവദിക്കുന്ന സംഗീതസംവിധായകർ ആണെങ്കിൽ ആ ദൗത്യം കൂടുതൽ എളുപ്പമാകുമെന്നു മാത്രം... ബാബുരാജ്, പുകഴേന്തി, ചിദംബരനാഥ്, എ ടി ഉമ്മർ, ജോൺസൺ, വിദ്യാസാഗർ ഒക്കെ സ്‌നേഹപൂർവം ആ സ്വാതന്ത്ര്യം അനുവദിച്ചവരാണ്...''

""കരഞ്ഞോളൂ; പക്ഷെ ശബ്ദം പുറത്തുകേൾക്കരുത്. നേർത്ത മഴയായി അകത്ത് പെയ്‌തുകൊള്ളട്ടെ കണ്ണീർ.''-- എ വി എം സ്റ്റുഡിയോയിലെ മൈക്കിന് മുന്നിൽ പാടാനൊരുങ്ങിനിന്ന ഗായികയോട് അത്രയേ പറഞ്ഞുള്ളൂ സംഗീതസംവിധായകൻ ജോൺസൺ മാസ്റ്റർ. പക്ഷേ എസ് ജാനകി കരഞ്ഞില്ല. കരഞ്ഞത് നമ്മളാണ്; സംഗീതാസ്വാദകർ. നിശ്ശബ്ദഗദ്ഗദം ഉള്ളിലൊതുക്കി ജാനകി അന്ന് പാടിയ ഗാനം ഇന്നും മലയാളികളുടെ ഹൃദയങ്ങളെ ആർദ്രമാക്കുന്നു; കണ്ണുകൾ ഈറനാക്കുന്നു: "സ്വർണമുകിലേ സ്വർണമുകിലേ സ്വപ്‌നം കാണാറുണ്ടോ, കണ്ണുനീർക്കുടം തലയിലേന്തി വിണ്ണിൻ വീഥിയിൽ നടക്കുമ്പോൾ... സ്വർണച്ചിറകുകൾ ചുരുക്കിയൊതുക്കി വസന്തരാത്രി മയങ്ങുമ്പോൾ, സ്വർണമുകിലേ സ്വർണമുകിലേ സ്വപ്‌നം കാണാറുണ്ടോ...' ‘ഇത് ഞങ്ങളുടെ കഥ’ (1982) എന്ന ചിത്രത്തിനു വേണ്ടി പി ഭാസ്‌കരൻ എഴുതിയ ഗാനം.

കോഴിക്കോട് സാമൂതിരി ഹൈസ്‌കൂൾ അങ്കണത്തിലെ വേദിയിൽ നിശ്ചലയായി, ഭാവഭേദമന്യേ നിന്നു പാടുന്ന ജാനകിയുടെ രൂപമാണ് ഓർമയിൽ. ആദ്യമായി കാണുകയായിരുന്നു കുട്ടിക്കാലത്തെ പ്രിയശബ്ദത്തിന്റെ ഉടമയെ. കയ്യിൽ നിവർ‍ത്തിപ്പിടിച്ച ഒരു കുഞ്ഞു പുസ്‌തകത്തിൽ‍ മുഴുകി മറ്റേതോ ലോകത്ത് സ്വയം നഷ്ടപ്പെട്ട് അങ്ങനെ നില്‍ക്കുകയാണെന്നേ തോന്നൂ ജാനകി. ചുണ്ടുകൾ അനങ്ങുന്നുണ്ടോ എന്നുപോലും സംശയം. പക്ഷെ സ്‌പീക്കറുകളിലൂടെ ഒഴുകിയിറങ്ങി വന്ന ശബ്ദത്തിന്റെ മാസ്മരികത ഒന്നു വേറെയായിരുന്നു. ആ നാദധാരയിൽ മുങ്ങിക്കുളിച്ച് കോരിത്തരിച്ചിരുന്നു നിറഞ്ഞ സദസ്സ്‌. "സൂര്യകാന്തി'യുടെ തുടക്കത്തിലെ മോഹിപ്പിക്കുന്ന ഹമ്മിങ്‌, "കണ്മണിയേ' എന്ന പാട്ടിലെ അടക്കിപ്പിടിച്ച ഗദ്ഗദം, ‘അവിടുന്നെൻ ഗാനം കേൾ‍ക്കാ’നിലെ ലജ്ജാവിവശത, ‘തങ്കം വേഗമുറങ്ങിയാൽ‍’ എന്ന പാട്ടിലെ വാത്സല്യം, ‘കേശാദിപാദ’ത്തിലെ നിർ‍മലമായ ഭക്തി...

എസ്‌ ജാനകി, മകൻ മുരളീകൃഷ്‌ണ എന്നിവർക്കൊപ്പം  രവി മേനോൻഎസ്‌ ജാനകി, മകൻ മുരളീകൃഷ്‌ണ എന്നിവർക്കൊപ്പം രവി മേനോൻ

മലയാളത്തിലാണ് ജാനകിയുടെ ഏറ്റവും വൈവിധ്യമാർന്ന ഗാനങ്ങൾ പിറന്നതെന്നു തോന്നിയിട്ടുണ്ട്. ആ ശബ്ദത്തിന്റെ അപാര സാധ്യതകൾ പ്രയോജനപ്പെടുത്താത്ത ഒരൊറ്റ സംഗീത സംവിധായകനും ഉണ്ടാവില്ല നമ്മുടെ ഭാഷയിൽ. ജാനകിയുടെ ശബ്ദവും ആലാപനശൈലിയും തന്റെ സംഗീത സങ്കൽപ്പങ്ങൾക്ക് അത്ര ഇണങ്ങുന്നതല്ലെന്നു പ്രഖ്യാപിച്ചിട്ടുള്ള സാക്ഷാൽ ദേവരാജൻ മാസ്റ്റർ പോലും അതീവ ഹൃദ്യമായ പാട്ടുകൾ സൃഷ്ടിച്ചു നൽകി അവർക്ക്. -‘പൂമണി മാരന്റെ കോവിലിൽ‍’, ‘അമ്പാടി പൈതലേ’ (മിണ്ടാപ്പെണ്ണ്), ‘ദേവകുമാരാ’ (തിലോത്തമ), ‘പൂത്തു പൂത്തു പൂത്തു നിൽക്കും പൊന്നശോകം’ (കരുണ), ‘മണിച്ചിലമ്പൊലി കേട്ടുണരൂ’ (ശകുന്തള), ‘കാണാൻ നല്ല കിനാവുകൾ കൊണ്ടൊരു’ (ഭാര്യ) തുടങ്ങിയ സോളോകൾ; ‘അരുവീ തേനരുവീ’ (അന്ന), ‘പ്രഭാത ഗോപുര വാതിൽ തുറന്നു’ (തുലാഭാരം) തുടങ്ങിയ യുഗ്മഗാനങ്ങൾ.

ദേവരാജന് വേണ്ടി അധികം പാട്ടുകൾ പാടാനായില്ല എന്നതാണ് സംഗീത ജീവിതത്തിൽ തന്റെ ഏറ്റവും വലിയ ദുഃഖങ്ങളിൽ ഒന്ന് എന്ന് ജാനകി പറഞ്ഞുകേട്ടതോർക്കുന്നു. ""പൂജ എന്ന സിനിമയിലെ മാനസസാരസ മലർ മഞ്ജരിയിൽ എത്ര സുന്ദരമായ പാട്ടായിരുന്നു! മലയാളത്തിൽ ഞാൻ‍ പാടിയവയിൽ വച്ച് എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട പാട്ടുകളിൽ ഒന്ന്. മാസ്റ്റർക്കും അത് ഇഷ്ടമായിട്ടുണ്ടാവണം. എന്നിട്ടും എന്റെ മലയാള ഉച്ചാരണത്തിൽ മാസ്റ്റർ തൃപ്തനായിരുന്നില്ല എന്ന് പറഞ്ഞുകേട്ടപ്പോൾ വേദന തോന്നി. ഉച്ചാരണം ഇത്രയും മോശമായിരുന്നെങ്കിൽ പിന്നെ എന്തുകൊണ്ടാവണം മലയാളികൾ എന്നെ ഇത്രകാലം സഹിച്ചത്?''


നേരിട്ട് തന്നെ ഒരിക്കൽ മാസ്റ്ററോട് ചോദിച്ചുനോക്കിയിട്ടുണ്ട് അക്കാര്യം. മറുപടി ഇതായിരുന്നു: ""ആലാപനത്തെ കുറിച്ചുള്ള എന്റെ കാഴ്‌ചപ്പാടുകൾക്ക് നിരക്കുന്നതായിരുന്നില്ല അവരുടെ ശബ്ദം. ആ സങ്കൽപ്പത്തോട് കൂടുതൽ‍ ഇണങ്ങിനിന്നത് സുശീലയുടെയും മാധുരിയുടെയും ശബ്ദങ്ങളാണ്. എങ്കിലും ജാനകി ബാബുരാജിന് വേണ്ടി പാടിയ പാട്ടുകൾ പലതും എനിക്ക് വളരെ ഇഷ്ടമാണ്. പ്രത്യേകിച്ച് ‘അഞ്ജനക്കണ്ണെഴുതി’, ‘വാസന്തപഞ്ചമി നാളിൽ’ എന്നിവ... എനിക്കു വേണ്ടി ജാനകി പാടിയ പാട്ടുകളിൽ‍ ഏറ്റവും സംതൃപ്തി നൽകിയത് ‘മിണ്ടാപ്പെണ്ണി’ലെ ‘പൂമണിമാരന്റെ കോവിലിൽ’ ആണ്.''

ഒരു കാര്യംകൂടി പറഞ്ഞു മാസ്റ്റർ: ""സിനിമാലോകത്ത് ഹൃദയവിശുദ്ധിയും വിനയവും ഒരുപോലെ കാത്തുസൂക്ഷിക്കുന്ന അപൂർവം വ്യക്തികളെയേ കണ്ടിട്ടുള്ളൂ. അവരിൽ ഒരാൾ ജാനകിയാണ്. പി ബി ശ്രീനിവാസ്, എസ്‌ പി ബാലസുബ്രഹ്മണ്യം എന്നിവരെയും പെടുത്താം ആ ഗണത്തിൽ. മറ്റുള്ളവരിൽ ഏറെയും കള്ളനാണയങ്ങളാണ്. ആത്മാർ‍ഥത തൊട്ടു തെറിച്ചിട്ടില്ലാത്തവർ.''

പി സുശീലയുടെ ശബ്ദത്തെ പെരിയാറിന്റെ മാദകത്വത്തോട്‌ ഉപമിക്കാറുണ്ടായിരുന്നു ഗായകൻ ജയചന്ദ്രൻ. ജാനകിയുടെ ശബ്ദത്തെ നിളയുടെ ശാലീനതയോടും. മലയാള സിനിമാ ഗാനങ്ങളുടെ ഒരു യുഗത്തെ സുവർണദീപ്തമാക്കിയത് സമാന്തരമായി ഒഴുകി ചരിത്രത്തിന്റെ ഭാഗമായിത്തീർന്ന ഈ രണ്ടു നാദധാരകൾ ചേർന്നാണ്. സൗമ്യസുന്ദരമായ ആ ഒഴുക്ക് തുടർന്നുകൊണ്ടേയിരിക്കും; റെക്കോഡിങ്‌ മുറിയിലല്ല; സാധാരണക്കാരായ സംഗീതപ്രേമികളുടെ ഹൃദയങ്ങളിൽ .



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home