കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കം: വീഴ്ചയുണ്ടായെന്ന് തുറന്നുസമ്മതിച്ച് മെറ്റ

ന്യൂഡൽഹി: കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ ഉള്ളടക്കങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വീഴ്ചയുണ്ടായെന്ന് തുറന്നുസമ്മതിച്ച് മെറ്റ. ഇനിമുതൽ ഇത്തരം അതിക്രമങ്ങളുമായി ബന്ധപ്പെട്ട ഉള്ളടക്കങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ 'ഇന്ത്യൻ സൈബർ ക്രൈം കോ-ഓർഡിനേഷൻ സെന്ററിന്റെ' പോർട്ടൽ വഴി കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് നേരിട്ട് വിവരങ്ങൾ കൈമാറാമെന്ന് കമ്പനി ഉറപ്പുനൽകി.
കുട്ടികൾക്കെതിരായ ലൈംഗിക ചൂഷണവും അതിക്രമങ്ങളുമായിബന്ധപ്പെട്ട പരസ്യങ്ങൾ പ്ലാറ്റ്‌ഫോമുകളിൽ പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മെറ്റയുടെ ഉദ്യോഗസ്ഥർ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന് ( നാഷണൽ കമ്മിഷൻ ഫോർ പ്രൊട്ടക്ഷൻ ഓഫ് ചൈൽഡ് റൈറ്റ്സ്) മുന്നിൽ ഹാജരായപ്പോഴാണ്, പ്ലാറ്റ്‌ഫോമിലുണ്ടായ വീഴ്ച മെറ്റ അധികൃതർ കമ്മീഷനു മുന്നിൽ അംഗീകരിച്ചത്.
മെറ്റ വെറുമൊരു ഇടനിലക്കാരൻ മാത്രമല്ലെന്നും, സ്വന്തം ആൽഗോരിതങ്ങൾ വഴി ഉള്ളടക്കങ്ങളെ പ്രോത്സാഹിപ്പിക്കുന്ന സേവനദാതാവാണെന്നും സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. അതിനാൽ ഈ കേസിൽ നിയമപരമായ പരിരക്ഷ കമ്പനിക്ക് അവകാശപ്പെടാനാകില്ലെന്നും അവർ ചൂണ്ടിക്കാട്ടി.
ഫെയ്‌സ്‌ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവയിലെ വിവാദ പരസ്യങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസ് എടുക്കുകയായിരുന്നു. തുടർന്നാണ് മെറ്റാ ഇന്ത്യ ചീഫ് അരുൺ ശ്രീനിവാസ് ഉൾപ്പെടെയുള്ളവർക്ക് സമൻസ് അയച്ചത്.









0 comments