താൽക്കാലിക ജീവനക്കാരുടെ പിരിച്ചുവിടൽ; സർക്കാർ പ്രവർത്തനങ്ങൾ ഇഴയുന്നു, പ്രതിസന്ധി

തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റതിന് പിന്നാലെ വിവിധ സർക്കാർ വകുപ്പുകളിലെ നിരവധി താൽക്കാലിക ജീവനക്കാരുടെ വെള്ളംകുടിയാണ് മുട്ടിച്ചിരിക്കുന്നത്. രാഷ്ട്രീയ നിയമനമെന്ന പേരിൽ ആയിരക്കണക്കിന് പേരെയാണ് യാതൊരു മര്യാദയും കൂടാതെ ജോലിയിൽ നിന്നും പുറത്താക്കുകയുണ്ടായത്. എപ്ലോയിമെന്റ് എക്സ്ചേഞ്ച് വഴി അഭിമുഖ പരീക്ഷയടക്കം കഴിഞ്ഞ് ജോലിക്കെത്തിയവരോടാണ് അധികാരം മാറിയതിന് പിന്നാലെ യുഡിഎഫ് സർക്കാരിന്റെ ക്രൂരത.
പുതിയ സർക്കാരുകൾ മാറി മാറി വരുന്നതോടെ ജീവനക്കാരെ സ്ഥലംമാറ്റുക പോലുള്ള നടപടികൾ ഉണ്ടാകാറുണ്ട്. ചില താൽക്കാലിക ജീവനക്കാരെ ഒഴിവാക്കാറുമുണ്ട്. എന്നാൽ നൂറുകണക്കിന് പേരെ ഇങ്ങനെ തെരഞ്ഞുപിടിച്ച് ഒഴിവാക്കുന്നതിലൂടെ തൊഴിൽ രംഗത്ത് കൂടിയാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. പത്ത് വർഷം തൊഴിലെടുത്ത് പ്രാവീണ്യം നേടി വിവിധ വകുപ്പുകളിൽ കാര്യങ്ങൾ കാര്യക്ഷമമായി കെെകാര്യം ചെയ്തിരുന്ന ജീവനക്കാരെയാണ് രാഷ്ട്രീയത്തിന്റെ പേരിൽ ഒഴിവാക്കിയിരിക്കുന്നത്. ഇതോടെ സർക്കാർ സർവീസിൽ വലിയ പ്രതിസന്ധിയാണ് നിലനിൽക്കുന്നത്. അനുഭവസ്ഥരായ തൊഴിലാളികളുടെ അഭാവം ഓഫീസ് പ്രവൃത്തികള്‍ മന്ദഗതിയിലാകുന്നതിനും മുടങ്ങുന്നതിനും വഴിതെളിച്ചു.
കെഎസ്ആർടിസി
കെഎസ്ആർടിസി, കുടുംബശ്രീ അടക്കം നിരവധി മേഖലകളിൽ നിന്നും ആളുകളെ യുഡിഎഫ് സർക്കാർ ഒഴിവാക്കി. കെഎസ്ആർടിസിയിൽ കാസർകോട്, കോഴിക്കോട്, തൃശൂർ ജില്ലകളിൽ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചുവഴി നിയമിതരായ 200 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ജീവനക്കാർ പ്രതിഷേധിച്ചതോടെ തിരിച്ചെടുക്കാമെന്ന് ഉറപ്പ് നൽകി. പിരിച്ചുവിടലിനെ തുടർന്ന് അന്തർജില്ലാ സർവീസ് ഉൾപ്പെടെ ദിവസേനയുള്ള സർവീസുകൾ താറുമാറായി.
ഡിജിറ്റൽ സർവേയുടെ ഭാഗമായി പ്രവർത്തിച്ച 3305 ജീവനക്കാരെ വഴിയാധാരമാക്കിയ സർക്കാർ 405 അക്വാകൾച്ചർ പ്രൊമോട്ടർമാരെയും കെ ഡിസ്‌കിന്റെ ഭാഗമായി കുടുംബശ്രീ മുഖേന നിയമിക്കപ്പെട്ട 19 പേരെയും ചൊവ്വാഴ്‌ച മുതൽ തൊഴിൽ രഹിതരതാക്കി. ഡിജിറ്റൽ സർവേക്കായി നിയമിക്കപ്പെട്ട 3305 പേരെയും കുടുംബശ്രീയിലെ 134 ജീവനക്കാരെയും കിലയിലെ 20 പേരെയും നേരത്തേ പിരിച്ചുവിട്ടിരുന്നു. കുടുംബശ്രീയിലെ 2624 പേരുടെ സേവനം ഇൗമാസം അവസാനിക്കും. എൻഎച്ച്‌എമ്മിലെ ഇരുപതിനായിരത്തോളം പേരുടെ കരാർ രണ്ടുമാസത്തേക്കുകൂടി നീട്ടിയിട്ടുണ്ട്.
‘എന്റെ ഭൂമി’
സംസ്ഥാനത്ത് അത്യാധുനിക ഡിജിറ്റൽ സാങ്കേതികവിദ്യ ഉപയോഗിച്ച് ഭൂമി അളന്നുതിട്ടപ്പെടുത്താൻ ആരംഭിച്ച ‘എന്റെ ഭൂമി’ ഡിജിറ്റൽ റീസർവേ അവസാനിപ്പിച്ചാണ് 3305 താൽക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടത്. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് അപേക്ഷ ക്ഷണിച്ച്, പരീക്ഷയെഴുതി, അഭിമുഖം കഴിഞ്ഞ് യോഗ്യതമാത്രം മാനദണ്ഡമാക്കി നിയമിക്കപ്പെട്ടവരെയാണ് രാഷ്‌ട്രീയനിയമനമെന്നു പറഞ്ഞ് സർക്കാർ നിഷ്‌കരുണം പറഞ്ഞുവിട്ടത്. രാജ്യത്തിനു മാതൃകയായ പദ്ധതിയും അവസാനിപ്പിച്ചു.
ഫിഷറീസ്
ഫിഷറീസ് വകുപ്പിനുകീഴിൽ 2008 മുതൽ ജോലിചെയ്തുവരുന്നവരായിരുന്നു അക്വാകൾച്ചർ പ്രൊമോട്ടർമാർ. 46 പ്രോജക്ട് കോ ഓർഡിനേറ്റർമാരും 359 പ്രൊമോട്ടർമാരുമാണ് ജോലി ചെയ്‌തിരുന്നത്. നിശ്‌ചയിച്ച മാനദണ്ഡങ്ങൾ പ്രകാരം നിയമിക്കപ്പെട്ടവരായിട്ടും യുഡിഎഫ് സർക്കാർ വന്നതോടെ ശമ്പളംപോലും നിഷേധിച്ചു. നാലുമാസത്തെ ശമ്പള കുടിശ്ശിക നിലനിൽക്കെയാണ് ആഗസ്‌ത് 31ന് പിരിച്ചുവിട്ടത്. 18 വർഷം ജോലിയിൽ തുടർന്നവരോട് സർക്കാരിന്റെ ക്രൂരത.
കുടുംബശ്രീ
കുടുംബശ്രീയിലെ 134 പേരെ ഇൗ സർക്കാർ വന്നതോടെ പിരിച്ചുവിട്ടിരുന്നു. കുടുംബശ്രീയെ കേരളത്തിന്റെ അഭിമാനമായി വളർത്താൻ രാപകലില്ലാതെ ജോലിചെയ്‌ത 2624 പേരുടെ കാലാവധി ഇൗമാസം അവസാനിക്കും. 15 വർഷത്തിലേറെയായി തുടരുന്നവരുണ്ട്. എല്ലാവരും പരീക്ഷയും അഭിമുഖവും കഴിഞ്ഞ് നിയമിക്കപ്പെട്ടവർ. മേയിൽ കരാർ പുതുക്കാൻ തീരുമാനിച്ചപ്പോൾ മുസ്ലിംലീഗ് നേതൃത്വം ഇടപെട്ട് തടയുകയായിരുന്നു.
ഇതുവരെ സർക്കാർ പിരിച്ചുവിട്ടത്
ഡിജിറ്റൽ റീസർവേ - 3305
കുടുംബശ്രീ - 134
കില - 20
അക്വാകൾച്ചർ പ്രൊമോട്ടർ - 405
കെ ഡിസ്‌ക് - 19
ഗുരുതരമാവുക ആരോഗ്യരംഗത്തെ പിരിച്ചുവിടൽ
എൻഎച്ച്എം മുഖേന നിയമിതരായ പതിനേഴായിരത്തോളം വരുന്ന താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം പൊതുജനാരോഗ്യ മേഖലയെ വൻ പ്രതിസന്ധിയിലാക്കുമെന്ന് കേരള ഗവ. നഴ്‌സസ് അസോസിയേഷൻ വ്യക്തമാക്കി
ഡോക്ടർമാരുടെയും നഴ്‌സുമാരുടെയുമടക്കം ജീവനക്കാരുടെ വലിയ കുറവാണ് ആരോഗ്യമേഖല അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം. ഒഴിവുള്ള തസ്തികകളിൽ യഥാസമയം നിയമനം നടത്താൻ സർക്കാർ തയ്യാറാകുന്നില്ല. ജീവനക്കാരുടെ സ്ഥാനകയറ്റമുൾപ്പെടെ അനന്തമായി നീളുകയാണ്. രാഷ്ട്രീയപ്രേരിതവും മാനദണ്ഡവിരുദ്ധവുമായ സ്ഥലംമാറ്റങ്ങൾമാത്രമാണ് വകുപ്പിൽ നടക്കുന്നത്. ജീവനക്കാരാകെ വലിയ മാനസിക സമ്മർദത്തിലാണ്. ഇത് വകുപ്പിന്റെ പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിക്കും. ഇതിനിടയിലാണ് വിവിധ വിഭാഗത്തിൽപ്പെട്ട താൽക്കാലിക ജീവനക്കാരെ പിരിച്ചുവിടാനുള്ള നീക്കം. ഇത് പ്രതിസന്ധി കൂടുതൽ വഷളാക്കുമെന്നും കെജിഎൻഎ ജനറൽ സെക്രട്ടറി ടി സുബ്രഹ്മണ്യൻ പറഞ്ഞു.









0 comments