പാക് കേന്ദ്രീകൃത ഷഹ്‌സാദ് ഭട്ടി നെറ്റ്‌വർക്കിനെ ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്രം; യുഎപിഎ പട്ടികയിൽ ഉൾപ്പെടുത്തി

ന്യൂഡൽഹി: പാകിസ്ഥാൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഷഹ്‌സാദ് ഭട്ടി നെറ്റ്‌വർക്കിനെ യുഎപിഎ പ്രകാരം ഭീകരസംഘടനയായി പ്രഖ്യാപിച്ച് കേന്ദ്ര സർക്കാർ. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ നിയമത്തിലെ സെക്ഷൻ 35(1)(a) പ്രകാരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. യുഎപിഎയുടെ ഒന്നാം പട്ടികയിൽ ഉൾപ്പെടുത്തിയ ഭീകരസംഘടനകളുടെ പട്ടികയിലാണ് എസ്‌ബിഎൻ ചേർത്തിട്ടുള്ളത്. പട്ടികയിലെ 46-ാമത്തെ എൻട്രിയാണ് എസ്‌ബിഎൻ.
ഇന്ത്യയിൽ ഭീകരപ്രവർത്തനങ്ങളിൽ എസ്‌ബിഎൻ പങ്കെടുത്തിട്ടുണ്ടെന്ന കേന്ദ്ര സർക്കാരിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. അതിർത്തിക്കപ്പുറത്തുനിന്ന് ആയുധങ്ങൾ, സ്ഫോടകവസ്തുക്കൾ, ലഹരിമരുന്നുകൾ എന്നിവ കടത്തുന്നതിനും യുവാക്കളെയും പ്രാദേശികമായി ചെറിയ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരെയും ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുന്നതിനും സംഘം ശ്രമിക്കുന്നുവെന്നാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോർട്ട്.
രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തിനും സാമുദായിക സൗഹാർദത്തിനും ആഭ്യന്തര സുരക്ഷയ്ക്കും ഭീഷണി സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽ സംഘം ഏർപ്പെട്ടിട്ടുണ്ടെന്നും കേന്ദ്രം ആരോപിക്കുന്നു. ഡിജിറ്റൽ ആശയവിനിമയ സംവിധാനങ്ങൾ ഉപയോഗിച്ച് പ്രകോപനപരമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതായും നിരോധിത സംഘടനകളുമായി ചേർന്ന് പ്രവർത്തനങ്ങൾക്ക് വിഭവങ്ങൾ സമാഹരിക്കുന്നതായും വിജ്ഞാപനത്തിൽ പറയുന്നു.
എസ്‌ബിഎൻ അതിർത്തിക്കപ്പുറത്തുനിന്നുള്ള ആയുധ-ലഹരി കടത്ത് ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടുണ്ടെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും പറഞ്ഞു. കേന്ദ്ര സർക്കാരിന്റെ ഭീകരവാദത്തോടുള്ള 'സീറോ ടോളറൻസ്' നയത്തിന്റെ ഭാഗമായാണ് നടപടിയെന്നും ഷാ പ്രതികരിച്ചു.
എസ്‌ബിഎനുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് സ്വാതന്ത്ര്യദിനത്തിന് മുന്നോടിയായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സുരക്ഷാ ഏജൻസികൾ വ്യാപക പരിശോധനകൾ നടത്തിയിരുന്നു. ആഗസ്തിൽ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം 14 സംസ്ഥാനങ്ങളിൽ നിന്നായി 200-ലധികം പേരെ പിടികൂടിയതായി അമിത് ഷാ അറിയിച്ചിരുന്നു. എസ്‌ബിഎൻ അംഗങ്ങളെന്ന് ആരോപിക്കപ്പെടുന്നവർക്കെതിരെ യുഎപിഎയ്ക്ക് പുറമെ ഭാരതീയ ന്യായ സംഹിത, ആയുധ നിയമം, സ്ഫോടകവസ്തു നിയമം, വിവരസാങ്കേതിക നിയമം തുടങ്ങിയ വിവിധ നിയമങ്ങൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നാണ് കേന്ദ്രത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നത്.









0 comments