കവർസ്റ്റോറി
അരൂപിയുടെ ആനന്ദയാത്ര

ലിയൊണെല്‍ മെസ്സി എന്ന ‘മായാവി'യെപ്പറ്റി ജോനതന്‍ വില്‍സന്‍ എഴുതുന്നത്, ലോകകപ്പിലെ അര്‍ജന്റീന-‐നെതർലാന്‍ഡ്‌സ് മത്സരത്തിന് തൊട്ടുശേഷമാണ്. ഒരുപക്ഷേ, ഖത്തര്‍ ലോകകപ്പിലെ ഏറ്റവും വാശിയേറിയ മത്സരമായിരുന്നു അതെന്ന് പറഞ്ഞാല്‍ അതിശയോക്തിയാവില്ല. ലുസൈലിലെ ആ രാത്രിക്ക് വല്ലാത്ത വീറായിരുന്നുവെന്ന് സമ്മതിക്കാത്ത കാണികള്‍ ചുരുക്കമാവും. കളിക്കാനിറങ്ങും മുമ്പ് തന്നെ മെസ്സിക്കെതിരെ ചില പരാമര്‍ശങ്ങള്‍ നടത്തി മാനസികമായ മുന്‍തൂക്കം നേടാനുള്ള ഡച്ച് മാനേജര്‍ ലൂയി വാന്‍ഹാലിന്റെ ശ്രമത്തില്‍ നിന്നായിരുന്നു തുടക്കം.
അർജന്റീനയുടെ ലോകകപ്പ് വിജയം ആഘോഷിക്കുന്ന മെസ്സിയും സംഘവും
‘പന്ത് എതിരാളികളുടെ കാലിലുള്ള സമയത്തൊന്നും മെസ്സിയെ കളത്തിലേ കാണാറില്ല. 2014ലെ സെമിഫൈനലിലും ഇതുതന്നെയായിരുന്നു സ്ഥിതി. ആ കളിയില്‍ മെസ്സി പന്ത് തൊട്ടിരുന്നോ എന്നുതന്നെ സംശയമാണ്. ഞങ്ങള്‍ ഷൂട്ടൗട്ടിലാണല്ലോ തോറ്റത്. ഇത്തവണ അതിന് പകരം വീട്ടുക തന്നെ ചെയ്യും' ‐ ക്വാര്‍ട്ടര്‍ മത്സരത്തിനു മുമ്പ് വാന്‍ഹാല്‍ തന്റെ അഭിപ്രായം ആവര്‍ത്തിച്ചു വ്യക്തമാക്കി. വ്യക്തിഗതമായെടുത്താല്‍ മെസ്സിയും നെയ്‌മറും നല്ല കളിക്കാരൊക്കെയാണ്. പക്ഷേ, ഒരു ടീമായി കളിക്കുമ്പോള്‍ അവരത്ര പോര എന്നായിരുന്നു വാന്‍ഹാലിന്റെ എക്കാലത്തേയും അഭിപ്രായം. തന്റെ കണക്കില്‍ മെസ്സിയിലും മികച്ചവന്‍ ക്രിസ്റ്റ്യാനോ റൊണാൾഡോ ആണെന്ന് തുറന്നുപറയാന്‍ ലൂയി വാന്‍ഹാല്‍ ഒരിക്കലും മടി കാണിച്ചിട്ടില്ല.
അര്‍ജന്റൈന്‍ കളിക്കാരോടുള്ള ലൂയി വാന്‍ഹാലിന്റെ വിപ്രതിപത്തി ഒരർഥത്തില്‍ കുപ്രശസ്‌തമാണ്, വലിയ പ്രതീക്ഷയുമായി ബാഴ്‌സലോണയിലെത്തിയ ഹുവാന്‍ റോമന്‍ റിക്വില്‍മെയുടെ കരിയറിനുതന്നെ പരിക്കേല്‍പ്പിച്ചത് അന്ന് ബാഴ്‌സയുടെ പരിശീലകനായിരുന്ന വാന്‍ഹാലിന്റെ അനിഷ്ടമായിരുന്നുവെന്നത് പരസ്യമായ രഹസ്യമാണ്. മാന്‍ചെസ്റ്റര്‍ യുണൈറ്റഡിലായിരുന്നപ്പോള്‍ അങ്‌ഹെല്‍ ഡി മരിയയ്‌ക്കുമുണ്ടായിട്ടുണ്ട് സമാനമായ ഡച്ച് ദുരനുഭവങ്ങള്‍. ഈ ചരിത്രം പശ്ചാത്തലത്തിലുള്ളതുകൊണ്ട് കൂടിയാണ് വാന്‍ഹാലിന്റെ പരാമര്‍ശങ്ങള്‍ തികഞ്ഞ അനാദരവാണെന്ന് മെസ്സിക്കും കൂട്ടര്‍ക്കും തോന്നിയത്.
വാശിയുടെ വീറുറ്റ ശരീരഭാഷയുമായാണ് അര്‍ജന്റൈന്‍ സംഘം നെതർലാന്‍ഡ്‌സിനെ നേരിടാനൊരുങ്ങിയതുതന്നെ. ലൗത്താരോ മാര്‍ട്ടിനെസിനെയും ഡി മരിയയേയും പുറത്തിരുത്തി, 5-‐3‐-2 വിന്യാസവുമായി കളി തുടങ്ങിയ ലാ സ്‌കലോനെറ്റ, ആക്രമണത്തിനുള്ള അർധാവസരം വരെ പാഴാക്കിയില്ല. കളിയുടെ മുപ്പത്തിയഞ്ചാം മിനിറ്റ് ഒരുപക്ഷേ, ഖത്തര്‍ ലോകകപ്പിലെ തന്നെ ഏറ്റവും മനോഹര നിമിഷമായി മാറി. ബോക്‌സിന് പുറത്ത് വലത്തുനിന്ന് ഒരരുവി പോലെ ഇടത്തോട്ടൊഴുകുന്ന മെസ്സിയെ, നിഴലായി പിന്തുടരാന്‍ ശ്രമിക്കുകയായിരുന്നു ഗ്വാര്‍ദിയോളയുടെ മാന്‍ചെസ്റ്ററിലെ ശിഷ്യന്‍ നെയ് തന്‍ ആക്കെ. ചടുലനീക്കങ്ങള്‍ക്കിടയിലെ ഹൃദയസ്തംഭനം പോലുള്ള പില്‍ക്കാലത്ത്, കാലത്തില്‍ കൊത്തിവയ്‌ക്കപ്പെട്ടേക്കാവുന്ന ആ അരനിമിഷത്തില്‍ തന്റെ കാലുകള്‍ക്കിടയിലൂടെ പന്ത് നഹ്വേല്‍ മൊലീനയെ തേടിപ്പോയത് അയാള്‍ അറിഞ്ഞതേയില്ല. ബോക്‌സിന്റെ വലതുമൂലയിലേക്ക് ഓടിയടുക്കുന്ന മൊലീനയെ മെസ്സി എങ്ങനെ കണ്ടുവെന്നത് അതിലേറെ അത്ഭുതമായി തുടരുന്നു. കൈകള്‍ ചെവികള്‍ക്കിരുവശവും വിടര്‍ത്തിവച്ച് റിക്വില്‍മെയുടെ പഴയ ആഘോഷം പുറത്തെടുത്ത് മെസ്സി, ഡച്ച് സംഘത്തെ അഭിമുഖീകരിച്ചപ്പോള്‍ കളി കളത്തിനകത്തു മാത്രമല്ലെന്ന് വ്യക്തമാവുക കൂടിയായിരുന്നു. ഇത്രയേറെ വൈകാരികമായി വാശിയോടെ പ്രതികരിക്കുന്ന ലിയോയെ അടുത്തകാലത്തൊന്നും ലോകം കണ്ടിട്ടുമില്ലായിരുന്നു. രണ്ടാം പകുതിയിലെ പെനാല്‍റ്റിയിലൂടെ ജയമുറപ്പിച്ച അര്‍ജന്റീനയെ അത്യന്തം നാടകീയമായ അവസാന നിമിഷങ്ങളില്‍ തുടരെ രണ്ടു ഗോളടിച്ച് നെതർലാന്‍ഡ്‌സ് പിടിച്ചുനിര്‍ത്തിയതോടെ അക്ഷരാർഥത്തില്‍ കളി, പില്‍ക്കാലത്ത് സ്‌പോര്‍ട്‌സ് ലേഖകരും വിശേഷിപ്പിച്ചപോലെ, ലുസൈല്‍ യുദ്ധമായി മാറിക്കഴിഞ്ഞിരുന്നു.
ഒരു എമിലിയാനോ ‘ദിവു' മാര്‍ട്ടിനെസ് വീരഗാഥയായി മാറിയ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അര്‍ജന്റീന വിജയിച്ചശേഷവും ഇരുടീമുകള്‍ക്കുമിടയിലെ വൈരത്തിന് കുറവുണ്ടായില്ല. ബെഞ്ചിലിരുന്ന് തന്നെ മഞ്ഞക്കാര്‍ഡ് വാങ്ങി, രണ്ടാം പകുതിയില്‍ പകരക്കാരനായി ഇറങ്ങി, അസാധ്യമായ രണ്ടു ഗോളടിച്ച് കളി അപ്പാടെ തിരിച്ച വൗട്ട് വെഹോഴ്സ്റ്റിനെ മത്സരശേഷം മെസ്സി വാക്കുകള്‍കൊണ്ട് നേരിട്ടത് മിക്കവരേയും അത്ഭുതപ്പെടുത്തി. ‘എന്തിനാണ് വിഡ്ഢീ എന്നെ നോക്കുന്നതെ'ന്ന മെസ്സിയുടെ ചോദ്യം (Que miras bobo!) തത്സമയം ടെലിവിഷനില്‍ സംപ്രേഷണം ചെയ്യപ്പെട്ടുവെന്ന് മാത്രമല്ല, ലോകകപ്പിനുശേഷം ലോകമെങ്ങും വിപണി കണ്ടെത്തിയ ഉല്‍പ്പന്നമായി മാറുകയും ചെയ്‌തു. എല്‍ പിക്യൂന്യോ ജീന്യോയടെ പാട്ടുമുതല്‍ ടീ- ഷര്‍ട്ടുകളും തൊപ്പികളുമെല്ലാം കോടിക്കണക്കിനാണ് വിറ്റഴിഞ്ഞത്. ലുസൈല്‍ യുദ്ധത്തിലെ തന്റെ പെരുമാറ്റത്തില്‍ മെസ്സി പിന്നീട് ഖേദം പ്രകടിപ്പിച്ചുവെന്നത് മറ്റൊരു കാര്യം.
2014 ലെ സെമിയില്‍ നൈജല്‍ ഡി യങ്ങിനെ ഉപയോഗിച്ച് മെസ്സിയെ പൂട്ടിയ വാന്‍ ഹാലിന് 2022ല്‍ അതിന് കഴിയാതെ പോയതെങ്ങനെ എന്ന് വിശദീകരിക്കുമ്പോഴാണ് ഖത്തറില്‍ മായാവിയാകുന്ന മെസ്സിയെക്കുറിച്ച് ജോനതന്‍ വില്‍സന്‍ പറയുന്നത്.
ക്രൊയേഷ്യക്കെതിരായ സെമിഫൈനലില്‍ ജോസ്‌കോ ഗ്വാര്‍ഡിയോളെന്ന യുവ ക്രൊയേഷ്യന്‍ പ്രതിരോധനിരക്കാരനെ അക്ഷരാർഥത്തില്‍ വട്ടം ചുറ്റിച്ചുകൊണ്ടാണ് മെസ്സി ടൂർണമെന്റിലെ മറ്റൊരു അനര്‍ഘനിമിഷം കൂടി സ്വന്തം പേരിലാക്കുന്നത്. അടുത്തകാലത്തൊന്നും ഇത്രമാത്രം കാണികളുടെ മനം കവര്‍ന്ന നീക്കങ്ങള്‍ (ഗോളുകളല്ലാത്ത) ഫുട്‌ബോള്‍ ലോകം കണ്ടിരിക്കാനിടയില്ല.

ഖത്തര്‍ ലോകകപ്പിലെ മൂന്ന് മെസ്സി നിമിഷങ്ങള്‍ തെരഞ്ഞെടുക്കേണ്ടി വന്നാല്‍ ഏതൊരു ആരാധകന്റെയും മനസ്സിലേക്കു വരുന്ന ആദ്യ ദൃശ്യം ഒരു പക്ഷേ, കപ്പുമായി താളത്തില്‍ ചുവടുവച്ച് ടീമംഗങ്ങള്‍ക്കടുത്തേക്കു വരുന്ന ലിയോ ആയിരിക്കും. എന്നാല്‍ മൈതാനത്തെ ദൃശ്യങ്ങളില്‍ മെക്‌സിക്കോയ്‌ക്ക് എതിരെ നേടിയ ഗോളും നെതർലാന്‍ഡ്‌സിനെതിരായ കളിയില്‍ മൊലീനയയ്‌ക്ക് നല്‍കിയ പാസും തന്നെയാവും ജനപ്രിയമാവുക.
മെക്‌സിക്കോയ്‌ക്കെതിരെയുള്ള മത്സരമായിരുന്നു, ടീമെന്ന നിലയില്‍ അര്‍ജന്റീന ഖത്തറില്‍ നേരിട്ട ഏറ്റവും കഠിനമായ പരീക്ഷണമെന്ന് പറയാം. സൗദിയോടേറ്റ അപ്രതീക്ഷിത തോൽവിയില്‍ ഉലഞ്ഞുപോയ ലാ സ്‌കലോനെറ്റയ്‌ക്ക് ഒരു തോൽവി കൂടി താങ്ങാനാവില്ലായിരുന്നു. ആരാധകരെ നിരാശരാക്കില്ലെന്ന മെസ്സിയുടെ പരസ്യ പ്രഖ്യാപനംകൂടി വന്നതോടെ അതിസമ്മർദത്തില്‍ പെട്ട ടീം കളിക്കുന്നതാവട്ടെ പഴുതടച്ച പ്രതിരോധവുമായി കളത്തിലിറങ്ങിയ ഹെറാര്‍ദൊ ‘റ്റാറ്റാ' മാര്‍തീനോയുടെ തന്ത്രങ്ങളോടും. മെസ്സിയെ അടിമുടി അറിയാമായിരുന്ന മാര്‍തീനോ അതിനനുസരിച്ച ഗെയിംപ്ലാന്‍ തന്നെയാണ് തയ്യാറാക്കിയിരുന്നതും. കളി തുടങ്ങി ഒരു മണിക്കൂറായിട്ടും ലക്ഷ്യം കാണാന്‍ സാധിക്കാതിരുന്ന അര്‍ജന്റീന ആരാധകരെ കൊടുംനിരാശയിലേക്ക് നയിച്ചുകൊണ്ടിരിക്കെയാണ്, അരൂപിയായ മിശിഹായെ അയാളുടെ മാലാഖ കണ്ടെത്തുന്നത്. വലതുവിങ്ങില്‍ നിന്ന് ഡി മരിയ നല്‍കിയ മഴവില്ലുപോലെയുള്ള പാസ് സ്വീകരിച്ച മെസ്സി പോസ്റ്റിലേക്ക് ഏതാണ്ട് 35 മീറ്റര്‍ ദൂരെ നിന്ന് തൊടുത്ത നിലംപരിശായ ഇടംകാലനടി, പല നിലയിലും അസാധാരണമായിരുന്നു. പത്തില്‍ എട്ടു തവണയും അത്തരമൊരു പാസില്‍ പോസ്റ്റിന്റെ ഇടതോ വലതോ മൂല ലക്ഷ്യം വച്ചുകൊണ്ടുള്ള വോളിയാവും മെസ്സിയുടെ ഇഷ്ടപ്പെട്ട ഫിനിഷിങ് ഓപ്ഷന്‍. എന്നാല്‍ മുന്നിലെ മെക്‌സിക്കന്‍ പ്രതിരോധക്കാരേയും കീപ്പര്‍ ഗ്വിയെര്‍മോ ഒച്ചാവോയേയും അകം പുറം മനസ്സിലാക്കിയെന്നവണ്ണമുള്ള ആ കാര്‍പെറ്റ് ഡ്രൈവ്, മെസ്സിയുടെ പ്രതിഭയെ വീണ്ടും വീണ്ടും വെളിവാക്കി. ടെലിവിഷനില്‍ കാണുമ്പോള്‍ മെസ്സി ബാഴ്‌സയ്‌ക്കുവേണ്ടി നേടിയ പല ഗോളുകളും പോലെ ഒരെണ്ണംകൂടി എന്ന തോന്നലേ ആര്‍ക്കും ഉണ്ടായിക്കാണൂ. കമന്ററി ബോക്‌സില്‍ ഇരുന്ന് പീറ്റര്‍ ഡ്രറി പക്ഷേ, മാന്ത്രിക മനുഷ്യനെന്ന വിശേഷണത്തോടെ ആ നിമിഷത്തെ എന്നെന്നേക്കുമായി അടയാളപ്പെടുത്തി.
‘ലിയൊണെല്‍ മെസ്സി, മെസ്സിയുടെ ഷോട്ട്... ഓ... ഇതിനാണവര്‍ ഇവിടെ വന്നതു തന്നെ! ഒരേയൊരു മാന്ത്രികന്‍, ഈ ഒരൊറ്റ മെസ്സിനിമിഷത്തിലൂടെ, അര്‍ജന്റീനയ്‌ക്ക് ജീവന്‍ വെച്ചിരിക്കുന്നു.' എന്തിനാണ് ആ ഒരു ഗോളിനെപ്പറ്റി പീറ്റര്‍ ഡ്രറി ഇത്രയും വാചാലനായതെന്ന് പൂർണമായും മനസ്സിലാക്കാന്‍ ആ നിമിഷത്തെ മറ്റൊരു കോണിലൂടെ കണ്ടാലേ സാധിക്കുമായിരുന്നുള്ളൂ.
മത്സരശേഷം മാത്രം പുറത്തുവന്ന, അസാധ്യമായ ആംഗിളില്‍ നിന്ന് ചിത്രീകരിച്ചിരിക്കുന്ന ഒരു വിഹഗവീക്ഷണ ദൃശ്യത്തിലാണ് ആ ഗോളിന്റെ മുഴുവന്‍ ചാരുതയും വെളിവാകുന്നത്.
മൈതാന മധ്യത്തില്‍നിന്നും ക്രൊയേഷ്യന്‍ പെനാല്‍റ്റി ബോക്‌സ് വരെ ജോസ്‌കോ ഗ്വാര്‍ഡിയോളിനെ വട്ടംചുറ്റിച്ച സെമിഫൈനലിലെ മൂന്നാം ഗോളും അതിന്റെ പൂർണാർഥത്തില്‍ നമ്മള്‍ കണ്ടത്, കാണികളില്‍ ചിലര്‍ ചിത്രീകരിച്ച മൊബൈല്‍ഫോണ്‍ ദൃശ്യങ്ങളിലാണ്. ഖത്തര്‍ ലോകകപ്പിന്റെ പ്രധാന സവിശേഷതകളിലൊന്നായിരുന്നു കളിയുടെ ഔദ്യോഗിക സംപ്രേക്ഷകരുടേതല്ലാത്ത സ്വകാര്യ വീഡിയോ ശേഖരം. തികച്ചും വ്യത്യസ്‌തമായ വീക്ഷണകോണുകളില്‍ ചിത്രീകരിച്ചതും ദൃക്‌സാക്ഷിവിവരണത്തിന്റെ ബാധ്യതയില്ലാത്തതുമായ ഇത്തരം കുഞ്ഞു വീഡിയോകള്‍ കാണികള്‍ക്ക് മാത്രമല്ല, കളിക്കാര്‍ക്കും പരിശീലകര്‍ക്കുമെല്ലാം പിന്നീട് പ്രയോജനപ്പെട്ടിട്ടുണ്ട്.
വിഖ്യാതമായ ‘Apocalypse Postponed’ എന്ന പുസ്‌തകത്തിലെ ‘Event as Mise en scene and Life as Scene-setting’ എന്ന ലേഖനത്തില്‍ ഇറ്റാലിയന്‍ ചിന്തകന്‍ ഉംബര്‍ട്ടോ എകോ ഫുട്‌ബോള്‍ തത്സമയ സംപ്രേഷണത്തെക്കുറിച്ച് ചില നിരീക്ഷണങ്ങള്‍ നടത്തുന്നുണ്ട്.
In an earlier piece this author has tried to show how two or three cameras filming a football match (an event competitive by definition in which no striker would miss a goal or a goal keeper allow one through for the sake of good entertainment) select from events focus on certain actions and overlook others, pick out the spectators at the expense of the game and vice versa, frame the field in a given perspective, in short, interpret the match as seen by the director rather than reproducing the complete match. However, these analyses did not put in question the indisputable fact that the event would have taken place anyway, independently of the filming. The filming interpreted the event which happened independently, recuperating a part of it- a slice of the action, a point of view - but it was always dealing with a point of view on an extra-televisual reality.
എകോ 1989ല്‍ വിഭാവനം ചെയ്‌ത ടെലിവിഷനപ്പുറമുള്ള ആ യാഥാർഥ്യമാണ് ഒരർഥത്തില്‍ കാണികള്‍ മൊബൈല്‍ഫോണുകളില്‍ ചിത്രീകരിച്ച ദൃശ്യങ്ങളായി ഖത്തറില്‍നിന്ന് ലോകം കണ്ടത്.
2022 േലാകകപ്പ് ക്വാർട്ടർ ഫൈനലിൽ നെതർലാൻഡ്‌സിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ തോൽപ്പിച്ച അർജന്റൈൻ കളിക്കാരുടെ ആഹ്ലാദം
ഫൈനലില്‍ ഫ്രാന്‍സിനെതിരെ ഡി മരിയ നേടിയ ഗോളും ടെലിവിഷനിലൂടെ സംപ്രേഷണം ചെയ്യപ്പെടാത്ത ദൃശ്യങ്ങളിലൂടെയാണ് ആരാധകമനസ്സുകളില്‍ അനശ്വരമാകുന്നതെന്ന് കാണാം. ഒരു വേള ഏറെ ആഘോഷിക്കപ്പെട്ട 2006 ലോകകപ്പിലെ 24 പാസുകളാല്‍ വികേന്ദ്രീകരിക്കപ്പെട്ട ഗോളിനേക്കാളും ടീം വര്‍ക്ക് പ്രകടമായതും, അര്‍ജന്റൈന്‍ ഫുട്‌ബോളിന്റെ ആദിമസംസ്‌കൃതിയുടെ ഗൃഹാതുരത്വമുണര്‍ത്തിയതും, ഒരു മാലപോലെ കോര്‍ക്കപ്പെട്ട നിരവധി വണ്‍ -ടച്ച് പാസുകളുടെ സമാഹാരമായ ഈ ഗോളാണ്.
ലിയൊണെല്‍ ആന്ദ്രെസ് മെസ്സി ഫുട്‌ബോളില്‍ തന്റെ അവതാരോദ്ദേശ്യം പൂര്‍ത്തിയാക്കിയെന്ന ആഖ്യാനത്തിന് കിട്ടിയ സ്വീകാര്യതയാണ് ഖത്തര്‍ ലോകകപ്പിന്റെ ബാക്കിപത്രം. 2022 ഡിസംബര്‍ 18 ലുസൈല്‍ സ്റ്റേഡിയത്തില്‍ മെസ്സി കപ്പുയര്‍ത്തുമ്പോള്‍ അടുത്ത ലോകകപ്പിന് അമേരിക്കയില്‍ മെസ്സിയുണ്ടാകുമെന്ന് കരുതുന്നവര്‍ തീരെ കുറവായിരുന്നു. എന്നാല്‍ പി എസ് ജിയില്‍ തുടരേണ്ടതില്ലെന്നും ബാഴ്‌സയിലേക്ക് മടങ്ങേണ്ടതില്ലെന്നുമുള്ള മെസ്സിയുടെ തീരുമാനം മറ്റൊരാഖ്യാനത്തിന്റെ തുടക്കമിട്ടു. എല്ലാ പ്രവചനങ്ങളും തെറ്റിച്ച് മയാമിയിലേക്ക് ചേക്കാറാനുള്ള മെസ്സിയുടെ തീരുമാനത്തിനു പിന്നില്‍ ഡേവിഡ് ബേക്കാമിന്റെ സ്‌നേഹനിര്‍ബന്ധങ്ങള്‍ മാത്രമായിരുന്നില്ലെന്ന് പിന്നീട് നമ്മള്‍ കണ്ടു.
കഴിഞ്ഞ മൂന്ന് വര്‍ഷം അത്യാനന്ദത്തോടെ ആയാസലേശമെന്യേ അമേരിക്കയില്‍ കളിക്കുന്ന മെസ്സി മറ്റൊരു ചിത്രമാണ് ആരാധകര്‍ക്കുമുന്നില്‍ വച്ചത്. ആത്മമിത്രങ്ങളെന്നറിയപ്പെടുന്ന ലൂയി സുവാരസ്, സെര്‍ഹിയോ ബുസ്‌കെറ്റ്‌സ്, ജോര്‍ദി ആല്‍ബ എന്നിവരെക്കൂടി ഇന്റർ മിയാമിയിലെത്തിച്ച മെസ്സി, അമേരിക്കയില്‍ മറ്റൊരു ബാഴ്‌സക്കാലം പുനഃസൃഷ്ടിക്കുകയായിരുന്നു. ഹാവിയര്‍ മഷരാനോ കോച്ചായും സംഘത്തില്‍ ചേര്‍ന്നു, അതേസമയം നെയ്‌മര്‍ക്ക് അവരോടൊപ്പം ചേരാനായില്ല. ഇത് വെറും സൗഹൃദാഘോഷം മാത്രമല്ലെന്ന് കളത്തില്‍ തെളിയിക്കാന്‍ മെസ്സിക്ക് വളരെ എളുപ്പവുമായിരുന്നു. മേജര്‍ ലീഗ് സോക്കറിന്റെ താഴെപ്പടിയില്‍ കിടന്നിരുന്ന ഇന്റര്‍ മയാമിക്ക് രണ്ട് കിരീടങ്ങളും ലോക ക്ലബ് ഫുട്‌ബോളിലേക്കും കോണ്‍കാഫ് ചാമ്പ്യന്‍സ് കപ്പിലേക്കുമുള്ള യോഗ്യതയും നേടിക്കൊടുക്കാന്‍ മെസ്സിക്ക് നിഷ്‌പ്രയാസം കഴിഞ്ഞു. അര്‍ജന്റൈന്‍ ദേശീയ ടീമിലെ സ്ഥിരസാന്നിധ്യമായ റൊദ്രീഗോ ഡീപോളിനെ കൂടി മയാമിയിലേക്ക് മെസ്സി കൊണ്ടുവന്നതോടെ 2026ലെ ലോകകപ്പും മെസ്സി ഒഴിവാക്കിയേക്കില്ലെന്ന വാദത്തിന് ആക്കംകൂടി.
മയാമിയിലെ മെസ്സിയെ ശ്രദ്ധിക്കുന്ന ആര്‍ക്കും മനസ്സിലാവുന്ന ഒരു വസ്‌തുത, അയാള്‍ക്ക് വ്യക്തിഗത നേട്ടങ്ങളിലുള്ള താല്‍പ്പര്യം ഏതാണ്ട് പൂർണമായും ഇല്ലാതായിരിക്കുന്നുവെന്നാണ്. മയാമിക്കായി ഇതുവരെ കളിച്ച നൂറ്റിനാല് കളികളില്‍ നിന്നായി തൊണ്ണൂറ് ഗോളുകളും അമ്പത് അസിസ്റ്റുമടക്കം നൂറ്റിനാൽപ്പത് ഗോളുകളില്‍ അയാള്‍ പങ്കാളിയായിട്ടുണ്ട്. തൊണ്ണൂറ് ഗോളുകളില്‍ അഞ്ച് പെനാല്‍റ്റി കിക്കുകള്‍ മാത്രമാണുള്ളതെന്നും കാണണം. പാഴായിപ്പോയ ഒരു കിക്കുകൂടി ചേര്‍ത്താല്‍ കഴിഞ്ഞ മൂന്നര കൊല്ലത്തിനിടയില്‍ ആറ് പെനാല്‍റ്റി കിക്കുകള്‍ മാത്രമാണ് മെസ്സി എടുത്തിട്ടുള്ളത്. രസകരമായ മറ്റൊരു വസ്‌തുത, നാല് മത്സരങ്ങളില്‍ ഹാറ്റ്‌ട്രിക് നേടാനുള്ള അവസരമുണ്ടായിട്ടുപോലും പെനാല്‍റ്റി കിക്ക് മറ്റുള്ളവര്‍ക്കു നല്‍കുന്ന മെസ്സിയെയാണ് അമേരിക്കയില്‍ നമ്മള്‍ കാണുന്നത്. ഗോള്‍നേട്ടത്തില്‍ റൊണാള്‍ഡോയുമായുള്ള അകലം കുറയ്‌ക്കാനുള്ള അവസരമായിട്ടുപോലും അതൊന്നും അയാളെ ആകര്‍ഷിക്കുന്നില്ലെന്ന് കാണാം.
ദേശീയ ടീമിനായി കളിക്കുമ്പോഴാണ് ഇപ്പോളയാള്‍ മികച്ച പ്രകടനം കാഴ്‌ചവയ്‌ക്കുന്നതെന്നതും ഇതൊന്നിച്ചുകാണണം. ഇന്നത്തെ നിലയില്‍ സ്‌പെയിനിനും ഫ്രാന്‍സിനും മുതല്‍ ഇംഗ്ലണ്ടിനും പോര്‍ച്ചുഗലിനും ചിലപ്പോള്‍ കാർലോ ആഞ്ചെലോറ്റിയുടെ കീഴില്‍ ബ്രസീലിനും വരെ സാധ്യത കല്‍പ്പിക്കപ്പെടുന്ന അമേരിക്കന്‍ ലോകകപ്പില്‍ പക്ഷേ, മെസ്സിയുടെ സാന്നിധ്യമൊന്നുകൊണ്ടുമാത്രം നിലവിലെ ചാമ്പ്യന്മാര്‍ ചരിത്രം തിരുത്തിക്കൂടായ്കയില്ല .










0 comments