ലേഖനം
അകം നോട്ടങ്ങളും ആത്മപരിശോധനയും

റഫീഖ് ഇബ്രാഹിം.
Published on Sep 12, 2026, 11:55 AM | 10 min read
തൃശൂർ നഗരത്തിനു നന്നേ പടിഞ്ഞാറായി, കനോലി കനാലും കരുവന്നൂർ പുഴയും കണ്ടുമുട്ടുന്നതിന്റെ പരിസരദേശങ്ങളിൽ നിന്നാണ് അശോകൻ ചരുവിൽ തന്റെ കഥകളിലേക്കുള്ള സംഭവങ്ങൾ കണ്ടെടുക്കുന്നത്. തൃശൂരിന്റെ വടക്ക് പടിഞ്ഞാറ് ഭാഗങ്ങളിലെ ജീവദായിനി കൂടിയാണ് കരുവന്നൂർ പുഴ. മലബാറിന്റെ ആധുനികീകരണത്തിന്റെ അടയാളമായ കനോലി കനാലാവട്ടെ, കുറഞ്ഞത് തൃശൂർ ജില്ലയിലെങ്കിലും തീരങ്ങളിൽ ചെറു അങ്ങാടികളും സജീവമായ നാട്ടുചന്തകളുമുള്ള ജീവനഇടമാണ് (lived space) താനും. തൃശൂർ നഗരത്തിന് പടിഞ്ഞാറ്, കടലെത്തുന്നതിന് മുമ്പ്, ചേറ്റുവയ്‌ക്കും മതിലകത്തിനുമിടയിൽ, ഇരിങ്ങാലക്കുട നഗരവും കല്ലേറ്റുംകര തീവണ്ടിയാപ്പീസും, വടക്ക് കാട്ടൂരും അന്തിക്കാടും ‐ വിശാലമായ കോൾനിലങ്ങളുമുള്ള ഭൂമികയാണത്. പഴയ കൊച്ചിരാജ്യത്തിന്റെയും ബ്രിട്ടീഷ് മലബാറിന്റെയും അതിർത്തിപ്രദേശം. അവിടെ കല്ലേറ്റുംകര റെയിൽവേ സ്റ്റേഷനു മുമ്പിൽ നിഴൽ പടർത്തി നിൽക്കുന്ന കൂറ്റൻ പൂവരശുമരത്തിനടിയിൽ നിന്ന്, കോടാലിമലയടിവാരത്തിലെ സമൃദ്ധിയിൽ വിളയുന്ന മത്തങ്ങയും പച്ചമാങ്ങയുമായി ഇരിങ്ങാലക്കുട ചന്തയിലേക്ക് പോവുന്ന കാളവണ്ടികളിൽ നിന്നുയിരെടുക്കുന്ന സുഗന്ധത്തിനിടയിൽ നിന്ന്, വലപ്പാട്ടുനിന്ന് ചുരുട്ടിയ പായക്കെട്ടും ചുമന്ന് പുന്നക്കടവ് അങ്ങാടിയിലെത്തി കൊള്ളിക്കിഴങ്ങു വാങ്ങി തിരിച്ചുപോവുന്ന സ്‌ത്രീകളുടെ വർത്തമാനങ്ങളിൽ നിന്ന് അശോകൻ ചരുവിൽ കഥ കണ്ടെടുക്കുന്നു. ഒട്ടും ആയാസപ്പെടാതെ കഥ പറയുന്നു എന്ന ഭാവഹാവാദികളില്ലാതെ ഈ പ്രദേശത്തിന്റെ ദൈനംദിനത്വത്തെ അദ്ദേഹം കുറിക്കുന്നു.
ഈ ദേശത്തു തന്നെയായിരുന്നു ഏനാമാവ് ‐ പെരിങ്ങോട്ടുകര - ‐ആലപ്പാട് -‐ പുള്ള് വരെ നീളുന്ന പന്ത്രണ്ട് വില്ലേജുകൾ അടങ്ങിയ അന്തിക്കാട് ഫർക്ക. കള്ള് ചെത്ത് വ്യവസായത്തിന്റെ ഈറ്റില്ലമായിരുന്ന ഈ ഫർക്കയിലാണ് അന്തിക്കാട് ചെത്തുതൊഴിലാളി സമരം നടക്കുന്നത്. സമരത്തിന് രൂപം നൽകാൻ നാട്ടിടവഴികളിലൂടെ കയറിയിറങ്ങിയ ജോർജ് ചടയംമുറിയും സഹസഖാക്കളും അന്തിക്കാടിന് ചുവപ്പൻ നിറം കൂടിയാണ് പാകിയത്. തൊഴിലവകാശസമരം എന്നതുപോലെ ദേശീയപ്രസ്ഥാനവുമായും കർഷകസമരങ്ങളുമായും നേരിട്ട് ബന്ധപ്പെട്ട അന്തിക്കാട്ടെ സമരം വർഷങ്ങൾക്കുശേഷം അവസാനിക്കുമ്പോൾ പതിനൊന്ന് ജീവിതങ്ങളായിരുന്നു രക്തസാക്ഷിത്വം വഹിച്ചത്. ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് മുൻവശത്തെ കുട്ടംകുളത്തിന് സമീപത്തെ വഴിയിലൂടെ അവർണരായ ഹിന്ദുക്കൾക്ക് വഴിനടക്കാൻ അനുവാദമാവശ്യപ്പെട്ടു നടന്ന കുട്ടംകുളം സമരത്തിന്റെ ഓർമകളും ഈ ദേശത്തെ സജീവസാന്നിധ്യമാണ്. ജില്ലാ മജിസ്ട്രേറ്റ് സ്ഥാപിച്ച ‘തീണ്ടൽപലക’ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കമ്യൂണിസ്‌റ്റ് പാർടിയുടെ നേതൃത്വത്തിൽ എസ്എൻഡിപിയും പുലയമഹാസഭയും ചേർന്നു നടത്തിയ ഈ സമരം വൈക്കം എന്നതുപോലെ കേരളീയ നവോത്ഥാനചരിത്രത്തിലെ അനന്യമായ ഒരേടാണ്. ദേശത്തിന്റെ ഈ സഞ്ചിത സമരസ്മൃതികൾക്കിടയിൽ ജനിച്ചു വളർന്നതിനാൽ തന്നെ അശോകൻ ചരുവിലിന്റെ പല കഥകളിലും കഥാസന്ദർഭത്തിനപ്പുറമുള്ള മാനങ്ങളായി അവ നിറയുന്നു.
മൂർത്തമായ ഭൂപ്രദേശത്തെയും അവിടുത്തെ മൂർത്തമായ ജീവിതസന്ദർഭങ്ങളെയുമാണ് അശോകൻ ചരുവിൽ പിടിച്ചെടുക്കാൻ ശ്രമിക്കുന്നത്. ഈ മൂർത്തതാസ്വഭാവത്തിന് എൺപതുകൾ വരെയുള്ള മലയാള കഥാചരിത്രത്തോടും ഭാവുകത്വത്തോടുമുള്ള കണക്കുതീർക്കൽ സ്വഭാവമുണ്ട് എന്നു കാണാതെ വയ്യ. മൂർത്തത എന്നതിന് ‘യാഥാർഥ്യം’ എന്നോ ‘അനുഭവം’ എന്നോ അർഥമില്ല. ശബ്ദതാരാവലി പ്രകാരം ‘കാണത്തക്ക രൂപമുള്ള വസ്‌തുവാണ് മൂർത്തം; ഇന്ദ്രിയഗോചരമായ യാതൊരു ലക്ഷണവുമില്ലാത്ത അവസ്ഥ അമൂർത്തവും.’ അശോകൻ ചരുവിലിന്റെ കഥകളുടെ മൂർത്തജീവിതഭാവം അവയെ യാഥാർഥ്യചിത്രീകരണമെന്നു ന്യൂനീകരിക്കാൻ നമ്മെ പ്രേരിപ്പിക്കുന്നുണ്ട്. ഈ കെണിയെ മറികടന്നു വേണം അദ്ദേഹത്തിന്റെ കഥയിലേക്കു കടക്കാനെന്നു തോന്നുന്നു. അല്ലായ്കിൽ ‘വസ്‌തുനിഷ്ഠാത്മകമായ അപഗ്രഥനപാടവ’ത്തിന് അഭിനന്ദനങ്ങളർപ്പിച്ച് ഭരതവാക്യവും ചൊല്ലിയവസാനിപ്പിക്കാൻ നാം മുതിർന്നേക്കും.
അശോകൻ ചരുവിൽ ഫോട്ടോ: രാജേഷ് ചാലോട്
ഒന്ന്
‘തകഴി അറിയാൻ ഒരു പിതൃത്വപ്രശ്നം’ എന്ന വിഖ്യാതപഠനത്തിൽ വി രാജകൃഷ്ണൻ നവോത്ഥാനകഥനഭാവനയുമായി ആധുനികതാവാദം (modernism) നടത്തുന്ന വിനിമയമെന്തെല്ലാമാണെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്. മുൻതലമുറയുടെ തുടർച്ചയും വിച്ഛിത്തിയുമായി ആധുനികതാവാദകഥ മാറുന്നതെങ്ങനെ എന്നു ചർച്ച ചെയ്യുന്ന ആ പഠനത്തിൽ ‘വ്യവസ്ഥാപിത സമൂഹത്തിന്റെ അരികുകളിൽ ചുറ്റിത്തിരിയുന്ന ബഹിഷ്‌കൃതരായ വ്യക്തി’കളെ തകഴിയും പിൻതലമുറയിൽപെട്ടവരും ചിത്രീകരിച്ചതെങ്ങനെ എന്നു കണ്ടെടുക്കുന്നുണ്ട്. തകഴി സാമൂഹ്യാവസ്ഥയുടെ പ്രതിഫലനമായാണ് ഇത്തരം അവസ്ഥയെ കണ്ടതെങ്കിൽ എംടിയും മുകുന്ദനും ഈ സ്വത്വപ്രശ്നത്തെ നിത്യമായ മനുഷ്യാവസ്ഥയുടെ വെളിപാടായാണ് ഉൾക്കൊണ്ടത് എന്നുമദ്ദേഹം ചൂണ്ടിക്കാട്ടുന്നു. നവോത്ഥാനകഥാഭാവന പ്രാദേശികയാഥാർഥ്യത്തെ രേഖപ്പെടുത്താനാണ് ശ്രമിച്ചതെങ്കിൽ, മനുഷ്യാവസ്ഥയെ നിർണയിക്കുന്ന അമൂർത്തസത്തകളിലേക്കാണ് ആധുനികതാവാദത്തിന്റെ നോട്ടം നീണ്ടത്.
സമൂഹം എന്ന സമഷ്ടിയെ പശ്ചാത്തലമാക്കി വ്യക്തിയെ പ്രതിഷ്ഠിച്ചുപോന്ന റിയലിസ്റ്റ് ആഖ്യാനങ്ങളിൽനിന്നും, റൊമാന്റിസിസത്തിന്റെ അലങ്കാരനിഷ്ഠഭാഷ, ശൈലി എന്നിവയിൽനിന്നും വിടുതിനേടി വ്യക്തിയുടെ ആന്തരികതയെ ആവിഷ്‌കരിക്കുകയാണ് ആധുനികതാവാദം ചെയ്‌തത്. യഥാതഥ-കാൽപ്പനികവാദങ്ങൾ ലോകത്തെ നോക്കിക്കണ്ട രീതിശാസ്‌ത്രത്തിൽ നിന്നത് മാറാൻ ശ്രമിച്ചു. ബാഹ്യലോകത്തിന് ഊന്നൽ നൽകുകയും ആത്മനിഷ്ഠതയെ അവഗണിക്കുകയും ചെയ്‌ത റിയലിസത്തിൽനിന്നു വ്യത്യസ്‌തമായി ആത്മനിഷ്ഠതയെ മുൻനിർത്തിയാണ് ആധുനികതാവാദത്തിന്റെ കാഴ്‌ചവട്ടം നിലയുറപ്പിച്ചത്. യാന്ത്രികഭൗതികവാദത്തോടും ഉപകരണയുക്തിയോടുമുള്ള കലാപമെന്നനിലയിൽ വിപ്ലവകരമായിരുന്നു ഈ നിലപാട്. ഒരുവേള സാമൂഹികവിരുദ്ധമെന്നുപോലും തോന്നിക്കുന്ന തരത്തിൽ, വൈയക്തികപ്രശ്നങ്ങൾ ആധുനികതാവാദത്തിന്റെ ആദ്യഘട്ടം ഏറ്റെടുത്തു. മധ്യവർത്തിയുടെ ‘ഹാംലെറ്റ് ചമയലാ’ണ് ഈ ഘട്ടത്തിൽ സംഭവിച്ചതെന്ന് ആർ വിശ്വനാഥൻ പിന്നീട് ചൂണ്ടിക്കാട്ടുന്നത് ശ്രദ്ധേയമാണ്. 1940-‐കളിലും 50-‐കളിലും കുഷ്ഠരോഗിയും മലയപ്പുലയനും ചകിരിക്കുഴിയിലെ സ്‌ത്രീകളും ആനക്കാരനും മലയാളസാഹിത്യത്തിൽ കഥാപാത്രങ്ങളായിരുന്നെങ്കിൽ 60-‐കളിൽ അത്തരം പ്രാന്തവൽകൃതമനുഷ്യർ പാടേ അപ്രത്യക്ഷരായി എന്നദ്ദേഹം പറയുന്നു. ഇത്തരമൊരു മുന്നേറ്റത്തിന്റെ അഗ്രദൂതനായിരുന്നിട്ടും എൻ വി കൃഷ്ണവാര്യർക്കുപോലും വിപ്രതിപത്തി തോന്നുന്ന നിലയിലായിരുന്നു ആത്മനിഷ്ഠതയുടെ പുതിയ രംഗപ്രവേശം. ഈ ഭാവുകത്വവിശേഷത്തോട് ഇടഞ്ഞ്, എന്നാൽ നവോത്ഥാനകാഥികരിൽ കാണുംമട്ടിൽ ശുഭാപ്തിപരവും പ്രസാദാത്മകവുമായ പരിഹാരനിർദേശങ്ങളിൽ ചേക്കാറാതെ കഥയെ മുൻപോട്ടു നയിക്കേണ്ട ഉത്തരവാദിത്വം എൺപതുകളുടെ മധ്യത്തോടെ ഏറ്റെടുക്കേണ്ടി വന്ന ധാരയുടെ പ്രതിനിധിയാണ് അശോകൻ ചരുവിൽ. അതിവൈകാരികതയുടെ മനംമടുപ്പിക്കുന്ന മധുരമോ ദാർശനികതയുടെ ചവർപ്പോ അനുഭവിപ്പിക്കാത്ത ആ കഥാഭാവുകത്വത്തിന്റെ പ്രതിനിധികളെ ‘ആധുനികോത്തരകഥാകൃത്തുക്കൾ’ എന്ന് എൻ ശശിധരൻ വിളിച്ചു. സംഘചേതനയിലൂടെ പൊരുതിമുന്നേറാനാവുന്ന ഒന്നാണ് ജീവിതമെന്ന് നവോത്ഥാനകാഥികരെപ്പോലെ അവർ കരുതിയില്ലെന്നും എന്നാൽ അർഥശൂന്യമായ അലച്ചിലാണ് ജീവിതം എന്നവർ ആധുനികതാവാദപ്പെട്ടില്ലെന്നും മറ്റൊരു ശ്രദ്ധേയ പഠനത്തിൽ കെ എം അനിലും ചൂണ്ടിക്കാട്ടുന്നുണ്ട്. മൂർത്തതയിലേക്ക് കൂടുതൽ ചായുകയായിരുന്നു എൺപതവസാനത്തോടെ മലയാള കഥ. ആ ഭാവുകത്വ മുന്നേറ്റത്തിലെ പല പേരുകാരും പിന്നീട് നിശ്ശബ്ദരായെങ്കിലും സജീവ സാന്നിധ്യമായി മലയാള കഥാലോകത്ത് അശോകൻ ചരുവിൽ തുടരുന്നു. 1976‐ൽ അടിയന്തരാവസ്ഥക്കാലത്തെഴുതിയ ‘ശാന്തിസേനന്റെ കൂട്ടുകാർ’ പ്രസിദ്ധീകരിക്കപ്പെട്ട ആദ്യ പ്രധാന ചെറുകഥയായി കരുതാമെങ്കിൽ അരനൂറ്റാണ്ട് പിന്നിടുന്നു അദ്ദേഹത്തിന്റെ രചനാജീവിതം!
ഏറ്റവും കുറഞ്ഞത് മുകളിൽ സൂചിപ്പിച്ച കൂട്ടംകുളം, അന്തിക്കാട് സമരങ്ങളെ സാമാന്യമായി പരിചയപ്പെട്ടുകൊണ്ടേ അശോകൻ ചരുവിൽ എന്ന രാഷ്‌ട്രീയ കഥാകാരന്റെ കഥനലോകത്തേക്ക് കടക്കുക സാധ്യമാവൂ. വിശാലാർഥത്തിൽ കേരളീയാധുനികീകരണത്തിന്റെ ഭാഗമായ രണ്ട് ചരിത്രസംഭവങ്ങളാണെങ്കിലും സൂക്ഷ്മാർഥത്തിൽ ഈ സമരങ്ങൾ തമ്മിൽ ചെറുഭിന്നതയുണ്ട്. ആദ്യസമരം ജാതിവ്യവസ്ഥക്കെതിരെ നടന്ന സഞ്ചാരസ്വാതന്ത്ര്യസമരമായിരുന്നു. കമ്യൂണിസ്റ്റ് പാർടി, എസ്എൻഡിപി, പുലയമഹാസഭ എന്നിങ്ങനെ ഭിന്ന സാമുദായിക / രാഷ്‌ട്രീയസംഘങ്ങൾ സംയുക്തമായി നടത്തിയ ആ സമരം ബ്രാഹ്മണ്യത്തിനെതിരായ അധഃകൃതജനതയുടെ അവകാശ പ്രഖ്യാപനമായിരുന്നു. പാലിയം, വൈക്കം, ഗുരുവായൂർ വരെ നീളുന്ന ജാതിവിരുദ്ധ സമരത്തിന്റെ ഭാഗമാണ് കൂട്ടംകുളം. അന്തിക്കാട്ടെ സമരത്തിന്റെ കേന്ദ്രത്തിലാവട്ടെ തൊഴിലവകാശത്തിനായുള്ള മുദ്രാവാക്യമാണുണ്ടായിരുന്നത്. ഷാപ്പ് കോൺട്രാക്റ്റർമാരുടെ ചൂഷണത്തിനെതിരെ നടന്ന തൊഴിലാളി സമരമാണത്. അന്തിക്കാട് ബെൽറ്റിലുള്ള ചെത്താനുപയോഗിക്കുന്ന പതിനായിരത്തോളം തെങ്ങുകളുടെ കുലകൾ തൊഴിലാളികൾ ഒറ്റ രാത്രികൊണ്ട് വെട്ടിനിലത്തിട്ടതായി സമരചരിത്രം നമ്മോടു പറയുന്നു. ആ നിലയിൽ പ്രത്യക്ഷജാതിപീഡനത്തിനെതിരെ പത്തൊമ്പതാം നൂറ്റാണ്ട് മധ്യത്തോടെ കേരളത്തിലാരംഭിച്ച അധഃകൃതസമരങ്ങളുടെ പൂർണതാസന്ദർഭമായി കൂട്ടംകുളം സമരത്തെയും ഇടതുപക്ഷ രാഷ്‌ട്രീയപ്രസ്ഥാനങ്ങളുടെ ഉദയസന്ദർഭത്തിൽ നടമാടിയ തൊഴിലവകാശസമരങ്ങളുടെ ആദ്യ വഴികളിലൊന്നായി അന്തിക്കാട് സമരത്തെയും സ്ഥാനപ്പെടുത്തുക സാധ്യമാണ്. ജാതിവിരുദ്ധസമരം, തൊഴിലാളിവർഗ സമരം എന്നിങ്ങനെ ഈ സമരങ്ങളെ കൃത്യമായി കള്ളിതിരിക്കുക ഈ സ്ഥാനപ്പെടുത്തലിന്റെ താൽപ്പര്യമേയല്ല. കേരളീയാധുനികീകരണത്തിന്റെ ചരിത്രാനുഭവം വെള്ളം കടക്കാത്ത അറകളുടേതല്ല താനും. എങ്കിലും മേൽസമരങ്ങളുടെ മുഖ്യമുദ്രാവാക്യങ്ങളെ ഈ നിലയിൽ കാണുന്നതിൽ തരക്കേടില്ല തന്നെ.
ഒരേസമയം ജാതിവിരുദ്ധ സമരത്തിന്റെയും തൊഴിലാളിവർഗ പ്രക്ഷോഭത്തിന്റെയും അലയൊലികൾ ഉയർന്ന കാല-ഇടമാണ് അശോകൻ ചരുവിലിന്റെ കഥകളുടെ ‘ക്രോണോടോപ്പ്.’ ഈ സ്ഥലകാലസംയുക്തത്തിൽനിന്ന് ഉയിരെടുക്കുന്ന കഥനകർതൃത്വമാണ് കഥ പറയുന്നത്. സ്വാഭാവികമായി ജാത്യവസ്ഥയോടുള്ള വിമർശനസ്വരവും കമ്യൂണിസ്റ്റ് അനുഭാവസ്വരവും ചേരുന്ന ഇരട്ടസ്വരങ്ങളായി (double voices) ആ കഥകൾ മാറിത്തീരുന്നു. അശോകൻ ചരുവിലിന്റെ കഥനലോകത്ത് നാം നിരന്തരമായി കണ്ടുമുട്ടുന്ന അപരസാന്നിധ്യം ഈ ഇരട്ട സ്വരത്തിന്റെ പ്രത്യക്ഷീകരണമാണ്.
കനോലി കനാൽ
രണ്ട്
അശോകൻ ചരുവിലിന്റെ കഥാലോകത്തിന്റെ ഉത്കണ്ഠകളും ഉദ്വിഗ്നതകളും മറയേതുമില്ലാതെ പ്രത്യക്ഷപ്പെടുന്ന പാഠങ്ങളിലൊന്നാണ് ‘കറപ്പൻ’ എന്ന ലഘുകൃതി. എൺപതുകൾ മുതലുള്ള അദ്ദേഹത്തിന്റെ കഥകൾ പലനിലയിൽ പങ്കുവച്ച സന്ദേഹങ്ങൾ വളർന്നു വലുതായതാണ് ആ രചന എന്നു പറയാം. പിൽക്കാലത്ത് താനെഴുതിയ ‘കാട്ടൂർക്കടവ്’ എന്ന ബൃഹദ് കൃതിയുടെ ആദിരൂപം എന്നും ‘കറപ്പ’നെ വിളിക്കാം. ആ നിലയിൽ ഒരു ‘അന്തരാളരചന.’ നോവലെറ്റ് എന്നോ ‘അൽപ്പം നീണ്ട കഥ’ എന്നോ വിശേഷിപ്പിക്കാൻ കഴിയുന്ന സ്വരൂപമാണ് ഈ രചനയ്‌ക്കുള്ളത്. നോവലിനും കഥയ്‌ക്കുമിടയിലാണ് നിൽപ്പ് എന്നു സാരം. കേന്ദ്രകഥാപാത്രമായ കറപ്പന്റെ ജീവിതത്തിലേക്ക്, അയാളുടെ നാട്ടുകാരൻ കൂടിയായ സി പ്രകാശന്റെ നോട്ടമായാണ് ആഖ്യാനം പുരോഗമിക്കുന്നത്. പ്രകാശന്റെ ഓർമകളിലൂടെയാണ് കറപ്പൻ വായനക്കാരിലേക്കെത്തുന്നത്. സ്വാഭാവികമായി രേഖീയവും പരസ്‌പരബന്ധിതവുമായ സംഭവപരമ്പരകളായല്ല ആഖ്യാനത്തിന്റെ ഗതി നീങ്ങുന്നത്. വർത്തമാനവും ഭൂതവും ഇടകലർന്നൊഴുകുന്ന ഒരു കാലസ്വീകാര്യത്തിലൂടെ കറപ്പൻ അവതരിപ്പിക്കപ്പെടുന്നു.
സമകാലിക നോവൽ/കഥകളിൽ ഏറിയും കുറഞ്ഞും പ്രയോഗിക്കപ്പെടുന്ന ‘അൺ ആർക്കൈവ്ഡ് ചരിത്രാ’വതരണത്തിന്റെ ആദ്യ അടയാളങ്ങളിലൊന്നായി ഈ രചനയെ കണക്കാക്കാം. ഭാഷയ്‌ക്കു വെളിയിലായിപ്പോയതുകാരണം ഉണ്മ നഷ്ടപ്പെട്ട ജീവിതാനുഭവങ്ങളെ ഭാഷാനുഭവങ്ങളായി പരിവർത്തിപ്പിക്കുകയാണ് അൺ ആർക്കൈവ്ഡ് രചനകൾ ചെയ്യുന്നത്. ചരിത്രത്തിന്റെ മണ്ഡലത്തിൽനിന്നും മാറ്റിനിർത്തപ്പെട്ടതും സാധൂകരിക്കാൻ കഴിയാത്ത രൂപമായി കണക്കാക്കപ്പെടുന്നതുമായ ‘ചരിത്ര’ത്തെ അവബോധത്തിലേക്ക് കൂട്ടിയിണക്കുക എന്നതാണ് ഇത്തരം രചനകളുടെ രാഷ്‌ട്രീയതാൽപ്പര്യം. സാക്ഷാത്‌കൃതലോകത്തെ രൂപീകരിക്കുന്ന പ്രതിഭാസങ്ങളുടെ സംഘാതങ്ങളായി ദൃശ്യപ്പെട്ടിട്ടില്ലാത്തവയിലേക്ക് വെളിച്ചം പായിച്ച് യഥാർഥമായതും എന്നാൽ സാക്ഷാത്‌കൃതമല്ലാത്തതുമായ മണ്ഡലങ്ങളെ അവ ഭാഷാനുഭവങ്ങളാക്കുന്നു. ലക്ഷ്യവാദപരമായ (teleological) ചരിത്രസമീപനരീതികൾ, നേർരേഖയിൽ ക്രമികമായി പുരോഗമിക്കുന്ന അന്വേഷണമായിരിക്കും. അതിൽ ഇടം കിട്ടുന്നതാവട്ടെ, കാലം തെളിവവശേഷിപ്പിച്ച സാന്നിധ്യങ്ങൾക്കും പ്രഭാവങ്ങൾക്കുമായിരിക്കും, സാക്ഷാത്കരിക്കപ്പെടാതെ പോകുന്ന പ്രതിഭാസങ്ങൾക്കായിരിക്കില്ല. സാക്ഷാത്കൃതമായിട്ടില്ലാത്ത പ്രകൃതയാഥാർഥ്യങ്ങളെക്കുറിച്ച് ആലോചിക്കലാണ് അശോകൻ ചരുവിലിന്റെ കഥാലോകത്ത് ചരിത്രം.
‘ചരിത്രം’ എന്ന പേരിൽ തന്നെ അശോകൻ ചരുവിൽ ഒരു കഥയെഴുതിയിട്ടുണ്ട്. ഏറാടൻ ചാത്തുവും കയ്യാലക്കൽ ലോനയും തൃശൂർ പൂരം കാണാൻ പോവുന്ന രാത്രി അന്തിക്കാട്ടെ ചെത്തുതൊഴിലാളികളുടെ സമരം നേരിടാനെത്തിയ പട്ടാളക്കാരുടെ കൈയിലകപ്പെടുന്നതും പട്ടാളഷെഡ്ഡിൽ വച്ച് പരസ്‌പരം മർദിക്കാൻ നിർബന്ധിതരാക്കപ്പെടുന്നതും മർദനകാരണത്താൽ ചാത്തു ആ ആഴ്‌ച തന്നെയും ലോന ആറ് വർഷത്തിനു ശേഷവും മരണപ്പെടുന്നതുമാണ് കഥയുടെ ആദ്യഭാഗം. ലോനയുടെ മരണത്തിന് തൊട്ടുപിന്നാലെ ചരിത്രമെന്ന വ്യവഹാരത്തിലെ വിള്ളലുകളെക്കുറിച്ച് കഥാകാരന്റെ ഒരു പ്രസ്‌താവന വരുന്നുണ്ട്; "പാവപ്പെട്ടവർക്കുള്ള ഒരു സാധാരണ മഞ്ചയിൽ കുരിശും പിടിച്ച് കിടന്നിരുന്ന ലോനയുടെ ഈവക ചരിത്രമൊന്നും ചരമോപചാരപ്രസംഗത്തിൽ പുരോഹിതൻ പറഞ്ഞില്ല. അവിടെ കൂടിയിരുന്ന ബന്ധുക്കളും അയൽക്കാരും കണ്ണീരൊഴുക്കിയതല്ലാതെ അതൊന്നും ഓർത്തില്ല. ചടയംമുറി സ്മാരകത്തിലും സിഐടിയു ഓഫീസിലും ഈ രണ്ടുപേരെയും കുറിച്ച് യാതൊരു റിക്കോർഡുമില്ല. ആരോമലുണ്ണിയുടെ പുസ്‌തകത്തിലുമില്ല. അവർ ചരിത്രത്തിൽ അലിഞ്ഞുചേർന്നു. ഉപ്പുപോലെ പേരുപോലും ശേഷിക്കാതെ.’ ഓർമകളിലോ രേഖകളിലോ അവർ ആർക്കൈവ് ചെയ്യപ്പെടുന്നില്ല.
സമരനേതൃത്വമായിരുന്ന ജോർജ് ചടയംമുറിയും ഈശാൻ നമ്പൂതിരിയുമാണ് എന്നു ധരിച്ചാണ് കർഷകത്തൊഴിലാളികളായ ചാത്തു-‐ലോനമാരെ പട്ടാളം പിടിച്ചുകൊണ്ടുപോവുന്നതും പീഡിപ്പിക്കുന്നതുമെങ്കിലും അവർ സമരത്തിന്റെ ഭാഗമേ ആയിരുന്നില്ല. “പൊലർച്ചെ വെടിക്കെട്ടും കണ്ട് മിന്നം വെളുക്കുമ്പം പെരേലെത്താ”മെന്നു മനക്കണക്ക് കൂട്ടി “തൃശൂര് വെടിക്കെട്ട്ന്ന്ച്ചാ എന്തൂട്ടാ സംഭവം” എന്നാശ്ചര്യപ്പെട്ട് പുറപ്പെട്ടു പോയവരാണവർ. സമരരേഖകളിൽ അവരുടെ പേരുവരാൻ വഴിയേതുമില്ലല്ലോ. അന്തിക്കാട്ടെ ചെത്തുതൊഴിലാളി സമരത്തെക്കുറിച്ച് എഴുതപ്പെട്ട ഒരേയൊരു (ഈ ലേഖകന്റെ അറിവിൽ പെട്ടിടത്തോളം) പഠനമായ ആരോമലുണ്ണിയുടെ ‘നിന്ദിതരുടെ വീരഗാഥ’ എന്ന പുസ്‌തകത്തിലും അവർ ഉൾപ്പെടുക വയ്യല്ലോ. എവിടെയും രേഖപ്പെട്ടിട്ടില്ലാത്ത ഈ ജീവിതാനുഭവങ്ങൾക്ക് ഭാഷയിലൂടെ ഉയിർപ്പ് നൽകുകയാണ് കഥ ചെയ്യുന്നത്. കറപ്പനിലേക്കുള്ള പ്രവേശകവും മറ്റൊന്നല്ല തന്നെ.
ചെമ്മാണിക്കരയിലെ ഈഴവ ജന്മിയായ കൊച്ചുകൃഷ്ണത്തണ്ടാരുടെ ചെറുമകനാണ് കഥയിലെ വക്താവായ സി പ്രകാശൻ. ചെമ്മാനി കോൾപ്പടവിൽ കൊച്ചുകൃഷ്ണത്തണ്ടാരുടെ കൈവശമുണ്ടായിരുന്ന പുളിയംതുരുത്തിലെ കുടികിടപ്പുകാരനാണ് കറപ്പൻ. പ്രകാശന്റെ ഓർമകളിലൂടെയേ കറപ്പനെ അറിയാൻ നമുക്ക് വഴിയുള്ളൂ. അയാളുടെ ഓർമകൾക്കാവട്ടെ ക്രമമോ ഒതുക്കമോ ഇല്ല. യാഥാർഥ്യവും സങ്കൽപ്പവും കൂടിക്കലർന്ന് അതിർവരമ്പുകൾ തിരിച്ചറിയപ്പെടാതിരിക്കുക എന്ന രോഗാവസ്ഥയിലൂടെ കടന്നുപോകുന്നയാളാണയാൾ. പ്രകാശന്റെ ബാല്യ, യൗവന കാലങ്ങളിലെ ഓർമകളായും വർത്തമാനകാലത്തുള്ള അന്വേഷണങ്ങളായും കറപ്പൻ നമുക്ക് മുന്നിൽ ചുരുൾ വിടരുന്നു. തന്റെ തറവാട്ടു നിലത്ത് കുടികിടപ്പുകാരനായിരുന്ന ഈ ദളിത് കമ്യൂണിസ്റ്റിന്റെ ജീവിതം വരച്ചുകാട്ടുന്നതിലൂടെ പ്രകാശൻ തന്നെത്തന്നെയും, അതിലുപരി കേരളീയ ഇടതുചിത്തത്തെത്തന്നെയും നിശിതമായ ആത്മപരിശോധനയ്‌ക്ക് വിധേയമാക്കുകയാണ്. കാട്ടൂർ കടവിൽ പിന്നീടു നാം കാണുന്ന അതേ അകം നോട്ടങ്ങൾ. ആ നിലയിൽ പ്രകാശന്റെ അപരമായാണ് കറപ്പൻ പാഠത്തിൽ പ്രത്യക്ഷപ്പെടുന്നത്. ‘പ്ലാശ്ശേരിയിലെ കടവ്’ അടക്കമുള്ള കഥകളിൽ എത്രയും പ്രത്യക്ഷമായി കാണാവുന്ന ആത്മനിന്ദ കലർന്ന സ്വരമാണ് കറപ്പനിലും നിറഞ്ഞുനിൽക്കുന്നത്.
കവലക്കാടന്റെ സ്‌കൂളിൽനിന്ന് നാലാം ക്ലാസ് പാസായ ശേഷം പശുക്കളെ നോക്കാനായി തറവാട്ടിൽ എത്തിച്ചേർന്ന കറപ്പൻ, കൊച്ചുകൃഷ്ണത്തണ്ടാരുടെ പ്രിയപ്പെട്ടവനായി മാറുകയും പ്രജാമണ്ഡലത്തിന്റെ പ്രവർത്തകനായും കമ്യൂണിസ്റ്റ് പാർടി പ്രവർത്തകനായും പരിസ്ഥിതി ആക്ടിവിസ്റ്റായും ഒടുക്കം നിരാശാബാധിതനായ ഒരു പടുവൃദ്ധനായി മരണത്തിൽ ഒടുങ്ങുന്ന അനാഥനായും മാറുന്നതിന്റെ വിവരണമാണ് കഥ. സംസ്‌കാരച്ചടങ്ങിൽ റെഡ് വളന്റിയർ ക്യാപ്റ്റന്റെ യൂണിഫോം തന്നെ ധരിപ്പിക്കണമെന്നതായിരുന്നു അയാളുടെ ആഗ്രഹം.
‘‘കറപ്പന്റെ മൃതദേഹം വീട്ടുമുറ്റത്തെ വാഴയിലയിൽ വിരിച്ച കോടിമുണ്ടിൽ കിടത്തിയിരിക്കുകയാണ്. എത്തിനോക്കിയപ്പോൾ ഞാൻ ആശ്ചര്യപ്പെട്ടു. പഴയ റെഡ് വളന്റിയർ ക്യാപ്റ്റന്റെ വേഷം ധരിപ്പിച്ചിരിക്കുന്നു. ചുവന്ന ഷർട്ടും കാക്കിക്കാലുറയും. കുപ്പായത്തിന്റെ മുഴുവൻ കുടുക്കുകളും ഇടാൻ കഴിഞ്ഞിട്ടില്ല.
ഗോപി വന്നു പറഞ്ഞു: ‘‘ഇതായിരുന്നു കറപ്പേട്ടന്റെ അവസാനത്തെ ആഗ്രഹം. മരിച്ചു കെടക്കുമ്പോ ചോന്ന ഷർട്ടും കാക്കിപ്പാന്റും ഇട്ടു കെടക്കണംന്ന്. ആളു തന്നെ അതിനു വേണ്ടി ഒരു ട്രൗസറും ഷർട്ടും തുന്നിച്ച് വെച്ചേർന്നു. കുളിപ്പിച്ചേനു ശേഷം ഇതിടീക്കാൻ ഞങ്ങള് കൊറച്ച് വശംകെട്ടു. മരിച്ച മനുഷ്യനെ കുപ്പായം ഇടീക്കാനാ പാട്. ഒരു കയ്യ് കേറ്റുമ്പോ മറ്റേ കയ്യ് മുറുകും. മര്യാദയ്‌ക്ക് കെടക്കില്ലല്ലോ മരിച്ചോര്.’’
‘മര്യാദയ്‌ക്ക് കെടക്കായ്‌മ’യാണ് കറപ്പന്റെ രാഷ്‌ട്രീയം. ഈ റിബൽ സ്വഭാവമാണ് അയാളെ പരാജിത മനുഷ്യനാക്കുന്നതും. സുരക്ഷിതമായ ഒരു ജീവിതപരിസരത്തു നിന്നാണ് കഥയിലെ വക്താവായ സി പ്രകാശൻ വരുന്നത്. കൊച്ചി രാജാവിൽനിന്ന് കല്ലുകടുക്കൻ ധരിക്കാനുള്ള അവകാശം ചാർത്തിക്കിട്ടിയ ജന്മിയാണ് അയാളുടെ മുത്തച്ഛൻ. അച്ഛൻ മാധവൻ മാഷാവട്ടെ അധ്യാപകനും സംഘടനാനേതാവും നാട്ടുകാർക്ക് സർവാദരണീയനും. നോട്ടമെത്താത്ത സ്വത്തും പാരമ്പര്യവുമുള്ള കുടുംബത്തിൽ നിന്നായതിനാൽ തന്നെ രാഷ്‌ട്രീയം പ്രകാശനെ സംബന്ധിച്ച് മേല് നോവാതെ നടത്തേണ്ട ഏർപ്പാട് മാത്രമായിരുന്നു. വ്യക്തിഗത കാര്യങ്ങളിലുള്ള വ്യഗ്രത കലർന്ന ഈ അതിശ്രദ്ധ സ്വാർഥതയായാണ് തന്നിൽ കുടികൊള്ളുന്നതെന്ന് അയാൾ തിരിച്ചറിയുന്നുണ്ട്.
മധ്യവർഗത്തിന്റെ സഹജഭാവമായ സ്വയംസംരക്ഷണാർഥമുള്ള സ്വാർഥത തന്നിലുണ്ടെന്ന തിരിച്ചറിവ് പ്രകാശന്റെ മാനസിക നില തകരാറിലാക്കുന്നു. ഒന്നും ചെയ്യാനാവാതെ, നിസ്സഹായനായി തന്റെ ഫ്ലാറ്റിലെ അടച്ചിട്ട മുറിക്കകത്ത് കാലുകൾ ഉയർത്തി ചുവരിൽ ചവിട്ടി ഫ്ലാറ്റ് കുലുങ്ങുമാറ് മണിക്കൂറുകളോളം വികൃതമായി നൃത്തം ചെയ്‌താണയാൾ രോഷമൊടുക്കുന്നത്. ഭാര്യയാവട്ടെ മാസാദ്യങ്ങളിൽ ഗുരുപൂജ നടത്തി, അയാളെയും പൂജാദികർമങ്ങളിൽ ഭാഗഭാഗാക്കി ശാരദാനന്ദസ്വാമിയുടെ അധ്യാത്മമെന്ന വ്യാജേനെയുള്ള ഹിന്ദുത്വപ്രഭാഷണത്തിൽ അഭയം കണ്ടെത്തുന്നു. മധ്യവർഗത്തിന്റെ അനിവാര്യമായ പതനം.
എന്നാൽ അടിസ്ഥാനവർഗ പ്രതിനിധിയായ കറപ്പന് രാഷ്‌ട്രീയം സുരക്ഷിതമായ ഒരു താവളമല്ല. പ്രജാമണ്ഡലത്തിന്റെ നിരോധിക്കപ്പെട്ട വാർഷികസമ്മേളനത്തിൽ പങ്കെടുത്തുകൊണ്ടാണ് അയാളുടെ രാഷ്‌ട്രീയപ്രവേശം. തന്റെ കുടികിടപ്പുകാരനും സഹചാരിയുമായ കറപ്പനിൽനിന്ന് അത്തരമൊരു സാഹസം കൊച്ചുകൃഷ്ണത്തണ്ടാര് പോലും പ്രതീക്ഷിക്കുന്നുമില്ല. സമ്മേളനവേദിയിലെ മുദ്രാവാക്യംവിളി കറപ്പനെ ശാരീരികമായി ആവേശിക്കുന്നു. ശരീരവൽക്കരിക്കപ്പെട്ട ഒന്നായി ഈ രാഷ്‌ട്രീയാവേശം കറപ്പനിൽ മാറുകയും ചെയ്യുന്നു.
പൊലീസ് മർദനത്തിൽ മുട്ടുചിരട്ടക്കേറ്റ ക്ഷതം ആജീവാനന്ത മുടന്തനായി കറപ്പനെ മാറ്റുന്നു. റെഡ് വളന്റിയർ ക്യാപ്റ്റനായപ്പോൾ ‘ലോകചരിത്രത്തിൽ തന്നെ മുടന്തുള്ള ആദ്യത്തെ ക്യാപ്റ്റനെ’ന്ന് മാധവൻ മാഷ് അയാളെ വിളിക്കുന്നുണ്ട്. പ്രജാമണ്ഡലം സമ്മേളനം നിരോധിക്കപ്പെട്ടത് ദേശീയസ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായാണ്. എഎഫ്ഡബ്യു ഡിക്സൺ എന്ന സ്വേഛാചാരിയായ ബ്രിട്ടീഷ് ദിവാന്റെ നടപടി കറപ്പനെന്ന പുലയയുവാവിൽ എക്കാലത്തേക്കുമുള്ള ശാരീരിക പരിമിതിയായാണ് അടയാളപ്പെട്ടത്‐ ശരീരവൽക്കരിക്കപ്പെട്ട രാഷ്‌ട്രീയം.
പ്രജാമണ്ഡലത്തിലൂടെ രാഷ്‌ട്രീയത്തിലിടപെട്ടു തുടങ്ങിയ കറപ്പൻ നാല് വർഷത്തിനകം കമ്യൂണിസ്റ്റായി മാറി. “അന്ന് കമ്യൂണിസം എന്താന്ന് ഇനിക്കറീല്യ. കൊച്ചിരാജ്യ പ്രജാമണ്ഡലാ എന്റെ പാർടി. തണ്ടാരടെ പാർടി ന്റെ പാർടി. ഊണിലും ഒറക്കത്തിലും അതന്നെ വിചാരം.’’ ‘തണ്ടാരടെ പാർടി ന്റെ പാർടി’ എന്ന കീഴ്പ്പെടലിൽനിന്ന് സ്വേഛയിലേക്കും നിർവാഹകത്വത്തിലേക്കും കറപ്പൻ ഉയരുന്നത് കൂട്ടംകുളം സമരം ആവേശിക്കുമ്പോഴാണ്. കറപ്പൻ കമ്യൂണിസ്റ്റുകാരനായതിനാൽ അയാളോട് പിന്നീടൊരിക്കലും കൊച്ചുകൃഷ്ണത്തണ്ടാര് പൊറുക്കുന്നില്ല.
കറപ്പൻ പറയുന്നു: ‘‘കമ്യൂണിസ്റ്റുകാരോട് എനിക്കന്ന് വെല്യ ദേഷ്യാ. ദൈവല്യാന്ന് പറഞ്ഞ് നടക്കണ ആൾക്കാരല്ലേ. പി കെ ചാത്തൻമാഷ് വന്ന് മീറ്റിങ്ങിനു വിളിച്ചാ ഞാൻ പൂവ്വില്ല. പറഞ്ഞുപറഞ്ഞ് ആൾക്കാരെ മയക്കി വശത്താക്കുന്ന ഒരു സൂക്കേടുണ്ട് അങ്ങോരുക്ക്. പെലേന്റെ കാര്യം പറഞ്ഞ് പറഞ്ഞ് ആളെ കമ്യൂണിസ്റ്റാക്കും. അപ്പഴാണ് കൂടൽമാണിക്യത്തിന്റെ മുമ്പില് സമരം നടക്കണ്. അവിടെ ഒരു അമ്പലക്കൊളണ്ട്. അതിന്റെ മുമ്പിലെ റോട്ടീക്കൂടി താഴ്‌ന്ന ജാതിക്കാരുക്ക് നടക്കാൻ പാടില്ല. ആയിരത്തി എൺപത്തിയാറിലെ മജിസ്ട്രേറ്റിന്റെ ഓർഡറുണ്ട്. അതിനെതിരായി ഒരു സമ്മേളനം നടന്നു ടൗണില്‍. ഞങ്ങള് പ്രജാമണ്ഡലം പ്രവര്‍ത്തകരായിട്ടാ അവിടെ ചെന്നത്. കമ്യൂണിസ്റ്റുകാരുംണ്ട്. പിന്നെ എസ്എന്‍ഡിപിക്കാര്, പുലയ സമാജക്കാര്... അപ്പോള്‍ പി ഗംഗാധരന്‍ വന്നു പറഞ്ഞു, ഞാനുപ്പോ പ്രസംഗിക്കണൊന്നൂല്യ. നമ്മക്കൊരു കാര്യം ചെയ്യാം. എല്ലവരുക്കുംകൂടി ആ റോട്ടീക്കൂടി ഒന്നു നടന്നു നോക്കാം. എന്താണ്ടാവ്വാന്ന് അറിയാലോ. അപ്പോ പുതൂര്‍ അച്ചുതമേനോന്‍ പറഞ്ഞു, ക്ഷേത്രത്തിന്റെ മുമ്പിലാണ് സംഗതി. അവടെപ്പോയി അതിക്രമം ചെയ്യാന്‍ പാടില്ല. മഹാപാപണ്ട്. ന്ന്വച്ചാ പ്രജാമണ്ഡലം ജാഥേന്ന് പിന്‍മാറി. ഗംഗാധരന്‍ ഒരു ചോന്ന കൊടീം പിടിച്ച് മുമ്പില് നടന്നു. പിന്നാലെ കൊറെ എസ്എന്‍ഡിപിക്കാരും പെലയ സമുദായസഭക്കാരും. ഞാന്‍ ആ ജാഥേല്‍ കേറി നടന്നു. പൂവ്വരുതെന്ന് തണ്ടാര് എന്നോട് പറഞ്ഞു. “ഡാ, അമ്പലത്തിന്റെ മുമ്പില് നെറച്ച് പോലീസാ. എംഎസ്‌പിക്കാരുണ്ട്. മലബാറില് ജോനോമ്മാരെ തല്ലാനായിട്ടു കൊണ്ടന്ന പോലീസാ ഈ എംഎസ്‌പി.” തണ്ടാര് പറഞ്ഞു; “ആ ശങ്കുണ്ണിസാറും ഉമ്മറും ക്രോസ് ബെല്‍റ്റും കെട്ടീട്ട് അവടെ നിക്കണുണ്ട്. നിന്റെ എല്ലു ബാക്കീണ്ടാവില്ല.” അപ്പോ ഞാമ്പറഞ്ഞു. “അട്യൊക്കെ നാല്‍പത്തിരണ്ടില് കൊറെ കൊണ്ടതല്ലേ? അന്നതിന്റെ പുളി മാറി. ഒരു കാല് ഒടിഞ്ഞു. ബാക്ക്യൊള്ളത് ഒടിയണങ്ങല് അങ്ങട് ഒടിയട്ടെ. ഒരൂസമെങ്കിൽ ഒരൂസം അമ്പലത്തിന്റെ മുമ്പീക്കൂടി നടന്നട്ട് മരിച്ചാമ്മതീന്നാ എന്റെ അന്നത്തെ വിചാരം.”
കേരളത്തിലെ കമ്യൂണിസ്റ്റ് പാർടിയുടെ ചരിത്രത്തിലെ നിർണായകമായ ഒരിടപെടലാണ് കറപ്പന്റെ ചിതറിയ ഭാഷണത്തിലൂടെ പുറത്തുവരുന്നത്. ജാതീയമായ പതിതാവസ്ഥക്കെതിരായ സമരം വർഗസമരത്തിന്റെ സ്വാഭാവികഭാഗമാക്കുക എന്ന സുപ്രധാന ഇടപെടലാണത്.
കമ്യൂണിസ്റ്റ് പാർടി പ്രവർത്തകനായും റെഡ് വളന്റിയറായും പാർടി ബ്രാഞ്ച് സെക്രട്ടറിയായും കർഷകത്തൊഴിലാളി യൂണിയന്റെ വില്ലേജ് സെക്രട്ടറിയായും വെറും പാർടി അംഗമായും ദീർഘകാലം പ്രവർത്തിച്ച കറപ്പൻ പിന്നീട് അച്ചടക്ക നടപടി നേരിട്ടു പാർടിയിൽ നിന്നു പുറത്താവുന്നു. അയാളുടെ മദ്യപാനശീലവും രാഗിണി എന്ന ലൈംഗികത്തൊഴിലാളിയെ വീട്ടിൽ താമസിപ്പിക്കുന്നതും പാർടിക്കകമേ ചർച്ചയാവുകയും തിരുത്താൻ തയ്യാറാവാതെ കറപ്പൻ പുറത്തു പോവുകയുമായിരുന്നു. പുലയ സമുദായ സമാജത്തിന്റെ ഭാരവാഹിയായും പരിസ്ഥിതി പ്രവർത്തകനായും പിന്നീടയാളെ കാണുന്നുണ്ട്. എങ്കിലും അടിസ്ഥാനപരമായി അയാൾ കമ്യൂണിസ്റ്റായിരുന്നു. റെഡ് വളന്റിയർ യൂണിഫോമിൽ അന്ത്യയാത്രയ്ക്കൊരുങ്ങാനുള്ള മോഹത്തിൽ മാത്രമല്ല അയാളിലെ കമ്യൂണിസ്റ്റുള്ളത്. സ്വത്വരാഷ്‌ട്രീയ പ്രസ്ഥാനങ്ങൾക്ക് സംഭവിക്കുന്ന ആത്യന്തികമായ വലതുപക്ഷവൽക്കരണം തിരിച്ചറിയാനും പ്രതിഷേധിക്കാനും കറപ്പന് കഴിയുന്നത് അയാളിലെ മാർക്‌സിസ്റ്റ് ബോധ്യങ്ങളാലാണ്. “അവസാന കാലായപ്പോ കറപ്പേട്ടൻ ഞങ്ങടെ സമുദായ സമാജായിട്ട് ഒന്നു തെറ്റി. ഓരോരോ മൊടന്തൻ ന്യായങ്ങള് പറഞ്ഞട്ട്. കൃസ്‌ത്യാന്യായിട്ട് മാർക്കം കൂട്യോരുക്ക് ജോലിക്ക് സംവരണം കൊടുക്കണന്ന് കറപ്പേട്ടൻ. പറ്റില്ലാന്ന് സമാജം. അവര് നമ്മടെ ചോര്യല്ലേന്നാ കറപ്പേട്ടൻ ചോദിക്കണ്.”
പരിവർത്തിത കൃസ്‌ത്യാനികൾ എങ്ങനെയാണ് ദളിതരാവുന്നത് എന്ന് മനസ്സിലാക്കാനാവാത്ത പുലയ സമുദായ സമാജത്തെ ഹിന്ദുത്വാശയം വിഴുങ്ങുന്നതിൽ മനം നൊന്തുള്ള ആത്മാഹുതിയാണ് കറപ്പന്റേത് എന്ന് പാഠത്തിനിടയിലൂടെ വായിച്ചെടുക്കാൻ കഴിയും.
ഇരിങ്ങാലക്കുട റെയിൽവേ സ്‌റ്റേഷൻ
മൂന്ന്
നവോത്ഥാനത്തിന്റെ ഊർജസ്വലാന്തരീക്ഷത്തിൽ പിറന്ന് ദേശീയസ്വാതന്ത്ര്യ സമരത്തിലൂടെയും ഇടതുപക്ഷ ബോധ്യങ്ങളിലൂടെയും വളർന്ന് ഹിന്ദുത്വയോടുള്ള സമരമായി അവസാനിച്ച കറപ്പൻ എന്ന രാഷ്‌ട്രീയജീവി നമ്മോടെന്താണ് പറയുന്നത്? തകഴിയുടെ ‘രണ്ടിടങ്ങഴി’യിലെ കോരനിൽനിന്ന് കറപ്പനിലേക്കെത്തുമ്പോൾ തെളിയുന്ന കർതൃവിഛേദത്തിൽ ഒരുപക്ഷേ ഇതിനുള്ള വിശദീകരണമുണ്ടാവാം. ‘രണ്ടിടങ്ങഴിയുടെ ലാവണ്യശാസ്‌ത്രം’ എന്ന പഠനത്തിൽ പ്രദീപൻ പാമ്പിരികുന്ന് സാമൂഹ്യപദവിയെക്കുറിച്ച് ഉത്കണ്ഠകളേതുമില്ലാതെ സാമ്പത്തികപദവിയെയും ചൂഷണത്തെയും കുറിച്ചുള്ള ജന്മിത്തവിരുദ്ധ ആശയങ്ങളാൽ മാത്രം ചലനാത്മകമായതാണ് കോരന്റെ കർതൃത്വത്തിലെ വൈരുധ്യമെന്നു ചൂണ്ടിക്കാട്ടുന്നുണ്ട്. തന്റെ ജാതീയമായ പതിതാവസ്ഥയെ അഭിസംബോധന ചെയ്യാൻ കോരന് കഴിയുന്നില്ല. ഒരു സാമൂഹ്യവിഭാഗമെന്ന നിലയിൽ അടിച്ചമർത്തപ്പെട്ട ജനത ആ സാമൂഹ്യമായ അടിമത്തത്തെ ജ്ഞാനശാസ്‌ത്രപരമായി തിരിച്ചറിയാതെ മറ്റൊരു പുതിയ സാമൂഹ്യസംവർഗത്തിലേക്ക് മാറ്റപ്പെടുകയാണവിടെ. സാമൂഹ്യമായ അടിമത്തമെന്ന നവോത്ഥാനബോധം കോരനിൽ കാണാനില്ല എന്നതിനാൽ തന്നെ അയാളനുഭവിക്കുന്ന ഇരട്ടചൂഷണം (ജാതീയവും വർഗപരവും) ‘രണ്ടിടങ്ങഴി’യിൽ ദമനം ചെയ്യപ്പെടുന്നു. കറപ്പനിലാവട്ടെ തന്റെ ജാത്യവസ്ഥയെയും വർഗസ്ഥിതിയെയും തിരിച്ചറിഞ്ഞ വിമോചനാത്മക കർതൃത്വമാണ് പ്രവർത്തനക്ഷമമാവുന്നത്. "മങ്ങാട്ടെ മധുസൂദനൻ കർത്താവിന്റെ ചിരി കണ്ടപ്പോ എനിക്ക് അടിവയറ്റിലൂടെ ഒരു അരിശം കയറിവന്നു. അവരുക്കൊക്കെ ചിരിക്കാൻ വേണ്ടീട്ടൊള്ള മൊതലാണല്ലോ നമ്മള്. പണ്ടുകാലം മൊതല് സിനിമേലും നാടകത്തിലും അടിയാമ്മാര് രംഗത്തുവന്നാ ചിരി ഒറപ്പാ. നമ്മക്ക് സ്വന്തായിട്ട് ഒരു ലോകല്യാലോ. വഴിതന്നെ വഴിയാധാരം.’ ഹാരിയറ്റ് ബീച്ചർ സ്റ്റോവിന്റെ അങ്കിൾ ടോമിന്റെ ചാളയിൽ നിന്നുള്ള കഥാസന്ദർഭം ഉദ്ധരിച്ചു ചേർത്ത് കറപ്പൻ പൂർത്തീകരിക്കുന്നു: "എനിക്ക് സ്വന്തമായി ഏതു രാജ്യാണ് ഒള്ളത്?’ കറപ്പൻ കമ്യൂണിസ്റ്റ് പാർടിയിൽ എത്തിച്ചേരുന്നതും കൂട്ടംകുളം സമരത്തിലുള്ള പാർടി നിലപാടിൽ ആകൃഷ്ടനായാണ് എന്നതോർക്കുക. ആ നിലയിൽ പുലയൻ എന്ന ജാതിസ്വത്വത്തെയും കർഷകത്തൊഴിലാളി എന്ന വർഗാവസ്ഥയെയും ബന്ധിപ്പിച്ചുള്ള ഇരട്ടചൂഷണത്തിനെതിരെയുള്ള സമരമാണ് കറപ്പന് കമ്യൂണിസ്റ്റ് പാർടി. യൂണിയൻ അംഗമാവുന്നതോടെ പുതിയ സാമൂഹ്യ പദവിയിലേക്കുയർത്തപ്പെടുന്ന കോരനല്ല, കമ്യൂണിസ്റ്റ് പാർടി അംഗമായിരിക്കുമ്പോഴും ജാതീയമായ പതിതത്വത്തെ അംഗീകരിക്കുന്ന കറപ്പൻ.
“കുട്ടിസഖാവ് ആദ്യായിട്ടാണ് എന്റെ വീട്ടീന്ന് ഒരു ഭക്ഷണം കഴിക്കണത് അല്ല്യേ’’ ‐ കറപ്പൻ ചോദിച്ചു. “സഖാവിന്റെ അച്ഛനും ഇവിടന്നു കഴിച്ചിട്ടില്ല. മുത്തച്ഛനും കഴിച്ചിട്ടില്ല. എന്നാല് സി അച്ചുതമേനോൻ ഇവടുന്നു ചോറുണ്ടട്ട്ണ്ട്.” പ്രകാശനോടുള്ള ഈ സ്‌നേഹാന്വേഷണത്തിലൂടെ വാസ്‌തവത്തിൽ കറപ്പൻ വർഗരൂപീകരണം സാർവലൗകികമായ ചില കേവലപ്രമാണങ്ങളെ മാത്രം മുൻനിർത്തി അരങ്ങേറുന്നതല്ല എന്നു കൂടിയാണ് പറഞ്ഞുവയ്‌ക്കുന്നത്. കേരളീയ ഇടതുചിത്തത്തിന്റെ കടുത്ത ആത്മപരിശോധന കൂടിയാണ് കറപ്പൻ എന്നു സാരം. കാട്ടൂരങ്ങാടിയെ ചുറ്റി ഉയിരെടുക്കുന്ന ഭാവനാത്മകദേശത്തിൽ നിന്ന് അശോകൻ ചരുവിൽ കണ്ടെടുക്കുന്ന കഥനങ്ങളോരോന്നും പറയുന്നതും മറ്റൊന്നല്ല തന്നെ..










0 comments