ad
Deshabhimani

ലേഖനം

‘മാതംഗീചരിതം’: ഒരു ധീരനവീനസഞ്ചാരം

ബുക്ക്‌
avatar
കെ ബി രാജ്‌ ആനന്ദ്‌

Published on Sep 12, 2026, 12:07 PM | 10 min read

ഥകളിയുടെ അരങ്ങിൽ പുതിയൊരു കഥ കൂടി അരങ്ങിലെത്തിയിരിക്കുന്നു. ഇതത്ര അസാധാരണമായ വാർത്തയല്ല. നിരവധി കഥകൾ ആട്ടക്കഥകളായി രചിക്കപ്പെടുകയും കളിയരങ്ങിലെത്തുകയും ചെയ്‌തിട്ടുണ്ട്, ഇന്നും അത് സംഭവിച്ചുകൊണ്ടിരിക്കുന്നു. അപൂർവം പുതിയ കഥകൾ മാത്രമാണ് കഥകളിയുടെ ആസ്വാദകസമൂഹം സ്വീകരിച്ചിട്ടുള്ളത്. കഥകളിയുടെ പ്രേക്ഷകസമൂഹം നവീനമായ ആശയങ്ങളെയും ആവിഷ്‌കാരങ്ങളെയും സ്വീകരിക്കുന്നതിൽ അത്രയൊന്നും തൽപ്പരരല്ല. അതിന് നിരവധി കാരണങ്ങളുണ്ട്. കഥകളിയുടെ രംഗഭാഷ സവിശേഷമാണ്. പ്രയുക്തതയാണ് അവിടെ ഓരോ കലാഘടകങ്ങളുടെയും ഉത്തമമായ മൂല്യം. രചനമുതൽ രംഗാവിഷ്‌കരണംവരെ എല്ലാ ഘടകങ്ങളും കഥകളി എന്ന കലാരൂപത്തോട് ഇണങ്ങുന്നതായിരിക്കണം. ഇക്കാര്യത്തിൽ വിജയിച്ച പുതിയ അന്വേഷണങ്ങൾ തുലോം കുറവാണ് എന്നതാണ് വാസ്‌തവം.

പുതിയ ആട്ടക്കഥാകൃത്തുക്കൾ സാധാരണയായി തെരഞ്ഞെടുക്കുന്ന കഥകളും പണ്ടുമുതലേ കഥകളി പ്രേക്ഷകർ കണ്ടുശീലിച്ച പുരാണ പ്രോക്തമോ ഇതിഹാസ- ഭാഗവതാദി കഥകളിൽനിന്ന് എടുത്തതോ ആയ പ്രമേയങ്ങളാണ്. അപവാദങ്ങൾ ഇല്ലെന്നല്ല. എങ്കിലും എളുപ്പമുള്ളതും അനായാസവുമായ മാർഗം ഇതിഹാസ-ഭാഗവത കഥകളിൽനിന്ന് പ്രമേയം കൈക്കൊള്ളുക എന്നതാണ്. പ്രേക്ഷകർക്ക് മുൻപരിചയമുള്ള കഥയെങ്കിൽ കഥകളിക്ക് അത് നല്ലതാണ് എന്നുമുണ്ട്. മറ്റൊന്ന്, പുതിയ പ്രമേയങ്ങൾ കഥകളിയോടിണക്കുക എന്നത് ശ്രമകരമായ ജോലിയാണ് എന്ന വാസ്‌തവമാണ്. ഇത്തരം ശ്രമങ്ങളും കഥകളിയിലുണ്ടായിട്ടുണ്ട്. എന്നാൽ കേരളകലാമണ്ഡലം കൽപ്പിത സർവകലാശാല പുതുതായി നിർമിച്ച് ചിട്ടപ്പെടുത്തി അരങ്ങിലവതരിപ്പിച്ച ‘മാതംഗീചരിതം’ എന്ന കഥകളി പ്രമേയത്തിലും ആവിഷ്‌കരണത്തിലും നവീനവും ആഴമേറിയതുമായ ഒരു കലാപരിശ്രമത്തിന്റെ സദ്ഫലമാണ്.

കുമാരനാശാന്റെ ‘ചണ്ഡാലഭിക്ഷുകി’ എന്ന ഖണ്ഡകാവ്യത്തിന്റെ പ്രമേയത്തെ അടിസ്ഥാനമാക്കിയാണ് ശ്രീചിത്രൻ എം ജെ ‘മാതംഗീചരിതം’ ആട്ടക്കഥ രചിച്ചിട്ടുള്ളത്. പ്രാചീനബുദ്ധസാഹിത്യവും നിരവധി ചരിത്രപഠനങ്ങളും അവലംബിച്ചാണ് ഈ ആട്ടക്കഥയുടെ രചന എന്നത് സുവ്യക്തമാണ്. ‘മാതംഗീചരിതം’ ജാതിവിരുദ്ധമായ സാഹോദര്യത്തിന്റെ കവിതയാണ്, അതേസമയം ആട്ടക്കഥ എന്ന സാഹിത്യരൂപത്തിന്റെ സാങ്കേതികമികവിൽ പുതിയ ആട്ടക്കഥകളിലെ അനന്വയവുമാണ്. ‘മാതംഗീചരിതം’ എന്ന കഥകളിയുടെ കർതൃപാഠമായ ആട്ടക്കഥയെ വിശകലനം ചെയ്യാനാണ് ഈ ലേഖനം ശ്രമിക്കുന്നത്. ‘മാതംഗീചരിതം’ പോലെ ഒരു കൃതിയെ കുറിച്ച് എഴുതുമ്പോൾ സ്വാഭാവികമായും ഈ കാലഘട്ടത്തോട് എത്രമാത്രം ഇണങ്ങുന്നതാണ് ആ രചന എന്നും, അവലംബിച്ച ഇതിവൃത്തത്തെ എത്രമാത്രം നാടകീയമായി പരിചരിക്കാൻ ഗ്രന്ഥകർത്താവിന് ആയിട്ടുണ്ട് എന്നും, അതിൽ അവലംബിച്ച കാവ്യാത്മക തന്ത്രങ്ങൾ എത്രമാത്രം മഹത്താണെന്നും, കഥാപാത്ര നിർമിതി അവരുടെ സംഭാഷണത്തിലൂടെ ഏതളവിൽ പ്രകാശിക്കപ്പെടുന്നു എന്നും തുടങ്ങി, നിരവധി മൂലകങ്ങളെ അടിസ്ഥാനമാക്കിയാകണം ഒരു ഗ്രന്ഥം വിശകലനം ചെയ്യപ്പെടേണ്ടത് എന്നറിയായ്കയല്ല. അതിലുമുപരി, രചിക്കപ്പെട്ടത് ഒരു ആട്ടക്കഥയാണ്. ആട്ടക്കഥ എന്നാൽ അതൊരു കേവല സാഹിത്യമല്ല, അതിന്റെ പ്രയുക്തത അഥവാ പ്രയോജനദക്ഷത തന്നെയാണ് അതിന്റെ മൂല്യത്തെ നിർണയിക്കുന്നതിന് ഏറ്റവും പ്രധാനമായ മാനദണ്ഡം. ആ അർഥത്തിൽ ആട്ടക്കഥ എന്ന രീതിയിൽ ഈ പുതിയ കഥ എത്രമാത്രം സംഗതമാണ് എന്നാണ് ഇവിടെ വിശദീകരിക്കുന്നത്.

ഇതിവൃത്തം ശ്രീചിത്രൻ തന്നെ ആട്ടക്കഥയിൽ വിശദീകരിച്ചിട്ടുണ്ട്. ‘ദിവ്യാവദാന' എന്ന ബുദ്ധകഥാസമാഹാരത്തിൽനിന്ന് കുമാരനാശാൻ ‘ചണ്ഡാലഭിക്ഷുകി’ക്ക്‌ വേണ്ടി അവലംബിച്ച കഥാഖണ്ഡത്തെ, അൽപ്പംകൂടി കാലം പിറകോട്ടും അൽപ്പം മുന്നോട്ടും ഒക്കെ സഞ്ചരിച്ചുകൊണ്ടാണ് ഒരു ഇതിവൃത്തഘടന ശ്രീചിത്രൻ ഈ കഥയ്‌ക്ക്‌ വേണ്ടി സ്വീകരിച്ചിട്ടുള്ളത്. ചാമർനായകന്റെ കിടാത്തിയായ മാതംഗി ഭിക്ഷുണീമാർഗം സ്വീകരിച്ചതിനുശേഷം ജേതവന വിഹാരത്തിൽ എത്തിയതിനെയും തുടർന്ന് ബ്രാഹ്മണർക്കിടയിൽ ഉണ്ടാകുന്ന മുറുമുറുപ്പോടെയുമാണ് കഥ ആരംഭിക്കുന്നത്.

ശ്രാവസ്‌തിയിലെ രാജാവിന്റെ അടുത്തേക്ക് ബ്രാഹ്മണർ സങ്കടം പറയാൻ വേണ്ടി പോവുകയാണ്. ആപദംഭൻ എന്ന് പേരായ ഒരു കഥാപാത്രം ഇവിടെയുണ്ട്. കൽപസൂത്രകാരനായ ആപസ്‌തംഭന്റെയും ബോധായനന്റെയും അതുപോലെ വൃദ്ധഗൗതമന്റെയും ഒക്കെ ഒരു പ്രതിനിധി എന്ന രീതിയിലാണ് ആപദംഭൻ എന്നൊരു കഥാപാത്രത്തെ ശ്രീചിത്രൻ വിഭാവനം ചെയ്‌ത്‌, ഈ കഥയിൽ ഉൾപ്പെടുത്തിയത്. ഈ കഥാപാത്രം രചയിതാവിന്റെ സൃഷ്ടിയാണ്. ജാത്യധികാരത്തിന്റെയും ചാതുർവർണ്യത്തിന്റെയും അധികാരരൂപമായി ആപദംഭൻ എന്ന കഥാപാത്രം പ്രത്യക്ഷപ്പെടുന്നു.

ബ്രാഹ്മണർ സങ്കടം പറയാൻ വേണ്ടി പോകുന്ന വഴിക്ക് രാജാവിനെ കാണാൻ തീരുമാനിക്കുന്നു. രാജാവിനോട് പറഞ്ഞപ്പോൾ, ധർമമാർഗം വെടിഞ്ഞ് ഒന്നുംതന്നെ ബുദ്ധൻ ചെയ്യില്ല എന്ന് രാജാവ് അവരെ സമാശ്വസിപ്പിക്കാൻ ശ്രമിക്കുന്നു. ബുദ്ധനെ കുറിച്ച് മറ്റൊരു വിചാരം അരുത് എന്ന് രാജാവിന്റെ പത്നിയായ മല്ലിക ഈ മന്ത്രിയെ വിളിച്ച് ഉപദേശിക്കുന്നു. ബുദ്ധനെ നേരിട്ടൊന്ന് കാണാൻ മന്ത്രി മുഖാന്തരം രാജാവിന് സന്ദർഭം സിദ്ധിക്കുന്നു. രാജാവുമായി ശ്രീബുദ്ധൻ നേരിട്ട് ഒരു സംഭാഷണം നടക്കുന്നു.

ചുരുക്കിപ്പറഞ്ഞാൽ ഇത്രമാത്രമാണ് കഥ. കഥ ലളിതമാണ്. സങ്കീർണമായ കഥാഘടനയോടുകൂടിയ ഉള്ളടക്കമുണ്ട് എന്നൊക്കെ തോന്നുമെങ്കിൽ പോലും കേവലം ലളിതമായ ഒരു കഥാഖ്യാന രീതി അവലംബിച്ചിട്ടുണ്ട് എന്നതാണ് ആട്ടക്കഥയാവാനുള്ള ഒന്നാമത്തെ പരീക്ഷയിൽ ശ്രീചിത്രൻ ജയിച്ചിരിക്കുന്നു എന്ന് പറയാൻ കാരണം. ലളിതമായിരിക്കണം കഥകളിയിലെ കഥ. കഥ സങ്കീർണമാകുമ്പോൾ കളി അപ്രധാനമായിപോകും. കളിയാണ് പ്രധാനം. കഥ താരതമ്യേന ലളിതമാവുക, പറ്റുമെങ്കിൽ പ്രേക്ഷകർക്ക് മുൻകൂട്ടി അറിയുന്ന കഥ കൂടിയാണെങ്കിൽ ആവിഷ്‌കാരം കുറേക്കൂടി സുഗമമാവും, ലളിതമാവും. ആവിഷ്‌കാരത്തിന്റെ സൂക്ഷ്മ സുഭഗതകളിലേക്ക് പ്രേക്ഷകരുടെ ശ്രദ്ധ ആകർഷിക്കാൻ പ്രയോക്താവിന് സാധിക്കുകയും ചെയ്യും.

ആപദംഭൻ ഒരു കത്തിവേഷമാണ്. വേഷവൈവിധ്യത്തിന്റെ കാര്യത്തിലൊക്കെയും ഒരു ആട്ടക്കഥ അനുവർത്തിക്കേണ്ട കുറേ ശീലഗുണങ്ങളെയും അതേപോലെ അതിന്റെ ചില കീഴ്‌വഴക്കങ്ങളെയുമൊക്കെ വൃത്തിയായി ഈ കഥ പിൻപറ്റുന്നുണ്ട്, പലപ്പോഴും ഉല്ലംഘിക്കുന്നുമുണ്ട്.

ആപദംഭന്റെ തിരനോക്ക് കഴിഞ്ഞ് ഒരാട്ടമാണ് ആരംഭിക്കുന്നത്. അത്ഭുതകരമായ ഒന്ന്, മർമതാളത്തിലാണ് അവിടെ ആട്ടം നിബന്ധിച്ചിട്ടുള്ളത് എന്നതാണ്. കഥകളി വേഷം കൈകാര്യം ചെയ്യുന്ന ഒരു നടനറിയാം, താളം ത്രിപുടയാണെങ്കിൽ പോലും ചെമ്പട പോലെ മുദ്ര കാണിച്ച് എത്തിക്കാൻ ആവില്ല. ഓരോ മുദ്രയുടെയും നീളത്തെ താളത്തിന്റെ മാത്രകളുടെ ദൈർഘ്യത്തിലേക്ക് ക്ലിപ്തപ്പെടുത്തി ആവിഷ്‌കരിക്കുക എന്നത് ഒരു നടനെ സംബന്ധിച്ച് വെല്ലുവിളിയാകുമ്പോൾ, കുറേക്കൂടി ദൃഢമായ ഒരു താളത്തിൽ ഇവിടെ ആട്ടം നിബന്ധിച്ചിരിക്കുന്നു എന്നത് ഒരുപക്ഷേ ഒരു കൂട്ടിച്ചേർക്കലാണ്. മർമം പോലെയുള്ള താളങ്ങൾ ഒന്നും കഥകളിക്ക് അതിനു മുമ്പ് പരിചയമുള്ളതല്ല. കേരളീയ താളങ്ങൾ ആണെങ്കിൽ തന്നെ കുഞ്ചൻ നമ്പ്യാർ ഒഴികെ മറ്റാരും പണ്ടുകാലത്ത് ഉപയോഗിച്ചിട്ടില്ലാത്ത ഇത്തരം താളവൈവിധ്യങ്ങളെ സമർഹവും സമർഥവുമായ രീതിയിൽ ഈ ആട്ടക്കഥയുടെ ശരീരത്തിലേക്ക് ഇണക്കിച്ചേർക്കാൻ ശ്രീചിത്രൻ ശ്രദ്ധ കാണിച്ചിട്ടുണ്ട് എന്നത് അഭിനന്ദിക്കപ്പെടേണ്ട ആദ്യഘടകമാണ്.

ചരിത്രത്തെയാണ് ശ്രീചിത്രൻ അവലംബിക്കുന്നത്. ആപസ്‌തംഭൻ പ്രത്യക്ഷപ്പെടുമ്പോഴും മനുസ്മൃതി ഒന്നും ആട്ടക്കഥയിൽ വരുന്നില്ല. മനുവിന്റെ കാലം ഈ കഥയ്‌ക്ക്‌ ശേഷമാണ് എന്ന വസ്‌തുതയെ അടിസ്ഥാനമാക്കി ചരിത്രപരമായ കൃത്യതയോടെയാണ് ‘മാതംഗീചരിത’ത്തിലെ ഓരോ പാത്രസൃഷ്ടിയും. പ്രസിദ്ധീകരിക്കപ്പെട്ട ‘മാതംഗീചരിതം’ ആട്ടക്കഥാപുസ്‌തകത്തിന്റെ അവസാനം കൊടുത്ത ഗ്രന്ഥസൂചിയിലെ ഗ്രന്ഥങ്ങളുടെ പരപ്പ് കാണുമ്പോൾ തന്നെ എന്തെല്ലാം ഗ്രന്ഥങ്ങളിലൂടെ സഞ്ചരിച്ചിട്ടാണ് ഈ ഇതിവൃത്തത്തിന് ആവശ്യമായ വിഭവങ്ങളെ ശ്രീചിത്രൻ ഇവിടെ സമാഹരിച്ചെടുത്തത് എന്ന് നമുക്ക് ബോധ്യപ്പെടും.

ശ്രാവസ്തിയിലെത്തിയ ആനന്ദഭിക്ഷു ‐ പീശപ്പിള്ളി രാജീവൻശ്രാവസ്തിയിലെത്തിയ ആനന്ദഭിക്ഷു ‐ പീശപ്പിള്ളി രാജീവൻ

ചാതുർവർണ്യത്തിൽ അധിഷ്‌ഠിതമായ ഒരു ജീവിതക്രമം പാലിക്കണം എന്ന വിശ്വാസപ്രമാണം മുറുകെ പിടിക്കുന്നതിന്റെ പ്രതിനിധിയായിട്ട് ഒരു ആപദംഭൻ വരുമ്പോൾ ശ്രീചിത്രൻ പറയുന്ന ഘടകങ്ങൾ ഒക്കെ രാമന്റെ കഥയ്‌ക്ക്‌ ശേഷം നടക്കുന്ന കഥ എന്ന രീതിയിലാണ്. “ശ്രീരാമൻ ഒരു ശംബൂകനെ വധിച്ച കഥ ഓർമയില്ലേ” എന്ന് ബ്രാഹ്മണർ രാജാവിനോട് ചോദിക്കുന്ന ഒരു മുഹൂർത്തം ഇതിനകത്തുണ്ട്.

‘‘ഭൂദേവരക്ഷയ്‌ക്കായി ശൂദ്രനിഗ്രഹം ചെയ്‌ത

രാമന്റെ വംശദ്രുമശാഖ നീ പരംതപ!”

എന്നാണ് ബ്രാഹ്മണർ രാജാവിനെ ഓർമിപ്പിക്കുന്നത്. കൃത്യമായി ചരിത്രത്തിൽ ഈ പ്രസേനജിത്ത് എന്ന രാജാവിന്റെ സ്ഥാനം അടയാളപ്പെടുത്താൻ വേണ്ടി തന്നെയാകണം ഈ ശംബൂകകഥ അവിടെ പരാമർശവിഷയമായത് എന്ന് ഞാൻ വിശ്വസിക്കുന്നു. അവിടെ ഒരു സംശയം നമുക്ക് തോന്നും. ഈ പ്രസേനജിത്ത് എന്ന രാജാവ് ആരാണ്? ‘രഘുവംശ’ത്തിൽ കാളിദാസൻ പറയുന്നത് അനുസരിച്ചാണെങ്കിൽ രാമന്റെ വംശപരമ്പരയിൽ രഘുവിനു ശേഷം ഒരു പ്രസേനജിത്ത് ഇല്ല. പുരാണിക് എൻസൈക്ലോപീഡിയ പരിശോധിക്കുകയാണെങ്കിൽ ഒരുപക്ഷേ ഇവർക്കൊക്കെ വളരെ മുമ്പ്, അതായത് ഭഗീരഥന്റെയും ഹരിശ്ചന്ദ്രന്റെയും സഗരന്റെയും ഒക്കെ മുമ്പ് ഒരു പ്രസേനജിത്ത് മാത്രമേ ഇക്ഷ്വാകു വംശജനായി നമുക്ക് കണ്ടെടുക്കാനായി എന്ന് വരികയുള്ളൂ. എന്നാൽ ശ്രീചിത്രൻ അവലംബിക്കുന്നത് പുരാണങ്ങളെയോ ‘രഘുവംശ’ത്തെയോ അല്ല, ചരിത്രത്തെയാണ് എന്നതാണ് കാര്യം. ചരിത്രത്തിൽ ‘രഘുവംശം’ എന്നുള്ളത് ഒരു കാവ്യം മാത്രമാണ്. കാളിദാസന്റെ ഭാവന കൃത്യമായി അതിനകത്ത് പ്രവർത്തിച്ചിട്ടുണ്ടാകാം. കാളിദാസനെ അല്ല, ലഭ്യമാകുന്ന മറ്റു ചരിത്രവസ്‌തുതകളുടെ പിൻബലത്തോടെ ആകണം ഇതിവൃത്തം സ്വീകരിച്ചത്. രാമകഥ അതിനുമുമ്പേ ഉണ്ട് എന്നതിന് കാമിൽ ബുൽക്കെയെപ്പോലുള്ളവരുടെ പഠനങ്ങൾ തെളിവുകൾ നൽകിയിട്ടുണ്ട്. ഈ രീതിയിൽ ചരിത്രത്തോട് കൃത്യമായി നീതി പുലർത്തുക എന്ന നിഷ്‌കർഷയോടു കൂടിയാണ് ഇതിന്റെ ഒരു ഇതിവൃത്തഘടന തയ്യാറാക്കിയിട്ടുള്ളത് എന്നത് അത്യന്തം പ്രധാനമാണ്.

സങ്കേതങ്ങളിലെ കൂട്ടിച്ചേർക്കലാണ് ആട്ടക്കഥ എന്ന നിലയിൽ എടുത്തുപറയേണ്ട കാര്യം. നേരത്തെ സൂചിപ്പിച്ച മർമതാളം പോലെ കഥകളിക്ക് അന്യമായ താളഘടകങ്ങളെ, താളസ്വരൂപങ്ങളെ ആട്ടക്കഥയുടെ ഗാത്രത്തിലേക്ക് ഇണക്കുന്ന വിദ്യ ശ്രീചിത്രൻ സമർഥമായി നിർമിച്ചിരിക്കുന്നു. മർമതാളത്തിൽ ഒരാട്ടം മാത്രമല്ല ഒരു പദം ഇവിടെ നിബന്ധിച്ചിട്ടുണ്ട്. മർമതാളത്തിൽ പദം എന്ന് പറയുമ്പോൾ സ്വാഭാവികമായി കുഞ്ചൻ നമ്പ്യാർ പിൻപറ്റിയ അതേ ഗണഘടനാ മാതൃകയാകും ശ്രീചിത്രനും പിൻപറ്റുക എന്ന് ധരിച്ചാൽ നമുക്ക് തെറ്റിപ്പോകും. ‘വർധിതതര ധവള ഹിമാചല സന്നിഭ തുംഗശരീരൻ' എന്നൊക്കെയുള്ള രീതിയിൽ എ ആർ രാജരാജവർമ അജഗരഗമനം എന്ന് പേരിട്ട് ലക്ഷണം എഴുതിയ ആ വൃത്തഘടനയിലേ അല്ല, കുറേക്കൂടി നമുക്ക് പരിചയമുള്ള, കിരാതവൃത്തത്തിൽ കടമ്മനിട്ട ഉപയോഗിക്കുന്ന താളഘടനയെ പിൻപറ്റിക്കൊണ്ടാണ് മർമതാളം ഇവിടെ ഉപയോഗിച്ചിട്ടുള്ളത്. ഇത് കഥകളിയിൽ മുമ്പൊരിക്കലും കണ്ടിട്ടുള്ളതല്ല. എന്നാൽ കുണ്ടനാച്ചി താളം കുഞ്ചൻ നമ്പ്യാർ ഉപയോഗിച്ച അതേ താള മാതൃക പിൻപറ്റിക്കൊണ്ട് തന്നെ രചിച്ചിരിക്കുന്നു. കുണ്ടനാച്ചി താളത്തിൽ ഒരു കഥകളിപ്പദം ഇതിനുമുമ്പ്‌ ഉണ്ടായിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല.

മർമതാളത്തിൽ ശ്രീചിത്രൻ എഴുതുന്ന വരികൾ കേട്ടാൽ അതിന്റെ ഘടന നമുക്ക് ബോധ്യമാവും:

‘‘ഹോമാഗ്നിപ്പുകയാൽ നിങ്ങടെ

മതിയും കറ മൂടുന്നോ?

നിജനാഡിഞരമ്പുകൾ തോറും

നിണമിപ്പൊഴുമൊഴുകുന്നോ?’’


കടമ്മനിട്ടയുടെ കിരാതവൃത്തത്തിലെ,

‘‘കാട്ടാളൻ കരളിൽ നുറുങ്ങിയ

നട്ടെല്ലു നിവർന്നെഴുന്നേറ്റു

ചുരമാന്തിയ കരുത്തിൻ

തിരമാലകൾ ചീറിയലച്ചു.’’

എന്ന മട്ടിലുള്ള അതേ താളഘടനയിൽ അതേപോലെ മാത്രാവിന്യാസ വ്യവസ്ഥയോടുകൂടി മർമതാളത്തിൽ അനായാസമായി അതിമനോഹരമായ കഥകളിപ്പദം വാർന്നു വീഴുന്നത് കൗതുകം തോന്നിക്കുന്ന ഒരു ഘടകമാണ്.

മാതംഗി -‐ കലാമണ്ഡലം ഷണ്മുഖൻമാതംഗി -‐ കലാമണ്ഡലം ഷണ്മുഖൻ

പ്രധാനമായും ശ്ലോകങ്ങളിൽ ശ്രീചിത്രൻ അവലംബിക്കുന്നത്‌ സംസ്‌കൃത ഭാഷയാണ്. എന്തിനാണ് അങ്ങനെ സംസ്‌കൃതം എന്ന് സംശയം തോന്നാം. ബുദ്ധനെ കുറിച്ച് തന്നെ അങ്ങനെ ഒരു ശകാരം ഉണ്ടല്ലോ, അദ്ദേഹം പാലി ഭാഷയിൽ ജനങ്ങൾക്ക് മനസ്സിലാകുന്ന പോലെ എഴുതിയതാണ് അദ്ദേഹത്തിന് പറ്റിയ അവസ്ഥ എന്ന കുറ്റപ്പേര് ബുദ്ധനുതന്നെ ഉണ്ട്. അതേപോലെ ജനങ്ങൾക്ക് മനസ്സിലാകുന്ന ഭാഷയിൽ എഴുതിക്കൂടെ എന്ന ചോദ്യം സംഗതവുമാണ്. എന്നാൽ കഥകളിയുടെ ആകമാനതയോട് ഇണങ്ങുന്ന ഭാഷാവ്യവസ്ഥ പിൻപറ്റിക്കൊണ്ട് തന്നെ രചന നിർവഹിക്കണമെന്ന നിഷ്‌കർഷ തന്നെയായിരിക്കണം സംസ്‌കൃതഭാഷയെ ഉപയോഗിക്കാൻ ശ്രീചിത്രന് പ്രേരണയായ ഘടകം. ഒരു അന്യവൽകൃത ഭാഷ തീർച്ചയായും നാട്യധർമിത പിൻപറ്റുന്ന ഒരു കലാരൂപത്തിന്റെ ആവിഷ്‌കാര പദ്ധതിയുടെ പശ്ചാത്തലത്തിൽ ഉണ്ടാവേണ്ടതു തന്നെയാണ്. ‘അതിവാക്യ ക്രിയോപേതം അതിസാത്വതിഭാവകം’ എന്നതാണ് നാട്യധർമിയുടെ ലക്ഷണം. സാധാരണ വർത്തമാനം പറയുന്ന ഭാഷ ഉപയോഗിച്ചാൽ അഭൗമമായ സ്വഭാവമുള്ള കഥാപാത്രങ്ങളെ ആവിഷ്‌കരിക്കുക അസാധ്യമായിത്തീരും. അപ്പോൾ അന്യവൽകൃതമാകുന്ന ഒരു ഭാഷ അനിവാര്യമായിത്തീരുന്നു.

എന്നാൽ, സമാനമായ രീതിയിൽ ക്ലാസിക്കൽ‐നിയോക്ലാസിക്കൽ കാലഘട്ടത്തിന്റെ മണിപ്രവാള ഭാഷ അതിന്റെ സ്നിഗ്ധതയോടും മുഗ്ധതയോടും അതിന്റെ മനോഹാരിതയോടും തന്നെ ഇവിടെ പുനരാവിഷ്‌കരിക്കപ്പെട്ടിരിക്കുകയാണ്. മണിപ്രവാള ഭാഷ ഉപയോഗിക്കുക മാത്രമല്ല, അസാമാന്യമായ സംഗീതസാധ്യതകൾ രചന തന്നെ തുറന്നിടുകയും ചെയ്യുന്നു. ‘ഗേയസുഭഗത’ എന്നത് ഒരു ആട്ടക്കഥയുടെ പ്രയുക്തതയ്‌ക്ക്‌ പ്രധാനപ്പെട്ടതാണ്. ആലാപന സുഭഗങ്ങളായ പദങ്ങൾ ഉണ്ടാവുക എന്നത് കഥകളി പോലെയുള്ള ഒരു കലാരൂപത്തിന് ആവശ്യമാണ് എന്ന കാര്യത്തിൽ തർക്കമില്ല. ഈ ഗേയസുഭഗത അല്ലെങ്കിൽ ശബ്ദസൗഷ്ഠവം മുൻനിർത്തിക്കൊണ്ട് തന്നെയാവാണം, ശബ്ദാലങ്കാരങ്ങൾ ‘മാതംഗീചരിത’ത്തിൽ അടിമുടി നിറഞ്ഞുനിൽക്കുന്നു. യമകം, പ്രാസം, അനുപ്രാസം തുടങ്ങിയ ശബ്ദാലങ്കാരങ്ങൾക്ക് വലിയ പ്രാധാന്യം കൊടുത്തുകൊണ്ടാണ് ശ്ലോകങ്ങളും അതേപോലെ പദങ്ങളും പലപ്പോഴും രചിക്കപ്പെട്ടിട്ടുള്ളത്.

നിരവധി ഉദാഹരണങ്ങൾ ഈ രചനാവൈദഗ്ധ്യത്തിന് ആട്ടക്കഥയിലുടനീളമുണ്ട്. ഉദാഹരണമായി, ‘രാജാധിരാജ' എന്ന്‌ ആരംഭിക്കുന്ന വസന്തതിലകവൃത്തത്തിലെ ഒരു ശ്ലോകത്തിൽ നാലു വരിയിലും ‘രാജ' എന്ന വാക്ക് യമകഭംഗിയോടുകൂടി നാല് വ്യത്യസ്‌ത അർഥങ്ങളിൽ ആവർത്തിക്കപ്പെടുന്നു. ‘മഹാശയൻ ഭൂപതി മല്ലികാഖ്യയാം' എന്ന് തുടങ്ങുന്ന ശ്ലോകമുണ്ട്. അവിടെ ‘മഹാ' എന്ന ശബ്ദം ഈ അർഥവൈവിധ്യത്തോടുകൂടി നാല് പാദങ്ങളിലും ആവർത്തിക്കുന്നത് കാണാം.

‘ദ്വിജപതിശ്രുതി' എന്ന വേറൊരു ശ്ലോകമുണ്ട്. ദ്രുതവിളംബിതമാണ് വൃത്തം. ദ്രുതവിളംബിതം എന്ന വൃത്തത്തിന്റെ തന്നെ സവിശേഷത യമക പ്രയോഗങ്ങൾക്ക് വേണ്ടി മഹാകവികൾ നിബന്ധിക്കുന്ന ഒരു വൃത്തമാണത് എന്നതാണ്. ദ്രുതവിളംബിതം യമകപ്രധാനമായി തന്നെയാണ് പഴയ മഹാകവികൾ എഴുതിയിരുന്നതും.

ശ്രീചിത്രൻ എം ജെശ്രീചിത്രൻ എം ജെ

(‘ശരണമേവനുമേകരുതൊന്നുകിൽ തരണമാരണമാരണമാരണം'‐ എന്ന് ഉള്ളൂർ.) യമകഭംഗിയാണ് ദ്രുതവിളംബിതം വൃത്തത്തിന്റെ മനോഹാരിതയെന്ന തിരിച്ചറിവോടെ അതിസമർഥമായ യമക പ്രൗഢിയോടുകൂടി ‘ദ്വിജപതിശ്രുതി' എന്നാരംഭിക്കുന്ന, ‘ദ്വിജ’ എന്ന ശബ്ദത്തിന് നാലർഥങ്ങൾ തന്നെ പ്രയോഗിക്കുന്ന രീതിയിൽ ഒരു ശ്ലോകം നിബന്ധിച്ചു കാണാം. ഈ ശബ്ദാലങ്കാരങ്ങളുടെ സമൃദ്ധി ശ്ലോകരചനയിൽ മാത്രമല്ല പലപ്പോഴും പദങ്ങളിലും അതേപോലെ ആവർത്തിക്കുന്നതും ഈ ഗേയ സുഭഗത മുൻനിർത്തിക്കൊണ്ട് തന്നെയാവണം.‘ധന്യ’, ‘സാമാന്യ’, ‘കന്യ’ എന്നിങ്ങനെ ആവർത്തിക്കുന്ന ഈ ശബ്ദചാരുത ഗേയസൗന്ദര്യത്തെ കളിയരങ്ങിൽ ഉറപ്പുവരുത്തുകയാണ്. കഥകളിയുടെ സാങ്കേതികസൗന്ദര്യം ഘനീഭവിച്ചു നിൽക്കുന്ന കോട്ടയത്ത് തമ്പുരാന്റെ ‘കിർമീരവധ’ത്തിൽ ‘അന്യം പ്രതിനിജ ദൈന്യം ചൊൽവതു സാമാന്യം' എന്നുള്ള പദത്തെ ഓർമിപ്പിക്കുന്ന രീതിയിൽ, കോട്ടയത്ത് തമ്പുരാന്റെ രചനാരീതിയുടെ മനോഹാരിതകളെ എങ്ങനെയെല്ലാം പുനഃസൃഷ്ടിക്കാം എന്ന് ഗവേഷണം നടത്തി കണ്ടുപിടിച്ചു പകർത്തിയത് പോലെ തോന്നിക്കുന്ന ധാരാളം വരികൾ ഇതിനകത്ത് നമുക്ക് നിർദ്ധാരണം ചെയ്‌തെടുക്കാനാകും.

‘വേദപാരംഗതപ്രജ്ഞരേ' എന്ന് ആരംഭിക്കുന്ന പ്രസേനജിത്ത് എന്ന രാജാവിന്റെ പദത്തിൽ കൃത്യമായി ദുര്യോധനവധം ആട്ടക്കഥ രചിച്ച വയസ്‌കര മൂസ്സിന്റെ രചനാമികവ് പ്രതിഫലിക്കുന്നു. സമാനമായ രീതിയിൽ തന്നെ ‘ജയരുചിര കനകാദ്രിസാനോ' എന്ന കോട്ടയം തമ്പുരാന്റെ പദത്തിന്റെ ഛായയിൽ അതേ ഗണഘടനാ മാതൃകയിൽ അതേ താളഘടനയിൽ ഒരു പദം ഇവിടെയും നമുക്ക് കാണാം.

യാദൃച്ഛികമായി സംഭവിച്ചതാണോ എന്നറിയില്ല, കൗതുകകരമായി തോന്നിയ രണ്ട് ഉദാഹരണങ്ങൾകൂടി സൂചിപ്പിക്കാം. ‘കാരുണ്യാമൃതം തൂകും' എന്ന് ആരംഭിക്കുന്ന ഒരു സ്‌തുതിഗീതത്തോടെയാണ് ആട്ടക്കഥ ആരംഭിക്കുന്നത്. ‘അപ്രകാരമുള്ള ബുദ്ധദേവനെ പ്രണമിക്കുന്നു’ എന്ന അർഥം വരുന്ന ഈ സ്‌തുതിഗീതം കൃത്യമായി ‘ഘനസംഘമിടയുന്ന' എന്ന കളമ്പാട്ടിന്റെ ഈരടിമാതൃകയിലാണ്. പുള്ളുവർക്കുടത്തിനും ചെണ്ടയ്‌ക്കും മദ്ദളത്തിനും പുറമേ ഉത്തരേന്ത്യൻ ഉപകരണങ്ങളും ഉപയോഗിച്ചുകൊണ്ടാണ് ‘മാതംഗീ ചരിത’ത്തിന്റെ നാദസംവിധാനം നിർവഹിച്ചിരിക്കുന്നത്. ഒരു നന്തുണികൂടി ഈ പദത്തിന് ചേർത്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. അത്ര കൃത്യമായി, കേശ ദേശാദിപാദം വർണിക്കുന്ന സമയത്ത് കളം വരച്ച്‌ കുറുപ്പ് പാടുന്ന പാട്ടിന്റെ ആ ഈരടിയുടെ ഘടനാമാതൃക പിൻപറ്റിക്കൊണ്ടാണ് ആദ്യത്തെ സ്‌തുതിഗീതം രചിക്കപ്പെട്ടിട്ടുള്ളത്.

പ്രസേനജിത്തും മല്ലികയും സന്തതിയും ‐ ഹരിനാരായണൻ, അനിൽകുമാർ,  ഹരി ആർ നായർപ്രസേനജിത്തും മല്ലികയും സന്തതിയും ‐ ഹരിനാരായണൻ, അനിൽകുമാർ, ഹരി ആർ നായർ

‘ഫുല്ലദീപ്തി' എന്ന് തുടങ്ങുന്ന ഒരു ശ്ലോകമുണ്ട്. ബ്രാഹ്മണർ പ്രസേനജിത്തിന്റെ സമീപത്തേക്ക് എത്തി എന്നാണ് ശ്ലോകത്തിൽ ആശയം. വല്ലഭാസഹിതനായിരിക്കുന്ന പ്രസേനജിത്തിന്റെ സമീപത്തേക്ക് എത്തി എന്ന ആശയം സംവഹിക്കുന്ന ശ്ലോകത്തിന്റെ രചനയിൽ ഒളിപ്പിച്ചുവച്ച ഒരു രചനാതന്ത്രമുണ്ട്. വല്ലഭയുടെ പേര് മല്ലിക എന്നാണ്. വൃത്തവും മല്ലികയാണ്! മല്ലികാവൃത്തത്തിൽ മല്ലിക സമീപത്ത് എത്തി എന്ന് പറയാനായി ആ വൃത്തം ഉപയോഗിക്കുകയാണ്. ഇത്തരം ഗൂഢരചനാതന്ത്രങ്ങൾകൊണ്ട് സമൃദ്ധമാണ് ‘മാതംഗീചരിതം.’

പദങ്ങളിൽ ഉപയോഗിച്ച താളഘടന സവിശേഷമായി പഠനാനാർഹമാണ്. കോട്ടയത്ത് തമ്പുരാന് ശേഷം ആട്ടക്കഥകൾ എഴുതിയ പലരും പിൻപറ്റിയിട്ടില്ലാത്ത ഒരു നിഷ്‌കർഷയാണ് ശ്രീചിത്രൻ കൃത്യതയോടെയും വൈദഗ്ധ്യത്തോടെയും നിർവഹിച്ചിരിക്കുന്നത്. ചെമ്പടതാളത്തിൽ ആണ് പദമെങ്കിൽ അതിന്റെ ഏറ്റവും ഹ്രസ്വമായ രൂപം ഗണം തിരിച്ചു പരിശോധിച്ചാൽ അതിനകത്ത് ഒരു കാകളി ഘടന കോട്ടയത്ത് തമ്പുരാന്റെ രചനയാണെങ്കിൽ കണ്ടിരിക്കും. ചെമ്പതാളം ആണെങ്കിൽ തരംഗിണി ഘടന കാണും. ഏഴു മാത്രയുടെ വിന്യാസം അടന്തയിലുള്ള താളഘടനയിലുള്ള പദങ്ങൾക്ക് നിബന്ധിച്ചിരിക്കും. കോട്ടയം തമ്പുരാൻ കാണിച്ച അതേ നിഷ്‌കർഷയോടുകൂടി ആധുനികകാലത്ത് ഒരു ആട്ടക്കഥ എഴുതപ്പെട്ടിട്ടുണ്ട് എന്ന് ചൂണ്ടിക്കാണിക്കാൻ നമുക്ക് ലഭിച്ച മാതൃക ‘മാതംഗീചരിതം’ ആയിരിക്കും. ചെമ്പടയിൽ, ചെമ്പയിൽ, അടന്തയിൽ, മുറിയടന്തയിൽ ഒക്കെയുള്ള പദങ്ങൾക്ക് ഏറ്റവും കുറുക്കി ചൊല്ലുമ്പോൾ പോലും അതിന്റെ ആ താളാശ്രിതത്വം അനുഭവപ്പെടുത്തുന്ന രീതിയിൽ അതിന്റെ ഗണഘടനയോടുകൂടി ആ വരികൾ എഴുതാനുള്ള കൃതഹസ്‌തത ശ്രീചിത്രൻ ഇവിടെ കാണിച്ചിട്ടുണ്ട്.

യഥാർഥത്തിൽ അത്ഭുതമാണത്. കളിയരങ്ങും ഭാഷാസ്വാധീനവും ചരിത്ര വിജ്ഞാനവും ഒരുപോലെ സംവഹിക്കുന്ന കൈത്തഴക്കത്തിന് മാത്രമേ താളഘടനയോടു കൂടി, താളത്തിന് യോജിക്കുന്ന മുദ്രയ്‌ക്ക്‌ കൂടി യോജിക്കുന്ന രീതിയിലുള്ള വാക്കുകളോടു കൂടി ആട്ടക്കഥയ്‌ക്ക് വേണ്ട പദങ്ങൾ എഴുതാനാകൂ. ആ രചനാ മികവിന് എടുത്തു പറയാവുന്ന ഉദാഹരണങ്ങൾ സമൃദ്ധമായി വേറെയുമുണ്ട്.

‘മാതംഗീചരിത’ത്തിൽ ഗംഭീരമായ ഒരു ദണ്ഡകമുണ്ട്. അത് തുടങ്ങുന്നത് ഇങ്ങനെയാണ്:

“ചണ്ഡാംശുവംശഗുണ ഭണ്ഡാരഭൂപഹൃദി-

ചണ്ഡാലജാപരമുദന്തം

മുണ്ഡനസുഖാന്തം സംഘശരണാന്തം”

“ക്ഷോണീന്ദ്ര പത്നിയുടെ വാണീം” എന്നാരംഭിക്കുന്ന ഇരയിമ്മൻ തമ്പിയുടെ കീചകവധത്തിലെ ദണ്ഡകത്തിന് സമശീർഷതയോടെ ഉയർന്നു നിൽക്കുന്ന പ്രൗഢിയിലാണ് ഈ ദണ്ഡകത്തിന്റെ രചന. ഈ ദണ്ഡകം ഈ കഥയെ ഭൂതകാലത്തിലേക്ക് കൊണ്ടുപോകുന്ന ഒരു നാടകതന്ത്രമായിട്ട് കൂടിയാണ് ഇവിടെ ഉപയോഗിക്കുന്നത്. ഈ ദണ്ഡകത്തിലൂടെയാണ് കഥ ഭൂതകാലത്തിലേക്ക് കൊണ്ടുപോകുന്നത്. “ഇവിടെ ഭിക്ഷുണികളെയും സ്വീകരിക്കപ്പെടുമോ” എന്ന് പ്രസേനജിത്ത് ആനന്ദഭിക്ഷുവിനോട് ചോദിക്കുന്നതിന് ഉത്തരമായി മറ്റു പലരും ഭിക്ഷുണിയായി എത്തിയിട്ടുണ്ട്, സമീപകാലത്ത് മാതംഗി എന്നൊരു സ്‌ത്രീയും എത്തിയിട്ടുണ്ട് എന്ന് ആനന്ദന്റെ വാക്കുകളെ തുടർന്ന് ‘തൂമ തേടും തൻ പാള കിണറ്റിലിട്ടോമൽ കയ്യാൽ കയറുവലിച്ചുടൻ കോമളാംഗി നീർകോരുന്ന' ഭൂതകാലത്തിലേക്ക് കഥ പടർന്നു പിന്നോക്കം പോവുകയാണ്. ഇങ്ങനെ ഒരു ഫ്ലാഷ്ബാക് ആയിട്ട് കഥ അവതരിപ്പിക്കുന്ന രീതി കഥകളിയിൽ ഒരുപക്ഷേ ഇത് ആദ്യത്തേത് തന്നെയാകും എന്ന് എനിക്ക് തോന്നുന്നു. ഭൂതകാലത്തിലേക്ക് കഥ സംക്രമിപ്പിക്കാനുള്ള ഒരു തന്ത്രമായി ഇവിടെ ദണ്ഡകത്തെ പ്രയോജനപ്പെടുത്തിയിരിക്കുകയാണ്.

ആട്ടക്കഥയിലുടനീളം പുതിയ രാഗങ്ങൾ നിരവധി ഉപയോഗിച്ചിരിക്കുന്നു. മധ്യമശ്രുതിയിൽ പന്തുവരാളി, മധ്യമശ്രുതിയിൽ കാപ്പി (ഹിന്ദുസ്ഥാനിയിലെ പീലു) എന്നിങ്ങനെ കഥകളിയിൽ പതിവില്ലാത്ത പ്രയോഗങ്ങൾ ‘മാതംഗീ ചരിത’ത്തിൽ കാണാം. ലവംഗി, രേവഗുപ്തി എന്ന് തുടങ്ങി പുതിയകാലത്ത് ഗായകർ പാടി നിറച്ചിട്ടുണ്ടെങ്കിൽ പോലും എഴുതപ്പെട്ട കഥകളിൽ ആരും നിർദേശിച്ചിട്ടില്ലാത്ത രാഗങ്ങൾകൂടി ഉൾപ്പെടുത്തിക്കൊണ്ടാണ് രചന നടത്തിയിട്ടുള്ളത്. എന്നാൽ തികഞ്ഞ കേരളീയരാഗങ്ങളായ പാടി, ഘണ്ടാരം, ഇന്ദളം, പുറനീര് തുടങ്ങിയ രാഗങ്ങൾ ‘മാതംഗീചരിത’ത്തിൽ ഉണ്ടുതാനും.

ചുരുക്കിപ്പറഞ്ഞാൽ ഒരു കഠിനാധ്വാനത്തിന്റെ സത്ഫലമാണ് ഈ രചന. ഉള്ളടക്കത്തെ നിർണയിക്കുന്നതിനുവേണ്ടിയുള്ള ഗവേഷണ പ്രവർത്തനങ്ങളുടെ ഒരു വലിയ കാലം ഒന്നാമതായുണ്ട്. ഓരോ പദങ്ങളെയും സൂക്ഷ്‌മമായി താളാശ്രിതമായും രാഗാശ്രിതമായും അതിലുമുപരി ആകമാനതയിൽ കഥകളിത്തം എന്ന മൗലികമായ ഗുണസമ്പന്നതയോട് ഇണങ്ങുന്ന രീതിയിൽ നിർണയിച്ച്‌ രചിച്ചെടുക്കുന്ന ക്ലേശകരമായ ദൗത്യം രണ്ടാമതുണ്ട്. ഒരേസമയം സാമ്പ്രദായികമായ കഥകളിയുടെ സൗന്ദര്യാംശങ്ങളെ ആഴത്തിൽ ഉൾക്കൊള്ളുക, ആധുനികമായ രംഗഭാഷയും തിയറ്റർ ഭാവുകത്വവും സ്വീകരിക്കുക എന്നിവ സമന്വയിക്കുകയാണ് ‘മാതംഗീചരിത’ത്തിൽ സംഭവിച്ചിരിക്കുന്നത്.

പദങ്ങളുടെ അർഥം കണ്ടുപിടിക്കാൻ ചിലപ്പോഴെല്ലാം ഏറെ ക്ലേശിച്ചുപോയി എന്നുള്ളത് പറയാതിരിക്കാനാവില്ല. നമ്മുടെ ഭാഷാപരമായ വിവരക്കുറവിന് ഗ്രന്ഥകർത്താവിനെയാണോ പഴിക്കേണ്ടത് എന്ന സംശയമില്ലായ്കയില്ല. പലപ്പോഴും പ്രസിദ്ധമായ അർഥമല്ല ‘മാതംഗീചരിത’ത്തിലെ അർഥം. ഉദാഹരണത്തിന് ‘വാസിതം' എന്ന് കേട്ടാൽ സുവാസിതം‐ നല്ല ഗന്ധമുള്ളത് എന്ന അർഥം എടുക്കാനാണ് തോന്നുക. ആ അർഥത്തോട് ആ ശ്ലോകത്തിന്റെ മൊത്തം ഒരു താൽപ്പര്യം അന്വേഷിക്കുമ്പോൾ എവിടെയും കൂട്ടിമുട്ടാതിരിക്കുമ്പോൾ ശ്രീചിത്രൻ താഴെ എഴുതിയിട്ടുള്ള അർഥത്തെ ആശ്രയിക്കുകയാണ്. അപ്പോഴും ബോധ്യമാകുന്നില്ല. ശബ്ദതാരാവലി പരതുകയാണ്. അങ്ങനെ ഒരു അർഥം ആ വാക്കിനുണ്ടെന്ന് ഉറപ്പുവരുത്തുമ്പോഴേ ആശ്വാസമാകൂ. ‘അഹിംസ' എന്ന് പറഞ്ഞാൽ മനസ്സിലാക്കാം. മാതംഗീചരിതകാരൻ അവിടെ ‘അവിഹിംസ' എന്നാണ് പറയുക. അപ്പോ ആ വാക്കിന് ഇതാണ് അർഥം എന്ന് മനസ്സിലാക്കാൻ വീണ്ടും ശ്രീകണ്ഠേശ്വരത്തെ സഹായം തേടി പോകേണ്ടി വരികയാണ്. “അസിപത്രവനം പൂകുമതിനില്ല സന്ദേഹം” എന്നു വായിച്ചാൽ ആദ്യം ഏതാണീ വനം എന്നാണ് തോന്നുക. ബ്രാഹ്മണരെ ദ്രോഹിച്ചാൽ അതിനുള്ള ശിക്ഷയ്‌ക്കായി നരകത്തിൽ ഒരു പ്രത്യേക സ്ഥലമുണ്ടെന്നാണ്, അതാണ് അസിപത്രവനം. ആ പൗരാണിക ബോധ്യത്തോടു കൂടി വേണം ഈ ആട്ടക്കഥയിലേക്ക് പ്രവേശിക്കാൻ എന്ന് വരുമ്പോൾ കളിക്കുന്നവരെക്കാൾ ഏറെ ക്ലേശിച്ച് ഗൃഹപാഠം ചെയ്‌ത്‌ ഉറപ്പിച്ച് അധ്വാനിച്ചിട്ട് വേണം കളി കാണാൻ വരിക എന്നൊരു പുതിയ ഉത്തരവാദിത്വം പ്രേക്ഷകന് നൽകുകകൂടിയാണ് ശ്രീചിത്രൻ ചെയ്യുന്നത് എന്ന് തോന്നും.

‘‘മോക്ഷദോഷകരാകും ശൂന്യവാദികൾ പാർക്കും

മോടകാവൃതമാകും ജേതകാനനം തന്നിൽ’’

എന്ന് ബ്രാഹ്മണർ പറയുന്ന പദത്തിലുണ്ട്. ‘മോടകാവൃതം’! എനിക്ക് മനസ്സിലായില്ല. ‘ഇത്തിൾകണ്ണി' എന്നാണ് മോടകം എന്ന വാക്കിന്റെ അർഥം. ഇത്തിൾക്കണ്ണികളാൽ ആവൃതമാണ് ബുദ്ധന്റെ ആശ്രമം എന്ന് ബ്രാഹ്മണർ പറയുമ്പോൾ അർഥം അറിയുന്നതോടെ അതിന് ധ്വനിപരമായ ആഴം ലഭിക്കുന്നു. ഇതുപോലെ അപൂർവങ്ങളായ വാക്കുകളാൽ സമൃദ്ധമാണ് ‘മാതംഗീചരിതം.’ ഒരുപക്ഷേ ആഴമേറിയ രചനയുടെ ഭാഗമായി സ്വാഭാവികമായി വന്നുപോകുന്നതാകും അത്തരം വാക്കുകൾ, സർവസാധാരണങ്ങൾ അല്ലാത്ത പദപ്രയോഗങ്ങൾ ഉണ്ടാക്കുന്ന ബുദ്ധിമുട്ട്, ഒരു ദോഷമാണെന്ന് വേണമെങ്കിൽ പറയാവുന്നതാണ്. അങ്ങനെയെങ്കിൽ ആ ദോഷം ഒഴികെ മറ്റൊരു ദോഷവും ആരോപിക്കാൻ ഇല്ലാത്ത രീതിയിൽ വിശിഷ്ടമായ രീതിയിൽ തന്നെ ഒരു ആട്ടക്കഥയും അതിമനോഹരമായ രംഗ സംവിധാനത്തോടെ പുതിയൊരു കഥകളിയും പിറവികൊണ്ടിരിക്കുകയാണ്.

കഥകളിയുടെ അരങ്ങിലേക്ക് ജാതിവിരുദ്ധവും ആധുനികവുമായ പുതിയൊരു ആശയത്തിൽ ഊന്നി, ആട്ടക്കഥയുടെ തികഞ്ഞ സാങ്കേതിക മികവോടെ രചിക്കപ്പെട്ട ‘മാതംഗീചരിതം’ പ്രവേശിച്ചിരിക്കുന്നു. രചയിതാവായ ശ്രീചിത്രനും ‘മാതംഗീചരിത’ത്തിലെ ഓരോ കഥാപാത്രത്തെയും അവിസ്മരണീയമാക്കുകയും മനോഹരമായ സംഗീതവും വാദ്യവും നൽകുകയും ചെയ്‌ത കലാകാരന്മാരും ഇത്തരമൊരു നവീനമായ പരിശ്രമത്തിന് അകമഴിഞ്ഞു പിന്തുണ നൽകിയ കേരള കലാമണ്ഡലവും കഥകളി ആസ്വാദകരുടെ നിസ്സീമമായ നന്ദിയും അഭിനന്ദനങ്ങളും അർഹിക്കുന്നു .




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home