യുഎസ് ഓപ്പൺ വനിതാ ഡബിൾസ്; സിനിയാകോവ–ടൗൺസെൻഡ് സഖ്യത്തിന് കിരീടം

Image Credit : Facebook/US Open
ന്യൂയോർക്ക് : യുഎസ് ഓപ്പൺ ടെന്നീസ് വനിതാ ഡബിൾസ് കിരീടം കത്രീന സിനിയാകോവ - ടെയ്ലർ ടൗൺസെൻഡ് സഖ്യത്തിന്. ഇതോടെ കരിയർ ഡബിൾസ് ഗ്രാൻഡ്സ്ലാം എന്ന അപൂർവനേട്ടം സ്വന്തമാക്കാൻ സഖ്യത്തിന് കഴിഞ്ഞു. ഫൈനലിൽ അമേരിക്കയുടെ ആഷ്ലിൻ ക്രൂഗർ - റോബിൻ മോണ്ട്ഗോമറി സഖ്യത്തെ പരാജയപ്പെടുത്തിയാണ് കിരീടം നേടിയത്. ആദ്യ സെറ്റ് നഷടപ്പെടുത്തിയെങ്കിലും ഗംഭീര തിരിച്ചുവരവോടെയാണ് സഖ്യം യുഎസ് ഓപ്പൺ കിരീടമുയർത്തിയത്. സ്കോർ : 5-7, 6-0, 6-2.
ഡബിൾസിൽ നാല് ഗ്രാൻഡ്സ്ലാം കിരീടങ്ങളും ഒരുമിച്ച് നേടുന്നതാണ് കരിയർ ഡബിൾസ് ഗ്രാൻഡ്സ്ലാം എന്നത്. 2024ൽ വിംബിൾഡൺ, 2025ലെ ഓസ്ട്രേലിയൻ ഓപ്പൺ, 2026ലെ ഫ്രഞ്ച് ഓപ്പൺ എന്നീ കിരീടങ്ങൾ സഖ്യം ഇതിനോടകം നേടിയിരുന്നു.
ചെക്ക് താരമായ കത്രീന സിനിയാകോവയുടെ കരിയറിലെ 12ാമത്തെ ഗ്രാൻഡ്സ്ലാം ഡബിൾസ് കിരീടമാണിത്. ഈ സീസൺ അവസാനിക്കുമ്പോൾ ഡബിൾസിൽ ഒന്നാം റാങ്ക് നിലനിർത്താനായാൽ ഏറ്റവും കൂടുതൽ തവണ ഈ നേട്ടം കൈവരിക്കുന്ന താരമായി, മാർട്ടിന നവരത്തിലോവയുടെ റെക്കോഡ് സിനിയാകോവ മറികടക്കും. അമേരിക്കൻ താരമായ ടൗൺസെൻഡിന്റെ ആദ്യ യുഎസ് ഓപ്പൺ ഡബിൾസ് കിരീടമാണിത്. കഴിഞ്ഞ വർഷം സിനിയാകോവക്കൊപ്പം ഫൈനലിലെത്തിയെങ്കിലും പരാജയപ്പെട്ടു.
യുഎസ് ഓപ്പണിൽ ഒരു സെറ്റ് പോലും വിട്ടുകൊടുക്കാതെയാണ് സിനിയാകോവ - ടൗൺസെൻഡ് ഫൈനലിലെത്തിയത്. ഫൈനലിൽ ആദ്യ സെറ്റിലെ അവസാന ഗെയിമിൽ സിനിയാകോവ മൂന്ന് തവണ ഡബിൾ ഫോൾട്ട് വരുത്തി. തുടർന്ന് രണ്ടാം സെറ്റിൽ ഗംഭീര തിരിച്ചുവരവാണ് സഖ്യം നടത്തിയത്. അവസാന സെറ്റിലും സഖ്യം മുന്നേറി കിരീടത്തിലേക്ക് കുതിക്കുകയായിരുന്നു.










0 comments