കവർസ്‌റ്റോറി
ഇന്ത്യയെ തകർക്കുന്ന ഹിന്ദുത്വം

എൻ റാം
Published on Sep 12, 2026, 10:37 AM | 8 min read
ഇന്ത്യ ഒരു റിപ്പബ്ലിക് ആണെന്ന വസ്‌തുത ഉൾക്കൊള്ളുകയോ ഓർക്കുകയോ ചെയ്യാത്തവരെ കുറിച്ച് ചില കാര്യങ്ങൾ ഓർമിപ്പിക്കാൻ ആഗ്രഹിക്കുകയാണ്. സ്വാതന്ത്ര്യ സമരം തന്ന സമ്മാനമാണ് ഇൗ റിപ്പബ്ലിക്. ഇന്ത്യ ഒരു സോഷ്യലിസ്റ്റ്, ജനാധിപത്യ, മതേതര രാജ്യമാണെന്ന് ഭരണഘടനയുടെ ആമുഖം വ്യക്തമാക്കുന്നു. അതുകൊണ്ട് തന്നെ ഇന്ത്യ ഒരു മതേതര റിപ്പബ്ലിക്കാണ്. തുല്യനീതിയുംസാമൂഹിക, സാന്പത്തിക, രാഷ്‌ട്രീയ, മത സ്വാതന്ത്ര്യവും തുല്യ അവസരത്തിനുള്ള അവകാശവും ഭരണഘടന ഉറപ്പാക്കുന്നു.
ജനജീവിതത്തെ ആഴത്തിൽ സ്വാധീനിക്കുന്ന ഇൗ ഭരണഘടനയുടെ സമഗ്രതയ്‌ക്കും അടിസ്ഥാന ഘടനയ്‌ക്കും വർത്തമാനകാല ഇന്ത്യയിൽ എന്താണ് സംഭവിക്കുന്നത്? ഭരണഘടനയുടെ ആമുഖം മുന്നോട്ടുവയ്‌ക്കുന്ന കാര്യങ്ങളെ അട്ടിമറിക്കുകയാണ് നവ ഫാസിസ്‌റ്റ് ഏകാധിപത്യ ശക്തികൾ. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകർക്കാൻ ഹിന്ദുത്വ ശക്തികൾ വർഷങ്ങളായി പദ്ധതികൾ ആസൂത്രണംചെയ്‌ത് നടപ്പാക്കുകയാണ്. ഏതെങ്കിലും ഒരു വിഷയത്തിൽ കേന്ദ്രീകരിച്ച് മാത്രമല്ല ഇത് നടക്കുന്നത്. ദീർഘകാലമായി പല ഘട്ടങ്ങളിൽ കാത്തിരുന്ന് ഓരോ പദ്ധതികൾ ആസൂത്രണംചെയ്‌ത് നടപ്പാക്കുകയാണ്.
ജനാധിപത്യ, മതേതര റിപ്പബ്ലിക്കിനെ ഹിന്ദു രാഷ്‌ട്രമാക്കി മാറ്റാനുള്ള ആർഎസ്‌എസിന്റെ പദ്ധതി ആരംഭിച്ചിട്ട് ഒരു നൂറ്റാണ്ടായി. 1925‐ൽ സാമൂഹിക സംഘടന എന്ന് അവകാശപ്പെട്ടാണ് ആർഎസ്‌എസ് രൂപീകരിച്ചത്. സമൂഹത്തെ ചിട്ടയായ രീതിയിൽ ഏകോപിപ്പിച്ച് ഹിന്ദു ധർമത്തെയും ദേശത്തെയും സംരക്ഷിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നും അതാണ് ജീവിതത്തിന്റെ വെളിച്ചമെന്നും പ്രഖ്യാപിച്ചായിരുന്നു രൂപീകരണം. അർധഫാസിസ്‌റ്റ് ആശയങ്ങളും സ്വേഛാധിപത്യ സമീപനവും പുലർത്തുന്ന സംഘടനയാണ് ആർഎസ്‌എസ് എന്നതാണ് യാഥാർഥ്യം. പുരുഷൻമാർക്ക് മാത്രം അധികാരശ്രേണിയിൽ ആധിപത്യമുള്ള ഘടനാ രീതിയാണതിനുള്ളത്. ഹിന്ദുരാഷ്‌ട്ര നിർമിതി എന്ന കാഴ്‌ചപ്പാടിൽനിന്നോ പ്രവർത്തനങ്ങളിൽനിന്നോ ആർഎസ്‌എസ് ഒരിക്കലും പുറകോട്ട് പോയിട്ടില്ല.
ആർഎസ്‌എസിന്റെ രണ്ടാം സർസംഘചാലകായിരുന്ന ഗോൾവാൾക്കർ രണ്ടാം ലോക മഹായുദ്ധത്തിൽ ജൂതന്മാരെ ഇല്ലാതാക്കിയ ഹിറ്റ്‌ലറുടെ പാതയാണ് പ്രചോദനമായി കണ്ടത്. ദേശീയതയുടെയും സംസ്‌കാരത്തിന്റെയും വിശുദ്ധിയ്‌ക്ക് പ്യൂരിറ്റി ഓഫ് റേസ് എന്ന ആശയത്തിലൂന്നുന്ന, ജൂതന്മാരെ ഇല്ലാതാക്കിയ, ഹിറ്റ്‌ലറുടെ രീതി ഹിന്ദുസ്ഥാന് പഠിക്കാനും നേട്ടങ്ങളുണ്ടാക്കാനുമുള്ള ഒന്നാണ് എന്ന് ഗോൾവാർക്കർ എഴുതി.
ആർഎസ്‌എസ് അംഗമായിരുന്നല്ലോ ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സേ. ഗാന്ധിയുടെ കൊലപാതകശേഷം മൂന്ന് തവണയാണ് ചരിത്രത്തിൽ ഇതുവരെ ആർഎസ്‌എസ് നിരോധിക്കപ്പെട്ടത്. ഹിന്ദുത്വ മേധാവിത്വത്തിലൂന്നിയുള്ള ദേശീയതയുടെ പുനർസൃഷ്‌ടി, സ്വയം സേവകരുടെ സ്വഭാവ രൂപീകരണം എന്നിവയിൽ പരിശീലനവും ഹിന്ദുധർമ ആശയങ്ങളുടെ ക്ലാസുകളും ശാഖകളിലൂടെ ആർഎസ്‌എസ് നൽകുന്നു. പ്രസിദ്ധീകരണങ്ങളിലൂടെ വിവിധ കൂട്ടായ്‌മകളിലേക്കും ആശയങ്ങളെത്തിക്കുന്നു. ഇതിന് പുറമെ സംഘടനാ സാന്നിധ്യവും ശേഷിയും രാജ്യത്താകമാനം വ്യാപിപ്പിക്കുന്നു. സാമൂഹികം, വിദ്യാഭ്യാസം, സാംസ്‌കാരികം തുടങ്ങി എല്ലാ മേഖലകളിലും ആശയപരമായും രാഷ്‌ട്രീയപരമായും സ്വാധീനം ചെലുത്താൻ ആർഎസ്‌എസ്സിന് കഴിഞ്ഞു.
മൂന്ന് ഡസൻ സംഘടനകളാണ് ആർഎസ്‌എസ്സിന്റെ ഭാഗമായി പ്രവർത്തിക്കുന്നതെന്നാണ് ഒൗദ്യോഗികമായ വിവരം. എന്നാൽ 2500‐ഓളം സംഘടനകളാണ് ആർഎസ്‌എസ്സിന്റെ ആശയപ്രചാരണത്തിന് ചാലകമായി പ്രവർത്തിക്കുന്നതെന്നാണ് യാഥാർഥ്യം. വെസ്‌റ്റേൺ ഓസ്‌ട്രേലിയ യൂണിവേഴ്‌സിറ്റിയിൽ ഗവേഷണം നടത്തുന്ന, ഇന്റർനാഷണൽ പൊളിറ്റിക്കൽ റിലേഷൻ വിഷയത്തിൽ അധ്യാപകനായ ഫിലിക്‌സ് പോളിന്റെ നേതൃത്വത്തിലുള്ള അന്വേഷണത്തിലാണ് ഈ കണ്ടെത്തൽ. ഇൗ ഡാറ്റ കാരവൻ മാഗസിൻ പ്രസിദ്ധീകരിച്ചിരുന്നു. ഗവേഷണ പ്രൊജക്ടിലെ ഒട്ടേറെ പ്രധാന ഭാഗങ്ങൾ കാരവൻ പൊതുമധ്യത്തിൽ എത്തിച്ചിട്ടുണ്ട്. കാരവനെ ഇൗ അവസരത്തിൽ അഭിനന്ദിക്കുകയാണ്.
ലോകത്തിലെ തന്നെ ഏറ്റവും വലിയ സംഘടനാ നെറ്റ്‌വർക്കുകളിൽ ഒന്ന് ആർഎസ്‌എസ്സിന്റേതാണ്.അതേസമയം പൂർണമായും ഏകീകൃതമായ ഒരു കാഴ്‌ചപ്പാടിലല്ല അതിന്റെ പ്രവർത്തനം. സംഘപരിവാർ സംഘടനകൾക്കുള്ളിലും നേതാക്കളുൾപ്പെടെയുള്ള വിവിധ വ്യക്തികൾക്കിടയിലും അഭിപ്രായവ്യത്യാസങ്ങളും വൈരുധ്യങ്ങളും ഉണ്ട്. പുറംലോകത്തെ അഭിപ്രായ വ്യത്യാസവും വിയോജിപ്പുകളും അവിടെയുമുണ്ട്; ജാതിപരമായും മതപരമായുമെല്ലാം. ന്യൂനപക്ഷ മതത്തിൽ നിന്നുള്ള കുറച്ച് പേരും അതിൽ അംഗങ്ങളാണല്ലോ. സംഘ്‌പരിവാർ സംഘടനാ നെറ്റ്‌വർക്കിന്റെ വലിപ്പവും വ്യാപ്‌തിയും കണ്ട് അതിന് ഏകീകൃത സ്വഭാവമുണ്ടെന്ന് കരുതരുത്. സ്വേഛാധിപത്യ സ്വഭാവമുള്ള സംഘടനകൾ പലപ്പോഴും അവരുടെ ഐക്യവും കെട്ടുറപ്പുമെല്ലാം പുറമേക്ക് പെരുപ്പിച്ച് കാണിക്കും. സംഘടനാ ഘടന, പ്രത്യേകത എന്നിവയേക്കാൾ ആശയത്തിനാണ് ഫിലിക്‌സ് പോളിന്റെ ഗവേഷണം ഉൗന്നൽ നൽകിയത്.
ബിജെപിയാണ് ആർഎസ്‌എസ്സിന്റെ വലിയ രാഷ്‌ട്രീയ ആയുധം. ആർഎസ്‌എസ്സോ അനുബന്ധ സംഘടനകളോ അതിന്റെ അധികാരാധിഷ്‌ഠിത പ്രത്യയശാസ്‌ത്രമോ ഇല്ലെങ്കിൽ ബിജെപിക്ക് ഇൗവിധം മുന്നേറ്റമുണ്ടാക്കാനാവില്ല. 2014‐ൽ ബിജെപി അധികാരമേറ്റതുമുതൽ ഇന്ത്യൻ രാഷ്‌ട്രീയത്തിൽ നടക്കുന്ന കാര്യങ്ങൾ നിരാശയാണ് സമ്മാനിക്കുന്നത്. തുടർച്ചയായ വിജയങ്ങൾക്ക് ശേഷം 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടായി. ഒറ്റയ്‌ക്ക് നേടിയിരുന്ന ഭൂരിപക്ഷം കുറഞ്ഞു. അസംബ്ലി തെരഞ്ഞെടുപ്പുകളിലും തോൽവിയുണ്ടായി.
അടുത്തിടെ അപ്രതീക്ഷിതമായി ഉണ്ടായ വിദ്യാർഥി യുവജന പ്രക്ഷോഭത്തിന്റെ പിന്നിൽ പ്രവർത്തിച്ചത് നീറ്റ് പരീക്ഷാ ക്രമക്കേട് മാത്രമല്ല. ഇന്ത്യൻ യുവാക്കൾ നേരിടുന്ന തൊഴിലില്ലായ്‌മ, കുറഞ്ഞ വേതനം തുടങ്ങി നിരാശയുടെയും പ്രതീക്ഷ നഷ്‌ടപ്പെടലിന്റെയും പ്രതിഫലനമായിരുന്നു ജന്തർ മന്തർ പ്രക്ഷോഭം. ഇതിന് പുറമെ ഭരണത്തിലിരിക്കുന്നവരോടുള്ള വിശ്വാസം ജനങ്ങൾക്ക് ഇല്ലാതാവുന്നതിന്റെ സാക്ഷ്യം കൂടിയായിരുന്നു അത്. കോക്രോച്ച് ജനതാ പാർടിയുടെ യഥാർഥ സ്ഥാപകൻ അഭിജീത് ദീപ്‌കെ അല്ല, യുവജനങ്ങൾക്കെതിരെ പ്രസ്‌താവന നടത്തിയ ആ വ്യക്തിയാണ്. ആ പ്രസ്‌താവനയാണ് യുവാക്കളുടെ കൂട്ടായ്‌മയെ രൂപപ്പെടുത്തിയത്. അതിലൂടെയാണ് സമരമുണ്ടായത്. മറ്റ് രാജ്യങ്ങളിൽ നടന്ന പ്രക്ഷോഭങ്ങൾ യുവജനങ്ങളെ സ്വാധീനിച്ചിട്ടുണ്ടാകാം. എങ്കിലും പാറ്റകൾ എന്ന് പറഞ്ഞ് പരിഹസിച്ച വ്യക്തിയാണ് സിജെപിയുടെ യഥാർഥ സ്ഥാപകൻ എന്ന് പറയാം. രാഷ്‌ട്രീയപാർടികളും കൂട്ടായ്‌മകളും സാധാരണക്കാരുമെല്ലാം സമരത്തിന് പിന്തുണ നൽകി. ശ്രീലങ്കയിലും ബംഗ്ലാദേശിലുമെല്ലാം സംഭവിച്ച പോലെ ഒരു പരിധിവരെ ഇന്ത്യയിലും ആവർത്തിച്ചു.
പുതിയ തലമുറ മുൻ തലമുറയേക്കാൾ വിദ്യാഭ്യാസവും അറിവും നൈപുണ്യവും ഉള്ളവരാണ്. എന്നാൽ അതുൾക്കൊള്ളാൻ ഇന്ത്യ പര്യാപ്‌തമല്ല (പല രാജ്യങ്ങളിലും ഇൗ പ്രശ്‌നമുണ്ട്). അതിന്റെ പ്രതിഷേധമാണ് തെരുവുകളിൽ കണ്ടത്. ഇതുമായി ബന്ധപ്പെട്ട് നീതിപൂർവമായ ഇടപെടൽ അധികാര കേന്ദ്രങ്ങളിൽനിന്നുണ്ടായില്ല. പകരം പൊലീസ് ശക്തി ഉപയോഗിച്ച് അടിച്ചമർത്തുകയായിരുന്നു. അഹിംസാ മാർഗത്തിൽ പ്രതിഷേധിച്ച സ്‌ത്രീകൾ ഉൾപ്പെടെയുള്ളവരെ പോലും തല്ലിച്ചതച്ചു. പെല്ലെറ്റും മറ്റും ഉപയോഗിച്ചായിരുന്നു അടിച്ചൊതുക്കൽ.
നിർഭാഗ്യവശാൽ വലിയ ഒരു വിഭാഗം മുഖ്യധാരാ മാധ്യമങ്ങളും സർക്കാരിന്റെ ജിഹ്വകളായി സമരത്തിനെതിരെയാണ് അണിനിരന്നത്. പക്ഷെ സമൂഹമാധ്യമം വഴി അറിഞ്ഞും പ്രചാരണം നൽകിയും ആയിരക്കണക്കിനാളുകൾ സമരത്തിന് പിന്തുണ നൽകി മുന്നോട്ട് വന്നു. ഡൽഹിയിൽ മാത്രമല്ല, രാജ്യത്തിന്റെ എല്ലാ ഭാഗത്തും നിരവധി ആളുകൾ പിന്തുണയുമായി അണിചേർന്നു. മന്ത്രി രാജിവയ്‌ക്കണമെന്ന ആവശ്യം ആദ്യം സർക്കാർ ചെവിക്കൊണ്ടില്ല. വകുപ്പിന്റെ സെക്രട്ടറിയെ മാറ്റി. പശ്‌ചാത്താപമില്ലാതെ മന്ത്രി തുടർന്നു. പ്രതിഷേധവും അടങ്ങിയില്ല. ലോകം മുഴുവൻ ഇത് കണ്ടു.
പൗരത്വ ബില്ലിന്റെ പേരിൽ സമരം ചെയ്‌തവരെയും നേരത്തെ സേനയെ ഉപയോഗിച്ച് ക്രൂരമായി അടിച്ചമർത്താൻ ബിജെപി സർക്കാർ ശ്രമിച്ചിരുന്നു. കർഷകരുടെ സമരവും അടിച്ചമർത്താൻ നോക്കിയെങ്കിലും ഒടുവിൽ മുട്ടുമടക്കി, കർഷക നിയമ ഭേദഗതി പിൻവലിക്കേണ്ടിവന്നു. എനിക്കുറപ്പുണ്ട്, വിദ്യാർഥി പ്രക്ഷോഭം തീർച്ചയായും വിജയം നേടും. (ധർമേന്ദ്ര പ്രധാൻ രാജിവയ്‌ക്കുകയും ജന്തർ മന്തർ സമരം വിജയിക്കുകയും ചെയ്യുന്നതിന് മുമ്പ് നടന്ന പ്രഭാഷണമാണിത്) അവരുടെ ആവശ്യങ്ങൾ നടപ്പാക്കാൻ സർക്കാർ നിർബന്ധിതമാകും. സമരം സർക്കാരിനെ അനിവാര്യമായ ചില പാഠങ്ങൾ പഠിപ്പിക്കും.
ഇന്ത്യൻ രാഷ്‌ട്രീയ സാഹചര്യങ്ങളെ വിലയിരുത്തുന്നതിന് മുന്നോടിയായി നമ്മുടെ ഭരണഘടനയുടെ അടിസ്ഥാന തത്വവും ആശയങ്ങളും മനസ്സിലാക്കേണ്ടതുണ്ട്. 1970‐കളുടെ ആദ്യത്തിൽ സുപ്രീം കോടതിയുടെയും പാർലമെന്റിന്റെയും അധികാരം സംബന്ധിച്ച് ചൂടേറിയ ചർച്ച നടക്കുകയുണ്ടായി. ആരാണ് ആത്യന്തികമായി പരമാധികാരം കൈയാളുന്നത് എന്ന ചോദ്യമുയർന്നു. പാർലമെന്റ് ആണെന്ന് ചിലർ പറഞ്ഞു. അല്ലെന്ന് മറ്റുള്ളവരും. എന്നാൽ ആത്യന്തികമായി പരമാധികാരം ഭരണഘടനയ്‌ക്കാണ്. അതിപ്പോൾ കൂടുതൽ വ്യക്തമാവുകയാണ്. അതുകൊണ്ടാണ് ഹിന്ദുത്വ ശക്തികൾ ഭരണഘടനയുടെ അടിസ്ഥാന ഘടന തകർക്കാൻ ശ്രമിക്കുന്നത്.
കടപ്പാട്: ഗൂഗിൾ
1967‐ലെ ഗോലക്‌നാഥും പഞ്ചാബ് സംസ്ഥാനവും തമ്മിലുള്ള കേസിൽ മൗലികാവകാശങ്ങളിൽ മാറ്റം വരുത്താനോ നിയന്ത്രിക്കാനോ പാർലമെന്റിന് അവകാശമില്ലെന്ന് സുപ്രീം കോടതി പറഞ്ഞിരുന്നു. ഇന്ധിരാഗാന്ധി സർക്കാർ 1971‐ൽ ജുഡീഷ്യറിയ്‌ക്കും മൗലികാവശങ്ങൾക്കും മുകളിൽ പാർലമെന്റിന് അധികാരം നൽകുന്ന ഭരണഘടനാ ഭേദഗതികൾ കൊണ്ടുവന്നിരുന്നു. എന്നാൽ ഇതിനെതിരെ വന്ന സുപ്രീം കോടതി വിധിയിൽ ഭരണഘടനയിലെ അടിസ്ഥാന തത്വങ്ങളിൽ മാറ്റം വരുത്താനോ ഇല്ലാതാക്കാനോ പാർലമെന്റിന് അധികാരമില്ലെന്ന് അടിവരയിട്ട് വ്യക്തമാക്കിയിട്ടുണ്ട്. മറ്റൊരർഥത്തിൽ പറഞ്ഞാൽ പാർലമെന്റിന് ഭരണഘടന ഭേദഗതി ചെയ്യാം, റദ്ദാക്കാനാവില്ല. അതേസമയം ഭേദഗതിയ്‌ക്കുള്ള അധികാരം ഉപയോഗിച്ച് അടിസ്ഥാന തത്വങ്ങളുടെ ഘടനയിലോ സ്വഭാവത്തിലോ മാറ്റം വരുത്തരുത്.
ഭരണഘടനയുടെ മൗലിക ഘടന മാറ്റാനാവില്ലെന്നതുകൊണ്ടാണ് ഹിന്ദുത്വ ശക്തികൾ അതിന്റെ അടിസ്ഥാന തത്വങ്ങളെ ആക്രമിക്കുന്നത്. അതിന്റെ പരിപാലനവും മൂല്യവും ശക്തിപ്പെടുത്തുന്നത് ജുഡീഷ്യറിയാണ്. ജുഡീഷ്യറിയുടെ സമീപനം അനുസരിച്ചാണ് രാജ്യത്ത് ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കപ്പെടുകയോ ശക്തിപ്പെടുകയോ ചെയ്യുക. മറ്റ് സമ്മർദങ്ങൾക്കോ സ്വാധീനത്തിനോ വിധേയപ്പെടാതെ ഒന്നിനെയും ആശ്രയിക്കാതെ നിൽക്കുന്നതാവണം ജുഡീഷ്യറി. ഭരണ നിർവഹണം കൈയാളുന്ന എക്‌സിക്യുട്ടീവ് വിഭാഗത്തിന്റെ സമ്മർദത്തിൽ നിന്ന്, പ്രത്യേകിച്ച് ഹിന്ദുത്വ അധികാര സ്ഥാനങ്ങളിൽ നിന്ന് അത് വിട്ടുനിൽക്കണം. പക്ഷെ നിലവിൽ ജുഡീഷ്യറിയെയും കൈയിലൊതുക്കാനുള്ള ശ്രമമാണ് നടക്കുന്നത്. രാജ്യത്തിന്റെ രീതിയനുസരിച്ച് കൊളീജിയം ശുപാർശ ചെയ്‌ത ജഡ്‌ജിമാരെയാണ് നിയമിക്കുക. എന്നാൽ അത് ചെയ്യാൻ മടിച്ച് തങ്ങളുടെ താൽപ്പര്യത്തിന് അനുസരിച്ച് മുന്നോട്ടുപോയി ജുഡീഷ്യറിയെയും വരുതിയിലാക്കുകയാണ് സംഘപരിവാർ. ആ സമീപനവും സംവിധാനവും ഒരു രാജ്യത്തെ സംബന്ധിച്ച് അപൂർണതയുടെ പ്രതിഫലനമാണ്. ഇന്ത്യൻ ജുഡീഷ്യറി വലിയ സമ്മർദമാണ് ബിജെപി സർക്കാരിൽനിന്ന് നേരിടുന്നത്. ജുഡീഷ്യറിയുടെ സ്വാതന്ത്ര്യം ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളിൽ പ്രധാനമാണ്. അതില്ലാതാവുകയാണ്. ഇൗ സാഹചര്യം നാടിന് വലിയ അപകടം സൃഷ്‌ടിക്കും. അതേസമയം ഇൗ സമ്മർദത്തിനിടയിലും സ്വതന്ത്രമായി നിലകൊള്ളുന്ന ചില ജഡ്‌ജിമാരും ബെഞ്ചുകളും ഇവിടെയുണ്ട് എന്നത് ആശ്വാസമാണ്. ഇന്ദിരാഗാന്ധിയുടെ കാലത്തും ജുഡീഷ്യറിയുമായി നേരിടലുണ്ടായി. ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങൾ ഇവിടെ പരന്പരാഗതമായി തന്നെ അനിശ്‌ചിതത്വത്തിന്റെ പാതയിലാണ്.
ഹിന്ദു ഭൂരിപക്ഷമുള്ള, ഹിന്ദു രാഷ്‌ട്രമെന്ന കാഴ്‌ചപ്പാടിന് യോജിച്ചതല്ല, ഇന്ത്യൻ ഭരണഘടനയെന്ന് ഇന്ത്യ റിപ്പബ്ലിക്കായ 1950 ജനുവരിയിൽ തന്നെ ആർഎസ്‌എസ് മനസ്സിലാക്കിയിരുന്നു. ഇത് ഭേദഗതി വരുത്തണമെന്നാണ് അവർ ആഗ്രഹിച്ചത്. അടിസ്ഥാന തത്വങ്ങൾ ദുർബലമാക്കാൻ പരിശ്രമിക്കുകയാണവർ. പാർലമെന്റിലെ ഭൂരിപക്ഷം ഉപയോഗിച്ചാണ് ജമ്മു ആൻഡ് കശ്‌മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റിയത്. ഭരണഘടനാ ഭേദഗതിയിലൂടെയല്ല ആ ലക്ഷ്യം നിറവേറ്റിയത്.
ഡോ. ബി ആർ അംബേദ്‌കർ ഇന്ത്യൻ ഭരണഘടനാ നിർമാണസമിതിയിലെ അംഗങ്ങൾക്കൊപ്പം
നീതിപൂർവവും സ്വതന്ത്രവുമായ തെരഞ്ഞെടുപ്പാണ് ഭരണഘടന മുന്നോട്ടുവയ്‌ക്കുന്നത്. എന്നാൽ ഇതിനെ നിക്ഷിപ്‌ത താൽപ്പര്യത്താൽ തകർക്കുന്ന നടപടികളാണ് ബിജെപി സർക്കാരിൽ നിന്നുണ്ടാകുന്നത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിവിധ സംസ്ഥാനങ്ങളിൽ എസ്‌ഐആർ നടപ്പാക്കി. അനധികൃത കുടിയേറ്റങ്ങളൊഴിവാക്കാനെന്നാണ് വിശദീകരണം. ഒരു യുക്തിയുമില്ലാത്ത പ്രവൃത്തിയിലൂടെ യോഗ്യരായ പതിനായിരക്കണക്കിന് വോട്ടർമാർ പട്ടികയിൽനിന്നും പുറത്താക്കപ്പെട്ടു. രാഷ്‌ട്രീയ പാർടി, മതം, സമുദായം എന്നിവ നോക്കി ബിഹാറിൽ കുറേ പേരെ നീക്കി. പ്രത്യേക വിഭാഗക്കാരെ ഒഴിവാക്കാനുള്ള അജൻഡയാണ് പിന്നിലെന്ന് ചില പാർടികൾ തുറന്നുപറഞ്ഞു. അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ പിഴവിനാൽ പേരിലോ മറ്റോ ഉണ്ടായ സാങ്കേതിക തെറ്റുകൾ ഉന്നയിച്ചാണ് അർഹരായ വോട്ടർമാരെ നീക്കിയത്. ആ തെറ്റുകൾക്കുത്തരവാദി വോട്ടർമാരല്ല, ഇവിടുത്തെ ഭരണസംവിധാനമാണ്. വോട്ടർ പട്ടികയിൽ വെട്ടിയതിൽ മനംനൊന്ത് ആത്മഹത്യകളുണ്ടായി. എസ്‌ഐആർ നപടികളുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് പലയിടത്തും താങ്ങാവുന്നതിലധികം ഭാരമുണ്ടായി. സാഹചര്യം ഇങ്ങനെ ആയിരിക്കെ, ഈ വിഷയത്തിൽ ലഭിച്ച ഹർജിയിൽ സുപ്രീം കോടതിയുടെ നിലപാട് ഞെട്ടിക്കുന്നതാണ്. ഇത് സംബന്ധിച്ച ഹർജിയിൽ കോടതി എസ്‌ഐആർ ശരിവയ്‌ക്കുകയും നിയമപരമായ പ്രധാന്യം ഉയർത്തിപ്പിടിക്കുകയുമായിരുന്നു. ചുരുങ്ങിയ സമയത്തിനുള്ളിൽ ചെയ്‌തു തീർക്കാനുള്ള വ്യഗ്രത, ദരിദ്രരെയും ന്യൂനപക്ഷത്തെയും ലക്ഷ്യമിടൽ ഇത്തരത്തിൽ നിരീക്ഷിക്കുന്പോൾ എസ്‌ഐആർ സ്വതന്ത്രവും നീതിയുക്തവുമായ തെരഞ്ഞെടുപ്പിന് മേലുള്ള ആക്രമണമാണ്. ആ രീതിയിൽ പ്രായോഗികമായ അതിന്റെ ബുദ്ധിമുട്ടുകൾപോലും കോടതി പരിഗണിച്ചില്ല.
ഭരണഘടനയുടെ ഭാഗമായ മണ്ഡല പുനർനിർണയവും അധികാര തുടർച്ചയ്‌ക്കായി അട്ടിമറിക്കപ്പെടുകയാണിപ്പോൾ. ജനസംഖ്യയുടെ പേര് പറഞ്ഞ് ബിജെപിയ്‌ക്കും ഹിന്ദുത്വ ശക്തികൾക്കും സ്വാധീനമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതൽ വോട്ടും സീറ്റും ഉറപ്പിക്കാനാണിത്. പ്രത്യേകിച്ചും ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ, രാജസ്ഥാൻ പോലുള്ള സംസ്ഥാനങ്ങളിൽ. ഹിന്ദി സംസാരിക്കുന്ന മേഖലയെയും ദക്ഷിണേന്ത്യയേയും വിഭജിക്കുന്ന രീതിയിലാണ് ഡീലിമിറ്റേഷൻ നടപ്പാക്കുന്നത്.
ജനസംഖ്യ കൂടുതലുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതൽ മണ്ഡലങ്ങൾ അനുവദിക്കാനാണ് ശ്രമം. കേരളം, തമിഴ്‌നാട് പോലുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ ജനസംഖ്യാ നിരക്ക് കുറഞ്ഞത്, കുടുംബാസൂത്രണ പദ്ധതികളുടെ മാത്രം ഫലമല്ല, സാമൂഹിക, സാന്പത്തിക, സാംസ്‌കാരിക മേഖലകളിലുണ്ടായ വികസനവും അതിൽ ഘടകമാണ്. അത്തരം പുരോഗമന സാമൂഹിക പരിതസ്ഥിതിയിൽ ജനന നിരക്ക് കുറയുന്നത് തീർത്തും സ്വാഭാവികമായ തുടർപ്രക്രിയയാണ്. സാമൂഹിക മുന്നേറ്റമുണ്ടാക്കി അതിന്റെ ഫലമായി ജനസംഖ്യ കുറച്ച സംസ്ഥാനങ്ങൾക്ക് ശിക്ഷ പോലെയാണിപ്പോൾ ഡീലിമിറ്റേഷൻ.
ജനസംഖ്യയുടെ പേരിൽ ദക്ഷിണേന്ത്യയിൽ പാർലമെന്റ് സീറ്റ് കുറയ്‌ക്കുന്നത് അധികാര തുടർച്ചയ്‌ക്ക് വഴിയൊരുക്കാനാണ്. രാജ്യത്തെ ഫെഡറൽ സംവിധാനത്തെയും ബാധിക്കുന്നതാണ് ഇൗ നടപടി. യുഎസിലും മറ്റും ഉള്ളപോലെ മികച്ച ഫെഡറൽ സംവിധാനമല്ല ഇന്ത്യയിലുള്ളതെന്ന് സ്‌റ്റാലിൻ മുഖ്യമന്ത്രി ആയിരുന്നപ്പോൾ ഇത് സംബന്ധിച്ച് പഠിക്കാൻ രൂപീകരിച്ച പ്രത്യേക സമിതിയുടെ റിപ്പോർട്ടിലുണ്ട്. മുൻ സുപ്രീംകോടതി ജസ്‌റ്റിസ് കുര്യൻ ജോസഫിന്റെ നേതൃത്വത്തിലാണ് സമിതി പഠനം നടത്തിയത്. ജനസംഖ്യ അടിസ്ഥാനപ്പെടുത്തി അല്ല, ആ രാജ്യങ്ങളിൽ ജനപ്രാതിനിധ്യം. ഇന്ത്യയിൽ രാജ്യസഭയിൽ തന്നെ പ്രാതിനിധ്യം ജനസംഖ്യാ അടിസ്ഥാനത്തിലാണ്. അതിന്റെ പകർപ്പായി മാറും ലോക്‌സഭയും. മണ്ഡല പുനർനിർണയ നടപടികൾ ജനാധിപത്യപരമാക്കണമെന്ന് റിപ്പോർട്ട് പറയുന്നു. വിഷയത്തിൽ ഗൗരവമായ ജുഡീഷ്യൽ റിവ്യൂ നടക്കേണ്ടതുണ്ട്.
2029‐ലെ തെരഞ്ഞെുപ്പിൽ ഗുണം ലഭിക്കുന്ന രീതിയിലാണ് ഇൗ കാര്യങ്ങളൊക്കെ മുന്നോട്ട് കൊണ്ടുപോകുന്നത്. ആദ്യം മുസ്ലീം വിഭാഗത്തെ ലക്ഷ്യമിട്ട് സിഐഎ (സിറ്റിസൺ അമന്റ്‌മെന്റ് ആക്ട്). തുടർന്നിപ്പോൾ എസ്‌ഐആറും മണ്ഡല പുനർനിർണയവും. 2029‐ൽ വിജയം അത്ര എളുപ്പമാകില്ലെന്ന തോന്നലുണ്ട് ബിജെപിക്ക്. സെൻസസ് കഴിഞ്ഞാൽ ലോക്‌സഭാ തെരഞ്ഞെടുപ്പിന് അധികനാളില്ല. അതുകൊണ്ടാണ് ഡീലിമിറ്റേഷൻ കമീഷൻ അതിന്റെ ജോലികളിലേക്ക് കടന്നത്. ഇതൊക്കെ നടപ്പായാൽ ഭരണഘടനാ ഭേദഗതിയുടെ ആവശ്യമില്ലാതെ ഒറ്റ കക്ഷി ഭൂരിപക്ഷത്തിൽ പാർലമെന്റ് അവർക്ക് വേണ്ട എന്ത് തീരുമാനവും നടപ്പാക്കും. ഭാഗ്യവശാൽ മറ്റ് രാഷ്‌ട്രീയ പാർടികളും ചില മാധ്യമങ്ങളും ഇതിനെതിരെ നിലകൊള്ളുന്നത് ആശ്വാസമാണ്. ബിജെപി സർക്കാർ ഡീലിമിറ്റേഷനിലൂടെ എന്താണ് ലക്ഷ്യമിടുന്നതെന്ന് അവർ ജനങ്ങളെ ബോധിപ്പിക്കുന്നുണ്ട്.
ഫെഡറലിസം ഭരണഘടനയുടെ അടിസ്ഥാന ഘടകമാണ്. അതിനെ ദുർബലപ്പെടുത്തിയത് ആദ്യം കോൺഗ്രസ് സർക്കാറായിരുന്നു. ഇപ്പോൾ അത് കൂടുതൽ തീവ്രമായി ഹിന്ദുത്വ സർക്കാർ നടപ്പാക്കുന്നു. മറ്റ് സംസ്ഥാനങ്ങളുടെ അവകാശം നിയന്ത്രിച്ച് ബിജെപി അധികാര കേന്ദ്രീകൃത ഭരണമാണ് കാഴ്‌ചവയ്‌ക്കുന്നത്. ബിജെപിക്ക് അധികാരമില്ലാത്ത സംസ്ഥാനങ്ങളിൽ ഗവർണർമാർ എങ്ങനെ പെരുമാറുന്നു എന്ന് നാം കാണുന്നുണ്ട്. ഭരണഘടനയിൽ ഇന്ത്യയെ യൂണിയൻ ഓഫ് സ്‌റ്റേറ്റ് എന്നാണ് ചിത്രീകരിച്ചത്. അല്ലാതെ യൂണിയൻ ഓഫ് സെന്റർ എന്നല്ല.
ഡൽഹിയിലെ വിദ്യാർഥി പ്രക്ഷോഭം
ഇന്ത്യാ റിപ്പബ്ലിക്കിന്റെ ചരിത്രത്തിൽ ആദ്യമായാണ് മതം പൗരത്വത്തിന്റെ അടിസ്ഥാനമായത്. പ്രത്യേക രാജ്യങ്ങളിൽനിന്ന് മുസ്ലീം രാജ്യത്ത് വന്നാൽ അനധികൃത കുടിയേറ്റം. ഹിന്ദു വന്നാൽ പൗരത്വം. ആദ്യം സിഎഎ. അതോടൊപ്പം എൻആർസിയും എൻപിആറും. പിന്നെ എസ്‌ഐആർ, ഇപ്പോൾ ഡീലിമിറ്റേഷൻ. എല്ലാം ഒരേ ലക്ഷ്യത്തിലേക്കുള്ള ഒറ്റ പാക്കേജ് ആണ്.
ഹിന്ദുത്വ ആശയം ആഴത്തിൽ വേരോടുകയാണിപ്പോൾ. ഉത്തർപ്രദേശിലും മഹാരാഷ്‌ട്രയിലുമെല്ലാം ഇത് പ്രകടമാണ്. കേരളമുൾപ്പെടെ ദക്ഷിണേന്ത്യയിലും ബിജെപിയുടെ ഹിന്ദുത്വ ആശയങ്ങളുടെ സാന്നിധ്യം ചെറുതല്ല. ഇത് ഗൗരവുമുള്ള വിഷയമാണ്. പക്ഷെ നിരാശപ്പെടാതിരിക്കുക എന്നത് മുന്നോട്ടുള്ള യാത്രയിൽ പ്രധാനമാണ്. ഏകാധിപത്യ സ്വഭാവമുള്ള സർക്കാറുകൾ ചരിത്രത്തിലുണ്ട്. അടിയന്തരാവസ്ഥയുടെ കാലത്ത് എന്ത് സംഭവിച്ചു എന്നും നമുക്ക് അറിയാം. എത്ര പെട്ടെന്നാണ് അത്തരം അധികാര കേന്ദ്രങ്ങൾ വലിച്ചെറിയപ്പെട്ടത്. രാഷ്‌ട്രീയ ചരിത്രത്തിൽ നിന്നുള്ള പാഠമാണത്.
സ്വേഛാധിപത്യ ശക്തികൾക്ക് നിയന്ത്രിതമായ സമയ പരിധിയുണ്ട്. ഇപ്പോൾ നടക്കുന്നത് ഹിന്ദുത്വ ശക്തികളുടെ ആസൂത്രണ പദ്ധതിയുടെ അവസാന ഘട്ടമാണ്. അധികം വൈകാതെ ഹിന്ദി സംസാരിക്കുന്ന പ്രദേശങ്ങളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളുടെ അനുഭവത്തിൽനിന്ന് എങ്ങനെയാണ് ഹിന്ദുത്വത്തിനെ എതിർക്കേണ്ടതെന്ന് പഠിക്കുമെന്ന് പ്രതീക്ഷിക്കാം. സംസ്ഥാനങ്ങൾക്ക് തിരിച്ച് പോരാടാൻ അവസരം കിട്ടുമെന്നാണ് വിശ്വാസം. ഭരണഘടനയുടെ അടിസ്ഥാന ഘടനയെ തകർക്കുന്ന അർധ ഫാസിസ്‌റ്റ് നടപടികൾക്കെതിരെ രാഷ്‌ട്രീയപരമായും നിയമപരമായും പോരാടണം. ഭരണഘടനയെയും മതേതര ഇന്ത്യയെയും സംരക്ഷിക്കാൻ നാം ഒന്നിച്ച്, നിരുപാധികമായി കഠിനാധ്വാനം ചെയ്യണം. 2029 ‐ഓടെ ഇരുണ്ട കാലം അവസാനിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം .
തയ്യാറാക്കിയത്: എം ജഷീന










0 comments