'ഞങ്ങളെ എന്തിനാണ് ഒളിപ്പിക്കുന്നത് ?' ബ്രിക്സ് ഉച്ചകോടിയുടെ പേരിൽ കൂലി ക്യാമ്പ് ഷീറ്റുകൊണ്ട് മറച്ചു, ദൃശ്യങ്ങൾ

ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിക്ക് തലസ്ഥാനം വേദിയാകുമ്പോൾ വസന്ത് വിഹാറിലെ കൂലി ക്യാമ്പിന് ചുറ്റും കൂറ്റൻ ഷീറ്റുകൾ ഉയർന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യൽമീഡിയയിൽ പ്രചരിക്കപ്പെടുന്നത്. വിദേശ പ്രതിനിധികളുടെ കണ്ണിൽപ്പെടാതിരിക്കാൻ പാവപ്പെട്ടവരുടെ വാസസ്ഥലങ്ങൾ വീണ്ടും നീലയും വെള്ളയും നിറങ്ങളിലുള്ള ഷീറ്റുകൾ ഉപയോഗിച്ച് മറച്ചിരിക്കുന്നത് വീഡിയോകളിൽ വ്യക്തമാണ്. "ഞങ്ങളെ എന്തിനാണ് ഇങ്ങനെ ഒളിപ്പിച്ചു വെക്കുന്നത്?" എന്നാണ് ചേരിനിവാസികൾ ചോദിക്കുന്നത്.
2023-ലെ ജി20 ഉച്ചകോടിയുടെ സമയത്തും, വിദേശ നേതാക്കൾ കടന്നുപോകുന്ന പാതയോരത്തെ സമാനമായ രീതിയിൽ കോളനികൾ വലിയ ഷീറ്റുകൾ ഉപയോഗിച്ച് മറച്ചിരുന്നു. കൂടാതെ അന്ന് ഏർപ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങൾ സാധാരണക്കാരായ ഇവരുടെ ദൈനംദിന ജീവിതത്തെയും ചെറുകിട കച്ചവടങ്ങളെയും സാരമായി ബാധിച്ചിരുന്നതായി ഇവർ ചൂണ്ടിക്കാട്ടുന്നു.
വിദേശ വിശിഷ്ടാതിഥികളുടെ മുന്നിൽ രാജ്യത്തെ ദാരിദ്ര്യം മറച്ചുവെക്കാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്ന് വലിയൊരു വിഭാഗം ജനങ്ങൾ കുറ്റപ്പെടുത്തുന്നു. സെപ്റ്റംബർ 12, 13 തീയതികളിലാണ് ഡൽഹിയിൽ ബ്രിക്സ് ഉച്ചകോടി നടക്കുന്നത്. ഇതിന്റെ ഭാഗമായി സെപ്റ്റംബർ 11 മുതൽ 13 വരെ ഡൽഹി ട്രാഫിക് പോലീസ് നഗരത്തിൽ വ്യാപകമായ ഗതാഗത നിയന്ത്രണങ്ങളും ഗതാഗത വഴിതിരിച്ചുവിടലുകളും ഏർപ്പെടുത്തിയിട്ടുണ്ട്.









0 comments