നോവൽ
പ്രണയരാഷ്‌ട്രം

അശോകൻ ചരുവിൽ.
Published on Sep 12, 2026, 11:17 AM | 7 min read
1. ഇടത്താവളം
സാമാന്യ മനുഷ്യജീവിതത്തെ സംബന്ധിച്ച ചില കാര്യങ്ങളാണ് ഇവിടെ വിവരിക്കുന്നത്. ഒരാളുടെ ജീവിതവും മരണവും. അതിനിടയിലെ പരിഭ്രമങ്ങളും ആശങ്കകളും പ്രണയവും സങ്കടങ്ങളും. ആർക്കും തനിക്കുമാത്രമായ ജീവിതമില്ലല്ലോ. ജീവിതപങ്കാളിയും അനന്തരതലമുറയും സുഹൃത്തുക്കളും അവരുടെയൊക്കെ വേറിട്ട ജീവിതങ്ങളുമായി അതങ്ങനെ വ്യാപിക്കുന്നു. ഇന്നത്തെ കാലത്ത് ലോകത്തിന്റെ പല കോണുകളിലേക്കും സാധാരണ മനുഷ്യജീവിതങ്ങൾപോലും പടരുന്നുണ്ട്.
“ദുബൈ എയർപോർട്ടിൽ മലയാളി വൃദ്ധൻ കുഴഞ്ഞുവീണു മരിച്ചു” എന്ന വാർത്ത ഒരുപക്ഷേ നിങ്ങളും വായിച്ചിട്ടുണ്ടാകും. വായിച്ചു മറന്നിട്ടുണ്ടാവും എന്നു പറയുന്നതാവും ശരി. എത്രയോ ചരമവാർത്തകൾ നിത്യവും കാണുന്നു. വായിക്കുന്നു, മറക്കുന്നു. മരണമെന്നത് അത്രമേൽ സ്വാഭാവികമായ ഒരു സംഗതിയാണ്. എല്ലാകാലത്തും അതങ്ങനെ തന്നെ. നമ്മുടെ സാഹിത്യവും തത്വചിന്തയും അതിന്മേൽ പല പടവുകളും കെട്ടിപ്പടുത്തിട്ടുണ്ടെങ്കിലും.
ഇങ്ങനെയാണ് ആ വാർത്ത കൊച്ചി എഡീഷനിൽ വന്നത്:
“ഓസ്ട്രിയയിൽനിന്ന് ഭാര്യയോടൊപ്പം മകനെ സന്ദർശിച്ച് മടങ്ങിയ മുഹമ്മദ് കബീർ (65) ആണ് കുഴഞ്ഞുവീണ് മരിച്ചത്. കൊച്ചിയിലേക്കുള്ള കണക്ഷൻ ഫ്ലൈറ്റിനുവേണ്ടി കാത്തിരിക്കുന്ന സമയത്ത് അസ്വസ്ഥതയുണ്ടായി. എയർപോർട്ടിലെ എമർജൻസി ക്ലിനിക്കിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തൃശൂർ സ്വദേശിയാണ്. പൊതുമരാമത്ത് വകുപ്പിൽനിന്നും റിട്ടയർ ചെയ്‌ത ഉദ്യോഗസ്ഥനാണ്. ഭാര്യ മേഴ്സി തോമസ് (റിട്ടയേഡ് അധ്യാപിക). ഏക മകൻ ഗൗതം കബീർ ഓസ്ട്രിയയിലെ സാൾസ്ബർഗ് നഗരത്തിൽ ജോലി ചെയ്യുന്നു.”
ഏറെ വൈകി, എന്നുവച്ചാൽ ഉച്ചയ്‌ക്കുമുമ്പുള്ള സമയത്ത് ഉണർന്ന് ഉറക്കംവിടാത്ത പുളിക്കുന്ന കണ്ണുകളോടെ ഈ വാർത്ത വായിച്ച എറണാകുളം വരാപ്പുഴയിലെ തോമസ് വർഗീസ് എന്നയാൾ ഭാര്യയെ വിളിച്ചു പറഞ്ഞു:
“ലിസേ, അത് പത്രത്തിൽ വന്നിട്ടുണ്ട് കേട്ടോ. അദ്ദേഹം തൃശൂർക്കാരനാണ്.”
“ഉവ്വോ?”
ലിസ എന്ന വീട്ടമ്മ അടുക്കളയിൽനിന്നും കൈതുടച്ച് തിരക്കിട്ടുവന്നു. അവർ പത്രം വായിച്ചിട്ടു പറഞ്ഞു: “മുഹമ്മദ് കബീറും മേഴ്സി തോമസും. ഇന്റർകാസ്റ്റ് ആണല്ലോ? അപ്പൊ നമ്മടെ അച്ചമ്മാർ പറയണ ഈ ലൗജിഹാദ് പണ്ടും ഉണ്ടാർന്നു, അല്ലേ?”

“അതീ ഭൂമീം ആകാശോം ഉണ്ടായ കാലം മുതലുണ്ട്. പണ്ടതിനെ പ്രേമം എന്നായിരുന്നെടി വിളിച്ചിരുന്നത്. മനുഷ്യർ തമ്മിൽ പ്രേമിക്കണത് കാണാനല്ലേ നമ്മളൊക്കെ അന്ന് സിനിമാ കൊട്ടകയിൽ പോയിരുന്നത്?”
“എന്തൊരു സങ്കടാന്ന് ഓർത്തുനോക്കൂ. ഒന്നിച്ച് യാത്ര ചെയ്യുമ്പോൾ അതും ഒരന്യനാട്ടിൽവച്ച് കൂടെയുള്ളയാൾ കുഴഞ്ഞുവീണു മരിക്കുക! ആ സ്‌ത്രീക്ക് തലചുറ്റുംന്ന് എനിക്കപ്പൊ തോന്നി. ഞാനവരെ താങ്ങിപ്പിടിച്ചു.”
“അവരെ കുറച്ചൊരു കരളുറപ്പുള്ള സ്‌ത്രീയായിട്ടാ എനിക്കു തോന്നിയത്. മെഡിക്കൽ അറ്റൻഷന് വേണ്ടി അവർ അലറിവിളിച്ചത് കേട്ടില്ലേ? എന്തു പ്രശ്നണ്ടായാലും മനുഷ്യൻ ആക്ടീവാകണം. രണ്ടു മിനിറ്റിനകം വീൽച്ചെയറെത്തി. ലഗേജൊന്നും നഷ്ടപ്പെടുത്താണ്ട് അവർ അതിന്റെ കൂടെ നടന്നുപോയി.”
തോമസ് വർഗീസും ലിസയും ഇന്നലെ ആ സമയത്ത് ദുബൈ എയർപോർട്ടിൽ ഉണ്ടായിരുന്നു. അവിടത്തെ സമയം ഉച്ചകഴിഞ്ഞ് മൂന്നു മണിക്കായിരുന്നു സംഭവം. എമിറേറ്റ്സ് ഫ്ലൈറ്റിനു വേണ്ടിയുള്ള അമ്പത്തിയഞ്ച് എ ഗേറ്റിലെ കാത്തിരിപ്പിനിടയിലാണ്. തോമസും ലിസയും ഒരു യൂറോപ്യൻ പാക്കേജ് ടൂർ കഴിഞ്ഞ് മടങ്ങുകയായിരുന്നു. അവർക്കൊപ്പം ഇരുപത് പേരുണ്ട്. പ്രധാനമായും കോട്ടയം, എറണാകുളം ജില്ലകളിൽ നിന്നുള്ളവർ. വാർധക്യത്തിലെത്തിയ ദമ്പതിമാരാണ്. സ്ഥിരമായി ഇങ്ങനെ ലോകയാത്രകൾ ചെയ്യുന്നവരുടെ ഒരു സംഘം. ‘സീനിയേഴ്സ് കാരവൻ’ എന്ന പേരിൽ അവർ ഒരു കൂട്ടായ്‌മ രൂപീകരിച്ചിരുന്നു. വാട്സാപ്പ് മുഖേനയാണ് സമ്പർക്കങ്ങൾ.
ഒരാഴ്‌ചത്തെ അലച്ചിലിനു ശേഷം എല്ലാവരും ക്ഷീണിതരായിരുന്നു. മിക്കവരും ഗേറ്റിനടുത്തുള്ള കസേരകളിലിരുന്ന് ഉറങ്ങുകയായിരുന്നു. അതുകൊണ്ട് പലർക്കും അവിടെ നടന്ന സംഗതികൾ ഒരു സ്വപ്‌നംപോലെ തോന്നിച്ചു.
എമർജസി ക്ലിനിക്കിലേക്ക് കൂടെപ്പോയ കേണൽ വാസുദേവൻ എന്നയാൾ മടങ്ങി വന്നു. നിരാശയോടെ അദ്ദേഹം പറഞ്ഞു:
“കഴിഞ്ഞു.”
“മനുഷ്യന്റെ കാര്യം ഇത്രക്കേ ഉള്ളൂ.”
മറ്റാരോ പറഞ്ഞു.
പിന്നീട് ആരും ഉറങ്ങിയില്ല. വാസുദേവൻ സീറ്റിൽ വന്നിരുന്നു. അദ്ദേഹമാണ് ആ ടൂർ ഗ്രൂപ്പിന്റെ തലവൻ എന്നു പറയാം. ഏതു സന്ദർഭത്തിലും ആർക്കും ഉപകാരപ്പെടുന്ന ഒരു മനുഷ്യൻ. ഭാര്യ മരിച്ചതുകൊണ്ട് അദ്ദേഹം അക്കൂട്ടത്തിലെ ഏകാകിയായിരുന്നു.
ജർമനി, പോളണ്ട്, ഇറ്റലി, പോർട്ടുഗൽ എന്നീ രാജ്യങ്ങളിലെ തെരഞ്ഞെടുത്ത ചില നഗരങ്ങളിലായിരുന്നു അവർ ഇത്തവണ സന്ദർശനം നടത്തിയത്. ലിസ്ബൺ ആയിരുന്നു അവസാനത്തെ പോയിന്റ്. ദുബൈയിൽ അവർക്ക് ആറു മണിക്കൂർ നേരത്തെ വിശ്രമമുണ്ടായിരുന്നു.
കേണൽ വാസുദേവൻ പറഞ്ഞു:
“ആ മനുഷ്യന് ഓപ്പൺ ഹാർട്ട് സർജറി കഴിഞ്ഞിട്ട് അഞ്ചു മാസേ ആയിരുന്നുള്ളൂന്നാണ് അറിഞ്ഞത്. ശരിക്കുപറഞ്ഞാൽ പൂർണമായി വിശ്രമിക്കണ്ട സമയം. ആൻജിയോപ്ലാസ്റ്റി കഴിഞ്ഞിട്ടു തന്നെ ഞാൻ ആറുമാസം തികച്ചും വിശ്രമിച്ചു. ആ കാലത്ത് ഞങ്ങടെ തോട്ടുമുഖം അങ്ങാടീലിക്ക് വരെ പോയില്ല.”
“അത്യാവശ്യം വന്നാൽ യാത്ര ചെയ്യാണ്ട് പറ്റ്വോ? ഓസ്ട്രിയേൽ ജോലി ചെയ്യണ മകൻ ആക്‌സിഡന്റിൽ പെട്ട് ആസ്‌പത്രീലാണ് എന്നറിഞ്ഞിട്ടാണ് അവർ രണ്ടാളും പോയത്. മക്കൾടെ കാര്യം ആലോചിക്കുമ്പൊ നമ്മൾ നമ്മൾടെ ശരീരത്തെ മറക്കും. രണ്ടാഴ്‌ചയ്‌ക്ക് മുമ്പാണ് പോയത്. ആ കുട്ടി ഇപ്പഴും കോൺഷ്യസ് ആയിട്ടില്ലാന്ന് പറയണു.”
“ഓസ്ട്രിയ വളരെ അഡ്വാൻസ്‌ഡായ കൺട്രിയാണ്. ട്രീറ്റുമെന്റൊക്കെ അവടെ കൃത്യാണ്. അതോണ്ട് പേടിക്കാനില്ല. ആ യുവാവ് രക്ഷപ്പെടുംന്നാണ് എനിക്ക് തോന്നണ്. ഇത്തരം ആക്‌സിഡന്റ് കേസുകൾക്ക് ട്രോമാ കെയറാണ് പ്രധാനം. അത് അവിടെയൊക്കെ വളരെ കൃത്യാണ്.”
“ഓസ്ട്രിയേലല്ലേ വിയന്ന? ഈ ട്രിപ്പിൽ നമ്മൾ അവടെ പോണംന്ന് വിചാരിച്ചതാണ്. ഷെഡ്യൂളിൽ ഉണ്ടായിരുന്നു. പിന്നെ മാറ്റം വരുത്തി. അവടത്തെ ഷോൺബ്രൂൺ പാലസ് കാണണ്ടതാന്നാ പറയണ്. വലിയ നഷ്ടായി.”
ടൂർ ഗ്രൂപ്പിൽ പെടാത്ത മറ്റൊരു യാത്രക്കാരി അന്നേരം സംസാരിച്ചു:
“അദ്ദേഹവും ഭാര്യയും മ്യൂണിച്ചിൽനിന്നാണ് ഫ്ലൈറ്റിൽ കയറിയത്. ഞങ്ങളും അവിടെന്നാണ്. ഓസ്ട്രിയാന്ന് വച്ചാൽ അവരടെ മകൻ ജോലി ചെയ്യുന്നത് ആ കൺട്രീടെ വെസ്‌റ്റിലാണ്. സാൾസ്ബർഗുന്ന് പറയും. മ്യൂണിച്ചാണ് അവർക്ക് സൗകര്യപ്പെട്ട എയർപോർട്ട്. മലയാളികളാന്ന് തോന്നിയപ്പൊ തൊടക്കം തൊട്ട് ഞങ്ങൾ ശ്രദ്ധിച്ചേർന്നു. രണ്ടുപേരും ഒന്നും മിണ്ടീരുന്നില്ല. എന്റെ തൊട്ടപ്പറത്തെ സീറ്റിലാർന്നു. അദ്ദേഹം അധികസമയോം ഉറക്കത്തിലാരുന്നു. ഭക്ഷണം കൊണ്ടുവന്നപ്പൊ വേണ്ടാന്ന് പറഞ്ഞു. നല്ല ഭക്ഷണാരുന്നു.”
“പക്ഷേ ആ സ്‌ത്രീ ഭക്ഷണം കഴിച്ചു.”
യാത്രക്കാരിയുടെ ഭർത്താവ് പറഞ്ഞു.

“ഏതവസ്ഥയിലും മനുഷ്യന് ഭക്ഷണം കഴിക്കാണ്ട് വയ്യല്ലോ. സന്തോഷിക്കാൻ മാത്രല്ല, സങ്കടപ്പെടാനും ശരീരത്തിൽ കൊറച്ച് എനർജിയൊക്കെ വേണ്ടതുണ്ട്.”
“ഞാൻ ആലോചിക്കുന്നത്, എന്താണ് ഈ മലയാളികളിൽ ഇത്രക്കും ഹാർട്ടറ്റാക്ക് വരാൻ കാരണംന്നാണ്. എത്രെത്ര ആൾക്കാരാണ് ഓരോ ദിവസോം കുഴഞ്ഞ് വീണ് മരിക്കണ്. എന്റെ കൂടെ പഠിച്ചിരുന്നവർ ഒട്ടുമിക്കവരും പോയി. ഒക്കെ അറ്റാക്ക് വന്നട്ടാണ്.”
“ഹാർട്ട് ഡിസീസ് മാത്രല്ല. കാൻസറിനുണ്ടോ വല്ല കുറവും? ഒരു ദിവസം ഒരാൾക്കെങ്കിലും അത് പിടിപെട്ടൂന്ന് കേൾക്കും. നമ്മൾ നേരിട്ടറിയണവരിൽ അത്ര. അപ്പൊ അറിയാത്തോരിലോ? പിന്നെ പക്ഷാഘാതം. നമ്മളറിയണില്ല. എടയ്‌ക്ക് കണ്ടിരുന്ന പലരും ഇപ്പൊ അവരവരുടെ വീടുകളിൽ ശരീരം തളർന്ന് കൊടക്ക്വാണ്.”
“ജീവിതശൈലിയാണ് പ്രശ്നം.”
“അതല്ല, ആയുസ്സ് നീണ്ടുപോയതാണ് പ്രശ്നംന്നാണ് ഞാൻ കരുതണ്. ജീവിതത്തിന്റെ കാലം കൂടിക്കിട്ടീപ്പൊ അതിൽ ഒരു ഗുണണ്ടെങ്കിൽ എരട്ടി ദോഷണ്ട്. മുമ്പ് നമ്മൾ ജെറിയാട്രിക് കെയർന്ന് കേട്ടിട്ടുണ്ടോ? ഇപ്പൊ അതല്ലേ കേൾക്കാനുള്ളൂ.”
“അപ്പൊ യുവാക്കൾ മരിക്കണതോ? മരണം ആരെയും ഒഴിവാക്കുന്നില്ല. ബൈക്ക് ആക്‌സിഡന്റുകളാണ് യുവാക്കളെ കൊണ്ടുപോകുന്നത്. എത്രെത്ര പേരാണ് തലയ്‌ക്ക് ക്ഷതംപറ്റി ഓർമ നഷ്ടപ്പെട്ട് കെടക്കണ്. എന്റെ കൊളീഗ് ഒരു ടീച്ചറുടെ മകൻ കെടപ്പായിട്ട് മൂന്നുവർഷായി. ജീവനുണ്ട്ന്ന് മാത്രം. ആ ടീച്ചർ റിട്ടയർ ചെയ്‌തേനുശേഷം പൊതുപ്രവർത്തനത്തിലൊക്കെ എറങ്ങീതാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വരെയായി. ഇപ്പൊ എല്ലാം ഉപേക്ഷിച്ച് മകനെ ശുശ്രൂഷിച്ച് വീട്ടിലിരിക്കുന്നു.”
വരാപ്പുഴയിലെ തോമസ് വർഗീസും ലിസയും ഉച്ചഭക്ഷണം കഴിച്ച് വീണ്ടും വിശ്രമിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. രണ്ടോ മൂന്നോ ദിവസം പകലും രാത്രിയും ഉറങ്ങിയാൽ മാത്രമേ ക്ഷീണം തീർന്നുകിട്ടൂ. തലയ്‌ക്കകത്ത് തെറ്റിക്കിടക്കുന്ന ടൈംടേബിൾ ശരിയാവണം.
ലിസ പറഞ്ഞു:
“ചെറുപ്പത്തിൽ ആരെയെങ്കിലും പ്രേമിക്കണ്ടതായിരുന്നൂന്ന് എനിക്കിപ്പൊ തോന്നുന്നു.”
“എന്തിന്? എന്നിട്ട് ഏതെങ്കിലും വിദേശരാജ്യത്തെ എയർപോർട്ടിലിരുന്ന് ഹൃദയം പൊട്ടി മരിക്കാനോ?”
“അതാണ് ഞാൻ ആലോചിച്ചത്. മരിച്ചു കഴിഞ്ഞാൽ പിന്നെ മനുഷ്യന് പ്രണയിക്കാനാവില്ലല്ലോ.”
“അതു ശരിയാണല്ലോ!”
പുതപ്പിനകത്ത് തോമസിന്റെ ശരീരത്തിലൂടെ ലിസ വിരലുകൾ പായിച്ചു. സ്‌പർശിക്കുമ്പോൾ എന്തോ അപരിചിതത്വം അതിനുള്ളതായി അവർക്കു തോന്നി. പേശികൾക്ക് ദൃഢത നഷ്ടപ്പെട്ട് മൃദുത്വം വന്നതുപോലെ. അവർ അദ്ദേഹത്തിന്റെ നെറ്റിയിലും കവിളിലും കൈവച്ചു നോക്കി. നെഞ്ചിൽ ചെവി ചേർത്തുവെച്ചു.
“എന്താണ് മാഡം ഇങ്ങനെ ഒരു വിദഗ്ധ നിരീക്ഷണം? പ്രണയിക്കാൻ പറ്റിയ ശരീരമാണോ എന്നു പരിശോധിക്കുകയാണോ?”
“തോമസ്, നാളെത്തന്നെ നിങ്ങൾ പോയി ഡോക്‌ടറെ കണ്ട് ഒരു ബോഡി ചെക്കപ്പ് ചെയ്‌തുവരണം. കുറച്ചുകാലമായില്ലേ നോക്കിയിട്ട്?”
“എനിക്കതിന്റെ ആവശ്യമൊന്നുമില്ലെടോ. ഈ അറുപത്തിരണ്ടാം വയസ്സിലും ഞാൻ പൂർണ ഫിറ്റാണ്. എന്താപ്പൊ തെളിയിക്കണോ?”
അയാൾ ലിസയെ വരിഞ്ഞുമുറുക്കിക്കൊണ്ട് ചോദിച്ചു.
“തെളിയിക്ക്യൊന്നും വേണ്ട ചങ്ങാതി. പക്ഷേ ഡോക്ടറെ കണ്ടേ പറ്റൂ. നമുക്കറിയണന്നില്ല നമ്മടെ ശരീരത്തിനകത്ത് സംഭവിക്കണ കാര്യങ്ങൾ. പോവാൻ ഭാവല്യാന്ന്ച്ചാ ഞാൻ മോനെ വിളിച്ചു പറയും. അവൻ വന്ന് കൊണ്ടോയിക്കോളും.”
തൃശൂരിനടുത്ത വാദ്യക്കുടം ഗ്രാമത്തിലെ ഫിനിക്‌സ് വായനശാലയിലും ആ മരണവാർത്ത വിഷയമായിരുന്നു. മരിച്ച മുഹമ്മദ് കബീർ എന്നയാളുടെ ചിത്രം അവിടെ ആദരാഞ്ജലികൾ എന്നെഴുതി പൂക്കൾ ചാർത്തി വച്ചിരുന്നു. പത്രം വായിക്കാനിരുന്ന രണ്ടുപേർ തമ്മിൽ ശബ്ദം താഴ്‌ത്തി സംസാരിച്ചു.
“എപ്പഴാ കൊണ്ടുവരുന്നത്? വല്ല വിവരവും അറിഞ്ഞോ?”
“എന്തായാലും ഇന്നുണ്ടാവില്ല. വിവരം അന്വേഷിക്കാൻ സഖാവ് എൻജിഒ വേണു നെടുമ്പാശ്ശേരീലിക്ക് പോയിട്ടുണ്ട്. അവിടെച്ചെന്ന് എന്തറിയാനാണ്? അത്ര എടുപിടീന്ന് നടക്കണ സംഗതിയല്ല ഇത്. കുഴഞ്ഞുവീണുള്ള മരണല്ലേ? അതും അന്യരാജ്യത്തെ എയർപോർട്ടിൽ വച്ച്. നടപടിക്രമങ്ങൾ പലതുണ്ടാകും. വേണൂന്റെ പരിചയക്കാരൻ ഒരാൾ ദുബായ് എയർപോർട്ടിലുണ്ട്. അയാളോട് വിളിച്ചുപറഞ്ഞ് മേഴ്സി ടീച്ചറെ അവിടത്തെ ഒരു വീട്ടിലാക്കീട്ടുണ്ട്.”
“നല്ലൊരു മനുഷ്യനായിരുന്നു.”
“സൗമ്യൻ. എല്ലാവരോടും സ്‌നേഹത്തിൽ മാത്രേ സംസാരിക്കാറുള്ളൂ. ചെറിയൊരു ചിരി എപ്പോഴും ആ മുഖത്തുണ്ടാവും.”
“ഒരു നിരാശ കലർന്ന ചിരി, അല്ലേ?”
“ഈ വായനശാല ഉണ്ടായത് അദ്ദേഹത്തിന്റെ ഉത്സാഹത്തിലാണ്.”
“അതറിയാം. അദ്ദേഹം ചെറുപ്പത്തിൽ ഫിനിക്‌സ് എന്ന പേരിൽ ഒരു ട്യൂട്ടോറിയൽ കോളേജ് കൊടുങ്ങല്ലൂരിൽ വീട്ടിന്റടുത്ത് നടത്തീരുന്നു. ആ പേരാണ് ഇവിടത്തെ ലൈബ്രറിക്ക് കൊടുത്തത്. ചാരത്തിൽ നിന്ന് വീണ്ടും ജനിച്ചുവരുന്ന പക്ഷിയാണ് ഈ ഫിനിക്‌സ്.”
“കബീർസാറും മേഴ്സിടീച്ചറും മലപ്പുറത്ത് വച്ച് കണ്ട് പ്രേമിച്ച് ഒളിച്ചോടി വന്നതാണ് ഇവിടെക്ക്. ഇവടെ അവർ മേനാശ്ശേരി കൈമൾടെ തറവാട്ടു കളപ്പുരേൽ വാടകക്ക് താമസാക്കി. ഒരു ചായ്‌പുമുറി ആയിരുന്നു അത്. അന്ന് രണ്ട് ഭ്രാന്തത്തി തള്ളമാരാണ് മേനാശ്ശേരിലിണ്ടാർന്നത്. ഒരു ഭാർഗവിനിലയത്തിൽ പിച്ചും പേയും പറയണ രണ്ട് ജന്മങ്ങൾ. ഒരു എച്ചുവമ്മേം ഒരു ദെച്ചുവമ്മേം. എങ്ങനെ അതിനെടേൽ ജീവിച്ചൂന്നൊള്ളത് ഒരതിശയാണ്. തള്ളമാർ മരിച്ചപ്പൊ കബീർസാർ ആ വീട് വെലയ്‌ക്ക് വാങ്ങി.”
“എനിക്ക് ഏതാണ്ടൊരു നാൽപ്പതുകൊല്ലത്തെ പരിചയണ്ട് അദ്ദേഹായിട്ട്. ഞാൻ രജിസ്ട്രേഷനിലും അങ്ങോര് പിഡബ്ല്യുഡീലും ജോലി ചെയ്‌തു. അടുത്തടുത്തുള്ള ആപ്പീസുകളാണ്. വൃദ്ധകൾ മരിച്ചപ്പൊ മേനാശ്ശേരി കൈമൾമാർ വന്ന് ഭാഗം നടത്തി. അപ്പഴാണ് ആ വീട് വാങ്ങിച്ചത്. ഞാനാണ് അന്ന് പേപ്പറുകളൊക്കെ ശരിയാക്കിയത്. യൂണിയനിലും ഞങ്ങൾ ഒന്നിച്ചുണ്ടാർന്നു.”
“അതറിയാം. കബീർ സാർ യൂണിയന്റെ നേതാവായിരുന്നല്ലോ. തീപാറുന്ന പ്രസംഗങ്ങളാണ്. പണിമുടക്കു കാലത്ത് ഊണും ഉറക്കവും ഉണ്ടാവില്ല. അന്നൊരിക്കെ ജയിലിലും കെടന്നിട്ടുണ്ട്. അവസാന കാലത്ത് യൂണിയനുമായി ഒന്നു തെറ്റി, അല്ലേ?”
“അതൊരു സൗന്ദര്യപ്പിണക്കം. ഗസറ്റഡ് യൂണിയനിൽ വന്നേപ്പിന്നെയാണ് അതുണ്ടായത്. പിഡബ്ല്യുഡി ടൗൺ യൂണിറ്റിന്റെ പ്രസിഡന്റായി ഓവർസിയർ നാരായണനെ നിശ്ചയിച്ചതാണ് അന്നു പ്രശ്നായത്. കബീർസാർ എതിർത്തു. നാരായണൻ കൈക്കൂലിക്കാരനാന്നാ സാർ പറഞ്ഞത്.”
“ഓ, അതിലെന്താ സംശയം? ഞാൻ റോഡ് റോളർ ഓടിപ്പിക്കണ കാലത്ത് അറിയണതല്ലേ? കൂമർ നാരായണൻന്നാണ് ആൾക്കാർ വിളിക്ക്യാ.''
“അയാളെ മാറ്റി പിന്നെ ആരെ വെക്കാനാണ്? ഈ മരാമത്തിന്റെ എഞ്ചിനീയർമാരിൽ കൈക്കൂലി മേടിക്കാത്തോർ ആരാണ്ടാവ്വാ? ചക്കരക്കുടത്തിൽ കയ്യിട്ടാൽ പിന്നെ വിരലു നക്കാണ്ടിരിക്ക്യോ, ആരെങ്കിലും?''
ഓസ്ട്രിയയിലെ സാൾസ്ബർഗ് നഗരത്തിന്റെ പ്രാന്തദേശത്ത് ഹാൾവാങ്ങിൽ സാൾസാക് നദിക്കരയിലെ ചെറിയൊരു കുന്നിനു മുകളിൽ നാലഞ്ചു അപ്പാർട്ടുമെന്റുകളുണ്ട്. അതിലൊന്നിലാണ് മുഹമ്മദ് കബീറിന്റെ മകൻ ഗൗതം കബീർ താമസിച്ചിരുന്നത്. തൊട്ടടുത്ത വീട്ടിലെ മലയാളികളായ രണ്ടുപേർ പ്രാതൽമേശയ്‌ക്ക് ഇരുപുറവുമായി മിണ്ടാതിരിക്കുകയായിരുന്നു. പ്രസാദ് സെബാസ്റ്റ്യനും ഭാര്യ സെലിനും. അവസാനം പ്രസാദ് സംസാരിച്ചു:
“കഷ്ടമായിപ്പോയി. അവരെ നിർബന്ധിച്ച് തിരിച്ചയക്കേണ്ടായിരുന്നൂന്ന് ഇപ്പോൾ തോന്നുന്നു.”
സെലിൻ പ്രസാദിന്റെ മുഖത്തേക്ക് തെല്ലുനേരം നോക്കിയിരുന്നു. എന്നിട്ടു പറഞ്ഞു:
“എല്ലാം ദൈവം നേരത്തേ നിശ്ചയിച്ചതായിരിക്കും പ്രസാദ്. നമ്മുടെ നിശ്ചയങ്ങൾക്കൊന്നും ഒരു പ്രസക്തിയുമില്ല. ഒഴുക്കിൽപ്പെട്ട ഇലപോലെ എല്ലാവരും സ്വയമറിയാതെ ഒഴുകുകയാണ്.”
പ്രസാദ് സെബാസ്റ്റ്യൻ പറഞ്ഞു:
“അവരെ തിരിച്ചയക്കാൻ എനിക്ക് കുറെ നിർബന്ധിക്കേണ്ടി വന്നു. ഞാൻ പറഞ്ഞു: ഞങ്ങൾ ഇവിടെ ഇല്ലേ പപ്പ? യാതൊരു പ്രശ്നവും ഇല്ലാതെ ഗൗതമിനെ ഞങ്ങൾ പരിപാലിക്കും. അല്ലെങ്കിൽതന്നെ ഇവിടത്തെ ഹോസ്‌പിറ്റലുകളിൽ നമ്മുടെയൊന്നും ആവശ്യമില്ല. അവൻ കിടക്കുന്നയിടത്ത് ബൈസ്റ്റാന്റേഴ്സിനെ അനുവദിക്കുന്ന പതിവില്ല. എല്ലാ പരിചരണവും അവർ തന്നെ ചെയ്യും. നിങ്ങൾ രണ്ടുപേരും കഷ്ടപ്പെട്ട് ഇവിടെ നിൽക്കണ്ട കാര്യമില്ല. ഇത്രദിവസം ഇവിടെ നിന്നിട്ടും വിൻഡോയിലൂടെ ഒരു നോക്ക് കാണാനല്ലേ പറ്റിയുള്ളൂ. അതും ആ മലയാളി സിസ്റ്ററിന്റെ ഔദാര്യംകൊണ്ട്. നിങ്ങൾക്ക് നേരത്തേ താമസിച്ചു പരിചയമുള്ള ബർളിനും ലൈപ്സിഗും പോലെ അല്ല ഇത്. ആൽപ്സ് മേഖലയാണ്. ഇപ്പോഴിത് ഒക്ടോബർ. ഓരോ ദിവസവും തണുപ്പ് കൂടി വരുന്നു. ഇനി നവംബർ, ഡിസംബർ, ജനുവരി. ശരീരം മരവിച്ചുപോകും. അതുകേട്ട് അദ്ദേഹം ഒന്നു ചിരിച്ചു. എന്നിട്ടു പറഞ്ഞു:
""തണുപ്പിൽ മരവിച്ച് തീരുന്നതാണ് പ്രസാദ്, ഏറ്റവും നല്ല മരണം.”
സെലിൻ അയാൾ പറയുന്നത് കേൾക്കുന്നുണ്ടായിരുന്നോ എന്ന് സംശയം. അവൾ വേറൊരു ലോകത്തായിരുന്നു. അവൾ തിരിഞ്ഞിരുന്ന് പറഞ്ഞു:
“എല്ലാത്തിനും കാരണം നിങ്ങൾ തന്നെയാണ് പ്രസാദ്.”
“ഞാനോ, ഞാൻ എന്ത് തെറ്റു ചെയ്‌തു?”
“നിങ്ങളെന്തിനാണ് ഗൗതമിനെ ലൈപ്സിഗിൽനിന്ന് ഇങ്ങോട്ട് ക്ഷണിച്ചുകൊണ്ടുവന്നത്? ഇത്രത്തോളം നിഷ്‌കളങ്കനാവരുത് പ്രസാദ്. അവിടെത്തന്നെ തുടർന്നിരുന്നെങ്കിൽ അവന്റെ മാരീഡ് ലൈഫ് തകരുമായിരുന്നില്ല എന്നെനിക്ക് തോന്നുന്നു. എത്ര പാവംപിടിച്ച പെൺകൊച്ചാണെന്നോ, അവൾ സജിത.”
“ഇക്കാലത്തെ ഡിവോഴ്‌സുകളുടെ കാര്യവും കാരണവും അന്വേഷിക്കുന്നതിൽ പ്രസക്തിയില്ല സെലിൻ. അത് മനസ്സിന്റെയും വ്യക്തിപരമായ അഭിരുചികളുടേയും പ്രശ്നമാണ്. ഗൗതമും സജിതയും തമ്മിൽ കണ്ട് ഇഷ്ടപ്പെട്ട് വിവാഹിതരായതല്ലേ? അവർ വേർപിരിഞ്ഞു. നമ്മൾ അവരെ വിചാരണ ചെയ്യുന്നതിൽ അർഥമില്ല എന്നെനിക്കു തോന്നുന്നു.”
യൂറോപ്പിൽ മഞ്ഞുകാലം തുടങ്ങിയിരുന്നു. അവർ താമസിക്കുന്ന അപ്പാർട്ടുമെന്റിന് പുറത്ത് വിജനമായ പ്രദേശങ്ങളാണ്. കുന്നിൻ ചെരുവിൽ ഒറ്റപ്പെട്ട വീടുകൾ. ജനലിലൂടെ നോക്കുമ്പോൾ ചെറുതായി മഞ്ഞ് പെയ്യുന്നതുകാണാം. മരശിഖരങ്ങളിൽ രാത്രിയുടെ ബാക്കിയായി മഞ്ഞ് പറ്റിപ്പിടിച്ച് നിൽക്കുന്നു. ഇനിയുള്ള ദിവസങ്ങൾ മൂകവും നിശ്ചലവുമായിരിക്കും.
സെലിൻ പറഞ്ഞു:
“അന്ന് വാറംഗൽ എൻഐടിയിൽ ഞാനും സജിതയും ഗൗതവും ഒന്നിച്ചായിരുന്നു എപ്പോഴും. ഒരുകാര്യം പറയട്ടെ പ്രസാദ്, നിങ്ങൾ പിണങ്ങരുത്. സത്യത്തിൽ കൂടുതൽ സ്‌നേഹബന്ധം ഞാനും ഗൗതവും തമ്മിലായിരുന്നു. ആ ബന്ധത്തെ എന്തു പേരിലാണ് വിളിക്കേണ്ടതെന്ന് എനിക്കറിയില്ല. ഒരുപക്ഷേ പ്രണയത്തേക്കാൾ തീവ്രമായിരുന്നു അതെന്ന് പറയാം. ശരിക്കും അതെന്നെ ഭ്രാന്തുപിടിപ്പിച്ചിരുന്നു. സജിതയെ മുൻനിർത്തി ഞാനതിൽനിന്ന് ഒരുവിധം രക്ഷപ്പെട്ടതാണ്.”
“ഞാനെന്തിന് പിണങ്ങണം? എനിക്കറിയാവുന്നതല്ലേ സെലിൻ അതെല്ലാം. ഞാനവിടെ ഉണ്ടായിരുന്നതല്ലേ?”
“സ്‌നേഹംപോലെ അക്രമാസക്തമായ മറ്റൊന്നുമില്ല പ്രസാദ്.”
സെലിൻ പറഞ്ഞു (തുടരും) .










0 comments