ഈ പ്രസ്ഥാനത്തെ തകർക്കാമെന്ന ദുർമോഹം ഉള്ളവരോട് സഹതാപം മാത്രം: പിണറായി വിജയൻ

കണ്ണൂർ: പ്രസ്ഥാനത്തെ തളർത്താനും തകർക്കാനും ലക്ഷ്യമിട്ട് ഇതിനുമുൻപും നിരന്തരം ആക്രമണങ്ങൾ ഉണ്ടായിട്ടുണ്ടെന്നും എന്നാൽ അതൊന്നും വിജയിച്ചിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. തനിക്കെതിരെ ഉണ്ടായ ആക്രമണങ്ങൾ വ്യക്തിപരമായി തന്നെ ലക്ഷ്യമിട്ടുള്ളതല്ലെന്നും താൻ ഉൾപ്പെടുന്ന പ്രസ്ഥാനത്തിനെതിരായ കടന്നാക്രമണങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
'ആക്രമണങ്ങൾ ഒരുപാട് ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും ഞാനെന്ന വ്യക്തിയെ മാത്രം ഉദ്ദേശിച്ചായിരുന്നില്ല. ഞാൻ ഉൾപ്പെടുന്ന പ്രസ്ഥാനത്തിനെതിരെയാണ് അതെന്ന് ഞങ്ങൾക്ക് വ്യക്തമായ തിരിച്ചറിവുണ്ടായിരുന്നു. ആ തിരിച്ചറിവോടെയാണ് അതിനെ പ്രതിരോധിക്കാൻ തയ്യാറായത്. പിണറായി വിജയൻ പറഞ്ഞു.
'ചരിത്രം പരിശോധിച്ചാൽ ഇത്തരം കടന്നാക്രമണങ്ങൾക്ക് ഒരു ഘട്ടത്തിലും വിജയിക്കാൻ കഴിഞ്ഞിട്ടില്ല. അതിന് പിന്നിൽ പ്രവർത്തിച്ചവർക്കും വിജയിക്കാനായിട്ടില്ല. പ്രസ്ഥാനത്തെ തളർത്താനും തകർക്കാനുമായിരുന്നു ശ്രമം. എന്നാൽ തെല്ലുപോലും തളർത്താൻ കഴിഞ്ഞിട്ടില്ലെന്നതും ചരിത്രത്തിന്റെ ഭാഗമാണ്.'
'ഇനിയും ഈ പ്രസ്ഥാനത്തെ തകർത്തുകളയാമെന്ന ദുർമോഹം ആർക്കെങ്കിലും ഉണ്ടെങ്കിൽ അവരോട് സഹതാപം രേഖപ്പെടുത്താനേ കഴിയൂ. ഇത്തരം ആക്രമണങ്ങളെയെല്ലാം അതിജീവിച്ചുകൊണ്ടുതന്നെ പ്രസ്ഥാനം മുന്നോട്ടുപോകും'. അദ്ദേഹം പറഞ്ഞു.
2016ൽ എൽഡിഎഫ് അധികാരത്തിലെത്തിയ ഘട്ടം മുതൽ തന്നെ സർക്കാരിനെതിരെ ശക്തമായ ആക്രമണം അഴിച്ചുവിട്ടിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'അന്ന് മുഖ്യമന്ത്രിയായി പ്രവർത്തിച്ച വ്യക്തിയെന്ന നിലയിൽ തനിക്കെതിരെയും ആക്രമണങ്ങളുണ്ടായി. അക്കാലത്തെ സംഭവങ്ങൾ പരിശോധിച്ചാൽ മനുഷ്യത്വരഹിതമായ രീതിയിലുള്ള ആക്രമണങ്ങളാണ് ഉയർന്നുവന്നതെന്ന് കാണാം.'
'കോവിഡ് മഹാമാരിയുടെ കാലത്തുപോലും സർക്കാരിനെതിരായ ആക്രമണങ്ങൾ തുടർന്നു. എല്ലാവരും ഒരുമിച്ചുനിന്ന് മഹാമാരിയെ പ്രതിരോധിക്കാനുള്ള മുൻകരുതലുകൾ സ്വീകരിക്കേണ്ട സമയത്ത് ആ പ്രവർത്തനങ്ങളെപ്പോലും അട്ടിമറിക്കുന്ന തരത്തിലുള്ള ഇടപെടലുകളാണ് ഉണ്ടായത്.'
'കോവിഡ് കാലത്ത് ഡാറ്റ ചോർച്ചയുമായി ബന്ധപ്പെട്ട ആരോപണമായിരുന്നു അതിലൊന്ന്. പിന്നീട് ആരോപണങ്ങൾ കൂടുതൽ ഹീനമായ തലത്തിലേക്ക് എത്തി. അതിന്റെ ഉദാഹരണമായാണ് ‘ബിരിയാണിച്ചെമ്പിലെ സ്വർണക്കടത്ത്’ പോലുള്ളവ.'
എന്നാൽ അത്തരത്തിൽ ഉയർത്തിയ ഒരു ആരോപണവും നിയമത്തിന് മുന്നിൽ നിലനിന്നില്ലെന്നതാണ് ഓർക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജനങ്ങൾ ആ ആരോപണങ്ങളെയെല്ലാം തള്ളിക്കളയുന്ന നിലയാണുണ്ടായത്. അതിന്റെ തുടർച്ചയായാണ് 2021ൽ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യമായി എൽഡിഎഫിന് ജനങ്ങൾ തുടർഭരണം സമ്മാനിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
2021ലെ തുടർഭരണത്തിനു പിന്നാലെ എൽഡിഎഫിനും സിപിഐ എമ്മിനുമെതിരായ ആക്രമണം കൂടുതൽ ശക്തമായി. എൽഡിഎഫിനെ തകർക്കണമെന്ന ലക്ഷ്യത്തോടെ എല്ലാ വലതുപക്ഷ ശക്തികളും ഒന്നിച്ചണിനിരന്നുള്ള സംഘടിത ആക്രമണമാണ് പിന്നീട് ഉണ്ടായത്.
2021ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പുതന്നെ അന്നത്തെ എൽഡിഎഫ് സർക്കാരിനെതിരായ നീക്കങ്ങളിൽ യുഡിഎഫും കേന്ദ്രം ഭരിക്കുന്ന ബിജെപിയും സംസ്ഥാനത്ത് ഒരേ നിലപാടിലെത്തിയിരുന്നു. ഒരുമിച്ചു നിന്ന് ഒരേ രീതിയിലുള്ള ആക്രമണമാണ് ഇരുകൂട്ടരിൽനിന്നും ഉയർന്നുവന്നത്. തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് വീണ്ടും ജനവിധി ലഭിച്ചതോടെ ഈ ആക്രമണം കൂടുതൽ സംഘടിതമായെന്നും അദ്ദേഹം പറഞ്ഞു.
“തുടർഭരണം ലഭിച്ചതോടെ ആക്രമണത്തിന്റെ പെരുമഴയും മലവെള്ളപ്പാച്ചിലും തന്നെയാണ് പിന്നീട് കണ്ടത്. എല്ലാ വലതുപക്ഷ ശക്തികളും ഒന്നിച്ച് അണിനിരന്ന് എൽഡിഎഫിനെ തകർക്കാനുള്ള ശ്രമമാണ് നടത്തിയത്” പിണറായി വിജയൻ പറഞ്ഞു.
സർക്കാരിനും പ്രസ്ഥാനത്തിനുമെതിരെ വിവിധ ഘട്ടങ്ങളിൽ നിരവധി ആരോപണങ്ങളും ആക്രമണങ്ങളും ഉയർന്നുവന്നെങ്കിലും അതൊന്നും പ്രസ്ഥാനത്തിന്റെ മുന്നോട്ടുള്ള യാത്രയെ തടഞ്ഞിട്ടില്ല. ഭാവിയിലും ഇത്തരം ആക്രമണങ്ങളെ അതിജീവിച്ചുകൊണ്ടുതന്നെ പ്രസ്ഥാനം മുന്നോട്ടുപോകുമെന്നും പിണറായി വിജയൻ വ്യക്തമാക്കി.










0 comments