ad
Deshabhimani

പാത മുതല്‍ ക്വാര്‍ട്ടേഴ്സുവരെ; പാലക്കാട് ഡിവിഷന്റെ ആസ്തികള്‍ മൈസൂരുവിലേക്ക്: നടപടികൾ വേഗത്തിലാക്കി റെയില്‍വേ

palakkad division
avatar
എം സനോജ്

Published on Sep 12, 2026, 10:53 AM | 2 min read

നിലമ്പൂർ : പാലക്കാട് ഡിവിഷന്റെ അധികാരപരിധി വെട്ടിക്കുറയ്ക്കാനുള്ള നടപടികൾ വേഗത്തിലാക്കി ദക്ഷിണ റെയില്‍വേ. പാലക്കാട് ഡിവിഷനിൽ ഉൾപ്പെട്ടിരുന്ന മംഗളൂരു സ്റ്റേഷൻ്റെ റെയിൽവേ പരിധി മൈസൂരു ഡിവിഷനിലേക്ക് മാറ്റുന്നതിനുള്ള വിശദമായ കൈമാറ്റ റിപ്പോർട്ട് തയ്യാറായി. ഇതിന്റെ ഭാഗമായി 115.454 കിലോമീറ്റർ റെയിൽപാതയും നിരവധി പ്രധാന റെയിൽവേ ആസ്തികളും മൈസൂരു ഡിവിഷന്റെ പരിധിയിലേക്ക് പോകും. പാലക്കാട് ഡിവിഷന്റെ പരിധി കിലോമീറ്റർ 487.200 മുതൽ 872.800 വരെയായും, 872.800 മുതൽ മൈസൂരു ഡിവിഷന്റെ പരിധിയായും നിശ്ചയിക്കാനാണ് നിർദേശം. കൈമാറ്റം ചെയ്യപ്പെടുന്ന പാതയിൽ 83.035 കിലോമീറ്റർ പ്രധാന പാതയും 32.419 കിലോമീറ്റർ അനുബന്ധ പാതകളുമുണ്ട്.


168 പാലങ്ങൾ ഉൾപ്പെടെ വൻ ആസ്തികൾ


കൈമാറ്റ പട്ടികയിൽ 17 വലിയ പാലങ്ങൾ, 137 ചെറിയ പാലങ്ങൾ, രണ്ട് പ്രധാനപ്പെട്ട പാലങ്ങൾ, 12 കാൽനട-റോഡ് മേൽപ്പാലങ്ങൾ ഉൾപ്പെടെ 168 പാലങ്ങളുണ്ട്. ഇതിന് പുറമെ 50 സ്വിച്ച് എക്സ്പാന്‍ഷന്‍ ജോയിന്‍റ് വിഭാഗങ്ങൾ, 26 നീണ്ട തുടർച്ചയായ പാതകൾ, 161 പാതമാറ്റ സംവിധാനങ്ങളും ക്രോസിങ്ങുകളും, 92 വളവുകൾ, അഞ്ച് ലെവൽ ക്രോസിങ്ങുകൾ, രണ്ട് തുരങ്കങ്ങൾ എന്നിവയും മൈസൂരു ഡിവിഷന്റെ പരിധിയിലാകും. നിലവിൽ പാലക്കാട് ഡിവിഷന്റെ കീഴിൽ നടന്നു വരുന്ന നിർമാണ പദ്ധതികളിൽ 28.5 കോടി രൂപയുടെ പ്രവൃത്തികളും, മറ്റ് നിലവിലുള്ള കരാറുകൾ ഉൾപ്പെടെ 50 കോടിയിലധികം രൂപയുടെ പ്രവൃത്തികളും കൈമാറ്റ പരിധിയിൽ വരും.


ജീവനക്കാരിലും നിർമാണ വിഭാഗത്തിലും മാറ്റം


മംഗളൂരു റെയിൽപാത പരിപാലന വിഭാഗത്തിൽ 212 തസ്തികകൾ അനുവദിച്ചിട്ടുള്ളതിൽ 168 ജീവനക്കാരാണുള്ളത്. 44 തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. ആസ്തികൾ കൈമാറുന്നതിനനുസരിച്ച് ബന്ധപ്പെട്ട തസ്തികകളും മൈസൂരു ഡിവിഷനിലേക്ക് മാറ്റും. ഇതിൽ 76 ജീവനക്കാർ പാലക്കാട് ഉൾപ്പെടുന്ന ദക്ഷിണ റെയിൽവേയിൽ തുടരാൻ സന്നദ്ധത അറിയിച്ചപ്പോൾ 84 പേർ മൈസൂരു ഉൾപ്പെടുന്ന ദക്ഷിണ പശ്ചിമ റെയിൽവേയിലേക്ക് പോകാൻ സന്നദ്ധത അറിയിച്ചു. അഞ്ച് പേർ നിലപാട് വ്യക്തമാക്കിയിട്ടില്ല. നിർമാണ വിഭാഗത്തിന്റെ അധികാരപരിധിയിലെ 185.89 ട്രാക്ക് കിലോമീറ്ററും, അതായത് ആകെ പരിധിയുടെ 47 ശതമാനവും, മൈസൂരുവിലേക്ക് മാറ്റും. ഒരു സീനിയർ സെക്ഷൻ എൻജിനിയർ തസ്തികയും മൂന്ന് അസിസ്റ്റന്റ് വർക്സ് തസ്തികകളും കൈമാറാൻ നിർദേശിച്ചിട്ടുണ്ട്.


കെട്ടിടങ്ങളും ഭൂമി രേഖകളും കൈമാറ്റത്തിൽ


മംഗളൂരു മേഖലയിലെ റെയിൽവേ ആസ്തികളുടെയും അനുബന്ധ സൗകര്യങ്ങളുടെയും വലിയൊരു ഭാഗമാണ് മൈസൂരു ഡിവിഷന്റെ നിയന്ത്രണത്തിലേക്ക് മാറുന്നത്. ഇതിന്റെ ഭാഗമായി 38 സേവന കെട്ടിടങ്ങളും 355 ജീവനക്കാരുടെ ക്വാർട്ടേഴ്സുകളും ഉൾപ്പെടെ ആകെ 393 കെട്ടിട-താമസ യൂണിറ്റുകൾ മൈസൂരു ഡിവിഷന് കൈമാറും. ഇതിന് പുറമെ അഞ്ച് കാൽനട മേൽപ്പാലങ്ങൾ, അഞ്ച് ഭൂതല ജലസംഭരണികൾ, മൂന്ന് ഉയർന്ന ജലസംഭരണികൾ, ഏഴ് തുറന്ന കിണറുകൾ തുടങ്ങിയ ആസ്തികളും കൈമാറ്റ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കെട്ടിടങ്ങളും ഭൗതിക ആസ്തികളും മാത്രമല്ല, മംഗളൂരു മേഖലയുമായി ബന്ധപ്പെട്ട വിവിധ ഭൂമി-കരാർ രേഖകളും പുതിയ ഡിവിഷന്റെ നിയന്ത്രണത്തിലേക്ക് മാറ്റും. വഴിയുപയോഗ അവകാശവുമായി ബന്ധപ്പെട്ട കേസുകളും കരാറുകളും, ഭൂമി ലൈസൻസ് കരാറുകൾ, സൈഡിങ് കരാറുകൾ, യാർഡ് പദ്ധതികൾ, പൂർത്തീകരണ രേഖകൾ, ചിത്രരേഖകൾ, ഭൂമിയുടെ അതിർത്തി -ഉടമസ്ഥാവകാശ രേഖകൾ എന്നിവ കൈമാറാനാണ് റിപ്പോർട്ടിലെ നിർദേശം. പാലങ്ങൾ, കാൽനട മേൽപ്പാലങ്ങൾ, സംരക്ഷണഭിത്തികൾ തുടങ്ങിയ വിവിധ നിർമാണങ്ങളുമായി ബന്ധപ്പെട്ട ചിത്രരേഖകളും സാങ്കേതിക രേഖകളും മൈസൂരു ഡിവിഷന് കൈമാറും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home