ലേഖനം
ഇനിയില്ല ആ ഒറ്റത്തിരിവെളിച്ചം

എൻ ഇ സുധീർ
Published on May 16, 2026, 12:13 PM | 6 min read
അടുത്തിടെ അന്തരിച്ച മുനി നാരായണപ്രസാദുമായി എനിക്ക് വളരെ അടുത്ത സൗഹൃദബന്ധമുണ്ട്. സത്യത്തിൽ ഞാനൊരിക്കലും പരിചയപ്പെടണം എന്ന് കരുതാത്ത ഒരാളായിരുന്നു അദ്ദേഹം. ആദ്യമൊന്നും ഞാനദ്ദേഹത്തെ ഗൗരവമായി ശ്രദ്ധിച്ചിരുന്നില്ല. ആത്മീയ ഗുരുക്കന്മാരെ പൊതുവിൽ അവഗണിക്കുന്ന ഒരു ശീലമുള്ളതുകൊണ്ടാവാം അങ്ങനെ സംഭവിച്ചത്. എന്നാൽ ഇതിനൊരു മാറ്റമുണ്ടായത് നിത്യചൈതന്യയതിയെ പരിചയപ്പെട്ടതോടെയാണ്. അദ്ദേഹത്തിന്റെ അറിവും ജിജ്ഞാസയും സൗഹൃദങ്ങളും എപ്പോഴും വിസ്മയിപ്പിച്ചിട്ടുണ്ട്. ഇ എം എസും ബാലറാമും പി ഗോവിന്ദപ്പിള്ളയുമൊക്കെ യതിയുടെ സൗഹൃദവലയത്തിൽ ഉൾപ്പെട്ടവരായിരുന്നു. അങ്ങനെയുള്ള യതിയുടെ പിൻഗാമിയായി, നാരായണ ഗുരുകുലത്തിന്റെ അധ്യക്ഷനായി മുനി നാരായണപ്രസാദ് വന്നതോടെയാണ് അദ്ദേഹത്തെപ്പറ്റി അന്വേഷിച്ചുതുടങ്ങിയത്. അറിവന്വേഷണത്തിലും യതിയുടെ പാത പിന്തുടരുന്ന ഒരാളാണ് അദ്ദേഹവുമെന്ന് മനസ്സിലാക്കി. അദ്ദേഹത്തെ വായിച്ചു തുടങ്ങിയെങ്കിലും കാണുന്നതും പരിചയപ്പെടുന്നതും വളരെ വൈകിയാണ്.
മുനി നാരായണ പ്രസാദ്
എന്നാണ് ഞാനദ്ദേഹത്തെ ആദ്യം കണ്ടതെന്ന് കൃത്യമായി ഓർമയില്ല. 2018ലോ 19ലോ ആണ്. “ഞാൻ ഒരു മൊരട്ട് സ്വഭാവക്കാരനാണ്''‐ അദ്ദേഹം പറഞ്ഞുതുടങ്ങി. അങ്ങനെ ഏറ്റുപറയുന്ന ഒരു മൊരട്ട് സ്വഭാവക്കാരനെ ആദ്യമായി കാണുകയാണ് എന്ന് ഞാൻ മറുപടിയായി പറഞ്ഞു. “എന്റെ പ്രകൃതം അങ്ങനെയാണ്. എന്നെ അനന്തരഗാമിയായി തീരുമാനിച്ചപ്പോൾ പലയാളുകൾക്കും എതിർപ്പുണ്ടായിരുന്നു. "ഈ മൊരട്ട് മൂപ്പിന്നിനെയോ?' എന്ന് പലരും പറയുന്നത് ഞാൻ തന്നെ കേട്ടിട്ടുണ്ട്. എന്റെ സ്വഭാവം അങ്ങനെയാണ്.” അദ്ദേഹം തുടർന്നു. ആ തുറന്നുപറച്ചിൽ എനിക്കു വലിയ ഇഷ്ടമായി. ഞങ്ങളന്ന് മണിക്കൂറുകളോളം സംസാരിച്ചു. മടങ്ങുമ്പോൾ ആ ‘മൊരട്ട് മൂപ്പിന്ന്' എന്റെ അടുത്ത സുഹൃത്തായി മാറിയിരുന്നു. ഞങ്ങൾ പലപ്രാവശ്യം കണ്ടു, പലതും സംസാരിച്ചു. വീഡിയോ അഭിമുഖങ്ങൾ നടത്തി. മരണത്തിന് ഏതാനും ദിവസം മുമ്പ് വരെ ഫോണിൽ സംസാരിക്കുകയുണ്ടായി. അദ്ദേഹം മരണം ആഗ്രഹിച്ചിരുന്നു. അതിനായി ശ്രമിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാലും ആ മരണവിവരം എന്നിൽ എന്തോ ഒരു ശൂന്യതയുളവാക്കി.
മനുഷ്യൻ എന്ന പദത്തിന്റെ ഒരു ശ്രേഷ്ഠ മാതൃകയായിട്ടാണ് ഞാൻ മുനി നാരായണപ്രസാദിനെ പൊതുവിൽ മനസ്സിലാക്കിയത്. കാലം അദ്ദേഹത്തെ വലുതായൊന്നും ഓർത്തെന്നു വരില്ല. അതിനാവശ്യമായ ഒരു പൊതുജീവിതം അദ്ദേഹത്തിനുണ്ടായിരുന്നുമില്ല. അതിനാൽ ആരായിരുന്നു അദ്ദേഹം എന്ന് ചുരുക്കിപ്പറയാം.
1960ൽ ഇരുപത്തിരണ്ടാം വയസ്സിലാണ് എം എൻ പ്രസാദ് എന്ന യുവാവ് വർക്കലയിലെ നാരായണ ഗുരുകുലത്തിലെ അന്തേവാസിയായത്. അന്നുതൊട്ട് എൺപത്തിയെട്ടാം വയസ്സിൽ മരിക്കുന്നതുവരെ അദ്ദേഹം അവിടെ തുടർന്നു. നാരായണഗുരു മുന്നോട്ടുവെച്ച ജ്ഞാനമാർഗത്തിന്റെ പരിചരണത്തിനും പ്രചാരണത്തിനുമായി അദ്ദേഹത്തിന്റെ ശിഷ്യൻ നടരാജഗുരു 1923-ൽ സ്ഥാപിച്ചതാണ് നാരായണ ഗുരുകുലം. നടരാജഗുരുവിന്റെ കാലത്ത് ഗുരുകുലത്തിലെത്തിയ മുനിയുടേത് അസാധാരണമായ ഒരു ജീവിതകഥയായിരുന്നു.
1999ൽ നിത്യചൈതന്യയതി സമാധിയായതു മുതൽ ഗുരുകുല പ്രസ്ഥാനത്തിന്റെ അധ്യക്ഷനും ഗുരുവുമായി മുനി നാരായണപ്രസാദ് തെരഞ്ഞെടുക്കപ്പെട്ടു. മുൻഗാമികളുടെ അതേ ജ്ഞാനമാർഗ സംസ്‌കാരത്തിലൂടെ പ്രസ്ഥാനത്തെ നയിച്ച ഗുരുവര്യനെന്ന് ചരിത്രം അദ്ദേഹത്തെ അടയാളപ്പെടുത്തും. ലളിതജീവിതവും ഏകാഗ്രമായ ജ്ഞാനദീക്ഷയും നിർവഹിച്ചുപോന്ന അദ്ദേഹം അധികമൊന്നും പൊതുമണ്ഡലത്തിൽ സ്വന്തം സാന്നിധ്യമറിയിച്ചില്ല. നാരായണ ഗുരുകുലത്തിന്റെ ചിന്താപരമായ മഹത്വം പുലർത്തുകയും വളർത്തുകയും പ്രചരിപ്പിക്കുകയും ചെയ്‌ത സന്യാസിയായി മുനി നാരായണപ്രസാദിനെ ചരിത്രം അടയാളെപ്പെടുത്തും.
മുനി നാരായണപ്രസാദ് വളരെ ഏകാകിയായ ഒരാളായിരുന്നു. നാരായണ ഗുരുകുലം പോലുള്ള ഒരു സ്ഥാപനത്തിന്റെ അധ്യക്ഷനും ഗുരുവുമായി തുടരുമ്പോഴും എകാകിയായി ജീവിക്കുവാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതിന്റെ കാരണം ‘ആത്മായനം’ എന്ന ആത്മകഥയിൽ അദ്ദേഹം ഇങ്ങനെ വിശദീകരിക്കുന്നു: "എന്റെ സ്വഭാവം ഗുരു നിത്യയുടേതിൽനിന്നു തികച്ചും ഭിന്നമാണ്. ആരേയും ആകർഷിച്ച് അടുപ്പിക്കാനുള്ള കഴിവ് എനിക്കില്ല. വികർഷണശക്തി കുറച്ചൊക്കെ ഉണ്ടുതാനും. ഇതൊരു പോരായ്‌മയായി പലരും കാണുന്നുണ്ടെങ്കിലും അതെന്റെ കുറ്റമായി ഞാൻ കരുതുന്നില്ല. എന്റെ സ്വഭാവം അങ്ങനെയുള്ളതാണെന്നു മാത്രം. നടരാജഗുരുവിൽനിന്നു തികച്ചും വ്യത്യസ്‌തമായിരുന്നല്ലോ ഗുരു നിത്യയുടെ സ്വഭാവം. നടരാജഗുരു വ്യക്തിത്വത്തിൽ നാരായണഗുരുവിൽനിന്ന് വളരെ വ്യത്യസ്‌തനായിരുന്നു. വഹിക്കുന്ന സ്ഥാനം ഏതായാലും ഒരോരുത്തർക്കും അവരവരായേ ജീവിക്കാനാവൂ… ഞാൻ എന്നും ഏകാകിയായി ജീവിച്ചു. ഇന്നും ജീവിക്കുന്നു. ചുറ്റിനും ആളുകൾ ഉള്ളപ്പോഴും ഇല്ലാത്തപ്പോഴും ഞാൻ ഏകാകിയാണ്.' സ്ഥാനത്തേക്കാൾ തന്റെ സത്യസന്ധതയ്‌ക്കും തത്വനിഷ്ഠയ്‌ക്കും വില കൽപ്പിച്ച ഒരു ഗുരുവാണ് നാരായണ പ്രസാദ്.

ഗുരു എന്ന വാക്കിന്റെ അർഥം ഇരുട്ടിനെ അകറ്റുന്നവൻ എന്നാണ്. അറിവില്ലായ്‌മയാകുന്ന ഇരുളിനെ അറിവാകുന്ന മഹാസത്യത്തിന്റെ പ്രകാശംകൊണ്ട് അകറ്റുക എന്നതാണ് നാരായണ ഗുരുകുലം ഏറ്റെടുത്ത ദൗത്യം. ഗുരുകുലത്തിന് നാരായണ ഗുരുവിന്റെ ആഗ്രഹവും ആശീർവാദവും ഉണ്ടായിരുന്നു. അങ്ങനെ തുടങ്ങിയ ആ സ്ഥാപനത്തിന് മറ്റൊരു ബാധ്യതകൂടി തുടക്കം മുതലേ ഏറ്റെടുക്കേണ്ടി വന്നു. ഗുരുവിന്റെ ജ്ഞാനമാർഗത്തെ ഉപേക്ഷിച്ച് അദ്ദേഹത്തിന്റെ പേരിനെ ദുരുപയോഗം ചെയ്യാൻ കച്ചകെട്ടിയിറങ്ങിയ ഒരു ജാതിക്കൂട്ടായ്‌മയിൽനിന്ന് ഗുരുദർശനത്തെ സംരക്ഷിക്കുക എന്നതായിരുന്നു ആ കടമ. നടരാജഗുരുവും നിത്യചൈതന്യയതിയും ഈ ഗുരുകുലധർമം അവരാൽ ആവുംവിധം നിർവഹിച്ചു കടന്നുപോയി. നാരായണ പ്രസാദും അതിന് തുടർച്ചയുണ്ടാക്കി. കേരളീയ പൊതുമണ്ഡലത്തിൽ അത്രയൊന്നും സാന്നിധ്യമറിയിക്കാറില്ലെങ്കിലും, നമ്മുടെ ബൗദ്ധികരംഗത്ത് വേറിട്ട ആ ശബ്ദം അനുരണനങ്ങൾ സൃഷ്ടിച്ചുകൊണ്ടിരുന്നു. തെളിമയാർന്ന ആ ബുദ്ധി എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും അധ്യാപനത്തിലൂടെയും നമുക്ക് മുന്നിൽ നിറഞ്ഞു. ഗുരുകുലത്തിന്റെ വിചാര പ്രധാനമായ പാരമ്പര്യത്തിൽ നിന്നും അണുവിട മാറാതെ നാരായണ ദർശനത്തെയും ബ്രഹ്മവിദ്യയെയും പഠിപ്പിച്ചുകൊണ്ട് അദ്ദേഹം മരണംവരെ പ്രവർത്തിച്ചു. വാർധക്യത്തെയും അനാരോഗ്യത്തെയും അവഗണിച്ചുകൊണ്ടുതന്നെ ഏറ്റെടുത്ത ദൗത്യത്തിൽ മുഴുകി.
1955 ഡിസംബറിലെ ഒരു ദിവസമാണ് തിരുവനന്തപുരത്തെ നഗരൂരിലെ മാധവൻ മാഷിന്റെയും നാരായണിയുടെയും മകൻ വർക്കല നാരായണ ഗുരുകുലത്തിലേക്ക് ആദ്യമായി കാലെടുത്തുവെച്ചത്. വക്കത്തെ എംവിടി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ്ങിലെ ഒരു സർട്ടിഫിക്കറ്റുമായാണ് ആ വരവ്. അവിടെ നടരാജഗുരു പണിയിക്കാനൊരുങ്ങുന്ന ഒരു കെട്ടിടത്തിന് പ്ലാൻ വരച്ചുകൊടുക്കുക എന്നതായിരുന്നു ദൗത്യം. ഗുരുകുലം കൺവൻഷൻ കാലം. നടരാജഗുരു അവിടെയുണ്ട്. ഗുരു പറഞ്ഞുതരുന്ന രീതിക്ക് സ്‌കെച്ച് വരച്ച് തയ്യാറാക്കണം. ഡ്രോയിങ് ഉപകരണങ്ങളൊക്കെ എടുത്തിട്ടാണ് ചെന്നത്. കൂട്ടിന് മറ്റൊരു വിദ്യാർഥിയും. അങ്ങനെയാണ് നടരാജഗുരുവുമായി പരിചയത്തിലാവുന്നത്. തുടർന്ന് ബ്രഹ്മവിദ്യാമന്ദിരത്തിന് സർവേ നടത്തി പ്ലാനൊക്കെ തയ്യാറാക്കി. എല്ലാം ഗുരുകുലത്തിൽ താമസിച്ചുകൊണ്ട്. അങ്ങനെ മംഗളാനന്ദ സ്വാമിയുടെയും പരിചയക്കാരനായി മാറി. കൊല്ലത്ത് സർക്കാർ ജോലി കിട്ടിയപ്പോഴും ഗുരുകുലത്തിലെ താമസം തുടർന്നു. ഇടയ്‌ക്കുവെച്ച് സർക്കാർ ജോലി അവസാനിപ്പിച്ചു. അപ്പോഴൊന്നും സന്യാസിയാകാൻ തീരുമാനിച്ചില്ലെങ്കിലും ഗുരുകുലത്തിന്റെ ഭാഗമായി മാറിയിരുന്നു. അതോടെ വായന ജീവിതത്തിന്റെ ഭാഗമായി. വക്കത്ത് എൻജിനിയറിങ് പഠിക്കുന്ന കാലംമുതൽ നിത്യചൈതന്യയതിയെയും പരിചയപ്പെട്ടിരുന്നു. ഗുരുകുലത്തിന്റെ ഭാഗമായതിനെപ്പറ്റി അദ്ദേഹം എന്നോട് പറഞ്ഞത് ഇങ്ങനെയാണ്: "ഒരിക്കലും സ്വന്തമായി തീരുമാനം എടുക്കാതെ തന്നെ ഞാൻ ഇതിനകത്ത് ആയിത്തീരുകയാണ് ചെയ്‌തത്. എന്റെ ഉള്ളിലെ വിചാരവും നിയതിയുടെ നിശ്ചയവും ചേർന്നിണങ്ങി.'

1967-ൽ നടരാജഗുരുവിൽനിന്ന് ബ്രഹ്മചാരി ദീക്ഷ സ്വീകരിച്ചു. 1970-ൽ ഏഴിമലയിൽ നടരാജഗുരു സംഘടിപ്പിച്ച ലോകസമാധാന സമ്മേളനത്തിന്റെ സംഘാടകനായി പ്രവർത്തിച്ചു. അതിൽ ആദ്യ പ്രബന്ധം അവതരിപ്പിക്കുകയും ചെയ്‌തു.
ആയിടയ്‌ക്ക് മംഗളാനന്ദ സ്വാമി സമാധിയായി. 1970ൽ ജോൺ സ്‌പിയേഴ്സ് ഗുരുകുലം വിട്ടുപോയി. ഗുരുകുലത്തിന്റെ ഭരണരീതിയനുസരിച്ച് നിലവിലെ ഗുരു മൂന്ന് പിന്മുറക്കാരെ തീരുമാനിക്കും. അങ്ങനെ മുൻകൂർ തീരുമാനിച്ചവരിൽ രണ്ടുപേരെ ഗുരുകുലത്തിന് നഷ്ടമായി. അപ്പോൾ പരമ്പരയിൽ നിത്യചൈതന്യ യതി മാത്രമായി. അതുപോരാ. ഒരാൾ കൂടി വേണമെന്ന് നടരാജഗുരു ചിന്തിച്ചു. അങ്ങനെ 1972-ൽ ഒരുനാൾ അദ്ദേഹം നാരായണ പ്രസാദിനോട് പറഞ്ഞു. "പ്രസാദിനെ അനന്തരാവകാശിയായി തീരുമാനിക്കുകയാണ്.' അങ്ങനെ ഞെട്ടലോടെ കേട്ട ആ തീരുമാനം ഒരു വെല്ലുവിളിയായി സ്വീകരിച്ച് മുന്നേറുകയായിരുന്നു. അതിനാവശ്യമായ പഠനങ്ങളൊക്കെ മുമ്പുതന്നെ നടന്നിരുന്നു. എന്നാലും നടരാജഗുരുവിന്റെ നിസ്സഹായതയാണ് തന്നെ ഈ സ്ഥാനത്തേക്ക് ഉയർത്തിയതിന്റെ പിറകിലെ കാരണം എന്നേ മുനി എപ്പോഴും പറയാറുള്ളൂ. രണ്ടു ഗുരുക്കന്മാരുമായുണ്ടായിരുന്ന സമ്പർക്കവും അടുപ്പവും തനിക്ക് കരുത്തായി എന്നും അദ്ദേഹം കരുതി. അവരുടെ ശിക്ഷണം സവിശേഷതയുള്ളതായിരുന്നു. ക്ലാസുകളിൽ വെറുതെ തത്വം പറയുകയല്ല; ചാർട്ടൊക്കെ ഉണ്ടാക്കി ബ്ലാക്ക് ബോർഡിൽ വരച്ച് മനസ്സിലാക്കിക്കുന്ന ഒരു പഠനരീതിയാണ് ഇരുവരും അവലംബിച്ചുപോന്നത്. മുനിയും അതേ രീതിയിൽ തന്നെയാണ് പഠിപ്പിച്ചുകൊണ്ടിരുന്നത്. അങ്ങനെ നേടിയ വിദ്യാഭ്യാസം മാത്രമാണ് മുനിയുടെ സമ്പത്ത്. അല്ലാതെ, നടരാജഗുരുവിനെപ്പോലെയോ, നിത്യചൈതന്യ യതിയെപ്പോലെയോ ഉന്നത വിദ്യാഭ്യാസമൊന്നും നേടാൻ നാരായണ പ്രസാദിന് കഴിഞ്ഞിരുന്നില്ല. എന്നാൽ അതൊരു പ്രതിസന്ധിയായി മാറിയതുമില്ല. മുനി നാരായണ പ്രസാദ് എല്ലാ അർഥത്തിലും ഗുരുകുലത്തിന്റെ സൃഷ്ടിയാണ്.
നൂറാം വർഷം പിന്നിട്ട ഗുരുകുലത്തെ പോറലേൽപ്പിക്കാതെ, ഉദ്ദേശ്യലക്ഷ്യങ്ങളിൽനിന്ന് അണുവിട മാറാതെ നയിക്കുകയായിരുന്നു ഈ ജ്ഞാനവൃദ്ധൻ. നാരായണ ഗുരുവിന്റെ ചിന്തകൾക്ക് ഏത് ആധുനിക കാലത്തോടും ഒത്തുചേർന്നു നിൽക്കാനുള്ള കഴിവുണ്ട് എന്ന കാര്യത്തിൽ മുനി നാരായണ പ്രസാദിന് സംശയമില്ല. കാരണം, അത് പരമമായ സത്യത്തെ തേടലാണ്. ഭൗതികത ഒരു വശത്തും ആധ്യാത്മികത മറുവശത്തുമായി വരുന്ന ഒരു സത്യദർശനമാണത് മുന്നോട്ടുവെക്കുന്നത്. നടരാജഗുരുവിന്റെ ഭാഷയിൽ പറഞ്ഞാൽ "ഇന്റഗ്രേറ്റഡ് സയൻസ്.’ നാരായണഗുരു പറഞ്ഞതും അതു തന്നെ.
"അറിവിലടങ്ങുമഭേദമായിതെല്ലാ,
വരുമറിവീലതി ഗോപനീയമാകും'
മുനി നാരായണ പ്രസാദ്
അറിവ് എന്നതിൽ എല്ലാ ശാസ്‌ത്രങ്ങളും എല്ലാ കലകളും വന്നു സന്ധിക്കും. ബ്രഹ്മവിദ്യയെ അങ്ങനെയൊരു ശാസ്‌ത്രമായാണ് നാരായണ ഗുരു വിഭാവനം ചെയ്‌തിരിക്കുന്നത്. അതിന്റെ പ്രചാരമാണ് തന്റെ ധർമമായി മുനി നാരായണ പ്രസാദ് കരുതിയത്. അതിന്റെ ഭാഗമായി ദുർഗ്രാഹ്യമായ കൃതികൾ പോലും അദ്ദേഹം ഇംഗ്ലീഷിൽനിന്ന് മലയാളത്തിലേക്കും മറിച്ചും മൊഴിമാറ്റം ചെയ്‌തു. ഗുരുകുലം മാസികയിൽ എഴുതിയും മാസികയ്‌ക്കുവേണ്ടി ഇംഗ്ലീഷ് ലേഖനങ്ങൾ തർജമ ചെയ്‌തുമാണ് എഴുത്തിന്റെ ലോകത്തേക്ക് കടന്നത്.
നാരായണ ഗുരുവിന്റെ എല്ലാ കൃതികൾക്കും ഇംഗ്ലീഷിലും മലയാളത്തിലും ഭാഷ്യങ്ങൾ രചിച്ചു. ഭഗവദ്ഗീത, ഉപനിഷത്തുക്കൾ, സൗന്ദര്യലഹരി എന്നിവയ്‌ക്കും ഭാഷ്യം രചിച്ചിട്ടുണ്ട്. ‘ഗ്രീക്ക് ചിന്തകർ’, ‘പ്രബന്ധമാല’, ‘ന്യായദർശനം’, ‘ഹിന്ദു മതത്തിലെ ശാസ്‌ത്ര വീക്ഷണം’, ‘വേദാന്തം- നാരായണ ഗുരുവരെ’, ‘അറിവിന്റെ ആദ്യ പാoങ്ങൾ’, ‘മീമാംസദർശനങ്ങൾ’, ‘സുവിശേഷങ്ങൾ വേദാന്ത ദൃഷ്ടിയിൽ’, ‘ഭക്തി’, ‘അല്ലാഹുവിന്റെ നാമത്തിൽ’ തുടങ്ങി അനേകം സ്വതന്ത്ര കൃതികളും രചിച്ചു. ഹെൻറി ബർഗ്സൺ രചിച്ച ‘ഇൻട്രൊഡക്ഷൻ റ്റു മെറ്റാഫിസിക്‌സ്’, സെയിന്റ് എക്‌സൂറിയുടെ ‘ദി ലിറ്റിൽ പ്രിൻസ്’, റിച്ചാഡ് ബക്കിന്റെ ‘ജോനാഥൻ ലിവിങ്സ്റ്റൺ സീഗൾ’ എന്നീ കൃതികളും മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. ‘ആത്മായനം’ എന്ന പേരിൽ ആത്മകഥയും പ്രസിദ്ധീകരിച്ചു. 1987-ൽ മോസ്‌കോയിൽ നടന്ന ലോക മതനേതാക്കന്മാരുടെ സമ്മേളനത്തിൽ പങ്കെടുത്തു.
1989 മുതൽ 1992 വരെ ഫിജിയിലെ നാരായണ ഗുരുകുലത്തിൽ പ്രവർത്തിച്ചു. പ്രഭാഷണത്തിനായി അനേകം രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്. വിദ്യാഭ്യാസത്തെപ്പറ്റിയുള്ള ആലോചനകളിൽ പ്രത്യേക താൽപ്പര്യം കാണിക്കുകയും പുതിയ ചില കാഴ്‌ചപ്പാടുകൾ മുന്നോട്ടുവയ്‌ക്കുകയും ചെയ്‌തിട്ടുണ്ട്. സാമ്പത്തിക ശാസ്‌ത്രത്തിലും തന്റേതായ ചില സ്വതന്ത്ര ചിന്തകൾ മുനി മുന്നോട്ടുവെച്ചിട്ടുണ്ട്. ജീവിതം തന്നെ ഒരു പഠനമാണെന്നാണ് മുനിയുടെ ബോധ്യം.
ലോകത്തിലുള്ള എല്ലാ മതദർശനങ്ങളും ശാസ്ത്രചിന്തയും ചിന്താസരണികളും നാരായണ ഗുരുവിന്റെ ദർശനത്തിൽ ഇണങ്ങിപ്പോകുന്നു എന്നാണ് ഈ നീണ്ട പഠനത്തിലൂടെ മുനി തിരിച്ചറിയുന്നത്. ആ തിരിച്ചറിവുകൾ എളിമയോടെയും തെളിമയോടെയും അദ്ദേഹം ലോകത്തിനു മുന്നിൽ വയ്‌ക്കുന്നു എന്നു മാത്രം. അതേറ്റെടുക്കാൻ ആളുകളുണ്ടോ എന്ന ചിന്തപോലും അദ്ദേഹത്തെ അലട്ടിയിരുന്നില്ല. ചുറ്റിലും നടക്കുന്ന മതതീവ്രവാദവും മതങ്ങളെ രാഷ്‌ട്രീയവൽക്കരിക്കുന്നതും അദ്ദേഹം കാണുന്നുണ്ടായിരുന്നു. ഇവരിൽ നിന്നൊക്കെ ഗുരുകുലത്തെ രക്ഷിച്ചു നിർത്തുക എന്നതിൽ ഗുരുകുലം അധ്യക്ഷൻ എന്ന നിലയിൽ അദ്ദേഹം ശ്രദ്ധയൂന്നി. "ഞങ്ങളെ സ്വാധീനിക്കാൻ ശ്രമിക്കുന്ന ശക്തികളെ ഇതുവരെ ഞങ്ങൾ പിടിച്ചുനിർത്തിയിട്ടുണ്ട്' എന്നാണ് ആത്മവിശ്വാസത്തോടെ മുനി പറഞ്ഞത്. ‘ഞങ്ങൾ ധരിക്കുന്ന കാഷായവസ്‌ത്രം പോലും ത്യാഗത്തിന്റെ ഒരു സൂചകമായിട്ടു മാത്രമേ കണക്കാക്കുന്നുള്ളൂ. അല്ലാതെ, മതപരമായ ഒന്നായിട്ടല്ല. ഞങ്ങളുടെ ആത്യന്തിക ലക്ഷ്യം ജിജ്ഞാസുക്കളുടെ ജ്ഞാനതൃഷ്‌ണ ശമിപ്പിക്കലാണ്.’

നാരായണ ഗുരുവിന്റെ ലക്ഷ്യം സമൂഹനന്മ മാത്രമാണ് എന്ന ചിന്തയോട് മുനി നാരായണ പ്രസാദ് യോജിച്ചിരുന്നില്ല. ഗുരുവിനെ സങ്കുചിതമായും തെറ്റായും വിലയിരുത്തപ്പെടുന്നത് ഗുരുവിന്റെ കാലം തൊട്ടേയുള്ളതാണെന്നും ഗുരുവിനെ അദ്ദേഹത്തിന്റെ കൃതികളിലൂടെ വിലയിരുത്തപ്പെടണമെന്നുമാണ് ഈ ശിഷ്യൻ പറഞ്ഞുകൊണ്ടിരുന്നത്. അതുകൊണ്ടാണ് ആ കൃതികളെ വ്യാഖ്യാനിക്കാനും പ്രചരിപ്പിക്കാനുമായി അദ്ദേഹം ജീവിതം ഉഴിഞ്ഞുവെച്ചത്. അദ്വൈതമാണ് ലോകത്തിന്റെ മോചനവഴി എന്ന് നാരായണഗുരുവിനെപ്പോലെ, നടരാജഗുരുവിനെപ്പോലെ, നിത്യചൈതന്യ യതിയെപ്പോലെ, മുനി നാരായണ പ്രസാദും അടിവരയിട്ടു പറഞ്ഞു.
നാരായണ ഗുരുവിന്റെ ചിന്താസരണിയുടെ കറപുരളാത്ത പൈതൃകം നെഞ്ചിലേറ്റിയാണ് നാരായണ പ്രസാദ് യാത്ര തുടർന്നത്. നാരായണ ഗുരു സംസാരിച്ചത് കേരളത്തോടല്ല; ലോകത്തോടാണ്, മനുഷ്യവംശത്തോടാണ്. അങ്ങനെയൊരു സമഗ്രവീക്ഷണം മുനിയും മുന്നോട്ടുവെക്കുന്നു. ജ്ഞാനത്തിന്റെ ആ മഹാസാഗരം വിധിയുടെ കാരുണ്യമനുവദിച്ച കാലമത്രയും പുതിയ പുതിയ അധ്യായങ്ങൾ നിർമിച്ചുകൊണ്ട് മരണംവരെ ഏകാകിയായി കഴിഞ്ഞുകൂടുകയായിരുന്നു. വാദിച്ചു ജയിക്കാനോ, ആരെയും തോൽപ്പിക്കാനോ അല്ല, അറിയാനും അറിയിക്കാനും വേണ്ടി മാത്രം. ആ അധ്യായവും അവസാനിച്ചിരിക്കുന്നു. നാരായണ ഗുരുവിന്റെ പരമ്പരയിൽ ഒരു ശൂന്യത നിറയുന്നുണ്ട്. ആ ദുഃഖം അവസാനകാലത്ത് മുനി നാരായണ പ്രസാദിനെയും അലട്ടിയിരുന്നു .










0 comments